വിവാഹ മോചനം: ഭാഗം 6

Share with your friends

എഴുത്തുകാരി: ശിവ എസ് നായർ

അപർണ്ണ അവന്റെ മുഖത്തേക്കുറ്റു നോക്കി. രാഹുലിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൾ കണ്ടു. അത് കണ്ടപ്പോൾ അവൾക്ക് ഉള്ളിൽ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെട്ടു. അവന് പറയാനുള്ളത് നിനക്കൊന്ന് കേട്ടൂടെ എന്ന് മനസിലിരുന്ന് ആരോ പറയുന്നതായി അപർണ്ണയ്ക്ക് തോന്നി. രാഹുൽ പ്രതീക്ഷയോടെ അവളുടെ കണ്ണുകളിലേക്ക് നോക്കി. “പറഞ്ഞോളൂ… ഞാൻ കേൾക്കാൻ തയ്യാറാണ്..” അവളുടെ പതിഞ്ഞ ശബ്ദം കേട്ടതും വിശ്വാസം വരാതെ രാഹുൽ അപർണ്ണയെ നോക്കി. ഒരു വരണ്ട പുഞ്ചിരി അവളുടെ മുഖത്തു വിടർന്നു. ഉള്ളിൽ നുരഞ്ഞു പൊന്തിയ സന്തോഷം അവൻ മുഖത്തു പ്രകടിപ്പിച്ചില്ല. രാഹുലിന്റെ ഓർമ്മകൾ വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു.

താൻ പറയുന്നത് അപർണ്ണ വിശ്വസിക്കുമോ എന്ന് അവന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. “അപർണ്ണാ ഞാൻ ഇനി പറയാൻ പോകുന്നത് താൻ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. പക്ഷേ എന്നെ പ്രസവിച്ചു വളർത്തിയ എന്റെ അമ്മയാണെ സത്യം ഞാൻ പറയാൻ പോകുന്നതൊന്നും കളവല്ല.” “രാഹുലേട്ടൻ കാര്യം പറയു…” അപർണ്ണ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. രാഹുൽ വിശ്വാസം വരാതെ അവളെ നോക്കി. അപർണ്ണ അവനെ രാഹുലേട്ടൻ എന്ന് വിളിച്ചത് കേട്ട് രാഹുൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു. ശ്രീജിത്തിന്റെ ആക്‌സിഡന്റ് അവളുടെ മനസ്സിനെ പിടിച്ചുലച്ചിട്ടുണ്ടെന്ന് അവന് മനസിലായി. ഏട്ടത്തി നൽകിയ ഉപദേശവും അവളിൽ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നു.

“അന്ന് കോളേജിൽ ഇലക്ഷൻ നടന്ന ദിവസം തനിക്ക് ഓർമ്മയില്ലേ…” “ഉണ്ട്… അത്ര വേഗം അതൊന്നും മറക്കാൻ കഴിയില്ലല്ലോ. മറക്കാൻ ശ്രമിച്ചിട്ടും ആ ഓർമ്മകൾ അനുവാദമില്ലാതെ മനസിലേക്ക് ഇടിച്ചു കയറി വരുകയാണ്. അവളുടെ മനസിലേക്ക് ക്യാമ്പസിലെ ഇലക്ഷൻ ദിവസത്തെ ഓർമ്മകൾ ഇരമ്പിയാർത്തു വന്നു. ഒരാഴ്ചത്തെ അവധിക്ക് ശേഷമാണ് അപർണ്ണ അന്ന് കോളേജിൽ പോകുന്നത്. ഒരാഴ്ചയോളം പനിയായിട്ട് അവൾ ക്ലാസ്സിൽ പോയിട്ടുണ്ടായിരുന്നില്ല. ക്ലാസ്സിൽ സഹപാഠികളുമായി അധികം അടുപ്പമൊന്നുമില്ലാത്തത് കൊണ്ട് തന്നെ അന്നേദിവസം കോളേജിൽ ഇലക്ഷനാണെന്ന് അറിയാതെയാണ് അപർണ്ണ കോളേജിലേക്ക് ചെന്നത്. ചെന്നപ്പോഴാണ് അറിഞ്ഞത് അന്ന് ക്ലാസ്സ്‌ ഇല്ലെന്നും യൂണിയൻ ഇലക്ഷൻ ആണെന്ന കാര്യം.

