സ്‌നേഹതീരം: ഭാഗം 2

സ്‌നേഹതീരം: ഭാഗം 2

എഴുത്തുകാരി: ശക്തികലജി

വർഷങ്ങൾക്ക് മുൻപേ ഒരുപാട് ആഗ്രഹങ്ങൾ പങ്ക് വച്ച സ്ഥലമാണ്…. ഇന്ന് ഭഗവാനോട് ഒന്നും ചോദിക്കാനില്ല…. മനസ്സും ശൂന്യം ജീവിതവും ശൂന്യം…. അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു…. ബാഗിൽ നിന്നും ഫോൺ എടുത്ത് സ്വിച്ച് ഓൺ ചെയ്തു… ഇന്നലെ ഓഫ് ചെയ്തു വച്ചതാണ്… . രാഖിയെ വിളിച്ചു.. പഴയ വീടിൻ്റെ താക്കോൽ വിധുവേട്ടൻ്റെ കൈയ്യിൽ നിന്നും വാങ്ങി കൊണ്ടുവരാൻ പറഞ്ഞു…. ഫോൺ തിരിച്ച് ബാഗിലിട്ട് വീണ്ടും പതുക്കെ മുൻപ്പോട്ട് നടന്നു…. പഴയ വീടിൻ്റെ ഗേറ്റിനു മുൻപിൽ എന്നെയും കാത്ത് രാഖി നിൽപ്പുണ്ടായിരുന്നു…. മുൻപിലത്തേ ഗേറ്റിനു നിറം മങ്ങിയിരിക്കുന്നു… അവിടവിടെ തുരുമ്പു പിടിച്ചിരുന്നു…. എന്നെ കണ്ടതും രാഖി ഓടി വന്നു കെട്ടി പിടിച്ചു… മനസ്സിലെ വീർപ്പുമുട്ടൽ പൊട്ടിയൊഴുകാതിരിക്കാൻ സ്വയം നിയന്ത്രിച്ചു… ”

വാ ഞാൻ ഇന്നലെ വന്നു വൃത്തിയാക്കിയിട്ടിരുന്നു… എനിക്കറിയാം നിനക്ക് വരാതിരിക്കാൻ പറ്റില്ലാന്ന്…. വിധുവേട്ടൻ പറഞ്ഞിരുന്നു നിൻ്റെ പേരിൽ ഈ വീട് അച്ഛൻ എഴുതി വച്ചിരുന്നുന്ന്… അതു കൊണ്ട് ധൈര്യമായി നിനക്ക് ഇവിടെ വന്നു താമസിക്കാം… ആരും ഇവിടെ നിന്നു നിന്നെ ഇറക്കി വിടില്ല…” രാഖി ഉറച്ച സ്വരത്തിൽ പറഞ്ഞു…. ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു… അവളുടെ മുഖത്തേക്ക് നോക്കി.. ” ഞാൻ കാരണം നിനക്ക് ബുദ്ധിമുട്ടായി അല്ലേ ” ഞാൻ വിഷമത്തോടെ പറഞ്ഞു.. ” അതേടി എനിക്ക് നല്ല ബുദ്ധിമുട്ടായി ” എന്ന് പറഞ്ഞ് എൻ്റെ കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി… കതക് തുറന്ന് അകത്ത് കയറിയപ്പോൾ ഹാളിലെ ചാരുകസേരയിൽ അച്ഛൻ ഇരിക്കുന്നതാണ് ഓർമ്മ വന്നത്…

