ഹരി ചന്ദനം: ഭാഗം 2

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

എനിക്ക് ശ്വാസം പോലും നിലക്കുന്ന പോലെ തോന്നി. ഞാൻ ചാരുവിന്റെ കയ്യിൽ അമർത്തി പിടിച്ചു. അവൾ എന്റെ പെട്ടന്നുള്ള മാറ്റം കണ്ടിട്ട് ആകെ അന്തിച്ചു നോക്കുവാണ്. അപ്പോഴേക്കും ബ്രേക്ക് ആയപ്പോൾ പുറത്തു പോയ സച്ചു ഓടി പിടിച്ചു എന്റെ അടുത്തേക്ക് വന്നു. നന്ദൻ അങ്കിൾ വിളിച്ചു കാണും എന്നു ഞാൻ ഊഹിച്ചു. “ചന്തു… പെട്ടന്ന് പോയി ബാഗ് എടുത്തു വാ. അച്ഛൻ നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞു. ഞാൻ കേൾക്കേണ്ട താമസം ബാഗ് എടുത്തു അവന്റെ അടുത്തേക്ക് ചെന്നു. “ഇവിടെന്തൊക്കെയാ നടക്കുന്നെ? നിങ്ങൾ എങ്ങോട്ട് പോവാ? “(ചാരൂ ) “ചാരൂ ഇവളുടെ പപ്പയ്ക്ക് സുഖമില്ല ചെറിയൊരു നെഞ്ച് വേദന ഹോസ്പിറ്റലിൽ ആണ്. ഞങ്ങൾ ഹോസ്പിറ്റലിൽ പോവാണ്”

“എന്നാൽ ഞാൻ കൂടി വരാം ” “നീ പയ്യെ വന്നാൽ മതി ” ഞാൻ എന്റെ വണ്ടിയുടെ കീ ചാരുവിനെ ഏൽപ്പിച്ചു. സച്ചുവിന്റെ പിറകെ പോയി. ബൈക്കിൽ അവന്റെ പിറകെ ഇരിക്കുമ്പോൾ ശരീരം വിറക്കുന്നുണ്ടായിരുന്നു. വീണു പോവാതിരിക്കാൻ ഞാൻ അവനെ മുറുകെ പിടിച്ചു. കടന്നു പോകുന്ന ഓരോ സെക്കന്റുകൾക്കും മണിക്കൂറുകളുടെ ദൈർഘ്യം ഉണ്ടെന്നു തോന്നി. സച്ചു വളരെ വേഗത്തിൽ തന്നെ വണ്ടി ഓടിക്കുന്നുണ്ടായിരുന്നു. ഹോസ്പിറ്റലിനു പുറത്തു നന്ദൻ അങ്കിൾ ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനെ അനുഗമിച്ചു ഞങ്ങൾ എത്തി നിന്നത് ഐ സി യു വിന്റെ മുൻപിലാണ്.അവിടെ പുറത്തിട്ടിരിക്കുന്ന ചെയറിൽ ശങ്കു മാമയും പപ്പയുടെ പി എ ജോൺ അങ്കിളും ഇരിപ്പുണ്ട്.

ഞാൻ icu ഡോറിന്റെ പുറത്തു നിന്നു ഉള്ളിലേക്ക് നോക്കി. അനേകം യന്ത്രങൾക്കു നടുവിൽ കട്ടിലിൽ അവശനായി കിടക്കുന്ന പപ്പയെ കണ്ടു. കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീരിനാൽ ആ കാഴ്ച മറഞ്ഞപ്പോൾ തിരിച്ചു ഞാൻ ശങ്കു മാമയുടെ അടുത്ത് പോയി ഇരുന്നു. ശങ്കു മാമ എന്റെ കൈ മുറുകെ പിടിച്ചു. ഞാൻ ആ തോളിലേക്ക് ചാഞ്ഞു. എന്റെ കണ്ണുകൾ അപ്പോഴും ഇടതടവില്ലാതെ പെയ്യുകയായിരുന്നു. മറുവശം സച്ചു വന്നിരുന്നു എന്റെ കൈ തടവി ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു. “മീറ്റിംഗിനിടയിൽ നെഞ്ച് വേദന വന്നു തളർന്നു വീണതാ.ഉടനെ ഇവിടെ എത്തിച്ചു. വരുന്ന വഴിയിൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.

ഡോക്ടർ പരിശോധിക്കുന്നുണ്ട്. എന്തൊക്കെയോ ടെസ്റ്റുകൾ ഇനിയും ഉണ്ടത്രേ. ” എന്റെ ചോദ്യങ്ങൾക്കു മുൻപ് തന്നെ ശങ്കു മാമ അത്രേം പറഞ്ഞു നിശബ്ദനായി. മറുപടി ഞാൻ ഒരു മൂളലിൽ ഒതുക്കി. അപ്പോഴേക്കും ചാരും ടീച്ചറമ്മേം വന്നു. ചാരു എന്റെ അടുത്ത് വന്നു തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ടീച്ചറമ്മ നന്ദൻ അങ്കിളിനോട്‌ കാര്യങ്ങൾ ചോദിക്കുന്നതു കേട്ടു.ഞാൻ പപ്പയ്ക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്തു വന്നു. “നിങ്ങൾ Mr.മേനോന്റെ കൂടെ ഉള്ളവരല്ലേ? ” “അതെ ” “അദ്ദേഹത്തിന് ഇപ്പൊ കുഴപ്പൊന്നും ഇല്ല. ഒബ്സർവേഷനിൽ ആണ്.

