മഴമുകിൽ… : ഭാഗം 31

മഴമുകിൽ… : ഭാഗം 31

എഴുത്തുകാരി: അമ്മു അമ്മൂസ്

എല്ലാവരും ചേർന്നുള്ള ഒത്തുകളി ആണെന്ന് കണ്ടപ്പോൾ അവളമ്മയെ പരിഭവത്തോടെ നോക്കി… ശ്രീ അപ്പോഴും അവളുടെ ഭാവങ്ങൾ എല്ലാം കണ്ണുകൾ കൊണ്ട് ഒപ്പി എടുക്കുകയായിരുന്നു… എല്ലാവരെയും പിണക്കത്തോടെ നോക്കുന്നതും ഒടുവിൽ ആ കണ്ണുകൾ തനിക്ക് നേരെ നീണ്ടു വരുന്നതും കണ്ടു… ചിരിയോടെ അവനാ ചായ കപ്പ് ചുണ്ടോട് ചേർത്തു….. ചവർപ്പ് കലർന്ന ഒരു രുചി വായിൽ പടർന്നപ്പോൾ അവളെ ദയനീയമായി നോക്കി.. നോക്കി ദഹിപ്പിക്കാൻ എന്ന പോലെ രൂക്ഷമായി നോക്കി നിൽക്കുന്ന അഭിയെയാണ് കാണുന്നത്…. ഉള്ളിലേക്ക് പ്രയാസപ്പെട്ട് ഇത്തിരി ഇറക്കിയപ്പോളേക്കും ആ ചവർപ്പ് ശരീരം മുഴുവൻ വ്യാപിക്കും പോലെ തോന്നി… അവനവളെ ദയനീയമായി നോക്കി…

അപ്പോഴും കണ്ണെടുക്കാതെ അവനെ തന്നെ രൂക്ഷമായി നോക്കുകയായിരുന്നു അഭി… . കപ്പ് തിരിച്ചു വെക്കാൻ തുടങ്ങുമ്പോൾ മുഖം ഒന്ന് കൂടി ഇരുളുന്നത് കണ്ടു… വേറെ വഴി ഇല്ലാതെ അവനാ കപ്പ് കൈയിലേക്ക് തന്നെ തിരികെ പിടിച്ചു… “”നീ ഇതുവരെ ചായ കുടിച്ചില്ലേ ശ്രീ….”” സുശീലാമ്മ ചോദിച്ചപ്പോൾ അവനമ്മയെയും അഭിയേയും ദയനീയമായി നോക്കി… . “”അത്… ചൂട് കൂടുതലാ അമ്മേ…. ഞാൻ തണുത്തിട്ട് കുടിച്ചോളാം…”” അവളെ ഒന്നുകൂടി നോക്കി പറഞ്ഞൊപ്പിച്ചു… “”നീ അറിഞ്ഞോ അഭി…. നാല് ദിവസം മുന്നെയാ ഈ ചെക്കൻ പറയുന്നേ അവന് നിന്നെ കെട്ടണം എന്ന്…. നിന്നോട് പറയണ്ട ഒരു സർപ്രൈസ് ആണെന്നും പറഞ്ഞു….”” സുശീലാമ്മ പറയുന്നത് കേട്ട് അഭി ശ്രീയെ കനപ്പിച്ചു നോക്കി…. “”പെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആകട്ടെ…”” .

അച്ഛൻ പറഞ്ഞത് കേട്ടതും ശ്രീ പെട്ടെന്ന് ചായക്കപ്പ് തിരികെ വെക്കാൻ പോകുന്നത് കണ്ടു…. “”ശ്രീയേട്ടൻ ആദ്യം ആ ചായ ഒന്ന് കുടിച്ചു തീർക്കട്ടെ അച്ഛേ…. വെറുതെ എന്തിനാ കളയുന്നെ… സംസാരിച്ചു വരുമ്പോഴേക്കും അത് തണുത്തു പോകും… “””ശ്രീയെ ഒന്ന് നോക്കി അഭി പറഞ്ഞു… വേറെ നിവൃത്തി ഇല്ലാതെ ശ്രീ അഭിയെ നോക്കി എങ്കിലും അവളവനെ ശ്രദ്ധിക്കാതെ ഉത്തരത്തിൽ നോക്കി ഇരിക്കുകയായിരുന്നു… എല്ലാവരെയും നോക്കിയപ്പോൾ അവനെ തന്നെ നോക്കി ഇരിപ്പുണ്ട്….. കണ്ണുകൾ രണ്ടും ഇറുക്കെ അടച്ചു ഒറ്റവലിക്ക് ആ ചായ മുഴുവൻ കുടിച്ചു…. കഴിച്ചതും കുടിച്ചതും എല്ലാം ഇപ്പോൾ പുറത്തേക്ക് പോകുമോ എന്ന് തോന്നി ശ്രീക്ക്… ശരീരമാകെ ഒരു ചവർപ്പ് നിറയും പോലെ…

