മഴമുകിൽ… : ഭാഗം 30

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

“”ആര് വന്നാൽ ഇയാൾക്കെന്താ അല്ലേ… ഞാൻ മാത്രം പൊട്ടി….”” നിറഞ്ഞൊഴുകുന്ന രണ്ടു കണ്ണുകളും അമർത്തിതുടച്ചു അവൾ തലയണയിലേക്ക് മുഖം പൂഴ്ത്തി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 “”അച്ഛയാണോ…””. ഋഷിയുടെ താടിയിലേക്ക് ആ കുഞ്ഞിക്കൈ രണ്ടും പിടിച്ചു അല്ലുമോള് ചോദിച്ചു… ഒരു നിമിഷത്തേക്ക് ശ്വാസം പോലും വിലങ്ങിയത് പോലെ തോന്നി ഋഷിക്ക്… കണ്ണുകൾ നിറഞ്ഞു മുന്നിലുള്ള കാഴ്ചകൾ പോലും അവ്യക്തമായി പോകും പോലെ… അല്ലുമോളുടെ രൂപം ഒരു മങ്ങിയ പോലെ മാത്രം കണ്ടിരുന്നു… ഒറ്റ നിമിഷം കൊണ്ട് അവനാ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ചുംബനങ്ങൾ കൊണ്ട് മൂടിയിരുന്നു….”” അച്ഛയാടാ കണ്ണാ…”” അല്ലുമോള് അവൻ പറയുന്നത് കേട്ട് ഒന്ന് കൂടി അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു.. ദേവ കഴിക്കാൻ എടുത്തു വച്ചിട്ട് വരുമ്പോൾ കാണുന്നത് അല്ലുമോളെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന ഋഷിയെയാണ്…

അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.. ഒരു നിമിഷത്തേക്ക് മോൾക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്നവൾക്ക് പേടി തോന്നി… ഒരു നിമിഷം കൊണ്ട് ഓടി അരികിലേക്ക് എത്തി.. “”എന്താ ഋഷിയേട്ടാ… കണ്ണെന്താ നിറഞ്ഞിരിക്കുന്നെ….”” അവന്റെ അടുത്തേക്ക് ഇരുന്നു മോളുടെ ദേഹമാകെ മുറിവ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി… അല്ലുമോള് ചിരിച്ചോണ്ട് ഋഷിയോട് ചേർന്ന് കിടക്കുന്നത് കണ്ടപ്പോൾ കുറച്ചൊരു സമാധാനം കിട്ടിയത് പോലെ… അപ്പോഴും അവന്റെ കണ്ണ് നിറഞ്ഞത് എന്തിനായിരുന്നു എന്ന് മനസ്സിലായിരുന്നില്ല… സംശയത്തോടെ ഋഷിയെ നോക്കി… “”അല്ലൂന്റെ അച്ഛായാ അമ്മേ…. “”ദേവ നോക്കുന്നത് കണ്ടപ്പോൾ മോള്‌ കൊഞ്ചലോടെ പറഞ്ഞു… ഒരു നിമിഷം കൊണ്ട് പേരറിയാൻ കഴിയാത്ത വികാരങ്ങൾ തന്നിലും നിറയും പോലെ തോന്നി അവൾക്ക്…

ഋഷിയെ നോക്കിയപ്പോൾ ഏറെ നാളായി കൊതിച്ചതെന്തോ കിട്ടിയ ഒരു ഭാവമായിരുന്നു ആ മുഖത്ത്…. നിറഞ്ഞ പുഞ്ചിരിയോടെ തന്നെ നോക്കുന്ന ദേവയെ നോക്കി തിരികെ ഒരു പുഞ്ചിരി നൽകുമ്പോഴും അവന്റെ കണ്ണിലെ നനവ് മാറിയിട്ടില്ലായിരുന്നു… “”വായോ… മാമുണ്ണണ്ടേ…. ‘””ദേവ കൈ നീട്ടിയപ്പോൾ വീണ്ടും ഒന്ന് കൂടി വേണ്ടെന്ന ഭാവത്തിൽ ഋഷിയോട് പറ്റിക്കിടന്നു എങ്കിലും ഒന്ന് കണ്ണുരുട്ടിയപ്പോൾ അവളെ പിണക്കത്തോടെ നോക്കി കൈകളിലേക്ക് ചെന്നു…. കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശ്രീയുടെ ഫോൺ കാൾ വരുന്നത്… ഋഷി വേഗത്തിൽ കഴിച്ചിട്ട് ഫോണും എടുത്തു പുറത്തേക്ക് നടന്നു… “”എന്തായി ശ്രീരാജ്”” “”സർ.. അവർ പറഞ്ഞ സ്റ്റേഷനിൽ അങ്ങനെ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്… നമ്മൾ പ്രതീക്ഷിച്ചത് പോലെ ശാലിനി എന്നല്ല ശക്തി എന്ന പേരുള്ള ഒരു പെൺകുട്ടിയുടെ പേരിലാണ് കേസ്….