എൻ്റെ നിൽപ്പ് കണ്ടാവണം രാഖി എൻ്റെ ബാഗ് വാങ്ങി മുറിയിൽ കൊണ്ടുവച്ചു… “വേഗം വാ അവിടേക്ക് പോകണ്ടേ ” എന്ന് രാഖി ചോദിച്ചപ്പോൾ അത് വരെ മനസ്സിലുണ്ടായിരുന്ന ധൈര്യം ചോർന്നു പോയത് പോലെ തോന്നി… ” അത് പിന്നെ എനിക്കെന്തോ ഒരു പേടി… അമ്മയും വിധുവേട്ടനും എങ്ങനെ പ്രതികരിക്കും എന്നോർത്ത്” ഞാൻ പതർച്ചയോടെ, പറഞ്ഞു… “നിനക്ക് അവസാനമായി നിൻ്റെ അച്ഛൻ്റെ മുഖം കാണണ്ടേ…. ഒന്ന് കണ്ടിട്ട് വേഗം ഇങ്ങ് പോന്നോളു… പിന്നീടുള്ളത് പിന്നെ നോക്കാം. അതുമല്ല രാവിലെ തന്നെ അടക്കത്തിനുള്ള ഏർപ്പാടുകൾ തുടങ്ങുമെന്നാണ് പറഞ്ഞത്….. ” എന്ന് പറഞ്ഞ് രാഖി മുറ്റത്തേക്കിറങ്ങി… ഞാൻ കതക് ചാരി താക്കോലിട്ടു പൂട്ടി അവൾക്കൊപ്പം നടന്നു…

പരസ്പരം ഒന്നും സംസാരിച്ചില്ല.. എന്ത് സംസാരിക്കാനാണ്…. എല്ലാം വേദനിപ്പിക്കുന്ന ഓർമ്മകൾ മാത്രമാണ് കൂട്ടിനുള്ളത്… വീട്ടടുക്കാറായതും തലയിൽ കൂടി ഷാൾ പുതച്ചു… ഞാൻ ഇവിടെ വന്നത് ആരും അറിയണ്ട … മുറ്റത്ത് ആളുകൾ അവിടെയും ഇവിടെയുമായി കൂട്ടം കൂടി നിൽക്കുന്നുണ്ട്…. രാഖിയുടെ മറവിൽ നടക്കുന്നത് കൊണ്ട് ആരും എന്നെ ശ്രദ്ധിച്ചില്ല…. വരാന്തയിലേക്ക് കയറിയപ്പോൾ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…. രാഖിയുടെ കൈയ്യിൽ മുറുകെ പിടിച്ചു…. ഹാളിലെ ഒരറ്റത്ത് വെള്ളപുതച്ച് കിടത്തിയിരിക്കുന്ന അച്ഛനെ കണ്ടു… വിധുവേട്ടനും സൗമ്യേടത്തിയും അടുത്ത് നിൽക്കുന്നുണ്ട്…. എൻ്റെ മിഴികൾ അമ്മയെ തിരഞ്ഞു…. തറയിൽ ചുവരിൽ ചാരിയിരിക്കുന്ന അമ്മയെ കണ്ടപ്പോൾ മനസ്സിൽ വേദന നിറഞ്ഞു….

ഓടി ചെന്ന് ആ മടിയിൽ കിടന്ന് പൊട്ടിക്കരയണമെന്ന് ആഗ്രഹിച്ചു… വിധുവേട്ടൻ്റെ നോട്ടം എൻ്റെ നേർക്കാണ് എന്ന് മനസ്സിലായതും ഞാൻ വേഗം പിൻതിരിഞ്ഞു നടന്നു….. രാഖിയെൻ്റെ കൂടെ വന്നത് പോലും മറന്ന് ഞാൻ അവിടെ നിന്ന് വേഗത്തിൽ ഓടുകയായിരുന്നു… ഓട്ടം ചെന്നവസാനിച്ചത് പഴയ വീടിൻ്റെ വരാന്തയിൽ ആയിരുന്നു… നേരെ കിണറ്റിൻ കരയിലേക്ക് നടന്നു… കിണറിൽ നിന്ന് വെള്ളം കോരി തല വഴി ഒഴിച്ചു… പിന്നീട് ഞാൻ കിതച്ച് കൊണ്ടു പടിയിൽ ഇരുന്നു പോയി… കുറച്ച് കഴിഞ്ഞ് രാഖി വന്നു…. “വാ അകത്ത് പോയി വസ്ത്രം മാറിയിട്ട് ഇരിക്കാം” രാഖി എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു…