അവനെ ഒന്ന് പുച്ഛത്തോടെ നോക്കി അഭി പുറത്തേക്ക് നടന്നു…. ശ്രീ വന്നു അടുത്ത് നിന്നതറിഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ല…. “”അഭിയെ… “”അവനവളെ പിന്നിൽ കൂടി ചെന്നു വട്ടം പിടിച്ചു…. അടുത്ത നിമിഷം തന്നെ അവള് കൈമുട്ട് അവന്റെ വയറ്റിലേക്ക് കേറ്റിയിരുന്നു… “”ഹൌ…… എന്തൊരു ഇടിയാടി പെണ്ണെ …”” അവളിൽ നിന്നും പിടഞ്ഞു മാറി വയറു തടവിക്കൊണ്ട് ശ്രീ ചോദിച്ചു…. . “”ഇനിയും കിട്ടും… എന്നേ പറ്റിക്കാൻ നോക്കുന്നോ…. ഞാനിന്നലെ എത്ര മാത്രം കരഞ്ഞു എന്നറിയാമോ…. ഓരൊടുക്കത്തെ സർപ്രൈസ്..””. അവൾ പിണക്കത്തോടെ പറഞ്ഞിട്ട് തിരിഞ്ഞു നിന്നു… വീണ്ടും പിന്നിൽ കൂടി ചെന്നു അവളെ ചേർത്ത് പിടിച്ചു…. “”നിന്നെ ഒന്ന് ഞെട്ടിക്കാം എന്ന് വിചാരിച്ചു ചെയ്തതല്ലേ പെണ്ണെ….. പക്ഷേ ശെരിക്കും ഞെട്ടിയത് ഞാനാ….””

അവസാനത്തെ വരികൾ ദയനീയമായി പറഞ്ഞവൻ അവളെ നോക്കി… “”ആണെങ്കിൽ കണക്കായിപ്പോയി…. നിങ്ങള് പറയുന്നുടനെ വേറെ കെട്ടി ഞാനങ്ങു പോകാം…. ഈ അഭിയുടെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അതീ കൈ കൊണ്ട് ആയിരിക്കും… “”അവളവനെ നോക്കി വീറോടെ പറഞ്ഞു… “”ഒന്നൂടി പറയ്‌….”” കാതോരം ചേർന്ന് അവന്റെ ശ്വാസം തട്ടിയപ്പോളാണ് താനിപ്പോൾ എന്താണ് പറഞ്ഞതെന്ന് അഭിക്ക് മനസ്സിലായത്… പിടച്ചിലോടെ തല താഴ്ത്തി…കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശി പടരും പോലെ തോന്നി അവൾക്ക്… ശരീരമാകെ ഒരു വിറയൽ പോലെ… “”ഹാ… സമ്മതം അല്ലേന്ന് പറ പെണ്ണെ….. “”വീണ്ടും ഒരിക്കൽ കൂടി അവൻ ചോദിച്ചപ്പോൾ നാണത്തോടെ തലയാട്ടി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