അത്രടം വരെ വന്നത് കൊണ്ട് ഉച്ചയ്ക്ക് തിരികെ വീട്ടിൽ പോകാമെന്നു കരുതി അവൾ ലൈബ്രറിയിലേക്ക് നടന്നു. രണ്ടാഴ്ച മുൻപ് ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം തിരികെ വച്ച ശേഷം അവൾ വേറെ രണ്ടു പുസ്തകവുമെടുത്തു കൊണ്ട് ക്ലാസ്സ്‌ മുറിയിലേക്ക് നടന്നു. തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ ക്ലാസ്സിൽ കുട്ടികളാരുമുണ്ടായിരുന്നില്ല. എല്ലാവരും കോളേജിന്റെ പലഭാഗത്തായിരുന്നു. കയ്യിലിരുന്ന ബാഗ് ഡെസ്ക്കിന് മുകളിലേക്ക് വച്ച ശേഷം അപർണ്ണ ബെഞ്ചിലേക്ക് ഇരുന്നു. അപർണ്ണ ലൈബ്രറിയിൽ നിന്നെടുത്ത പുസ്തകം വായിച്ചു കൊണ്ടിരിക്കവേയാണ് രാഹുൽ ഒരു സുഹൃത്തിനോടൊപ്പം അതുവഴി വന്നത്. ചുവന്ന ഷർട്ടും വെള്ള മുണ്ടുമായിരുന്നു അവന്റെ വേഷം.

ക്ലാസ്സ്‌ മുറിയിൽ തനിച്ചിരുന്നു പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന അവളെ അവൻ കണ്ടു. “അളിയാ ദേ നിന്റെ പെണ്ണ്…” രാഹുലിന്റെ കൂടെയുണ്ടായിരുന്ന പയ്യൻ അവനെ കളിയാക്കികൊണ്ട് പറഞ്ഞു. “ഇവളെന്താ മഹി ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്…” “നീ ചെന്ന് ചോദിച്ചിട്ട് വാടാ…” അതു കേട്ടതും രാഹുൽ അവനെ കള്ളച്ചിരിയോടെ നോക്കി. “എടാ അവളെ കുറെ നാളായി ഞാനിങ്ങനെ മനസിലിട്ടോണ്ട് നടക്കുവാ. ഇതിപ്പോ ഇവിടെ ആരുമില്ലല്ലോ. അവളോട്‌ ഇഷ്ടം പറയാൻ പറ്റിയ സമയം. അഥവാ അവളെങ്ങാനും തിരിച്ചു റിയാക്ട് ചെയ്താലും ആരും കാണുമെന്നോർത്തു പേടിക്കണ്ടല്ലോ..” “നീ ചെന്ന് പറഞ്ഞു നോക്ക്. പക്ഷേ അവള് വളയുമെന്ന് എനിക്ക് തോന്നുന്നില്ല.

ആരോടും അധികം അടുക്കാത്ത ഇനമാണ് മോനെ..” “നീ ഇവിടെ നിക്ക്… ഞാനിതാ വരുന്നു..” മഹിയെ അവിടെ നിർത്തിയിട്ടു രാഹുൽ ക്ലാസ്സ്‌ മുറിക്കുള്ളിലേക്ക് ചെന്നു. “താനെന്താടോ ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്..” മുന്നിൽ ഒരു പുരുഷശബ്ദം കേട്ടതും പുസ്തകത്തിൽ നിന്നും നോട്ടം മാറ്റി അവൾ അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി. “ആരാ മനസിലായില്ല…” “ഞാൻ എം എസ് സി സുവോളജിയാണ്. തനിക്കറിയാൻ വഴിയില്ല. “ഇയാൾക്കെന്താ ഇവിടെ കാര്യം..” അവളുടെ എടുത്തടിച്ചതു പോലെയുള്ള ചോദ്യം കേട്ടതും അവൻ ചൂളിപ്പോയി. “എനിക്ക് അപർണ്ണയോടൊരു കാര്യം പറയാനുണ്ടായിരുന്നു. കുറെ നാളായി പറയണമെന്ന് വിചാരിക്കുന്നു. ഇതുവരെ അതിനുള്ള അവസരം കിട്ടിയിട്ടില്ല..”