കുറച്ചു കൂടി ടെസ്റ്റ്‌ റിസൾട്ട്‌ വരാനുണ്ട് എങ്കിലേ കാര്യങ്ങൾ കറക്റ്റ് ആയി പറയാൻ കഴിയു. ” “ഞങ്ങൾക്ക് കാണാൻ കഴിയുമോ സർ ” “സോറി ഇന്നിനി പറ്റില്ല ടൈം കഴിഞ്ഞു. നാളെ രാവിലെ 7 മണിക്ക് വേണമെങ്കിൽ രണ്ടു പേർക്ക് കാണാം. വേറെ കുഴപ്പമൊന്നും ഇല്ലെങ്കിൽ നാളെ തന്നെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം. പിന്നെ icu വിന്റെ മുൻപിൽ ഇത്രേം ആളുകൾ പാടില്ല. വേണമെങ്കിൽ രണ്ടു ബൈ സ്റ്റാൻഡേസിനു നിൽക്കാം.ok അപ്പോൾ കാണാം. ” ജോൺ അങ്കിൾ ഡോക്ടറുടെ പിറകെ പോയി. ലച്ചു വരുന്നതിനു മുൻപ് എത്തേണ്ടതിനാൽ ചാരും ടീച്ചറും ഇറങ്ങായി. ഹോസ്പിറ്റലിൽ ശങ്കു മാമേടെ കൂടെ നിൽക്കാൻ വാശി പിടിച്ചെങ്കിലും മാമ സമ്മതിച്ചില്ല. രാത്രി മാമയോടൊപ്പം സച്ചു നിൽക്കാമെന്നായി.അവർ അവിടെ റൂം എടുത്തു.

എന്നെ നിർബന്ധിച്ചു ചാരുവിന്റെ കൂടെ പറഞ്ഞയച്ചു. നന്ദൻ അങ്കിൾ ഞങ്ങളെ ചാരുവിന്റെ വീട്ടിൽ എത്തിച്ചു. ഞങ്ങൾ എത്തുമ്പോഴേക്കും ലെച്ചു എത്തി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവളെ കൂട്ടിയില്ല എന്ന് പറഞ്ഞു കുറേ പരിഭവിച്ചു.എനിക്ക് വേദന കാരണം തല വെട്ടി പിളർന്നു പോവുന്ന പോലെ തോന്നി. ഞാൻ വേഗം പോയി കുളിച്ചു. തണുത്ത വെള്ളം തലയിൽ വീണപ്പോൾ നല്ല ആശ്വാസം തോന്നി. കുറേ നേരം അങ്ങനെ നിന്നു കരഞ്ഞു.പിന്നെ തല തുവർതി ചാരുവിന്റെ ഒരു ചുരിദാർ എടുത്തിട്ട് വന്നു. ടീച്ചറമ്മ എനിക്ക് ചായയുമായി വരുമ്പോൾ ഞാൻ കിടക്കുവായിരുന്നു. തലയിലെ വെള്ളം ശെരിക്കു പോയില്ല എന്നു പറഞ്ഞു എന്നെ ശാസിച്ചു തല നന്നായി തുടച്ചു തന്നു.

എനിക്ക് അപ്പോൾ പപ്പയെ ഓർമ വന്നു. പപ്പയും ഞാൻ കുളിച്ചാൽ വന്നു ഇങ്ങനെ തൊട്ടു നോക്കും.എത്ര തുടച്ചാലും വെള്ളം പോയില്ല എന്നു പറഞ്ഞു ശാസിക്കും.ടീച്ചറമ്മ പോയപ്പോൾ ഞാൻ പിന്നേം കിടക്കയിൽ ചുരുണ്ടു കൂടി. ലെച്ചു വന്നു എന്തൊക്കെയോ പറഞ്ഞെങ്കിലും ചാരു എന്നെ ശല്യം ചെയ്യരുതെന്നും പറഞ്ഞു അവളെ ഓടിച്ചു വിട്ടു.അതിനു അവർ തമ്മിൽ വഴക്കായി. അവസാനം ടീച്ചറമ്മ ഇടപെട്ടു പ്രശ്നം തീർപ്പാക്കി . ഞാൻ ഇവിടെ വരുമ്പോഴൊക്കെ ലച്ചു മിക്കവാറും എന്റെ പിറകേയാവും. എല്ലാ കുരുത്തക്കേടിനും ഞാൻ അവൾക്കു സപ്പോർട്ട് ഉണ്ടാവും.

എന്തിനേറെ പറയുന്നു ഞങ്ങൾ രണ്ടാളും കൂടിയാൽ പിന്നെ ചാരു പോലും മിക്കവാറും ഔട്ട്‌ ആണ്.ഓരോന്ന് ചിന്തിച്ചു കിടന്നു ഞാൻ ചെറുതായി ഒന്നു മയങ്ങി.പിന്നെ ടീച്ചറമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോളാണ് ഉണരുന്നതു.വിശപ്പും ദാഹവും ഒന്നും എന്നെ ബാധിക്കുന്നില്ലായിരുന്നു. ഞാൻ ഒത്തിരി വിസമ്മതിച്ചെങ്കിലും ടീച്ചറമ്മ നിർബന്ധിച്ചു വാരിതന്നു. രാത്രി എന്റെ കണ്ണീരു വീണു തലയണ നനയുന്നതറിഞ്ഞു ചാരു എന്നെ ഇറുകെ പുണർന്നു. എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എത്രയും പെട്ടന്ന് പപ്പയുടെ അടുത്തെത്താൻ എന്റെ മനസ്സ് കൊതിച്ചു. പിറ്റേന്ന് അതിരാവിലെ രാവിലെ ഞാനും ചാരും കൂടി എന്റെ വീട്ടിലേക്കു പോയി.

ഹോസ്പിറ്റലിൽ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ എടുത്തു. ചാരു ഇന്നു കോളേജിൽ ലീവ് ആക്കി. അല്ലെങ്കിലും ഒരാൾ ലീവ് ആയാൽ തന്നെ ബാക്കി രണ്ട് പേരും മുങ്ങും. ഞങ്ങൾ മൂവരും അങ്ങനെ ആണ്. കുറച്ചു കഴിഞ്ഞപ്പോൾ നന്ദൻ മാമൻ ഞങ്ങളെ കൂട്ടുവാനെത്തി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ സമയം 7 ആവാറായി.സാധനങ്ങളൊക്കെ മുൻകൂട്ടി റൂമിൽ കൊണ്ട് വച്ചു തിരിച്ചു icu വിന് മുൻപിലെത്തി.ഞങ്ങൾ എത്തിയപ്പോൾ സച്ചു തിരിച്ചു പോയി. Icu വിലേക്കുള്ള പ്രത്യേകം വസ്ത്രം ധരിച്ചു ഞാനും മാമയും പപ്പയെ കാണാൻ റെഡി ആയി നിന്നു. 7 മണി ആയപ്പോൾ ഓരോരുത്തരോടായി നഴ്സ് ഉള്ളിലേക്ക് പോവാൻ പറഞ്ഞു അതികം സംസാരിപ്പിക്കരുത് എന്നു പ്രത്യേകം ഓർമിപ്പിച്ചു.ആദ്യം പോയത് ഞാനാണ്.