“”ഇപ്പോളത്തെ പെരുമാറ്റം എങ്ങനെയുണ്ട്…”” ബഞ്ചിലേക്ക് തലവെച്ചു കിടക്കുന്ന ശാലിനിയെ നോക്കി ഋഷി ചോദിച്ചു.. “”ഇന്നലെ രാത്രിയും ഇടക്കൊന്നു വയലന്റ് ആയി സെർ… എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു… ഇവർ ലഹരിക്ക് അടിമയാണെന്ന് തോന്നുന്നു സർ… അതിന്റെ ചേഷ്ടകൾ ഒക്കെ ചെയ്യുന്നുണ്ടായിരുന്നു….”” ശാലിനിയെ ഒന്നുകൂടി ഒന്ന് നോക്കിയിട്ട് ഋഷി ക്യാബിനിലേക്ക് നടന്നു… ശാലിനി എന്തിനു വേണ്ടിയാണ് ഇത് ചെയ്തത് എന്ന ചോദ്യം അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.. “”ഞാനിന്നലെ തിരക്കാൻ പറഞ്ഞ കേസ് ന്റെ ഡീറ്റെയിൽസ് എവിടെ… “”സീറ്റിൽ ഇരുന്നതും ഋഷി ശ്രീയെ നോക്കി ചോദിച്ചു… അവൻ കൊടുത്ത ഫയൽ വേഗം വാങ്ങി തുറന്നു നോക്കി…

ശക്തി എന്ന പെൺകുട്ടിയുടെ പേരിലുള്ള FIR ന്റെ രേഖകളുടെ കോപ്പി ആയിരുന്നു അത്… ശക്തിയുടെ ഫോട്ടോയിലേക്ക് ഋഷി സൂക്ഷിച്ചു നോക്കി.. ശാലിനിയുമായി പ്രകടമായ സാമ്യമുണ്ട്…. ഓരോ വിവരങ്ങളിൽ കൂടിയും അവന്റെ കണ്ണുകൾ സഞ്ചരിച്ചു.. ശക്തി കൊലപ്പെടുത്തിയ ചെറിയമ്മയുടെ ഫോട്ടോ കൈയിലെടുത്തു നോക്കിയപ്പോൾ അവന്റെ കണ്ണുകൾ ഒന്ന് കുറുകി.. “”ശ്രീരാജ് എത്രയും വേഗം കൊല്ലപ്പെട്ട അഞ്ച് സ്ത്രീകളുടെയും ഫോട്ടോ എനിക്ക് കിട്ടണം….”” ഋഷി ആവേശത്തോടെ പറഞ്ഞൂ… നിമിഷങ്ങൾക്കകം ശ്രീ ഫോട്ടോ മുന്നിൽ എത്തിച്ചിരുന്നു… പ്രധാനപ്പെട്ടതെന്തോ കണ്ടെത്തിയത് പോലെ ഋഷിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി.. അതിശയിപ്പിക്കുന്ന മുഖസാദൃശ്യമായിരുന്നു ഓരോ ഫോട്ടോക്കും കൊല്ലപ്പെട്ട സ്ത്രീയുമായി ഉണ്ടായിരുന്നത്….

എല്ലാവർക്കും കവിളിലായി വലിയൊരു മറുകുണ്ടായിരുന്നു…. പൂച്ചക്കണ്ണുകളും സ്വല്പം വണ്ണമുള്ള രൂപവുമായിരുന്നു… “”പക്ഷേ സർ…… ഇങ്ങനെ രൂപമുള്ള എത്ര സ്ത്രീകൾ ഉണ്ടാകും… അപ്പോഴേക്കും അവരെ ഒക്കെ കൊല്ലുക എന്ന് പറഞ്ഞാൽ….”” ശ്രീ ഋഷിയെ സംശയത്തോടെ നോക്കി…. ഋഷി ഒന്ന് ചിരിച്ചു….. “”അതിന് ഈ രൂപസാദൃശ്യം മാത്രമാണ് കാരണം എന്ന് നമുക്ക് പറയാൻ കഴിയില്ല ശ്രീ…. ഒരുപാട് കാരണങ്ങൾ ഉണ്ടാകാം..ചിലപ്പോൾ ഇവരുടെ സംസാര രീതി ഒരുപോലെ ആകാം…. അല്ലെങ്കിൽ പെരുമാറ്റവും സ്വഭാവ രീതികളും ഒരുപോലെ ആകാം….. ശാലിനി അഥവാ നമ്മളീപ്പറയുന്ന ശക്തിക്ക് മാത്രമേ നമ്മുടെ ചോദ്യങ്ങൾക്കുള്ള മറുപടി തരാൻ കഴിയൂ….”” “”പക്ഷേ അവളൊന്നും പറയുന്നില്ലല്ലോ സർ….

