വിവാഹ മോചനം: ഭാഗം 5

Share with your friends

എഴുത്തുകാരി: ശിവ എസ് നായർ

വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാഹുൽ അപർണ്ണയുടെ കഴുത്തിൽ താലി അണിയിച്ചു. നടന്നതൊന്നും വിശ്വസിക്കാൻ കഴിയാതെ അപർണ്ണ പകച്ചു ചുറ്റും നോക്കി. ഭൂമി കീഴ്മേൽ മറിയുന്നതായി അവൾക്ക് തോന്നി. കണ്ട സ്വപ്‌നങ്ങളെല്ലാം തന്റെ മുന്നിൽ തകർന്നടിയുന്നത് അവളറിഞ്ഞു. അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഏട്ടത്തിയുടെയും എല്ലാവരുടെയും മുഖത്തു സന്തോഷം കളിയാടുന്നത് വേദനയോടെ നോക്കി മരവിപ്പോടെ അപർണ്ണ ഇരുന്നു. പിന്നെ അവിടെ നടന്നതൊന്നും അവൾ അറിഞ്ഞതേയില്ല. മനസ്സ് കൊണ്ട് മറ്റൊരു ലോകത്തായിരുന്നു അവൾ. ചടങ്ങുകൾ ഓരോന്നായി കഴിഞ്ഞു.

യാന്ത്രികമായി അവൾ എല്ലാം അനുസരിച്ചു നിന്നു. ശ്രീജിത്തിനെ പറ്റി മാത്രമായിരുന്നു അവളുടെ മനസ്സ് നിറയെ. അവൻ ചതിച്ചുവെന്ന് വിശ്വസിക്കാൻ അവളുടെ മനസ്സ് ഒരുക്കമായിരുന്നില്ല. പെട്ടെന്നാണ് അപർണ്ണയുടെ കയ്യിലിരുന്ന മൊബൈൽ ശബ്‌ദിച്ചത്. പരിചയമില്ലാത്ത ഏതോ നമ്പറായിരുന്നു അത്. അപർണ്ണ കാൾ എടുത്തു. “ഹലോ ആരാണ്…” പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു. “അപർണ്ണ അല്ലെ…” മറുതലയ്ക്കൽ നിന്നൊരു പുരുഷശബ്ദം കേട്ടു. “അതേ..” “ഞാൻ ശ്രീജിത്തിന്റെ ഫ്രണ്ട് ആണ്… അവന്…” “ശ്രീയേട്ടന് എന്ത് പറ്റി..” അവളുടെ സ്വരം വിറച്ചു. “നിങ്ങളുടെ കാര്യങ്ങളെല്ലാം അവനെന്നോട് പറഞ്ഞിരുന്നു. മണ്ഡപത്തിലേക്ക് വരുന്ന വഴി ശ്രീജിത്തിന്റെ ബൈക്ക് ആക്‌സിഡന്റ് ആയി…”

“എന്ത്… എന്താ പറഞ്ഞത്…” വിശ്വാസം വരാതെ അവൾ ചോദിച്ചു. “ഹൈവേയിൽ വച്ച് ശ്രീജിത്തിന്റെ ബൈക്ക് ആക്‌സിഡന്റിൽ പെട്ടു…” “ശ്രീയേട്ടനെന്ത് പറ്റി… എനിക്കത് മാത്രം അറിഞ്ഞാൽ മതി.” അപർണ്ണ കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു. മറുതലയ്ക്കൽ നിന്നും വന്ന മറുപടി കേട്ട് അപർണ്ണ തരിച്ചു നിന്നു. അവളുടെ കയ്യിൽ നിന്നും ഫോൺ താഴേക്ക് ഊർന്നു പോയി. ബോധം മറഞ്ഞവൾ നിലത്തേക്ക് വീഴാനാഞ്ഞതും രാഹുൽ അവളെ താങ്ങി. ആളുകൾ അവർക്കടുത്തേക്ക് ഓടിക്കൂടി. “അപർണ്ണാ… കണ്ണ് തുറക്ക്…” രാഹുൽ അവളുടെ കവിളിൽ തട്ടി വിളിച്ചു. “അപ്പൂ മോളെ… ” അരവിന്ദൻ മാഷ് മകളുടെ അടുത്തേക്ക് ചെന്നു.