കുറ്റം ചെയ്യുമ്പോൾ പ്രായപൂർത്തി ആകാത്തതിനാൽ മൂന്ന് വർഷം ജുവനൈൽ ഹോമിൽ ശിക്ഷ കിട്ടിയിരുന്നു…അവിടെ നിന്നും റിലീസ് ആയതിനു ശേഷം കുറച്ചു വർഷങ്ങൾ ആ നാട്ടിൽ തന്നെ ഉണ്ടായിരുന്നു… പിന്നെ അവിടുന്ന് കാണാതായി…”” “”ഹ്മ്മ്…. ഇതേ രീതിയിലുള്ള മറ്റ് കൊലപാതക പരമ്പരകൾ എവിടെ എങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ചോ….”” “”വിവരങ്ങൾ ശേഖരിക്കുകയാണ് സർ… നാളെ വൈകുന്നേരത്തിനുള്ളിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു….”” “”ഹ്മ്മ്… അപ്പൊ എന്തായാലും പെണ്ണ് കാണൽ നടക്കട്ടെ… അത് കഴിഞ്ഞു ഓഫീസിൽ എത്തിക്കോണം….”” ഋഷി ചിരിയോടെ പറഞ്ഞു… “”ബാക്കി ഉണ്ടെങ്കിൽ പെട്ടന്ന് തന്നെ എത്തിക്കോളാം സർ….”” മറുവശത്തു നിന്നും ശ്രീയുടെ മറുപടി കേട്ടപ്പോൾ ഋഷി ചിരിയോടെ കാൾ കട്ട്‌ ചെയ്തു… അകത്തേക്ക് നടക്കുമ്പോഴേ മുറിയിൽ നിന്നും അല്ലുമോളുടെ ബഹളം കേൾക്കാമായിരുന്നു…

