വീണ്ടും : ഭാഗം 7

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

ഹാരിസിനെ എപ്പോൾ കാണുമ്പോഴും അവനു ചുറ്റിലും കുറേയാളുകൾ ഉണ്ടാകും. കിടന്ന കിടപ്പിലും എല്ലാവരോടും ചിരിച്ചും ഉറക്കെ സംസാരിച്ചും ജീവിതം അസ്വദിക്കുന്നവനോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ചെറുവിരൽ പോലും അനക്കാൻ സാധിക്കാത്ത അവസ്ഥയിലും അവന്റെ പോസിറ്റീവ് എനർജി അതിശയിപ്പിക്കുന്നതായിരുന്നു. ചുറ്റിലും നിൽക്കുന്നവരിലേക്കും അവനത് പകർന്നു കൊടുക്കും. എന്നെ കാണുമ്പോൾ കാണുമ്പോൾ എന്തെങ്കിലും പറഞ്ഞു ചൊറിയാൻ വരുന്നത് കൊണ്ട് അവനുള്ള ഭാഗത്തേക്ക് പോകാൻ എനിക്കിഷ്ടമില്ലായിരുന്നു. എന്നാലും എയ്ഞ്ചൽ കറങ്ങി തിരിഞ്ഞ് എന്നെ അവനടുത്തേക്ക് എത്തിക്കും. അവളും അവന്റെ ഫാൻസ്‌ അസോസിയേഷൻ മെമ്പറാണല്ലോ.

എന്റെ ജീവിതത്തിന്റെ വീൽചെയർ ഇപ്പോൾ നിയന്ത്രിക്കുന്നത് അവൾ ആയതുകൊണ്ടും അവളെ പറഞ്ഞു മനസിലാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യം ആയതുകൊണ്ടും രാവിലെയും വൈകിട്ടുമുള്ള ചുറ്റികറങ്ങലിൽ മിക്ക ദിവസങ്ങളിലും അവനെ കാണും. എന്റെ കയ്ക്ക് ചലന ശേഷി പൂർണമായി വീണ്ടു കിട്ടിയിരുന്നില്ല. വിരലുകൾ ആഗ്രഹിക്കുന്നിടത്ത് നിൽക്കില്ല. എന്നാലും എയ്ഞ്ചലിന് അത്യാവശ്യ കാര്യങ്ങൾ എഴുതി കാണിക്കുകയാണ് ചെയ്യുന്നത്. ഒരു വാക്കിന് ഒരു A4 പേപ്പർ. അതാണ് കണക്ക്. അത് വായിച്ചെടുക്കാൻ ആണെങ്കിൽ മെഡിക്കൽ സ്റ്റോറിലെ ചേട്ടന്മാരെ വിളിക്കേണ്ടി വരികയും ചെയ്യും. എന്നാലും എയ്ഞ്ചൽ എല്ലാം ചെയ്ത് തന്നിരുന്നു. ഇതിനിടയിൽ ഒരു ദിവസം എനിക്കൊരു വിസിറ്റർ വന്നു: ഡോക്ടർ ദീപ്തി.

സുധീഷുമായി ചേർത്ത് ഞാൻ കേട്ടത് ഇവരുടെ പേരാണ്. അവർ വന്നപ്പോൾ ഞാൻ കിടക്കുകയായിരുന്നു. മാത്രമല്ല, വീല്ചെയറിലേക്ക് മാറിയ കാര്യം അവർ അറിഞ്ഞിട്ടുണ്ടാകാനും വഴിയില്ല. അതുകൊണ്ടായിരിക്കണം, ഒരിക്കലും എഴുനേറ്റ് നടക്കാൻ സാധ്യത ഇല്ലാത്ത ഒരാളോട് എന്നപോലെ എന്നോടവർ സംസാരിച്ചത്. “ആവണി.. ഞാൻ ഡോക്ടർ ദീപ്തി. ഞാൻ ഡോക്ടർ സുധീഷിന്റെ കൊളീഗ് ആണ്.” കൊളീഗ് മാത്രം അല്ലല്ലോ..! ഞാൻ മനസ്സിൽ പറഞ്ഞു. “ആവണി… ഞാൻ… ഞാനും സുധീഷും തമ്മിൽ ഫ്രെണ്ട്ഷിപ്പിന് അപ്പുറത്തേക്കുള്ള അടുപ്പം ഉണ്ടായിരുന്നു….” “അവിഹിതത്തിനൊക്കെ ഇത്ര ഡെക്കറേഷൻ വേണോ ചേച്ചീ?” എയ്ഞ്ചൽ എന്റെ ചെവിയിൽ ചോദിച്ചു.

