മഴയേ : ഭാഗം 32

Share with your friends

എഴുത്തുകാരി: ശക്തി കല ജി

അവൾ ഈ തറവാട്ടിലെ കുട്ടി തന്നെയാണ്…. വ്രതം തീരുന്ന ദിവസം വരെ ഭയക്കേണ്ടതില്ല…. പക്ഷേ അവളുടെ പക്കൽ ഇപ്പോൾ മന്ത്ര സിദ്ധികൾ ഒന്നും ഇല്ല… വ്രതം പൂർത്തിയാകുന്ന ദിവസം രുദ്രന് അവളെ വധിക്കാൻ സാധിക്കും…. അതിന് മുൻപ് ഉണ്ണിയ്ക്ക് അവിടെയെത്താൻ സാധിച്ചാൽ മന്ത്ര സിദ്ധികൾ അവൾക്ക് കൊടുക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു… ” ഗൗതം പറഞ്ഞു ” മുത്തശ്ശൻ ഇത്രയും കാലം രുദ്രനിൽ നിന്നും നമ്മെ എല്ലാരെയും രക്ഷിച്ചു… പക്ഷേ നിള അവൾക്കെന്തെങ്കിലും പറ്റിയാൽ ” അവൾ വിഷമത്തോടെ പറഞ്ഞു… ” ഒന്നും സംഭവിക്കില്ല…. ” എന്ന് പറഞ്ഞ് ഗൗതം ആപ്പിളുo നേന്ത്രപഴങ്ങളും ഓരോ കഷണങ്ങളായി മുറിച്ചു വച്ചു…

ഉത്തര യാന്ത്രികമായി ഓരോ കഷണങ്ങളായി എടുത്ത് കഴിച്ചു…. കഴിച്ച് കഴിഞ്ഞ് മുറിയിൽ വിളക്കിൻ്റെ വെട്ടത്ത് കിടക്കുമ്പോൾ ഉത്തരയുടെ മിഴികളിൽ നിന്നൊഴുകുന്ന മിഴിനീർ തുള്ളികളുടെ തിളക്കം അവന് കാണാമായിരുന്നു…. അവൻ അവളോട് ചേർന്ന് കിടന്നു… ” ഇപ്പോൾ തനിക്ക് തല ചായ്ക്കാൻ ഒരു ആശ്വാസം ലഭിക്കുന്ന സ്ഥലo വേണം… എൻ്റെ ഹൃദയം നിനക്കായ് തരാം… നിൻ്റെ പരിഭവങ്ങളും വിഷമങ്ങളും കേൾക്കാൻ എൻ്റെ ഹൃദയം കാത്തിരിക്കുകയാണ്…. എൻ്റെ ഹൃദയസ്പന്ദനങ്ങൾ നിനക്കാശ്വാസമേകും എന്നെനിക്ക് ഉറപ്പുണ്ട് ” അകന്ന് മാറാൻ ശ്രമിച്ച അവളെ ഇരു കൈകൾ കൊണ്ട് തൻ്റെ ഹൃദയത്തോട് ചേർത്തു പിടിച്ചു… ” ൻ്റെ ഉണ്ണിയ്ക്ക് എന്തെങ്കിലും അപകടം പറ്റുമോ എന്ന് ഭയം തോന്നുന്നു…

അച്ഛൻ പോയതിൽ പിന്നെ അവൻ്റെ സന്തോഷങ്ങളും ഇഷ്ട്ടങ്ങളും വേണ്ട എന്ന് വച്ചവനാണ്…. സാധാരണ അവൻ്റെ പ്രായത്തിലുള്ള ആൺകുട്ടികൾ കറങ്ങി നടക്കുമ്പോൾ അവരെ പോലെ അവന് ബൈക്ക് വേണമെന്നോ കൂട്ടുകാരോടൊപ്പം കറങ്ങി നടക്കണമെന്നോ പറഞ്ഞിട്ടില്ല .. ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കാൻ അടുക്കളയിൽ അമ്മയെ സഹായിക്കും…. ഞങ്ങൾക്ക് തണലായി അവൻ കൂടെയുണ്ടായിരുന്നു…” അവൻ്റെ ഹൃദയതാളം കേട്ട് കൊണ്ട് ചേർന്ന് കിടക്കുമ്പോൾ അവളുടെ അധരങ്ങൾ മന്ത്രിച്ചു.. “കുഞ്ഞു ദേവി കാത്തോളും….. രുദ്രൻ്റെ അന്ത്യം അടുത്തിരിക്കുന്നു… കുഞ്ഞു ദേവിക്ക് രുദ്രനെ ഇല്ലാതാക്കാൻ ഉണ്ണിയുo നിളയുo അവൻ്റെ വസതിയിൽ ചെല്ലേണ്ടത് ആവശ്യമാണ്….

