അർച്ചന-ആരാധന – ഭാഗം 15

Share with your friends

എഴുത്തുകാരി: വാസുകി വസു

അരവിന്ദ് നമ്പ്യാർക്ക് മുമ്പിൽ നീ ആരാധനയാണ്.. അർച്ചനയല്ല മനസ്സിലായല്ലോ” മനസ്സിലായെന്ന അർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു.അവർ ചെല്ലുമ്പോൾ അരവിന്ദ് വീട്ടിൽ ഉണ്ടായിരുന്നു. ക്രൂയിസറിൽ നിന്ന് ഇറങ്ങിയ അർച്ചന പപ്പയെ കണ്ടതോടെ എല്ലാം മറന്നു.കാലുകൾ ചിറകുകളാക്കി അവൾ അയാളുടെ അടുത്തേക്ക് ഓടിച്ചെന്നു.. “പപ്പാ… കരഞ്ഞു കൊണ്ട് അയാളുടെ നെഞ്ചിലേക്ക് അർച്ചന വീണു.മകൾ എന്തിനാണ് പൊട്ടിക്കരയുന്നതെന്ന് അറിയാതെ അയാൾ അമ്പരന്നു പോയി.അതേ ഭീതി രുദ്രദേവിലും ഉണ്ടായി. ” ഇവളെല്ലാം നശിപ്പിക്കുമോ?” ഇതുവരെ അടക്കിപ്പിടിച്ച മാനസികമായ സംഘർഷങ്ങൾ അവൾ പപ്പയുടെ മേലെ ഇറക്കി വെക്കുകയായിരുന്നു..

എല്ലാ സമ്മർദ്ദങ്ങളും പപ്പയെ ഏൽപ്പിച്ചു മനസ് തുറന്ന് ചിരിക്കാനായി…പപ്പയുടെ മോളായി മാറാനുളള അടങ്ങാത്ത അഭിനിവേശമായിരുന്നു അർച്ചനയിൽ ഉണ്ടായിരുന്നത്… “എന്തുപറ്റി മോളേ” കാര്യമറിയാതെ അമ്പരന്ന അരവിന്ദൻ നമ്പ്യാർ മകളുടെ ദുഖത്തിന്റെ കാരണം അറിയതെ അമ്പരന്നു. തെല്ലൊരു നിമിഷം കഴിഞ്ഞാണ് അർച്ചനക്കും ബോധോദയം വന്നത്. “ആരാധനയായിട്ടാണ് അഭിനയിക്കേണ്ടത്.അർച്ചയനയാണു വന്നിരിക്കുന്നതെന്ന് പപ്പ അറിഞ്ഞട്ടില്ല.. ” ഒന്നൂല്ലാ പപ്പാ.പെട്ടെന്ന് കണ്ടപ്പോൾ എനിക്ക് സന്തോഷം വന്നു.ആനന്ദക്കണ്ണീരാണേ” “ഹൊ.ഞാൻ കരുതി നിനക്ക് എന്ത് പറ്റിയെന്ന്’ ” എനിക്ക് എന്ത് പറ്റാൻ.എന്റെ പപ്പയുണ്ടല്ലോ എനിക്ക് “

അരവിന്ദ നമ്പ്യാരെ കെട്ടിപ്പിടിച്ച് അവൾ മെല്ലെയൊന്ന് തേങ്ങി. “പപ്പാ എനിക്കൊരു ഹെൽപ്പ് ചെയ്യോ” അവൾ അയാളുടെ മുഖത്തേക്ക് നോക്കി. “കാര്യം പറയൂന്നേ” “വാക്ക് തന്നാൽ കാര്യം പറയാം. ഇല്ലെങ്കിൽ പപ്പ മുങ്ങിയാലോ” അവൾ സംശയം പ്രകടിപ്പിച്ചു. ആരാധന പറഞ്ഞുളള അറിവും മുമ്പ് ഇവിടെ വന്നുളള അനുഭവം വെച്ച് നോക്കുമ്പോൾ പപ്പയുടെ തിരക്കവൾ കണ്ടിട്ടുളളതാണ്. “സത്യം ചെയ്യാതെ പറയൂല്ലാ” അർച്ചന വാശിയോടെ പറഞ്ഞിട്ട് പിണക്കം ഭാവിച്ചു നിന്നു.അയാൾക്ക് വല്ലാത്ത സങ്കടം വന്നു. “അമ്മയില്ലാത്ത കുഞ്ഞാണ്.. അർച്ചനയുടെ മുഖം പിടിച്ചു തനിക്ക് അഭിമുഖമായി തിരിച്ചു.