“എന്താണ്..??” അവളുടെ മുഖത്ത് ഗൗരവം വിരിഞ്ഞു. “എനിക്കിയാളെ ഒരുപാട് ഇഷ്ടമാണ്. ആലോചിച്ചൊരു മറുപടി പറഞ്ഞാൽ മതി.” രാഹുൽ ചെറുചിരിയോടെ പറഞ്ഞു. “ഇതിലിത്ര ആലോചിക്കാൻ എന്തിരിക്കുന്നു??ഇപ്പോൾ മനസിലായി തന്റെ അസുഖമെന്താണെന്ന്. അല്ലെങ്കിലും നിനക്കൊക്കെ ഇത്തിരി തൊലിവെളുപ്പുള്ള പെൺപിള്ളേരെ കണ്ടാൽ കുറച്ചു സൂക്കേട് തന്നെയാ. ഞങ്ങളൊക്കെ കോളേജിൽ വരുന്നത് തന്നെ പ്രേമിക്കാനാണെന്നല്ലേ നിന്റെയൊക്കെ ധാരണ. അതങ്ങ് മനസ്സിൽ വച്ചാൽ മതി..” അവളുടെ പുച്ഛം നിറഞ്ഞ അഹങ്കാരത്തോടെയുള്ള സംസാരം കേട്ടപ്പോൾ രാഹുലിന് ദേഷ്യം ഇരച്ചുകയറി. “ഇഷ്ടല്ലെങ്കിൽ അത് പറഞ്ഞാമതി.

അല്ലാതെകൂടുതൽ വാചകമടിക്കാൻ നിക്കണ്ട.” “പറയാനുള്ളത് ഞാൻ ആരുടേയും മുഖത്ത് നോക്കി അപ്പൊ തന്നെ പറയും. എനിക്കാരെയും പേടിയില്ല. നീയൊക്കെ കോളേജിൽ വരുന്നത് തന്നെ പ്രേമിക്കാനും സല്ലപിക്കാനുമല്ലേ. പഠിക്കാൻ വരുന്ന പെൺകുട്ടികളെ വഴി തെറ്റിക്കാൻ നടക്കുന്ന വൃത്തികെട്ടവൻ. ഒരിഷ്ടം പറയാൻ വന്നിരിക്കുന്നു.” “അതേ ഇത്തിരി സൗന്ദര്യം ഉണ്ടായിപോയെന്ന് കരുതി അധികം അഹങ്കരിക്കുകയൊന്നും വേണ്ട കേട്ടോടി. ആദ്യമേ നിന്നെ കണ്ടപ്പോൾ ഒരിഷ്ടം മനസ്സിൽ തോന്നി. അത് പറയണമെന്ന് തോന്നി പറഞ്ഞു. അതിനിങ്ങനെ ഓവർ ഡയലോഗ് അടിക്കുകയൊന്നും വേണ്ട… നമ്മളും കുറെ പെൺപിള്ളേരെ കണ്ടിട്ടുള്ളതാ.” “എടി പോടീന്നൊക്കെ നിന്റെ അമ്മയോട് പോയി പറഞ്ഞാ മതി…” “എന്ത് പറഞ്ഞെടി നീ…” രാഹുൽ ദേഷ്യത്തോടെ അവളുടെ നേരെ ചീറി.

“എന്നെ എടി പോടീന്ന് വിളിക്കാൻ നീയാരാ. നിന്റെ അമ്മയെ പോയി വിളിക്ക്.” അപർണ്ണ വീണ്ടും അതുതന്നെ ആവർത്തിച്ചു. “വീട്ടിൽ ഇരിക്കുന്നവരെ പറയുന്നോടി പുല്ലേ..” രാഹുൽ കൈവീശി അവളുടെ കരണത്തു ആഞ്ഞടിച്ചു. പ്രതീക്ഷിക്കാതെയുള്ള അടിയിൽ അപർണ്ണ വേച്ചുപോയി. കവിളിൽ കൈപൊത്തി അവൾ തരിച്ചു നിന്നു. അവൾക്ക് തല ചുറ്റുന്നതായി തോന്നി. കണ്ണിൽ ഇരുട്ട് കയറി ബോധം മറിഞ്ഞു പോകുമ്പോൾ അവളുടെ കണ്മുന്നിൽ രാഹുൽ മാത്രമായിരുന്നു. അപ്പോഴാണ് ക്ലാസ്സ്‌ മുറിക്ക് പുറത്തു നിന്ന മഹി രാഹുലേന്ന് ഉറക്കെ വിളിച്ചത്. അവളെ ഒന്ന് നോക്കിയ ശേഷം രാഹുൽ പുറത്തേക്ക് ചെന്നു. രാഹുൽ പുറത്തിറങ്ങുമ്പോൾ അകത്തു അപർണ്ണ ബോധം മറിഞ്ഞു വീണിരുന്നു.