അത് കൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചേ പറ്റു…. എന്നാലേ രുദ്രനിൽ എത്താൻ കഴിയു….. അവിടെ എത്തിയാലും നമ്മുടെ വ്രതം പൂർത്തിയാകുന്ന ദിവസം വരെ കാക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്…. കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ മാല ചാർത്തിയാൽ ഉടനെ ഞാനും രുദ്രൻ്റെ അടുത്തേക്ക് പോകണം… എന്നോടൊപ്പo താനുമുണ്ടാവും… . ഉണ്ണിക്ക് തനിച്ച് രുദ്രൻ്റെ ഇല്ലാതാക്കാൻ കഴിയില്ല…. കാരണം മുഴുവൻ മന്ത്രങ്ങളും അവൻ പഠിച്ചില്ല… അത് കൊണ്ട് നാളെ മുതലുള്ള മന്ത്രങ്ങൾ ഉത്തര ശ്രദ്ധയോടെ പഠിക്കണം….”….ഗൗതം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു… “എനിക്ക് പറ്റുമോ ഗൗതമേട്ടാ അവനെ ഇല്ലാതാക്കാൻ “ഉത്തര ആശങ്കയോടെ പറഞ്ഞു… “കുഞ്ഞു ദേവി നമ്മൊടൊപ്പം ഉണ്ട്” എന്ന് പറഞ്ഞ് ഗൗതം ദേവി സ്തുതി പാടി കൊണ്ടിരുന്നു…. പാട്ടിൻ്റെ താളത്തിൽ അവൾ എപ്പോഴോ ഉറങ്ങി…

ഗൗതമിന് ഉറങ്ങാൻ കഴിഞ്ഞില്ല… ഉത്തര ഉറങ്ങിയെന്ന് ഉറപ്പ് വരുത്തി… പതുക്കെ അവളെ പായയിൽ കിടത്തി… അടുത്തൊരു തലയണയും എടുത്ത് വച്ചു…. പുറകിലത്തെ വാതിലിൽ കൂടി പുറത്തിറങ്ങി… മന്ത്രം കൊണ്ട് താഴിട്ട് പൂട്ടി… ഗൗതം തൻ്റെ മുറിയിലേക്ക് നടന്നു… നിവേദയും നിളയും താമസിച്ചിരുന്ന മുറിയായത് കൊണ്ട് അന്വഷിച്ചാൽ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല…. മുറിയിലെ ഓരോ ഭാഗങ്ങൾ തപ്പി നോക്കി…. ഒന്നും കിട്ടാതെ നിരാശനായി മടങ്ങാനൊരുങ്ങുമ്പോഴാണ് കട്ടിലിൻ്റെ അടിയിൽ ബാഗിനരുകിൽ ഒരു രക്ഷ കിടക്കുന്നത് കണ്ടത്… അവൻ അത് കൈയ്യിലെടുത്തു… അവൻ അത് സൂക്ഷിച്ച് നോക്കി….. ശൂലത്തിൻ്റെ കൊത്തുപണിയുള്ള രക്ഷ… അവൻ പെട്ടെന്ന് കൈയ്യിൽ രക്ഷയുണ്ടോ എന്ന് പരിശോധിച്ചു… തൻ്റെ രക്ഷ നഷ്ട്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പിച്ചു…

ഇത് കാർത്തികദീപം തറവാട്ടിലെ ആണുങ്ങൾ മാത്രം ധരിക്കുന്ന രക്ഷയാണ്…. പക്ഷേ ഇതെങ്ങനെ ഇവിടെയെത്തി… ചിലപ്പോൾ കുളത്തിൽ ഈ ബാഗ് ഉപേക്ഷിച്ചപ്പോൾ കൂടെ വീണതാകും അവൻ അതു ഭദ്രമായി വലത് കൈയ്യിൽ ചുരുട്ടി പിടിച്ചു…. പിന്നെയും ഒന്നൂടി ചുറ്റും വീക്ഷിച്ചു… തറവാടിന് ചുറ്റും ഒന്ന് നടന്നശേഷം ഒന്നും അസ്വാഭാവികമായി കാണാത്തതുകൊണ്ട് അവൻ നിലവറയിലേക്ക് തന്നെ മടങ്ങി നിലവറയുടെ വാതിൽ തുറന്നു നോക്കുമ്പോൾ ഉത്തര അവിടെ ഉണർന്നിരിക്കുന്നത് കണ്ടു അവൻ ഒന്നു ഞെട്ടി.. ഉത്തര ദേഷ്യ ഭാവത്തിൽ തന്നെ തന്നെ നോക്കി ഇരിപ്പുണ്ട് അവൻ അകത്തു കയറിയ ഉടനെ അവൾ ഓടി വന്ന് തൻ്റെ നെഞ്ചോട് ചേർന്ന് നിന്നു “എവിടെ പോയതാണ് …