എന്നിട്ട് അവളുടെ കയ്യിൽ സത്യം ചെയ്തു. ” ഞാൻ പോകുന്ന ദിവസം വരെ തിരക്കുകൾ മാറ്റിവെച്ച് പപ്പക്ക് എന്റെ കൂടെ നിൽക്കാമോ..പ്ലീസ് പപ്പ” സ്നേഹത്തോടെയുളള കൊഞ്ചൽ തുടർന്നു.ഭാര്യയുടെ മുഖമാണു അയാൾക്ക് ഓർമ്മ വന്നത്. അരവിന്ദ് അർച്ചനയെ ചേർത്തു പിടിച്ചു ശിരസ്സിൽ തലോടി.എന്നിട്ട് പറഞ്ഞു. “എഗ്രീഡ്.നീ പോകുന്നത് വരെ എന്റെ മോളോടൊപ്പം ഞാനുണ്ടാകും” അവളുടെ സന്തോഷത്തിനു അതിരില്ലായിരുന്നു.അയാളുടെ കവിളിലൊരുമ്മ കൊടുത്തിട്ട് സന്തോഷത്തോടെ അകത്തേക്ക് ഓടി. എല്ലാം കണ്ടു രുദ്രദേവിന്റെ കിളി പറന്ന് നിൽക്കുകയാണ്.

ഇവളെല്ലാം നശിപ്പിക്കുമോന്ന് ഭയന്നു.ആരാധനയാണെന്ന് പറഞ്ഞിരുന്നെങ്കിൽ തനിക്കിത്രയും ടെൻഷൻ ഇല്ലായിരുന്നു. ഇനിയിപ്പോൾ മാറ്റി പറയാനും കഴിയില്ല.അർച്ചന സന്തോഷത്തോടെ ഓടിപ്പോയപ്പോഴാണു അവന്റെ നെഞ്ചിലെ തീയണഞ്ഞത്. അർച്ചന മുമ്പ് വന്നപ്പോൾ അർച്ചനയുടെ മുറിയിലാണ് തങ്ങിയത്.ഈ പ്രാവശ്യം നേരെ ബാഗ് അവളുടെ മുറിയിൽ കൊണ്ട് ചെന്ന് വെച്ചു.ഒന്ന് ഫ്രഷ് ആകണമെന്ന് കരുതി ബാത്ത് റൂമിൽ കയറി. 💃💃💃💃💃💃💃💃💃💃💃💃💃💃💃💃 “എന്റെ മോളുടെ സന്തോഷം കണ്ടോടോ..” ഹാളിലേക്ക് ഇരിക്കുന്നതിനിടയിൽ രുദ്രനോട് അരവിന്ദ് നമ്പ്യാർ പറഞ്ഞു.അത് ആരാധനയല്ല അർച്ചനയാണെന്ന് പറയാൻ കഴിയാതെ രുദ്രനിരുന്ന് വീർപ്പ്മുട്ടി.

കുറച്ചു നേരം അവർ സംസാരിച്ചിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ അർച്ചന പപ്പയുടെ പിന്നിൽ വന്നു നിന്നു.രുദ്രന്റെ കണ്ണുകൾ ഇടക്കിടെ അവളുടെ മേലെ വീണു.എങ്കിലും അവളത് കണ്ടില്ലെന്ന് നടിച്ചു. “പപ്പാ ചായ കൊണ്ടുവരട്ടെ” “കൊണ്ടുവാ മോളേ” അരവിന്ദ് സ്നേഹത്തോടെ അനുമതി നൽകി. “രുദ്രനു കൂടി എടുത്തോളൂ” അയാൾ ഓർമ്മിപ്പിച്ചു. “ശരി പപ്പാ” അർച്ചന കിച്ചണിലേക്ക് നടന്നു.ധാരാളം ജോലിക്കാരുണ്ട് അവിടെ. എല്ലാവരും കുശലം ചോദിച്ചു. പതറാതെ എല്ലാവർക്കും മറുപടി കൊടുത്തു. മുമ്പ് ഇവിടെ വന്നത് നന്നായി.അവൾ മനസ്സിൽ കരുതി. ചായക്ക് പാത്രം ഗ്യാസിൽ വെച്ചതും കിച്ചണിൽ നിൽക്കുന്ന ശ്യാമേച്ചി അടുത്ത് വന്നു “കുഞ്ഞേ..