നിർബന്ധിച്ച് വസ്ത്രം മാറ്റിച്ചു…. “നീയിവിടെ ഇരിക്ക് ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം… എന്നോട് പറയാതെ പോയി കളയരുത് കേട്ടല്ലോ ” എന്ന് പറഞ്ഞ് രാഖിയിറങ്ങി… ഞാൻ ഹാളിലെ അച്ഛൻ്റെ ചാരുകസേരയിൽ ഇരുന്നു…. മിഴിനീർ കണങ്ങൾ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരുന്നു…. എൻ്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞു നിന്ന വീട്…. ശരത്തേട്ടൻ്റെ വീട് കടം കയറി വിൽക്കേണ്ടി വന്നു… അവിടത്തെ അച്ഛനുമമ്മയും ശരത്തേട്ടൻ്റെ പെങ്ങൾ വിളിച്ചു കൊണ്ടുപോയി…. വാടക വീട്ടിലേക്ക് മാറാൻ വേണ്ടി സാധനങ്ങൾ എല്ലാം റെഡിയാക്കി ഒരുങ്ങി നിൽക്കുമ്പോഴാണ് അച്ഛൻ വരുന്നത്… നിർബന്ധിച്ച് ഇവിടേക്ക് കൊണ്ടുവന്നു….

ആദ്യം കുറച്ച് വിഷമമുണ്ടായിരുന്നുവെങ്കിലും എല്ലാരുടെയും സ്നേഹത്തോടെയുള്ള പെരുമാറ്റം കൊണ്ട് മനസ്സിലെ വിഷമം കുറഞ്ഞു… ഞങ്ങൾ ഇവിടെ വന്നു കുറച്ച് നാളുകൾക്കുള്ളിൽ വിധുവേട്ടൻ്റെ വിവാഹം കഴിഞ്ഞു…. സൗമ്യേടത്തി ആദ്യമൊക്കെ നല്ല സ്നേഹത്തിലായിരുന്നെങ്കിലും പിന്നെ പിന്നെ ഇഷ്ടക്കേട് പ്രകടിപ്പിച്ചു തുടങ്ങി… പിന്നീട് ചെറിയ വഴക്കുകൾ തുടങ്ങി… അതു കൊണ്ടാവണം വിധുവേട്ടൻ വേറെ സ്ഥലം വാങ്ങി പുതിയ വീടുവച്ചു മാറിയിരുന്നു…. അച്ഛനുമമ്മയും അവർക്കൊപ്പം പോയി… രണ്ടു കുരുന്നുകൾക്കൊപ്പം സന്തോഷത്തോടെ ശരത്തേട്ടനോടൊപ്പം കഴിഞ്ഞ നാളുകൾ….

ദൈവത്തിനു പോലും അസുയ തോന്നി കാണും…. ശരത്തേട്ടൻ്റെ യഥാർത്ഥ സ്വഭാവം അറിയാൻ ഏട്ട് വർഷം വേണ്ടി വന്നു….. രാഖി വന്ന് തട്ടി വിളിച്ചപ്പോഴാണ് ചിന്തകളെ മുറിച്ചു കൊണ്ട് കണ്ണു തുറന്ന് നോക്കിയത്…. ” ആഹാ ഇവിടെ തന്നെ ഇരിക്കുകയാണോ… വാ രാവിലത്തെയും ഉച്ചയ്ക്കത്തേയും കഴിക്കാനുള്ളത് കൊണ്ടു വന്നിട്ടുണ്ട്…. ” എന്ന് പറഞ്ഞ് രാഖി കൈയ്യിൽ കൊണ്ടുവന്ന പാത്രം മേശപ്പുറത്ത് വച്ചു… അടുക്കളയിൽ പോയി പ്ലേറ്റ് എടുത്തു കൊണ്ടുവന്നു… പ്ലേറ്റിൽ ഇഡലിയും സാമ്പാറും വിളമ്പി എൻ്റെ കൈയ്യിൽ തന്നു… ” കഴിക്ക് ഞാൻ അവിടത്തെ എല്ലാം കഴിഞ്ഞ് വരാം…” എന്ന് പറഞ്ഞ് രാഖി എന്നെ നോക്കി… ഞാൻ മറുപടിയൊന്നും പറയാത്തത് കൊണ്ടാവണം അവൾ പോകാതെ എൻ്റെ അരുകിൽ തന്നെ നിന്നു…

