മഴയേ : ഭാഗം 31

മഴയേ : ഭാഗം 31

എഴുത്തുകാരി: ശക്തി കല ജി

” നിളയെവിടെ “ഗൗതം പരിഭ്രാന്തനായി ചോദിച്ചു.. “എനിക്കറിയില്ല” നിവേദ അലക്ഷ്യമായി മറുപടി പറഞ്ഞു… ഗൗതം തറവാടിൻ്റെ പടിപ്പുര ലക്ഷമാക്കി ഓടി…ഉണ്ണിയും അവനൊപ്പം ഓടി…. പടിപ്പുരയിൽ ചെന്നെത്തി നിന്നപ്പോൾ അവിടെ കറുത്ത പുഷ്പങ്ങൾ ചിതറി കിടക്കുന്നത് കണ്ട് അവരുടെ മിഴികളിൽ നിരാശ പടർന്നു… ഉണ്ണിയുടെ അധരങ്ങൾ മന്ത്രിച്ചു… ” നിള ” നിറഞ്ഞു വന്ന മിഴികൾ അവൻ ആരുമറിയാതെ തുടച്ചു… ” നിളയ്ക്ക് എന്തോ അപകടം പറ്റിയിരിക്കുന്നു…. രുദ്രനാവു്o ഇതിന് പിന്നിൽ… അവളെ എന്തിനാണ് കൊണ്ടുപോയത്….” ഗൗതം സംശയത്തോടെ പറഞ്ഞു… ” വേഗം വരു…. നമ്മുക്ക് സമയം നഷ്ട്ടപ്പെടുത്താനില്ല… മുത്തശ്ശനരുകിലേക്ക് പോകാം….” എന്ന് പറഞ്ഞ് ഉണ്ണി വേഗം തിരിഞ്ഞ് നടന്നു തുടങ്ങിയിരുന്നു… ഉത്തര എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ നിന്നു….

ഹരിനാരയണനദ്ദേഹം പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടും നിളയെ ശ്രദ്ധയോടെ നോക്കിയില്ലല്ലോ എന്നോർത്ത് അവൾക്ക് വിഷമം തോന്നി… “വാ…. ഇവിടെ ഇനി ആരേ നോക്കി നിൽക്കുകയാ…. ഒറ്റ ഒരെണ്ണത്തിന് അനുസരണയില്ല… എല്ലാത്തിനും തർക്കുത്തരം പറയാൻ നല്ല നാവാണ്… മിണ്ടാതെ എൻ്റെ കൂടെ വന്നോണം” ഗൗതം അവളുടെ വലത് കൈത്തണ്ടയിൽ പിടിമുറുക്കി… ” നിളയ്ക്ക് എന്ത് പറ്റിയതാണ്…” ഉത്തര പതർച്ചയോടെ ചോദിച്ചു… ” ഞാൻ പറയാം…. ഇപ്പോഴല്ല… ഇപ്പോൾ മുത്തശ്ശൻ്റെ അരികിലേക്ക് പോകണം” മറുപടിക്ക് കാക്കാതെ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ഗൗതം വേഗത്തിൽ നിലവറ ലക്ഷ്യമാക്കി നടന്നു… ഉത്തരയുടെ മനസ്സിൽ ഒരു പാട് സംശയം ഉയർന്നു എങ്കിലും ചോദിച്ചില്ല……. പിന്നീട് സമാധാനത്തിൽ ചോദിച്ചറിയാം എന്ന് മനസ്സിൽ കരുതി.. നിലവറയിൽ ചെന്നപ്പോൾ ഉണ്ണി കാര്യങ്ങൾ മുത്തശ്ശനോട് വിശദീകരിക്കുകയാണ്…

