ഋതുസംക്രമം : ഭാഗം 15

ഋതുസംക്രമം : ഭാഗം 15

എഴുത്തുകാരി: അമൃത അജയൻ

” എടാ മ .. .മ .. അല്ലേ വേണ്ട മണകൊണാഞ്ച , നീയെന്തിനാ ഇന്നവളെ കാണാൻ പോയത് .. ” ഉണ്ണിയുടെ ചോദ്യം നിരഞ്ജനെ ചിരിപ്പിച്ചു .. ഹോസ്പിറ്റലിലേക്കുള്ള വഴിയിൽ അക്വേഷിയ മരത്തിന് ചുവട്ടിൽ ബൈക്ക് ഒതുക്കി നിർത്തി ഉണ്ണിയോട് സംസാരിക്കുന്നതിനിടയിലും തന്നെ കടന്നു പോകുന്ന പരിചിതരെ നോക്കി പുഞ്ചിരിക്കാൻ മറന്നില്ല .. ഫോണിൽ ഉണ്ണി കലിപ്പിക്കുകയാണ് . ഉണ്ണിമായ അവനെ വിളിച്ചു തെറി പറഞ്ഞുവത്രേ . . ഇനി മേലിൽ ഈ പരിപാടിക്ക് അവളെ പ്രതീക്ഷിക്കണ്ട .. ഹെൽപ്പ്ലൈൻ പ്രവർത്തനമവസാനിപ്പിച്ചതായി അറിയിപ്പ് കിട്ടി .. നാളെയവളിത് മാറ്റിപ്പറയുമെന്ന് മാത്രം പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു . അപ്പോഴും ചുണ്ടിലൊരു കുസൃതിച്ചിരി തത്തിക്കളിച്ചു .. ** * * * * * * * * * * * * * * * * *

രാത്രി ഒൻപതായിട്ടും അഞ്ജന എത്തിയില്ല .. പുസ്തകത്തിൽ മനസുറപ്പിക്കാൻ കഴിയാത്തതിനാൽ മൈത്രി , ലൈറ്റണച്ചു കിടന്നു .. കാതിലപ്പോഴും കാട്ടുപൂവ് എന്ന കവിത മുഴങ്ങിക്കൊണ്ടിരുന്നു .. മൈത്രേയിക്കെങ്ങനെ നിരഞ്ജനെ മോഹിക്കാനാകും .. പക്ഷെ ഹൃദയം കൊണ്ടിഷ്ടപ്പെടുന്നത് അവനെയാണ് . അവൻ്റെ പുഞ്ചിരിക്ക് മഴയുടെ ശക്തിയുണ്ട് .. ലാവ പോലെ ചുട്ടുപഴുത്ത മൈത്രിയുടെ ഹൃദയം തണുപ്പിക്കാൻ കെൽപ്പുള്ള മഴയാണത് .. ഫാനിൻ്റെ കാറ്റേറ്റ് തെന്നി മാറുന്ന ജാലകവിരിയ്ക്കിടയിലൂടെ നീല നിലാവ് അനുവാദമില്ലാതെ കടന്നു വന്നു .. അവൾ പുഞ്ചിരിച്ചു .. നിലാവ് പോലും തോൽക്കുന്ന പുഞ്ചിരി .. ******** * * *

പിറ്റേന്നവൾ പതിവിലും നേരത്തെയുണർന്നു . . നിരഞ്ജനോട് പറയാനുള്ളത് നേരത്തെ തന്നെ മനസിലുറപ്പിച്ചതാണ് . എന്നിട്ടും സുന്ദരിയായി അണിഞ്ഞൊരുങ്ങി .. കറുത്ത ജീൻസും ബ്രൗൺ കളർ കുർത്തിയുമിട്ടു .. കണ്ണുകൾ മനോഹരമായി വാലിട്ടെഴുതി .. താഴേക്കിറങ്ങി വന്നപ്പോൾ നോട്ടം അമ്മയുടെ അടഞ്ഞുകിടക്കുന്ന വാതിലിലേക്ക് നീണ്ടു .. രണ്ട് വെള്ളയപ്പവും മുട്ടക്കറിയും കഴിച്ചെന്നു വരുത്തി എഴുന്നേറ്റോടി . പത്മരാജനോട് യാത്ര പറഞ്ഞ് , കാറിൽ കയറി പോകുമ്പോൾ കണ്ണുകളറിയാതെ വീടിനുള്ളിലേക്ക് നീണ്ടു .. ***** * * * * * * * * * * * *

