മഴമുകിൽ… : ഭാഗം 29

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

മുൻപിലുള്ള ഗ്ലാസ്സിലൂടെ ശാലിനിയുടെ ഭാവങ്ങൾ ഓരോന്നും വീക്ഷിക്കുകയായിരുന്നു ഋഷി… ആദ്യമാദ്യം ഇടക്കിടക്ക് ഒന്ന് സ്ക്രീനിലേക്ക് നോക്കുന്നതും വേഗം തല വെട്ടിച്ചു കുനിഞ്ഞു ഇരിക്കുന്നതും കണ്ടു…. പതിയെ പതിയെ സ്ക്രീനിലേക്ക് നോക്കുന്ന ഇടവേള കുറഞ്ഞിരുന്നു… ഓരോ സ്ത്രീയുടെ മുഖം കാണുമ്പോഴും ശാലിനി ഈർഷ്യയോടെ തല വെട്ടിച്ചു മറുവശത്തേക്ക് തിരിക്കും…. അവിടെയും കാണുമ്പോൾ നോട്ടം വീണ്ടും മാറ്റും…. കുറച്ചു സമയം കഴിഞ്ഞപ്പോൾ അസ്വസ്ഥതയോടെ മുടിയിൽ പിടിച്ചു വലിച്ചു പിടിക്കുന്നതും പല്ലിറുമ്മി ഇരിക്കുന്നതും കണ്ടു… കൃഷ്ണമണി നിർത്താതെ ചലിച്ചുകൊണ്ടിരുന്നു….. ഒടുവിൽ തല ഉയർത്തുമ്പോൾ ഇന്നലെ ജീപ്പിലേക്ക് കയറ്റുമ്പോൾ ഒരു നിമിഷത്തേക്ക് മിന്നിമാഞ്ഞ അതേ ഉന്മാദം നിറഞ്ഞ ചിരി അവരുടെ ചുണ്ടുകളിൽ തെളിഞ്ഞിരുന്നു….

മിഷങ്ങൾക്കകം അവർ വീണ്ടും അസ്വസ്ഥ ആയത് പോലെ തോന്നി…. ഒരിക്കൽ പോലും അവരാ മുഖങ്ങളിലേക്ക് ഒരല്പ നേരം പോലും നോക്കിയിരുന്നില്ല…. എന്തോ അവരെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു…. കണ്ണുകൾ ഇറുക്കെ അടച്ചു തലമുടി ബലമായി രണ്ടു കൈകൾ കൊണ്ടും പിടിച്ചു വലിച്ചു ഇരിക്കുന്ന ശാലിനിയെ അവിശ്വസനീയതയോടെയാണ് ശ്രീ കണ്ടത്… . ഇന്നലെ കണ്ട ശാന്തയായ സ്ത്രീയിൽ നിന്നും ഇത്തരമൊരു മാറ്റം അവൻ പ്രതീക്ഷിച്ചിരുന്നില്ല…. ഋഷിയെ നോക്കിയപ്പോൾ ശാലിനിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിക്കുകയാണ്…. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ശാലിനി തല ഉയർത്തുന്നത് കണ്ടു… ആദ്യം നോട്ടം പോയത് മരണപ്പെട്ട സ്ത്രീകളിൽ ഒരാളുടെ മുഖത്തേക്കാണ്… ദേഷ്യത്തോടെ പല്ലിറുമ്മി വീണ്ടും തല വെട്ടിച്ചു മാറ്റുന്നത് കണ്ടു… ഋഷിയുടെ ഫോണിൽ നോട്ടിഫിക്കേഷൻ വരുന്ന ശബ്ദം കേട്ടു…

