സ്‌നേഹതീരം: ഭാഗം 3

Share with your friends

എഴുത്തുകാരി: ശക്തികലജി

മുൻപിലെ പച്ചപ്പ് മുൻപോട്ടുള്ള ജീവിതത്തിന് കുഞ്ഞു പ്രതീക്ഷയേകി…. മരത്തിൽ പടർന്നു കിടക്കുന്ന കുരുമുളക് വള്ളികളും, മണ്ണിൽ നട്ടിരിക്കുന്ന ചേമ്പും ചേനയുമൊക്കെ കണ്ടപ്പോൾ മനസ്സു തണുത്തു… പക്ഷേ ചുറ്റും പുല്ലു വളർന്നു തുടങ്ങിയിരിക്കുന്നു.. എല്ലാം ഒന്നു കിളച്ചു ഒരുക്കണം പുതിയ വിത്തുപാകാൻ…. തൂമ്പയിലേക്ക് നോക്കി…. അച്ഛൻ ഉപയോഗിച്ചത് കൊണ്ടാകും തൂമ്പ മാത്രം തുരുമ്പിച്ചിട്ടില്ല… എല്ലാരുo കുറ്റപ്പെടുത്തിയപ്പോൾ ഇവിടെ നിന്ന് എങ്ങോട്ടെങ്കിലും പോയ്ക്കോ എന്ന് അച്ഛൻ അവസാന വാക്ക് ദേഷ്യത്തോടെ ഉച്ചത്തിൽ പറഞ്ഞപ്പോൾ അതിനുള്ളിലെ വേദന എനിക്ക് മനസ്സിലായത് കൊണ്ടാണ് അന്ന് രാത്രി തന്നെ ആരോടും പറയാതെ വീട് വിട്ട് ഇറങ്ങി പോയത്….

ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങൾ ട്രെയിനിൽ തന്നെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തു…. ഭ്രാന്തൻ ചിന്തകളെ തണുപ്പിക്കാൻ യാത്ര ആവശ്യമെന്ന് തോന്നിയത് കൊണ്ടാണ് വിശ്രമമില്ലാതെ യാത്ര ചെയ്തു കൊണ്ടിരുന്നത്… ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ച് ട്രെയിൻ വാതിൽക്കൽ കണ്ണടച്ച് കമ്പിയിൽ പിടിച്ച് നിന്നപ്പോഴാണ് പെട്ടെന്ന് ഒരു കൈവന്ന് എന്നെ വലിച്ചിഴച്ചു കൊണ്ടുപോയി ജനലരികിൽ ഉള്ള സീറ്റിൽ ഇരുത്തിയത്… ആ കൈ ജാനകിയമ്മയുടെതായിരുന്നു… അപ്പോൾ എന്നോടൊന്നും ചോദിച്ചില്ല… എന്നെ അവർ ജോലി ചെയ്തു കൊണ്ടിരുന്ന ഹോസ്റ്റലിൽ തന്നെ ജോലിയും വാങ്ങി തന്നു… പാചകവും പലഹാരമുണ്ടാക്കാനും പഠിപ്പിച്ചു…

അന്ന് തൊട്ട് ഇന്ന് വരെ എൻ്റെ പേരല്ലാതെ മറ്റൊന്നും ചോദിച്ചിട്ടില്ല…. അതൊരു തരത്തിൽ എനിക്കാശ്വാസമായിരുന്നു….. മഴത്തുള്ളികൾ മുഖത്തേക്കു പതിച്ചപ്പോഴാണ് തൂമ്പയും പിടിച്ച് കൊണ്ട് പറമ്പിൽ നിൽക്കുകയാണെന്ന ബോധം വന്നത് ‘…. “ദേ മഴ വരുന്നു… വേഗം അകത്തേക്ക് വന്നേ ” രാഖി വിളിച്ചപ്പോൾ തൂമ്പയും കൈയ്യിലെടുത്തു അവളുടെ അടുത്തേക്ക് നടന്നു…. വീട്ടിലേക്ക് കയറിയപ്പോഴേക്ക് മഴ നല്ലത് പോലെ പെയ്തു തുടങ്ങി… ഞാൻ വെറുതെ മഴയും നോക്കി നിന്നു… രാഖിയപ്പോഴേക്ക് കട്ടൻ കാപ്പി ഇട്ടു കൊണ്ടുവന്നു…. മഴ തണുപ്പിൽ ആവി പറക്കുന്ന കട്ടൻ കാപ്പി ഊതി കുടിക്കുമ്പോൾ ചില ഓർമ്മകൾ കണ്ണുനനയിച്ചു…. ” നിൻ്റെ അമ്മ നിന്നെ അന്വഷിച്ചു… അവിടെ താമസിക്കണ്ട…

