മഴമുകിൽ… : ഭാഗം 32

Share with your friends

എഴുത്തുകാരി: അമ്മു അമ്മൂസ്

“”സീറ്റിൽ കേറി ഇരുന്നു ബേം പോ അച്ഛേ…. ഇരുന്നാൽ മതിയല്ലോ…. അബദ്ധത്തിൽ പോലും കാല് ആ പെടലിലേക്ക് വെച്ച് ഈ സൈക്കിൾ ഒന്ന് ചവിട്ടില്ല….”” ഋഷിയുടെ പരാതി കേട്ട് മോള്‌ ചിരിച്ചോണ്ട് ദേവയുടെ തോളിലേക്ക് ചാഞ്ഞു… “”അല്ലൂ ഷൈക്കിൽ ഓടിച്ചതാ അമ്മേ…..”” “”അമ്മേടെ പൊന്ന് ഓടിച്ചോടാ…. ഈ അച്ഛക്കെ ഒട്ടും ശക്തി ഇല്ല….. നമുക്ക് ബൂസ്റ്റ്‌ കൊടുക്കാമെ…. “”മോളുടെ മൂക്കിൻ തുമ്പിൽ ഒന്ന് ഉമ്മ കൊടുത്തു ദേവ പറഞ്ഞു… അത് കേട്ടതും അല്ലുമോള് ഋഷിയെ നോക്കി വാ പൊത്തിച്ചിരിക്കുന്നത് കണ്ടു.. “”കള്ളിപ്പെണ്ണ്….. അമ്മേനെ കണ്ടപ്പോൾ ടീം മാറിയത് നോക്ക്..”” . ഋഷി ചുണ്ടൊന്ന് കൂർപ്പിച്ചു പറഞ്ഞപ്പോഴേക്ക് മോള്‌ വീണ്ടും ഋഷിയെ ഒന്ന് നോക്കി ചിരിച്ചിട്ട് ദേവയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു… .

അകത്തേക്ക് കയറുമ്പോളും ഇടയ്ക്കിടയ്ക്ക് ഋഷിയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു… ദേവ വേഷം മാറ്റി കുളിച്ചിട്ട് വരുമ്പോൾ ഋഷിയും മോളും കൂടി അടുക്കളയിൽ നിൽക്കുന്നതാണ് കാണുന്നത്… മോളെ സ്ലാബിന്റെ പുറത്ത് ഇരുത്തിയിട്ടുണ്ട്. “”ഇതെന്താ രണ്ടാളും കൂടി….”” അടുത്തേക്ക് ചെന്നു നോക്കിയപ്പോഴാണ് ഋഷി ഐസ് ക്രീം മൂന്ന് ബൗളിലേക്ക് വിളമ്പുന്നത് കാണുന്നത്… “”അന്നത്തെ പോലെ അടുത്ത പനി പിടിപ്പിക്കാനാണോ രണ്ടാളും കൂടി സന്ധ്യ ആയപ്പോൾ ഈ തണുപ്പ് കഴിക്കുന്നത്….”” ഇത്തിരി ഗൗരവത്തോടെ നോക്കിയപ്പോൾ അല്ലുമോള് തല കുനിച്ചു ഋഷിയെ ഒളികണ്ണിട്ട് നോക്കുന്നത് കണ്ടു… “”ഓഹോ… അപ്പൊ ഇവിടുന്ന അല്ലേ… പാവം എന്റെ കൊച്ച്….”” ദേവ പറയുന്നതൊക്കെ കേട്ട് ചിരിച്ചു ഋഷി ഐസ് ക്രീം ഒരു സ്പൂണിലേക്ക് എടുത്തു മോൾക്ക് നേരെ നീട്ടി…