രാഹുൽ അതൊന്നും അറിഞ്ഞിരുന്നില്ല. “എന്താടാ…” “എടാ ഗ്രൗണ്ടിൽ അടി നടക്കുകയാണെന്ന് തോന്നുന്നു. വാ പോയി നോക്കിയിട്ട് വരാം..” “പാർട്ടിക്കാർ തമ്മിൽ അടിയായോ… നീ വാടാ.” മുണ്ട് മടക്കി കുത്തികൊണ്ട് രാഹുൽ അവനെയും കൂട്ടി ഗ്രൗണ്ട് ലക്ഷ്യമാക്കി നടന്നു. “അല്ലെടാ അകത്തെന്താ ഒരു പടക്കം പൊട്ടുന്ന ഒച്ച കേട്ടത്. അവളുടേന്ന് തല്ല് കിട്ടിയ ലക്ഷണം കാണുന്നുണ്ടല്ലോ.” “ഒരെണ്ണം അങ്ങോട്ട് ഞാനാ പൊട്ടിച്ചത്. കുറച്ചു അഹങ്കാരം കൂടുതലാ. ഇത്തിരി തൊലി വെളുപ്പിന്റെ നെഗളിപ്പാ. എന്നാലും എന്തോ ഒരിഷ്ടം അവളോട്‌. അമ്മയെ പറഞ്ഞപ്പോൾ ദേഷ്യം വന്നിട്ട് അറിയാണ്ട് ഒന്ന് കൊടുത്തതാ..” രാഹുൽ നടന്ന കാര്യം മഹിയോട് പറഞ്ഞു. “അവളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.

ഞാൻ ഡിഗ്രി പഠിച്ച കോളേജിലാ അവളും പഠിച്ചത്. ഒരു തേപ്പ് കിട്ടിയതിൽ പിന്നെയാ ഇങ്ങനെ. അന്ന് കോളേജ് കാന്റീനിൽ പിള്ളേരുടെയെല്ലാം മുന്നിൽ വച്ച് അവന്റെ ചെക്കിടത്തു ഒരെണ്ണം പൊട്ടിച്ചിട്ടു പോയവളാ അവൾ. സ്നേഹിക്കുന്നവൻ ചതിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അവൾക്ക് കലികയറി. അവനിട്ടു ഒരെണ്ണം പൊട്ടിച്ചിട്ട് അവള് പോയി. ക്ലാസ്സിൽ കൂടെ പഠിക്കുന്ന പയ്യനുമായിട്ടായിരുന്നു അപർണ്ണയ്ക്ക് പ്രേമം. ഇവളൊരു പുസ്തകപുഴുവാ. പ്രേമോക്കെ ആണെങ്കിലും അടുത്തിടപഴകിയുള്ള പരിപാടിക്കൊന്നും അവളെ കിട്ടില്ലെന്ന്‌ അവന് തോന്നിയപ്പോൾ ചെക്കൻ വേറെ പെണ്ണിനെ വളച്ചെടുത്തു. അതാണ് സംഭവിച്ചത്.” “ശ്ശെടാ എന്നിട്ട് നീയിതു എന്നോട് നേരത്തെ പറയാതിരുന്നതെന്താ.”

