വീണ്ടും : ഭാഗം 5

വീണ്ടും : ഭാഗം 5

എഴുത്തുകാരി: ആഷ ബിനിൽ

വിവാഹം ലളിതമായി മതി എന്നത് രണ്ടുപേരുടെയും തീരുമാനം ആയിരുന്നു. ആരെയോ ബോധിപ്പിക്കാനെന്നവണ്ണം ചെയ്യുന്ന ഓരോ ചടങ്ങുകളും കഴിയും തോറും, സുധീഷിന്റെ താല്പര്യക്കുറവ് എന്നിലേക്കും പടർന്നു. വിവാഹത്തിന്റെ ഓരോ മുഹൂർത്തവും സിദ്ധുവേട്ടനെ ഓര്മിപ്പിച്ചുകൊണ്ടിരുന്നു. ആ നക്ഷത്ര കണ്ണുകൾ, ചിരി, ശാന്തമായ സംസാരം… തീരുമാനം തെറ്റായി പോയോ എന്ന് മനസിനോടൊരു നൂറുവട്ടം ചോദിച്ചു. അച്ഛനെയും അമ്മയെയും പിരിയുന്നതിലും വേദന തോന്നിയത് സിദ്ധുവേട്ടന്റെ കുടുംബത്തോട് യാത്ര ചോദിക്കുമ്പോഴാണ്. അമ്മുമോളെ നടുക്കിരുത്തി ഒരു കാറിൽ സുധീഷിന്റെ വീട്ടിലേക്ക് പോകുമ്പോൾ, മനസുകൊണ്ട് ഞങ്ങൾ രണ്ടു ദ്രുവങ്ങളിൽ ആയിരുന്നു. എന്റെ സാരിയിലും മുല്ലപ്പൂവിലും ഒക്കെ തൊട്ടുകൊണ്ട് കൗതുകത്തോടെ എന്തൊക്കെയോ പറയുന്നുണ്ട് മോള് .

ആ കുഞ്ഞുമുഖത്ത് എന്റെ വേദനകളെല്ലാം ഇറക്കിവച്ചു. അമ്മ ആരതിയുഴിഞ്ഞു അകത്തേക്ക് കയറ്റിയയുടനെ സുധീഷ് മുറിയിലേക്ക് പോയി. മോള് എന്നെ ചുറ്റിപ്പറ്റി തന്നെ നടന്നു. വീട്ടിൽ വച്ചൊരു ചെറിയ സാധ്യ പ്ലാൻ ചെയ്‌തിരുന്നു. അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രം. എല്ലാവര്ക്കും മുൻപിൽ ചിരിച്ചു നിൽക്കുമ്പോഴും നെഞ്ചു നിലവിളിക്കുകയായിരുന്നു. ആദ്യരാത്രി നിസംഗത മാത്രമായിരുന്നു. എന്തിന്? ആർക്ക് വേണ്ടി? മുറിയിൽ കയറി ചെന്നപ്പോഴേക്കും അച്ഛൻ മകളെയും ചേർത്തുപിടിച്ച് ഉറക്കം പിടിച്ചിരുന്നു. മകൾക്കുമപ്പുറം കട്ടിലിൽ ബാക്കിയുള്ള സ്ഥലം ഭിത്തിവരെ തലയിണകൊണ്ട് വരമ്പു വച്ചിരിക്കുന്നു. ഓർമവച്ച കാലം മുതലിന്ന് വരെ ഒന്നിനും മുട്ടുണ്ടായിട്ടില്ല. ഉണ്ണാനും, ഉടുക്കാനും ഒക്കെ ഒരുപാടുണ്ടായിരുന്നു. പഞ്ഞിമെത്തയിൽ അല്ലാതെ ഇറങ്ങിയിട്ടില്ല. ഇനിയൊരു മാറ്റമൊക്കെ ആകാം..! നിലത്ത് ഷീറ്റ് വിരിച്ചു കിടന്നെങ്കിലും ഉറങ്ങാനായില്ല.