നിമിഷനേരത്തിനുള്ളിൽ അവർക്ക് ചുറ്റുമൊരു ആൾക്കൂട്ടം തന്നെ രൂപപ്പെട്ടു. അനൂപ് കഷ്ടപ്പെട്ട് ആളുകളെ വകഞ്ഞു മാറ്റി. “നിങ്ങളൊക്കെ ഇങ്ങനെ ചുറ്റും കൂടി നിൽക്കാതെ കസേരയിലേക്ക് പോയി ഇരിക്ക്. രാവിലെ ഒന്നും കഴിക്കാത്ത ക്ഷീണത്തിൽ തല ചുറ്റി വീണതാണ്. നിങ്ങളിങ്ങനെ കൂടി നിന്നാലെങ്ങനെയാ… അവൾക്ക് കുറച്ചു ശുദ്ധവായു കിട്ടട്ടെ…” ലേഖ ഒരു കുപ്പി മിനറൽ വാട്ടർ എടുത്തു കൊണ്ട് വന്ന് അനൂപിന്റെ കയ്യിൽ കൊടുത്തു. അവൻ കുപ്പിയുടെ അടപ്പ് തുറന്നു അൽപ്പം വെള്ളം കൈകുമ്പിളിലാക്കി അപർണ്ണയുടെ മുഖത്തേക്ക് തളിച്ചു. പക്ഷെ അവൾ കണ്ണ് തുറന്നില്ല. “അനൂപേട്ടാ നമുക്ക് അപർണ്ണയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം…” രാഹുലാണ് അത് പറഞ്ഞത്.

അവന്റെ അഭിപ്രായം ഏവരും ശരി വച്ചു. അരവിന്ദൻ മാഷ് തളർച്ചയോടെ അടുത്ത് കിടന്ന കസേരയിലേക്കിരുന്നു. “അച്ഛനിങ്ങനെ ടെൻഷൻ അടിച്ചു വേണ്ടാത്ത അസുഖമൊന്നും വരുത്തി വയ്‌ക്കേണ്ട. അവളൊന്ന് തല ചുറ്റി വീണതിനാണോ ഇങ്ങനെ ടെൻഷനാകുന്നത്…” “എടാ മോനെ അവൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോഴല്ലേ മയങ്ങി വീണത്. കേൾക്കാൻ പാടില്ലാത്ത എന്തോ അശുഭ വാർത്ത അറിഞ്ഞിട്ടാകും എന്റെ കുട്ടി… സത്യം പറയ് മോനെ നീ ആ ശ്രീജിത്തിനെ എന്തെങ്കിലും ചെയ്തോ…” ” അച്ഛാ… ” ശാസനയോടെ അനൂപ് വിളിച്ചു. അപ്പോഴേക്കും രാഹുൽ അവളെ എടുത്തുകൊണ്ട് പോയി കാറിൽ കിടത്തിയിരുന്നു. അനൂപും ഒപ്പം ചെല്ലാൻ ഒരുങ്ങിയതും അവൻ തടഞ്ഞു. ”

ഏട്ടൻ വരണമെന്നില്ല… ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലും വേണ്ടേ. മാഷിനെ ഒന്ന് ശ്രദ്ധിക്കണം കേട്ടോ. ഞാനും ലേഖേട്ടത്തിയും മാത്രം ഹോസ്പിറ്റലിലേക്ക് പോകാം. ബാക്കിയുള്ളവർ ഇവിടെ വേണ്ടേ. ഇവളെ ഡോക്ടറെ കാണിച്ചിട്ട് ഞാൻ വേഗം തന്നെ മടക്കി കൊണ്ട് വരാം..” അത്രയും പറഞ്ഞു കൊണ്ട് രാഹുൽ കാർ സ്റ്റാർട്ട്‌ ചെയ്തു ഓഡിറ്റോറിയം വിട്ടു പോയി. പിൻസീറ്റിൽ അപർണ്ണയെ തന്റെ മടിയിൽ കിടത്തിയിരിക്കുകയായിരുന്നു ലേഖ. കാർ സിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ************** അപർണ്ണയെ പരിശോദിച്ച ശേഷം ഡോക്ടർ രാഹുലിനെ നോക്കി പറഞ്ഞു. “പേടിക്കാനൊന്നുമില്ലടോ… വിവാഹത്തിന്റെ ടെൻഷൻ കൊണ്ടായിരിക്കും വീണു പോയത്.