മുത്തശ്ശൻ ശ്രദ്ധയോടെ കേട്ടിരിക്കുന്നു… അദ്ദേഹത്തിൻ്റെ മുഖത്ത് വിഷാദ ഭാവം നിറഞ്ഞു… ” നിളയ്ക്ക് എന്ത് പറ്റിയതാണ് മുത്തശ്ശാ…. ” ഉണ്ണി ആകാംഷയോടെ ചോദിച്ചു… ” നിളയെ ആർക്കും കബളിപ്പിക്കാൻ കഴിയില്ല… അവൾ സ്വയം ശത്രുവിൻ്റെ അടുത്തേക്ക് പോയതാവാം… ഉത്തരയെ രക്ഷിക്കാൻ വേണ്ടി നിള സ്വയം ശത്രുവിൻ്റെ അടുത്തേക്ക് പോകാൻ തയ്യാറായതാണ് എന്നാണു് എനിക്ക് തോന്നുന്നത്…. കാരണം അവളെ പടിപ്പുരയ്ക്ക് വെളിയിൽ നിന്നാണ് കാണാതായിരിക്കുന്നത്….. പടിപ്പുരയ്ക്ക് അകത്ത് രുദ്രന് വരാൻ കഴിയില്ല എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്…. നിളയെന്തിനാണ് പടിപ്പുര കടന്ന് പുറത്തേക്ക് പോയത്.. .. അവൾ സ്വയം തീരുമാനിച്ചിട്ടുണ്ടാവും ശത്രുവിൻ്റെ അടുത്തേക്ക് പോകാൻ…… രുദ്രന് നിളയെ കിട്ടി കഴിഞ്ഞാൽ ഒരിക്കലും തറവാട്ടിലെ ആരെയും ഉപദ്രവിക്കാൻ ശ്രമിക്കില്ല…

” മുത്തശ്ശൻ പറയുമ്പോൾ എല്ലാരും ശ്വാസമടക്കി പിടിച്ചിരുന്നു കേൾക്കുകയായിരുന്നു… ഗൗതം മുത്തശ്ശൻ ബാക്കിപറയുന്നത് കേൾക്കാൻ നിന്നില്ല…. ഉത്തരയെ അവിടെ നിർത്തിയിട്ട് അവൻ തിരിഞ്ഞ് നടന്നു…. ഉത്തര തിരിഞ്ഞ് നോക്കുമ്പോൾ ഗൗതമിനെ കണ്ടില്ല…. ഗൗതമേട്ടൻ എങ്ങോട്ടേക്ക് പോയതാവും… നിളയെവിടെയാണ് എന്ന് സൂചന കിട്ടിയിട്ടുണ്ടാവുമോ അവളുടെ മനസ്സിൽ പല ചിന്തകളുയർന്നു…. ”ഉത്തര നിലവറയിലേക്ക് പോയ്ക്കോളു…. ഗൗതമിനോടും ഉണ്ണിയോടുമല്ലാതെ വേറെയരോടും യാതൊരു ബന്ധവും പാടില്ല…. ” മുത്തശ്ശൻ കരുതലോടെ പറഞ്ഞു… ” നിളയുടെ കാര്യമോർത്തിട്ട് ഒരു സമാധനവുമില്ല… എത്രയും വേഗം കണ്ടു പിടിക്കണം മുത്തശ്ശാ.. …. “ഉത്തരയുടെ മിഴികൾ നിറഞ്ഞു…. ” മുത്തശ്ശാ ദാ ഇവളാണ് കാരണം…..

രുദ്രൻ നേരത്തെ ഒരു മോതിരം ഉത്തരയെ കുടുക്കാൻ നിവേദയുടെ കൈയ്യിൽ രുദ്രൻ കൊടുത്തതാണ് എന്ന്…. പക്ഷേ പിന്നീട് രുദ്രൻ്റെ നിർദ്ദേശമനുസരിച്ച് ഇവൾ നിളയുടെ കൈയ്യിൽ അണിയിച്ച് കൊടുത്തത് കൊണ്ട് അവളെ രുദ്രൻ മോതിരത്തിൽ പുകയുടെ രൂപത്തിൽ വന്ന് കൊണ്ടുപോയത്….. “. . പക്ഷേ നിളയെ എന്തിന് ഇവൾ രുദ്രൻ്റെ അരികിലേക്ക് കൊണ്ടു പോകാൻ സഹായിക്കണം” ഗൗതം നിവേദയെ നിലവറയുടെ വാതിലിന് അരികിൽ നിർത്തി…. ഉത്തരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… മിഴികളിൽ രൗദ്രഭാവം തെളിഞ്ഞു അവളുടെ വലത് കൈ വായുവിൽ ഉയർന്നു താണു… നിവേദ കവിൾ പൊത്തി താഴേക്ക് ഇരുന്നു പോയി… നിവേദയെ കഴുത്തിൽ കുത്തി പിടിച്ച് എഴുന്നേൽപ്പിച്ചു…. ചുവരിൽ ചേർത്തു നിർത്തി… ആരും ഉത്തരയെ തടഞ്ഞില്ല.. ”