പപ്പയുടെ അങ്ങനൊരു രൂപം എനിക്ക് ഒട്ടും പരിചിതമല്ലായിരുന്നു. ഒരു ദിവസം കൊണ്ട് എന്റെ പപ്പാ വല്ലാതെ വൃദ്ധനായ പോലെ. കണ്ണുകളിലെ പ്രകാശം നഷ്ടമായി ഇരുണ്ടു കുഴിഞ്ഞിരിക്കുന്നു.വെളുത്ത തലമുടി ഒട്ടും മയമില്ലാതെ പാറിക്കിടക്കുന്നു. മുഖത്തെ തൊലി ചുക്കി ചുളിഞ്ഞിരിക്കുന്നു . ഞാൻ പപ്പാ എന്നു വിളിച്ചപ്പോൾ കണ്ണ് തുറന്നു ആദ്യം കാണുന്നത് പോലെ എന്നെ കുറച്ചു നേരം നോക്കി. കൺകോണിലുടെ നീർമുത്തുകൾ തലയിണ നനയ്ക്കുന്നുണ്ടായിരുന്നു.ഞാൻ ഒന്നുമില്ല എന്നു കണ്ണു ചിമ്മി കാണിച്ചു. ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമം പാഴായി. എന്തോ പറയാൻ പപ്പയുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

എന്റെ കണ്ണു നീരിനെ ഞാൻ പിടിച്ചു നിർത്തി.ഞാൻ കരഞ്ഞാൽ പപ്പാ തളർന്നു പോകും. സൂചി കുത്തിയിറക്കി കരുവാളിച്ച കൈ ഞാൻ മെല്ലെ തലോടി . ഇനിയും കരച്ചിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നു തോന്നിയപ്പോൾ ഞാൻ നെറ്റിയിൽ ഒരു മുത്തം കൊടുത്തു തിരിച്ചു പോന്നു. Icu വിന്റെ പുറത്തിറങ്ങി ചാരുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല. ചാരു എന്നെ ആശ്വസിപ്പിക്കാൻ പാടുപെട്ടു. പപ്പയെ കണ്ടു വന്നു ശങ്കുമാമയും കണ്ണീർ ഒപ്പുന്നതു കണ്ടു.ആവശ്യം ഉള്ളപ്പോൾ വിളിക്കാം അറിയിക്കാം എന്നു പറഞ്ഞപ്പോൾ ഞങ്ങൾ റൂമിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു ഡോക്ടർ വിളിക്കുന്നതായി പറഞ്ഞു. ഞാനും മാമയും അവരുടെ കൂടെ പോയി.

ഞങ്ങൾ കടന്നു ചെല്ലുമ്പോൾ വളരെ കാര്യമായ എന്തൊക്കെയോ പരിശോധിക്കുകയായിരുന്നു അദ്ദേഹം. അത് പപ്പയുടെ ടെസ്റ്റ്‌ റിസൾട്ടുകൾ ആയിരിക്കും എന്നു ഞാൻ ഊഹിച്ചു.അദ്ദേഹം മുൻപിൽ നിരത്തിയ കസേരയിൽ ഇരിക്കാൻ ഞങ്ങൾക്ക് അനുവാദം തന്നു. അശുഭമായതൊന്നും അദ്ദേഹം പറയരുതേ എന്ന പ്രാർത്ഥനയോടെ അദ്ദേഹത്തിന്റെ മുഖഭാവങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു ഞാൻ. കുറച്ചു നേരത്തെ കാര്യമായ പരിശോധനയ്ക്കു ശേഷം അദ്ദേഹം ഞങ്ങളുടെ നേർക്കു തിരിഞ്ഞു. “നിങ്ങളാണ് അല്ലെ mr.മേനോന്റെ കൂടെ ഉള്ളവർ? ” “അതെ. ഞാൻ അദ്ദേഹത്തിന്റെ സഹോദരനാണ്. ഇതു അദ്ദേഹത്തിന്റെ മകൾ ” “Ok.ഇതിനു മുൻപ് അദ്ദേഹത്തിന് ഇങ്ങനെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടായിട്ടുണ്ടോ? ” “ഇല്ല.

ഇത് ആദ്യമാണ്. ആള് ഇന്നലെ മുതൽ വളരെ വീക്ക്‌ ആയിരുന്നു ” “ഓഹോ. എന്തെങ്കിലും വേദനയോ മറ്റോ ഉള്ളതായി പറഞ്ഞോ ” “ഇല്ല. ഞങ്ങൾ ചോദിച്ചെങ്കിലും പറഞ്ഞില്ല. പിന്നെ ഇന്നലെ അദ്ദേഹത്തിന്റെ ഭാര്യയുടെ ഓർമ ദിവസം ആയിരുന്നു. അപ്പോൾ ആ വിഷമം ആവും എന്നാണ് ഞങ്ങൾ കരുതിയതു ” “Ok.മേനോൻ എന്തെങ്കിലും സ്ഥിരമായി മെഡിസിൻ യൂസ് ചെയ്യുന്നുണ്ടോ? ” “ഇല്ല. ഇതുവരെ അങ്ങനെ കാര്യമായ ഒരു അസുഖവും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല ” “Ok.ഇനി ഞാൻ പറയുന്നത് വളരെ സമചിത്തതയോടെ കേൾക്കണം. അദ്ദേഹത്തിന്റെ ടെസ്റ്റ്‌ റിസൾട്സ് പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിനു കുറച്ചു കാര്യമായ പ്രോബ്ലെംസ് കാണുന്നുണ്ട്.