എന്നാലും നിനക്ക് ഒന്ന് അവിടം വരെ പോയ്ക്കൂടെ… ” രാഖി ചോദിച്ചപ്പോൾ ഞാൻ അവളെ നോക്കി… ” ഞാനല്ല കുറ്റക്കാരി എന്ന് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞിട്ടും അന്നു ആരും വിശ്വസിച്ചില്ല… അമ്മയാണ് കൂടുതൽ വേദനിപ്പിച്ചത് സംസാരിച്ചത്… എല്ലാർക്കും ഞാൻ അവിടെ നിന്ന് അയാളുടെ കൂടെ പോയാൽ മതീന്നായിരുന്നല്ലോ വിചാരിച്ചത് “… എനിക്കതൊന്നും അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല…. അന്ന് ജാനകിയമ്മയില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ജീവനോടെ പോലും ഉണ്ടാവില്ലായിരുന്നു…. ഇത്ര വർഷങ്ങൾ ഞാൻ എവിടെയുണ്ട് എങ്ങനെ കഴിയുന്നു എന്ന് പോലും അന്വഷിക്കാത്തവരെ ഞാൻ എന്തിന് പോയി കാണണം”…

നീയെന്നെ നിർബന്ധിക്കരുത്…. എല്ലാർക്കും സത്യം ബോധ്യപ്പെടണം എന്ന് മാത്രമെ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു….. സത്യം അറിഞ്ഞല്ലോ എനിക്കത് മതി….. വീണ്ടും ഞാൻ അവിടേക്ക് മടങ്ങി പോയാൽ അധികപറ്റ് ആവുകയേയുള്ളു… ” അത് കൊണ്ട് വേണ്ട രാഖി… ഞാൻ ആർക്കും ശല്യമാകാതെ ഇവിടെ ജീവിച്ചു കൊള്ളാം” എന്ന് പറയുമ്പോൾ രാഖി ൻ്റെ കൈയ്യിൽ മുറുകെ പിടിച്ചു… “എനിക്ക് ഇന്ന് പോണം… ഞാൻ ഇവിടെ വന്നിട്ട് കുറച്ച് ദിവസമായി…. മഹിയേട്ടൻ വിളിക്കാൻ വരും…. ഞാൻ പോയാൽ നീയിവിടെ ഒറ്റയ്ക്കായി പോവില്ലെ” രാഖി വിഷമത്തോടെ പറഞ്ഞു… ” അതോർത്ത് വിഷമിക്കണ്ട ഞാൻ ഒറ്റയ്ക്ക് തന്നെ ജീവിക്കാൻ പഠിച്ചു… പിന്നെ തുടർന്ന് ജീവിക്കാനുള്ള മാർഗ്ഗവും നീ തന്നെ പറഞ്ഞു തന്നല്ലോ….