അതിലേക്ക് നോക്കിയപ്പോൾ ഋഷിയുടെ മുഖത്ത് ഒരു ചിരി വിടരുന്നതും ഫോണുമായി എഴുന്നേൽക്കുന്നതും കണ്ടു… സംശയത്തോടെ ഒന്ന് നോക്കി നിന്നെങ്കിലും ഋഷി കണ്ണുകൾ കൊണ്ട് വരാൻ പറഞ്ഞപ്പോൾ ശ്രീ പിന്നാലെ ചെന്നു… … അകത്തേക്ക് വരുന്ന ഋഷിയെ കണ്ടപ്പോൾ ശാലിനിയിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിടർന്നു… “”കൊലപാതകം തെളിയിക്കാൻ ആണോ സർ…. ഞാനാരെയും കൊന്നിട്ടില്ല… പിന്നെന്തിനു വേണ്ടിയാണ്‌ ഇവരുടെ ഫോട്ടോ ഇവിടെ ആകെ വച്ചിരിക്കുന്നത്….””അവൾ അമർഷത്തോടെ ചുറ്റും നോക്കി…. “”വന്നപ്പോൾ മുതൽ ഞാൻ പറയുന്നില്ലേ…. എനിക്കെതിരെ എന്ത് തെളിവാണ് നിങ്ങൾക്കുള്ളത്…”” …. ഋഷി ചിരിച്ചതേ ഉള്ളു….

അവന്റെ കൂസലില്ലാത്ത ഭാവം കാൺകെ ശാലിനി അവനെ സംശയത്തോടെ നോക്കി… പെട്ടെന്ന് തന്നെ ആ മുഖത്തെ ചിരി മങ്ങി ഗൗരവം നിറയുന്നത് കണ്ടു… “”ഭാമയുടെ ഡയറി പോലീസിന്റെ കൈയിലുണ്ട്….”” ഋഷി പറഞ്ഞത് കേട്ടപ്പോൾ ഒരു നിമിഷത്തേക്ക് ശാലിനിയുടെ ഭാവം ഒന്ന് പതറി എങ്കിലും വളരെ വേഗം തന്നെ പഴയ പുച്ഛം കലർന്ന ചിരി തന്നെ അവരുടെ ചുണ്ടിൽ സ്ഥാനം പിടിച്ചിരുന്നു…. “”അതിന്….. ആ ഡയറിയിൽ എഴുതിയത് എല്ലാം സത്യമാവണം എന്നുണ്ടോ….”” “”ശെരിയാണ്…. ഡയറിയിൽ എഴുതിയത് സത്യമാകാം നുണയാകാം… പക്ഷേ ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ 32 അനുസരിച്ചു ഒരാളുടെ മരണ മൊഴി ഒരു പ്രധാനപ്പെട്ട തെളിവായി രേഖപ്പെടുത്താവുന്നതാണ്…..””

ഋഷി തന്റെ ഫോണിലേക്ക് അല്പം മുൻപ് വന്ന വീഡിയോ പ്ലേ ചെയ്തു…. ഇന്ന് രാവിലെ ഭാമ മരിക്കും മുൻപ് മരണമൊഴി കൊടുത്തതാണ് സ്വന്തം മകളെയും ഭർത്താവിനെയും രക്ഷിക്കാൻ അവരെങ്കിലും നിങ്ങളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ… ശാലിനി ആ വീഡിയോയിലേക്ക് നോക്കി…. ആശുപത്രിയികിടക്കയിൽ പൊള്ളിക്കരിഞ്ഞു കിടക്കുന്ന ഭാമയെ കണ്ടപ്പോൾ അവളൊന്ന് ചിരിച്ചു…. “”ശാ…. ശാലിനി….. ഞാ…. ഞാൻ… മ… മരി…. മരിച്ചില്ലെങ്കിൽ….. കൊ…. കൊല്ലും…..”” ഓരോ വാക്കുകളും പ്രയാസപ്പെട്ട് കോർത്തിണക്കി ഭാമ പറയുന്നത് കേട്ട് തരിച്ചു നിൽക്കുകയായിരുന്നു ശ്രീ….. വീഡിയോ കട്ട്‌ ആയപ്പോൾ ഋഷി ശാലിനിയെ പുച്ഛത്തോടെ നോക്കി…..