“പോയി അവളുടേന്ന് രണ്ടെണ്ണം കിട്ടട്ടെ എന്ന് വിചാരിച്ചിട്ടാ..” മഹി ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. “നിനക്കിതൊക്കെ തമാശ. ആത്മാർത്ഥമായി സ്നേഹിക്കുന്നവൻ വഞ്ചിക്കുകയാണെന്നറിഞ്ഞപ്പോൾ അവൾക്കെന്ത് വേദന തോന്നിയിട്ടുണ്ടാകും. അതോണ്ടായിരിക്കാം അവൾ എന്നോട് അങ്ങനെയൊക്കെ സംസാരിച്ചിട്ടുണ്ടാവുക. പെട്ടന്ന് വന്ന ദേഷ്യത്തിൽ ഞാൻ അടിച്ചു പോയല്ലോ.” “നിന്റെ അടിയിൽ അവളുടെ ബോധം പോയിക്കാണും. ഉരുക്കു പോലത്തെ കയ്യല്ലേ..” “ഞാൻ തിരിച്ചു പോയി അവളെ കണ്ടൊരു സോറി പറഞ്ഞിട്ട് വരാം.” “ഗ്രൗണ്ടിൽ പോയി നോക്കിയിട്ട് പോവാടാ..” മഹി അവനെ തടഞ്ഞു. അവർ ഗ്രൗണ്ടിലെത്തുമ്പോൾ പാർട്ടിക്കാർ തമ്മിൽ കടുത്ത അടിപിടിയിലായിരുന്നു.

വിദ്യാർത്ഥികൾ കുറേപേർ ചുറ്റും നിന്ന് കാഴ്ച കണ്ടു രസിക്കുന്നുണ്ട്. മറ്റുചിലർ ഇരുഭാഗത്തുള്ളവരെയും പിടിച്ചു മാറ്റാൻ നന്നേ പരിശ്രമിക്കുന്നുണ്ടായിരുന്നു. രാഹുലും മഹിയും അവർക്കിടയിലേക്ക് ഓടിചെന്നു. വഴക്കു ഒത്തുതീർപ്പാക്കി അടിപിടി കൂടുന്നവരെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ രാഹുലിന്റെ ഷർട്ട്‌ കീറിപോയിരുന്നു. ഒരുവിധം കലഹമവസാനിപ്പിച്ചു എല്ലാവരെയും പറഞ്ഞു വിട്ട ശേഷം രാഹുലും മഹിയും അപർണ്ണയുടെ അടുത്തേക്ക് പോയി. അതേസമയം ബോധം മറിഞ്ഞു വീണ അവളെ പ്രാപിക്കാൻ ശ്രമിക്കുകയായിരുന്നു മറ്റൊരുവൻ. അവിടെ നടക്കുന്ന രംഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തുകയായിരുന്നു വേറൊരുത്തൻ.

നിലത്ത് കിടക്കുകയായിരുന്നു അവൾ. ഷാൾ കൊണ്ട് അവളുടെ കണ്ണും മുഖവും വായും എല്ലാം മൂടപ്പെട്ടിരുന്നു. അപർണ്ണയുടെ ചുരിദാർ വലിച്ചൂരി ഡെസ്ക്കിന് മുകളിലേക്ക് എറിഞ്ഞ ശേഷം അവളുടെ നഗ്‌നമായ ശരീരത്തെ കാമാസക്‌തിയോടെ പുൽകാൻ വെമ്പാവേയാണ് അവൾക്ക് ബോധം തിരിച്ചു കിട്ടിയത്. സ്ഥലകാല ബോധം വീണ്ടെടുത്ത അപർണ്ണ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. അവൾ രാഹുൽ തന്നെ റേപ്പ് ചെയ്യാൻ ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിച്ചു. സർവ്വശക്തിയുമെടുത്തവൾ അവനെ പ്രതിരോധിക്കാൻ ശ്രമിച്ചു. അപർണ്ണ അവന്റെ ഷർട്ട്‌ വലിച്ചു കീറി. എന്നിട്ടും അവനവളെ വിടാൻ ഒരുക്കാമായിരുന്നില്ല. അവളുടെ കൈകൾ ഇരുവശത്താക്കി നിലത്ത് ചേർത്തമർത്തി അനക്കാൻ കഴിയാത്ത വിധത്തിൽ അവൻ പിടിച്ചു വച്ചു.

