വീണ്ടും : ഭാഗം 6

വീണ്ടും : ഭാഗം 6

എഴുത്തുകാരി: ആഷ ബിനിൽ

അന്നൊരു ശനിയാഴ്ച്ചയായിരുന്നു. അമ്മുമോൾ മുകളിലത്തെ നിലയിൽ അവളുടെ പെറ്റ് ആയ ജാക്കിയുമായി കളിച്ചുകൊണ്ടിരുന്നു. ഞാൻ കയ്യിലൊരു ബുക്കുമായി അവരുടെ കളിയും നോക്കിയിരുന്നു. ഇടയ്ക്ക് ശ്രദ്ധിച്ചപ്പോൾ ആണ്, ഗ്ലാസ് റെയിലിന്റെ ആണി ഇളകിയിരിക്കുന്നത് കാണുന്നത്. മോളെങ്ങാൻ റെയിലിന്റെ അടുത്തേക്ക് പോയാൽ ചിലപ്പോ… മോളെ വിളിക്കാൻ ഞാനോടിയതും, ഞാനവളെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്ന് കരുതി ജാക്കി എന്റെ നേരെ വന്നതും, റെയിൽ ഇളകിവീണ് ഞാൻ താഴേക്ക് പതിച്ചതും ഒരു നിമിഷാർദ്ധത്തിൽ കഴിഞ്ഞു. തല പൊളിഞ്ഞുപോകുന്ന വേദനയാണ് അവസാനത്തെ ഓർമ. “ആവണി….. ക്യാൻ യൂ ഹിയർ മീ? ആവണീ… ഹലോ…” വിദൂരതയിൽ എവിടെയോ നിന്നെന്നപോലൊരു ശബ്ദം കാതുകളിൽ വന്നു പതിച്ചു. ഞാൻ… ഞാൻ മരിച്ചില്ലേ…?

“ആവണി.. കേൾക്കുന്നുണ്ടോ എന്നെ..? കണ്ണ് തുറക്കാൻ പറ്റുമോ..? ആവണി.. ട്രൈ…” കണ്ണ് തുറക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. ശരീരത്തിൽ എവിടെയൊക്കെയോ മുള്ള് കൊണ്ടപോലെ വേദനിക്കുന്നു. തല വെട്ടി പൊളിയുകയാണ്. കുറച്ചധികം സമയമെടുത്തു കണ്ണൊന്ന് തുറന്ന് വരാൻ. “ഹാവൂ.. താങ്ക് ഗോഡ്.. യൂ ഗോട്ട് അപ്പ്.. ആവണി.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?” നീല സ്ക്രബ് ധരിച്ച ഒരു മനുഷ്യനാണ് ചോദിക്കുന്നത്. ഡോക്ടർ ആയിരിക്കണം. നേഴ്സുമാരും ഡോക്ടർമാരുമായി ചുറ്റിലും വേറെയും ആളുകളുണ്ട്. പരിചയമുള്ള മുഖങ്ങളൊന്നും കാണാനില്ല. “ആവണി.. താൻ കേൾക്കുന്നുണ്ടോ?” ഞാൻ മെല്ലെ തലയാട്ടി. പക്ഷെ തല അനങ്ങിയില്ല. ജീവനില്ലാത്ത ഒരു നോട്ടമായിരിക്കണം അയാൾക്ക് കിട്ടിയത്. “ആവണിക്ക് എന്തെങ്കിലും ഓർമയുണ്ടോ..? ഇത് മെഡിക്കൽ മിഷൻ ഹോസ്‌പിറ്റൽ ആണ് കേട്ടോ.