“”അറിയാതെ നീ ഭാമയോട് പറഞ്ഞ മറ്റ് കൊലപാതകങ്ങളുടെ ലിസ്റ്റും ഈ മൊഴിയിൽ ഉണ്ട്…. ഇതിൽ കൂടുതലായി എന്തെങ്കിലും വേണോ നിനക്ക് കുറ്റം സമ്മതിക്കാൻ….” മുഷ്ടികൾ രണ്ടും ബലമായി കസേരയിൽ അമർത്തിപ്പിടിച്ചു പല്ല് ഞെരിച്ചു ഇരിക്കുകയായിരുന്നു ശാലിനി…. ഋഷി ശ്രീയെ കണ്ണ് കാണിച്ചപ്പോൾ തീപ്പൊള്ളൽ ഏറ്റ് അലറി വിളിക്കുന്ന ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്ലേ ആകാൻ തുടങ്ങി…. ഒരു നിമിഷത്തേക്ക് ശാലിനി ഞെട്ടി സ്ക്രീനിലേക്ക് നോക്കുന്നത് കണ്ടു… ഓരോ സ്ക്രീനിലേക്കും വല്ലാത്ത ആവേശത്തോടെ നോക്കുന്നുണ്ടായിരുന്നു…. ഒരു തരം മത്തു പിടിപ്പിക്കുന്ന ചിരി അവളിൽ നിറഞ്ഞിരുന്നു… .

പെട്ടെന്ന് സ്ക്രീനിൽ ആ വീഡിയോ മാറി മരണപ്പെട്ട സ്ത്രീകൾ ചിരിച്ചുകൊണ്ട് നിൽക്കുന്നത് വന്നു…. ഒരു നിമിഷം കൊണ്ട് ശാലിനിയിലെ പുഞ്ചിരി മാറി വെറുപ്പ് നിറയുന്നത് കണ്ടു…. അതിലേക്ക് നോക്കി നിൽക്കുംതോറും സമനില നഷ്ടപ്പെടും പോലെ… ഋഷി കണ്ണുകൾ കാണിച്ചപ്പോൾ വീണ്ടും തീയുടെ വീഡിയോ പ്ലേ ആകാൻ തുടങ്ങി…. ഓരോ തവണയും തീപ്പൊള്ളലേറ്റൂള്ള അലറിക്കരച്ചിൽ നിലച്ചു ആ സ്ത്രീകളുടെ ഫോട്ടോ വരുമ്പോൾ ശാലിനി കൂടുതൽ കൂടുതൽ അക്രമാസക്ത ആകും പോലെ തോന്നി… നിർത്താതെ അത് തന്നെ തുടർന്നുകൊണ്ടിരിക്കാൻ ഋഷി ആംഗ്യം കാണിച്ചു…

കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞപ്പോളേക്കും ശാലിനി ഭ്രാന്ത് പിടിച്ചത് പോലെ സ്ക്രീനിനു നേരെ ഓടി അടുക്കുന്നതും മരണപ്പെട്ട ആ സ്ത്രീകളുടെ മുഖത്തേക്ക് ആഞ്ഞാഞ്ഞു പ്രഹരിക്കാൻ ശ്രമിക്കുന്നതും കണ്ടു….. അടുത്തേക്ക് ചെല്ലുമ്പോൾ തന്റെ നിഴലിൽ സ്ക്രീനിലെ ദൃശ്യങ്ങൾ മായുമ്പോൾ അവർ അടുത്തതിന്റെ അടുത്തേക്ക് ഓടും….. കുറേയേറെ നേരമെടുത്തു ശാലിനി തളർന്നു എന്ന് തോന്നിയപ്പോൾ ഋഷി വീഡിയോ ഓഫ് ആക്കാൻ പറഞ്ഞു…. തളർച്ചയോടെ ശാലിനി നിലത്തേക്ക് ചാരി ഇരുന്നു…

അവളുടെ അടുത്തേക്ക് ചെന്നു ഇരിക്കുമ്പോൾ ഋഷി തിരികെ ഒരു പുച്ഛം കലർന്ന ചിരി നൽകി… “”ഇത്രയേ ഉള്ളു നീ….. നീ ഇപ്പോൾ ഇവിടെ കാണിച്ച പ്രകടനങ്ങളുടെയെല്ലാം വീഡിയോ റെക്കോർഡ് ആയിക്കഴിഞ്ഞു… അതും ഭാമയുടെ മരണമൊഴിയും മാത്രം മതി എനിക്ക് ബാക്കി തെളിവുകളിലേക്കെത്താൻ….”” ശാലിനി തളർച്ചയോടെ ഋഷിയെ നോക്കി…. “”നീയായിട്ട് തുറന്നു പറയുന്നത് തന്നെയാകും നിനക്ക് നല്ലത്…. ഇല്ലെങ്കിൽ കഴിഞ്ഞ കുറച്ചു നിമിഷങ്ങളിൽ നീ അനുഭവിച്ചതിനേക്കാൾ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥയിലൂടെ നീ ഇനിയും കടന്നു പോകും….”” സമ്മത ഭാവത്തിൽ തലയാട്ടിക്കൊണ്ട് ശാലിനി ഭിത്തിയിലേക്ക് ചാഞ്ഞു ഇരുന്നു…

