സ്‌നേഹതീരം: ഭാഗം 1

Share with your friends

എഴുത്തുകാരി: ശക്തികലജി

തിരക്കിട്ട് ഹോസ്റ്റലിലെ കുട്ടികൾക്കായുള്ള വൈകുന്നേരത്തെ ചായയ്ക്കുള്ള പലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഫോൺ റിംഗ് ചെയ്യുന്നത് കേട്ടത്…. നാട്ടിൽ നിന്ന് അമ്മാവൻ്റെ മകൾ രാഖിയാണ്… അവൾ വിളിച്ചപ്പോഴാണ് അറിയുന്നത് അച്ഛൻ മരിച്ചൂന്ന്…. അറ്റാക്ക് ആയിരുന്നൂന്ന്… പാവം എന്നെയോർത്ത് വേദനിച്ച് വേദനിച്ച് ആ ഹൃദയം തന്നെ നിലച്ചു പോയിരിക്കുന്നു… ഫോൺ വച്ച് കഴിഞ്ഞ് വല്ലാത്തൊരു മരവിപ്പായിരുന്നു…… ഒന്നുറക്കെ കരയണമെന്ന് തോന്നി…. അനുസരയില്ലാതെ മിഴികൾ നിറഞ്ഞു… ഇനിയും പിടിച്ച് നിൽക്കാനാവില്ല എന്ന് തോന്നിയപ്പോൾ പലഹാരമുണ്ടാക്കുന്ന ജോലി കൂടെ ജോലി ചെയ്യുന്ന ജാനകിയമ്മയെ ഏൽപ്പിച്ചിട്ട് മുറിയിലേക്ക് നടന്നു മുറിയിലെത്തി കഴിഞ്ഞിട്ടും വല്ലാത്തൊരു ആശയ കുഴപ്പത്തിലായിരുന്നു…

നാട്ടിലേക്ക് തിരികെ പോകണമോ വേണ്ടയോ എന്ന് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല…. വസ്ത്രം പോലും മാറാതെ എത്ര നേരം അങ്ങനെ ഇരുന്നു എന്നറിയില്ല…. അച്ഛൻ മരിച്ചത് പോലും അറിയിക്കാൻ ഏട്ടന് തോന്നിയില്ലല്ലോ എന്നോർത്തപ്പോൾ വിഷമം തോന്നി… ആരോടും ഇവിടെയാണ് ജോലി ചെയ്യുന്നത് എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഫോൺ നമ്പർ പഴയത് തന്നെയാണ്…. അമ്മയുടെ അവസ്ഥ എന്തായിരിക്കും… പാവം തകർന്ന് പോയിട്ടുണ്ടാവും… നാട്ടീന്ന് പോന്നതിൽ പിന്നെ ഒന്ന് വിളിച്ചത് കൂടിയില്ല… വിളിച്ചാലും എന്നെയോർത്ത് കൂടുതൽ വേദനിക്കുകയേയുള്ളു… ഏഴുവർഷമായി നാട്ടീന്ന് പോന്നിട്ട്… ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കണം എന്നേ ഉണ്ടാരുന്നുള്ളു…

അമ്മാവൻ്റെ മകൾ രാഖിയെ മാത്രം വിളിച്ച് കാര്യം അന്വഷിക്കും…. വീണ്ടും ഫോൺ ബെൽ മുഴങ്ങിയപ്പോഴാണ് സ്വബോധം വന്നത്… ഫോൺ എടുത്ത് നോക്കി…. ശരത്ത് എന്ന് കണ്ടതും കട്ട് ചെയ്തു…. വർഷങ്ങൾക്ക് ശേഷം ഇയാൾ എന്തിനാണ് വീണ്ടും വിളിച്ചത്….. അയാൾ ജയിലിൽ നിന്ന് ഇറങ്ങി കാണുo… അടുത്ത കോൾ ആ നമ്പറിൽ നിന്ന് വീണ്ടും വന്നതും ഫോൺ സ്വിച്ച് ഓഫ് ചെയ്തു പൊട്ടിക്കരഞ്ഞുപ്പോയി… ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കമെന്ന് വിചാരിച്ചാലും സമ്മതിക്കില്ലല്ലോ…. ഇനിയും എന്തായിരിക്കും അയാൾക്ക് വേണ്ടത്…. അവിടെ നിന്ന് പോരുമ്പോൾ എല്ലാവിധ ബന്ധങ്ങളും എന്നന്നേക്കുമായി ഉപേക്ഷിച്ചിട്ടാണ് ഇറങ്ങിയത്…. . അലറി കരഞ്ഞുകൊണ്ടിരിക്കുന്ന ചന്ദ്രയെ കണ്ടു കൊണ്ടാണ് ജാനകിയമ്മ മുറിയിലേക്ക് കയറി വന്നത്….