ഞാൻ ഡോക്ടർ അർജുൻ. ഇത് ഡോക്ടർ സക്കറിയ. ഞങ്ങളാണ് തന്നെ നോക്കുന്നത്” അടുത്തു നിൽക്കുന്ന പ്രായമുള്ള മനുഷ്യനെ ചൂണ്ടി അയാൾ പറഞ്ഞു. “താനിവിടെ അഡ്മിറ്റ് ആയിട്ട് രണ്ടുമൂന്ന് ആഴ്ച ആയി കേട്ടോ. കോൺഷ്യസ് ആകുന്നില്ലായിരുന്നു. ഒന്ന് പേടിപ്പിച്ചു ഞങ്ങളെ…” ഡോക്ടർ വീണ്ടും പറഞ്ഞു. “ആവണി.. എന്നോടൊരു ഹായ് പറയു..” ഞാൻ സംസാരിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. കാറ്റുപോലും പുറത്തേക്ക് വരുന്നില്ല. “ഹേയ്.. കൂൾ.. താൻ ടെൻഷൻ അടിക്കേണ്ട. പതിയെ ശരിയാകും.. ഈ വലത്തെ കൈയൊന്ന് പൊക്കിക്കെ…” ഞാൻ വലതുകൈ ഉയർത്താൻ നോക്കി. അതും കഴിയുന്നില്ല. “ശരി. വേണ്ട. ഇടതുകൈ ഒന്ന് പൊക്കൂ…” ഞാൻ വീണ്ടും ശ്രമിച്ചു. ഇടതു കൈ, വലതുകാൽ, ഇടതുകാൽ, വിരൽ പോലും അനക്കാൻ കഴിയുന്നില്ല. ഒരു വാക്ക് പോലും സംസാരിക്കാൻ കഴിയുന്നില്ല. എല്ലാത്തിലും പുറമെ, ശക്തമായ തലവേദനയും. “ആവണി.. ടെൻഷൻ അടിക്കേണ്ട.

തലയ്ക്ക് ശക്തമായ പരിക്ക് പറ്റിയിരുന്നു. അതിന്റെ എഫക്റ്റ് ആണ് ഇതൊക്കെ. നമ്മൾ സർജറി ഒക്കെ ചെയ്തിട്ടുണ്ട്. പതിയെ ഒക്കെ റെഡിയാകും…” എന്റെ ഭാഗത്ത് അനക്കമില്ല എന്നുകണ്ട സീനിയർ ഡോക്ടർ കൂടി ഇടപെട്ടു: “ആവണി.. ഇപ്പോ സ്ട്രെയിൻ കൊടുത്താൽ അത് തനിക്ക് ദോഷം ചെയ്യും.. റിലാക്സ് ആക്‌.. ഒക്കെ ശരിയാകും.. കേട്ടോ…” ഡോക്ടർമാർ പുറത്തേക്ക് പോയി. അച്ഛൻ, അമ്മ, ഏട്ടൻ, അംബികാമ്മ, സേതു അച്ഛൻ, സായൂ… ഞാൻ ബോധം തെളിഞ്ഞതറിഞ്ഞ് വൈകുന്നേരം ആയപ്പോഴത്തേക്ക് എല്ലാവരും എത്തിയിരുന്നു. ഇടയ്ക്ക് ഒരുതവണ സുധീഷും വന്നുപോയി. വേദന, സഹതാപം, ഇതൊക്കെ തന്നെ, എല്ലാ മുഖങ്ങളിലും. ആക്സിഡന്റിൽ ഓർമ നഷ്ടപ്പെടുന്നവരും മരിക്കുന്നവരുമൊക്കെ എത്ര ഭാഗ്യവാന്മാർ ആണ്. ഒന്നും അറിയേണ്ട. ഞാനോ? വിരൽ പോലും അനക്കാൻ കഴിയാതെ ശവം പോലെ കിടക്കുന്നു. എല്ലാം കണ്ടിട്ടും കേട്ടിട്ടും പ്രതികരിക്കാൻ കഴിയാതെ.