കട്ടിലിന്റെ കാലിൽ ചാരിയിരുന്നു നേരം വെളുപ്പിച്ചു. ഇടയിൽ എപ്പോഴോ മയങ്ങിപ്പോയി. സൂര്യപ്രകാശം മുഖത്തടിച്ചപ്പോൾ ആണ് ഉണർന്നത്. നോക്കുമ്പോൾ ഏഴരയായി. കട്ടിലിൽ സുധീഷിനെ കാണാനില്ല. മോൾ സുഖമായി ഉറങ്ങുന്നുണ്ട്. വേഗം റെഡിയായി താഴേക്ക് ചെന്നു. അമ്മായിയമ്മ ദുർമുഖം കാണിച്ചില്ലെങ്കിലും ഒരു കല്ലുകടി ഉള്ളതുപോലെ തോന്നി. രാവിലെ ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒഫീഷ്യൽ വേഷത്തിൽ ഇറങ്ങിവരുന്ന സുധീഷിനെ ആണ് കണ്ടത്. മോളും സ്‌കൂൾ യൂണീഫോമിൽ ഒപ്പമുണ്ട്. “ഇന്നുതന്നെ ജോലിക്ക് പോണോ സുധീ?” അമ്മയുടെ ചോദ്യത്തിന് കൂർത്ത ഒരു നോട്ടമായിരുന്നു മറുപടി. “പോകാതെ പിന്നെ? ഞാനിവിടെ വേലയും കൂലിയുമില്ലാതെ ചൊറികുത്തി ഇരിക്കണോ? അവിടെ പേഷ്യന്റ്സ് ഒരുപാട് വെയ്റ്റിങ് ഉണ്ട്.” “എങ്കിൽ പിന്നെ അമ്മുമോളെ വിടേണ്ട. വേണി കയറി വന്നിട്ടല്ലേ ഉള്ളൂ? മോൾ ഈ കുട്ടിയോട് ഒന്ന് ഇടപെടട്ടെ” “അതൊക്കെ സ്‌കൂൾ കഴിഞ്ഞു വന്നിട്ടുള്ള സമയം മതി” കൂടുതലൊന്നും പറയാനും കേൾക്കാനും നില്കാതെ രണ്ടാളും പോകാനിറങ്ങി.

“അമ്മയ്ക്കും ടാറ്റാ കൊടുക്ക് മോളെ” മോള് അമ്മയ്ക്ക് ടാറ്റാ കൊടുക്കുമ്പോൾ അവർ പറഞ്ഞു. കുഞ്ഞ് എൻറെ മുഖത്തേക്ക് നോക്കി. “ഇതാണോ എന്റമ്മ?’ ആ ചോദ്യം എന്റെ ഹൃദയത്തിൽ തറച്ചു. “അപ്പോ ഫോട്ടോയിൽ ഉള്ള അമ്മയോ?” വീണ്ടും സംശയം. “ഫോട്ടോയിൽ ഉള്ളതാ മോൾടെ അമ്മ. ഇത് ആന്റിയാട്ടോ….” സുധീഷ് മോൾക്ക് മുന്നിൽ മുട്ടുകുത്തി ആ നെറ്റിയിൽ ചുണ്ടുകൾ പതിപ്പിച്ചുകൊണ്ട് പറഞ്ഞു. ” ആന്റി..!” എന്റെ ഹൃദയം മുറിഞ്ഞുപോയി. “അപ്പോ ഇതെന്റെ ആന്റിയമ്മയാ …?” അയാൾ യാന്ത്രികമായി തലയാട്ടി, കൂടെ അമ്മയും. “അമ്മുമോൾ സ്‌കൂളിൽ പോകുവാട്ട… ടാറ്റാ….” മോളെന്നെ നോക്കി കൈവീശിക്കൊണ്ട് കാറിലേക്ക് കയറി. വണ്ടി കണ്ണിൽനിന്ന് മാറുംവരെ ഞാൻ നോക്കിനിന്നു. “അവനിത്തിരി സമയം വേണം മോളെ.. ഒക്കെ ശരിയാകും” അമ്മ എന്നെ ആശ്വസിപ്പിക്കും പോലെ പറഞ്ഞു.