ഭയന്നുപോയി ഞാൻ കണ്ണുതുറന്നു നോക്കുമ്പോൾ ഗൗതമേട്ടനെ കണ്ടില്ല… എവിടെ പോയതാണ് എന്ന് ചോദിച്ചത് കേട്ടില്ലെ.. എവിടെപ്പോയാലും പറഞ്ഞിട്ട് പോകണ്ടേ .. ഇനി ഇങ്ങനെ ഒന്നും ചെയ്യരുത് …എന്നുപറഞ്ഞ് വിതുമ്പിക്കൊണ്ട് അവൾ നെഞ്ചോട് ചേർന്ന് കരഞ്ഞു… അവളുടെ മിഴിനീർ അവനെ നനച്ചു.. “ഞാൻ എന്തിനാണ് പറയുന്നത്… എന്നോട് പ്രണയമോ ഇഷ്ടമോ ഒന്നുംതന്നെയില്ല… ഒരു സുഹൃത്തിൻറെ സ്ഥാനം പോലും മനസ്സിൽ ഇല്ല എന്നല്ലേ പറയുന്നത്.. പിന്നെ എന്തിനാണ് ഞാൻ നിന്നെ നിന്നോട് പറഞ്ഞിട്ട് പോകേണ്ട കാര്യം എന്താ … നീ പറയുന്നത് നമ്മൾ തമ്മിൽ മറക്കേണ്ടവരാണ്.. നീ മടങ്ങി പോകും എന്നൊക്കെ അല്ലേ പറയുന്നത് എനിക്കുവേണ്ടി ഇവിടെ നിൽക്കാൻ താൽപര്യമില്ലാത്തവരോട് ഞാനെന്തിന് പറയണം.. “എന്ന് ഗൗതം പറഞ്ഞതും ഉത്തര അവനിൽ നിന്ന് അകന്നു മാറി…

മറുപടിയൊന്നും പറയാതെ പായയിൽ പോയിരുന്നു അവൾക്ക് അവൻ്റെ ചോദ്യങ്ങൾക്ക്എന്ത് മറുപടി പറയണം ഒരു രൂപവും കിട്ടിയില്ല കണ്ണുതുറന്നു നോക്കിയപ്പോൾ അരികിൽ ഗൗതം ഏട്ടൻ ഇല്ല എന്ന് കണ്ടപ്പോൾ മനസ്സിൽ വല്ലാത്ത ഒരു പേടിയായിരുന്നു …ഉറക്കെ വിളിച്ചു നോക്കി… കതകിൽ മുട്ടി നോക്കി ….കതക് തുറക്കാൻ പറ്റാതായതോടെ കൂടുതൽ ഭയം തോന്നി … നിളയെ കൊണ്ടുപോയത് പോലെ ആ രുദ്രൻ ഗൗതമേട്ടനെയും കൊണ്ടു പോയോ എന്ന് ഭയപ്പെട്ടു.. നിവേദ കൊടുത്ത മോതിരം ഗൗതമേട്ടൻ്റെ കയ്യിൽ തന്നെയല്ലേ ….ചിലപ്പോൾ നിളയെ രക്ഷിക്കാൻ വേണ്ടി മോതിരം അണിഞ്ഞ രുദ്രൻ്റെ വസതിയിൽ പോയി കാണുമോഎന്ന് കരുതി …