അവളോട് ചോദിക്ക് എന്തിനായിരുന്നു ഈ ചതി എന്ന് “മുത്തശ്ശൻ ദേഷ്യം കൊണ്ടു വിറച്ചു.. ” പറ എന്തിനാണ് ൻ്റെ ഉണ്ണിയുടെ പെണ്ണിനെ നീ ചതിച്ചത് “ഉത്തരയുടെ വാക്കുകൾ നിവേദയുടെ കാതുകളിലേക്ക് തുളച്ച് കയറി… “എന്ത് ഉണ്ണിയേട്ടൻ്റെ പെണ്ണോ ” നിവേദ അത്ഭുതത്തോടെ ചോദിച്ചു… “അതെ. പറ എന്തിനാണ് അവളെ രുദ്രന് ഒറ്റികൊടുത്തതെന്ന്….. “ഉത്തര നിവേദയെ പുറകോട്ടു തള്ളി… നിവേദ പുറകോട്ടു വീണു.. ഭയത്തോടെ ഉത്തരയെ നോക്കി… നിവേദ മുട്ടുകുത്തി നിന്നു… ” ഞാൻ ഉത്തരേച്ചിയെ അപകടപ്പെടുത്താൻ വേണ്ടി നിളേച്ചിയുടെ മാന്ത്രിക സാധനങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ചത് കണ്ടു പിടിച്ചു…. അതുമല്ല എൻ്റെ ആഗ്രഹത്തിന് നിളേച്ചി തടസം നിന്നു… ഉത്തരേച്ചി ഈ തറവാട്ടിൽ ഉള്ളിടത്തോളം കാലം ഗൗതമേട്ടൻ്റെ ഭാര്യയാവാൻ എന്നെ സമ്മതിക്കില്ല എന്ന് പറഞ്ഞു… അതു കൊണ്ടാണ് രുദ്രൻ അറിയിച്ച ഉടനെ അവസരം നോക്കി മോതിരം നിളേച്ചിയുടെ വിരലിൽ അണിയിച്ച് കൊടുത്തത്…

വ്രതം തീരുന്നത് വരെ നിളേച്ചിയെ തറവാട്ടിൽ നിന്ന് മാറ്റിയാലേ ഉത്തരേച്ചിയെ ഇല്ലാതാക്കാൻ കഴിയു എന്ന് രുദ്രൻ പറഞ്ഞു “… അതു കൊണ്ടാ ഞാൻ അങ്ങനെ ചെയ്തത് “… നിവേദ കരച്ചിലോടെ പറഞ്ഞു… . ” അതിന് ഉത്തര ഇല്ലാതായാൽ നിന്നെ സ്വീകരിക്കുമെന്ന് ആരാ പറഞ്ഞത് “ഗൗതമിൻ്റെ വാക്കുകളിൽ ദേഷ്യം നിറഞ്ഞിരുന്നു… ” അത് പിന്നെ ഉണ്ണിയേട്ടൻ്റെ വല്യച്ഛൻ” നിവേദ ഭയത്തോടെ പറഞ്ഞു… ” ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല”വല്യച്ഛൻ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു… “എന്നാലും ഈ ഒരു കാര്യത്തിന് വേണ്ടി എന്നോട് നേരിട്ട് ചോദിക്കാരുന്നില്ലെ…. ഞാൻ എൻ്റെ കടമ തീർത്ത് കഴിഞ്ഞാൽ തറവാട്ടിൽ നിന്നും മടങ്ങി പോകും… ആർക്കും ബുദ്ധിമുട്ടായി ഞാനിവിടെ ഉണ്ടാവില്ല…. ” അത് എൻ്റെ തീരുമാനമാണ്… അതിൽ മാറ്റമൊന്നുമില്ല… എന്നാലും നിൻ്റെ ചേച്ചിയെ അതു പോലെയൊരു ദുഷ്ടൻ്റെ അടുക്കൽ എത്തിച്ചത് വല്യ തെറ്റാണ്…