വാതിൽക്കൽ എത്തിയപ്പോഴേ കണ്ടു അമ്മയും മോളും കൂടി കളിക്കുന്നത്… കട്ടിലിൽ ഇട്ടിരുന്ന പുതപ്പ് വെച്ച് മുഖം പൊത്തി ഇരിക്കുകയാണ് അല്ലുമോള്… ദേവ മോളെ കാണാത്തത് പോലെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടക്കുന്നുണ്ട്… “”അയ്യോ…. അമ്മേടെ അല്ലുക്കുട്ടനെ ആരെങ്കിലും കണ്ടോ……. അല്ലൂസിനെ കാണുന്നില്ലല്ലോ..”” ദേവ പറയുന്നത് കേൾക്കുമ്പോൾ മുഖം ഒന്ന് കൂടി പൊത്തിപ്പിടിച്ചു ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു അല്ലു മോള്‌…. “”അയ്യോ….. അല്ലൂനെ കണ്ടില്ലെങ്കിൽ അമ്മക്ക് ശങ്കടം വരുവല്ലോ…””.. ദേവ മുഖത്ത് വിഷമം വരുത്തി പറഞ്ഞു… അത് കേട്ടപ്പോൾ കുനിഞ്ഞു ഇരുന്ന് മുഖം ഒന്നൂടെ മൂടി ചിരിക്കുന്നുണ്ടായിരുന്നു…. ഋഷി ശബ്ദമുണ്ടാക്കാതെ പിന്നിൽ കൂടി ചെന്നു മോളെ പൊക്കി എടുത്തു…””അല്ലൂനെ കണ്ടു പിടിച്ചേ….”” “”അയ്യോ…. അമ്മ എവിടെല്ലാം നോക്കി…. അമ്മേടെ അല്ലൂട്ടൻ ഇവിടെ ഉണ്ടായിരുന്നോ….”” ദേവ താടിക്ക് കൈ കൊടുത്തു അടുത്തേക്ക് വന്നു പറഞ്ഞതും അല്ലുമോള് രണ്ടു കൈ കൊണ്ടും വാ പൊത്തിച്ചിരിച്ചുകൊണ്ട് ഋഷിയുടെ തോളിലേക്ക് ചാഞ്ഞു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ കണ്ണ് തുറക്കുമ്പോൾ അല്ലുമോള് നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്നതാണ് ഋഷി കാണുന്നത്… കുറച്ചു നേരം മോളെ തന്നെ നോക്കിക്കിടന്നു…. എത്ര വേഗത്തിലാണ് തന്റെ ജീവിതം മാറിയതെന്ന് തോന്നി അവന്… ഇന്നലെ വരെ കാത്തിരിക്കാൻ ആരുമില്ലാതിരുന്ന തനിക്ക് ഇന്നൊരു കുടുംബമുണ്ടായിരിക്കുന്നു… ഒരു മോളെ കിട്ടിയിരിക്കുന്നു…. അവനൊന്നു കൂടി മോളെ ചേർത്ത് പിടിച്ചു… പുറത്ത് നന്നായി മഴ പെയ്യുന്നുണ്ടായിരുന്നു… പുതപ്പെടുത്തു മോളെ നന്നായി പുതപ്പിച്ചു കൊടുത്തിട്ട് പതിയെ എഴുന്നേറ്റു… അടുക്കളയിലേക്ക് ചെന്നപ്പോൾ ദേവ കാര്യമായ എന്തോ പണിയിലാണ്… രാവിലത്തേക്കുള്ള കറി ഉണ്ടാക്കുകയാണ് എന്ന് തോന്നുന്നു…. ഋഷിയെ കണ്ടപ്പോൾ അവളൊന്ന് ചിരിച്ചു…. “”ചായ എടുക്കട്ടെ…”” “”വേണ്ടെടോ…. ഒരു കട്ടൻ മതി… മഴയത്തു കട്ടൻ കാപ്പി കുടിക്കാന എനിക്കിഷ്ടം…””

അതും പറഞ്ഞു അവൻ തന്നെ കട്ടൻ കാപ്പിക്കുള്ള വെള്ളം സ്റ്റവ് ലേക്ക് വച്ചു…. ദേവക്കെന്തോ വല്ലാത്ത ഒരു മടി തോന്നി… ആദ്യമായിട്ടാണ് ഋഷിയുടെ കൂടെ അടുക്കളയിൽ നിൽക്കുന്നത്… സാധാരണ അവൻ ജോഗിങ് ന് പോയി വന്നു റെഡി ആകുന്ന ടൈം കൊണ്ട് ജോലി എല്ലാം തീർക്കുന്നതാണ്… ഇന്നിപ്പോൾ മഴ ആയതുകൊണ്ട് ജോഗിങ്ങിനു പോകുന്നില്ല എന്ന് തോന്നുന്നു… അവൻ രണ്ടു ഗ്ലാസ്സിലേക്ക് കട്ടൻ പകരുന്നത് കൗതുകത്തോടെ നോക്കി നിന്നു…. അവൾ കൈ നീട്ടിയപ്പോഴേക്കും അവൾക്ക് കൊടുക്കാതെ രണ്ടു ഗ്ലാസും അവൻ എടുത്തിരുന്നു… “”വാടോ… കുറച്ചു നേരം മഴ കണ്ടു ഈ കട്ടൻ കുടിക്കാം…”” എതിർക്കാൻ തുടങ്ങുമ്പോഴേക്കും അവൻ ഗ്ലാസ്സുമായി പുറത്തേക്ക് നടന്നിരുന്നു…. ഇടക്ക് തിരിഞ്ഞു നോക്കി നടന്നു പോകുന്ന അവനെ നിരാശപ്പെടുത്താൻ തോന്നിയില്ല… ഉമ്മറത്തേക്ക് ചെല്ലുമ്പോൾ പടിക്കെട്ടിൽ ഇരുന്ന് മഴ കാണുന്ന ഋഷിയെയാണ് കാണുന്നത്…