“”അച്ഛെടെ മോള്‌ കഴിച്ചോ ട്ടോ…. അമ്മക്ക് കുശുമ്പാണെ….”” അവൻ പറയുന്നത് കേട്ടപ്പോൾ മോള്‌ ദേവയെ നോക്കി വാ രണ്ടു കുഞ്ഞി ക്കൈകൾ കൊണ്ടും പൊത്തിപ്പിടിച്ചു ദേവയെ നോക്കി ചിരിച്ചോണ്ട് ഇരുന്നു… രണ്ടാളെയും ദേഷ്യത്തോടെ നോക്കി നിന്നപ്പോഴാണ് ഋഷി അടുത്ത ഐസ്ക്രീം അവൾക്ക് നേരെ നീട്ടിയത്… “”എനിക്ക് വേണ്ട… “”കൈ കൊണ്ട് തട്ടിമാറ്റി … പക്ഷേ ഋഷി വിടാൻ ഭാവമില്ലായിരുന്നു… എത്ര തട്ടി മാറ്റിയിട്ടും വീണ്ടും വീണ്ടും ഐസ് ക്രീം നീട്ടുന്നത് കണ്ടു ഒടുവിൽ മനസ്സില്ലാ മനസ്സോടെ വാങ്ങി.. “”അച്ഛനും മോളും ഒന്ന് പൊയ്‌ക്കെ അടുക്കളയിൽ നിന്നും… മനുഷ്യന് ഇഷ്ടം പോലെ പണി ഉള്ളതാ… “” ഇത്തിരി ഗൗരവത്തോടെ പറഞ്ഞതും മോള് വീണ്ടും ഋഷിയുടെ ദേഹത്തേക്ക് ചാഞ്ഞിരുന്നു… അത് കണ്ടപ്പോഴേ മനസ്സിലായി വഴക്ക് പറഞ്ഞതിനാണെന്ന്… “”അച്ഛെടെ മോള്‌ സങ്കടപ്പെടണ്ട…

അമ്മേടെ കൂട്ട് വെട്ടിയേ…”” ഋഷി പറയുന്നത് കേട്ട് കള്ളച്ചിരി ചിരിച്ചു ദേവയെ നോക്കി… ഒന്ന് കൂടി കണ്ണുരുട്ടിയപ്പോളേക്കും വീണ്ടും ഋഷിയുടെ ദേഹത്തേക്ക് തന്നെ ചാഞ്ഞു… ഋഷി മോളെയും എടുത്തു പുറത്തേക്ക് പോകുന്നത് കണ്ടപ്പോൾ ചിരിച്ചോണ്ട് ബാക്കി ജോലി ചെയ്യാൻ തുടങ്ങി… രാത്രി കഴിക്കാൻ വിളിക്കാൻ വരുമ്പോൾ രണ്ടാളും കൂടി ടീവിയുടെ മുൻപിൽ ഇരുപ്പുണ്ട്… ഇഷ്ടപ്പെട്ട കാർട്ടൂൺ തീർന്ന് പോകും എന്ന് പറഞ്ഞു അല്ലുമോള് വാശിയോടെ ഋഷിയെ നോക്കി…. “”അല്ലൂന് മാമു വേണ്ട…. “”ചിണുങ്ങലോടെ രണ്ടു കൈയും കൂട്ടി കണ്ണ് തിരുമ്മി പറഞ്ഞു… “”മര്യാദക്ക് കഴിച്ചോ… പെണ്ണിനിപ്പോ വാശി കുറേ കൂടുന്നുണ്ട്…. വടി എടുക്കും ഞാൻ….”” ദേവ ദേഷ്യത്തോടെ പറഞ്ഞതും പിണക്കത്തോടെ ഋഷിയെ നോക്കി… “”അയ്യോടാ എന്റെ അല്ലൂനെ വയക്ക് പറഞ്ഞോ… നമുക്ക് അമ്മേനെ ഇരുട്ടത്ത് കിടത്തി ഉറക്കാമെ…