നിവേദ… നീ അത്ര മാത്രം ഗൗതമേട്ടനെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാൻ മടങ്ങിപ്പോകും…. വേഗം നിളയെ തിരിച്ച് ഇവിടെ എത്തിക്കാനുള്ള വഴി പറഞ്ഞു താ… അതിനുള്ള വഴി നിനക്കറിയാം എന്ന് എനിക്കറിയാം…..” ഉത്തര അവളുടെ മനസ്സറിയാൻ ചോദിച്ചു… നിവേദ കൈയ്യിലിരുന്ന മറ്റൊരു മോതിരം ഉത്തരയുടെ കൈയ്യിൽ കൊടുത്തു…. ”ഈ മോതിരം അണിഞ്ഞാൽ നിളേച്ചിയുള്ള സ്ഥലത്തേക്കുള്ള വഴി അത് കാണിച്ച് തരും” എന്നു നിള പറഞ്ഞു…. ഉത്തര ആ മോതിരം മുത്തശ്ശൻ്റെ കൈയ്യിൽ കൊടുത്തു… “ഉത്തരയും ഗൗതമും തറവാട്ടിൽ തന്നെയുണ്ടാവണം… കാരണം കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ മാല ചാർത്താൻ വേണ്ടി നിങ്ങൾ രണ്ട് പേരും വ്രതം പൂർത്തിയാക്കിയേ തീരു…. അത് കൊണ്ട് ഉണ്ണി വേണം നിളയെ അന്വഷിച്ച് ചെല്ലാൻ…. പിന്നെ ഈ മോതിരം ഒരു കുരുക്കാണ്… ഇത് ഒരിക്കലും വിരലിൽ അണിയാൻ പാടില്ല…

അങ്ങനെ അണിഞ്ഞാൽ രുദ്രൻ്റെ ഒരുക്കിയ കെണിയിൽ ചെന്ന് പെടും….” മുത്തശ്ശൻ ഗൗരവത്തിൽ പറഞ്ഞു… നിവേദ മുഖം കുനിച്ചു… ” നിവേദ നീ ഇന്ന് മുതൽ മുത്തശ്ശിയുടെ കൂടെ കിടന്നാൽ മതി… ” നിൻ്റെ കൈയ്യിൽ ഞാൻ കെട്ടി തന്ന രക്ഷയെവിടെ “ഗൗതം അവളെ രൂക്ഷമായി നോക്കി… ” ഞാൻ രുദ്രൻ്റെ അരികിൽ പോയി വരാൻ ഈ മോതിരമാണ് അണിയുന്നത്… കൈയ്യിൽ രക്ഷയുണ്ടെങ്കിൽ മോതിരം അണിയാൻ കഴിയില്ല.. . ഞാൻ രക്ഷ അഴിച്ച് വച്ച് മോതിരം അണിയാൻ തുടങ്ങിയപ്പോഴാണ് ഗൗതമേട്ടൻ വന്നത്.. ഞാൻ നിളേച്ചിയെ കുറച്ച് ദിവസത്തേക്ക് ഇവിടെ നിന്നും മാറ്റി നിർത്തണമെന്നെ ആഗ്രഹിച്ചുള്ളു…. നിളേച്ചിക്ക് അപകടം പറ്റി എന്ന് പറഞ്ഞപ്പോൾ ഞാൻ രുദ്രൻ്റെ അടുത്തേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു…. ” നിവേദ കരഞ്ഞ് കൊണ്ട് പറഞ്ഞു… ” ഇവൾ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല… ഇവളെ മുറിയിൽ മന്ത്രം കൊണ്ട് ബന്ധിച്ചിട്ടേ പറ്റു” ഉണ്ണി ദേഷ്യത്തോടെ പറഞ്ഞു… ”