വിശപ്പുണ്ടെങ്കിലും കഴിക്കാൻ തോന്നിയില്ല… പ്ലേറ്റിൽ വിരലുകൾ ചിത്രo വരച്ച് കൊണ്ടിരുന്നു… ” ഇങ്ങു തന്നെ ഞാൻ വാരി തരാം” എൻ്റെ കൈയ്യിൽ നിന്ന് പ്ലേറ്റ് തട്ടിപ്പറിച്ചു… ഇഡലിയുടെ ഓരോ കഷണങ്ങൾ സാമ്പാറിൽ മുക്കി എൻ്റെ വായിൽ വച്ച് തരുമ്പോൾ ഞങ്ങൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. കുറച്ച് കഴിഞ്ഞ് വിധുവേട്ടനും ബന്ധുക്കളും പറമ്പിൽ നിൽക്കുന്നത് കണ്ടു… ചിതയൊരുക്കി അതിന് മുൻപിൽ വിധുവേട്ടൻ നിർവികാരനായി നിൽക്കുന്നത് ഞാൻ ജനലിൽകൂടി കണ്ടു…. മനസ്സ് വിങ്ങുകയായിരുന്നു…. ഒരാശ്രയത്തിനായി രാഖിയുടെ തോളിലേക്ക് ചാരി…. അവൾ എന്നെ മുറുക്കെ പിടിച്ചിരുന്നു…

ചിത കത്തിയുയരുമ്പോൾ ഇനിയൊരിക്കലും അച്ഛനെ കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ രാഖിയുടെ തോളിൽ നിന്ന് മുഖമുയർത്തി ചുവരിലൂടെ ഊർന്നിറങ്ങി തറയിൽ ഇരുന്നു….. വീണ്ടും ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടത് പോലെ തോന്നി….. വൈകുന്നേരം വരെ രാഖി എൻ്റെ അരികിൽ തന്നെയിരുന്നു…. ” ഉച്ചയ്ക്കത്തെ ചോറ് കഞ്ഞിയാക്കി അടുക്കളയിൽ വച്ചിട്ടുണ്ട്… രാത്രി കഴിച്ചിട്ട് കിടക്കണം… പിന്നെ വിധുവേട്ടൻ പറഞ്ഞു നീന്നെയും കൂട്ടി അങ്ങോട്ടേക്ക് ചെല്ലാൻ “… രാഖി പ്രതീക്ഷയോടെ എന്നെ നോക്കി…. ” ഇല്ല.. ഞാൻ അങ്ങോട്ടേക്ക് പോകുന്നില്ല….

“എനിക്കിവിടെ താമസിച്ചാൽ മതി.. അദ്യശ്യമായെങ്കിലും ൻ്റെ അച്ഛനുണ്ടാവും എൻ്റൊപ്പം.. ” എന്ന് ഞാൻ പറഞ്ഞു.. “ശരി എന്നാൽ ഞാൻ ഇറങ്ങട്ടെ… ഇനി വൈകിയാൽ അമ്മയുടെ കൈയ്യിൽ നിന്നും കിട്ടും ” എന്ന് പറഞ്ഞു അവൾ പോകാനിറങ്ങി… ഗേറ്റു തുറന്നു റോഡിലേക്കിറങ്ങി ഒന്നൂടെ തിരിഞ്ഞു നോക്കി…. “എനിക്ക് പേടിയില്ല പെണ്ണേ… നീ പോയ്ക്കോ.. ” എന്ന് പറഞ്ഞതും അവൾ ഗേറ്റ് അടച്ചിട്ട് വേഗം നടന്നു പോയി… അവൾ പോയി കഴിഞ്ഞും കുറച്ചു നേരം അവിടെ തന്നെ നിന്നു…. ഇരുട്ടു പരന്നു തുടങ്ങിയപ്പോൾ അകത്ത് കയറി വാതിൽ അടച്ചു…. മുറിയിൽ പോയി ഫോൺ എടുത്തു ജാനകിയമ്മയെ വിളിച്ചു വിവരങ്ങൾ പറഞ്ഞു…