ശ്വാസം വലിക്കാനും ഭക്ഷണം കഴിക്കാനും മൂത്രം പോകാനുമൊക്കെയായി ശരീരം നിറയെ ട്യൂബുകൾ ആണ്. “പെഷ്യന്റിനെ പേര് ആവണി നമ്പ്യാർ, ഏജ് ട്വന്റി ത്രീ, നമ്മുടെ സുധീഷ് ഡോക്ടറുടെ വൈഫ് ആണ്, പെഷ്യൻറ് ഹിസ്റ്ററി ഓഫ് ഫോൾ ഫ്രം ഹയ്റ്റ് ആണ്, കംപ്ലീറ്റ് പരാലിസിസ്, ക്രെയിനോട്ടമി, ക്രെയിനോപ്ലാസ്റ്റി, ട്രക്കിയോസ്റ്റാമി കഴിഞ്ഞതാണ്…….” നേഴ്‌സുമാർ ഹാൻഡോവർ കൊടുക്കുന്നത് നോക്കി ഞാൻ വെറുതെ കിടന്നു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ട്യൂബിൽ കൂടി ഭക്ഷണം എത്തി. “ചേച്ചീ.. എന്റെ പേര് അമല. ഞാനാട്ടോ ഈ ഷിഫ്റ്റിൽ ചേച്ചിയെ നോക്കുന്നെ.. പെയിൻ ഉണ്ടോ?” മാലാഖ ചോദിച്ചു. ഞാൻ മെല്ലെ തലയാട്ടി. പക്ഷെ അപ്പോഴും തല അനങ്ങിയില്ല… എന്റെ നിസ്സഹായത അവർക്ക് മനസിലായി. അവരെന്റെ നിറുകയിൽ മെല്ലെ തലോടി. “ഡോക്ടർ വേദനയ്ക്ക് ഒരു ഇൻജക്ഷൻ എഴുതിയിട്ടുണ്ട് കേട്ടോ.

ഇപ്പോ തരാവേ..” ഇൻജക്ഷൻ ആയും IV ഫ്ലൂയിഡ് ആയും മരുന്നുകൾ സമയത്ത് കിട്ടിക്കൊണ്ടിരുന്നു. അതും കഴിഞ്ഞേപ്പോഴോ മയങ്ങിപ്പോയി. നല്ല അവിയലിന്റെ മണമാണ് എന്നെ ഉണർത്തിയത്. നേഴ്‌സുമാർ ആഹാരം കഴിക്കുന്നിടത്ത് നിന്നാണ്. ഒരല്പം കിട്ടിയിരുന്നെങ്കിൽ..! അറിയാതെ വായിൽ ഉമിനീർ നിറഞ്ഞു. അത് ചുണ്ടിന്റെ സൈഡിൽ കൂടി മുഖത്തിന്റെ ഭാഗവും നനച്ചു തലയിണയിലേക്കിറങ്ങി. സമയം നോക്കിയപ്പോൾ പന്ത്രണ്ട് മണിയായി. കരഞ്ഞൊടുവിൽ എപ്പോഴോ വീണ്ടും ഉറങ്ങി. പിന്നീട് ഉണർന്നപ്പോൾ ആകെ ബഹളമയം ആയിരുന്നു. അപ്പോഴാണ് ഞാൻ ICU ശരിക്കും നോക്കുന്നത്. ഒരു വാർഡുപോലെ തന്നെയുണ്ട്. എന്നെപോലെ ഒടുപാട് ഹതഭാഗ്യർ. ദിവസവും സമയവും കടന്നുപോകുന്നതറിയാതെ, പുറം ലോകത്തെ അറിയാതെ ഒരു കിടക്കയിൽ ജീവിതം തളയ്ക്കപെട്ടവർ. “ശാന്തിനി ചേച്ചീ..