മിക്കവാറും നമ്മൾ ഒന്ന് പെരുമാറേണ്ടി വരും….”” “”ഹ്മ്മ്… “” ഋഷി ഒന്ന് മൂളിയിട്ട് അകത്തേക്ക് നടന്നു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ശാലിനി ഒന്ന് എഴുന്നേറ്റു ഇരുന്നു… ഇന്നലത്തെത്തിനേക്കാൾ ക്ഷീണം ഉണ്ടായിരുന്നു അവരുടെ മുഖത്ത്…. കൺപോളകൾ ഉറക്കമില്ലായ്മയുടെയും പരവേശത്തിന്റെയും ഒക്കെ ഫലമായി വീങ്ങി ഇരിപ്പുണ്ടായിരുന്നു.. ഋഷിയെ കണ്ടതും പതിവ് പോലെ അവരൊരു പുച്ഛം കലർന്ന ചിരി നൽകി… “”എന്താ സർ…. ഇന്ന് പുതിയ എന്തെങ്കിലും വഴിയുമായി ഇറങ്ങിയതാണോ…..”” “”എന്താ അങ്ങനെ തോന്നിയോ ശക്തിക്ക്….”” ഋഷി അതേ പുച്ഛത്തിൽ തിരിച്ചു ചോദിച്ചു..

ഒരു നിമിഷത്തേക്ക് അവളൊന്ന് ഞെട്ടി…””എ…. എങ്ങനെ…”” അതിന് മറുപടി പറയാതെ ഋഷി ഒന്ന് ചിരിച്ചു… . “”നീയായിട്ട് പറയുന്നതാണ് നിനക്ക് നല്ലത്… എന്തിന് നീ അവരെ ഒക്കെ കൊന്നു….”” “”ഞാനാരെയും കൊന്നിട്ടില്ല…. “”അതേ ഗൗരവത്തിൽ തന്നെ ശാലിനി പറഞ്ഞു… “”ആത്മഹത്യ ചെയ്യാൻ ഭീഷണിപ്പെടുത്തുന്നതും അവരെക്കൊണ്ട് നിർബന്ധിച്ചു അത് ചെയ്യിക്കുന്നതും കൊലപാതകം തന്നെയാണ്….നീ വാങ്ങി കൊടുത്ത പെട്രോൾ ന്റെ അടക്കം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്…”” ഋഷി പറഞ്ഞതൊക്കെ കേട്ടിട്ടും ശ്രദ്ധിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും തലവെട്ടിച്ചു ഇരിക്കുകയായിരുന്നു ശാലിനി… . ഋഷിക്ക് ദേഷ്യം നിറയും പോലെ തോന്നി ഉള്ളിൽ….

പക്ഷേ ദേഷ്യപ്പെട്ടതുകൊണ്ടും മൂന്നാം മുറ കൊണ്ടും ഒന്നും ഒരിക്കലും അവൾ പൂർണ്ണമായി സത്യം പറയില്ല എന്ന് തോന്നി…. ഭാമയുടെ മരണമൊഴിയിൽ കൂടി എങ്ങനെയാണ് സംഭവിച്ചത് എന്ന് വ്യക്തമാണ്… എന്തിന് എന്ന ചോദ്യം മാത്രം ബാക്കി ആകും പോലെ തോന്നി ഋഷിക്ക്… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 വീട്ടിലേക്ക് ചെന്നപ്പോൾ ദേവ ഓഫീസിൽ നിന്നും എത്തിയിട്ടില്ല എന്ന് കണ്ടു ഋഷി അല്ലുമോളെ വിളിക്കാൻ ദേവയുടെ വീട്ടിലേക്ക് ചെന്നു…. മഹി അങ്കിളിന്റെ മടിയിൽ ഇരുന്നു ചോക്ലേറ്റ് കഴിക്കുന്ന അല്ലുമോളെയാണ് കാണുന്നത്…. കഴിക്കുന്നതിൽ പകുതി ചോക്ലേറ്റ് ഉം മുഖത്തും ഉടുപ്പിലുമായി പറ്റിച്ചു വച്ചിട്ടുണ്ട്… ഋഷിയെ കണ്ടതും മഹിയുടെ മടിയിൽ നിന്നും ഇറങ്ങി അവന്റെ അടുത്തേക്ക് ഓടി….