എത്രയും വേഗം തിരിച്ച് വരും എന്ന് പറഞ്ഞുവെങ്കിലും മനസ്സ് വല്ലാതെ വേദനിച്ചുകൊണ്ടിരുന്നു…. ഫോൺ മേശപ്പുറത്ത് വച്ചിട്ട് അടുക്കളയിലേക്ക് നടന്നു… വാതിൽ പൂട്ടിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തി…. കഴിക്കാൻ തോന്നിയില്ല… പക്ഷേ ക്ഷീണം തോന്നിയപ്പോൾ കുറച്ച് കഞ്ഞി വെള്ളം ഉപ്പിട്ട് കുടിച്ചു…. ഹാളിൽ ചെന്ന് ചാരുകസേരയിൽ ചാരിയിരുന്നു… അച്ഛൻ മുറുക്കുമായിരുന്നു…. അച്ഛന് അടുത്ത് വരുമ്പോൾ മുറുക്കാൻ്റെ മണമായിരുന്നു…. എൻ്റെ ചുറ്റുo മുറുക്കാൻ്റെ മണം പരക്കുന്നത് പോലെ തോന്നി…. അച്ഛൻ എൻ്റൊപ്പം തന്നെയുണ്ട്…. ആ ധൈര്യത്തിൽ അവിടെ തന്നെ കിടന്നുറങ്ങി….

രണ്ടു മൂന്ന് ദിവസങ്ങൾ കടന്ന് പോയി… ആ ദിവസങ്ങളിൽ രാഖി ഭക്ഷണം കൊണ്ടു തന്നു… “എനിക്ക് ഇന്ന് തന്നെ തിരിച്ച് പോണം… എനിക്കിവിടെ നിൽക്കാൻ വയ്യ “ഞാൻ തളർച്ചയോടെ പറഞ്ഞു… ” ഇനിയും ഒളിച്ചോടണ്ട ആവശ്യം ഇല്ല ചന്ദ്രാ… നീ പോയി കുറച്ച് ദിവസങ്ങൾക്ക് ശേഷം അയാൾ നിൻ്റെ ഭർത്താവ് കുടിച്ച് ബോധമില്ലാതെ വന്നു എല്ലാം ഏറ്റുപറഞ്ഞു… അപ്പോഴാണ് എല്ലാരും സത്യമറിഞ്ഞത്…. അപ്പോൾ തൊട്ട് എല്ലാരും വിഷമത്തിലായിരുന്നു… നിന്നെ തെറ്റിദ്ധരിച്ചല്ലോ എന്ന് നിൻ്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു .. “.. ” ഇപ്പോൾ സത്യം എല്ലാർക്കും അറിയാം…. ചെയ്ത തെറ്റിന് ശരത്തിനെ കോടതി ശിക്ഷിക്കുകയും ചെയ്തു…. പിന്നെ നീ ആരെയാണ് പേടിക്കുന്നത്… ഇവിടെ തന്നെ താമസിക്കണം….

“രാഖി എന്നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു… ” പക്ഷേ എങ്ങനെ ജീവിക്കും… ഒരു വരുമാനമില്ലാതെ ” ഞാൻ വിഷമത്തോടെ പറഞ്ഞു… ” തൽക്കാലം അതേ കുറിച്ച് ഒന്നും ഓർക്കണ്ട… ഞങ്ങൾ ഒക്കെയില്ലേ…. പിന്നെ ഈ വീടും പറമ്പും നിൻ്റെ പേരിലാണ്… ഇവിടെ എന്തു ചെയ്താലും ആരും ചോദിക്കാൻ വരില്ല…. ” നിൻ്റെ അച്ഛൻ അത്യവശ്യം പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട് അത് നോക്കിയാൽ തന്നെ ചിലവിനുള്ളത് കിട്ടും…. നീ എങ്ങോട്ടും പോകണ്ട…. എൻ്റെ കൺമുന്നിൽ ഇങ്ങനെ കണ്ടാൽ മതി… “.. . അവളുടെ വാക്കുകൾ ആശ്വാസം നൽകിയെങ്കിലും ഒറ്റയ്ക്കാണ് എന്നോർത്തപ്പോൾ വിഷമം തോന്നി… ” ഞാൻ എന്നാൽ തിരിച്ച് പോയി എൻ്റെ സാധനങ്ങൾ എല്ലാം എടുത്ത് കൊണ്ട് വരാം…”