രാവിലെ മുതൽ ഒന്നും കഴിക്കാതിരിക്കുന്നതല്ലേ. തലേദിവസവും ഒന്നും കഴിച്ചിട്ടില്ല. അതിന്റെ ഒരു ക്ഷീണത്തിൽ കുഴഞ്ഞു വീണതാണ്. ഡ്രിപ് തീരുമ്പോൾ കൊണ്ട് പൊയ്ക്കോളൂ. വേറെ പ്രശ്നങ്ങൾ ഒന്നുമില്ല..പിന്നെ ബിപി ലോ ആണ് കേട്ടോ….” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ രാഹുലിനും രേഖയ്ക്കും തെല്ല് ആശ്വാസമായി. “ഏട്ടത്തി ഏട്ടനെ വിളിച്ചു പറയ് അപർണ്ണയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന്. അല്ലെങ്കിൽ വെറുതെ അവര് ടെൻഷൻ അടിക്കും. അരവിന്ദൻ മാഷിനും സുഖമില്ലാത്തതല്ലേ..” “ഹാ അത് ശെരിയാ… ഞാൻ എന്നാ ഏട്ടനെ ഒന്ന് വിളിച്ചു വിവരം പറയട്ടെ…” ലേഖ അനൂപിനെ വിളിക്കാനായി ഫോണും കൊണ്ട് പുറത്തേക്ക് നടന്നു. ഒരു സ്റ്റൂൾ വലിച്ചിട്ട് രാഹുൽ അവളുടെ അടുത്തിരുന്നു.

ബെഡിൽ തളർന്നു കിടന്നു മയങ്ങുന്ന അപർണ്ണയെ അവൻ അലിവോടെ നോക്കി. “അപ്പൂ നിന്റെ തെറ്റിദ്ധാരണ ഞാൻ മാറ്റിയെടുക്കും. ആ വീഡിയോ ഇത്രയും വർഷം ഞാൻ കയ്യിൽ സൂക്ഷിച്ചു വച്ചത് തന്നെ എന്നെങ്കിലും നിന്നെ കാണാനിട വന്നാൽ എന്റെ നിരപരാധിത്വം ബോധിപ്പിക്കാൻ വേണ്ടിയായിരുന്നു. ആ വീഡിയോ നീ മുഴുവനും കണ്ടിരുന്നെങ്കിൽ നിനക്കെന്നെ മനസിലാക്കാൻ കഴിയുമായിരുന്നു. എനിക്ക് പറയാനുള്ളത് കേൾക്കാൻ നീ കാതോർക്കുമായിരുന്നു. ഞാനല്ല നിന്നെ നശിപ്പിക്കാൻ ശ്രമിച്ചത്.” നിറകണ്ണുകളോടെ രാഹുൽ അവളെ നോക്കി പറഞ്ഞു. അപർണ്ണ അപ്പോഴും മയക്കം വിട്ടുണർന്നിരുന്നില്ല. **************

ഡ്രിപ് ഏകദേശം തീരാറായപ്പോഴായിരുന്നു അപർണ്ണ കണ്ണുകൾ തുറന്നത്. ബെഡിനരികിൽ അവളുണരുന്നതും കാത്തിരിക്കുകയായിരുന്നു രാഹുലും ലേഖയും. രാഹുലിനെ കണ്മുന്നിൽ കണ്ടതും അവൾക്ക് ദേഷ്യം വന്നു. താനെവിടെയാണെന്ന് അറിയാനായി അവൾ ചുറ്റും കണ്ണോടിച്ചു നോക്കി. താനിപ്പോൾ ഹോസ്പിറ്റലിലാണുള്ളതെന്ന് അവൾക്ക് മനസിലായി. പെട്ടെന്നാണ് അപർണ്ണ കഴിഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചോർത്തത്. ശ്രീജിത്തിന്റെ സുഹൃത്ത് ഫോണിലൂടെ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസിലേക്ക് വന്നു. “ശ്രീജിത്തിനെ ആരോ കരുതികൂട്ടി കൊല്ലാൻ ശ്രമിച്ചതാണ്.

സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഒന്നും പറയാറായിട്ടില്ല ഇപ്പോഴും അവൻ ക്രിട്ടിക്കൽ സ്റ്റേജിൽ ഐസിയുവിലാണ്. 24 മണിക്കൂർ കഴിയാതെ ഒന്നും പറയാനാവില്ല എന്നാണ് ഡോക്ടർ പറഞ്ഞത്.” അത്രയും കേട്ടതായേ അവൾക്ക് ഓർമ്മയുള്ളൂ. “ശ്രീയേട്ടാ…” അവൾ അറിയാതെ വിതുമ്പിപ്പോയി. അപർണ്ണ കണ്ണുതുറന്നു കണ്ടതും ഇരുവർക്കും ആശ്വാസമായി. “അപ്പൂ മോളെ…, ഇപ്പൊ എങ്ങനെയുണ്ട്..??” ലേഖ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് ബെഡിനരികിലായി ഇരുന്നു. അവൾ ഒന്നും മിണ്ടിയില്ല. അവളുടെ നോട്ടം രാഹുലിന്റെ നേർക്ക് നീണ്ടു ചെന്നു. “ഇവിടെയും നിങ്ങളെനിക്ക് സമാധാനം തരില്ലെന്നുണ്ടോ…??” കിടന്ന കിടപ്പിൽ തന്നെ അപർണ്ണ അവനോടു ചൂടായി.

അവൾ അങ്ങനെ പ്രതികരിക്കുമെന്ന് അവനൊട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. രാഹുലിന്റെ മുഖം വിളറി വെളുത്തു. “അപ്പു ഞാൻ…” “ഒന്നിറങ്ങി പോണുണ്ടോ… ഈ മുഖം കാണുന്നത് തന്നെ വെറുപ്പാണെനിക്ക്…” അവൾ മറുവശത്തേക്ക് തല വെട്ടിച്ചു. “അപ്പൂ ആരോടാ നീയീ തോന്ന്യവാസം പറയുന്നതെന്ന് ഓർമ്മയുണ്ടോ. രാഹുൽ നിന്റെ ഭർത്താവാണ്.” ലേഖ അവളെ ശാസിച്ചു. “വേണ്ടേട്ടത്തി… അവളെ വഴക്ക് പറയണ്ട. തെറ്റ് എന്റെയാ. ഞാനിവിടെ ഇരിക്കാൻ പാടില്ലായിരുന്നു… പോകാൻ നേരം എന്നെ വിളിച്ചാൽ മതി. ഞാൻ പുറത്തുണ്ടാകും.” നിറഞ്ഞു വന്ന കണ്ണുകൾ ലേഖ കാണാതിരിക്കാനായി തൂവാല കൊണ്ട് മുഖമമർത്തി തുടച്ചു കൊണ്ട് രാഹുൽ പുറത്തേക്കിറങ്ങി പോയി.

അപർണ്ണ അങ്ങനെ പറഞ്ഞത് അവനെ നന്നായി വിഷമിപ്പിച്ചുവെന്ന് ഏട്ടത്തിക്ക് മനസിലായി. “എന്റെ മോളെ നീയിപ്പോ അവനോട് ചെയ്തത് വളരെ മോശമായി പോയി കേട്ടോ. നിന്നയിവിടെ എത്തിച്ചത് പോലും രാഹുലാണ്. അവനെ കാണുമ്പോൾ ചാടികടിക്കാൻ നിൽക്കാതെ അവനെന്താ പറയാനുള്ളതെന്ന് ആദ്യം കേൾക്കാൻ ശ്രമിക്ക്. ചില സമയം നമ്മൾ കാണുന്നതോ കേൾക്കുന്നതോ സത്യമായി കൊള്ളണമെന്നില്ല. അവനെ വേദനിപ്പിച്ചാൽ ദൈവം പോലും നിന്നോട് പൊറുക്കില്ല മോളെ..” ലേഖ പറയുന്നതൊക്കെ അവൾ കേൾക്കുന്നുണ്ടായിരുന്നെങ്കിലും അവളുടെ മനസ്സിൽ അപ്പോൾ നിറഞ്ഞു നിന്നത് ശ്രീജിത്ത്‌ മാത്രമായിരുന്നു. അൽപ്പസമയം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് അവരുടെ അടുത്തേക്ക് വന്നു ഡ്രിപ് ബോട്ടിൽ ഊരി മാറ്റി.