അല്ലുമോള് ഗൗരവത്തിൽ സൈക്കിൾ സ്വയം ഉരുട്ടാൻ ശ്രമിക്കുന്നത് കണ്ടിട്ടാണ് ദേവ മുറ്റത്തേക്ക് വരുന്നത്… “”ആഹാ…. അമ്മേടെ പൊന്ന് സൈക്കിൾ ചവിട്ടുവാണോ…..”” പതിയെ സൈക്കിൾ തള്ളിക്കൊടുക്കാൻ തുടങ്ങിയപ്പോളേക്ക് പിണക്കത്തോടെ എഴുന്നേറ്റു മാറി…. നേരെ അകത്തേക്ക് പോകുന്നത് കണ്ടു… വാതിൽക്കൽ എത്തിയപ്പോൾ ദേവയെ ഒന്ന് പിണക്കത്തോടെ നോക്കി…. വീണ്ടും അകത്തേക്ക് നടന്നു… അകത്തേക്ക് ചെന്നപ്പോൾ സോഫയിലേക്ക് ചാഞ്ഞിരുന്നു ടീവീ കാണുന്നുണ്ട്…. ഇടക്ക് ദേവയേ ഒന്ന് ഒളികണ്ണിട്ട് നോക്കും…. മുഖത്ത് സങ്കടം വരുത്തി അടുത്തേക്ക് ചെന്നിരുന്നു…. “”അമ്മക്ക് ആരും ഇല്ലല്ലോ…. അമ്മക്ക് സങ്കടം വരുന്നല്ലോ….””. കണ്ണ് തുടയ്ക്കും പോലെ ഭാവിച്ചു പറഞ്ഞു… കുറച്ചു നേരം ആയപ്പോൾ ഇടക്കിടക്ക് ഇങ്ങോട്ടേക്കു നോക്കുന്നത് കണ്ടു…

ദേവ മോളെ ഒന്ന് ഒളികണ്ണിട്ട് നോക്കി വീണ്ടും കണ്ണ് തുടയ്ക്കും പോലെ കാട്ടി…. പെട്ടെന്ന് സോഫയിൽ നിന്നും വന്നു മടിയിലേക്ക് തല വെച്ച് കിടന്നു.. “”അല്ലൂനു ശങ്കടം വരുന്നു….”” മടിയിലേക്ക് മുഖമർത്തി പറഞ്ഞു… ഏത് നിമിഷവും ഒരു കരച്ചിൽ ഉണ്ടാകും എന്ന് തോന്നിയതിനാൽ പെട്ടെന്ന് തന്നെ വാരി എടുത്തു ചേർത്ത് പിടിച്ചു… “”അമ്മേടെ പൊന്നിന് എന്തിനാ ശങ്കടം… അമ്മേടെ ശങ്കടം മാറിയല്ലോ…”” “”ഇനി പോലീഷിന് മുറി ല് ഉമ്മ കൊടുക്കുവോ…. പോലീഷിന് നോവുന്നല്ലോ…. “”സങ്കടത്തോടെ ചുണ്ടും പിളർത്തി പറഞ്ഞു…. ഇനിയും ഇല്ലെന്ന് പറഞ്ഞാൽ പിന്നെ വീണ്ടും കരച്ചിലും പിണക്കവും ആകും എന്ന് അറിയാമായിരുന്നതിനാൽ സമ്മതിച്ചു “”കൊടുക്കാവേ….

