മൗനം : ഭാഗം 17

മൗനം : ഭാഗം 17

എഴുത്തുകാരി: ഷെർന സാറ

തിരിഞ്ഞു കിടക്കുന്നവന്റെ പുറത്ത് ഒന്ന് രണ്ട് തവണ തോണ്ടി നോക്കിയവൾ… അവനിൽ നിന്നും പ്രതികരണം ഒന്നും വരാതെ ആയപ്പോൾ ഒന്ന് രണ്ട് തവണ കൂടി തോണ്ടി നോക്കിയവൾ… പിന്നെ മെല്ലെ അവന്റെ പുറത്ത് ചൂണ്ടു വിരൽ കൊണ്ടവൾ പേരെഴുതി കളിച്ചു….. പിന്നെയത് ചിത്രം വരയായി…ഒടുവിൽ അവന്റെ പുറത്ത് ചെറുതായി പിച്ചാനും മാന്താനും തുടങ്ങി… ” അടങ്ങി കിടക്കെടി… ” ഒടുവിൽ ക്ഷമ കെട്ടവൻ അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു കൊണ്ട് കമന്നു കിടന്നു.. അവന്റെ കൈ പിടിയിൽ കിടന്നു ശ്വാസം മുട്ടിയപ്പോൾ ആ പെണ്ണ് ഒന്ന് കിടന്നു കുതറി… എന്നിട്ടും വിടാതെ ചേർത്തു പിടിച്ചു അവൻ.. ” ടോ മനുഷ്യ…വിടെടോ… ശ്വാസം മുട്ടണു…”പറഞ്ഞു കൊണ്ടവൾ ഒന്ന് കൂടിയൊന്ന് കുതറി..

“അവിടെ കിടക്ക് കുറച്ചു നേരം… നേരത്തെ വല്ലാത്ത ഞൊരപ്പായിരുന്നല്ലൊ… ” പറഞ്ഞു കൊണ്ടവൻ തല തിരിച്ചു കിടന്നു… ” കൂടുതൽ ജാഡ കാണിക്കല്ലേ… ” ദേഷ്യത്തോടെ പറഞ്ഞു കൊണ്ടവളും തല തിരിച്ചു കിടന്നു… എങ്കിലും ഇടയ്ക്ക് ഒന്ന് തല തിരിച്ചു നോക്കി… അവൻ നോക്കുന്നുണ്ടോ എന്നറിയാൻ… ഇല്ലെന്ന് കണ്ടതും എങ്ങനെ ഒക്കെയോ അവന്റെ പിടി വിടുവിച്ചു കൊണ്ട് ഭിത്തിയ്ക്കഭിമുഖമായവൾ തിരിഞ്ഞു കിടന്നു… ” പിണങ്ങിയോ… ” ചോദിച്ചു കൊണ്ടവനാ പെണ്ണിനേ പിറകിലൂടെ ചേർത്ത് പിടിച്ചു… കൈ തട്ടി മാറ്റിയാആണവൾ ആ നേരം തന്റെ പ്രതിഷേധം അറിയിച്ചത്… ” ഉറങ്ങിക്കോ… ” ദേഷ്യത്തിൽ കൈ തട്ടി മാറ്റിയവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ടവൻ പറഞ്ഞു…

നിശബ്ദമായൊരു രാത്രിയിൽ അവന്റെ നെഞ്ചോരം തല ചേർത്ത് കിടക്കുകയാണ് ആ പെണ്ണ്.. വാ തോരാതെ എന്തൊക്കെയോ പറയുന്നുമുണ്ട്… മറുപടി ഒന്നും പറയാതെ ആ പെണ്ണിനെ കേൾക്കുകയായിരുന്നു അവനും… ” ഉറങ്ങി പോയോ… “ചോദിച്ചു കൊണ്ടവൾ തല പൊക്കി അവനെ ഒന്ന് നോക്കി… ” ഇല്ലെടോ… താൻ പറ… എന്നിട്ട്… ” അവൾ പറഞ്ഞതിന്റെ ബാക്കി അറിയാനെന്നോണം അവൻ ചോദിച്ചു… ” എന്നിട്ട്… എന്നിട്ടെന്താ… പുഞ്ചിരിയേം പൂമ്പാറ്റയേം പോലെ,, കടുക് പൊട്ടണ പോലത്തെ തല തെറിച്ച അഞ്ചാറു പിള്ളേരും,, അവരുടെ പിള്ളേരും,,,, കളിയും ചിരിയും ഒക്കെയായി പത്തു നൂറ് കൊല്ലം നമുക്കിങ്ങനെ ജീവിക്കണം…. ഇവിടെ,, ഈ പുഴയുടെ തീരത്ത്… ”