അതവിടെ വെച്ചേക്ക്..ചായ ഞാനിടാം.കുഞ്ഞിനു പരിചയമില്ലാത്തതല്ലേ”അർച്ചന മെല്ലെയൊന്ന് തിരിഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു ” എന്റെ പപ്പക്കല്ലേ ശ്യാമേച്ചി ചായ.എന്റെ കൈകൊണ്ടു ഇട്ടു കൊടുത്തോളാം” ശ്യാമ വിശ്വാസം വരാതെ അർച്ചനയെ നോക്കി.പേര് വിളിക്കുന്ന ആളാണ്. ശ്യാമേച്ചീന്ന്.അടുക്കളയിൽ ഒന്ന് കയറുക കൂടിയില്ല.എല്ലാം എടുത്തു അരികിൽ കൊണ്ട് ചെന്ന് വെച്ചാൽ മാത്രം കഴിക്കുന്ന കൊച്ചിനു ഇതെന്ത് പറ്റി.അവർ ചിന്താ കുഴപ്പത്തിലായി.. ശ്യാമയെ അമ്പരപ്പിച്ചു കൊണ്ട് അർച്ചന ചായ തയ്യാറാക്കി.ഒരു കപ്പ് ചായ അവർക്ക് നേരെ നീട്ടി. “കുടിക്ക് ശ്യാമേച്ചി” “കുഞ്ഞ് കുടിച്ചോളൂ..

ഞാൻ പിന്നെ കുടിച്ചോളാം” “അതെന്താ ഞാൻ തന്നാൽ കുടിക്കില്ലേ” “അയ്യോ അതല്ല കുഞ്ഞേ” അവരൊന്ന് മടിച്ചെങ്കിലും അർച്ചനയുടെ നിർബന്ധത്താൽ വാങ്ങിക്കുടിച്ചു.നല്ല രുചി..അതുപോലെ കൈപ്പുണ്യവും ഉണ്ട്. “എങ്ങനെ ഉണ്ട് ചായ” അർച്ചന ചോദിച്ചു. “നല്ല ചായ” അവർ അവളെ അഭിനന്ദിച്ചു.എങ്കിലും ഒരു വിശ്വാസമില്ലായ്മ ശ്യാമയിൽ ഉണ്ടായിരുന്നു.. അർച്ചന രണ്ടു കപ്പ് ചായയുമായി ഹാളിലെത്തി.പപ്പക്ക് ഒരുകപ്പ് കൊടുത്തിട്ട് രുദ്രനും നൽകി.അവനു കൊടുക്കുമ്പോൾ കൈകൾ ചെറുതായിട്ട് വിറച്ചു.രുദ്രനത് മനസ്സിലായെങ്കിലും പുറമേ കാണിച്ചില്ല.. ചായയുടെ കുടിച്ചപ്പോൾ തന്നെ രുചിവ്യത്യാസം തോന്നി.

പതിവു പോലെയുളളതല്ലെന്ന് നമ്പ്യാർക്ക് മനസ്സിലായി.ഇത്രയും രുചികരമായി മുമ്പ് ചായ കുടിച്ചിട്ടുളളത് ഭാര്യയുളളപ്പോഴാണ്. “പപ്പാ ചായ എങ്ങനെയുണ്ട്” അയാളുടെ അഭിപ്രായം അറിയാനായിരുന്നു അവൾക്ക് തിടുക്കം… “സൂപ്പർ ചായ..ശ്യമക്ക് നന്നായി ചായ ഇടാൻ അറിയാലോ” “പപ്പാ ഇത് ശ്യാമേച്ചിയല്ല ഞാനാ ഇട്ടത്” അർച്ചന പപ്പയോടായി പറഞ്ഞു. ഇടക്ക് അവളുടെ മിഴികൾ രുദ്രനു മേലെയായി.അവനൊന്നും അറിയാത്ത പോലെ ചായ കുടിക്കുകയാണ്. അരവിന്ദ് നമ്പ്യാർ അത്ഭുതത്തോടെ മകളെ നോക്കി..അവളാണ് ചായ റെഡിയാക്കിയതെന്ന് പറഞ്ഞിട്ട് അയാൾക്ക് വിശ്വാസം വന്നില്ല.

