മഴയേ : ഭാഗം 33

മഴയേ : ഭാഗം 33

എഴുത്തുകാരി: ശക്തി കല ജി

അവനവളോട് സഹതാപം തോന്നി…. അവളുടെ കൈ പിടിച്ച് മുല്ലവള്ളിയുടെ ചുവട്ടിൽ പിടിച്ചിരുത്തി….. “ഉത്തര ഞാനൊരു രഹസ്യം പറയാം…. ഞാനന്ന് പറഞ്ഞിരുന്നില്ലെ നിൻ്റെ അച്ഛനെ ഇല്ലാതാക്കിയവരെ ഞാൻ കണ്ടു പിടിച്ചു തരും എന്ന്…….. പക്ഷേ ഇപ്പോൾ എടുത്ത് ചാടി ഒന്നും പ്രതികരിക്കരുത്…… നിൻ്റെ അച്ഛനെ ഇല്ലാതാക്കിയത് രുദ്രനല്ല… രുദ്രൻ്റെ നിർദ്ദേശപ്രകാരം നിൻ്റെ വല്യച്ഛനാണ് ” ഗൗതമിൻ്റെ വാക്കുകൾ അവളെ കൂടതൽ തളർത്തി കളഞ്ഞു….. അവൾ തളർച്ചയോടെ മുല്ലവള്ളിയിൽ മുറുകെ പിടിച്ചു… നെറ്റിയിൽ വിയർപ്പ് കണങ്ങൾ തെളിഞ്ഞു… മനസ്സിൽ ഒരു തരം മരവിപ്പായിരുന്നു…..

വല്യച്ഛനെ കണ്ടപ്പോൾ അച്ഛനെ തിരിച്ച് കിട്ടിയത് പോലെയാണ് തോന്നിയത്… കാഴ്ചയിൽ അച്ഛനെ പോലെ തന്നെയാണ്… അച്ഛനേക്കാൾ കുറച്ച് നീളo ഉണ്ട് എന്നേയുള്ളു… ആദ്യം കണ്ടപ്പോൾ അച്ഛൻ തന്നെയാണ് മുൻപിൽക്കുന്നത് എന്നാണ് മനസ്സിൽ കരുതിയത്……… ഇനി മുതൽ അച്ഛൻ്റെ സ്ഥാനത്ത് വല്യച്ഛൻ കാണുമെന്ന് ഒരു ആശ്വാസം ഉണ്ടായിരുന്നു… അതും ഇപ്പോൾ അവസാനിച്ചിരിക്കുന്നു… “ഉത്തരാ എനിക്ക് കുറച്ച് സമയം വേണം…. കൂടുതൽ തെളിവുകൾ അയാൾക്കെതിരായി ശേഖരിക്കണം…അതുവരെ കാത്തിരുന്നേ പറ്റൂ ഞാൻ അയാൾക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കും” എന്ന് പറഞ്ഞുകൊണ്ട് ഗൗതം ഉത്തരയ്ക്ക് അരികിൽ ഇരുന്നു അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു .

“പറ്റില്ല എനിക്കിപ്പോൾ അയാളെ ഇല്ലാതാക്കണം എൻ്റെ അച്ഛൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അയാൾ കൊന്നത് എന്ന് കാരണം അറിയണം.. ഞാൻ ഇപ്പോൾ തന്നെ പോവുകയാണ് എൻ്റെ അച്ഛൻ പാവമായിരുന്നു ഈ തറവാട്ടിലെ ഒരു അവകാശങ്ങളും വേണ്ട എന്ന് പറഞ്ഞിട്ടാണ് ഇവിടെനിന്ന് പടിയിറങ്ങിപ്പോയത് എന്നിട്ടും ആ പാവം മനുഷ്യൻ്റെ ജീവനെടുക്കാൻ എങ്ങനെ തോന്നി അയാൾക്ക് .. എനിക്കിപ്പോൾ തന്നെ അറിയണം .. “ഉത്തര ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു ഗൗതം അവളെ തൻ്റെ കരവലയത്തിനുള്ളിൽ ആക്കി… അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ..