അതിന്റെ വളരെ വലിയൊരു ലക്ഷണം ആണ് ഇന്നലെ ഉണ്ടായ നെഞ്ച് വേദന. ഇതു പോലെ പല തരത്തിലുള്ള ലക്ഷണങ്ങൾ ഇതിനു മുൻപും ഉണ്ടായിരുന്നിരിക്കണം.അവ നിങ്ങളുടെ ശ്രദ്ധയിൽ പെടാത്തതിനാലാണ് കാര്യങ്ങൾ ഇത്ര കോംപ്ലിക്കേറ്റ് ആയതു. So ഇപ്പൊ കാര്യങ്ങൾ ഒരു മേജർ സർജറി വരെ എത്തിനിൽക്കുന്നു.ഇതാണ് ഞങ്ങൾ ഡോക്ടർമാർ ഇടയ്ക്കിടെ ഉള്ള മെഡിക്കൽ ചെക്ക് അപ്പ്‌ എത്ര മാത്രം ഇമ്പോര്ടന്റ്റ്‌ ആണെന്ന് സൂചിപ്പിക്കുന്നത്. ഏതു രോഗത്തിന്റെയും ഫസ്റ്റ് സ്റ്റേജിൽ റിക്കവറി ചാൻസ് കൂടുതലായിരിക്കും. കാലം കഴിയും തോറും വഷളായി കൊണ്ടും ഇരിക്കും.ഇവിടെ അദ്ദേഹത്തിന്റെ സ്ഥിതി വളരെ ഗുരുതരമായിട്ടില്ല എങ്കിലും ചാൻസ് ഫിഫ്റ്റി ഫിഫ്റ്റി ആണ് .

അദ്ദേഹത്തിന്റെ പ്രായമാണ് ഇപ്പോൾ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളി. So ഒരു ഭാഗ്യപരീകഷണം എന്ന നിലയിൽ ഈ സര്ജറിയുമായി മുൻപോട്ടു പോകുന്നുണ്ടോ അതോ?. ” ഡോക്ടറുടെ വാക്കുകൾ എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ മുഖം പൊത്തി പൊട്ടി കരയുവായിരുന്നു. ശങ്കു മാമ എന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ഞങ്ങൾക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ലേ എന്നു ചോദിക്കുമ്പോൾ ശങ്കു മാമയുടെ ശബ്ദം ഇടറിയിരുന്നു. “ലുക്ക്‌. നിങ്ങൾ സാംനയനം പാലിക്കു.ഞാൻ പറഞ്ഞതിൽ ഫിഫ്റ്റി പെർസെന്റ് നിങ്ങൾക്കുള്ള പ്രതീക്ഷ ആണ്. ബാക്കിയുള്ള പെർസെന്റിനെ കുറിച്ചോർത്തു വിഷമിക്കാതെ നമ്മുടെ നല്ലൊരു തീരുമാനം എടുക്കു.

വിവേകത്തോടെ മുൻപോട്ടു പോകേണ്ട നിമിഷമാണിത്.” “ഞങ്ങൾ വേറെ ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ടു പോണോ ഡോക്ടർ? ” “അതാണ് ഞാൻ പറഞ്ഞു വന്നത്. ഇപ്പോൾ ചെയ്യാവുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്തു കഴിഞ്ഞു. ഇവിടെ നാട്ടിൽ കൂടുതലായി കിട്ടാവുന്ന ട്രീട്മെന്റിനെ കുറിച് വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. ഒരു കാര്യം ചെയ്യൂ ഇപ്പോൾ അദ്ദേഹത്തിന്റെ കണ്ടിഷൻ സംമ്പന്തിച്ചും ഇവിടുത്തെ ടെസ്റ്റ്‌ റിസൾട്സ് ഉൾപ്പെടുത്തിയും ഉള്ള എല്ലാ ഡേറ്റിൽസും ഞാൻ നിങ്ങള്ക്ക് തരാം. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ വിദഗ്ധരുമായി സംസാരിക്കു. ഞങ്ങളും അന്വേഷിക്കാം. ഇപ്പൊ തല്ക്കാലം നിങ്ങൾ പോയിക്കോളൂ.

അദ്ദേഹത്തെ ഇന്നു തന്നെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം.വേറെ പ്രശ്നമൊന്നും ഇല്ലെങ്കിൽ ഡിസ്ചാർജും വേഗത്തിലാക്കാം.പിന്നെ ആളെ അതികം സ്‌ട്രെയിൻ ചെയ്യിക്കരുത്. ഫുഡ്‌ മെനുവും ബാക്കി ഡീറ്റെയിൽസും ഡ്യൂട്ടി നഴ്സ് വന്നു പറഞ്ഞു തരും. വീട്ടിൽ പോയാലും ചിട്ടകളിലൊന്നും വിട്ടുവീഴ്ച അരുത്. പൊയ്ക്കോളൂ. ” “Ok ഡോക്ടർ. Thank you. ” ശങ്കുമാമ എന്നെ പിടിച്ചെഴുന്നേല്പിച്ചു നടന്നു. ചാരു ഞങ്ങളെയും പ്രതീക്ഷിച്ചു ഇരിപ്പുണ്ടായിരുന്നു. ഞാൻ റൂമിൽ എത്തിയ ഉടനെ കട്ടിലിൽ വീണു കരഞ്ഞു. ചാരു മാമയോട് കാര്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു മാമ എന്റെ അടുത്ത് വന്നിരുന്നു.എന്നെ നിർബന്ധിച്ചു എഴുന്നേൽപ്പിച്ചു. “മോളെ മാമ പറയുന്നതു മോളു കേൾക്കില്ലേ?.

എനിക്കറിയാം മോള് എത്രത്തോളം സങ്കടപ്പെടുന്നുണ്ടെന്നു. പക്ഷെ ഇപ്പൊ നമ്മള് കരുതലോടെ പെരുമാറുകയാണ് വേണ്ടത്. ഇപ്പൊ തന്നെ നോക്ക് കരഞ്ഞു കരഞ്ഞു മോളുടെ കണ്ണൊക്കെ വീർത്തു. ആർക്കും കണ്ടാൽ മനസ്സിലാകും മോളു വളരെ വിഷമത്തിലാണെന്നു. അപ്പോൾ പിന്നെ മോളെ ജീവനായി കരുതുന്ന പപ്പയ്ക്ക് അത് സഹിക്കോ. ഇപ്പോഴും പൂർണമായി തള്ളിക്കളയാനാവാത്ത ഒരു പ്രതീക്ഷ നമുക്കുണ്ട്. ഈ ലോകത്തു കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ തന്നെ പപ്പയ്ക്ക് നമ്മൾ പപ്പയ്ക്ക് കൊടുക്കും. അത് കൊണ്ടു വേഗം പോയി മുഖോക്കെ കഴുകി ഉഷാറാവു. കുറച്ചു കഴിഞ്ഞാൽ പപ്പാ വരും. പപ്പയെ വിഷമിപ്പിക്കരുതെന്നു ഡോക്ടർ പറഞ്ഞത് ഓർമയില്ലേ.