പെട്ടെന്നുള്ള വിഷമത്തിൽ ഗൗതമേട്ടനെ കണ്ടപ്പോൾ മനസ്സിൽ തിങ്ങി നിറഞ്ഞിരുന്ന വാക്കുകൾ പറഞ്ഞുപോയതാണ് “ക്ഷമിക്കണം ഞാൻ ഗൗതമേട്ടനെ മുറിയിൽ കാണാതായപ്പോൾ നിളയെപ്പോലെ ഏട്ടനെയും രുദ്രൻ തട്ടിക്കൊണ്ടുപോയെന്ന് കരുതി ഭയന്നുപോയി ” എന്ന് പറഞ്ഞുകൊണ്ട് അവൾ മുഖം താഴ്ത്തി ഇരുന്നു “നിനക്ക് എന്നോട് ഇഷ്ടമല്ല പ്രണയം ഇല്ല എന്ന് പറഞ്ഞാലും മനസ്സിൽ നിന്ന് നീയറിയാതെതന്നെ പ്രണയം നിന്നെ തേടി എത്തുന്നുണ്ട് കണ്ടോ ഇതാണ് ഒത്തിരി കാലം മനസ്സിൽ എന്നോടുള്ള ഇഷ്ടം ഒളിപ്പിച്ചുവെക്കാൻ ആവില്ല … ഇനി ഉത്തര ഒന്നും പറയുകയും വേണ്ട ഉറങ്ങിക്കോളൂ “എന്ന് മാത്രം പറഞ്ഞു കൊണ്ട് ഗൗതം കയ്യിൽ ഇരുന്ന രക്ഷ മടിയിൽ തന്നെ പൊതിഞ്ഞു വച്ചു….

പായയിൽ ഒരുവശത്തായി കിടന്നു… അവളുടെ മിഴികൾ നിറഞ്ഞൊഴുകി ശരിയാണ് എൻ്റെ മനസ്സിലെ പ്രണയം ഞാനറിയാതെ തന്നെ ഗൗതമേട്ടനിൽ എത്തിത്തുടങ്ങി ….മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത വിധം ഗൗതമേട്ടൻ തങ്ങി നിൽക്കുകയാണ് എത്ര അകന്ന് പോകണമെന്നും വിചാരിച്ചെങ്കിലും കഴിയുന്നില്ല … ദുഃഖം നിറയുമ്പോൾ ആ നെഞ്ചിൽ തല ചായ്ച്ച് കിടക്കണമെന്ന് മനസ്സ് കൊതിക്കുകയാണ് ഉത്തര ഗൗതമിനെ നോക്കി .. അവൻ നന്നായി ഉറങ്ങി എന്ന് മനസ്സിലായപ്പോൾ അവൾ അവൻ്റെ നെഞ്ചോട് ചേർന്ന് കിടന്നു .. ഈ കരവലയത്തിനുള്ളിൽ താൻ സുരക്ഷിതയാണ് എന്ന് അവളുടെ മനസ്സ് മന്ത്രിച്ചു പതിയെ അവളുടെ മിഴികളിൽ അടഞ്ഞു..

കുഞ്ഞുദേവിയുടെ കുസൃതി ഒന്നും കൂടാതെ തന്നെ ഉത്തര അവൻ്റെ കരവലയത്തിനുള്ളിൽ സുരക്ഷിതയായി ഉറങ്ങി… അവൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു .. ഉത്തര ഉറക്കത്തിൽ ആയതും അവൻ ഒന്നുകൂടി അവളെ ചേർത്തുപിടിച്ച് കിടന്നു പുലർച്ചെ ഉണരുമ്പോഴും അവൻ ഉത്തരയേ ചേർത്തുപിടിച്ചു തന്നെ കിടക്കുന്നുണ്ടായിരുന്നു.. ഉത്തര ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു കുളിക്കാനായി പോവാൻ തുടങ്ങിയതും ഗൗതം കണ്ണു തുറന്നു അവളെ നോക്കി… ” ഒരു നിമിഷം ഞാനും വരുന്നു നിനക്ക് കാവലായി ഉണ്ടാവണം . നിന്നെ കൂടി നഷ്ടപ്പെടുത്താൻ വയ്യ.. രുദ്രനെ വിശ്വസിക്കാൻ പറ്റില്ല അടുത്ത ജന്മവും അവൻ മന്ത്രശക്തി ഉള്ളവൻ ആയിരിക്കാൻ വേണ്ടിയിട്ട് ചിലപ്പോൾ നിളയെ കൂടാതെ നിന്നെയും കൊണ്ടുപോകാൻ അവൻ ശ്രമിക്കും…