നിൻ്റെ ജീവിതം നീ നോക്കണ്ടേ.. ഒന്നും മനസ്സിൽ ഇട്ട് വിഷമിക്കണ്ട…. “… എല്ലാം വിധിച്ചത് പോലെ നടക്കട്ടെ… “.. എന്ന് ഞാൻ പറയുമ്പോൾ അവൾ എന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു… “നീ ഒരു പാട് മാറിയിരിക്കുന്നു ചന്ദ്രാ… പണ്ട് ശരിക്കും ഒരു പൊട്ടി പെണ്ണായിരുന്നു… ഇപ്പോൾ വല്ലാത്ത പക്വത തോന്നുന്നു പെണ്ണേ… ” നീ ഇവിടെ നിന്നും പോയപ്പോൾ ഒരു പാട് വിഷമിച്ചിട്ടുണ്ട് എങ്ങനെ ജീവിക്കുന്നു എന്നോർത്ത്… എന്നാലും എന്നെ വിളിക്കാതിരിക്കാ എങ്ങനെ കഴിഞ്ഞു നിനക്ക് എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. . നീ എന്നെ വിളിക്കാൻ തുടങ്ങിയിട്ട് ആറ് മാസമല്ലേ ആകുന്നുള്ളു…

എന്തെങ്കിലും ആപത്ത് സംഭവിച്ചിട്ടുണ്ടോ എന്നോർത്ത് എന്ത് മാത്രം പേടിച്ചിട്ടുണ്ട് എന്നറിയോ… പക്ഷേ ഇപ്പോൾ ആ പേടിയില്ല…”… എനിക്ക് ധൈര്യമായി പോകാം.. “… ഞാൻ ഇവിടെ നിന്ന് പോയാലും എൻ്റെ മനസ്സ് നിൻ്റെ കൂടെയാ…”.. ഞാൻ വിളിക്കുമ്പോൾ ഫോൺ എടുത്തോണം… എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചു പറയാൻ മടിക്കണ്ട… കേട്ടല്ലോ…” രാഖി എൻ്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു…. “ശരി ഉത്തരവ്…” എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു…. വൈകുന്നേരം അവൾ മഹിയോടൊപ്പം പോകുന്നത് വീടിൻ്റെ മുറ്റത്ത് നിന്നു കണ്ടു…. ബൈക്കിൽ ഇരുന്ന് ഒരു കൈ ഉയർത്തി കാണിച്ചു….

ഞാനും തിരിച്ച് കൈയ്യുയർത്തി കാണിച്ചു… കുറച്ച് നേരം മുറ്റത്ത് തന്നെ നിന്ന്… അവിടവിടെ കിളിച്ചുതുടങ്ങിയ പുല്ല് പറിച്ചു മുറ്റം തൂത്തു വൃത്തിയാക്കിയിട്ടു…. അടുക്കള വശത്തെ കിണറിൽ നിന്നും ആവശ്യത്തിനുള്ള വെള്ളം കോരി വച്ചു… വേഗം മേല് കഴുകി വസ്ത്രം മാറി വന്നപ്പോഴേക്ക് ഇരുട്ട് വീണ് തുടങ്ങിയിരുന്നു…. കരിയിലകൾ അനങ്ങുന്ന ശബ്ദം കേട്ടപ്പോൾ വല്ലാത്ത പേടി തോന്നി… പെട്ടെന്നാണ് മുറ്റത്ത് നിന്നും ഒരു പൂച്ചകുഞ്ഞ് ചാടി വരാന്തയിലേക്ക് കയറിയത്…. കാലിൽ മുറിവ് പറ്റി ചോര വരുന്നുണ്ടായിരുന്നു… ഞാനതിനെ കയ്യിലെടുത്തു… കുറച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിൽ തലോടി കൊടുത്തപ്പോൾ അനുസരയോടെ കൈയ്യിൽ ഒതുങ്ങിയിരുന്നു…