ദീപ്തി നോക്കുന്നത് കണ്ടപ്പോൾ അവൾ പെട്ടെന്ന് നല്ല കുട്ടിയായി. എനിക്ക് ചിരി വന്നു. ” സുധീഷ് വീണയുടെ മരണ ശേഷം ഒരു പ്രത്യേക ക്യാരക്ടർ ആയി മാറിയിരുന്നു. ആരോടും അടുപ്പമില്ല, കണ്ടാൽ ഒരു ചിരി പോലുമില്ല… മോൾ മാത്രമായി സുധീഷിന്റെ ലോകം. ഒരു വാശിക്കാണ് ഞാൻ അയാളോട് അടുക്കാൻ ശ്രമിച്ചത്. പക്ഷെ അപ്പോഴൊക്കെ ന്നെ തള്ളിക്കളഞ്ഞു. മറ്റുള്ളവരുടെ മുന്നിൽ വച്ചുപോലും അപമാനിച്ചു… ആ വാശിക്കാണ് ഞാൻ എങ്ങനെയെങ്കിലും അയാളോട് അടുക്കാൻ തീരുമാനിച്ചത്. ഫേസ്‌ബുക്കിൽ ഒരു ഫേക്ക് id ഉണ്ടാക്കി ചാറ്റ് ചെയ്തു. ആദ്യമൊന്നും അവൻ അടുക്കാൻ കൂട്ടാക്കിയില്ല. പിന്നെ പിന്നെ കമ്പനിയായി, ഫ്രണ്ട്സ് ആയി… പിന്നെ ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് വളർന്നു. സുധീഷ് രണ്ടാമത് വിവാഹം കഴിച്ച കാര്യം ഹോസ്പിറ്റലിൽ ആർക്കും അറിയില്ലായിരുന്നു.

എന്നോടും അയാളത് പറഞ്ഞില്ല…” “പറഞ്ഞിരുന്നെങ്കിൽ ഇവര് എന്ത് ചെയ്യാനാ?” വീണ്ടും എയ്ഞ്ചൽ. ഇത്തവണ ഞാനവളെ നോക്കി കണ്ണുരുട്ടി. “ആവണി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴാണ് സുധീഷ് രണ്ടാമത് വിവാഹം കഴിച്ച കാര്യം അവിടെ എല്ലാവരും അറിയുന്നത് തന്നെ. അപ്പോഴേക്കും അയാൾ എന്നോട് വല്ലാതെ അടുത്തിരുന്നു. പക്ഷെ… സ്വന്തം ഭാര്യ അവിടെ മരണത്തോട് മല്ലടിക്കുമ്പോഴും എന്റെ കൂടെ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്ന, മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം തന്നെ വന്നു കണ്ടുപോകുന്ന അയാളെ എനിക്ക് എവിടെയൊക്കെയോ ഉൾക്കൊള്ളാൻ കഴിയാത്തപോലെ തോന്നി. അത് മാത്രമല്ല, തന്നെ ഡിവോഴ്സ് ചെയ്ത് എന്നെ വിവാഹം കഴിക്കാം എന്നൊക്കെയാ അയാൾ ഇപ്പോ പറയുന്നത്.

താൻ ഡിസ്ചാർജ് ആയി ഇവിടെ വന്നതിന് ശേഷം സുധീഷ് ഞങ്ങളുടെ വിവാഹ കാര്യത്തിൽ കൂടുതൽ സീരിയസ് ആയി. എനിക്ക്.. എനിക്കിപ്പോ അറിയില്ല എന്താ ചെയ്യേണ്ടതെന്ന്.. അതാ ഞാൻ തന്നെ കാണാൻ വന്നത്.” ഞാൻ എയ്ഞ്ചലിനെ കൊണ്ടൊരു പേപ്പർ വാങ്ങി ഡിവോഴ്സിന് തയ്യാറാണ് എന്നെഴുതി കൊടുത്തു. അത് കേട്ടപ്പോൾ ദീപ്തിയുടെ മുഖത്തു ഞെട്ടൽ ആയിരുന്നു. “ഹേയ് .. ആവണി… താനെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. എനിക്കിപ്പോ സുധീഷുമായുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ ഒരു താല്പര്യവും ഇല്ല.. ഞാൻ പറഞ്ഞല്ലോ.. അയാൾ മാരീഡ് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനത് അന്നേ അവസാനിപ്പിച്ചേനെ.