” അവനു കല്യാണത്തിന് താല്പര്യം ഇല്ലായിരുന്നു മോളെ.. ഞാനാ നിബന്ധിച്ചത്. മോൾ വളർന്നു വരികയല്ലേ. അതിന് എന്തായാലും ഒരമ്മ വേണമല്ലോ…” എനിക്കവരോട് ഒന്നും പറയാൻ തോന്നിയില്ല. മക്കളുടെ കാര്യത്തിൽ എല്ലാ അമ്മമാരും സ്വാർത്ഥരാകുമല്ലോ. “എനിക്ക് റൂമിൽ ഒരു ബെഡ് കൊണ്ടുവന്നിടണം. നിലത്തു കിടന്ന് ശീലമില്ലാത്ത കൊണ്ട് പറ്റുന്നില്ല” ഞാനാ മുഖത്ത് നോക്കാതെ പറഞ്ഞു. അവരുടെ മുഖത്ത് ആദ്യം അമ്പരപ്പും പിന്നെ വേദനയും കണ്ടു. ഞാനത് കാര്യമായി എടുത്തില്ല. അമ്മയും ഞാനും കൂടി അപ്പുറത്തെ മുറിയിൽ നിന്നൊരു ബെഡ് കട്ടിലിനടിയിലേക്ക് പിടിച്ചിട്ടു. രാത്രി എടുത്തു പുറത്തേക്കിടാം. പെട്ടെന്ന് ആരെങ്കിലും വന്നു കണ്ടാൽ മോശമാണല്ലോ. ദിവസങ്ങൾ കഴിയും തോറും ഞാനാ വീട്ടിൽ ഒരു അധികപ്പറ്റാണെന്ന് തോന്നിത്തുടങ്ങി. സുധീഷ് നേരെ നോക്കാൻ പോലും മിനക്കെടാറില്ല. സംസാരിക്കാൻ ശ്രമിച്ചാലും മുഖം തരാതെ നടക്കും.

ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കൊടുത്താൽ കുടിക്കില്ല. അമ്മുമോൾ ഇപ്പോഴും എന്നെ ആന്റിയമ്മ എന്നാണ് വിളിക്കുന്നത്. അവളും സുധീഷ് വരുന്നത് വരെ ഒപ്പം നടന്നാലും വന്നുകഴിഞ്ഞാൽ എന്നെ അറിയുകേയില്ല. അച്ഛന്റെയും മകളുടെയും ലോകമാണ് പിന്നെ. ഇടയ്ക്കിടെ സുധീഷിന്റെ സഹോദരി വീട്ടിൽ വന്നുപോയിരുന്നു. എന്നോട് വലിയ സ്നേഹമാണ്. ഒരിക്കൽ ഞാൻ റൂമിലേക്ക് കയറുമ്പോൾ, മോളുടെ പെറ്റിക്കോട്ട് അഴിച്ചു അവളുടെ ശരീരം പരിശോധിക്കുന്നവരെയാണ് കണ്ടത്. അമ്മയും കൂടെയുണ്ട്. “അവള് മോളെ എന്തേലും ചെയ്യുന്നുണ്ടോ എന്നറിയേണ്ടേ അമ്മേ… രണ്ടാനമ്മയല്ലേ… പറയാൻ പറ്റില്ല. അവനിതൊന്നും ശ്രദ്ധിക്കുന്നുണ്ടാകില്ല. അതാ ഞാൻ നോക്കിയേ” പറഞ്ഞു തീർന്നതും നോക്കിയതിന്റെ മുഖത്തേക്കാണ്. അമ്മയുടെയും നാത്തൂന്റെയും മുഖം വിളറി.