അതുകൊണ്ട് കൂടുതൽ സുരക്ഷയോടെ തന്നെ ഇരിക്കണം ഞാനും വരുന്നു കൂടെ ” എന്ന് പറഞ്ഞവൻ ഉത്തരയോടൊപ്പം പോയി…. അന്നു മുഴുവൻ ഒരു നിഴലുപോലെ ഉത്തരയൊടൊപ്പം ഗൗതം ഉണ്ടായിരുന്നു….. നിളയെ തറവാട്ടിൽ വച്ച് കാണാതായത് കൊണ്ട് ഭയന്ന് വല്യച്ഛൻ ഭാര്യയും മീരയും കൂട്ടി തിരികെ കാർത്തികദീപം തറവാട്ടിലേക്ക് പോയി… ഉണ്ണിയ്ക്ക് പകരം മാധവിനെ വിളക്ക് കൊളുത്താൻ മുത്തശ്ശൻ ഏൽപ്പിച്ചു…. ഉണ്ണി തിരിച്ച് വരുന്നത് വരെ മാധവ് പൂജയുടെ കാര്യങ്ങൾ നോക്കാമെന്ന് സമ്മതിച്ചു…. രാഗിണിയമ്മയും ഹരിനാരായനദ്ദേഹവും വിഷ്ണുവും വൈകുന്നേരമാണ് വന്നത്… വന്ന് കഴിഞ്ഞ് തറവാട്ടിൽ നടന്ന കാര്യങ്ങൾ മുത്തശ്ശി വിശദീകരിച്ച് തന്നെ പറഞ്ഞു…

“നിവേദയെ ഉത്തര താമസിച്ചിരുന്ന മുറിയിൽ ബന്ധിച്ചിരിക്കുകയാണ്… അതു കൊണ്ട് രാത്രി മുഴുവൻ ഞാൻ കാവലിരിക്കുകയായിരുന്നു…. നിളയെയും ഉണ്ണിയേയും കുറിച്ച് ഓർത്ത് ഉറക്കം വന്നതുമില്ല…. ഗൗതം തറവാടിന് കാവൽ നിൽക്കുകയായിരുന്നു….. പോകരുത് എന്ന് പറഞ്ഞിട്ടും മീരയേയും കൂട്ടി അവർ രണ്ടു പേരും തറവാട്ടിലേക്ക് തിരിച്ച് പോയി…. ” മുത്തശ്ശി വിഷമത്തോടെ പറഞ്ഞു… ” അവർ തിരിച്ച് പോയത് ശരിയായില്ല… ഒരു അപകടം വരുമ്പോൾ എല്ലാരും ഒരുമിച്ച് നിൽക്കണ്ടെ…. “ഹരിനാരായണദ്ദേഹം പറഞ്ഞു.. “പോകുന്നവര് പോട്ടെ.. അവർക്ക് പകരം മാധവ് ഇവിടെ ഉണ്ടല്ലോ അത് മതി.”… പിന്നെ കിരൺ… അവൻ്റെ കാര്യങ്ങൾ രാഗിണി ശ്രദ്ധിച്ചോണം… സുഖമില്ലാത്ത കുട്ടിയല്ലെ.. “ഹരിനാരായണദ്ദേഹം രാഗിണിയമ്മയോടായി പറഞ്ഞു… “എനിക്ക് വിഷ്ണുവും കിരണും ഒരുപോലെ തന്നെയാണ്…

ഞാൻ ഒരു കുറവും വരാതെ നോക്കിക്കോളാം… “…എന്ന് പറഞ്ഞ് രാഗിണിയമ്മ മുറിയിലേക്ക് പോയി… ഗൗതം വിഷ്ണുവിനെ നോക്കി… കൈയ്യിലെ ബൻ്റേജ് മാറ്റി പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്… ” ഇനി ഒരു മാസം കഴിഞ്ഞാൽ കാലിലെ പ്ലാസ്റ്റർ എടുക്കാം… കൈയ്യിലെ ഒന്നര മാസം എന്നാ ഡോക്ടർ പറഞ്ഞത് ”വിഷ്ണു ഗൗതമിനെ നോക്കി… “എല്ലാം ശരിയാവും…”ഗൗതം അവനെ വീൽച്ചെയറിൽ പിടിച്ചിരുത്തി… മുറിയിലേക്ക് കൊണ്ടുപോയി… കിരൺ അവരെ നോക്കി കൊണ്ട് കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു…. ഗൗതം വിഷ്ണുവിന് വസ്ത്രം മാറ്റി കൈലി ഉടുപ്പിച്ചു കട്ടിലിൽ ഇരുത്തി… ” അച്ഛനും അമ്മയും പോയി എന്ന് വിചാരിച്ച് വിഷമിക്കണ്ട… എന്താവശ്യമുണ്ടേലും ഞങ്ങൾ ഉണ്ട് കേട്ടോ ” ഗൗതം കിരണിൻ്റെ തലമുടിയിൽ തലോടികൊണ്ട് പറഞ്ഞു… ഗൗതമിൻ്റെ വാക്കുകൾ കേട്ട് കിരണിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… ”