അപ്പോഴേക്കും ഡോക്ടർ വന്നു ഒന്നുകൂടി പരിശോധിച്ച ശേഷം ഡിസ്ചാർജിനു എഴുതി കൊടുത്തു. “നിനക്ക് നടക്കാൻ കുഴപ്പമൊന്നുമില്ലല്ലോ അല്ലെ. വയ്യെങ്കിൽ ഞാൻ പിടിക്കാം.” കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയ അവളോട്‌ ഏട്ടത്തി പറഞ്ഞു. “എനിക്ക് കുഴപ്പമൊന്നുമില്ല ഏട്ടത്തി.. ക്ഷീണം ഒക്കെ മാറി.” “നീ ഇവിടെ ഇരിക്ക്. ഞാനൊന്ന് ബാത്‌റൂമിൽ പോയി വരാം.” “ഏട്ടത്തി പോയിട്ട് വാ.” അവളെ അവിടെ തന്നെ ഇരുത്തി ലേഖ ബാത്റൂം ലക്ഷ്യമാക്കി നടന്നു. ഏട്ടത്തി കണ്ണിൽ നിന്നും മറഞ്ഞതും അപർണ്ണ ഇരുന്നിടത്തു നിന്നെഴുന്നേറ്റു പതിയെ മുന്നോട്ടു നടന്നു. ദൂരെ നിന്ന് രാഹുൽ അത് കാണുന്നുണ്ടായിരുന്നു. അതുവഴി പോയ നേഴ്സിനോട് എന്തോ ചോദിച്ച ശേഷം അവൾ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി പോകുന്നത് അവൻ കണ്ടു.

രാഹുലും അവളുടെ പിന്നാലെ മുകളിലേക്ക് നടന്നു. അവൻ കയറി ചെല്ലുമ്പോൾ ഐസിയുവിനു മുന്നിൽ നിന്നും പൊട്ടിക്കരയുകയായിരുന്നു അപർണ്ണ. അവളുടെ അടുത്തേക്ക് പോകാതെ രാഹുൽ അവിടെ തന്നെ നിന്നു. ഐസിയുവിനുള്ളിൽ മരണത്തോട് മല്ലടിച്ചു കിടക്കുകയാണ് ശ്രീജിത്ത്‌. ശ്രീജിത്തിന്റെ സുഹൃത്ത് അവളോട്‌ വിവരങ്ങൾ ധരിപ്പിച്ചു. “ഓഡിറ്റോറിയത്തിലേക്ക് വരുന്ന വഴി ഹൈവേയിൽ വച്ചു ലോറി ഇടിച്ചു തെറിപ്പിച്ചതാ. ഇടിച്ചിട്ട് ലോറി നിർത്താതെ പോയി.” ശ്രീജിത്തിന്റെ സുഹൃത്ത് ജിതിൻ വേദനയോടെ പറഞ്ഞു. “ഡോക്ടർ എന്ത് പറഞ്ഞു..” പതർച്ചയോടെ അപർണ്ണ ചോദിച്ചു. “ഇങ്ങോട്ട് കൊണ്ട് വന്നപ്പോൾ രക്ഷപ്പെടില്ലെന്നാണ് ആദ്യം പറഞ്ഞത്. അറിയിക്കേണ്ടവരെ അറിയിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്.

കുറച്ചു മുൻപാണ് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് അറിയിച്ചത്. വീട്ടുകാരെ അറിയിക്കാതെയാണ് ശ്രീജിത്ത്‌ നാട്ടിലേക്ക് വന്നത്. അതുകൊണ്ട് തന്നെ അവന്റെ വീട്ടുകാരെ ഇതുവരെ ഞാൻ വിവരം അറിയിച്ചിട്ടില്ല. ശ്രീക്ക് ബോധം തെളിഞ്ഞ ശേഷം മതി വീട്ടുകാരെ അറിയിക്കലെന്ന് വിചാരിച്ചു.” “എനിക്ക് ശ്രീയേട്ടനെ ഒന്ന് കയറി കാണണം..” “ഇപ്പൊ ആരെയും അകത്തോട്ടു കയറ്റി വിടില്ല അപർണ്ണ. പിന്നെ ഞാനൊരു കാര്യം പറഞ്ഞാൽ അപർണ്ണയ്ക്ക് ഒന്നും തോന്നരുത്.” “എന്താ…” അവൾ അവന്റെ മുഖത്തേക്ക് ഉദ്വേഗത്തോടെ നോക്കി. ജിതിന്റെ നോട്ടം അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്ക് നീണ്ടു ചെന്നു. “ഈ അവസ്ഥയിൽ അപർണ്ണ ഇവിടെ വരാതിരിക്കുന്നതാണ് നല്ലത്. അപർണ്ണയുടെ വിവാഹം കൂടി കഴിഞ്ഞ സ്ഥിതിക്ക് തന്നെ മറ്റൊരാളുടെ ഭാര്യയായി കാണാനുള്ള കരുത്ത് അവന്റെ മനസിനുണ്ടാവില്ല.