അവൾക്കുള്ള കാപ്പി അവന്റെ അടുത്തായി നിലത്തേക്ക് വച്ചിട്ടുണ്ട്… മെല്ലെ ചെന്നു അവന്റെ അടുത്തേക്ക് ഇരുന്നു… അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് നോട്ടം വീണ്ടും മഴയിലേക്കായി… പലപ്പോഴും എന്തൊക്കെയോ ഓർക്കുന്നത് പോലെ അവനിടക്ക് ചിരിക്കുന്നത് കണ്ടു.. “”എന്താ തനിയെ ചിരിക്കൂന്നേ…”” കൗതുകത്തോടെ ചോദിച്ചു… “”പഴയ കാര്യങ്ങൾ ഓർത്തതാടോ… മുൻപൊക്കെ മഴ പെയ്യുമ്പോൾ ഞാനും അമ്മയും അച്ഛനും കൂടി ഇതുപോലെ ഉമ്മറത്തു ഉണ്ടാകും… ഞാനിവിടെ മുറ്റത്തെല്ലാം ഓടി നടക്കുകയാകും… അമ്മയും അച്ഛനും ദാ ഇതുപോലെ ഇവിടെ ഇരുന്ന് ഒരു കാപ്പി ഒക്കെ കുടിച്ചു എന്നേ നോക്കി ഇരിപ്പുണ്ടാകും….”” പറയുമ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… “”അന്നത് ചെയ്തവരെ പിടിച്ചോ…. “”കുറച്ചു നേരത്തെ മൗനത്തിന് ശേഷം ദേവ ചോദിച്ചു… ഒരു പുച്ഛം നിറഞ്ഞ ചിരി മാത്രമായിരുന്നു ഋഷിയുടെ ചുണ്ടിൽ….

“”എവിടെ പിടിക്കാൻ…. തെളിവുകൾ ഇല്ലാതാക്കാനുള്ള പണമൊക്കെ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ടായിരുന്നു…. അവ്യക്തമായി മാത്രം ആ രൂപം കണ്ട ഒരെട്ട് വയസ്സുകാരന്റെ മൊഴിക്ക് എത്രത്തോളം ബലമുണ്ടാകാനാണ്…. അന്നുറപ്പിച്ചതാ ഞാനീ കാക്കി…. ഇനിയൊരു ഋഷി വേണ്ടെന്ന് തോന്നി…”” പെട്ടെന്നായിരുന്നു രണ്ടു കുഞ്ഞിക്കൈകൾ പിന്നിൽ കൂടി വന്നു അവന്റെ കണ്ണ് പൊത്തിയത്… “”ആരാ…. “” ഒരു കുഞ്ഞ് ശബ്ദം കാതിൽ മുഴങ്ങി… “”ആരാ ഇത്…. ദേവയാണോ..””. ഋഷി മെല്ലെ ആ കുഞ്ഞിക്കൈയിൽ പിടിച്ചു ചോദിച്ചു.. “”അല്ലല്ലോ… “”കൊഞ്ചിയുള്ള മറുപടിയും എത്തി… “”ആഹ്…. വൈദു മോനല്ലേ…”” “”അല്ല…”” “”പിന്നാരാ….. അച്ഛെടെ അല്ലൂസ്‌ ആണോടാ….”” ഒറ്റ നിമിഷം കൊണ്ട് ആ കുഞ്ഞിക്കൈകൾ രണ്ടും എടുത്തു മാറ്റി മോളെ മടിയിലേക്ക് ഇരുത്തി… പൊട്ടിച്ചിരിച്ചുകൊണ്ടവൾ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കെട്ടിപ്പിടിച്ചു കിടന്നു…. രണ്ടാളുടെയും കളിയും ചിരിയും നോക്കി ഇരുന്നു ദേവ… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാവിലെ ഉണർന്നപ്പോൾ മുതൽ തലക്ക് വല്ലാത്ത ഭാരം പോലെ തോന്നി അഭിക്ക്… ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിരുന്നില്ല…. തലക്ക് താങ്ങു കൊടുത്തു പതിയെ എഴുന്നേറ്റു… സമയം എട്ട് മണി കഴിഞ്ഞിരിക്കുന്നു… രാവിലെ പത്തര കഴിയുമ്പോൾ അവരെത്തും എന്നായിരുന്നു ഇന്നലെ രാത്രി വിളിച്ചപ്പോൾ പറഞ്ഞത്… മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു… ഉമ്മറത്തു എത്തിയപ്പോൾ ആദ്യം കാണുന്നത് ശ്രീയെയാണ്… അമ്മയോട് എന്തൊക്കെയോ പറഞ്ഞു ചിരിച്ചു നിൽപ്പുണ്ട്… അപ്പൊ അവര് പത്തരക്ക് എത്തും എന്ന പറഞ്ഞേ അല്ലേ അമ്മേ…. അഭി നിൽക്കുന്നത് ശ്രീ അമ്മായിയെ കണ്ണുകൾ കൊണ്ട് കാട്ടി പറഞ്ഞു… “”ഹും…. “”അവള് ദേഷ്യത്തോടെ മുഖം വീർപ്പിച്ചു… അമ്മ അകത്തേക്ക് വന്നിട്ടും ശ്രീ അവിടെ തന്നെ നിൽക്കുന്നത് കണ്ടു ദേഷ്യത്തോടെ ഇറങ്ങി അവന്റെ അടുത്തേക്ക് ചെന്നു… “”ഇന്നെന്റെ പെണ്ണ് കാണലാണ്…. “”അവനെ നോക്കി മുഖം കനപ്പിച്ചു വെച്ച് പറഞ്ഞു… “”ഓൾ ദി ബെസ്റ്റ്….