ആഹാ ഇവിടെ ഇരിക്കയാണോ… ഗൗതമിനെ അവിടെ മുത്തശ്ശൻ തിരക്കുന്നു” മാധവ് മുറിയിലേക്ക് വന്നു… “ഓ… ശരി. ഞാൻ പോകാം… പിന്നെ കിരണിനെ ചികിത്സിക്കാൻ പുതിയ ഒരു ഡോക്ടറിനെ ഏർപ്പാടാക്കിയിട്ടുണ്ട്….. ഇത് വരെയുള്ള ചികിത്സയുടെ ഫയൽ ഒന്ന് എനിക്ക് വേണം… അത് ഡോക്ടർ ആവശ്യപ്പെട്ടിരുന്നു… ” ഗൗതം മാധവിനോടായി പറഞ്ഞു… ” അതിനെന്താ നാളെ രാവിലെ തറവാട്ടിലേക്ക് പോകുമ്പോൾ എടുത്ത് കൊണ്ട് വരാം… അച്ഛൻ്റെ കൈയ്യിലാവും അതിൻ്റെ ഫയൽ… കാരണം കിരണിൻ്റെ ചികിത്സ കാര്യങ്ങൾ നോക്കുന്നത് അച്ഛനാണ് “മാധവ് പുഞ്ചിരിയോടെ പറഞ്ഞു…. “ശരി വിവരങ്ങൾ കിട്ടിയാൽ ഞാൻ നാളെ ഡോക്ടർക്ക് മെയിൽ അയച്ചോളാം” എന്ന് പറഞ്ഞ് ഗൗതം മുറിയിൽ നിന്ന് ഇറങ്ങും മുൻപ് ഒന്നൂടി വിഷ്ണുവിനെയും കിരണിനേയും ഒന്ന് നോക്കി…

എന്നിട്ട് മാധവിനെയും നോക്കി പുഞ്ചിരിച്ചു.. തിരിഞ്ഞ് നടക്കുമ്പോൾ മനസ്സാകെ അസ്വസ്ഥമായിരുന്നു….. അവൻ മുത്തശ്ശിയുടെ മുറിയിലേക്ക് നടന്നു… നിവേദയെ ബന്ധിച്ചിരുന്ന മുറിയുടെ വാതിൽ പാതി തുറന്നിരിക്കുന്നത് അവൻ ഞെട്ടലോടെ കണ്ടു.. അവൻ ഓടി വന്നു …. വാതിലിലെ ബന്ധനം ആരോ ഇല്ലാതാക്കിയിരിക്കുന്നു…. പാതി തുറന്നിരുന്ന കതക് മുഴുവനായി തുറന്നു നോക്കി… മുറിയിൽ നിവേദയെ കണ്ടില്ല… അവൻ വേഗം നിലവറയിലേക്ക് ഓടി…. ഈ സമയം മലമുകളിലെ രുദ്രൻ്റെ വസതിയിൽ അയാളുടെ പൊട്ടിച്ചിരിയുയർന്നു….. ഒരു തൂണിൽ കൈകൾ ബന്ധിച്ച നിലയിൽ നിള ബോധമില്ലാതെ കിടക്കുന്നു…. നിവേദ പുഞ്ചിരിയോടെ അവളുടെ അരികിൽ നിൽക്കുന്നു….. “നീയാണ് എൻ്റെ മന്ത്രങ്ങളുടെ അവകാശി ” എന്നയാൾ ഉറക്കെ പറഞ്ഞ് അട്ടഹസിച്ചു….

“ഈയൊരു നിമിഷത്തിനായിട്ടാണ് ഞാൻ ഇത്രയും കാലം കാത്തിരുന്നത്… എനിക്കും മന്ത്രങ്ങൾ പഠിക്കണം.. കിരണേട്ടനെ പഴയത് പോലെയാക്കണം എനിക്ക്.. എൻ്റെ പ്രണയം എനിക്ക് നഷ്ട്ടപ്പെടുത്താൻ ആവില്ല… കിരണേട്ടൻ്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായവരെ ഞാൻ വെറുതെ വിടില്ല….. അതിന് വേണ്ടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്…” നിവേദ സന്തോഷത്തോടെ പറഞ്ഞു… “വേഗം എന്നെ തിരികെ തറവാട്ടിലേക്ക് പോകണം… അല്ലെങ്കിൽ ഞാൻ അവിടെ നിന്ന് ഇങ്ങോട്ടേക്ക് വന്ന വിവരം ആരേലും അറിയും ” എന്ന് പറഞ്ഞ് അവൾ കൈയ്യിൽ കരുതിയിരുന്ന മോതിരം വിരലിൽ അണിഞ്ഞു…. രുദ്രൻ അവളുടെ നേരെ ജലം കുടഞ്ഞതും അവൾ അപ്രത്യക്ഷയായി..