ശ്രീജിത്ത്‌ സുഖം പ്രാപിച്ചു വന്ന ശേഷം ഞാനവനെ പതിയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. അവന് അപർണ്ണയെ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം ഇനിയിങ്ങോട്ടേക്ക് വന്നാൽ മതി. തല്ക്കാലം അപർണ്ണ അവനെ ശല്യം ചെയ്യരുത്. മരണത്തിൽ നിന്നും കഷ്ടിച്ചാണവൻ രക്ഷപ്പെട്ടത്. തനിക്കവനെ വേണ്ടെങ്കിലും ഞങ്ങൾക്കവനെ കൈവിടാൻ കഴിയില്ല…” “ദയവ് ചെയ്തു ഇങ്ങനെയൊന്നും പറഞ്ഞു എന്നെ വേദനിപ്പിക്കരുത്. മനഃപൂർവം ഞാൻ ശ്രീയേട്ടനെ ചതിക്കാൻ ശ്രമിച്ചിട്ടില്ല. എന്റെ ഗതികേട് കൊണ്ടെനിക്ക് സമ്മതിക്കേണ്ടി വന്നതാണ് ഈ വിവാഹത്തിന്. ശ്രീയേട്ടൻ തക്ക സമയത്തു എത്താതിരുന്നത് കൊണ്ടാണ് ഈ വിവാഹം നടന്നത്. ” അപർണ്ണ ജിതിന്റെ മുൻപിൽ നിന്നും പൊട്ടിക്കരഞ്ഞു.

“തല്ക്കാലം അപർണ്ണ പൊയ്ക്കോളൂ. അവന്റെ കാര്യങ്ങൾ ഞാൻ ഫോണിൽ വിളിച്ചറിയിച്ചോളാം.” “ഹ്മ്മ്..” അവൾ ദുർബലമായൊന്ന് മൂളി. “നീയിവിടെ വന്നു നിൽക്കുകയിരുന്നോ അപ്പു..?? ഞാൻ എവിടെയൊക്കെ നോക്കി..” പിന്നിൽ ലേഖയുടെ ശബ്ദം കേട്ടവൾ പിന്തിരിഞ്ഞു നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന അവളെ കണ്ട് ലേഖ പകച്ചുപോയി. “എന്ത് പറ്റി അപ്പു…” “ഏട്ടത്തീ ശ്രീയേട്ടൻ…” അപർണ്ണ ഐസിയുവിനുള്ളിലേക്ക് കൈചൂണ്ടി കൊണ്ട് അവളുടെ മാറിലേക്ക് വീണു. ഏങ്ങലടിയോടെ അവൾ ഏട്ടത്തിയോട് വിവരങ്ങൾ പറഞ്ഞു. എന്ത് പറഞ്ഞാണ് അവളെ സമാധാനിപ്പിക്കേണ്ടതെന്നറിയാതെ ലേഖ തരിച്ചു നിന്നു.

ഒരുവിധം അപർണ്ണയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ലേഖ അവളെ ഐസിയുവിന്റെ മുന്നിൽ നിന്നും കൂട്ടികൊണ്ട് പോയി. താഴെ എത്തിയപ്പോൾ ലേഖ അവളെ മുഖമൊക്കെ കഴുകി വരാൻ പറഞ്ഞ് ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു. അപർണ്ണ ബാത്‌റൂമിലേക്ക് പോയതും രാഹുൽ ഏട്ടത്തിയോട് കാര്യമെന്താണെന്ന് തിരക്കി. “എന്താ ഏട്ടത്തി ഇവിടെ സംഭവിക്കുന്നത്.? എനിക്കൊന്നും മനസിലാകുന്നില്ല..” അവനോട് എന്ത് പറയണമെന്നറിയാതെ ലേഖ കുഴങ്ങി. ആദ്യമൊന്ന് ശങ്കിച്ചെങ്കിലും രാഹുലിനോട് സത്യങ്ങൾ തുറന്നു പറയുന്നതാണ് നല്ലതെന്നു അവൾക്ക് തോന്നി. “ദുബായിൽ വച്ചു അപ്പു ശ്രീജിത്തെന്ന പയ്യനുമായി അടുപ്പത്തിലായി. രണ്ടു വർഷത്തെ പ്രണയമാണ്.