മൈത്രി കാറിൽ വന്നിറങ്ങുമ്പോൾ , പ്രധാന കവാടത്തിനടുത്ത് വിന്നിയും ഗാഥയും അക്ഷമരായി കാത്ത് നിൽക്കുന്നത് കണ്ടു . അവൾക്കു ചിരി വന്നു .. അവരുമിന്നലെ ഫോണിൽ സെർച്ചു ചെയ്തിട്ടുണ്ടെന്ന് വ്യക്തം . ” എൻ്റെ മൈത്രീ , നീയൊന്നു വേഗം വന്നേ … ഒരു സംഭവമുണ്ട് … ” എന്തോ വലിയ കാര്യം കണ്ടു പിടിച്ച മട്ടിൽ വിന്നി മൈത്രിയുടെ കൈപിടിച്ചു വലിച്ചു … ” കാട്ട്പൂവാണോ ‘ സംഭവമെന്ന തൻ്റെ ചോദ്യത്തിന് ഇരുവരും അതിശയത്തോടെ നോക്കി . ” നീയെങ്ങനെ കണ്ടു പിടിച്ചെന്നായി അടുത്ത ചോദ്യം . തനിക്കു ഫോണില്ലായിരുന്നത് അവർക്കറിവുള്ള കാര്യമാണ് .. അമ്മ നൽകിയ ഫോണിൽ യൂട്യൂബ് ഓപ്പൺ ചെയ്തു എന്നു പറയുമ്പോൾ സ്വയം അഭിമാനം തോന്നി ..

അതിനു കാരണമുണ്ട് .. മൈത്രിയെ സംബന്ധിച്ച് അതൊരു സാഹസികമായ പ്രവർത്തിയായിരുന്നു . അമ്മയറിയുമ്പോളുള്ള ഭൂകമ്പം അപ്പോഴും വിസ്മരിക്കാൻ ശ്രമിച്ചു .. ക്ലാസിലേക്ക് പോകും വഴി ഉണ്ണിമായയെ കണ്ടു . . അപ്പോൾ തന്നെ വിന്നി അവളുടെ മുന്നിലും സംഗതി വിസ്തരിച്ചു .. കേട്ടുകഴിഞ്ഞപ്പോൾ ആ മുഖത്തും പ്രകാശിച്ചു നൂറുവാട്ട് ബൾബ് .. ഉച്ചയോടടുക്കും തോറും മൈത്രിയുടെ ഞ്ചിൽ കനം തൂങ്ങി .. ക്ലാസിൽ ഇരിക്കുന്നന്നേയുള്ളു .. ഒരിടത്തും മനസുറക്കുന്നില്ല .. ഒരു പക്ഷെ ഇതവസാനത്തെ കാഴ്ചയായിരിക്കും .. അവൻ സുഖമുള്ളൊരോർമയായി മാറാൻ കുറച്ചു സമയങ്ങൾ കൂടി മാത്രം ..