പഴയത് പോലെ തറവാട്ടിലെ മുറിയിൽ ബന്ധനസ്ഥയായി കിടന്നു…. വാതിലിലെ മന്ത്രങ്ങൾ കൊണ്ടുള്ള ബന്ധനവും പഴയത് പോലെയായി…. ഗൗതം മുത്തശ്ശനേയും കൂട്ടി നിവേദയെ ബന്ധിച്ചിരുന്ന മുറിയുടെ മുൻപിൽ എത്തിയപ്പോൾ അമ്പരന്നു നിന്നു പോയി.. ” ഇത് തുറന്നിട്ടില്ലല്ലോ ഗൗതം “മുത്തശ്ശൻ ഗൗതമിനെ നോക്കി… “കുറച്ച് മുൻപ് ഞാൻ വന്ന് നോക്കിയപ്പോൾ വാതിൽ തുറന്നിരിക്കുകയായിരുന്നു… അകത്ത് കയറി നോക്കിയപ്പോൾ അകത്ത് നിവേദയേയും കണ്ടില്ല ” ഗൗതം പരിഭ്രമത്തോടെ പറഞ്ഞു…. “എന്നാൽ കതക് തുറന്ന് നോക്കിക്കേ ” മുത്തശ്ശൻ പറഞ്ഞു… ഗൗതം കണ്ണടച്ചു മന്ത്രം ജപിച്ചു കൈകൾ ഉയർത്തിയപ്പോൾ കതക് തുറന്നു…

നിവേദ ഒന്നുമറിയാത്തത് പോലെ കട്ടിലിൽ കിറന്നുറക്കം നടിച്ചു കിടന്നു… അകത്ത് നിവേദയെ കണ്ടപ്പോൾ സമാധാനമായി.. ഗൗതം പഴയത് പോലെ കതക് മന്ത്രം കൊണ്ട് ബന്ധിച്ചു… ” ഗൗതം ഉത്തരയെ ശ്രദ്ധിക്കണം…. പിന്നെ നിവേദയ്ക്ക് മറ്റാരോ സഹായം ചെയ്യുന്നുണ്ട്… അതും തറവാട്ടിനകത്ത് നിന്ന് തന്നെ “. മുത്തശ്ശൻ പറഞ്ഞ് കൊണ്ട് നടന്നു… ഗൗതം ഉത്തരയുടെ അടുത്തേക്ക് പോയി… ഉത്തരയോട് സംഭവിച്ചതൊക്കെ പറഞ്ഞു…. “മാധവേട്ടൻ ആളെങ്ങെനെയാ “ഉത്തര സംശയത്തോടെ ചോദിച്ചു… “ഹേയ് പാവമാ…. മാധവേട്ടനെ സംശയിക്കേണ്ട ഒരു ആവശ്യവുമില്ല”… പിന്നെ കിരൺ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലും… വിഷ്ണു പിന്നെ നമ്മുടെ പക്ഷമാണ്…

പിന്നെയുള്ളത് ഉത്തരയുടെ വല്യച്ഛൻ…. അവർ പക്ഷേ ഇവിടെ ഇല്ലല്ലോ…” ഗൗതം ആകെ നിരാശയോടെ പറഞ്ഞു… ” അങ്ങനെ വിടാൻ പാടില്ല…. ഈ സാഹചര്യത്തിൽ എല്ലാരെയും സംശയിച്ചേ പറ്റു… എനിക്കിപ്പോ ഗൗതമേട്ടനെ വരെ സംശയമാ” ഉത്തരയുടെ മറുപടി കേട്ട് കൂടുതൽ വിഷമത്തോടെ ഒന്നും മിണ്ടാതെ നിലവറയിൽ നിന്നിറങ്ങി… താമരപ്പൊയ്കയുടെ പടവിൽ വന്നിരുന്നു… താമര പൂക്കൾ നിറയെ വിരിഞ്ഞു നിന്നിരുന്നു… ഒറ്റയ്ക്കിരിക്കുന്ന മകനെ രാഗിണിയമ്മ കണ്ടു… അവർ അവൻ്റെ അടുത്ത് വന്നിരുന്നു.. “എന്ത് പറ്റി ഗൗതം ” അമ്മയുടെ ശബ്ദം കേട്ട് അവൻ മുഖമുയർത്തി നോക്കി…. അവൻ മടികെട്ടിൽ സൂക്ഷിച്ച് വച്ചിരുന്ന രക്ഷ കൈയ്യിലെടുത്തു…