ചെല്ല്… എന്റെ ചന്തുട്ടൻ ചെന്ന് മൈൻഡ് ഒക്കെ ഒന്നു സെറ്റ് ആക്കു …. ” ശങ്കു മാമ എന്നെ ഉന്തി തള്ളി വിട്ടു. മാമ പറഞ്ഞത് ശെരിയാണെന്നു എനിക്കും തോന്നി. തണുത്ത വെള്ളത്തിൽ മുഖം കഴുകി അമർത്തി തുടയ്ക്കുബോൾ പപ്പയുടെ പഴയ ചന്തുവിലേക്കുള്ള തിരിച്ചു പോക്കിലായിരുന്നു ഞാൻ. ഉച്ച കഴിഞ്ഞു പപ്പയെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു.ക്ഷീണം ഉണ്ടെങ്കിലും രാവിലെ കണ്ടതിനേക്കാൾ കുറച്ചു കൂടി മെച്ചപ്പെട്ടത് പോലെ തോന്നിയെനിക്ക്. പപ്പയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ വിശദമായി അറിയുവാൻ ശങ്കുമാമ ഡ്യൂട്ടി നഴ്സിനൊപ്പം പോയി. പപ്പാ നിർവികാരതയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ നോക്കി ചിരിച്ചപ്പോൾ എന്നെ മാടി അടുത്തേക്ക് വിളിച്ചു.

ഞാൻ അടുത്ത് ചെന്നിരുന്നു കൈ പിടിച്ചു.ഞങ്ങളെ സംസാരിക്കാൻ വിട്ടു ചാരു റൂമിനു വെളിയിലേക്കു ഇറങ്ങി തന്നു. “ഇപ്പോൾ സുഖം തോന്നുന്നുണ്ടോ പപ്പാ? ” “സുഖം. എന്റെ മോളു പേടിച്ചു പോയല്ലേ? ” “മ്മ്മ് ” “അങ്ങനെയൊന്നും പപ്പാ പോവുലെടാ ” “പപ്പാ എന്തൊക്കെയാ ഈ പറയുന്നേ? ” “പപ്പാ ശെരിക്കും പേടിച്ചു. പപ്പാ കൂടി പോയ എന്റെ മോള് തനിച്ചല്ലേ. ശങ്കു എന്റെ കുഞ്ഞിനെ പോന്നു പോലെ നോക്കും എന്നറിയാം എന്നാലും.” “ഒരെന്നാലും ഇല്ല. പപ്പാ റസ്റ്റ്‌ എടുക്കു. ഡോക്ടർ പറഞ്ഞിട്ടുണ്ട് അതികം സ്‌ട്രെയിൻ ചെയ്യരുതെന്ന്. ” “പിന്നെ വേറെ എന്തൊക്കെ പറഞ്ഞു ഡോക്ടർ. എന്റെ സമയം അടുക്കാറായോ. ” “പപ്പാ പ്ലീസ്…. ഇങ്ങനാണേൽ ഞാൻ പിണങ്ങും കേട്ടോ . ”

എന്റെ മുഖം വീർപ്പിച്ചുള്ള ഇരിപ്പു കണ്ടു പപ്പാ ചിരിച്ചു. അത് കണ്ടു കൊണ്ടാണ് ശങ്കു മാമ കയറി വന്നത്. “എന്താ പപ്പയും മോളും തമ്മിൽ ഒരു സംസാരം. ” “എന്റെ ശങ്കു മാമേ ഈ പപ്പാ വെറുതെ ഓരോന്ന് ചിന്തിച്ചുണ്ടാക്കുവാ ” “ആണോ. എന്തു പറ്റി? ” “ഒന്നുല്ല ശങ്കു. ഇനി എനിക്ക് എത്ര കാലം ഉണ്ടെന്നു ഡോക്ടർ സൂചിപ്പിച്ചോ എന്നു ചോദിക്കുവായിരുന്നു. ” “ഓഹോ അങ്ങനെ ആണോ. അത് കറക്റ്റ് ആയി കൂട്ടി നോക്കിട്ട് കണക്കു ഇവിടെ എത്തിക്കാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കണക്കിൽ പണ്ടേ വീക് ആണെന്ന്. ” ശങ്കു മാമയുടെ മറുപടി കേട്ടു പപ്പാ ചിരിച്ചു “അപ്പൊ ചന്തുട്ടൻ പറയുന്നതു ശെരിയാ ല്ലേ ശങ്കു? ” “എന്തു? ” “താൻ വെറും ചളിയടി ആണെന്ന്. ” പപ്പയുടെ മറുപടി കേട്ടു. ഞാനും റൂമിലേക്ക്‌ കയറി വന്ന ചാരുവും ചിരിച്ചുപോയി.

പിന്നെ അതികം വൈകാതെ അതൊരു കൂട്ട ചിരിയായി. വൈകിട്ടു ടീച്ചറമ്മേം ലച്ചും പപ്പയെ കാണാൻ വന്നു. പോവുമ്പോൾ ചാരു അവരോടൊപ്പം പോയി. ഇന്നു ഞാൻ ഹോസ്പിറ്റലിൽ നിൽക്കും എന്നു നേരത്തെ പറഞ്ഞു വച്ചു. കുറച്ചു കഴിഞ്ഞു സച്ചും നന്ദൻ അങ്കിളും വന്നു. സച്ചു കൂട്ട് നിൽക്കാം എന്നു പറഞ്ഞെങ്കിലും ഞങ്ങൾ അത് സ്നേഹത്തോടെ നിരസിച്ചു. പിറ്റേന്ന് പപ്പാ കുറച്ചു കൂടി ബെറ്റർ ആയി എന്നു തോന്നി.കോളേജിൽ പോവാതെ ഹോസ്പിറ്റലിൽ നിൽക്കുന്നതിന് എന്നെ രണ്ട് മൂന്നു വട്ടം പരിഭവം പറഞ്ഞു.സത്യത്തിൽ ക്ലാസ്സൊക്കെ ഏകദേശം കഴിഞ്ഞിരുന്നു.ഇപ്പൊ അസ്സിഗ്ന്മെന്റും സെമിനാറും ഒക്കെ സബ്മിറ്റ് ചെയ്യാനുള്ള സമയമാണ്. അത് പറഞ്ഞപ്പോൾ ആള് ഒന്നയഞ്ഞു.