അകത്ത് കൊണ്ടുപോയി മരുന്നു വച്ചുകെട്ടി ഒരു പഴയ തുണി തറയിൽ വിരിച്ച് അതിൽ കിടത്തി…. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന പൂച്ച കുഞ്ഞിനെ കണ്ട് അവൾക്ക് വിഷമം തോന്നി…. പായ്ക്കറ്റ് പാല് പൊട്ടി കുറച്ച് ചെറിയ പാത്രത്തിൽ ഒഴിച്ചു കൊടുത്തു… അത് ആർത്തിയോടെ കുടിക്കുന്നത് നോക്കി നിന്നു… ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ വേഗം മുന്നിലേക്ക് പോയി ജനൽ തുറന്ന് നോക്കി… വിധുവേട്ടനാണ് എന്ന് മനസ്സിലായതും വാതിൽ തുറന്നു…. “എന്താ ഏട്ടാ “എൻ്റെ വാക്കുകൾ കേട്ടില്ലേ എന്ന് എനിക്ക് സംശയം തോന്നി.. ഏട്ടൻ എന്നിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയാണ്…

ശൂന്യമായ നെറ്റിയും ഒഴിഞ്ഞ കഴുത്തുoകൈകളിലേക്കും ഏട്ടൻ്റെ മിഴികൾ മാറി മാറി പായുന്നത് കണ്ടു…. അടുത്ത നിമിഷം ആ മിഴികൾ നിറയുന്നതും കണ്ടു… ” വീട്ടിലേക്ക് വാ വാവേ…. ” എന്ന് പറയുമ്പോൾ വിധുവേട്ടൻ ൻ്റെ മുഖത്ത് നോക്കാതെ തിരിഞ്ഞു നിന്നു… “ഏട്ടൻ്റെ വാവ ഏഴ് വർഷം മുന്നേ മരിച്ചു പോയി… ഞാൻ ചന്ദ്രയാണ്…വെറും ചന്ദ്ര… ആരുമില്ലാത്ത അനാഥയായ ചന്ദ്ര”… ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു… ” കഴിഞ്ഞത് കഴിഞ്ഞ്…. അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു….

ഇപ്പോൾ ഇവിടെ നീ ഒറ്റയ്ക്ക് താമസിച്ചാൽ ഞാൻ പലർക്കും മറുപടി പറയേണ്ടി വരും… ” എന്ന് വിധുവേട്ടൻ പറഞ്ഞു… “ഓ…. അതാണ് കാര്യം… ഞാൻ മറുപടി പറഞ്ഞോളാം… അതിനു വേണ്ടി ആരും ബുദ്ധിമുട്ടണമെന്നില്ല…. “.. പിന്നേ ഇപ്പോഴാണോ ഞാൻ ഒറ്റയ്ക്ക് താമസിക്കുകയാണ് എന്ന ബോധം വന്നത്….” കഴിഞ്ഞ ഏഴ് വർഷമായി ഞാൻ ഒറ്റയ്ക്ക് തന്നെയായിരുന്നു…. സാരമില്ല എനിക്ക് ഏട്ടൻ്റെ അവസ്ഥ മനസ്സിലാകും… ഞാനിവിടെ സമാധാനത്തോടെ കഴിഞ്ഞോളാം.. ഞാൻ തിരിച്ച് വന്നാൽ അവിടെ പലർക്കും ബുദ്ധിമുട്ടാവും….”… ഏട്ടൻ ചെല്ല് വീട്ടിൽ അന്വഷിച്ച് തുടങ്ങി കാണും… പിന്നെ അമ്മയെ നോക്കാൻ ബുദ്ധിമുട്ടാന്നേൽ ഇവിടെയാക്കിയാൽ മതി … ഞാൻ നോക്കിക്കോളാം. ”