അമ്മേടെ അല്ലൂട്ടൻ കരയണ്ട ട്ടോ….”” പറഞ്ഞതും പമ്മി ചിരിക്കുന്നത് കണ്ടു…. “”കള്ളിപ്പെണ്ണ്… അച്ഛന്റെ കൂടെ കൂടി എല്ലാ അടവും പഠിച്ചു വച്ചേക്കുവാ…”” “”പോലീഷ മ്മേ…. അച്ഛാ അല്ലല്ലോ….. “”അല്ലുമോള് പെട്ടെന്ന് ദേവയെ നോക്കി പറഞ്ഞു… “”അച്ഛ ആടാ കണ്ണാ…. അമ്മേനെ കല്യാണം കഴിച്ചില്ലേ…. അപ്പൊ അച്ഛ അല്ലേ….”” പറഞ്ഞപ്പോഴേക്കും വിതുമ്പിക്കരയാൻ എന്ന പോലെ മുഖം കൂർപ്പിക്കുന്നത് കണ്ടു… “”പോലീഷ…. “”കരച്ചിലിന് മുന്നോടിയായി സങ്കടത്തോടെ പറഞ്ഞു… “”പോലീഷ് ആട്ടോ…””.കരയും മുൻപ് വേഗം തന്നെ പറഞ്ഞു… “”അല്ലൂന്റെ പോലീഷ് ആണേ… “”അത് പറഞ്ഞു മോളുടെ വയറ്റിലേക്ക് മൂക്കുരസി ഇക്കിളാക്കിയപ്പോളേക്കും അല്ലുമോള് പൊട്ടിചിരിച്ചുകൊണ്ട് ദേവയുടെ ദേഹത്തേക്ക് ചാഞ്ഞിരുന്നു…

മുന്നിൽ കിട്ടിയ വെള്ളം കുടിച്ചു കസേരയിലേക്ക് ചാഞ്ഞിരുന്നു ശാലിനി… ഈ പാവം സ്ത്രീകൾ നിന്നോട് എന്ത് തെറ്റ് ചെയ്തിട്ട നീ ആ കുഞ്ഞുങ്ങളെ അനാഥയാക്കിയത്… ചോദിക്കുമ്പോൾ ശ്രീയുടെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു…. ശാലിനി പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കുവായിരുന്നു…. വിദൂരതയിലേക്ക് നോക്കും പോലെ കണ്ണുകൾ രണ്ടും അലസമായി ദൂരേക്ക് നോക്കി ഇരിപ്പുണ്ട്…. “”സാറിനറിയാമോ എന്തൊക്കെ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എനിക്കെന്ന്…. അച്ഛന്റേം അമ്മേടേം ഒറ്റ മോളായിരിന്നു ഞാൻ… ജനിച്ചിട്ട് ഇന്ന് വരെ രണ്ടാളും സന്തോഷത്തോടെ ജീവിക്കുന്നത് ഞാൻ കണ്ടിട്ടില്ല… പെട്ടെന്നൊരു ദിവസം രണ്ടാളും എന്നേ തനിച്ചാക്കി അങ്ങ് പോയി… അന്നാ ഞാനവരെ ആദ്യമായി കാണുന്നത്…..

എന്റെ ചെറിയമ്മയെ…”” ശാലിനിയുടെ മുഖത്ത് വെറുപ്പ് നിറയും പോലെ തോന്നി…. “”പന്ത്രണ്ട് വയസ്സുള്ള ഒരു പെൺകുട്ടിയുടെ ചുമതല അനാഥാലയത്തിന് കൊടുക്കാതെ കോടതി അവർക്ക് കൊടുത്തു…. അവരെന്നോട് വല്ലാത്ത സ്നേഹമായിരുന്നു കാണിച്ചത്… ഞാനെന്ത്‌ പറഞ്ഞാലും അവരത് സാധിച്ചു തരും….. അങ്ങനെ കോടതിയിലും ഞാൻ അവരെ മതിയെന്ന് പറഞ്ഞു… പതിയെ പതിയെ അവരെനിക്ക് കുറേ സാധനങ്ങൾ ഒക്കെ വാങ്ങി തരും…. അതൊക്കെ കഴിക്കുമ്പോൾ എനിക്ക് ഭ്രാന്ത്‌ പിടിക്കും പോലെ തോന്നും…. എനിക്കുറക്കം വരും….. അപ്പോഴൊക്കെ അവരെന്നെ ചേർത്ത് പിടിക്കും… എന്റെ….. എന്റെ ദേഹം മുഴുവൻ അവര് തൊടും….. മയങ്ങി കിടക്കുമ്പോഴും ശബ്ദമില്ലാതെ ഞാനലറി കരയും…. പിന്നെ ഞാനവരുടെ അടുത്തേക്ക് പോകില്ല….. അപ്പോൾ അവരെന്നെ തല്ലും….