അവർ പരിഭ്രമിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു…. “ൻ്റെ അച്ഛൻ പോയി ” എന്ന് ഞാൻ പറഞ്ഞ് കൊണ്ട് കരയുമ്പോൾ അവരുടെ മുഖത്ത് അമ്പരപ്പായിരുന്നു… അവർ ഒരു ഞെട്ടലോടെ അവളെ നോക്കി…. അവർക്കത് പുതിയ അറിവായിരുന്നു… എൻ്റെ ഭൂതകാലം എന്നിൽ തന്നെ കുഴിച്ചിട്ട ഒരു സ്മാരകമായിരുന്നു….. അവർ എന്നെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി… ” എനിക്കെല്ലാം അറിയാം…. അച്ഛനെ അവസാനമായി ഒന്നു പോയി കാണു കുട്ടി… അല്ലേൽ ജീവിതവസാനം വരെ സമാധാനം കിട്ടില്ല” എന്ന് ജാനകിയമ്മ പറഞ്ഞപ്പോൾ ഞാൻ അവരെ അത്ഭുതത്തോടെ നോക്കി… “എങ്ങനെയറിഞ്ഞു “ഞാൻ കരച്ചിലോടെ ചോദിച്ചു… “ചന്ദ്രയുടെ ഏട്ടൻ വിധു ഒരിക്കൽ ഇവിടെ വന്നിരുന്നു….

ഇവിടെ നിന്നും മറ്റെങ്ങും പോകാതെ നോക്കണമെന്ന് പറഞ്ഞേൽപ്പിച്ചിരുന്നു”.. ഇപ്പോൾ ഇറങ്ങിയാൽ രാവിലെ വീട്ടിൽ എത്താം”.. ജാനകിയമ്മ പറഞ്ഞു… ജാനകിയമ്മ തന്നെ എല്ലാം എടുത്ത് വച്ചു തന്നു… അവരോട് യാത്ര പറഞ്ഞു.. നാലുവർഷത്തെ ശമ്പളവും വാങ്ങി നാട്ടിലേക്കുള്ള വണ്ടി കയറിയപ്പോഴും മിഴിനീര് തോർന്നിരുന്നില്ല…. ബാഗിൽ നാലുവർഷം മുന്നേ വിറ്റ താലിയുടെ പൈസയും സൂക്ഷിച്ച് വച്ചിരുന്നു… നാട്ടിലേക്കുള്ള ടിക്കറ്റെടുത്ത് സീറ്റിൽ കയറിയിരുന്നു… കണ്ണടച്ച് സീറ്റിൽ ചാരിയിരുന്നപ്പോൾ രണ്ടു കുരുന്നുകളുടെ കളി ചിരികളും കാതിൽ മുഴങ്ങി കേട്ടു…. അവൾ തൻ്റെ വയറിനെ രണ്ടു കൈകൾ കൊണ്ട് ചുറ്റി പിടിച്ചു… വണ്ടി മുന്നോട്ട് പോകും തോറും മനസ്സ് വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിക്കുകയായിരുന്നു….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മുറ്റത്തേക്ക് ചാഞ്ഞു കിടക്കുന്ന മാവിൻകൊമ്പിൻ്റെ മുകളിൽ ഇരുന്നു മാമ്പഴം ആസ്വദിച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് മരത്തിനു താഴെ നിന്ന് ആരോ വിളിച്ചത്… ഞാൻ മുഖം കുനിച്ച് നോക്കി. ഒരു ചെറുപ്പക്കാരൻ താഴെ നിൽക്കുന്നുണ്ട്… ഞാൻ എൻ്റെ ദാവണിയൊന്നുടി ഒതുക്കി വച്ച് പതിയെ മരത്തിൽ നിന്നും താഴേക്കിറങ്ങി….. കൈയ്യിലിരുന്ന ബാക്കിയുള്ള പച്ച മാങ്ങയും മാമ്പഴവും ദാവണി തുമ്പിൽ കെട്ടിയിട്ടു കൈയ്യിൽ ചേർത്തു പിടിച്ചു….. എന്നിട്ട് വന്നത് ആരാണെന്ന ഭാവത്തിൽ നോക്കി .. ‘ആരാ എന്താ കാര്യം “വന്നയാളെ കണ്ടിട്ട് ചോദിച്ചതും ആൾ ഒരു അമ്പരപ്പോടെ നോക്കി നിൽക്കുന്നതാണ് കണ്ടത്.. “അത് സുരേന്ദ്രൻ സാറിൻ്റെ വീട് എവിടെയാണെന്ന് പറയാമോ ” അയാൾ ഭവ്യതയോടെ ചോദിച്ചു…