”ഉത്തര ഞാൻ പറഞ്ഞില്ലേ ഇപ്പോൾ എടുത്തു ചാടി ഒന്നും ചെയ്യരുത് എന്ന് അയാൾക്കെതിരെ ഉള്ള തെളിവുകൾ എല്ലാം ശേഖരിച്ചു വേണം അയാളുടെ മുൻപിൽ പോയി നിൽക്കാൻ… അല്ലെങ്കിൽ അയാൾ പാടേ എല്ലാം നിഷേധിക്കും… പിന്നെ നമ്മൾ പറയുന്നത് കള്ളമാണ് എന്ന് വരുത്തി തീർക്കും… അതുകൊണ്ട് നമ്മൾ സൂക്ഷിച്ചുവേണം കാര്യങ്ങൾ മുൻപോട്ട് കൊണ്ടുപോകാൻ ഞാൻ പറയുന്നത് കേൾക്കൂ ഉത്തരാ … ഇപ്പോഴുള്ള ദേഷ്യത്തിൽ നമ്മൾ എന്തെങ്കിലും എടുത്തുചാടി പ്രവർത്തിച്ചത് കൊണ്ട് ഒരു ഫലവും കിട്ടാൻ പോകുന്നില്ല .. ചിലപ്പോൾ പിന്നീട് നിൻ്റെയും ഉണ്ണിയുടെയും ജീവനുതന്നെ അപകടം സംഭവിക്കാം .” എനിക്ക് നിന്നെയും ഉണ്ണിയേയും നഷ്ടപ്പെടുത്താൻ വയ്യ ..

പ്ലീസ് ഞാൻ പറയുന്നതൊന്നും കേൾക്കൂ ഞാൻ എല്ലാ തെളിവുകളുമായി അയാളുടെ മുൻപിൽ കൊണ്ടുപോയി നിർത്തി തരാം…. നിനക്ക് ചോദിക്കാനുള്ളത് ഒക്കെ അപ്പോൾ ചോദിക്കാം .. ഞാൻ വാക്ക് തരുന്നു എന്നെ വിശ്വസിക്കണം.. ” എന്ന് ഉറച്ച സ്വരത്തിൽ ഗൗതം പറഞ്ഞപ്പോൾ ഉത്തര ഒന്നടങ്ങി … അവൻ്റെ തോളോട് ചാരിയിരുന്ന് കണ്ണടച്ചു… മുല്ലവള്ളി ചെടിയിൽ നിന്ന് തലേ ദിവസം വിരിഞ്ഞ പൂക്കൾ അവരുടെ മേലെ ചിതറി വീഴുന്ന മഴതുള്ളിപോൽ പതിച്ചു കൊണ്ടിരുന്നു… “എനിക്ക് പറ്റുന്നില്ല ഗൗതമേട്ടാ.. ഇത്രയും സത്യങ്ങളൊക്കെ അറിഞ്ഞിട്ടും ഞാൻ അയാളുടെ മുൻപിൽ ഒന്നുമറിയാത്തപോലെ നിൽക്കണം എന്നോർക്കുമ്പോഴാണ് എനിക്ക് സഹിക്കാൻ പറ്റാത്തത് .. ”

എന്ന് പറയുമ്പോൾ ഉത്തരയുടെ വാക്കുകൾ ഇടറി പോയിരുന്നു “നേരം സന്ധ്യയായി നമ്മളെ തറവാട്ടിൽ ഉള്ളവർ അന്വേഷിക്കുന്നുണ്ടാവും… വാ തറവാട്ടിലേക്ക് പോകാം … ഇവിടെ ഇരുന്ന് ഈ കാര്യങ്ങൾ സംസാരിക്കുന്നത് സുരക്ഷിതമല്ല അതുകൊണ്ട് കൂടുതൽ കാര്യങ്ങൾ നമ്മുക്ക് നിലവറയിൽ പോയി സംസാരിക്കാം ” എന്ന് ഗൗതം പറഞ്ഞു ഉത്തര അപ്പോഴും തളർച്ചയോടെ അവൻ്റെ നെഞ്ചോട് ചേർന്ന് തന്നെ ഇരിക്കുകയായിരുന്നു .. മിഴികൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു അവൻ്റെ വിരലുകൾകൊണ്ട് കണ്ണീർ തുടച്ചു അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു നേരെ നിർത്തി… ”