അച്ഛെടെ അല്ലുമോള് നല്ല കുട്ടി അല്ലേ… നല്ല കുട്ട്യോള് മാമുണ്ണുമല്ലോ….”” ഋഷി പറഞ്ഞത് കേട്ട് സത്യമാണോ എന്ന ഭാവത്തിൽ മോള്‌ അവനെ നോക്കി… “”ശത്യാണോ….അല്ലൂനു കഥ പയഞ്ഞു തര്വോ…പൂപ്പിന്റെ…”” “”പിന്നെന്താ… എന്റെ അല്ലൂസിന് എത്ര കഥ വേണം…. അച്ഛാ പറഞ്ഞു തരാല്ലോ….”” അത് കേട്ടതും ആവേശത്തോടെ ഋഷിയുടെ മടിയിൽ നിന്നും ഇറങ്ങി ദേവയുടെ അടുത്തേക്ക് ഓടി… “”അല്ലൂനു മാമു താ അമ്മേ…..”” വായും തുറന്നു പിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ ദേവ ചിരി അടക്കി മോൾക്ക് വായിലേക്ക് വെച്ച് കൊടുത്തു… ഓരോ വായും കഴിക്കുമ്പോൾ ഋഷിയെ നോക്കും…. കഥ കേൾക്കാനുള്ള ആവേശമാണെന്ന് മനസ്സിലായിരുന്നു… “”ഇനി കഥ താ…. “” കഴിച്ചു കഴിഞ്ഞതും വേഗത്തിൽ തന്നെ ഋഷിയുടെ അടുത്തേക്ക് ഓടി ചെന്നു… ഋഷി ദേവയെ ദയനീയമായി നോക്കി…

“”എന്നേ നോക്കണ്ട… സ്വന്തമായി പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞതല്ലേ…. തനിയെ ചെയ്തോ… “” ചുമലും കൂച്ചി പറഞ്ഞു അടുക്കളയിലേക്ക് പോകുന്ന അവളെ ഒന്ന് കൂടി ദയനീയമായി നോക്കിയിട്ട് വീണ്ടും നോട്ടം അല്ലു മോളിലേക്ക് എത്തി… “”പൂപ്പി ന്റെ കഥ താ അച്ഛേ… “”ഋഷിയുടെ കാലിൽ പിടിച്ചു പതിയെ മടിയിലേക്ക് വലിഞ്ഞു കേറാൻ നോക്കിക്കൊണ്ട് മോള് പറഞ്ഞു… മോളെ എടുത്തു മടിയിലേക്ക് വെച്ചു…. “”ഒരിടത്തൊരിടത്തു പൂപ്പി എന്നൊരു കുരങ്ങൻ ഉണ്ടായിരുന്നു…..”” ഋഷി പറഞ്ഞതും മോള്‌ അവന്റെ കൈയിലേക്ക് ഒരടി വച്ചു കൊടുത്തു…. “”പൂപ്പി കൊയങ്ങൻ അല്ല… ബൌ ബൌ.. ആ….”” സങ്കടത്തോടെ പറഞ്ഞു… “”അയ്യോ അച്ഛ മറന്നെടാ…. ഇപ്പൊ പറയാമെ… ഒരിടത്തൊരിടത്തു പൂപ്പി എന്നൊരു ബൌ ബൌ ഉണ്ടായിരുന്നു…. ഒരു ദിവസം രാവിലെ ആ ബൌ ബൌ….””