“അത് വരുന്ന വഴി ഒരു പാലം കണ്ടില്ലേ… ആ പാലം കഴിഞ്ഞാൽ ഇടത്തോട്ടുള്ള വഴിയേ പോയാൽ ആദ്യം കാണുന്ന വെള്ള പേയ്ൻ്റ് അടിച്ച വീടാണ് ” ഇപ്പോൾ വേഗം ചെന്നാൽ അദ്ദേഹം അവിടെ കാണും …ഓഫീസിലേക്ക് പോകുന്നതിനു മുന്നേ കാണാൻ പറ്റും ” എന്ന് പറഞ്ഞു ഞാൻ വേഗം വീടിനുള്ളിലേക്ക് കയറി … ആഹാ ഒരാളെ പറ്റിച്ചപ്പോൾ എന്തൊരു സമാധാനം… എന്നാലും എന്തിനാവും വന്നത്.. മരത്തിൽ കയറി ഇരിക്കുന്നത് കണ്ട് എന്തെങ്കിലും തോന്നിയിട്ട് ഉണ്ടാവുമോ എന്തോ.. കണ്ടാലും എന്താ… മരത്തിലല്ലേ കയറിയുള്ളു… ദാവണി തുമ്പിലെ കെട്ടഴിച്ചു… മാങ്ങ ഓരോന്നായി മേശയിലേക്ക് എടുത്തുവച്ചു… കുറച്ച് പഴുത്തതും പച്ചയുമുണ്ട്.. അടുക്കളയിൽ പോയി പിച്ചാത്തിയെടുത്ത് കൊണ്ട് വന്നു…

മാങ്ങാ മുറിച്ച് ഉപ്പുകൂട്ടി അങ്ങോട്ട് ആസ്വദിച്ചു കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ഏട്ടൻ വരുന്നു… വിധുവേട്ടന് ബാങ്കിലാണ് ജോലി… “എപ്പോൾ നോക്കിയാലും ഓരോ മരത്തിൽ കയറി ഇരിക്കും… ഒന്നുകിൽ മാങ്ങയുള്ള മാവിലെ മണ്ടയ്ക്ക് അല്ലെങ്കിൽ പേരമരത്തിൽ…. കൂട്ടുകാരുടെ പരാതി കേട്ട് മടുത്തു…. ഇനി ഇങ്ങനെ മരത്തിൽ കയറി നടക്കുന്നത് കാരണം എനിക്ക് നാട്ടിൽ തലയുർത്തി നടക്കാൻ പറ്റാതായി” എന്ന് പറഞ്ഞ് എൻ്റെ ചെവിയിൽ ഒരു കിഴുക്കു തന്നു… അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന ഭാവത്തിൽ ഞാൻ മാങ്ങ ഓരോന്ന് ആലോചിച്ച് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ വരവ് … “മോനേ വിധു….ആരെങ്കിലും വന്നായിരുന്നോ എൻ്റെ ഒരു കൂട്ടുകാരി ഭാമയുടെ മകൻ ഇവിടേക്ക് വരും എന്ന് പറഞ്ഞിരുന്നു… ഭാമയുടെ മൂത്ത മകൻ്റെ കല്യാണമാണ്…