“പപ്പാ ശ്യാമേച്ചിയോടെ ചോദിച്ചു നോക്കൂ.. അങ്ങനെ പറഞ്ഞിട്ട് അവൾ തന്നെ ഉറക്കെ വിളിച്ചു.. ” ശ്യാമേച്ചി ഇങ്ങോട്ടൊന്ന് വന്നേ” “ദാ കുഞ്ഞേ വരുന്നു” അവർ വിളി കേട്ടു ഉടനെയെത്തി.. ശ്യാമ പറഞ്ഞപ്പോൾ അയാൾക്ക് വിശ്വാസമായി.പക്ഷേ രുദ്രനറിയാം അർച്ചന നന്നായി പാചകം ചെയ്യുമെന്ന്. അവളുടെ നൈപുണ്യം വീടെടുത്ത് താമസിച്ചപ്പോൾ അറിഞ്ഞതാണ്.. “അതൊക്കെ പോട്ടേ.നീ പാചകം എവിടെ നിന്ന് പഠിച്ചു” “ഇപ്പോൾ ഹോസ്റ്റലിൽ ഞങ്ങൾ പാചകം ചെയ്യാറുണ്ട്..” അത്രയും പറഞ്ഞിട്ട് അവൾ അവിടെ നിന്ന് എസ്ക്കേപ്പായി.ഇനി നിന്നാൽ ശരിയാകില്ലെന്ന് അറിയാം.. 💃💃💃💃💃💃💃💃💃💃💃💃💃💃💃

രാത്രിക്ക് മുമ്പായി രുദ്രൻ അവിടെ നിന്ന് പോയി.വീട്ടിൽ പപ്പയും അർച്ചനയും ജോലിക്കാരും മാത്രമായി. രാത്രി ഉറങ്ങുന്നതിനു മുമ്പായി കുറച്ചു മദ്യപിക്കുമെന്ന ശീലം അരവിന്ദ് നമ്പ്യാർക്കുണ്ട്.അന്നും പതിവുപോലെ റൂമിലെത്തി കഴിക്കാനായി മദ്യക്കുപ്പിയും ഗ്ലാസും തണുത്ത വെള്ളവും എടുത്തു വെച്ചു.കുടിക്കാനായി ഗ്ലാസ് ഉയർത്തിയതും അർച്ചന മുറിയിലേക്ക് കയറി വന്നു. മകൾ പതിവില്ലാതെ മുറിയിലേക്ക് വന്നതിൽ നമ്പ്യാർക്ക് അമ്പരപ്പ് തോന്നി. “പപ്പാ.. പതിവില്ലാത്ത വിധത്തിൽ അർച്ചനയുടെ സ്വരം ഇടറി.അയാൾക്ക് അത് മനസ്സിലാവുകയും ചെയ്തു.. ” എന്തുപറ്റി..”

“എനിക്കീ ഭൂമിയിൽ ആകെയുള്ളത് എന്റെ പപ്പാ മാത്രമാണ്..കുടിച്ച് കുടിച്ച് എന്തെങ്കിലും പറ്റിയാൽ പപ്പയുടെ മോൾക്ക് ആരുണ്ട്” അവൾ മെല്ലെയൊന്ന് തേങ്ങി. അത് അയാളുടെ നെഞ്ചിൽ തറച്ചു കയറി. “അമ്മയുടെ വേർപാട് ഓർത്താണു പപ്പ കഴിക്കുന്നതെങ്കിൽ ആ ആത്മാവ് വിഷമിക്കുകയുള്ളൂ” മകൾ പറയുന്നത് ശരിയാണ്.. പക്ഷേ രാത്രികളിൽ ഓർമ്മകൾക്ക് ജീവൻ വെച്ച് കുത്തി നോവിക്കുകയാണ്.അത് മറക്കാൻ..എല്ലാം മറന്നൊന്ന് ഉറങ്ങാനാണു കുടിക്കുന്നത്.. “പപ്പാ.. അർച്ചന അടുത്ത് വന്ന് അയാളുടെ തോളിൽ കൈവെച്ചു. ” പപ്പാ മദ്യം കഴിക്കണ്ടെന്ന് പറയുന്നില്ല.ഒരുലിമിറ്റ് വെക്കണം…