ഞാൻ ഒരു വിധം എല്ലാം കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. അടുത്ത ആഴ്ച സ്റ്റഡി ലീവ് തുടങ്ങും. അതിന്റെ അടുത്താഴ്ച മോഡൽ എക്സാമും. അധികം വൈകാതെ യൂണിവേഴ്സിറ്റി എക്സാമും പ്രതീക്ഷിക്കുന്നു.ഓഫീസ് ടൈം കഴിഞ്ഞപ്പോൾ ജോൺ അങ്കിളും അദ്ദേഹത്തിന്റെ മകനും വന്നു. അദ്ദേഹത്തിന്റെ മകനും ഞങ്ങളുടെ കമ്പനിയിൽ തന്നെ ആണ് വർക്ക്‌ ചെയ്യുന്നത്. ജോൺ അങ്കിൾ പപ്പയുടെ കോളേജ് മേറ്റ്‌ ആയിരുന്നു. അന്ന് മുതൽ ഉള്ള സൗഹൃദം ആണ്.പപ്പയോടു കുറച്ചു നേരം സംസാരിച്ചു.പപ്പയും ശങ്കു മാമേം ഇല്ലാത്തോണ്ട് ആൾക്ക് പിടിപ്പതു പണിയുണ്ടായിരുന്നത്രെ.

വരുമ്പോൾ കുറേ ഫയലും കൊണ്ടാണ് വന്നതു. അതും മേടിച്ചു ശങ്കുമാമ അവരെ യാത്രയാക്കാൻ പോയി.ശങ്കു മാമ തിരിച്ചു വന്നപ്പോളേക്കും പപ്പാ ഉറക്കമായിരുന്നു. “ആഹാ ഏട്ടൻ ഉറങ്ങിയോ? ” “മ്മ്. പപ്പയ്ക്ക് നല്ല ക്ഷീണമുണ്ട്. ” “എന്തായാലും അത് നന്നായി. മോളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. ” “എന്താ മാമേ? ” “ഞാൻ ജോണിനോട് പപ്പയുടെ കാര്യങ്ങൾ വിശദമായി പറഞ്ഞു. അയാളുടെ ഭാര്യയുടെ ഒരു കസിൻ ഉണ്ടത്രേ ഹൃദ്രോഗ വിദഗ്ദൻ ആണ്. ആള് യു. എസി ലെ ഫേമസ് ഡോക്ടർ ആണത്രേ. പപ്പയുടെ കാര്യം അദ്ദേഹത്തോട് സംസാരിക്കാമെന്നു ജോൺ പറഞ്ഞു. എനിക്കും അത് നല്ലതായി തോന്നി. എന്തായാലും പപ്പയുടെ റിപോർട്സ് ഒക്കെ ഡോക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മോളുടെ അഭിപ്രായം എന്താ? ” “യു എസ് എന്നു പറയുമ്പോൾ അവിടെ പോവേണ്ടി വരില്ലേ? ” “വരുമായിരിക്കും. അതിനെന്താ നമുക്കിപ്പൊ പപ്പയുടെ ഹെൽത്ത്‌ അല്ലെ പ്രധാനം ” “ശെരിയാ മാമേ. പപ്പായ്‌ക്ക്‌ വേണ്ടി ലോകത്തിന്റെ ഏതു കോണിൽ വേണമെങ്കിലും പോവാം. എന്തും ചെയ്യാം ” “ഞാൻ ജോണിനെ വിളിച്ചു സമ്മതമറിയിക്കാം. പിന്നെ പപ്പയോടു ഇതൊക്കെ മെല്ലെ സൂചിപ്പിക്കാം. ആദ്യം അവരുടെ മറുപടി വരട്ടെ. ” “ശരി മാമേ. അങ്ങനെ ചെയ്യാം. ” പിറ്റേന്ന് രാവിലെ തന്നെ പപ്പാ ഡിസ്ചാർജ് ആയി. ഹോസ്പിറ്റലിലെ ഫോര്മാലിറ്റീസ് ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും ഉച്ച കഴിഞ്ഞു. നന്ദൻ അങ്കിളിന്റെ കെയർ ഓഫിൽ ഒരു സെർവെന്റിനെ നേരത്തെ തന്നെ ഏര്പ്പാടാക്കിയിരുന്നു.

ആള് വന്നു വീടൊക്കെ വൃത്തിയാക്കി ഭക്ഷണം ഒക്കെ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് കുറേ ജോലികൾ ഒഴിവായി. പപ്പയ്ക്ക് ജോലിക്കാരെ വയ്ക്കുന്നത് അത്ര താല്പര്യം ഇല്ല.എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതാണ് ഇഷ്ടം. ഇതിപ്പോ സുഖമില്ലാത്തതു കൊണ്ടു മിണ്ടാതിരിക്കുന്നെ ഉള്ളൂ. ആളൊന്നു ഉഷാറായാൽ ആദ്യം ചെയ്യുന്നത് അവരെ പറഞ്ഞു വിടുവായിരിക്കും. എന്നാലും ഇന്നവർ വന്നതു ഒരു അനുഗ്രഹമായി. കാരണം ഹോസ്പിറ്റൽ വാസം കൊണ്ടു ഞങ്ങൾ മൂന്നാളും നന്നേ മടുത്തിരുന്നു.ഇന്ന് പപ്പയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഞാൻ ഒത്തിരി സന്തോഷവതിയായിരുന്നു. പിറ്റേന്ന് മുതൽ കോളേജിൽ പോവാൻ തുടങ്ങി. വെറുതെ അറ്റന്റൻസ് കളയണ്ടല്ലൊ.