ശേഷം അവളുടെ മാറിടത്തിലേക്കവൻ മുഖമമർത്തിയതും പിന്നിൽ നിന്നും വീഡിയോ പിടിച്ചു കൊണ്ടിരുന്നവന്റെ ഫിസിലടി കേട്ടു. ആരെങ്കിലും അതുവഴി വന്നാൽ ഫിസിലടിക്കാൻ നിർദേശിച്ചിട്ടാണ് അവൻ അപർണ്ണയെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. ആഗ്രഹം പൂർത്തീകരിക്കാൻ കഴിയാത്ത നിരാശയോടെ അവൻ അവളിലെ പിടിവിട്ട് എഴുന്നേറ്റു പുറത്തേക്ക് പോയി. രാഹുലും മഹിയും വരുന്നത് കണ്ടതും ഇരുവരും അവിടെ നിന്നും ഓടി. ക്ലാസ്സ്‌ മുറിയിൽ നിന്നിറങ്ങി ഓടുന്ന അവരെ മഹിയും രാഹുലും കണ്ടിരുന്നു. അവർക്കെന്തോ പന്തികേട് അനുഭവപ്പെട്ടു. “മഹി അപർണ്ണ ക്ലാസ്സിൽ തനിച്ചായിരുന്നല്ലോ. അവൾക്കെന്തോ പറ്റിയിട്ടുണ്ട്. നീ പോയി അവന്മാർ ഏതാണെന്ന് നോക്ക്.

രണ്ടെണ്ണത്തിനെയും എങ്ങനെയെങ്കിലും പിടിക്കണം. എന്തോ കുഴപ്പം ഒപ്പിച്ചിട്ട് പോകുവാണെന്നു തോന്നുന്നു കണ്ടിട്ട്. ഞാൻ അപർണ്ണയെ പോയി നോക്കട്ടെ.” കേൾക്കാത്ത താമസം മഹി അവരെ പിന്നാലെ പാഞ്ഞു. രാഹുൽ ക്ലാസ്സ്‌ റൂമിലേക്ക് ചെല്ലുമ്പോൾ നൂലിഴ ബന്ധമില്ലാതെ നിലത്ത് തളർന്നു കിടക്കുന്ന അപർണ്ണയെ കണ്ട് ഞെട്ടി. അവൾ തന്റെ മുഖത്തെ മറച്ചിരുന്ന ഷാൾ ആയാസപ്പെട്ട് അഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ച കണ്മുന്നിൽ കണ്ടതിന്റെ ഷോക്കിൽ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു രാഹുൽ. ഒരുവിധത്തിൽ അപർണ്ണ മുഖം മറച്ചിരുന്ന ഷാൾ അഴിച്ചു മാറ്റി. തൊട്ടുമുന്നിൽ കീറിപ്പറിഞ്ഞ വേഷത്തിൽ നിൽക്കുന്ന രാഹുലിനെ കണ്ടവൾ ഞെട്ടി. അവളുടെ കണ്ണിൽ നിന്നും നീർമുത്തുകൾ പൊടിഞ്ഞു.

ഡെസ്കിനു മുകളിൽ കിടന്നിരുന്ന ചുരിദാർ അവൾ കയ്യെത്തിച്ചെടുത്തു. വേഗമവൾ ചുരിദാർ എടുത്തണിഞ്ഞു. ചുരിദാറിന്റെ ടോപ്പിന്റെ കൈകൾ ഒക്കെ കീറിപറിഞ്ഞു പോയിരുന്നു. സമനില തെറ്റിയവളെ പോലെ അപർണ്ണ രാഹുലിനടുത്തേക്ക് പാഞ്ഞു. “എന്തിനായിരുന്നു എന്നോടീ ക്രൂരത കാട്ടാൻ ശ്രമിച്ചത്. എന്നെ പിച്ചിചീന്താനായിരുന്നല്ലേ തനിച്ചിരുന്ന എനിക്കരികിലേക്ക് കയറി വന്നത്.” അവളുടെ ഉച്ചത്തിലുള്ള ശബ്ദം ആ ക്ലാസ്സ്‌ മുറിയിൽ പ്രതിധ്വനിച്ചു. അവളുടെ ആ ചോദ്യം കേട്ട് രാഹുൽ ഞെട്ടിപ്പോയി. ഉറക്കെയുറക്കെയവൾ കരയുന്നുണ്ടായിരുന്നു. ശബ്‌ദിക്കാൻ കഴിയാനാവാതെ രാഹുൽ തറഞ്ഞുനിന്നു. താനാണവളെ നശിപ്പിക്കാൻ ശ്രമിച്ചതെന്ന തെറ്റിദ്ധാരണയിലാണ് അപർണ്ണയെന്ന് അവന് മനസിലായി.