തൻ്റെ കണ്ണീർ വറ്റാത്ത രാത്രികളിൽ തല ചായ്ച്ചുറങ്ങാനൊരു മടിയാകണം അവൻ്റെയോർമ്മകൾ .. കാലമെത്ര കടന്നു പോയാലും അവസാന ശ്വാസം വരെ മൈത്രിയോർത്തിരിക്കും നിരഞ്ജനെ .. മൈത്രിയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം നിരഞ്ജനായിരിക്കും .. എളിയിലൊരു ചരടു കെട്ടി നിയന്ത്രിക്കുന്നത് മൈത്രേയിയുടെ രൂപമുള്ള പാവയെ ആയിരിക്കും . ആത്മാവിനെയാരും നിയന്ത്രിക്കില്ലല്ലോ .. കണ്ണിൽ നിന്ന് രണ്ട് തുള്ളിയടർന്ന് കവിളിലേക്ക് വീണു . ക്ലാസ് എടുത്തു കൊണ്ടിരുന്ന ടീച്ചർ അത് ശ്രദ്ധിച്ചുവെന്ന് മനസിലായപ്പോൾ വ്യർത്ഥമെങ്കിലും കൈകൊണ്ട് മുഖമൊളിപ്പിക്കാൻ ശ്രമിച്ചു ..

ഭക്ഷണം കഴിച്ചു കഴിഞ്ഞുടൻ മൈത്രേയിയും വിന്നിയും ഗാഥയും കൂടി ഇന്നലെ തമ്മിൽ കണ്ട സ്ഥലത്തേക്ക് നടന്നു .. നിരഞ്ജനോട് താൻ ഇഷ്ടമാണെന്ന് പറയുമെന്ന് കരുതിയാണ് അവർ കൂടെ വരുന്നത് .. രാവിലെ മുതൽ രണ്ടാളുമവളെ ബ്രെയിൻ വാഷ് ചെയ്യുകയാണ് .. പറഞ്ഞതെന്താണെന്നറിഞ്ഞാൽ അവർ പിണങ്ങും .. കൈകഴുകാൻ നിൽക്കുമ്പോൾ തമ്മിൽ കണ്ടുടൻ ഉണ്ണിമായയും അതാണ് പറഞ്ഞത് .. ഉച്ചയ്ക്ക് ശേഷം ടെസ്റ്റ് പേപ്പറുള്ളത് കൊണ്ട് അവൾക്ക് കൂടെ വരാൻ കഴിഞ്ഞില്ല .. ആ വിഷമവും പറഞ്ഞിട്ടാണ് പോയത് .. പ്രിൻ്റിംഗ് പ്രസിനടുത്ത് എത്താറായപ്പോൾ നിരഞ്ജൻ്റെ ബൈക്ക് കണ്ടു ..

ആളെ കണ്ടില്ല .. കുറച്ചു കൂടെ താഴേക്ക് ചെന്നപ്പോൾ , വിശ്രമകേന്ദ്രത്തിലെ സിമൻ്റ് ബെഞ്ചിൽ ഫോൺ നോക്കിയിരിപ്പുണ്ട് നിരഞ്ജൻ .. ഗാഥയും വിന്നിയും അവനെ കണ്ടുടൻ കൈയുയർത്തി ഹായ് പറഞ്ഞു . . തിരിച്ച് അവനും .. മൈത്രി മാത്രമേ അവൻ്റെയടുത്തേക്ക് ചെന്നുള്ളു .. അവൾ സംസാരിച്ചു കഴിഞ്ഞിട്ട് നിരഞ്ജനെ വിശദമായി പരിചയപ്പെടാനിരിക്കുകയാണ് വിന്നിയും ഗാഥയും .. അവർ നടപ്പാതയിൽ നിന്ന് അൽപ്പം അകത്തേക്ക് കയറി നിലയുറപ്പിച്ചു .. അവിടെ നിന്നാൽ ആരെങ്കിലും വന്നാലും കാണാം .. മനസ് കല്ല് പോലെ ഉറപ്പിച്ചു വയ്ക്കാൻ ശ്രമിച്ചു .. അതൊരു പാഴ് ശ്രമമാണ് .. അവൻ്റെ മുഖത്തേക്ക് നോക്കിയാൽ വെണ്ണ പോലെ അലിയും മൈത്രി ..