നേരിട്ട് വരാൻ സാധിക്കാത്തത് കൊണ്ട് കുറി ഇളയ മകൻ്റെ കയ്യിൽ കൊടുത്തു വിടുകയാണെന്ന് പറഞ്ഞിരുന്നു …ഇതുവരെ കണ്ടില്ല ” അമ്മ പുറത്തേ വാതിലിലേക്ക് നോക്കി പറഞ്ഞു കുറി തരാൻ വന്നാതായിരുന്നു കേട്ടതും ഞാൻ പതിയെ മാങ്ങയും ഉപ്പും ഒക്കെ എടുത്തു അടുക്കളയിലോട്ട് നടന്നു.. ദൈവമേ അപ്പോൾ മുമ്പേ വന്ന ആൾ അമ്മയുടെ കൂട്ടുകാരിയുടെ മകൻ ആയിരുന്നോ ഞാനാണ് വഴിതിരിച്ചുവിട്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ എന്നെ അമ്മ ശരിയാക്കും… തൽക്കാലത്തേക്ക് അമ്മയുടെ മുമ്പിൽ പെടാതെ ഇരിക്കുന്നതാണ് രക്ഷ … അടുക്കളയിൽ തന്നെ ഇരുന്നു… മുമ്പേ സംസാരിച്ച ചെറുപ്പക്കാരൻ്റെ ശബ്ദം കേൾക്കുന്നുണ്ട്… ചെറുപ്പക്കാരൻ്റെ സംസാരത്തിൽ മനസ്സിലായി അയാൾ അമ്മയുടെ കൂട്ടുകാരി ഭാമയുടെ മകൻ തന്നെയാണെന്ന് എന്ന്…

ഇപ്പോഴത്തെ അവസ്ഥയിൽ അവരുടെ മുൻപിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്.. അമ്മയാണെങ്കിൽ എൻ്റെ പേര് വിളിച്ചു വിളിയോട് വിളി…. വേറെ വഴി ഇല്ലാതെ അമ്മയുടെ അടുത്തേക്ക് നടന്നു… മുൻപിൽ നിന്നയാളെ നോക്കാനെ പോയില്ല.. . “എന്താ അമ്മേ ” ഞാൻ അമ്മയേ നോക്കി.. “നീ ചോറ് വിളമ്പിക്കേ…. ആദ്യായിട്ട് വീട്ടിലേക്ക് വന്നതല്ലേ… ചോറുണ്ടിട്ട് പോയാൽ മതി” അമ്മ വന്ന ചെറുപ്പക്കാരനെ നോക്കി പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് നടന്നു… അടുക്കളയിൽ വന്ന് അമ്മ കണ്ണുരുട്ടുമ്പോഴേ മനസ്സിലായി അയാൾ എല്ലാം പറഞ്ഞുന്ന്… അമ്മ വടിയെടുത്തതും ദാവണി തുമ്പ് ചുറ്റിപ്പിടിച്ച് കൊണ്ട് അടുക്കള വാതിലിലൂടെ പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു…. ഓട്ടം ചെന്നവസാനിച്ചത് അപ്പുറത്തെ വീട്ടിലെ രണ്ടു വയസ്സുകാരൻ അപ്പൂസിൻ്റെയടുത്താണ്….