“”അല്ലൂനെ എക്ക്….”” രണ്ടു കൈയും പൊക്കിപ്പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ഋഷി മോളെ വാരി എടുത്തു…. “”ഇനി അച്ഛാ തിന്നോയെ…””.. കൈയിൽ ഇരുന്ന ചോക്ലേറ്റ് ന്റെ ഒരു പീസ് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു… “”അച്ഛക്ക് ഒത്തിരി മധുരം വേണ്ടെടാ…. അല്ലൂസ്‌ കഴിച്ചോ….”” കുറച്ചു കഴിച്ചിട്ട് ഋഷി ബാക്കി മോൾക്ക് തന്നെ കൊടുത്തു… “”കള്ളിപ്പെണ്ണ് അന്ന് ഞാനൊന്ന് അച്ഛനാണ് എന്ന് പറഞ്ഞപ്പോൾ എന്തൊരു ബഹളമായിരുന്നു…. എന്നിട്ടിപ്പോ വിളിക്കുന്നത് നോക്ക്…. “” അമ്മ അല്ലുമോളെ നോക്കി പിണക്കം ഭാവിച്ചു പറഞ്ഞു… അമ്മയെ ഒന്ന് രൂക്ഷമായി നോക്കി ഒന്നുകൂടി ഋഷിയോട് ചേർന്ന് കിടന്നു… “”അല്ലൂന്റെ അച്ഛയാ….”” വാശി പോലെ അമ്മയോട് പറഞ്ഞു…

ഇതൊക്കെ കണ്ടു ചിരിയോടെ നിൽക്കുകയായിരുന്നു മഹി… സന്തോഷം കൊണ്ട് അയാളുടെ കണ്ണുകൾ ഈറനണിയും പോലെ തോന്നി… ഋഷിയേക്കാൾ മാറ്റാരെക്കൊണ്ടും അല്ലുമോളെ ഇങ്ങനെ സ്നേഹിക്കാൻ കഴിയില്ല എന്നുള്ള തിരിച്ചറിവിൽ മനസ്സ് നിറയും പോലെ തോന്നി മഹിക്ക്… “”അച്ഛാ ഉടുപ്പ് മാറ്റിത്തരാമെ….. ഇല്ലെങ്കിലെ അമ്മ വരുമ്പോൾ എന്റെ അല്ലൂസിന് വഴക്ക് കിട്ടും…”” ഋഷി മോളെയും എടുത്തു മുറിയിലേക്ക് നടന്നു… മോളെ കട്ടിലിലേക്ക് ഇരുത്തി അലമാര തുറന്നപ്പോഴാണ് ഏറ്റവും മുകളിലായി രണ്ടു ചിലങ്കകൾ ഇരിക്കുന്നത് കാണുന്നത്… വർഷങ്ങൾ ആയിട്ടുണ്ടാകും എന്ന് തോന്നി ഉപയോഗിച്ചിട്ട്…. മണികൾ പലതും നഷ്ടപ്പെട്ടിരുന്നു… ചിലത് പൊട്ടിയിട്ടുണ്ട്…..

ദേവ ഈ ചിലങ്കയും മാറോടു ചേർത്ത് കരയുന്ന ഒരു ദൃശ്യം വീണ്ടും ഓർമ്മയിൽ തെളിഞ്ഞപ്പോൾ അവന്റെ കൈകളൊന്ന് വിറച്ചു…. മഹി മുറിയിലേക്ക് വന്നപ്പോൾ ചിലങ്കയും കൈയിൽ എടുത്തു അതിലേക്ക് നോക്കി നിൽക്കുന്ന ഋഷിയെയാണ് കാണുന്നത്…. ഒരു നിമിഷത്തേക്ക് അയാളുടെ കണ്ണുകൾ നിറഞ്ഞു…. ചിലങ്കയണിഞ്ഞു വേദിയിൽ നൃത്തം ചെയ്യുന്ന ദേവയുടെ രൂപം മനസ്സിൽ നിറഞ്ഞു… “”അവൻ കാരണം അവൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടം….”” പിന്നിൽ നിന്നും മഹിയുടെ ശബ്ദം കേട്ടപ്പോഴാണ് ഋഷി തിരിഞ്ഞു നോക്കുന്നത്… അവൻ മഹിയെ സംശയത്തോടെ നോക്കി…. “””ആട്ടക്കാരി…. അതായിരുന്നു അവനവളെ വിളിച്ച പേര്…. ഒന്നും എന്റെ കുഞ്ഞ് എന്നോട് പറഞ്ഞില്ല…. അല്ലുമോളെ പ്രെഗ്നന്റ് ആകുന്നതിനും രണ്ടു മാസം മുൻപാണ് എന്റെ കുഞ്ഞ് അവസാനമായി ചിലങ്ക അണിയുന്നത്……