നീ പോയി നല്ലോണം ഒരുങ്ങ്… നിനക്ക് ഇഷ്ടമായാൽ നമുക്കിതങ്ങ് ഉറപ്പിക്കാം….”” “”അപ്പൊ എന്നോട് ശെരിക്കും ഒരു തരി പോലും ഇഷ്ടമില്ല അല്ലേ ശ്രീയേട്ടന്…””. ചോദിക്കുമ്പോൾ ശബ്ദം ചെറുതായി ഇടറിയിരുന്നു… കണ്ണുകൾ നിറച്ചുള്ള അവളുടെ ചോദ്യം കാൺകെ നെഞ്ചിലാരോ കൊളുത്തി വലിക്കും പോലെ തോന്നി ശ്രീക്ക്… പക്ഷേ കുറച്ചു സമയത്തിനകം അവൾക്ക് കൊടുക്കാൻ പോകുന്ന സർപ്രൈസ് ആലോചിച്ചപ്പോൾ മറുത്തൊന്നും പറഞ്ഞില്ല… അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ ഒരു വാടിയ പുഞ്ചിരി മാത്രം നൽകി അകത്തേക്ക് പോകുന്ന അവളെ തന്നെ നോക്കി നിന്നു ശ്രീ… ഒട്ടും ഒരുങ്ങാൻ താല്പര്യം ഇല്ലാതിരുന്നിട്ടും എന്തൊക്കെയോ കാട്ടി ഒന്നൊരുങ്ങി അഭി… ധാവണി ഉടുക്കാൻ അമ്മ നിർബന്ധിച്ചു എങ്കിലും ഉടുക്കാൻ തോന്നിയില്ല… ഒരു സാധാരണ ചുരിദാർ എടുത്തിട്ടു… “”മോള്‌ അവർക്കുള്ള ചായ ഒന്നിട്..””. അവരെത്തി തോന്നുന്നു…