ഞാൻ കണ്ട ഉത്തര ഇങ്ങനെയല്ല…. മുൻപിൽ വന്നു നിൽക്കുന്ന ആള് ആരാണെന്ന് പോലും നോക്കാതെ മുഖം നോക്കാതെ മറുപടി പറയുന്ന ആളാണ് നീ.. നിൻ്റെ ധൈര്യം ഒക്കെ എവിടെ പോയി … ചിലപ്പോൾ രുദ്രൻ്റെ മായാജാലം കൊണ്ട് ഞാൻ പെട്ടെന്ന് അപ്രത്യക്ഷമായി പോയാലും നീ തനിയെ നിന്നു നേരിടേണ്ടിവരും ഈ കാര്യങ്ങളെല്ലാം … ഇങ്ങനെ പേടിച്ച് മാറി നിൽക്കരുത് എല്ലാം ധൈര്യത്തോടെ നേരിടണം” ” എന്നുപറഞ്ഞ് അവൻ അവളുടെ തോളത്ത് തട്ടി അവളുടെ മുഖത്ത് വേദന നിറഞ്ഞിരുന്നു അവൾക്ക് ഗൗതം പറഞ്ഞ സത്യം മനസ്സുകൊണ്ട് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല ”

ഗൗതമേട്ടാ ഒന്നുകൂടി ഇപ്പോൾ പറഞ്ഞ സത്യം ശരിയാണോ എന്ന് അന്വേഷിക്കണം “ഉത്തര ഗൗതമ നോക്കി പറഞ്ഞു “എനിക്ക് ചെറിയൊരു സൂചനയാണ് ആണ് കിട്ടിയത് ഉത്തരയുടെ വല്യച്ഛൻ്റ വണ്ടിയാണ് അച്ഛനെ ഇടിച്ചിട്ട് നിർത്താതെ പോയത് എന്നുള്ള ഒരു വിവരം കിട്ടിയിട്ടുണ്ട് .. വല്യച്ഛന് അതിൽ പങ്കു ഉണ്ടാവും എന്നു തന്നെ കരുതുന്നു …പിന്നീട് ആ വണ്ടി ഉടനെ വിൽക്കുകയും ചെയ്തു .. അത് ഉത്തരയുടെ വല്യച്ഛൻ്റെ പേരിലുള്ള വണ്ടിയാണ്…. അദ്ദേഹം തന്നെയാണ് നേരിട്ട് ഇത് വിറ്റത്… അത് വാങ്ങിയ ആളെയും എനിക്കറിയാം ഞാൻ ചെന്ന് അന്വേഷിച്ചിരുന്നു ..

വളരെ കുറഞ്ഞ വിലയ്ക്കാണ് അയാൾക്ക് കിട്ടിയത് എന്ന് പറഞ്ഞു .. അതും ഏകദേശം ഉത്തരയുടെ അച്ഛൻ മരിച്ച ഒരാഴ്ചക്കുള്ളിൽ ആണ്.. അയാൾ വണ്ടിയിൽ ഉണ്ടായ കേടുപാടുകൾ എല്ലാം തീർത്ത് ഒരാഴ്ച കൊണ്ടാണ് വിറ്റത്.. ആ വണ്ടി നന്നാകാൻ കൊണ്ടുപോയ വർഷോപ്പ് ഞാൻ ചെന്ന്കണ്ടിരുന്നു വല്ല്യച്ഛൻ ആണ് പണമടച്ചിരിക്കുന്നത്… നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു എന്നാണ് വർക്ക്ഷോപ്പ് ഉള്ള ആൾ പറഞ്ഞത് ഇത് വച്ചുനോക്കുമ്പോൾ വല്യച്ഛൻ തന്നെയാണ് എന്നാണ് എൻ്റെ നിഗമനം … ശരിക്കും ഇക്കാര്യങ്ങൾ മുൻപോട്ട് അന്വഷിക്കാനാണ് ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചത്.. പക്ഷേ കഴിഞ്ഞില്ല..