രണ്ടാനമ്മയുടെ ക്രൂരതകൾ പാടി നടക്കുമ്പോഴും, ആയിരം പോറ്റമ്മമാർ ഒരുങ്ങിവന്നാലും പെറ്റമ്മയെപ്പോലെ സ്നേഹിക്കാൻ കഴിയില്ലെന്ന് അടിവരയിടുമ്പോഴും ആരെങ്കിലും അറിയുന്നുണ്ടോ, രണ്ടാനമ്മയുടെ നൊമ്പരം? ഭർത്താവിന്റെയും അയാളുടെ മക്കളുടെയും ജീവിതത്തിലേക്ക് രണ്ടാമൂഴക്കാരിയായി കയറി ചെന്നവളുടെ വേദനകൾ ആരെങ്കിലും പറഞ്ഞു കേട്ടിട്ടുണ്ടോ? എന്റെ സ്വന്തമെന്ന് അവകാശപ്പെടാൻ കഴിയാതെ, എന്നാൽ പറിച്ചുമാറ്റാനും സാധിക്കാതെ ഉരുകിയിട്ടുണ്ടോ? സ്വന്തം മക്കളായി കാണുന്നവർ തെറ്റ് ചെയ്താലും ഒന്ന് നുള്ളി നോവിക്കാൻ പോലും പേടിക്കുമവർ. “രണ്ടാനമ്മയല്ലേ… പോരെടുത്താലോ” എന്ന രഹസ്യം പറച്ചിൽ കേട്ടിട്ടും കേൾക്കാത്തത് പോലെ ഒരു പുഞ്ചിരി എടുത്തു മുഖത്തൊട്ടിച്ചു നടക്കും. പെറ്റമ്മയ്ക്കു മാത്രമേ മക്കളെ സ്നേഹിക്കാൻ കഴിയൂവെങ്കിൽ, നൊന്തു പെറ്റ കുഞ്ഞിനെ കൊല്ലുന്ന അമ്മമാർ എങ്ങനെ ഉണ്ടായി? അവർക്കുമുന്നിൽ പിടിച്ചുവച്ചു കണ്ണീർ മുഴുവൻ ഞാൻ ഷവറിന്റെ കീഴെ ഒഴുക്കി കളഞ്ഞു.

പ്രസന്നമായ മുഖത്തോടെയാണ് പുറത്തേക്ക് വന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളം എത്തിയിട്ടും സുധീഷിന്റെ പെരുമാറ്റത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായില്ല. അമ്മുമോൾ അവളുടെ അമ്മയായി എന്നെ ഒരിക്കലും അംഗീകരിച്ചില്ല. എന്നാലും എന്നെ ഇഷ്ടമായിരുന്നു. അച്ഛൻ വരുന്നത് വരെ കഥപറഞ്ഞു കൊടുക്കാനും കൂടെ കളിക്കാനും ഹോം വർക്ക് ചെയ്യാനുമൊരാൾ. അതായിരുന്നു അവൾക്ക് ഞാൻ. എന്റെ ജീവിതം പൂർണമായും ആ വീടിന്റെ അടുക്കളയിലേക്ക് ഒതുങ്ങി. ആയിടയ്ക്കാണ് സച്ചുവിന്റെ വിവാഹം കഴിഞ്ഞത്. നിശ്ചയം ഒരു വർഷം മുൻപായിരുന്നു. ഇന്ദീവരത്തിൽ നിന്ന് എല്ലാവരും കൂടി വന്ന് ക്ഷണിച്ചിട്ട് പോയി. എനിക്കിവിടെ സന്തോഷമാണെന്ന് അവരെ വിശ്വസിപ്പിക്കാൻ കഴിഞ്ഞതിൽ ആശ്വാസം ഉണ്ടായിരുന്നു. ഈ ഒരുവർഷത്തിനിടെ ഞാനും സുധീഷും തമ്മിലുള്ള സംസാരങ്ങൾ പോലും വളരെ വിരളമായിരുന്നു. ഞാനിപ്പോഴും തറയിലാണ് കിടക്കുന്നത്.