ഞാൻ മുഖം നോക്കാതെ മറുപടി പറഞ്ഞു…. എട്ടൻ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി… മുറ്റത്തിറങ്ങി തിരിഞ്ഞ് നോക്കി… ” .. അത് അവിടെ ആളു വേണം… അമ്മയില്ലാതെ പറ്റില്ല…. ഞാനും സൗമ്യയും ജോലിക്ക് പോകുമ്പോ കുഞ്ഞിനെ അമ്മ നോക്കും…. മോൻ ഒരു വർഷം കൂടി കഴിഞ്ഞാൽ സ്കൂളിൽ വിടാം…. അത് കഴിഞ്ഞ് നോക്കാം.. പിന്നേ നാളെ പണിക്ക് ആള് വരും… അച്ഛൻ കൃഷിയാവശ്യത്തിന് പൈപ്പ് കണക്ഷന് പഞ്ചായത്തിൽ അപേക്ഷ കൊടുത്തിരുന്നു.. കൂട്ടത്തിൽ ഒരു മോട്ടർ വയ്ക്കാൻ മോട്ടർ വാങ്ങി വച്ചിട്ടുണ്ട്…. ” ആള് വരുമ്പോൾ നീയറിയണമല്ലോ… കാര്യം പറയാൻ കൂടിയാണ് വന്നത്…

കൂലി കൊടുക്കണ്ട…. ഞാൻ പോട്ടെ.. കതക് അടച്ചോ” എന്ന് പറഞ്ഞ് ഏട്ടൻ ഗേറ്റ് തുറന്നു വെളിയിലിറങ്ങി അടച്ചു.. തിരിഞ്ഞു നോക്കി… ഞാൻ കതക് അടച്ചു ജനലിൽകൂടി നോക്കി… കുറച്ച് നേരം ഇവിടേക്ക് തന്നെ നോക്കി നിന്നിട്ടാണ് വിധുവേട്ടൻ പോയത്…. ആർക്കും ഒരു ഭാരമാകാൻ പാടില്ല… അമ്മയ്ക്കിഷ്ടമുണ്ടെങ്കിൽ കൂടെ വരട്ടെ.. ആരുമില്ലെങ്കിലും ജീവിക്കാൻ ഇപ്പോൾ പഠിച്ചു.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ പിറ്റേ ദിവസം പൂച്ചകുഞ്ഞിൻ്റെ കരച്ചിൽ കേട്ടാണ് കണ്ണ് തുറന്നത്…. അച്ഛൻ്റെ ചാരുകസേരയിൽ തന്നെയിരുന്നാണ് ഉറങ്ങിയത്… ഇന്നലത്തെ ക്ഷീണമൊക്കെ മാറി ആള് ഉഷാറായിട്ടുണ്ട്…

എന്നാലും കാലു കുത്തുമ്പോൾ ചെറുതായി ഞൊണ്ടുന്നുണ്ട്… ” ഞാൻ നിന്നെ പൊന്നിന്ന് വിളിക്കട്ടെ…. ” എന്ന് ചോദിച്ചതും എൻ്റെ കാലിനോട് ചേർന്ന് നിന്ന് സ്നേഹം പ്രകടിപ്പിച്ച് തുടങ്ങി…. രാവിലെ പതിവ് ജോലികൾ ചെയ്തു തുടങ്ങി… കൂട്ടിന് പൊന്നിയുമുണ്ട്…. ഞാൻ പോകുന്നിടത്തെല്ലാം മ്യാവുന്ന് ശബ്ദമുണ്ടാക്കി കൊണ്ട് പുറകേയുണ്ട്…. എല്ലാ ജോലിയും തീർത്ത് തൂമ്പായും എടുത്ത് പറമ്പിലേക്കിറങ്ങി…. പൊന്നി ഒരു കല്ലിൽ ഇരുന്നു…. ആഞ്ഞു കിളച്ചു തുടങ്ങി… വിയർപ്പ് ചെന്നിയിൽ കൂടി ഒലിച്ചിറങ്ങി തുടങ്ങി…. കിതച്ച് തുടങ്ങിയെങ്കിലും തളരാതെ വീണ്ടും വീണ്ടും കിളച്ചു…. ഗേറ്റ് കടന്ന് രണ്ടു പേർ വന്നു…. ഒന്ന് കുറച്ച് പ്രായമുള്ളയാളും…. പിന്നെ ഒരു ചെറുപ്പക്കാരനും…. ”