നിന്നെ തനിച്ചാക്കി പോകാൻ തോന്നിയില്ല.. അതുകൊണ്ട് ഉത്തര ശ്രദ്ധിച്ചോണം… തറവാട്ടിൽ ഉള്ള ആര് അന്ന് വിളിച്ചാലും അവരുടെ പുറകെ പുറത്തേക്ക് പോകരുത് … പടിപ്പുരയുടെ പുറത്തേക്ക് മാത്രം പോകാൻ പാടില്ല .. തറവാടിനകത്ത് ഉത്തര സുരക്ഷിതയാണ്… കുഞ്ഞു ദേവിയുടെ അദൃശ്യമായ കരവലയം നമുക്ക് ചുറ്റുമുണ്ട് എന്ന ധൈര്യത്തോടെ ഇരിക്കാൻ പറ്റും…. പക്ഷേ തറവാടിന് വെളിയിൽ ദുഷ്ടശക്തികൾ നമ്മുടെ കാത്തിരിക്കുകയാണ് അതുകൊണ്ട് തനിച്ച് പുറത്തിറങ്ങി നടക്കരുത് കേട്ടല്ലോ “ഗൗതം കൊച്ചു കുട്ടികളോട് പറയുന്നതുപോലെ പറഞ്ഞു … ഞാൻ ശരിയെന്ന് തല കുലുക്കി സമ്മതിച്ചു…

“പിന്നെ ഈ കാര്യം തറവാട്ടിൽ മറ്റാരും അറിയാൻ പാടില്ല .. പക്ഷേ എനിക്ക് കുറച്ചുകൂടി സമയം വേണം.. ഈ പൂജ കഴിയുന്നതുവരെ പുറത്തിറങ്ങി ഒന്ന് തെളിവുകൾ ശേഖരിക്കാനുള്ള സമയം കിട്ടില്ല … അതുകൊണ്ട് നമുക്ക് കുറച്ച് അധികം കാര്യങ്ങൾ തീരുമാനിക്കാൻ ഉണ്ട് അത് ആരുമറിയാതെ നടപ്പിലാക്കുകയും ചെയ്യണം .. ഉത്തരയുടെ അച്ഛൻ്റെ മരണത്തിൽ ഉത്തരവാദികളെ തക്കതായ ശിക്ഷ ശിക്ഷ വാങ്ങി കൊടുക്കണം എങ്കിൽ നമ്മളുടെ ഓർമ്മകൾ വ്രതം കഴിഞ്ഞുo നമ്മുടെ ഒപ്പം വേണം….കടമ നിറവേറ്റി കഴിഞ്ഞു നമ്മുടെ ഓർമ്മകൾ നമ്മളിൽ തന്നെ ഉണ്ടാവണം മാഞ്ഞുപോകാൻ പാടില്ല….

അതുകൊണ്ട് ഞാൻ പറയുന്നത് അനുസരിക്കണം”..ഗൗതം ഉത്തരയെ പ്രതീക്ഷയോടെ നോക്കി… മുത്തശ്ശി തറവാട്ടു മുറ്റത്ത് നിന്ന് ഇങ്ങോട്ടേക്ക് വരുന്നത് കണ്ട് ഞാൻ പെട്ടെന്ന് മാറി നിന്നു.. മുത്തശ്ശി ഗൗതമേട്ടനെ കെട്ടിപിടിച്ച് നിൽക്കുന്നത് കണ്ടു കാണുമോ എന്തോ… മുത്തശ്ശി വന്നതറിയാതെ ഗൗതമേട്ടൻ എന്തൊക്കെയോ പറയുന്നുണ്ട് എങ്കിലും അതൊന്നു എൻ്റെ കാതുകളിൽ എത്തുന്നുണ്ടായിരുന്നില്ല… എങ്ങനെയെങ്കിലും ഇവിടെ നിന്നു രക്ഷപ്പെട്ടാൽ മതിയാരുന്നു എന്ന് തോന്നി.. ഗൗതമേട്ടൻ ഓരോന്ന് പറഞ്ഞു കൊണ്ട് എൻ്റെയടുത്തേക്ക് വരുകയാണ്… ആ മുഖം കണ്ടാൽ അറിയാം എന്തോ കുസൃതി ഒപ്പിക്കാനുള്ള വരവാണ്.. പെട്ടെന്ന് എന്തെങ്കിലും ചെയ്തേ പറ്റു…