അവൾ അടുത്ത് ചെന്ന് നിലത്തേക്ക് നോക്കി നിന്നു .. ” ഇരിക്കടോ …” തൻ്റെയരികിലിരിക്കാനുള്ള അവൻ്റെ ക്ഷണം അവൾ നിരസിച്ചില്ല .. അവളരികിലിരിക്കുമ്പോൾ സുഖമുള്ളൊരു ഗന്ധം നിറഞ്ഞു . ഉള്ളിലെ ടെൻഷൻ ഞെട്ടപൊട്ടിച്ചു തീർക്കുന്നത് കണ്ടപ്പോൾ അവന് ചിരി വന്നു .. മാടപ്രാവിനെയോർമിപ്പിക്കും വിധമുള്ള ആ കരം ഗ്രഹിച്ച് ഓമനിക്കാൻ ആശ തോന്നി .. ” ഏത് പൂവാണെന്ന് കണ്ടെത്തിയോ …” അവൻ്റെ കുസൃതി കലർത്തിയുള്ള ചോദ്യം വല്ലാതെ പൊള്ളിച്ചു . വേണ്ട .. വല്ലാതെ നീട്ടിക്കൊണ്ട് പോകണ്ട .. അങ്ങനെയായാൽ ചിലപ്പോ താനും .. ” എനിക്ക് മനസിലായി എന്താ പറയാതെ പറഞ്ഞതെന്ന് ..

പക്ഷെ അത് വേണ്ട … എൻ്റെ … എൻ്റെ വിവാഹമുറപ്പിച്ചതാ .. നമുക്ക് നല്ല രണ്ട് ഫ്രണ്ട്സായിട്ടിരിക്കാം .. ” അവൻ്റെ മുഖത്തേക്ക് നോക്കാതെ കൈവിരലുകളിലേക്ക് നോക്കി ഹൃദയം ഒളിപ്പിച്ചു വച്ചു .. നിരഞ്ജന് വാക്കുകൾ നഷ്ടപ്പെട്ടു പോയി .. അറിഞ്ഞിരുന്നില്ല അവൾ മറ്റൊരാളുടെ പെണ്ണാണെന്ന് .. അറിയാമായിരുന്നെങ്കിൽ ഒരിക്കലും അവളെ മോഹിക്കില്ലായിരുന്നു .. ആരും പറഞ്ഞില്ലല്ലോ .. ഉണ്ണിയും ഉണ്ണിമായയും .. ആരും .. വെറുതെ തനൊരു കോമാളിയായി .. എന്തിനാ വിധിയെന്നും തന്നെ വിഡ്ഢിയാക്കുന്നത് .. നിരഞ്ജൻ നിർഭാഗ്യവാനാണ് .. ഒന്നും സ്വന്തമല്ലാത്തവൻ .. അവൻ അവൾക്കരികിൽ നിന്ന് എഴുന്നേറ്റ് കഴിഞ്ഞിരുന്നു … ” സോറി ….സോറി കുട്ടി ..

എനിക്കറിയില്ലായിരുന്നു .. അറിഞ്ഞു കൊണ്ട് ഒരിക്കലും ഇങ്ങനെയൊരു സീനുണ്ടാക്കില്ലായിരുന്നു .. കുട്ടി ക്ഷമിക്കു ..” ഓരോ വാക്കുകളും തീ പോലെയവളിൽ വർഷിച്ചു .. മൈത്രിയാ ചൂടിൽ വെന്തുരുകുകയാണ് .. ഒടുവിലാ കുഞ്ഞു സ്വപ്നവും അവസാനിക്കുന്നു .. ഇനിയൊരിക്കലും മൈത്രിയെ തേടി നിരഞ്ജൻ വരില്ല.. ഒരു ഫ്രണ്ടായി പോലും അവൻ കൂടെ കൂട്ടില്ല .. ” ഞാൻ .. ഞാൻ പോട്ടെ .. സോറി … സോറി ഫോർ ആൾ .. ” ഇടറിയ വാക്കുകൾ സമർത്ഥമായി മറയ്ക്കാൻ ശ്രമിച്ചിട്ടും ഇടയ്ക്കൊക്കെ പാളിപ്പോയി .. ബൈക്ക് സ്റ്റാർട്ടാവുന്ന ശബ്ദം കേട്ടപ്പോഴാണ് അവൻ അരികിൽ നിന്ന് പൊയ്ക്കഴിഞ്ഞു എന്ന് മനസിലായത് .. ബൈക്ക് തിരിച്ചു പോകുമ്പോൾ അവനൊന്ന് നോക്കിയെന്ന് തോന്നി ..