ഋഷി കഥ പറഞ്ഞു കൊടുക്കാൻ പാട് പെടുന്നത് കാൺകെ ദേവ ചിരിയടക്കി രണ്ടാളെയും നോക്കി നിന്നു… രാത്രി കിടക്കാൻ വന്നപ്പോൾ ഋഷിയുടെ നെഞ്ചിൽ കിടന്നു ഉറങ്ങുന്ന മോളെയാണ് കാണുന്നത്… ദേവ വരുന്നത് ഒന്നും അറിയാതെ രണ്ടാളും നല്ല ഉറക്കമാണ്… ഋഷിയുടെ ഒരു കൈ തലയുടെ പിന്നിൽ വച്ചു അടുത്ത കൈ കൊണ്ട് മോളെ പൊതിഞ്ഞു പിടിച്ചു കിടപ്പുണ്ട്… അല്ലുമോള് ഇതൊന്നും അറിയാതെ നല്ല ഉറക്കത്തിൽ ആയി കഴിഞ്ഞിരുന്നു…. കുറച്ചു നേരം രണ്ടാളെയും നോക്കി അങ്ങനെ നിന്നു… പിന്നെ പതിയെ ചെന്നു അവന്റെ അരികിലേക്ക് കിടന്നു… ഉറക്കം കണ്ണുകളെ പൂർണ്ണമായും കീഴ്പ്പെടുത്തും വരെ അവനിൽ തന്നെ ആയിരുന്നു കണ്ണുകൾ… ഒപ്പം അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന അല്ലു മോളിലും… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

രാത്രി വൈകിയിട്ടും ഒരല്പം പോലും ഉറങ്ങാൻ കഴിയുന്നില്ല എന്ന് തോന്നി അഭിക്ക്… ഇപ്പോഴും വല്ലത്ത ഒരാവേശം സിരകളിൽ നിറയും പോലെ… ഏറെ നാളായി കാത്തിരുന്ന നിമിഷം ഒടുവിൽ എത്തിയപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉള്ളിൽ നിറയും പോലെ.. ഇപ്പോൾ തന്നെ ശ്രീയോട് സംസാരിക്കണം എന്ന് തോന്നി അഭിക്ക്… അവന്റെ ശബ്ദം കേൾക്കാൻ ഉള്ളിൽ വല്ലാത്ത ഒരു കൊതി നിറയുന്നു… വേഗം തന്നെ ഫോണെടുത്തു സമയം നോക്കി… രാത്രി ഒന്ന് കഴിഞ്ഞിരുന്നു….. പക്ഷേ അവനോട് മിണ്ടാതെ ഇരിക്കാൻ കഴിയുമായിരുന്നില്ല…. വേഗം തന്നെ അവന്റെ നമ്പർ ഡയൽ ചെയ്തു കാതിലേക്ക് വെച്ചു… മുഴുവൻ ബെല്ലും അടിച്ചു തീർന്നിട്ടും അവൻ ഫോൺ എടുത്തിരുന്നില്ല…. നിരാശയോടെ ചുണ്ട് കൂർപ്പിച്ചു… വീണ്ടും ഒന്ന് കൂടി വിളിച്ചു… ബെൽ തീരാറായപ്പോൾ മറുവശത്തു നിന്നും എടുത്തത് പോലെ തോന്നി…

“”ഹെലോ…””. ഉറക്കം വന്നു കുഴഞ്ഞ അവന്റെ സ്വരം കേട്ടപ്പോൾ ബാക്കി പറയാണോ വേണ്ടയോ എന്ന് തോന്നി അവൾക്ക്.. “”ഞാനാ അഭിയാ….”” അത് കേട്ടതും മറുവശത്തു എന്തൊക്കെയോ അനങ്ങും പോലെ ശബ്ദം കേട്ടു…. അഭിയുടെ സ്വരം കേട്ടതും ശ്രീ കണ്ണ് രണ്ടും മുറുക്കിത്തിരുമ്മി ഫോണിലെ സമയം നോക്കി… ഒരുമണി ആയി എന്ന് കണ്ടതും നെഞ്ചോന്ന് പിടക്കും പോലെ തോന്നി അവന്… “”എന്താ അഭി… എന്തെങ്കിലും പ്രശ്നം ഉണ്ടോ…. മാമന് എന്തെങ്കിലും…””. ഷർട്ട്‌ന്റെ ബട്ടൻസ് ഒരു കൈ കൊണ്ട് വേഗം ഇടാൻ ശ്രമിക്കുന്നതിനിടയിൽ ശ്രീ ചോദിച്ചു… “”ഏ…. ഹേ…. യ്യ്…. അച്ഛന് പ്രശ്നം ഒന്നും ഇല്ല….. ഞാൻ…. ഞാൻ ശ്രീയേട്ടന്റെ സൗണ്ട് ഒന്ന് കേൾക്കാൻ വിളിച്ചതാ..””. വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു… പെരുവിരലിൽ നിന്നും ദേഷ്യം അരിച്ചു കേറും പോലെ തോന്നി ശ്രീക്ക്….