പറയുമ്പോൾ ആ പെണ്ണ് കണ്ണടച്ച് കിടക്കുകയായിരുന്നു.. ഉള്ളിൽ അതെല്ലാം സ്വപ്നം കാണുകയായിരുന്നു… “നമ്മൾ അപ്പോഴേക്കും ഒരുപാട് പ്രായം ചെല്ലും ല്ലെ.. മുടിയൊക്കെ നരച്ചു,, കവിളൊക്കെ ചുളുങ്ങി,,, പുറത്ത് ഒരു കൂനും ഒക്കെ ആയി…”പറഞ്ഞു കൊണ്ടവൾ ഉറക്കെ പൊട്ടിച്ചിരിച്ചു… എന്തോ…അതോർക്കെ അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞിരുന്നു…. ” അതേ… എന്താ ഒന്നും മിണ്ടാതെ… ” അവന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും വരാതെ ആയപ്പോൾ അവൾ ചോദിച്ചു… ” ഒന്നൂല്ലടോ… തന്നെ കേട്ടു കൊണ്ടിരിക്കയാരുന്നു… വല്ലാത്തൊരു സുഗാടോ തന്നെ ഇങ്ങനെ കേട്ടിരിക്കാൻ.. “അവൻ മറുപടി പറഞ്ഞു.. “പക്ഷെ… എനിക്ക് നല്ല ബോർ ഉണ്ട്…

ഞാൻ മാത്രം ഇങ്ങനെ കല പിലാന്ന് ചിലച്ചോണ്ടിരിക്കുവല്ലേ… “അവൾ അതും പറഞ്ഞു കൊണ്ടവനെ ഒന്ന് നോക്കി.. ” ഇത്രേം കുറുമ്പുള്ള താനെങ്ങനാടോ കുറെ നാള് ആ നാക്ക് വായിലിട്ട് നടന്നത്.. ” ” അതൊക്കെ ഒരു രസല്ലേ… മൗനം… വല്ലാത്തൊരു സുഗാണ് ചന്തുവേട്ടാ.. ആ മൗനത്തിലങ്ങനെ ഒഴുകി നടക്കാൻ തോന്നും… ചിലപ്പോഴോക്കെ നേർത്ത മൗനവും നമ്മളിൽ കടന്ന് കൂടണം… എങ്കിലേ നമ്മൾ നമ്മളാവു…” അവൾ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവനത് ഒന്നും തന്നെ മനസ്സിലായില്ല.. ” താൻ എന്തുവാടോ ഈ പറയുന്നത്… എനിക്ക് ഒന്നും മനസിലാവുന്നില്ല.. ”

അവൻ ചോദിച്ചപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു…. ” എന്നും കല പിലാന്ന് സംസാരിച്ചോണ്ടിരിക്കുന്ന ഒരാൾ…പെട്ടെന്ന് ഒരു ദിവസം മൗനം പാലിച്ചാൽ ഒരാളെങ്കിലും നമ്മളോട് ചോദിക്കും… എന്ത് പറ്റിയെടോ എന്ന്… ശെരിയല്ലെ… ” അവൾ കട്ടിലിലേക്ക് എണീറ്റിരുന്നു ഒരു കാലിന്റെ മുട്ടിൽ മുഖം ചേർത്തിരുന്നു കൊണ്ട് അവനെ നോക്കി ചോദിച്ചു… അതേയെന്ന് അവളെ നോക്കി ഒന്ന് തലയാട്ടി കൊണ്ടവനും പറഞ്ഞു.. “ആ ഒരാൾ ഇല്ലേ… അയാളുടെ ഉള്ളിൽ നമ്മൾക്ക് ചിലപ്പോൾ ചെറിയ ഒരു സ്ഥാനം എങ്കിലും കാണും… ആ ചെറിയൊരു സ്ഥാനം ണ്ടല്ലോ…