അതോ വെറും തോന്നലോ .. കൈകളിൽ മുഖം താങ്ങി അവൾ വിതുമ്പി .. അവൻ പോയി .. ഒരു ചാറ്റൽ മഴ പോലെ മൈത്രിയിലവൻ പെയ്ത് തോർന്നു .. ഇനിയാ കുളിർ മാത്രമേയുള്ളു .. ഹെൽമറ്റ് വച്ചിരുന്നിട്ടും നിരഞ്ജന് കണ്ണും മുഖവും ചുട്ടു നീറ്റി .. മെഡിക്കൽ കോളേജിലേക്കല്ല അവൻ പോയത് .. രണ്ട് രണ്ടര മണിക്കൂർ ബൈക്കോടിച്ചു .. തെങ്ങിൻ തോപ്പുകളും സെമിത്തേരിയും കടന്ന് പള്ളിമുറ്റത്ത് ബൈക്ക് നിർത്തുമ്പോൾ അവൻ തളർന്ന് പോയിരുന്നു .. ഹെൽമറ്റൂരി കണ്ണുകൾ അമർത്തി തുടച്ചു .. പള്ളി ഹാളിലേക്ക് കയറാതെ , മറ്റൊരു കെട്ടിടത്തിലേക്ക് നടന്നു .. ദൂരെ നിന്നേ കണ്ടു കൊച്ചു പൂന്തോട്ടത്തിന് വെള്ളമൊഴിക്കുന്ന ഫ്രാൻസിസ് അച്ചനെ .. വെയിലത്ത് നടന്നു വരുന്ന നിരഞ്ജനെ അച്ചനും കണ്ടു ..

നരവീണ താടിക്കും മീശയ്ക്കുമിടയിൽ നേർത്തൊരു പുഞ്ചിരി വിടർന്നു .. ഹോസ് താഴെയിട്ട് പൈപ്പടച്ചു വരുമ്പോഴേക്കും നിരഞ്ജൻ അടുത്തെത്തിയിരുന്നു .. ” താനെന്താടോ മുന്നറിയിപ്പില്ലാതെ .. ” സ്തുതി മടക്കി നൽകിക്കൊണ്ട് അച്ചൻ ചോദിച്ചു .. അവൻ വെറുത ചിരിച്ചു .. ” തൻ്റെ പീജീടെ കാര്യം ഞാൻ വറീച്ചനോട് സംസാരിച്ചിട്ടുണ്ട് . . ” ” ഞാൻ വിചാരിക്കുന്നത് ഹൗസ് സർജൻസി കഴിഞ്ഞ് ജിപിയായി എവിടെയെങ്കിലും കയറാമെന്ന .. പിജി പിന്നിട് സ്വന്തമായിട്ടെങ്ങനെയെങ്കിലും .. ” ” പറയുന്നത് കേട്ടാൽ മതി .. ഹൗസ് സർജൻസി കഴിഞ്ഞാൽ പിജി എൻട്രൻസിന് ചേരണം . തനിക്ക് സർക്കാർ കോളേജിൽ കിട്ടുവടോ ..