എനിക്ക് വേണ്ടി..പപ്പയുടെ മോൾക്കായിട്ട്..എനിക്ക് വേണം എന്റെ പപ്പയെ” അർച്ചനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അയാൾക്കത് സഹിക്കാൻ കഴിഞ്ഞില്ല. ആദ്യമായാണ് അവൾ കരയുന്നത് കാണുന്നത്.ഭാര്യ തനിക്ക് അരികിലെത്തി കരയുന്നതായിട്ടാണു അയാൾക്ക് തോന്നിയത്.വെറുപ്പോടെ മദ്യക്കുപ്പി മാറ്റിവെച്ചു.അർച്ചനക്ക് ഇതിൽ കൂടുതൽ സന്തോഷം വേറെയൊന്നും ഇല്ലായിരുന്നു. “നല്ല പപ്പ.. കവിളത്തൊരുമ്മ കൊടുത്തു.. പപ്പക്ക് ഏകദേശം ഒരളവിൽ അവൾ ഒഴിച്ചു കൊടുത്തെങ്കിലും നമ്പ്യാർ കുടിച്ചില്ല. ” പപ്പക്ക് ഇനിയിത് വേണ്ട മോളേ.. അയാൾ തറപ്പിച്ചു പറഞ്ഞു..

തന്റെ നമ്പർ ഏറ്റതിൽ അവൾ സന്തോഷിച്ചു.. ആഹാരത്തിനു ശേഷം ഉറങ്ങാൻ നേരം വീണ്ടും അർച്ചന പപ്പക്ക് അരികിലെത്തി.. “ഇന്ന് ഞാൻ പപ്പയുടെ ഒപ്പമാണു ഉറങ്ങുന്നത്” വേണ്ടെന്നു പറഞ്ഞിട്ടും പോകാൻ അവൾ കൂട്ടാക്കിയില്ല.ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.പപ്പയുടെ ബെഡ്ഡിൽ ആണ് ഉറങ്ങിയത്.. “ജീവിതത്തിൽ എന്റെ പപ്പാ ഒറ്റക്കായി പോയെന്നൊരു തോന്നൽ വേണ്ടാ..അതുപോലെ എനിക്കും.ഈ ജന്മം എനിക്കെന്റെ പപ്പയുടെ സ്നേഹം മുഴുവനും വേണം” അർച്ചന ഏങ്ങലടിച്ചു കരഞ്ഞു.അയാൾ കൈ നീട്ടി മകളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

അവൾ അയാളുടെ വലതുകരത്തിൽ തന്റെ കരം അർപ്പിച്ചു എപ്പോഴോ മയങ്ങി… അരവിന്ദ് നമ്പ്യാർ ഉറങ്ങാതെ നേരം വെളുപ്പിച്ചു…മകൾക്ക് കൂട്ടായി നിഷ്കളങ്കയായി ഉറങ്ങുന്ന അർച്ചനയെ തന്നെ സൂക്ഷിച്ചു നോക്കി കസേരയിൽ ഇരുന്നു.. ഇതുവരെ നൽകാൻ കഴിയാതിരുന്ന സ്നേഹം മുഴുവനും പകർന്ന് നൽകിക്കൊണ്ട്… കർമ്മം കൊണ്ട് താൻ ഇപ്പോളാണു ശരിക്കും അച്ഛനായെന്ന് അയാൾക്ക് തോന്നിപ്പോയി…….©വാസുകി വസു.

അർച്ചന-ആരാധന – ഭാഗം-14

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!