പ്ലസ്റ്റൂന് ഒരു പേപ്പർ പോയപ്പോൾ തുടങ്ങിയതാണ് ഈ വീട്ടിൽ ഇരിപ്പ്… പിന്നേയും രണ്ടു പ്രാവശ്യം എഴുതിയിട്ടും തോറ്റു…. ഏട്ടൻ പഠിപ്പിസ്റ്റായത് കൊണ്ട് എല്ലാരും കുറ്റപ്പെടുത്തി സംസാരം കേൾക്കാതിരിക്കാൻ വേണ്ടി പകൽ മുഴുവൻ ചുറ്റി നടന്നിട്ട് വീട്ടിൽ സന്ധ്യയാകുമ്പോഴേ കയറി ചെല്ലാറുള്ളു….. അവസാനം എല്ലാരും കൂടി വിധിയെഴുതി… എന്നെ പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല… വിവാഹം കഴിച്ച് അയക്കാൻ എല്ലാരും ഉപദേശിച്ചു തുടങ്ങി…. അച്ഛനും അത് ശരിയെന്ന് തോന്നിയത് കൊണ്ടാവണം വിവാഹ ആലോചനകൾ നോക്കി തുടങ്ങി.. ഒരു ആലോചന നോക്കി ഉറപ്പിക്കുകയും ചെയ്തു… എനിക്കൊട്ടും ചേരാത്ത വെളുത്തു സുന്ദരനായ ചെറുപ്പക്കാരനുമൊത്ത്.. പേര് ശരത്ത്…. വിവാഹം ആർഭാടമായി തന്നെ നടന്നു…. ആ വിവാഹം ജീവിതം തന്നെ മാറ്റി മറിക്കും എന്നറിയാതെ ശരത്തേട്ടൻ്റെ കൈപിടിച്ച് കാറിൽ കയറി യാത്ര തിരിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കണ്ടക്ടർ ഉച്ചത്തിൽ വിളിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്… .പുലരിയിലെ തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങുന്നു… ഷാളിട്ട് ഒന്നൂടി പുതച്ചിരുന്നു…. ഇറങ്ങാനുള്ള സ്ഥലമായോ എന്ന് എത്തി നോക്കി.. നേരം പുലർന്നു തുടങ്ങുന്നേയുള്ളു…. ചെറിയ വെളിച്ചത്തിലും ചിരപരിചിതമായ സ്ഥലം തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല…. ഇല്ല …ഇനിയും പത്ത് മിനിറ്റ് കൂടി യാത്രയുണ്ട്… മടിയിലിരുന്ന ബാഗ് ഒന്നൂടി ചേർത്തു പിടിച്ചിരുന്നു…. ഇറങ്ങാനുള്ള സ്ഥലമെത്തിയതും കണ്ടക്ടറെ കൈയ്യുർത്തി കാണിച്ചു… ബെല്ലടിക്കുന്ന ശബ്ദമുയർന്നു… ബസ് നിന്നപ്പോൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി… വീട്ടിലേക്ക് പോകുന്ന ഇടവഴിയിലൂടെ നടന്നു.. അടുത്തുള്ള കൃഷ്ണൻ്റെ അമ്പലത്തിൽ നിന്നും സുപ്രഭാത കീർത്തനം കേൾക്കാം..

കളി ചിരിയോടെ ഒരുപാട് നടന്ന തീർത്ത വഴികൾ ആണ്… കളിച്ചിരികൾ എല്ലാം എന്നിൽ നിന്നും നഷ്ട്ടമായിരിക്കുന്നു…. ഒരിക്കലും തിരിച്ച് വരരുത് എന്ന് തീരുമാനിച്ചിരുന്നു…. പക്ഷേ വരേണ്ടി വന്നിരിക്കുന്നു… അമ്മയ്ക്ക് സമ്മതമാന്നേൽ എൻ്റൊപ്പം കൂട്ടണം… അല്ലേൽ ഏട്ടത്തിക്ക് അമ്മ ഒരു ഭാരമാകും… കൃഷ്ണ ഭഗവാൻ്റെ അമ്പലത്തിൻ്റെ മുൻപിൽ എത്തിയതും കാലുകൾ നിശ്ചലമായി… വർഷങ്ങൾക്ക് മുൻപേ ഒരുപാട് ആഗ്രഹങ്ങൾ പങ്ക് വച്ച സ്ഥലമാണ്…. ഇന്ന് ഭഗവാനോട് ഒന്നും ചോദിക്കാനില്ല…. മനസ്സും ശൂന്യം ജീവിതവും ശൂന്യം….

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!