എന്റെ പെഷ്യന്റിന് ബാക്ക് കെയർ കൊടുക്കാൻ വായോ..” മാലാഖ ആരെയോ വിളിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഒരു അറ്റൻഡർ ഓടിവന്നു. “ചേച്ചീ.. നമുക്ക് ഡ്രസ് മാറാട്ടോ…” വീണ്ടും തലയാട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മാലാഖയും അറ്റൻഡറും കൂടി എന്റെ ശരീരം ഉയർത്തി ഉടുത്തിരുന്ന ഗൗണ് ഊരി. ഫോഴ്സപ്‌സിൽ പഞ്ഞിയോ മറ്റോ മുക്കി വായ ക്ളീൻ ചെയ്തു. ശരീരം മുഴുവൻ തുടച്ചു. പുറത്തു പൗഡറിട്ടു. മോഷൻ പോയ ഡയപ്പർ മാറ്റി. മോഷൻ പോയിരുന്നോ? ഞാൻ അറിഞ്ഞതേയില്ലല്ലോ. വല്ലാത്ത വേദന തോന്നി. ഞാനവരുടെ മുഖത്തേക്ക് നോക്കി. അവിടെ ഒരു ഭാവവും ഇല്ല. അറപ്പോ വെറുപ്പോ ദയയോ ഒന്നും… ക്ഷണനേരം കൊണ്ട് അവരെന്റെ ശരീരം വൃത്തിയാക്കി വസ്ത്രം ധരിപ്പിച്ചു. അവർ യൂറിൻ ട്യൂബ് ഘടിപ്പിച്ചിടം വൃത്തിയക്കുന്നതും യൂറിൻ കളഞ്ഞു ബാഗ് തിരികെ കൊണ്ടുവരുന്നതും കണ്ടു. സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോൾ പോലും അവരിൽ യാതൊരു വ്യത്യാസവുമില്ല.

പക്ഷെ എനിക്ക് കടുത്ത അപമാനമാണ് തോന്നിയത്. പിന്നീടവർ കഴുത്തിലെ ട്രാക്കിയോസ്റ്റമി ഹോളിന്റെ ഭാഗം വൃത്തിയാക്കി. മുഖത്തും കുറച്ചു പൗഡറൊക്കെ ഇട്ട് കണ്ണാടി എന്റെ മുന്നിൽ കാണിച്ചു തന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒരു വേണി ആയിരുന്നു മുന്നിൽ. തലമുടി ഇല്ല..! സർജറിക്ക് വേണ്ടി വടിച്ചു കളഞ്ഞു കാണണം. കണ്ണ് കുഴിഞ്ഞ്, കറുത്തു കരുവാളിച്ച ഒരു രൂപം. ആ കാഴ്ച കാണാതെ ഞാൻ കണ്ണുകൾ ഇറുകെ പൂട്ടി. ഏഴര ആയപ്പോൾ ഡേ ഡ്യൂട്ടി സ്റ്റാഫ് വന്നു. വീണ്ടും ഹാൻഡോവർ, പിന്നെ ഒമ്പതരയോടെ ഡോക്ടർമരുടെ റൗണ്ട്സ്, വൈകുന്നേരം വിസിറ്റിങ് ടൈമിൽ വീട്ടുകാർ, ദിവസത്തിൽ ഒരിക്കൽ സുധീഷ് ഡോക്ടർ, ഇതിനിടയിൽ ട്യൂബിലൂടെ ഭക്ഷണം, മരുന്നുകൾ…. ICU വിലെ ടൈം ടേബിൾ എനിക്ക് മനപ്പാഠമായി. ദിവസങ്ങൾ കൊഴിഞ്ഞുപോയി. അടുത്ത ബെഡ്ഡുകളിലെ ആളുകൾ പോയി പുതിയവർ വന്നു. ഒരു ദിവസം വല്ലാതെ ബഹളം കേട്ടാണ് ഞാൻ ഉണർന്നത്.