പിന്നെ വീണയാണ് മനസ് നിറയെ എന്ന് പറഞ്ഞു നടന്നിട്ട് കുറച്ചു കഴിഞ്ഞപ്പോ എന്നെ സ്നേഹിച്ചു, സ്വന്തം ഭാര്യ മരണം മുന്നിൽ കണ്ടു കിടക്കുമ്പോൾ പോലും അവളോട് അല്പം കരുണ കാണിക്കാൻ തോന്നാത്ത ആളാണ് സുധീഷ്. ഇനിയിപ്പോ നിങ്ങൾ ഡിവോഴ്സ് ആയാലും എനിക്കിപ്പോ ഒരു കുഞ്ഞുള്ള മൂന്നാം കെട്ടുകാരനെ വിവാഹം കഴിക്കേണ്ട ആവശ്യം എന്താ…. നിങ്ങളെ പോലെ നാളെ എനിക്കൊരു അപകടം വന്നാൽ അയാളെന്നെയും ഉപേക്ഷിക്കില്ല എന്നതിന് ഉറപ്പൊന്നും ഇല്ലല്ലോ…” ദീപ്തി എന്താണ് ഉദ്ദേശിക്കുന്നത് എന്നെനിക്ക് മനസിലായില്ല. എയ്ഞ്ചലിനെ നോക്കിയപ്പോൾ അവിടെയും ഇതേ ഭാവം. “ഇവിടെ വരുന്നത് വരെ ഞാനൊരു ആശയക്കുഴപ്പത്തിൽ ആയിരുന്നു,

എന്ത് തീരുമാനമാണ് എടുക്കേണ്ടത് എന്നൊരു രൂപം ഇല്ലായിരുന്നു… ഇപ്പോ ക്ലിയർ ആയി… ഞാനിത് ഇവിടെ അവസാനിപ്പിക്കുകയാണ്… മാപ്പ് ചോദിച്ചു അവസാനിപ്പിക്കാവുന്ന തെറ്റല്ല തന്നോട് ചെയ്തത് എന്നറിയാം… എന്നാലും… സോറി… തന്റെ ജീവിതത്തിലെക്ക് അനുവാദമില്ലാതെ കടന്നു വന്നതിന്… തനിക്കവകാശപ്പെട്ട ഭർത്താവിന്റെ സ്നേഹം തട്ടിയെടുത്തതിന്…. ശപിക്കരുത്…” അവസാന വാചകം പറഞ്ഞപ്പോൾ അവരുടെ കണ്ണ് നിറഞ്ഞിരുന്നു. ദീപ്തി പോയി കഴിഞ്ഞും ഏറെനേരം ഞാൻ ആലോചനയിൽ ആയിരുന്നു. അവർ ഉള്ളതുകൊണ്ടാണോ സുധീഷ് എന്നെ സ്നേഹിക്കാതിരുന്നത്? ഒരിക്കലുമല്ല. കൂടെ ജീവിച്ച ദിവസങ്ങളിലൊന്നും അയാളെന്നെ പരിഗണിച്ചിരുന്നില്ല.

സ്നേഹിച്ചിരുന്നില്ല. എന്റെ സാന്നിധ്യമോ അസാന്നിധ്യമോ അയാളെ ഒരിക്കലും ബാധിച്ചിട്ടില്ല. പിന്നെ ദീപ്തി. മനുഷ്യന് പ്രണയം തോന്നാൻ അധികം സമയമൊന്നും വേണ്ടല്ലോ. എന്നോട് തോന്നിയില്ല, അവരോട് തോന്നി. നല്ലത്..! 🌸🌸🌸 “താനിങ്ങനെ എപ്പോഴും മുഖം വീർപ്പിച്ചു പിടിക്കാതെ ഇടയ്ക്കൊക്കെ ഒന്ന് ചിരിക്കേടോ…” ഹാരിസാണ്. അല്ലെങ്കിലും എന്നെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും അവൻ പാഴാക്കാറില്ല. ഫോട്ടോജെനിക്കായിട്ട് ചിരിച്ചു പിടിച്ചു നിൽക്കാൻ ഞാൻ ഓസ്കാർ അവാർഡ് വാങ്ങി നിൽക്കുവല്ല, കയ്യും കാലും തളർന്നിരിക്കുവാണ് മനുഷ്യാ..! “ആഹ്… ഇനിയിപ്പോ കയ്യും കാലും എല്ലാം ഓക്കേ ആയി വരുമ്പോഴേക്കും ആവണിയുടെ ഫേസ് മാത്രം മത്തങ്ങാ പോലെ ഇരിക്കും…