അതേയ് ഈ സുരേന്ദ്രൻ്റെ വീട് ഇതല്ലേ ” പ്രായമായ ആളാണ് ചോദിച്ചത്.. ചോദിച്ച ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്.. “അതെയെന്നു പറഞ്ഞു ഞാൻ തൂമ്പ താഴെ വച്ചു തിരിഞ്ഞു നോക്കി.. “ഞങ്ങൾ പഞ്ചായത്തിന്നാണ്.. വിധു പറഞ്ഞിട്ട് വന്നതാണ്… കൃഷിക്കാവശ്യമുള്ള വാഴവിത്തും തെങ്ങും വേണം എന്ന് പറഞ്ഞിരുന്നു…. ഞങ്ങൾ സ്ഥലം നോക്കാൻ വന്നതാണ് .. ആരാണ് ഇവിടത്തെ ഗൃഹനാഥൻ” പ്രായമുള്ളയാളാണ് പറഞ്ഞത്……. “ഞാൻ മാത്രേയുള്ളു….ശരി നോക്കിക്കോളു… ” വീടിന് പുറക് വശത്താണ് വാഴ നടാൻ ഉദ്ദേശിക്കുന്നത്….” എന്ന് ഞാൻ പറഞ്ഞതും അവർ രണ്ടു പേരും വീടിന് ചുറ്റും നടന്നു നോക്കി… എന്തൊക്കെയോ എഴുതി… കൂടെ വന്ന ചെറുപ്പക്കാരനെ എവിടെയോ കണ്ടതുപോലെ തോന്നി…

പോകാനിറങ്ങുമ്പോൾ ചെറുപ്പക്കാരൻ എൻ്റെ അരികിൽ വന്നു… ” ഇതാ ഫോൺ നമ്പർ… എന്തെങ്കിലും ആവശ്യമുണ്ടെൽ വിളിച്ചാൽ മതി” എന്ന് പറഞ്ഞ് ആ ചെറുപ്പക്കാരൻ ഫോൺ നമ്പർ എഴുതിയ പേപ്പർ കൈയ്യിൽ തന്നു.. ഞാൻ കൈയ്യിൽ വാങ്ങിയിട്ട് സംശയത്തോടെ നോക്കി… “എന്നെ മനസ്സിലായില്ലേ.. ഞാൻ തൻ്റെ അമ്മയുടെ കൂട്ടുകാരി ഭാമയുടെ ഇളയ മകൻ ഗിരി… ഞാൻ വിചാരിച്ചു അന്നത്തെ പോലെ വഴിതെറ്റിക്കും എന്ന് ” എന്ന് പുഞ്ചിരിയോടെ ആ ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു…. ” ക്ഷമിക്കു… അന്ന് ഞാൻ വെറുമൊരു പൊട്ടി പെണ്ണായിരുന്നു.. ”

എനിക്ക് പിന്നെയൊരു ക്ഷമ പറയാൻ പോലും അവസരം കിട്ടിയില്ല… ” ഞാൻ ചമ്മലോടെ പറഞ്ഞു.. “ശരി അതൊക്കെ പോട്ടെ… ഉച്ചയ്ക്ക് പൈപ്പ് കണക്ഷൻ ശരിയാക്കാൻ ആള് വരും… ശരിയാക്കി കഴിഞ്ഞ് ഒന്നീ നമ്പറിലേക്ക് വിളിച്ച് പറയണം “. .. ഇപ്പോ ഞങ്ങൾ ഇറങ്ങട്ടെ ” എന്ന് ഗിരി അവിടെ നിന്നിറങ്ങി പോകുമ്പോൾ ഞാൻ നോക്കി നിന്നു…. പിന്നെ വീണ്ടും തൂമ്പയെടുത്തു കിളച്ചു തുടങ്ങി….തുടരും

സ്‌നേഹതീരം: ഭാഗം 2

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!