ഉണ്ണി പറഞ്ഞതാണ് ശരി… നിവേദയെ മന്ത്രം കൊണ്ട് ബന്ധിച്ചിടണം… അല്ലെങ്കിൽ ഇനിയും ഇവൾ രുദ്രൻ്റെ വാക്ക് കേട്ട് ഈ തറവാട്ടിലെ ഓരോരുത്തരേയായി ഇല്ലാതാക്കാൻ ശ്രമിക്കും… ” എന്ന് പറഞ്ഞ് കൊണ്ട് മുത്തശ്ശൻ എഴുന്നേറ്റ് നിവേദയ്ക്കരുകിൽ വന്നു…. അവളുടെ കൈ പിടിച്ച് മുത്തശ്ശിയുടെ മുറിയുടെ അടുത്ത് നേരത്തെ ഉത്തര താമസിച്ചിരുന്ന മുറിയിൽ കൊണ്ടുപോയി മന്ത്രം കൊണ്ട് ബന്ധിയാക്കി…. നിവേദയുടെ കാര്യങ്ങൾ നോക്കാൻ മുത്തശ്ശിയെ ഏൽപ്പിച്ചു…. ഗൗതമിനെ ഉത്തരയുടെ അരികിൽതന്നെ ഇരിക്കാൻ പറഞ്ഞു… ഉണ്ണിയെ മാത്രം നിലവറയിലെ വിളക്കിന് മുന്നിൽ വന്നിരിക്കാൻ മുത്തശ്ശൻ പറഞ്ഞു.. അവശ്യമുള്ള മന്ത്രങ്ങൾ ഉണ്ണിക്ക് മാത്രമായി പഠിപ്പിച്ചു….. നിളയുടെ അന്വഷണത്തിനായി അന്ന് രാത്രി തന്നെ ഉണ്ണിയെ മുത്തശ്ശൻ പറഞ്ഞയച്ചു.. .. ഉണ്ണിക്ക് ഉത്തരയോട് സംസാരിക്കണമെന്ന് തോന്നിയെങ്കിലും സമയം വൈകിക്കണ്ട എന്ന് കരുതി മുത്തശ്ശൻ്റെ നിർദ്ദേശo അനുസരിച്ച് തറവാട്ടിൽ നിന്ന് ഇറങ്ങി….

അന്ന് രാത്രി എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല… ഉണ്ണിക്ക് ആപത്ത് വലതും സംഭവിക്കുമോ എന്ന് ഭയന്നു കൊണ്ട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു… ഗൗതമേട്ടൻ രാത്രിയിലത്തെ ഭക്ഷണം കൊണ്ടുവന്നെങ്കിലും കഴിക്കാൻ തോന്നിയില്ല… “ഉത്തരാ ഇങ്ങനെ വിഷമിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല… നമ്മുടെ വ്രതം പൂർത്തിയാകുന്ന ദിവസം വരെ ഈ തറവാട്ടിൽ ആർക്കും മരണം സംഭവിക്കില്ല… അതു കൊണ്ട് ഉണ്ണിയുടെ കാര്യമോർത്ത് വിഷമിക്കണ്ട…. അവൻ ഉറപ്പായും നിളയെ രക്ഷിച്ച് കൊണ്ടു വരും “… ആദ്യം വന്ന് ഭക്ഷണം കഴിച്ചേ “ഗൗതം ശാസനയോടെ പറഞ്ഞു…. ” ഉണ്ണി ഈ തറവാട്ടിലേയാണ്… പക്ഷേ നിളയോ… അവൾ ഉണ്ണിക്ക് വേണ്ടി ജനിച്ചവൾ ആണെങ്കിലും താലികെട്ടി സ്വന്തമാക്കിയിട്ടില്ല… അങ്ങനെ താലികെട്ടി സ്വന്തമാക്കിയാൽ അല്ലെ നിള ഈ തറവാട്ടിലെ കുട്ടിയാകു.. അപ്പോൾ അവളുടെ ജീവൻ അപകടത്തിലാകില്ലേ…. ഉണ്ണിയ്ക്ക് അതിന് മുന്നേ രക്ഷിക്കാൻ കഴിയുമോ..