പിന്നെ അവിടെ ഇരുന്നങ്ങ് വളർന്നു വലുതാവും… ” അവൾ പറഞ്ഞു… ” ചന്തുവേട്ടനോർമ്മയുണ്ടോ… നമ്മളാദ്യായി കണ്ടതെന്നാന്ന്… ” മുട്ടിൽ നിന്നും തലയുയർത്തി അവൾ അവനെ നോക്കി ചോദിച്ചു… “കൃത്യായി ഓർമയില്ലെടോ… അപ്പയുടെ കൂടെ പലപ്പോഴും തന്നെ കണ്ടിട്ടുണ്ട്… പക്ഷെ,, ആദ്യായിട്ട് സംസാരിച്ചത് അന്ന് മിഥുന്റെ ഒപ്പം വീട്ടിൽ വന്നപ്പോൾ അല്ലെ.. ” അവൻ അവളെ നോക്കി ചോദിച്ചു… “പക്ഷെ… നിക്ക് നല്ല ഓർമ ണ്ട്… ” പറഞ്ഞു കൊണ്ടവൾ ഭിത്തിയിലേക്ക് ചാരി ഇരുന്നു.. “ഞാൻ നാലിൽ പടിക്കുമ്പോൾ… ” അവൾ പറഞ്ഞത് കേട്ട് അവനൊന്നവളെ നോക്കി… തെല്ലൊരു അത്ഭുതത്തോടെ… “നമ്മൾ അതിനും മുന്നേ കണ്ടിട്ടുണ്ട്… പക്ഷെ ആദ്യായി മിണ്ടണത് നാലിൽ പഠിക്കുമ്പോൾ ആണ്..

ഓർമ ണ്ടോ… അന്ന് കാവില് വെച്ച് പാമ്പിനെ കണ്ടു പേടിച്ചത്…” ” ആര്… ഞാനോ… ” അവൻ തെല്ലു സംശയത്തോടെ ചോദിച്ചു.. ” അല്ല… ഞാൻ… ” ഒരു ചിരിയോടെ അവൾ മറുപടി പറഞ്ഞു… “ന്നിട്ട്… ” തെല്ലൊരാകാംക്ഷയോടെ അവൻ ചോദിച്ചു… “ന്നിട്ട്… ഞാൻ പെട്ടെന്ന് പേടിച്ചു പോയി.. അവിടെ നിന്ന് വലിയ വായിൽ കരഞ്ഞപ്പോൾ ചന്തുവേട്ടനും മിഥുവേട്ടനും കിച്ചേട്ടനും കൂടി ഓടി വന്നു… കിച്ചേട്ടൻ മാറി നിന്നെ ഉള്ളു… മിഥുവേട്ടൻ പാമ്പിനെ ഓടിച്ചപ്പോൾ ചന്തുവേട്ടനായിരുന്നു ന്റെ കൂടെ നിന്നത്… അന്ന് ന്തൊക്കെയോ പറഞ്ഞിട്ടെന്നെ സമാധാനിപ്പിച്ചിരുന്നു… ” പറഞ്ഞു കൊണ്ടവൾ അവനെ ഒന്ന് നോക്കി… ഇതൊക്കെ എപ്പോ എന്ന ഭാവത്തിൽ ആയിരുന്നു അവൻ… ഒന്നും തന്നെ ഓർമയിലേക്ക് വന്നില്ല…