മുത്തശ്ശി വരുന്ന ഭാഗത്തേക്ക് കണ്ണ് കൊണ്ട് മുദ്ര കാണിച്ചെങ്കിലും ഗൗതമേട്ടനത് ശ്രദ്ധിച്ചത് പോലുമില്ല… “എനിക്കിത്രയും കാര്യങ്ങൾ അറിഞ്ഞാൽ മതി…. ഇനിയെന്ത് ചെയ്യണമെന്ന് എനിക്കറിയാം” എന്ന് പറഞ്ഞ് ഗൗതമേട്ടനെ തള്ളി മാറ്റി കൊണ്ട് മുൻപോട്ട് നടന്നു… ”എന്താ നിങ്ങളുടെ വഴക്ക് ഇത് വരെ തീർന്നില്ലെ… ഞാൻ നിങ്ങളെ തിരക്കി വന്നതാണ്…” മുത്തശ്ശിയാണ്…. മുത്തശ്ശി സംസാരിക്കുന്ന ശബ്ദം അടുത്ത് കേട്ടപ്പോൾ ഞാൻ ഒന്നുമറിയാത്തത് പോലെ തിരിഞ്ഞ് നോക്കി… ഗൗതമേട്ടൻ്റെ അമ്പരുന്നുള്ള നിൽപ്പ് കണ്ട് എനിക്ക് ചിരി വന്നു എങ്കിലും സ്വയം നിയന്ത്രിച്ചു.. “ഹേയ് വഴക്കൊന്നുമില്ല” ഞാൻ വിനയത്തോടെ പറഞ്ഞു.. ” ആദ്യമായി കണ്ടപ്പോൾ തുടങ്ങിയ വഴക്കാണ് മുത്തശ്ശി…

അത് ഉടനെയെങ്ങും തീരില്ല…. അതിങ്ങനെ തുടർന്നു കൊണ്ടേയിരിക്കുo ” ഗൗതം ചിരിയോടെ പറഞ്ഞു… ഉത്തര അവനെ രൂക്ഷമായി നോക്കിയെങ്കിലും അവൻ മുത്തശ്ശിയുടെ മറവിലേക്ക് നിന്നു… “വേഗം വാ.. അവിടെ മുത്തശ്ശൻ നിങ്ങളെ അന്വഷിക്കുന്നു… ഇനി കുറച്ച് ദിവസങ്ങളല്ലേ ഉള്ളു വ്രതം പൂർത്തിയാവാൻ.. അത് കൊണ്ട് കുറച്ച് ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്… പിന്നെ ഉണ്ണി തിരികെ വന്നിട്ടുണ്ട്… അവന് രുദ്രൻ്റെ താവളത്തിൽ കയറാനായി.. മന്ത്രങ്ങൾ രഹസ്യമായി നിളയെ ഏൽപ്പിച്ചു മടങ്ങി വരാനാണ് നിങ്ങളുടെ മുത്തശ്ശൻ പറഞ്ഞതത്രേ… ഉടനെ തിരികെ പോകണം എന്നാണ് ഉണ്ണി പറയുന്നത്… ഇക്കാര്യം വേറെ ആരും അറിയാൻ പാടില്ല എന്ന് പറഞ്ഞു…

നിവേദ ഒരു കാരണവശാലും അറിയാൻ പാടില്ല…” മുത്തശ്ശി പറയുമ്പോൾ ഗൗതമേട്ടൻ്റെ മിഴികൾ എന്നിൽ മാത്രം തങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വല്ലാത്തൊരവസ്ഥയിലായി… “എനിക്ക് ഉണ്ണിയെ കാണണം” എന്ന് പറഞ്ഞ് വേഗം മുൻപോട്ട് നടന്നു.. ഇനിയും ഇവരുടെ മുൻപിൽ നിന്നാൽ മനസ്സിലെ ഇഷ്ട്ടം സമ്മതിച്ചു കൊടുക്കേണ്ടി വരും… വരാന്തയിൽ തന്നെ ഉണ്ണി നിൽക്കുന്നത് കണ്ടു.. ഞാൻ ഓടി അടുത്തേക്ക് ചെന്നു.. അവൻ്റെ കൈയ്യിൽ പിടിച്ചു എൻ്റെ മുഖത്തോടു ചേർത്തു പിടിച്ചു.. “ൻ്റെ ഉണ്ണി നിനക്ക് ആപത്തൊന്നും കൂടാതെ മടങ്ങിയെത്തിയല്ലോ ” എന്ന് പറയുമ്പോൾ അവൻ്റെ കൈ അവളുടെ കണ്ണീരാൽ നനഞ്ഞിരുന്നു… “ഉത്തരേച്ചി എന്തിനാ വിഷമിക്കുന്നത്.. ഞാൻ തിരിച്ച് വന്നല്ലേ… പക്ഷേ… ”