എന്ന് പറഞ്ഞപ്പോൾ അവൾക്ക് സന്തോഷമായി… പകൽ മുഴുവൻ രാഖിയുണ്ടാവും കൂടെ… രാത്രി മാത്രം വല്ലാത്ത ഒറ്റപ്പെടൽ തോന്നി… പഴയ ടി വി നന്നാക്കി വച്ചു… എല്ലാം ഉപയോഗിക്കാതെ കിടന്നു കേടുവന്നിരുന്നു…. വയറിംഗ് എല്ലാം ശരിയാക്കി… ഇടയ്ക്ക് ഒരു ദിവസം പോയി ഹോസ്റ്റലിൽ നിന്ന് എൻ്റെ സാധനങ്ങളും തുണികളും എല്ലാം എടുത്ത് കൊണ്ടുവന്നു…. ജാനകിയമ്മയ്ക്ക് വിഷമമായിരുന്നെങ്കിലും പുറമേ ഒന്നും പ്രകടിപ്പിച്ചില്ല…. ഇടയ്ക്ക് വരാം എന്ന് മാത്രം പറഞ്ഞു…. വീട്ടിലേക്ക് വരുന്ന വഴിക്ക് കൃഷിക്ക് വേണ്ട പച്ചക്കറിവിത്തുകളും വളവും പിന്നെ പാചകത്തിനുള്ള അത്യവശ്യ സാധനങ്ങളും വാങ്ങി കൊണ്ടുവന്നു…

എല്ലാം എടുത്ത് ഓട്ടോയിൽ നിന്നിറക്കി വയ്ക്കുമ്പോൾ രാഖി വന്നിരുന്നു… അവളും കൂടി എടുത്ത് വയ്ക്കാൻ സഹായിച്ചു…. ഓട്ടോയ്ക്ക് പൈസ കൊടുത്തു .. സാധനങ്ങളുമായി വീട്ടിലേക്ക് കയറി…. എല്ലാം ഒതുക്കി വയ്ക്കാൻ അവളും സഹായിച്ചു… ” ആഹാ കൃഷിക്കാരിയാകാൻ തീരുമാനിച്ചോ ” അവൾ ഞാൻ വാങ്ങി കൊണ്ടുവന്ന പച്ചക്കറിവിത്തുകൾ കൈയ്യിലെടുത്ത് കൊണ്ട് ചോദിച്ചു…. “അതെ വെറുതെ ഇരുന്നാൽ ആര് കൊണ്ടു തരും… ഒരാൾക്ക് ജീവിക്കാനുള്ളത് ഞാനുണ്ടാക്കണ്ടേ… എനിക്ക് അറിയാവുന്നത് കൃഷിയും പാചകവും മാത്രമാണ്…. ഇനി മുതൽ അതാണ് എൻ്റെ ജീവിതമാർഗ്ഗവും ”

ഞാൻ ചെറുചിരിയോടെ തൂമ്പാ കൈയ്യിലെടുത്തു… പറമ്പിലേക്കിറങ്ങി നിന്നു…. മുൻപിലെ പച്ചപ്പ് മുൻപോട്ടുള്ള ജീവിതത്തിന് കുഞ്ഞു പ്രതീക്ഷയേകി…. മരത്തിൽ പടർന്നു കിടക്കുന്ന കുരുമുളക് വള്ളികളും, മണ്ണിൽ നട്ടിരിക്കുന്ന ചേമ്പും ചേനയുമൊക്കെ കണ്ടപ്പോൾ മനസ്സു തണുത്തു… പക്ഷേ ചുറ്റും പുല്ലു വളർന്നു തുടങ്ങിയിരിക്കുന്നു.. എല്ലാം ഒന്നു കിളച്ചു ഒരുക്കണം പുതിയ വിത്തുപാകാൻ….തുടരും

സ്‌നേഹതീരം: ഭാഗം 1

Share this story