ഉമ്മറത്തു നിന്നും ശബ്ദങ്ങൾ കേട്ടപ്പോൾ അമ്മ അഭിയോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി… ചായ കപ്പിലേക്ക് പകർത്തിക്കൊണ്ടിരുന്നപ്പോൾ അവളുടെ ഉള്ളിലേക്ക് വീണ്ടും ശ്രീയുടെ മുഖം എത്തി….. പക്ഷേ ഇത്തവണ സങ്കടത്തിനു പകരം മുഖത്ത് കോപം നിറഞ്ഞു… “”നല്ല ബന്ധം ആണെങ്കിൽ നടത്തണം അല്ലേ…”” അവൾ അവിടെ അടുത്തിരുന്ന ഉപ്പ് എടുത്തു ഒരു സ്പൂൺ ഒരു കപ്പിലേക്ക് ഇട്ടു…. നന്നായി സ്പൂൺ ഇട്ട് ഇളക്കി.. അത് ചെക്കന് കൊടുക്കാനായി ഏറ്റവും മുന്നിൽ വച്ചു… ഈ ചായ ഒരിറക്ക് കുടിക്കുമ്പോൾ തന്നെ പെണ്ണിനെ വേണ്ടെന്നും പറഞ്ഞു ചെക്കൻ പോകും എന്ന് ഉറപ്പായിരുന്നു… “!മോളെ ചായ ഇങ്ങേടുത്തോ…””. അമ്മ വിളിച്ചു പറഞ്ഞപ്പോൾ ട്രേയും എടുത്തു ഉമ്മറത്തേക്ക് നടന്നു… അമ്മയെയും അമ്മായിയെയും മാത്രം കണ്ടു…. തല ഉയർത്തി ആരെയും നോക്കിയില്ല…. “”ആദ്യം ഇരിക്കുന്നതാ ചെക്കൻ…”” അമ്മ ചിരിയോടെ പറഞ്ഞു… മുഖമുയർത്താതെ ചെക്കന് ചായ കൊടുത്തു…

അയാള് മാത്രേ വന്നിട്ടുള്ളൂ എന്ന് തോന്നുന്നു… അടുത്തിരുന്നത് അമ്മായിയും അമ്മാവനും ഒക്കെ ആയിരുന്നു….. ചായ കൊടുത്തു കഴിഞ്ഞു കുറച്ചു ദൂരേക്ക് മാറി നിന്ന് ചെക്കനെ നോക്കിയപ്പോളാണ് ചായക്കപ്പും കൈയിൽ പിടിച്ചു അവളെ നോക്കി ഇരിക്കുന്ന ശ്രീയെ കാണുന്നത്… ഒരു നിമിഷം തരിച്ചു നിന്ന് പോയി… ചുറ്റും നോക്കിയപ്പോൾ എല്ലാവരും ചിരിയോടെ നിൽപ്പുണ്ട്… എല്ലാവരും ചേർന്നുള്ള ഒത്തുകളി ആണെന്ന് കണ്ടപ്പോൾ അവളമ്മയെ പരിഭവത്തോടെ നോക്കി… ശ്രീ അപ്പോഴും അവളുടെ ഭാവങ്ങൾ എല്ലാം കണ്ണുകൾ കൊണ്ട് ഒപ്പി എടുക്കുകയായിരുന്നു… എല്ലാവരെയും പിണക്കത്തോടെ നോക്കുന്നതും ഒടുവിൽ ആ കണ്ണുകൾ തനിക്ക് നേരെ നീണ്ടു വരുന്നതും കണ്ടു… ചിരിയോടെ അവനാ ചായ കപ്പ് ചുണ്ടോട് ചേർത്തു….. ചവർപ്പ് കലർന്ന ഒരു രുചി വായിൽ പടർന്നപ്പോൾ അവളെ ദയനീയമായി നോക്കി.. നോക്കി ദഹിപ്പിക്കാൻ എന്ന പോലെ രൂക്ഷമായി നോക്കി നിൽക്കുന്ന അഭിയെയാണ് കാണുന്നത്…. ഉള്ളിലേക്ക് പ്രയാസപ്പെട്ട് ഇത്തിരി ഇറക്കിയപ്പോളേക്കും ആ ചവർപ്പ് ശരീരം മുഴുവൻ വ്യാപിക്കും പോലെ തോന്നി… അവനവളെ ദയനീയമായി നോക്കി……തുടരും

മഴമുകിൽ: ഭാഗം 29

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!