മറവിയുടെ കയത്തിലേക്ക് ബാല്യം തള്ളിയിട്ട ഒന്ന്…!!! പക്ഷെ അവളിപ്പോഴും അതോർത്തിരിക്കയായിരുന്നോ… അവൻ ചിന്തിച്ചു. “പിന്നെ നിങ്ങളെ ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്… മൂന്ന് പേരും കൂടി കല പിലാന്ന് ന്തൊക്കെയോ പറഞ്ഞു കൊണ്ട് പോകും… സത്യം പറഞ്ഞാൽ നിങ്ങൾ ചുറ്റുമുള്ളതൊന്നും അറിയാത്ത മട്ടിലാണ് പോകുന്നത്…അതോണ്ടാവും ഞാൻ നോക്കി നിന്നത് അറിയാതെ പോയത്… ” തെല്ലു പരിഭവത്തോടെ അവൾ പറഞ്ഞു… ” ന്നിട്ട് ഒരിക്കൽ അമ്മയോടൊപ്പം അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ അമ്മയാണ് ചന്തുവേട്ടനെ ചൂണ്ടി കാട്ടി തന്നിട്ട് വല്യമ്മാവന്റെ മോനാന്ന് പറഞ്ഞു തന്നത്….

അന്നൊക്കെ വല്യമ്മാവൻ വന്നിട്ടുണ്ടായിരുന്നു വീട്ടിൽ.. അത് കൊണ്ട് ആളെ ഓർത്ത് വെക്കാൻ എളുപ്പായി..കാരണം ആൾക്ക് എപ്പോഴും മകനെ കുറിച്ച് പറയാനേ നേരം ഉള്ളായിരുന്നു… ” അവൾ കൂട്ടിചേർത്തു.. ” ന്നിട്ടാണോ… അന്നെന്നോട് ആരാ എന്ന് ചോദിച്ചത്…” അവൻ തെല്ല് കൂർത്ത നോട്ടത്തോടെ അവളെ നോക്കി ചോദിച്ചു… ” അത് പിന്നെ ഞാൻ അന്ന് കുറച്ചു ജാഡ ഇട്ടതല്ലേ.. ഇത്രേം നാള് ഞാൻ നോക്കി നിന്നിട്ടും കണ്ട ഭാവം നടിക്കാതെ പോയ രണ്ടാള് മുന്നിൽ വന്ന് നിൽകുമ്പോൾ കസേരയിട്ട് സ്വീകരിക്കാം ഞാൻ… ” പറഞ്ഞ് കൊണ്ടവൾ ഇടത്തോട്ട് മുഖം കോട്ടി….

” ദേ ഇത്രയും അകലത്തിൽ നടാം… ” കൈ പത്തിയുടെ വലിപ്പം കാണിച്ചു കൊണ്ടവൾ പറഞ്ഞു… “എടൊ… ഇത് ശെരിയാവുന്നില്ല… ” കയ്യിലിരുന്ന ചീര തൈ അത്രയും മണ്ണിലേക്ക് ഇട്ടു കൊണ്ടവൻ പറഞ്ഞു… ” അതിനും മാത്രം ഒന്നുല്ല ചന്തൂട്ടാ… ദേ ഇങ്ങനെ… നോക്ക്.. ഞാൻ കാണിച്ചു തരാം.. ” വല്യ ആരെയോ പോലെ പറഞ്ഞ് കൊണ്ടവൾ ഒരു ചീര തൈ എടുത്തു വേരുഭാഗം കയ്യിൽ എടുത്തു കൊണ്ട് ഒറ്റ കുത്തിനത് മണ്ണിലേക്ക് അമർത്തി നട്ടുകൊണ്ട് അവൾ പറഞ്ഞു… ” ചന്തൂട്ടനിനിയൊന്ന് ചെയ്തേ… ഞാൻ നോക്കട്ടെ… ” പറഞ്ഞു കൊണ്ടവനെയൊന്ന് നോക്കിയപ്പോൾ ഇടുപ്പിൽ കൈ രണ്ടും കുത്തി കൊണ്ടവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ….. ..കാത്തിരിക്കുക.. ❤

മൗനം : ഭാഗം 16

Share this story