പിന്നെ ഒരു ദിവസമാണെങ്കിൽ കൂടി ചാരുനേം സച്ചുനേം ഒത്തിരി മിസ്സ് ചെയ്തു. പിന്നെ പപ്പേടെ കൂടെ ശങ്കു മാമ ഉണ്ട്. ജോലിക്ക് ആൾ ഉള്ളത്കൊണ്ട് ശങ്കു മാമ ഫ്രീ ആണ്.ചാരൂന്റെ വീട്ടീന്നുള്ള ഫുഡ് അടി ഒഴിവാക്കി പാപ്പയോടൊപ്പം ആക്കി.മിക്കവാറും എന്തെങ്കിലും സ്പെഷ്യൽ ടീച്ചറമ്മ ചാരൂന്റടുത്തു കൊടുത്തു വിടും.ബാക്കി എല്ലാം പതിവ് പോലെ. രണ്ട് ദിവസത്തിനകം പപ്പാ പഴയ പോലെ ആക്റ്റീവ് ആയി.ഓഫീസിൽ പോണം എന്നു പറഞ്ഞ് കയറു പൊട്ടിച്ചെങ്കിലും ഞങ്ങൾ പിടിച്ചു കെട്ടി. ജോലികാരിയെ പറഞ്ഞ് വിടാനുള്ള ശ്രമവും എട്ടു നിലയിൽ പൊട്ടി.അതികം താമസിയാതെ യു എസ്സിൽ നിന്നുള്ള മറുപടി കിട്ടി. ഇവിടെ കിട്ടിയതിനേക്കാൾ പോസിറ്റീവ് ആയിരുന്നു ആ മറുപടി.

എത്രയും പെട്ടന്ന് അങ്ങോട്ട്‌ ചെല്ലാൻ അവർ ആവശ്യപ്പെട്ടു.പപ്പയെ ചികില്സിച്ച ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹവും പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചത്. അതനുസരിച്ചു കാര്യങ്ങൾ പപ്പയോടു പറയാൻ തീരുമാനിച്ചു. വളരെ അനുകൂലമായൊരു സാഹചര്യം നോക്കി ശങ്കു മാമ തന്നെ കാര്യങ്ങൾ പപ്പയോടു പറഞ്ഞു.ആൾക്ക് സർജ്ജറി ഒക്കെ പേടി ആണ്.കേട്ടപാടെ പ്രതീക്ഷിച്ച പോലെ പപ്പാ എതിർത്തു. മമ്മി ഉറങ്ങുന്ന മണ്ണ് വിട്ടു എങ്ങോട്ടും വരില്ലെന്ന് തീർത്തു പറഞ്ഞു. ഞാനും മാമേം തുടങ്ങി കുഞ്ഞു ലച്ചൂട്ടി വരെ നിർബന്ധിച്ചിട്ടും പപ്പാ അമ്പിനും വില്ലിനും അടുക്കുന്നില്ലായിരുന്നു.സമ്മതിക്കാതിരിക്കാൻ പപ്പയ്‌ക്ക്‌ പല കാരണങ്ങൾ ആയിരുന്നു.ബിസ്സിനെസ്സ്, വീട്, ഇവിടുത്തെ സൗഹൃദങ്ങൾ, സർജറിയോടുള്ള പേടി, അവസാനം എന്റെ മുടങ്ങി പോവുന്ന പഠനം.

എത്രയും പെട്ടന്ന് യാത്ര ആവശ്യമായതിനാൽ മെയിൻ എക്സാം എന്തായാലും എനിക്ക് എഴുതാൻ കഴിയില്ലായിരുന്നു. എല്ലാത്തിനും വലുത് എനിക്ക് പപ്പയാണെന്നു പറഞ്ഞപ്പോൾ പപ്പാ കരഞ്ഞു. പിന്നെ ഞങ്ങളാരും നിര്ബന്ധിച്ചില്ല. മാമയുടെ നിർദ്ദേശ പ്രകാരം ഞാൻ പട്ടിണി സമരം തുടങ്ങി.എന്നോടാ പപ്പയുടെ കളി 😜.ഫുഡ്‌ എന്റെ വീക്നെസ് ആണെന്ന് പപ്പയ്‌ക്ക്‌ അറിയാം. എന്നാൽ ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയട്ടെ ശെരിക്കും ഞാൻ പട്ടിണി കിടന്നില്ല. പറ്റിച്ചതാ. മാമ രഹസ്യമായി എനിക്ക് റൂമിൽ ഫുഡ് എത്തിക്കുന്നുണ്ടായിരുന്നു. പിന്നെ ഒറിജിനാലിറ്റിക്കു വേണ്ടി പപ്പേടെ മുൻപിൽ കുറച്ചു തളർച്ച ഒക്കെ അഭിനയിച്ചു. അതോടെ ആള് ഫ്ലാറ്റ്.രാത്രി തന്നെ എന്നെ വിളിച്ചെഴുന്നേല്പിച്ചു സന്ധി കരാറിനു സമ്മതമറിയിച്ചു.

സമ്മതം പേപ്പറിൽ ഒപ്പിട്ടു തന്നില്ലെന്നേ ഉള്ളൂ.എന്നെ നിർബന്ധിച്ചു ഫുഡും കഴിപ്പിച്ചു.ശങ്കു മാമ ജോൺ അങ്കിളിനെ വിളിച്ചു കാര്യം പറഞ്ഞു. ഞങ്ങളുടെ യാത്രയ്ക്ക് വേണ്ട ഫോര്മാലിടീസും അദ്ദേഹം തന്നെ ഏറ്റെടുത്തു. പപ്പാ സമ്മതിച്ചതിൽ ഒരുപാട് സന്തോഷം തോന്നി. സച്ചുനേം ചാരുനേം വിളിച്ചു കാര്യം പറഞ്ഞു. ഞാൻ പോകുന്ന കാര്യം പറഞ്ഞു രണ്ടാളും സെന്റി അടിച്ചു. എക്സാം കഴിഞ്ഞാൽ മൂന്നാളും മൂന്നു വഴിക്കല്ലേ എന്നു പറഞ്ഞു ഞാൻ ആശ്വസിപ്പിച്ചു. പിന്നെ എവിടെ പോയാലും ദിവസവും വീഡിയോ കോളിൽ കാണാല്ലോ.അങ്ങനൊക്കെ പറഞ്ഞു അവരെ ആശ്വസിപ്പിച്ചെങ്കിലും എന്റെ ഉള്ളം വിങ്ങുന്നുണ്ടായിരുന്നു. എല്ലാ പ്രതിസന്ധിയിലും അവർ വലിയൊരു ആശ്വാസം ആയിരുന്നു.