അവനാണ് മുകളിൽ ഐസിയുവിൽ ആക്‌സിഡന്റ് ആയി കിടക്കുന്നത്. കൊലപാതക ശ്രമമെന്നാണ് അറിയാൻ കഴിഞ്ഞത്..” ലേഖ അവനോട് അതുവരെ നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ രാഹുലിന് എന്തെന്നില്ലാത്ത തളർച്ച തോന്നി. എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു. അപർണ്ണയുടെയും ശ്രീജിത്തിന്റെയും അടുപ്പം ഉള്ളിലൊരു നീറ്റൽ ഉളവാക്കുന്നതായി അവന് തോന്നി. “ഞാൻ… ഞാൻ എന്ത് ചെയ്യണം ഏട്ടത്തി… അവളെ അവന് ഞാൻ വിട്ടുകൊടുക്കണോ. അപർണ്ണയുടെ സന്തോഷമാണ് ഏട്ടത്തി എനിക്ക് വലുത്. ഞാൻ കാരണമാണല്ലോ അവളിപ്പോൾ ഇത്രയധികം വേദനിക്കുന്നത്.

ശ്രീജിത്ത്‌ സ്വീകരിക്കുമെങ്കിൽ അവൾക്ക് അവനൊപ്പം ജീവിക്കാനാണ് ഇഷ്ടമെങ്കിൽ ഞാൻ ഒഴിഞ്ഞു കൊടുക്കാം ഏട്ടത്തി. അപ്പു ഇങ്ങനെ നീറി നീറി കഴിയുന്നത് കാണാൻ എനിക്ക് വയ്യ. എനിക്കൊരു ആഗ്രഹം മാത്രമേയുള്ളു എന്നെ പറ്റിയുള്ള അവളുടെ തെറ്റിദ്ധാരണ എങ്ങനെയെങ്കിലും മാറ്റിയെടുക്കണം. എനിക്കത് മാത്രം മതി ഏട്ടത്തി…” രാഹുൽ തൂവാല എടുത്തു കണ്ണുകൾ തുടച്ചു. “നീയെന്തൊക്കെയാടാ പറയുന്നത്. അപ്പു ഇപ്പോൾ നിന്റെ ഭാര്യയാണ്. അവളെ നീ ആർക്കും വിട്ടുകൊടുക്കരുത്. അച്ഛൻ നിന്നെ വിശ്വസിപ്പിച്ചു ഏല്പിച്ചതാണ് അവളെ. അപ്പൂന് നിന്നെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റിയെടുത്തു പതിയെ നിന്റെ വഴിക്ക് കൊണ്ട് വരണം. അല്ലാതെ താലി കെട്ടിയ പെണ്ണിനെ മറ്റൊരുത്തനു വിട്ടുകൊടുത്തു സ്വയം വിഡ്ഢിയാവരുത്.

ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി നിന്റെ ഇഷ്ടം..” ഒരു തീരുമാനത്തിലെത്താനാകാതെ രാഹുൽ ഉഴറി. അപ്പോഴേക്കും അപർണ്ണ മുഖമൊക്കെ കഴുകി അവർക്കടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. “പോവാം മോളെ…” ലേഖ അവളോട്‌ ചോദിച്ചു. “ഉം..” അവൾ ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു. അപർണ്ണയെയും കൊണ്ട് അവർ വീട്ടിലേക്ക് തിരിച്ചു. അപർണ്ണയുടെ വീട്ടിലേക്കാണ് അവരോടു വരാൻ വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞിരുന്നത്. വീട്ടിൽ വന്ന ശേഷം ഊണൊക്കെ കഴിഞ്ഞു അപർണ്ണയെയും കൊണ്ട് രാഹുലിന്റെ വീട്ടിലേക്ക് പോകാനായിരുന്നു മുതിർന്നവർ കൂടിയാലോചിച്ചെടുത്ത തീരുമാനം. മടക്കയാത്രയിൽ ആരുമാരും പരസ്പരം ഒന്നും മിണ്ടിയതേയില്ല. ലേഖയുടെ തോളിലേക്ക് ചാരി കിടക്കുകയായിരുന്നു അപർണ്ണ. അവളുടെ മനസ്സ് നിറയെ ശ്രീജിത്ത്‌ മാത്രമായിരുന്നു.