അന്നവസാനിപ്പിച്ചതാ അവള് നൃത്തം എന്ന അവളുടെ സ്വപ്നം…. ഇവിടെ വന്നതിന് ശേഷം ഞാൻ ഒരുപാട് പറഞ്ഞു…. പക്ഷേ അവളൊരിക്കലും കേൾക്കാൻ തയ്യാറായിരുന്നില്ല…. ഓരോ തവണയും ചിലങ്ക കാണുമ്പോൾ അവൾക്ക് അന്നത്തെ രാത്രി ഓർമ്മ വരുമത്രേ…. പിന്നെ പിന്നെ ഞാനും നിർബന്ധിക്കാതായി…””” കണ്ണുകൾ തുടച്ചുകൊണ്ട് മഹി പറഞ്ഞു… “”അച്ഛന്റെ ദേവ ഈ ചിലങ്ക എത്രയും വേഗം അണിഞ്ഞിരിക്കും…. ഋഷിയാ പറയുന്നേ….””” അവൻ മഹിയുടെ കൈകളിലേക്ക് കൈ ചേർത്ത് പറഞ്ഞു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ദേവ വീട്ടിലേക്ക് വന്നപ്പോൾ മുറ്റത്തു സൈക്കിൾ ഉരുട്ടി നടക്കുന്ന അല്ലുമോളെയും ഋഷിയേയുമാണ് കാണുന്നത്…. “”ബേം പോ…. അച്ഛേ….. അല്ലൂന് ബേം പോണം…””

മോള് സൈക്കിളിൽ ഇരുന്ന് ബഹളം ഉണ്ടാക്കുന്നുണ്ട്…. “”അച്ഛാ ക്ഷീണിച്ചെട കണ്ണാ….. ഇനി നാളെ മതി….”” നെറ്റിയിലെ വിയർപ്പ് തുടച്ചു ഋഷി പറഞ്ഞു… “”കുറേ നേരമായെന്ന് തോന്നുന്നല്ലോ തുടങ്ങിയിട്ട്…”” ദേവ വന്നത് കണ്ടപ്പോൾ മോള് സൈക്കിളിൽ നിന്നും ഇറങ്ങി അവളുടെ അടുത്തേക്ക് ഓടി… “”കുറേ നേരമായോ എന്നോ….. ഞങ്ങള് ഇതിപ്പോ എത്രാമത്തെ തവണ ആണെന്നറിയുമോ ഈ മുറ്റം കറങ്ങുന്നേ… പത്തു വരെയേ എനിക്ക് എണ്ണാൻ പറ്റിയുള്ളൂ…””. ഋഷി ഒന്ന് നെടുവീർപ്പിട്ട് പറഞ്ഞു… “”സീറ്റിൽ കേറി ഇരുന്നു ബേം പോ അച്ഛേ…. പറഞ്ഞങ് ഇരുന്നാൽ മതിയല്ലോ….

അബദ്ധത്തിൽ പോലും കാല് ആ പെടലിലേക്ക് വെച്ച് ഈ സൈക്കിൾ ഒന്ന് ചവിട്ടില്ല….”” ഋഷിയുടെ പരാതി കേട്ട് മോള്‌ ചിരിച്ചോണ്ട് ദേവയുടെ തോളിലേക്ക് ചാഞ്ഞു… “”അല്ലൂ ഷൈക്കിൽ ഓടിച്ചതാ അമ്മേ…..”” “”അമ്മേടെ പൊന്ന് ഓടിച്ചോടാ…. ഈ അച്ഛക്കെ ഒട്ടും ശക്തി ഇല്ല….. നമുക്ക് ബൂസ്റ്റ്‌ കൊടുക്കാമെ…. “”മോളുടെ മൂക്കിൻ തുമ്പിൽ ഒന്ന് ഉമ്മ കൊടുത്തു ദേവ പറഞ്ഞു… അത് കേട്ടതും അല്ലുമോള് ഋഷിയെ നോക്കി വാ പൊത്തിച്ചിരിക്കുന്നത് കണ്ടു….തുടരും

മഴമുകിൽ: ഭാഗം 30

Share this story