അവർ മാത്രല്ല ടീച്ചറാമ്മേം ലച്ചും നന്ദൻ അങ്കിളും സാവിത്രി ആന്റിയും എന്തു പ്രശ്നം ഉണ്ടായാലും ഓടി വരും. ട്രീറ്റ്മെന്റ് എത്രത്തോളം നീണ്ടു പോവുമെന്നറിയില്ല അത്രത്തോളം എല്ലാം ഞാൻ മിസ്സ് ചെയ്യും. ഈ വീടും എന്റെ റൂമും മമ്മീടെ ഓർമകളും എല്ലാം. എനിക്ക് ഇത്രത്തോളം വേദന ഉണ്ടെങ്കിൽ ഉറപ്പായും എന്നേക്കാൾ മുൻപേ സഞ്ചരിച്ചു തുടങ്ങിയ പപ്പയ്ക്കും ശങ്കുമാമയ്ക്കും ഇതു വലിയ വേദന തന്നെ ആയിരിക്കും.ഓരോന്ന് ആലോചിച്ചു ഞാൻ നിദ്രയെ പുൽകി. പിറ്റേന്ന് മുതൽ ചെറിയ രീതിയിൽ പാക്കിങ് ആരംഭിച്ചു. ഇപ്പഴേ ഓരോന്ന് ഓർത്തു എടുത്തു വച്ചാലേ ശേരിക്കങ്ങു കംപ്ലീറ്റ് ആവു.സ്റ്റഡി ലീവ് തുടങ്ങിയെങ്കിലും പഠിക്കണോ വേണ്ടയോ എന്നൊരു കൺഫ്യൂഷൻ എനിക്ക് തന്നെ വന്നു.

പക്ഷെ പപ്പാ വിട്ടില്ല. മോഡൽ എക്സാം എഴുതണമെന്നു കട്ടായം പറഞ്ഞു. പിന്നെ എഴുതിക്കളയാം എന്നു എനിക്കും തോന്നി. നന്നായി തന്നെ പഠിക്കാൻ ആരംഭിച്ചു. ദിവസവും വൈകിട്ടു സച്ചും ചാരും വരും. ഇടയ്ക്കു ഞങ്ങൾ കംബൈൻ സ്റ്റഡി ഒക്കെ സംഘടിപ്പിച്ചു. അങ്ങനെ രണ്ട് മൂന്ന് ദിവസങ്ങൾ കടന്നു പോയി. ഈയിടെയായി പപ്പാ എപ്പോഴും ആലോചന തന്നെയാണ്.ഇടയ്ക്കു നമ്മൾ അടുത്ത് പോയിരുന്നു സംസാരിച്ചാലൊന്നും പുള്ളി അറിയില്ല. അങ്ങനെ ആലോചിച്ചു ടെൻഷൻ അടിച്ചു എന്തെങ്കിലും വരുത്തി വയ്ക്കുവോന്നു എനിക്കും ശങ്കു മാമയ്ക്കും നല്ല പേടി ഉണ്ടായിരുന്നു.അന്ന് രാത്രി ഭക്ഷണത്തിനിടയിലും ആലോചിക്കുന്നത് കണ്ടിട്ട് ഞാൻ പപ്പയെ വിളിച്ചു. “പപ്പാ… പപ്പാ… ഈയിടെയായി പപ്പയ്‌ക്ക്‌ ആലോചന ഇത്തിരി കൂടുതലാണ് കേട്ടോ. എന്താ ഇതിനു മാത്രം ആലോചിക്കാൻ? ” “ഒന്നുല്ല മോളെ. ഞങ്ങളുടെ യാത്രയെ കുറിച്ച് ആലോചിക്കുന്നതാ. ” “ഞങ്ങളോ. അപ്പൊ ഞാനോ.

ഞാൻ എന്റെ പാക്കിങ് ഒക്കെ ചെറുതായി തുടങ്ങി കേട്ടോ.നിങ്ങൾക്കെപ്പഴും പരാതിയല്ലേ എവിടേലും പോവാനിറങ്കുമ്പോൾ ഞാനാ ലാസ്റ്റ് ലേറ്റ് ആക്കുന്നതെന്നു.ഈ തവണ എന്തായാലും ആ കംപ്ലയിന്റ് നികത്താൻ തന്നെ തീരുമാനിച്ചു. ” “നീ എക്സാമിനു നന്നായി പഠിക്കുന്നില്ലേ മോളെ? ” “യെസ് പപ്പാ ” “എങ്കിൽ എനിക്ക് മോളോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്. ” “എന്താ പപ്പാ? ” “യു എസ്സിലേക്ക് മോള് വരണ്ട ” പപ്പാ പറഞ്ഞത് കേട്ടു ഞാനും ശങ്കുമാമയും ഒരു പോലെ ഞെട്ടി പപ്പയെ നോക്കി. “ചേട്ടൻ എന്തൊക്കെയാ ഈ പറയുന്നേ. നമ്മളുടെ കൂടെ വരുന്നില്ലെങ്കിൽ പിന്നെ ഇവളെവിടെ പോകും? ” “അത് ഞാൻ പറയാം. എന്തായാലും ട്രീട്മെന്റിന് നമ്മൾ രണ്ടാളുമേ പോന്നുള്ളൂ. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ” ബാക്കി കേൾക്കാൻ നിൽക്കാതെ കരഞ്ഞു കൊണ്ടു ഞാൻ റൂമിലേക്കോടി….തുടരും

ഹരി ചന്ദനം: ഭാഗം 1

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!