ഉണ്ണി പറയാൻ വന്നത് പാതിയിൽ നിർത്തി… ” എന്താ…. ” ഞാൻ കണ്ണു തുടച്ച് ഉണ്ണിയുടെ മുഖത്തേക്ക് നോക്കി… ” അത് പിന്നെ ചേച്ചിയോട് പറയാതെ ഒരു കാര്യം ചെയ്യാൻ പോവാണ്” ഉണ്ണി അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു…. “എന്നാൽ ഞാൻ അറിയണ്ടാത്തതാന്നേൽ എന്നോട് പറയണ്ട…. “രഹസ്യം രഹസ്യമായി തന്നെ സൂക്ഷിക്കണം….. അല്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാവും എന്നെനിക്കറിയാം” ഞാൻ അവന് ആശ്വാസവാക്കുകൾ പറഞ്ഞു…… ഉണ്ണിയുടെ മുഖം തെളിഞ്ഞു…. ” ഇപ്പോഴാ സമാധാനം ആയത്.. എനിക്ക് ഇപ്പോൾ തന്നെ മടങ്ങണം… മുത്തശ്ശൻ്റയരുകിൽ നിന്നും നിളയുടെ നിർദ്ദേശപ്രകാരം ഒരു അത്യവശ്യ സാധനം വാങ്ങാൻ വന്നതാണ്..

മുത്തശ്ശൻ്റെ കൈയ്യിൽ നിന്നും കുഞ്ഞു ദേവി അനുഗ്രഹം കൊണ്ട് ഞാൻ വാങ്ങി… എനിക്ക് ഇപ്പോൾ എൻ്റെ അച്ഛനും അമ്മയും എല്ലാം ഉത്തരേച്ചിയാണ്…” എന്ന് പറഞ്ഞ് ഉണ്ണി എൻ്റെ കാലിൽ തൊട്ടു തൊഴുതപ്പോൾ ഞാനൊരു നിമിഷം അവൻ്റെ അച്ഛനും അമ്മയുമായി മാറി… അവൻ്റെ തലയിൽ തൊട്ടനുഗ്രഹിച്ചു……… ഞാൻ അൽപ്പം പുറകോട്ടു മാറി അവൻ്റെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു… മുത്തശ്ശിയോടും ഗൗതമേട്ടനോടും ഉണ്ണി യാത്ര ചോദിച്ചു മുൻപോട്ട് നടന്നു….. യാന്ത്രികമായി എൻ്റെ കാലുകൾ അവൻ്റെ പുറകേ നടന്നു…. പടിപ്പുരയെത്തിയത് പോലുമറിയാതെ ഞാൻ മുൻപോട്ട് നടക്കാൻ തുടങ്ങിയപ്പോൾ ഗൗതമേട്ടൻ്റെ കൈവിരലുകൾ എൻ്റെ ഇടത് കൈവിരലുകളെ കോർത്തു പിടിച്ചിരുന്നു……

ഒപ്പം ആശ്വസിപ്പിക്കാൻ എന്ന പോൽ ഒരു ചാറ്റൽ മഴയും അവരിരുപേരേയും നനച്ചു കടന്നു പോയി.. മുത്തശ്ശി വിളിക്കുന്ന ശബ്ദം കേട്ടതും ഞാൻ ഗൗതമേട്ടൻ്റെ വിരലുകളെ സ്വതന്ത്രമാക്കി കൊണ്ട് ചുവന്ന ദാവണി തുമ്പ് തല വഴിയിട്ട് വേഗം നടന്നു…. പൊഴിഞ്ഞു വീഴുന്ന പൂക്കളെ കൈയിൽ എത്തി പിടിച്ച് അവയെ അവളുടെ നേരെ എറിഞ്ഞു കൊണ്ട് അവനും പുറകേ നടന്നു.. തൻ്റെ ശരീരത്ത് പതിക്കുന്ന പൂക്കൾ എവിടെ നിന്നാണ് വരുന്നത് എന്ന് മനസ്സിലായതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു തുടങ്ങിയിരുന്നു.. മുത്തശ്ശിയുടെ കൈ കോർത്ത് പിടിച്ച് അകത്തേക്ക് നടക്കുമ്പോൾ കുസൃതി ചിരിയോടെ ഗൗതമേട്ടൻ എന്നരുകിൽ എത്തിയിരുന്നു….