” അച്ചൻ്റെ തീരുമാനങ്ങൾക്ക് മറിച്ച് പറയാൻ നിരഞ്ജൻ പഠിച്ചിട്ടില്ല .. അൽപ്പസമയം അച്ചനോട് സംസാരിച്ചു നിന്നു .. പിന്നെ ബൈക്കിൽ കയറി പള്ളിപ്പറമ്പ് ചുറ്റി മറ്റൊരു ഗേറ്റ് വഴി അടുത്ത കെട്ടിടത്തിലേക്ക് ചെന്നു .. പള്ളിവക ഓർഫനേജ് .. തൻ്റെ വീടായിരുന്നു അത് .. കളിച്ചു വളർന്ന മാവിൻ ചോട്ടിലേക്കും പേരമരത്തിലേക്കും നോട്ടം പോയി .. ഓർമകളുടെ തേരോട്ടം .. മൂന്നരയാകുന്നതേയുള്ളു .. സ്കൂൾ വിട്ട് കുട്ടികളെത്തിയിട്ടില്ല .. ഓഫീസ് റൂം കടന്ന് ഹാളിലേക്ക് ചെന്നപ്പോൾ കത്രീനച്ചേടത്തി തുണി നനച്ച് മേശ തുടച്ചു കൊണ്ട് നിൽപ്പുണ്ട് .. അവനെ കണ്ടപ്പോൾ മുറുക്കാൻ കറ പുരണ്ട പല്ല് കാട്ടി വെളുക്കെ ചിരിച്ചു .. ”

കൊച്ച് വരുന്ന കാര്യമൊന്നും ആരും പറഞ്ഞില്ലാരുന്നു കേട്ടോ .. ” ” സർപ്രൈസാകട്ടെ എന്ന് വച്ചു . . പിന്നെ എന്നാ ഒണ്ട് ചേട്ടത്തി വിശേഷം .. ” അവരുടെ തോളിൽ കൈയിട്ട് നിന്ന് ചോദിച്ചു .. ” വയ്യ കുഞ്ഞേ .. ക്ഷീണവാ .. ഈ കാലും വച്ച് അല്ലെങ്കിലേ നടക്കാൻ മേലാ .. ഇപ്പ നടൂം വയ്യ …” അവർ പദം പറഞ്ഞു .. ചെറിയ മുടന്തുണ്ട് കത്രീന ചേട്ടത്തിക്ക് .. ” സിസ്റ്റർ എവിടെ … ” ” ആർബറീലൊണ്ട് … ” ലൈബ്രറിയെ അവരങ്ങനെയാണ് പറയാറ് .. സ്റ്റെപ്പ് കയറി മുകളിലെത്തും മുൻപേ സിസ്റ്റർ ജാൻസി താഴേക്ക് ഇറങ്ങി വന്നു .. നിരഞ്ജനെ കണ്ട് ആ കണ്ണുകൾ തിളങ്ങി .. ” വരൂ കുട്ടി … എന്തേ ഒന്ന് വിളിക്കുക പോലും ചെയ്യാതെ … ”

ആ കണ്ണുകൾ വാത്സല്യത്തോടെ അവനെ തഴുകി .. ” കത്രീനേ , അച്ചൂന് ചായയെടുക്ക് .. എനിക്കുമോന്നെടുത്തോ …” അവനെ കൂട്ടി വരാന്തയിലേക്ക് നടക്കവെ സിസ്റ്റർ വിളിച്ചു പറഞ്ഞു .. വരാന്തയുടെ അങ്ങേയറ്റത്ത് അവർ പതിവായി വായിക്കാനിരിക്കുന്ന സ്ഥലമുണ്ട് .. കസേരയിലിരുന്ന് അവൻ്റെ മുഖത്തേക്ക് സാകൂതം നോക്കി .. ” എന്താടോ …” ആ ചോദ്യത്തിൽ എല്ലാമുണ്ടായിരുന്നു .. ആ മുഖമൊന്ന് വാടിയാൽ പോലും അവർക്ക് മനസിലാകും .. അവൻ നിലത്ത് അവർക്കരികിലായി ഇരുന്നു .. എത്ര മുതിർന്നാലും അവിടെയവൻ പഴയ അഞ്ചു വയസ്കാരനാണ് ..