“കോഡ് ബ്ലൂ വിളിക്ക്… ക്രാഷ്‌ കാർട്ട് എടുക്ക്… സെൻട്രൽ ലൈൻ ഇട്.. പ്രിപ്പറേഷൻ ചെയ്യ്‌…” എനിക്ക് രണ്ടു ബെഡ് അപ്പുറം ഉള്ള പെഷ്യന്റിന്റെ അടുത്തു നിന്നാണ്. എന്തൊക്കെയോ ബഹളങ്ങൾ. ആരൊക്കെയോ ഓടുന്നതും വരുന്നതും കാണാം. പെട്ടന്ന് എല്ലാ ബഹളങ്ങളും അവസാനിച്ചു: “ഡിക്ളയർ ചെയ്‌തോളൂ. ടൈം അഞ്ച് നാല്…” ഡോക്ടർ പറഞ്ഞു. എന്നുവച്ചാൽ..? ആ ജീവൻ പൊലിഞ്ഞു എന്നർത്ഥം. രോഗിയുടെ ഭർത്താവും മക്കളും മാതാപിതാക്കളും ഓരോരുത്തരായി കരഞ്ഞുകൊണ്ട് വന്നു. കുറച്ചുനേരം കഴിഞ്ഞൊരു ട്രോളിയിൽ വെള്ളതുണിയിൽ പൊതിഞ്ഞ് ആ രൂപത്തെ മാലാഖമാർ തള്ളി പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ടു. എന്നെപ്പോലെ ഒരു ജീവനാണ്. ഇനി ഞാൻ എത്രനാൾ? ആ സംഭവത്തോടെ ഞാൻ മാനസികമായി തളർന്നു. മരണം കാത്തു കിടക്കാൻ തുടങ്ങി.

“ആവണിയുടെ വൈറ്റാൽസ് ഒക്കെ സ്റ്റേബിൾ ആയി കേട്ടോ. നമുക്കിന്ന് റൂമിലേക്ക് മാറാം..” ഒരു ദിവസം രാവിലെ ഡോക്ടർ വന്നു പറഞ്ഞു. ഉച്ച കഴിഞ്ഞതോടെ എന്നെ മുറിയിലേക്ക് മാറ്റി. രണ്ടു മാസത്തിന് ശേഷം അഭയം എന്ന പേരിലുള്ള ഒരു ആയുർവേദിക് ട്രീറ്റ്മെന്റ് സെന്ററിലേക്കും. സിദ്ധുവേട്ടന്റെ കുടുംബം മാത്രമാണ് സ്ഥിരം സന്ദർശകർ. എന്റെ വീട്ടുകാരും സുധീഷും അയാളുടെ അമ്മയും ഇടയ്ക്ക് വന്നുപോയി. അമ്മുമോളെ അവർ കൊണ്ടുവന്നതേയില്ല. അപ്പോഴേക്കും ആരും വരുന്നതും പോകുന്നതുമൊന്നും എന്നെ ബാധിക്കുന്നില്ല എന്ന സ്ഥിതിയിലേക്കെത്തി. ശ്വാസമെടുക്കാനുള്ള ട്യൂബ് ഒഴിവാക്കിയതൊഴിച്ചാൽ അപ്പോഴും ഞാൻ അതേ കിടപ്പാണ്. സഹായത്തിന് ഒരു ഹോം നേഴ്‌സുണ്ട്. എയ്ഞ്ചൽ. ശരിക്കും ഒരു മാലാഖ. ഇപ്പോൾ അവൾക്കൊപ്പം ആണ് എന്റെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും. എയ്ഞ്ചൽ എന്നും നാലര മണിക്ക് എഴുന്നേൽക്കും.

കുളി കഴിഞ്ഞ് ജപമാല ചൊല്ലും. പിന്നെ എന്നെ വൃത്തിയാക്കും. അതിനിടയിൽ അവൾ സ്‌കൂളിൽ പടിക്കുമ്പോ മാവിന് കല്ലെറിഞ്ഞത് മുതൽ അമ്മയുടെ മരണശേഷം രണ്ടാനച്ഛന്റെ ഒപ്പം നിൽക്കാൻ പറ്റാതെ അനിയത്തിയെയും കൊണ്ട് മഠത്തിൽ അഭയം തേടിയതും അവളെ ഓർഫനേജിൽ ആക്കിയതും സ്വയം ജോലി ചെയ്ത കാശ് കൊണ്ട് അടുത്ത വർഷം എൻജിനീയറിങ്ങിന് ചേരാൻ പ്ലാൻ ചെയ്യുന്നതുമെല്ലാം പറയും. “നിനക്ക് വീൽചെയറിൽ എങ്കിലും ഇരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കൊണ്ടുപോകാമായിരുന്നു…” ഏകദേശം ആറു മാസത്തിന് ശേഷം, ആകാശേട്ടന്റെ കല്യാണം പറയാൻ വന്നപോൾ അമ്മ പറഞ്ഞു. ഇപ്പോൾ എനിക്കുള്ള സന്ദർശകർ അമ്മയും സിദ്ധുവേട്ടന്റെ കുടുംബവും മാത്രമാണ്. ഇത്തവണ കല്യാണം പറയാൻ ആയതുകൊണ്ട് അച്ഛനും ഏട്ടനും കൂടി വന്നിട്ടുണ്ട്.