പട്ടിണിക്കിടും… വിറക് കൊള്ളി കൊണ്ട് ദേഹം മുഴുവൻ പൊള്ളിക്കും… എനിക്ക് തലയാകെ ഭ്രാന്ത്‌ പിടിക്കും പോലെ തോന്നും…. ഞാൻ ബഹളം വെക്കുമ്പോൾ അവർ വീണ്ടും എനിക്കത് കഴിക്കാൻ തരും… എന്നേ സൂചി കൊണ്ട് കുത്തും…”” ശാലിനിയുടെ മുഖത്ത് ഭയം നിറഞ്ഞു… അവരിപ്പോഴും ആ കഴിഞ്ഞു പോയ കാലത്ത് ജീവിക്കുകയാണ് എന്ന് തോന്നി ഋഷിക്ക്.. “”ഒരു ദിവസം….. ഒരു ദിവസം എനിക്കവരോട് സ്നേഹം തോന്നി…. ഞാനവരെ ഒരുപാട് സ്നേഹിച്ചു…… ഒരുപാട്…… ഒരുപാട്…..”” ശാലിനിയുടെ കണ്ണുകളിൽ ഭ്രാന്ത്‌ നിറഞ്ഞു…. “”എന്റെ സ്നേഹം ഒരു അഗ്നിയായി അവരിലേക്ക് പടർന്നു….. അവരലറി….. ഉറക്കെ ഉറക്കെ അലറി……”” ശാലിനി ഒന്ന് ചിരിച്ചു… “”അപ്പോളെന്റെ വേദന മാറി….. ഞാനും ചിരിച്ചു…. ഒരുപക്ഷേ ഇന്നുവരെ ചിരിച്ചതിലും ഉറക്കെ ഉറക്കെ…… കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കരച്ചില് നിന്നു…..

വീണ്ടും ഞാനാ വീട്ടിൽ ഒറ്റക്കായി….. വീണ്ടും വീണ്ടും ഞാനവരെ കത്തിച്ചു….. ഒടുവിലൊരു ചാരവും അവശേഷിക്കാത്തത് പോലെ……”” ഭ്രാന്തമായ ഒരാവേശത്തോടെ ശാലിനി പറഞ്ഞു നിർത്തി… അവരുടെ മുഖത്തെ പേശികൾ ആകെ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു….. ചുണ്ടുകൾ വിറച്ചു തളർച്ചയോടെ അവരാ കസേരയിലേക്ക് ചാഞ്ഞു ഇരുന്നു….. കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു…. ശ്രീ വീണ്ടും ചോദിക്കാൻ തുടങ്ങിയപ്പോളേക്കും ഋഷി കൈ ഉയർത്തി തടഞ്ഞു…. . ശാലിനിയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു… “”ശ്രീരാജ് ഇവരിപ്പോൾ പറഞ്ഞത് അത്രയും സത്യമാണോ എന്നെനിക്ക് അറിയണം… റെക്കോർഡുകൾ പരിശോധിച്ചു ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം… എന്നിട്ടാകാം ബാക്കി…”” ശാലിനിയെ ഒരിക്കൽ കൂടി ഒന്ന് നോക്കി ഋഷി പുറത്തേക്ക് നടന്നു..