എന്ത് ചെയ്യാൻ ആണല്ലേ.. പാവം…” എയ്ഞ്ചലിനെ നോക്കിയാണ് പറച്ചിൽ. അവളാണെങ്കിൽ ചിരിച്ചു കൊടുക്കുന്നതും ഉണ്ട്. ചോറ് ഇവിടേം കൂറ് അവിടേം. കശ്‌മല. “താൻ പോടോ…” പെട്ടന്നുള്ള ആവേശത്തിൽ പറഞ്ഞതാണ്. താൻ, ടോ ഒക്കേത്തിനും പകരം കാറ്റാണ് വന്നത്. പക്ഷെ “പോ” പുറത്തേക്ക് വന്നു…! എയ്ഞ്ചൽ എന്നെ അത്ഭുതത്തോടെ നോക്കി. ഭഗവാനെ… എന്റെ വായിൽ നിന്ന് ശബ്ദം വന്നിരിക്കുന്നു. കണ്ണൊക്കെ പെട്ടെന്ന് നിറഞ്ഞു തൂവി. കയ്യൊക്കെ വിറച്ചു. എയ്ഞ്ചൽ എന്റെ മുന്നിൽ മുട്ടുകുത്തി നിന്നു ചന്ദ്രലേഖ സിനിമയിലെ സോമൻ സാറിന്റെ സ്റ്റൈലിൽ ട്രൈ ചെയ്യാൻ പറയുകയാണ് പെണ്ണ് . എവിടുന്ന്.. എത്ര ട്രൈ ചെയ്താലും കാറ്റ് മാത്രമേ വരുന്നുള്ളൂ. കുറേനേരം കഴിഞ്ഞപ്പോൾ അവൾ പരിപാടി അവസാനിപ്പിച്ച്. നടക്കുന്ന കേസ് അല്ലെന്ന് തോന്നി കാണണം.

അവളുടെ മുഖത്തെ നിരാശ കണ്ടു ഞാൻ നേരെ നോക്കിയത് ഹാരിസിനെയാണ്. അവിടെ ഇപ്പോഴും പുഞ്ചിരി തന്നെ. ആത്മവിശ്വാസമുള്ള, തെളിച്ചമുള്ള ചിരി. എല്ലാം ശരിയാകും എന്ന് പറയും പോലെ. അന്നാദ്യമായി, ആ ചിരിയോടെനിക്ക് ഒരു ഇഷ്ടം തോന്നി, അവനോടും. ദിവസങ്ങൾ കൊഴിയവേ , എന്റെ ചികിത്സകൾ ഫലം കണ്ടു തുടങ്ങി. പെറുക്കി പെറുക്കി ഒന്നോ രണ്ടോ വാക്കുകൾ സംസാരിക്കാൻ തുടങ്ങി. മ്മ, ള്ളം, വാ, പോ, അങ്ങനെ ചിലത്. പിന്നെ പതിയെ പതിയെ ഞാൻ അത്യാവശ്യം സംസാരിക്കാൻ കഴിയും എന്ന അവസ്ഥയിലേക്കെത്തി. ഇതിനിടയിൽ ഹാരിസുമായി ഞാൻ നന്നായി അടുത്ത് തുടങ്ങിയിരുന്നു.

“ആവണി… നമ്മൾ എന്താണ്, ഏതവസ്ഥയിൽ ആണ് എന്നതിലല്ല കാര്യം, നമ്മുടെ അവസ്ഥയെ നമ്മൾ എങ്ങനെ കാണുന്നു എന്നതിലാ. ആക്സിഡന്റ് കഴിഞ്ഞു വര്ഷം ഒന്നായി. ഇപ്പോഴും ഞാൻ ഒരു വിരൽ അനക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ അല്ലെ ജീവിക്കുന്നത്… എന്നിട്ടും എനിക്ക് ആത്മവിശ്വാസമുണ്ട്, എല്ലാം ശരിയാകും എന്ന പ്രതീക്ഷയുണ്ട്. തനിക്കോ? എന്നെക്കാളും വേഗത്തിൽ തൻ റിക്കവർ ആകുന്നുണ്ട്, വീൽചെയറിൽ എങ്കിലും തനിക്ക് ഇരിക്കാൻ കഴിയുന്നുണ്ട്, സംസാരശേഷിയും ഇപ്പോ കുറെയൊക്കെ ശരിയായി. എന്നിട്ടും തനിക്ക് എപ്പോഴും വിഷാദം.” കാര്യം അവൻ പറയുന്നത് ശരിയാണ്. എന്നാലും അംഗീകരിച്ചു കൊടുക്കാൻ മനസ്സിനൊരു മടി. “നിങ്ങൾക്ക് വല്ല മോട്ടിവേഷൻ സ്പീക്കറും ആയിക്കൂടെ..?”