എനിക്ക് വല്ലാത്ത ഭയം തോന്നുന്നു…”ഉത്തര വിഷമത്തോടെ പറഞ്ഞു… ” ഇപ്പോൾ ഓരോന്ന് ആലോചിച്ച് വിഷമിക്കാo എന്നല്ലാതെ നമ്മുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഉത്തരാ… കുഞ്ഞുദേവിയോട് പ്രാർത്ഥിക്കാം” ഗൗതം പറഞ്ഞു…. എൻ്റെ മനസ്സിലുള്ള സംശങ്ങൾക്ക് ഉറപ്പായും ഗൗതമേട്ടന് ഉത്തരം അറിയാം എന്ന് മനസ്സിൽ തോന്നി…. അതു കൊണ്ട് സംശയങ്ങൾ ചോദിച്ചറിയാൻ തന്നെ തീരുമാനിച്ചു… “മുത്തശ്ശനെന്താ അങ്ങനെ പറഞ്ഞത്.. എന്നെ രക്ഷിക്കാൻ വേണ്ടി നിള സ്വയം രുദ്രൻ്റെ അടുക്കലേക്ക് പോയതാവും എന്ന്. … നിള രുദ്രൻ്റെ അരികിൽ ചെന്നാൽ ഞാൻ രക്ഷപ്പെടുന്നത് എങ്ങനെയാണ് .. എനിക്കറിഞ്ഞേ പറ്റു… എനിക്കറിയാം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഗൗതമേട്ടന് അറിയാം എന്ന്…. “ഉത്തര ഗൗതമിനഭിമുഖമായി ഇരുന്നു കൊണ്ട് ചോദിച്ചു… ”

മകം നാളിൽ പിറന്ന നിള ഈ തറവാടിൻ്റെ പാരമ്പര്യം നിലനിർത്തുവാൻ പുന:ജ്ജനിച്ചവൾ ആണ്… രുദ്രൻ അവളെ ഭാര്യയാക്കി അവൻ ആരാധിക്കുന്ന ദുഷ്ടശക്തിയ്ക്ക് ബലി കൊടുത്താൽ രുദ്രനെ ഒരു മന്ത്രശക്തിയാലും തോൽപ്പിക്കാൻ കഴിയില്ല…. ഈ തറവാടും മന്ത്രങ്ങളും ഒപ്പം നമ്മൾ എല്ലാരെയും എളുപ്പത്തിൽ ഇല്ലാതാക്കാൻ രുദ്രന് കഴിയും” ഗൗതം പറയുന്നത് വിശ്വസിക്കാനാകാതെ ഉത്തര ഇരുന്നു…. ” അപ്പോൾ നിള “ഉത്തര സംശയത്തോടെ ഗൗതമിനെ നോക്കി… “അതെ നിള എൻ്റെ സഹോദരിയാണ്… എൻ്റെ അമ്മ അവളെ ജന്മം നൽകിയ ദിവസം മകം നാളാണ് അവളുടെ എന്നറിഞ്ഞ ഉടനെ മുത്തശ്ശൻ നിളയുടെ സുരക്ഷയ്ക്കായി ഈ തറവാട്ടിൽ നിന്ന് മാറ്റിയതാണ് അവളെ.. .

ഈ രഹസ്യം എനിക്കും നിളയ്ക്കും അച്ഛനും മുത്തശ്ശനും മാത്രമേ അറിയു….. അമ്മയ്ക്ക് അറിയില്ല വിഷ്ണുവിൻ്റെ കൂടെ ഒരു പെൺകുഞ്ഞ് കൂടി പിറന്നിരുന്നു എന്ന്.. അവൾ ഈ തറവാട്ടിലെ കുട്ടി തന്നെയാണ്…. വ്രതം തീരുന്ന ദിവസം വരെ ഭയക്കേണ്ടതില്ല…. പക്ഷേ അവളുടെ പക്കൽ ഇപ്പോൾ മന്ത്ര സിദ്ധികൾ ഒന്നും ഇല്ല… വ്രതം പൂർത്തിയാകുന്ന ദിവസം രുദ്രന് അവളെ വധിക്കാൻ സാധിക്കും…. അതിന് മുൻപ് ഉണ്ണിയ്ക്ക് അവിടെയെത്താൻ സാധിച്ചാൽ മന്ത്ര സിദ്ധികൾ അവൾക്ക് കൊടുക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു… ” ഗൗതം പറഞ്ഞു …. തുടരും

മഴയേ : ഭാഗം 30

Share this story