“ഈ രക്ഷ തറവാട്ടിലെ ആരുടെയോ ആണ്… പക്ഷേ ആരുടേതെന്ന് അറിയില്ല…. ഈ രക്ഷയുടെ ഉടമയാണ് തറവാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം “ഇത് എവിടെ സൂക്ഷിക്കണം എന്നറിയില്ല ” ഗൗതമിൻ്റെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു.. “മുത്തശ്ശന് പറയാനാകും… പക്ഷേ ഈയൊരവസരത്തിൽ ചോദിക്കാതിരുക്കുന്നതാണ് നല്ലത്… ഇതിൻ്റെ ഉടമയെ കണ്ടു പിടിച്ചിട്ട് വേണം മുത്തശ്ശൻ്റെ മുൻപിൽ ചെല്ലാൻ… തീർച്ചയായും കഴിയും” രാഗിണിയമ്മ മകനെ ആശ്വസിപ്പിച്ചു…. എന്തായാലും കാത്തിരിക്കുക തന്നെ വേണം….. ഒരു ദിവസം കൂടി കൊഴിഞ്ഞ് പോയി…. പിറ്റേ ദിവസം രാവിലെ ഉണ്ണിയ്ക്ക് പകരം മാധവാണ് കാവിൽ വിളക്ക് തെളിയിച്ചത്….

തറവാട്ടിലെ നിലവറയിൽ വിളക്ക് തെളിച്ച ശേഷം മാധവ് കിരണിൻ്റെ ചികിത്സയുടെ വിവരങ്ങൾ അടങ്ങിയ ഫയൽ എടുത്ത് കൊണ്ടുവന്നു ഗൗതമിന് കൊടുത്തു… ഗൗതമത് തറവാട്ടിൽ തിരികെ വന്ന ഉടനെ സ്കാൻ ചെയ്ത് മെയിൽ ചെയ്തു… ഉത്തര അവനരുകിൽ വന്നിരുന്നു… ” ഗൗതമേട്ടൻ കിരണിനെ രക്ഷിക്കാൻ ശ്രമിക്കുകയാണോ. അവൻ കാരണം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്….. അവൻ ചെയ്ത തെറ്റുകൾക്കാണ് ശിക്ഷ അനുഭവിക്കുന്നത്…. ഞാൻ തന്ന പരാതിയെന്തായി…… “ഉത്തര ദേഷ്യത്തോടെ പറഞ്ഞു…. “ഇയൊരവസ്ഥയിൽ കിരൺ എന്ത് ചെയ്യാനാണ്. അവൻ നിൻ്റെ അനിയനാണ്……” എന്ന് മാത്രം പറഞ്ഞ് കൊണ്ട് ഗൗതം എഴുന്നേറ്റു….

ഗൗതമിൻ്റെ മറുപടിയിൽ ഉത്തരയ്ക്ക് ദേഷ്യം വന്നു….. അവൾ അവനെ പിടിച്ചു തള്ളാൻ ശ്രമിച്ചെങ്കിലും വീണ് പോയത് അവളാണ്… ” ഇത്രേയുള്ളു…….. ” ഗൗതം ചിരിച്ച് കൊണ്ട് മുൻപോട്ട് നടന്നു…… ” കളിയാക്കണ്ട….. എൻ്റെ അച്ഛനെ ഇല്ലാതാക്കിയവരെ ഞാൻ വെറുതെ വിടില്ല” ഉത്തര തറയിൽ നിന്ന് ചാടിയെഴുന്നേറ്റു കൊണ്ടു പറഞ്ഞു….. അവനവളോട് സഹതാപം തോന്നി…. അവളുടെ കൈ പിടിച്ച് മുല്ലവള്ളിയുടെ ചുവട്ടിൽ പിടിച്ചിരുത്തി….. “ഉത്തര ഞാനൊരു രഹസ്യം പറയാം…. ഞാനന്ന് പറഞ്ഞിരുന്നില്ലെ നിൻ്റെ അച്ഛനെ ഇല്ലാതാക്കിയവരെ ഞാൻ കണ്ടു പിടിച്ചു തരും എന്ന്…….. പക്ഷേ ഇപ്പോൾ എടുത്ത് ചാടി ഒന്നും പ്രതികരിക്കരുത്…… നിൻ്റെ അച്ഛനെ ഇല്ലാതാക്കിയത് രുദ്രനല്ല… രുദ്രൻ്റെ നിർദ്ദേശപ്രകാരം നിൻ്റെ വല്യച്ഛനാണ് ” ഗൗതമിൻ്റെ വാക്കുകൾ അവളെ കൂടതൽ തളർത്തി കളഞ്ഞു….. തുടരും

മഴയേ : ഭാഗം 31

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!