അതിനൊരു പൊട്ടിച്ചിരി ആയിരുന്നു അവന്റെ മറുപടി. ഇനി എന്റെ സംസാരം മനസിലാകാഞ്ഞിട്ടാണോ? അവൻ ചിരിച്ചുകൊണ്ട് തന്നെ അവന്റെ ഉമ്മയെ നോക്കി. അവരെനിക്ക് നേരെ അവന്റെ ഫോൺ നീട്ടി. യൗട്യൂബ് ആണ്. ഹാരിസ് വ്ലോഗ്സ് എന്നൊരു ചാനൽ. വർഷങ്ങൾക്ക് മുൻപത്തെ അവന്റെ ഹിമാലയൻ ട്രിപ്പുകൾ മുതൽ ഇപ്പോൾ ഈ കിടപ്പിൽ കിടന്നുള്ള വീഡിയോസ് വരെയുണ്ട്. എല്ലാത്തിനും ലക്ഷക്കണക്കിന് വ്യൂസ് ആണ്. ചാനലിന് ഒരു മില്യൺ സബ്സ്ക്രൈബേഴ്സും. ഞാൻ ഞെട്ടി ബോധം കേട്ടില്ല എന്നേയുള്ളൂ. രാജസ്ഥാൻ മരുഭൂമിയിലേക്ക് മണലയക്കാൻ നോക്കിയ അവസ്ഥയായി എന്റേത്. “എന്ത് പറ്റി..?” മോട്ടിവേഷൻ പിന്നേം.

“ഇയാളിത്രയും വല്യ മനുഷ്യൻ ആണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഈ പരിസരത്തേക്ക് പോലും വരില്ലായിരുന്നു…” അതിനും അവൻ ചിരിച്ചു. കൂടെ ഞാനും. വീണ്ടും ചികിത്സയുടെ ദിവസങ്ങൾ കഴിയവേ, എയ്ഞ്ചലിന്റെയും നേഴ്‌സുമാരുടെയും കൈപിടിച്ച് ഞാൻ പതിയെ എഴുനേറ്റ് നിന്നു. പിന്നെ പിച്ചവച്ചു നടന്നുതുടങ്ങി. ആയിടയ്ക്കാണ് ഹാരിസും എഴുനേറ്റ് നടന്നു തുടങ്ങിയത്. നടക്കുക എന്നൊക്കെ പറഞ്ഞാൽ സിനിമയിലൊക്കെ കാണുന്നത് പോലെ തളർന്ന് കിടന്നവർക്ക് പെട്ടന്നൊരു ദിവസം മുതൽ ഉസൈൻ ബോൾട്ടിനെ തോൽപ്പിക്കുന്ന ടൈപ്പ് നടത്തമൊന്നും നടക്കാൻ പറ്റില്ല. മെല്ലെ, ദിവസം പത്തോ ഇരുപതോ സ്റ്റെപ്പുകൾ നടന്നാലായി. അതും പരസഹായത്തോടെയാണ്.

“ആവണി വന്നതിൽ പിന്നെ ഹാരിസിനൊരു ഉണർവ് വന്നു…” സിസ്റ്റർമാർ പറഞ്ഞുകേട്ടു . അത് ശരിവയ്ക്കും പോലെ അവന്റെ ഉമ്മയും. “നാളെ നമ്മുക്ക് മക്കൾ ഉണ്ടാകുമ്പോ അച്ഛനും അമ്മയും ഒരുമിച്ചു പിച്ചവച്ചു നടന്നവരാണെന്ന് പറയാമല്ലേ…” ഒരു ദിവസം തീർത്തും യാദൃശ്ചികമായി അവനെന്നോട് ചോദിച്ചു. എന്റെ ഹൃദയത്തിലാണ് ആ വാക്കുകൾ സ്പർശിച്ചത്. എന്റെ കുറവുകളോ, അവന്റെ യോഗ്യതകളോ, ഒന്നും ആ നിമിഷത്തിൽ എന്നെ അലട്ടിയില്ല. സൗഹൃദത്തിനപ്പുറത്തേക്ക് ഞങ്ങളുടെ ബന്ധം അവിടെ തുടങ്ങുകയായിരുന്നു..തുടരും….

വീണ്ടും : ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!