പരിസരം മറന്നവൾ രാഹുലിന് നേരെ ആക്രോശിച്ചു. ക്ലാസ്സ്‌ മുറിയിലെ ബഹളം കേട്ട് അവിടേക്ക് വിദ്യാർത്ഥികൾ പാഞ്ഞു. ആരോ പറഞ്ഞു വിവരമറിഞ്ഞു അധ്യാപകരും അങ്ങോട്ട് ചെന്നു. കൈകൾ കീറിപോയതിനാൽ ചുരിദാറിന്റെ മുകളിലൂടെ ഷാള് കൊണ്ട് പൊതിഞ്ഞ് അവളെ അധ്യാപകർ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. “അന്ന് അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം ഞാനാണ് തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചതെന്ന് തെറ്റിദ്ധരിച്ചു. തക്ക സമയത്തു മഹി വന്നത് കൊണ്ട് വിദ്യാർത്ഥികളുടെ അടി കൊള്ളാതെ രക്ഷപെട്ടു. അന്ന് അവന്മാരെ പിടിക്കാൻ പുറകെയോടിയ മഹിക്ക് അവന്മാരുടെ കയ്യിൽ നിന്നും നിലത്ത് വീണ മൊബൈൽ ഫോൺ കിട്ടിയാരുന്നു. അവർ ഷൂട്ട്‌ ചെയ്ത വീഡിയോ ഗാലറിയിൽ ഉണ്ടായിരുന്നു.

അതുകൊണ്ട് അന്നെനിക്കെന്റെ നിരപരാധിത്വം കോളേജിൽ തെളിയിക്കാൻ പറ്റി.” “അതാരുടെ ഫോൺ ആയിരുന്നു.” അപർണ്ണ ചോദിച്ചു. “അറിയില്ല… അന്നത്തെ ബഹളത്തിനിടയ്ക്ക് ഞാനത് നോക്കാൻ വിട്ടുപോയി. മഹി ആ വീഡിയോ ഒരു തെളിവിനു വേണ്ടി എന്റെ ഫോണിലേക്ക് അയച്ചത് കൊണ്ട് എനിക്കാ വീഡിയോ സൂക്ഷിച്ചു വയ്ക്കാൻ കഴിഞ്ഞു. ആ മൊബൈൽ ഫോൺ ഒന്ന് പരിശോധിക്കാനുള്ള സാവകാശം കിട്ടിയില്ല. അതിനുമുൻപ് കോളേജുകാർ മഹിയുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി. പിന്നീട് അതിനെതിരെ ഒരാക്ഷനും എടുത്തതായി അറിഞ്ഞിരുന്നില്ല… ഞാൻ അല്ല അപ്പൂനോട് അന്ന് മോശമായി ബിഹേവ് ചെയ്യാൻ ശ്രമിച്ചത്. ആ വീഡിയോ അന്ന് ഞാൻ വാട്സാപ്പിൽ അയച്ചു തന്നപ്പോൾ മുഴുവനും കണ്ടിരുന്നെങ്കിൽ അപ്പുവിന് മനസിലാകുമായിരുന്നു എന്റെ നിരപരാധിത്വം.

രക്ഷിക്കാനാ ഞാൻ ശ്രമിച്ചത്. ഒരു പെണ്ണിനോടും ഇങ്ങനെയൊന്നും ക്രൂരത ചെയ്യാൻ എനിക്ക് കഴിയില്ല. എന്റെ അച്ഛനും അമ്മയും എന്നെ അങ്ങനെയാ വളർത്തിയത്.” എല്ലാം കേട്ടു കുറ്റബോധത്തോടെ തലകുനിച്ചു നിൽക്കാനേ അപർണ്ണയ്ക്ക് കഴിഞ്ഞുള്ളു. അവൻ പറയുന്നത് കളവാണെന്ന് അവൾക്ക് തോന്നിയില്ല. അപർണ്ണയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “അരവിന്ദൻ മാഷിനോടും ലക്ഷ്മിയമ്മയോടും അനൂപേട്ടനോടും ലേഖേട്ടത്തിയോടുമൊക്കെ ഞാൻ സത്യാവസ്ഥ പറഞ്ഞു ബോധിപ്പിച്ചിരുന്നു. ഒരിക്കൽ പോലും എന്നെ കേൾക്കാൻ ശ്രമിക്കാതിരുന്നത് അപർണ്ണ മാത്രമായിരുന്നു.”