ഏട്ടന്റെ വധു ഡോക്ടറാണ്. പതിവ് പോലെ തറവാട് മഹിമ, കുടുംബ പാരമ്പര്യം ഒക്കെയുണ്ട്. അമ്മയുടെ വാക്കുകൾ എന്നിൽ ആഴത്തിൽ പതിച്ചു. വീൽചെയറിൽ ഇരിക്കാൻ കഴിഞ്ഞാൽ കല്യാണം കൂടാം… ആകെ ആവേശമായി. അങ്ങനെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ ഞാൻ കൈകുത്തി എഴുനേറ്റിരുന്നു…! സന്തോഷം കൊണ്ട് എന്റെയും എയ്ഞ്ചലിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. ഞാൻ വീൽചെയറിൽ ഇരിക്കാറായ വിവരം വീട്ടിൽ പറഞ്ഞു. എന്നെ വിളിക്കാൻ കല്യാണ ദിവസം രാവിലെ അച്ഛൻ ആളെ വിടാം എന്നു പറഞ്ഞു. അംബികാമ്മയും സേതുവച്ഛനും ഒക്കെ കാണാൻ വന്നു. അപ്പോഴേക്കും സുധീഷിന്റെ വരവ് അപൂർവമായിരുന്നു. എന്നാലും അവരോടും വിവരം പറഞ്ഞു. കല്യാണ ദിവസം ഞാൻ അതിരാവിലെ എഴുനേറ്റു. സാരി ഒക്കെ ഉടുപ്പിച്ചു എയ്ഞ്ചൽ എന്നെ ഭംഗിയായി ഒരുക്കി. ഭക്ഷണം കഴിക്കാൻ പോലും തോന്നിയില്ല.

ആ സമയത്താണ് വിളിക്കാൻ ആള് വരുന്നതെങ്കിലോ എന്ന പേടിയായിരുന്നു. ഒൻപത് മണിക്ക് വരും എന്നാണ് പറഞ്ഞത്. സമയം ഒന്പതായി, പത്തായി, പതിനൊന്നായി, പന്ത്രണ്ടായി… ആരും വന്നില്ല. എല്ലാവരും എന്നെ സഹതാപത്തോടെ നോക്കി. ആ സംഭവം എന്നെ വീണ്ടും ഉലച്ചുകളഞ്ഞു. കുറെ ദിവസത്തേക്ക് ഞാൻ കട്ടിലിൽ നിന്ന് ഇറങ്ങിയില്ല. ഡോക്ടർ വഴക്ക് പറഞ്ഞിട്ടും അംബികാമ്മയും അച്ഛനും ഉപദേശിച്ചിട്ടും ഒന്നും എന്റെ മനസ് മാറിയില്ല. ആർക്ക് വേണ്ടി എഴുനേറ്റ് നടക്കണം? ആർക്ക് വേണ്ടി ജീവിക്കണം? “ചേച്ചീ… ഞാൻ ഇവിടുന്ന് പോകുവാട്ടോ…” ഒരു ദിവസം എയ്ഞ്ചൽ വന്നു പറഞ്ഞു. “ചേച്ചി വീൽചെയറിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും ഒരുപാട് സന്തോഷിച്ചതായിരുന്നു. ഇപ്പോ പിന്നേം പഴയപോലെ ആയില്ലേ. ഞാൻ നല്ലോണം നോക്കാത്തത് കൊണ്ടാണെന്ന് എല്ലാവരും വിചാരിക്കും. ഞാൻ പോകുവാ ചേച്ചീ..” അവൾക്ക് പോകാനൊന്നും കഴിയില്ല.