ഋഷി വീട്ടിൽ എത്തിയപ്പോളേക്കും അല്ലു മോള്‌ ഓടി വാതിൽക്കൽ എത്തിയിരുന്നു… അവൻ ബൈക്കിൽ നിന്ന് ഇറങ്ങിയപ്പോളേക്കും ഓടി വന്നു അവന്റെ കാലിൽ ചുറ്റിപ്പിടിച്ചു…. “”നോവ് മാരിയോ പോലീഷേ…”” കൊഞ്ചലോടെ ചോദിച്ചു… “”മാറിയെടാ കണ്ണാ….”” മോളെയും എടുത്തു അകത്തേക്ക് നടന്നു… ദേവ അപ്പോഴേക്കും വാതിൽക്കൽ എത്തിയിരുന്നു… അടുക്കളയിൽ നിന്നുള്ള വരവാണ് എന്ന് തോന്നുന്നു… ആകെ വിയർത്തിട്ടുണ്ടായിരുന്നു…. “”പോലീഷിന്റെ നോവ് മാരിയെ…. അമ്മ ഉമ്മ കൊടുക്കണ്ടായേ….. “”അല്ലുമോള് പറയുന്നത് കേട്ട് ദേവ നാവ് കടിച്ചു ഋഷിയേ നോക്കി… അവിടെയും ഇതെന്താ കഥ എന്ന് മനസ്സിലാകാത്തത് പോലെ നിൽക്കുന്നത് കണ്ടു… “”കുളിച്ചിട്ട് വായോ…. ഞാൻ കഴിക്കാൻ എടുക്കാം… “”അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ വേഗം അടുക്കളയിലേക്ക് നടന്നു….

അല്ലുമോളുടെ കൂടെ ഇരുന്ന് ടീവീ കാണുകയായിരുന്നു ഋഷി….. ഒരു മോള്‌ അച്ഛ എന്ന് വിളിച്ചു ഓടി വരുന്നതും… അവളെ അവളുടെ അച്ഛൻ വാരി എടുത്തു ഓമനിക്കുന്നതും നോക്കി ഇരിക്കുകയായിരുന്നു അല്ലു മോള്‌… ഋഷി നോക്കിയപ്പോൾ അല്ലു മോള്‌ കുറച്ചു നേരം കൊണ്ട് മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ഇരിക്കുന്നതാണ് കണ്ടത്… “”എന്റെ അല്ലൂസ് എന്താടാ ഈ നോക്കുന്നെ…. ഹ്മ്മ്…””. പയ്യെ ഒന്ന് മൂക്കുരസി ചോദിച്ചു… “”അച്ഛയാണോ…””. ഋഷിയുടെ താടിയിലേക്ക് ആ കുഞ്ഞിക്കൈ രണ്ടും പിടിച്ചു അല്ലുമോള് ചോദിച്ചു… ഒരു നിമിഷത്തേക്ക് ശ്വാസം പോലും വിലങ്ങിയത് പോലെ തോന്നി ഋഷിക്ക്… കണ്ണുകൾ നിറഞ്ഞു മുന്നിലുള്ള കാഴ്ചകൾ പോലും അവ്യക്തമായി പോകും പോലെ…

അല്ലുമോളുടെ രൂപം ഒരു മങ്ങിയ പോലെ മാത്രം കണ്ടിരുന്നു… ഒറ്റ നിമിഷം കൊണ്ട് അവനാ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ചുംബനങ്ങൾ കൊണ്ട് മൂടിയിരുന്നു….”” അച്ഛയാടാ കണ്ണാ…”” അല്ലുമോള് അവൻ പറയുന്നത് കേട്ട് ഒന്ന് കൂടി അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു.. രാത്രി ഉറക്കം വരാതെ കിടക്കുകയായിരുന്നു അഭി… നാളെയാണ് അവർ പെണ്ണ് കാണാൻ വരുന്നത്…. അവൾക്ക് വല്ലാത്ത വിഷമം തോന്നി… കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…. ഫോണിലെ ശ്രീയുടെ ഫോട്ടോയിലേക്ക് നോക്കി… “”ആര് വന്നാൽ ഇയാൾക്കെന്താ അല്ലേ… ഞാൻ മാത്രം പൊട്ടി….”” നിറഞ്ഞൊഴുകുന്ന രണ്ടു കണ്ണുകളും അമർത്തിതുടച്ചു അവൾ തലയണയിലേക്ക് മുഖം പൂഴ്ത്തി…….തുടരും

മഴമുകിൽ: ഭാഗം 28

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!