അവനെ അപായപ്പെടുത്തിയത് ആരായിരിക്കുമെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസിലായില്ല. വഴിയോര കാഴ്ചകളിലേക്ക് കണ്ണുംനട്ട് നാനാവിധ ചിന്തകളിൽ മുഴുകി അവളിരുന്നു. അപർണ്ണയെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ പറ്റിയ സമയം അതാണെന്ന് രാഹുലിന് തോന്നി. അവൻ കാർ അടുത്ത് കണ്ട വഴിയോര കടയിലേക്ക് ഒതുക്കി നിർത്തി. ശേഷം പുറത്തിറങ്ങി മൂന്നു കരിക്കിൻ വെള്ളത്തിനു പറഞ്ഞു. അപർണ്ണ ഡോർ തുറന്നു പുറത്തേക്കിറങ്ങി. പുറത്തു വെയിലായത് കൊണ്ട് ഇറങ്ങാൻ മടിച്ച് ലേഖ കാറിനുള്ളിൽ തന്നെ ഇരുന്നതേയുള്ളു. കടക്കാരന്റെ കയ്യിൽ നിന്നും കരിക്ക് വാങ്ങി ഒരെണ്ണം ഏട്ടത്തിക്ക് കൊടുത്ത ശേഷം പിന്നൊന്ന് അവൻ അപർണ്ണയ്ക്ക് നേരെ നീട്ടി. അവനെയൊന്ന് നോക്കിയ ശേഷം അവൾ അവന്റെ കയ്യിൽ നിന്നും കരിക്ക് വാങ്ങി.

വെയിലേൽക്കാതെ തണലിലേക്ക് മാറിനിന്നുകൊണ്ടവൾ കരിക്കിൻ വെള്ളം കുടിക്കാൻ തുടങ്ങി. രാഹുലും അവളുടെ അടുത്തേക്ക് വന്നു. അവർക്കിടയിലെ മൗനത്തെ ഭേധിച്ചു കൊണ്ട് രാഹുൽ സംസാരിച്ചു തുടങ്ങി. “അപർണ്ണേ…” ആർദ്രമായി അവൻ വിളിച്ചു. അവൾ ചോദ്യഭാവത്തിൽ അവനെ നോക്കി. “എനിക്ക് പറയാനുള്ളത് എന്താണെന്നു ഇനിയെങ്കിലും കേട്ടൂടെ.. ഞാൻ തന്റെ കാലുപിടിക്കാം അപർണ്ണാ.” അത്രയും പറഞ്ഞപ്പോഴേക്കും അവന്റെ ശബ്ദം ഇടറിപോയിരുന്നു. അപർണ്ണ അവന്റെ മുഖത്തേക്കുറ്റു നോക്കി. രാഹുലിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൾ കണ്ടു.

അത് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ വല്ലാത്തൊരു നൊമ്പരം തോന്നി. അവന് പറയാനുള്ളത് നിനക്കൊന്ന് കേട്ടൂടെ എന്ന് മനസിലിരുന്ന് ആരോ പറയുന്നതായി അവൾക്ക് അനുഭവപ്പെട്ടു. രാഹുൽ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. “പറഞ്ഞോളൂ… ഞാൻ കേൾക്കാൻ തയ്യാറാണ്..” അവളുടെ പതിഞ്ഞ ശബ്ദം കേട്ടതും വിശ്വാസം വരാതെ രാഹുൽ അപർണ്ണയെ നോക്കി. ഒരു വരണ്ട പുഞ്ചിരി അവളുടെ മുഖത്തു വിടർന്നു. ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം അവൻ മുഖത്തു പ്രകടിപ്പിച്ചില്ല. രാഹുലിന്റെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു…തുടരും

വിവാഹ മോചനം: ഭാഗം 4

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!