എന്നെ എഴുനേല്പിക്കാൻ ഉള്ള നമ്പരാണ് ഒക്കെ. എനിക്ക് പാവം തോന്നി. ഒരിക്കൽ കൂടി ഞാൻ പിടിച്ചെഴുനേറ്റു. ഇത്തവണ അത് കൂടുതൽ ദുഷ്കരമായിരുന്നു. കൂടുതൽ സമയമെടുത്തു. അതിന് ശേഷം രാവിലെയും വൈകിട്ടും എയ്ഞ്ചൽ എന്നെയും കൊണ്ട് നടക്കാനിറങ്ങും. ഏക്കറുകളോളം പടർന്നു കിടക്കുന്ന അഭയത്തിൽ കോംബൗണ്ടിൽ നിറയെ മരങ്ങളാണ്. ശാന്തമായ, മനസിന് സമാധാനം നൽകുന്ന അന്തരീക്ഷം. അങ്ങനൊരു യാത്രയിൽ ആണ് ഞാൻ ഹാരിസിനെ വീണ്ടും കാണുന്നത്. ഒരു ട്രോളിയിൽ കിടക്കുകയാണ് അവൻ. ഉമ്മയും കൂടെ ഉണ്ടായിരുന്നു. ഡോക്ടർ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. അവൻ ശരീരം മുഴുവൻ തളർന്ന് കിടക്കുകയാണ്, പക്ഷെ സംസാരിക്കാൻ കഴിയും. ഭയങ്കര പോസിറ്റീവ് എനർജിയാണ് അവന് ചുറ്റിലും. ജലദോഷം ഉള്ളപ്പോൾ മൂക്ക് പൊത്തി സംസാരിക്കുന്നത് പോലൊരു ശബ്ദം ആണ് അവന്റെ. അതും വച്ചു കിലുകിലാ ചിലയ്ക്കുന്നത് കേൾക്കുമ്പോൾ ചെവിയുടെ സൈഡിൽ ചീവീട് മൂളുന്നത് പോലെ തോന്നും.

അവന്റെ ഉറക്കെയുള്ള ചിരിയും സംസാരവും എന്നിൽ ഭയങ്കരമായി കുശുമ്പും ദേഷ്യവും അപകർഷതാബോധവും നിറച്ചു. “ഹായ്…” അവനെന്നെ നോക്കി പറഞ്ഞു. ഞാൻ വേറെവിടേക്കോ നോട്ടം മാറ്റി. “ഒരാൾ ഷേക്ക് ഹാൻഡ് തരുമ്പോൾ തിരിച്ചു തന്നൂടെ?” വീണ്ടും അവനാണ്. ഈ നാശം പിടിച്ച ചെക്കനെ ഞാൻ കൊല്ലും. “നോക്കേണ്ട. ഞാൻ കണ്ണുകൊണ്ടാ ഷേക്ക് ഹാൻഡ് തന്നത്. തനിക്കത് തിരിച്ചു തരവുന്നതേയുള്ളൂ… ആഹ്. എനിവേ, അയാം ഹാരിസ്, ലുക്മാൻ ഹാരിസ് മജീദ്.” ആ പേര് കേട്ടപ്പോൾ പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഒരു കറുത്ത ബുള്ളറ്റും ചോരയിൽ കുളിച്ചൊരു മനുഷ്യ രൂപവും പെട്ടെന്ന് ഓർമവന്നു. ദൈവമേ.. അത് ഇയാൾ ആയിരുന്നോ…? …തുടരും….

വീണ്ടും : ഭാഗം 5

Share this story