ആ കൈകൾ അവൻ്റെ മുടിയിഴകളിൽ തലോടി ..എന്തോ അവനെ അലട്ടുന്നുണ്ട് .. മനസ് തണുക്കുമ്പോൾ താനേ പറയും .. വർഷങ്ങൾക്ക് മുൻപ് ആ തുലാവർഷ പേമാരിയാണ് മനസിലേക്കോടിയെത്തിയത് .. രാത്രി പതിനൊന്ന് കഴിഞ്ഞു കാണും .. വാതിലിലാരോ തുടരെ തുടരെ മുട്ടി വിളിക്കുന്നു .. മഴ കാരണം വൈദ്യുതി നിലച്ചിരുന്നു .. മെഴുതിരി വെളിച്ചത്തിൽ ഒരു സ്ത്രീരൂപമാണ് കണ്ടത് .. സേതുലക്ഷ്മി … ! നനഞ്ഞ് കുളിച്ച് കുഞ്ഞിനെയും തോളത്തിട്ടു നിൽക്കുകയായിരുന്നു അവൾ .. ജോണച്ചൻ്റെ ഭാര്യ .. ജോണച്ചൻ മരിച്ചിട്ടന്ന് പതിനെട്ട് ദിവസം കഴിഞ്ഞിട്ടേയുള്ളു .. ഭരണങ്ങാനത്ത് പണിക്കുപോയ വീട്ടിലെ പെണ്ണിനെ പ്രേമിച്ച് വിളിച്ചിറക്കി കൊണ്ട് വന്നതാണ് അയാൾ ..

സേതുലക്ഷ്മിയെ അതോടെ വീട്ടുകാർ കൈവിട്ടു .. ജോണച്ചൻ്റെ അപ്പനും അമ്മച്ചിയുമൊക്കെ പണ്ടെ മരിച്ചതാ .. മൂന്നു വർഷം ജോണച്ചനും സേതുലക്ഷ്മിയും സന്തോഷത്തോടെ ജീവിച്ചു .. തെങ്ങിൻ തോട്ടത്തിൽ പണിയെടുത്തു കൊണ്ട് നിൽക്കുമ്പോൾ കുഴഞ്ഞു വീണു മരിച്ചതാണ് ജോണച്ചൻ . അന്ന് നിരഞ്ജന് രണ്ട് വയസ് .. ജോണച്ചൻ മരിച്ചതോടെ സേതുലക്ഷ്മിയുടെയും കുഞ്ഞിൻ്റെയും കാര്യം അവതാളത്തിലായി .. നിരഞ്ജൻ എഴുന്നേറ്റു .. ഒന്നും പറയാതെ എണീറ്റു പോകുന്നത് സിസ്റ്റർ നോക്കിയിരുന്നു ..

അവർ തിരിച്ചു വിളിച്ചില്ല .. മനസ് തണുക്കുമ്പോൾ അവൻ വരും .. മുറ്റത്തെ ഫിഷ്ടാങ്കിനടുത്ത് വീൽ ചെയറിൽ പുറം തിരിഞ്ഞൊരാൾ ഇരിപ്പുണ്ടായിരുന്നു .. ചെമ്പൻ മുടി പിന്നിലേക്ക് പിടിച്ച് ബാൻഡ് ചെയ്തിരുന്നു .. ചരൽ നീങ്ങുന്ന ശബ്ദം കേട്ടാകണം ആൾ തിരിഞ്ഞു നോക്കി .. ബ്രൺ ഫെയ്മുള്ള സാമാന്യം വലിയ വട്ട കണ്ണടയാണ് ആദ്യം കാണുന്നത് .. അടുത്തേക്ക് വരുന്ന ആളെ കണ്ടപ്പോൾ ആ മുഖം വിടർന്നു….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 14

Share this story