രാഹുലിന്റെ കണ്ഠമിടറി. തേങ്ങലോടെ അപർണ്ണ രാഹുലിന്റെ കാലിലേക്ക് വീണു. “എന്നോട് പൊറുക്കണം രാഹുലേട്ടാ..” “ഏയ്‌ അപ്പു എന്തായീ കാട്ടണെ…” അവൻ അവളുടെ ചുമലിൽ കൈവച്ചു. “മാപ്പ്… ഞാനൊരുപാട് കുത്തിനോവിച്ചു… വേദനിപ്പിച്ചു… എല്ലാത്തിനും എന്നോട് ക്ഷമിക്കണം. എന്റെ തെറ്റാ എല്ലാം…” അവൾ ഏങ്ങലടിച്ചു കരഞ്ഞു. “എന്നേക്കാൾ വേദനിച്ചതും നീറി നീറി കഴിഞ്ഞതും താനല്ലേ. തന്റെ വേദന എനിക്ക് മനസിലാകും. ഇപ്പോഴെങ്കിലും എനിക്ക് പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് കാണിച്ചല്ലോ എനിക്കത് മതി.” അവന്റെ മുന്നിൽ നിന്നും പൊട്ടിക്കരയുകയായിരുന്നു അപർണ്ണ. റോഡിലൂടെ പോകുന്നവർ അവരെ നോക്കികൊണ്ടാണ് കടന്നു പോകുന്നത്. അവളെ തന്റെ മാറോടണച്ചു പിടിക്കാൻ അവന്റെ മനസ്സ് വെമ്പി.

പൊട്ടിക്കരയുന്ന അപർണ്ണയെ അവൻ ചേർത്തുപിടിച്ചു. അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നവൾ മതിവരുവോളം കരഞ്ഞു. ആ കാഴ്ച കാറിലിരുന്നു കൊണ്ട് ലേഖയും കാണുന്നുണ്ടായിരുന്നു. സന്തോഷത്തോടെ ഏട്ടത്തി ആ കാഴ്ച കണ്ട് ഇരുന്നു. ഒരു നേർത്ത മന്ദാഹാസം അവരുടെ ചുണ്ടിൽ വിരിഞ്ഞു. അവളുടെ കണ്ണിലെ കണ്മഷി അവന്റെ ചന്ദന നിറമാർന്ന ഷർട്ടിൽ പുരണ്ടു. നിമിഷങ്ങളോളം അവർ അങ്ങനെ തന്നെ നിന്നു. മറ്റുള്ളവർ തങ്ങളെ ശ്രദ്ധിക്കുന്നത് ഇരുവരും ഗൗനിച്ചതേയില്ല. “എനിക്ക് തന്നോടൊരു ദേഷ്യവുമില്ലടോ. എന്നും ഈ കാന്താരിയോട് അടങ്ങാത്ത പ്രണയം മാത്രമായിരുന്നു.” അതുകേട്ടവൾ ഞെട്ടിത്തരിച്ചവനെ നോക്കി. പൊടുന്നനെ അപർണ്ണ അവനിൽ നിന്നടർന്നു മാറി.

അവന്റെ മുഖത്ത് നോക്കാനുള്ള ശക്തി തനിക്കില്ലെന്നവൾക്ക് തോന്നി. പെയ്തൊഴിഞ്ഞ മാനം പോലെയായിരുന്നു രാഹുലിന്റെ ഹൃദയം. കുറച്ചു നേരത്തെക്കവർ ഒന്നും മിണ്ടാതെ അങ്ങനെ നിന്നു. തിരികെ കാറിന്റെ അടുത്തേക്ക് നടക്കുമ്പോൾ അപർണ്ണ അവനോടു ചോദിച്ചു. “ആ വീഡിയോ എന്നെയൊന്നു കാണിക്കാമോ… അന്നതു കാണാനുള്ള കരുത്തെനിക്കില്ലായിരുന്നു.” “കാണിച്ചു തരാം..” രാഹുൽ തന്റെ മൊബൈലെടുത്തു വീഡിയോ ഓപ്പൺ ആക്കി അവളുടെ കയ്യിലേക്ക് കൊടുത്തു….തുടരും

വിവാഹ മോചനം: ഭാഗം 5

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!