കുസൃതിയോടെ എൻ്റെ കൈയ്യിൽ നിന്നും ദാവണി തുമ്പ് തട്ടിയെടുത്ത് ഗൗതമേട്ടൻ തലമുടിയിലെ വെള്ള തുള്ളികളെ എൻ്റെ നേരെ തെറിപ്പിക്കുമ്പോൾ മുത്തശ്ശി തിരിഞ്ഞു നോക്കരുതേയെന്ന് പ്രാർത്ഥിച്ചു… അവർ മുത്തശ്ശിയോടൊപ്പം നിലവറയിലേക്ക് ചെന്നപ്പോൾ മുത്തശ്ശനും ഹരിനാരായണനദ്ദേഹവും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു .. മാധവ് അവർ വരുന്നതിനു മുൻപേ നേരത്തെ അവിടെ എത്തിയിരുന്നു . അടുത്ത ദിവസത്തെ പൂജയ്ക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാവർക്കും കൊടുത്തു ഞാൻ നിലവറയിലെ മുറിയിലേക്ക് പോകാനൊരുങ്ങിയപ്പോഴാണ് രാഗിണിയമ്മ കരഞ്ഞു കൊണ്ട് ഓടി വന്നത് …

അവരുടെ മുഖത്ത് ഭയം നിറഞ്ഞിരുന്നു ഗൗതമും ഓടി ചെന്ന് അമ്മയുടെ കൈ പിടിച്ചു.. ” എന്തുപറ്റി അമ്മ എന്തിനാണ് കരയുന്നത് ”എന്ന് ഗൗതം ചോദിച്ചു “മോനേ വിഷ്ണുവും കിരണും കിടക്കുന്ന മുറി തുറക്കാൻ പറ്റുന്നില്ല ..ഞാൻ കുറെ നേരമായി ശ്രമിക്കുന്നു …വിളിച്ചിട്ട് അകത്തുനിന്ന് ശബ്ദമൊന്നും കേൾക്കുന്നുമില്ല .. എന്തുപറ്റി എന്നറിയില്ല എനിക്ക് പേടിയാവുന്നു… വേഗം വാ തുറന്നു നോക്കാം.. രണ്ടും വയ്യാത്ത കുട്ടികളാണ് അവർക്ക് എന്തെങ്കിലും അപകടം സംഭവിച്ചത് ആണോ എന്ന് എനിക്ക് പേടിയാകുന്നു” രാഗിണിയമ്മ കരച്ചിലിനിടയിൽ പറഞ്ഞു ഗൗതം മുമ്പോട്ട് ഓടി മാധവും ഒപ്പം എത്തി ഞാൻ രാഗിണിയമ്മയുടെ കൈപിടിച്ച് പതുക്കെ മുൻപോട്ടു നടന്നു ഞങ്ങൾ ചെല്ലുമ്പോൾ മാധവേട്ടനും ഗൗതമേട്ടനും കിരണും വിഷ്ണും കിടക്കുന്ന മുറിയുടെ മുൻപിൽ എത്തിയിട്ടുണ്ട്…

വാതിൽ തട്ടി നോക്കുന്നുണ്ട്… തുറക്കാൻ ശ്രമിക്കുന്നുണ്ട് .. ഗൗതമേട്ടൻ എന്തൊക്കെയോ മന്ത്രങ്ങൾ ഒക്കെ ജപിച്ച് നോക്കിയിട്ടും ആ മുറിയുടെ വാതിൽ തുറക്കാൻ ആയില്ല . മുത്തശ്ശൻ അപ്പോഴേക്കും വന്നു അപ്പോൾ എല്ലാവരും വഴിമാറിക്കൊടുത്തു മുത്തശ്ശൻ കണ്ണടച്ചു കുറച്ചുനേരം നിന്നിട്ട് വാതിൽ തൊട്ടു… വാതിൽ തുറന്നു വന്നു…അവിടെ കണ്ട കാഴ്ച എല്ലാവരെയും ഒരുപോലെ ഭയപ്പെടുത്തി . വിഷ്ണു തറയിൽ ബോധമില്ലാതെ കിടക്കുന്നു … ഞങ്ങൾ വേഗം ഓടി അകത്തു കയറി … മുറിയിൽ എല്ലായിടത്തും നോക്കി.. കിരണിനെ മാത്രം കണ്ടില്ല… തുടരും

മഴയേ : ഭാഗം 32

Share this story