ഇതിനും പുറമെ, സുധീഷ് കൂടെ വർക്ക് ചെയുന്ന ഏതോ ഡോക്ടറുമായി പ്രണയത്തിലാണെന്ന് ഒളിഞ്ഞും തെളിഞ്ഞും കേൾക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യാനുള്ള അടുപ്പമൊന്നും ഞങ്ങൾക്കിടയിൽ ഇല്ലാത്തത് കൊണ്ട് ഞാൻ അറിഞ്ഞ ഭാവം കാണിച്ചില്ല. ” ഇന്ന് സിദ്ധുവേട്ടന്റെ വീട്ടിൽ നിന്ന് വന്നിട്ടുണ്ടായിരുന്നു. അനിയത്തിയുടെ വിവാഹമാണ്, ഇരുപത്തി മൂന്നാം തിയതി. നമ്മളെ എല്ലാവരെയും വിളിച്ചിട്ടുണ്ട്” അന്നുരാത്രി മോളെ നെഞ്ചിൽ കിടത്തി ഫോണിൽ നോക്കിക്കൊണ്ടിരുന്ന സുധീഷിനോട്‌ ഞാൻ പറഞ്ഞു. ഒന്ന് മൂളിയതല്ലാതെ മറുപടി ഉണ്ടായില്ല. കല്യാണ തലേന്ന് ഞാൻ ഓര്മിപ്പിച്ചിട്ടും, അച്ഛൻ മോളെയും കൊണ്ട് പതിവ് സമയത്ത് ആശുപത്രിയിലേക്കിറങ്ങി. “എനിക്ക് ആൾകൂട്ടത്തിൽ ഒന്നും പോകാനിഷ്ടമല്ല മോളെ.. നീ പോയിട്ട് വാ” അമ്മയും കയ്യൊഴിഞ്ഞു. സച്ചുവിന്റെ കല്യാണം എന്റെ സ്വപ്നങ്ങളിലൊന്നാണ്. എന്റെ മോശം സമയത്ത് സ്വന്തം കൂടപ്പിറപ്പ് പോലും കാണിക്കാത്ത കാരുണ്യം കാണിച്ചവളാണ്. ആരുമില്ലെങ്കിലും ഞാൻ പോകാൻ നിശ്ചയിച്ചു.

ഏറ്റവും നല്ല സാരി എടുത്തുടുത്തു. ഏറ്റവും നന്നായി ഒരുങ്ങി. എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും നേരം സന്ധ്യ മയങ്ങിയിരുന്നു. കാലടി എത്തിയപ്പോഴാണ് ഒരിടത്ത് ആളുകൾ ഒരിടത്തു കൂട്ടം കൂടിനിൽക്കുന്നത് കണ്ടത്. ഓട്ടോയിൽ നിന്നിറങ്ങിച്ചെന്ന് നോക്കുമ്പോൾ ആക്സിഡന്റ് ആണ്. പൊട്ടിപ്പൊളിഞ്ഞ ഒരു കറുത്ത ബുള്ളറ്റും അതിനപ്പുറം ചോരയിൽ കുളിച്ചൊരു മനുഷ്യനും. കാഴ്ച കണ്ടു നില്കുന്നതല്ലാതെ ആരും അനങ്ങുന്നില്ല. “ചേട്ടാ.. ഇയാളെ ഹോസ്പിറ്റലിൽ കൊണ്ടുപോണം. ഒന്ന് പിടിക്ക്…” “അത് വേണോ മോളെ… പണിയാകും…” ഓട്ടോ ഡ്രൈവർ ഒഴിവാക്കാനുള്ള ശ്രമത്തിൽ ആണ്. ഞാനയാളെ ഒന്ന് നോക്കി. ഒടുവിൽ ആയാലും ഞാനും കൂടി പരിക്കുപറ്റി കിടന്ന മനുഷ്യനെ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ക്യാഷ്വാലിറ്റിയുടെ മുൻപിൽ കാത്തുനില്കുമ്പോൾ, അകത്തു കിടക്കുന്ന ജീവന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ, ആഴ്ചകൾക്കുള്ളിൽ ഞാനും ഇതേ അവസ്ഥയിൽ ഇവിടെ വരേണ്ടി വരുമെന്ന് അന്നറിഞ്ഞിരുന്നില്ല. രോഗിയുടെ ചില സാധനങ്ങൾ ഒരു സ്റ്റാഫ് വന്ന് എന്റെ കയ്യിൽ കൊണ്ടുവന്നു തന്നു. നാഷണൽ ജോഗ്രഫിക്കിന്റെ ഒരു ഐഡി കാർഡും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു: “ലുക്മാൻ ഹാരിസ് മജീദ്, ഫോട്ടോഗ്രാഫർ” …തുടരും….

വീണ്ടും : ഭാഗം 4

Share this story