ഒരു നിമിഷത്തേക്ക് അവൻ കൈയുടെ മുഷ്ടി ഒന്ന് ചുരുട്ടി കണ്ണുകൾ അടച്ചു നിന്നു….. “”വെച്ചിട്ട് പോടീ പുല്ലേ…. പാതിരാത്രി മനുഷ്യനെ മെനക്കെടുത്താൻ….””.ശ്രീ ദേഷ്യത്തോടെ പറഞ്ഞതും ഫോൺ കട്ട്‌ ആയതും ഒന്നിച്ചായിരുന്നു… “”ഹും…. കാലമാടൻ….. കല്യാണം ഉറപ്പിച്ചിട്ടും സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല…”” അഭി ദേഷ്യത്തോടെ ഫോണിൽ നോക്കി ചുണ്ട് കോട്ടി പിറുപിറുത്തു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാവിലെ ദേവ കണ്ണ് തുറക്കുമ്പോൾ ഋഷിയെ റൂമിൽ കണ്ടിരുന്നില്ല….. അല്ലുമോളെ തന്റെ അടുത്തേക്ക് ചേർത്ത് കിടത്തിയിട്ടുണ്ട്…. മോളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് എഴുന്നേറ്റു… കുളിച്ചിട്ട് ഇറങ്ങി കണ്ണാടിയുടെ മുൻപിൽ എത്തിയപ്പോഴും ചെറുതായി കിടുങ്ങുന്നുണ്ടായിരുന്നു… കണ്ണാടിയിൽ കൂടി നോക്കിയപ്പോഴാണ് ഋഷി വീണ്ടും കട്ടിലിൽ വന്നു കിടന്നിട്ട് അവളെ തന്നെ നോക്കുന്നത് കാണുന്നത്…. അവനെ അഭിമുഖീകരിക്കാൻ അവൾക്ക് വല്ലാത്ത പ്രയാസം തോന്നി….

അവന്റെ നോട്ടം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും പോലെ…. പിടച്ചിലോടെ അവനിൽ നിന്നും നോട്ടം മാറ്റി എങ്കിലും അവന്റെ കണ്ണുകൾ തന്നിൽ തന്നെയാണെന്ന് മനസ്സിലായിരുന്നു… സിന്ദൂരം എടുക്കുമ്പോൾ കൈകൾ ചെറുതായി വിറക്കും പോലെ തോന്നി അവൾക്ക്… സീമന്തരേഖയിലേക്ക് വിരലുകൾ എത്തും മുൻപ് തന്നെ അവന്റെ കൈകൾ അവിടെ സിന്ദൂരം അണിയിച്ചിരുന്നു… ആ സിന്ദൂരത്തോടൊപ്പം അവന്റെ ചുണ്ടുകൾ കൂടി നെറുകയിൽ പതിഞ്ഞപ്പോൾ തരിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു… ഞെട്ടലോടെ നോക്കിയപ്പോൾ ഒരു കണ്ണിറുക്കി കാണിച്ചു വീണ്ടും മോളുടെ അടുത്തേക്ക് തന്നെ ചെന്നു കിടക്കുന്നത് കണ്ടു… ആദ്യത്തെ അമ്പരപ്പ് പതിയെ നാണത്തിന് വഴി മാറും പോലെ തോന്നി ദേവക്ക്… അവന്റെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും നെറുകയിൽ തങ്ങി നിൽക്കും പോലെ…….തുടരും

മഴമുകിൽ: ഭാഗം 31

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!