വീണ്ടും : ഭാഗം 8 – അവസാനിച്ചു

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടിയതോടെ എയ്ഞ്ചൽ എന്റെ സാരഥി ജോലിയോട് വിടപറഞ്ഞു. അവൾക്ക് അഡ്മിഷനും മറ്റ് കാര്യങ്ങളും റെഡിയാക്കി കൊടുത്തത് അംബികാമ്മയാണ്. ഈ കാലം കൊണ്ടുതന്നെ ഒരു മകളോടുള്ള വാത്സല്യം അമ്മയ്ക്കും സേതുവച്ഛനും അവളോട് ഉണ്ടായിരുന്നു. സായൂ ആണെങ്കിൽ അവളുടെ സ്വന്തം ഏട്ടനും ആയി. ആയിടയ്ക്ക് സായുവിന് അഭയത്തിലെ നേഴ്‌സ് ആയ മീരയെ ഒരു നോട്ടമുണ്ടെന്ന് ഞാൻ മനസിലാക്കി. അവളെ കാണുമ്പോഴുള്ള ആ മുഖപ്രസാദവും ചിരിയും ഒക്കെ കാണേണ്ട കാഴ്ചയാണ്.

ഡോക്ടർ വരുമ്പോ പോലും ഫോണും നോക്കിയിരിക്കുന്നവൻ മീരയുടെ മുന്നിൽ ചെല്ലുമ്പോൾ വൈവയ്ക്ക് എക്സ്റ്റേണൽ വന്നിരിക്കുമ്പോഴത്തെ എക്സപ്രഷൻ ആണ് ഇടുന്നത്. “‘അമ്മ ശ്രദ്ധിച്ചിട്ടുണ്ടോ ഇവിടൊരാൾക്ക് ആ കൊച്ചിനെ കാണുമ്പോ ഒരു ഇളക്കം..?” ഞാനൊരിക്കൽ ചോദിച്ചു. “പിന്നെ ഇല്ലാതെ… ഇതെവിടെ വരെ പോകുമെന്ന് നോക്കുകയായിരുന്നു ഞാൻ..” അമ്മ പറഞ്ഞു. അതും കൂടി ആയപ്പോഴേക്കും സായൂ ചൂളിപ്പോയി. “ഞാൻ സംസാരിക്കണോ മീരയോട്..???” രണ്ടുപേരോടുമായി ചോദിച്ചു. അച്ഛനെയും ഫോണിൽ വിളിച്ചു. മൂന്നാൾക്കും ഇഷ്ടമാണെന്ന് അറിഞ്ഞു കഴിഞ്ഞാണ് അവളോട് സംസാരിക്കുന്നത്.

“ചേച്ചീ… അത്… ഞാൻ…. എനിക്ക്… ചേച്ചി കരുതുന്നത് പോലെ ഒന്നുമല്ല എന്റെ വീട്ടിലെ സിറ്റുവേഷൻ… നേഴ്‌സ് ആകാൻ ആയിരുന്നു കുട്ടിക്കാലം മുതൽ ആഗ്രഹം. പക്ഷെ… എന്റെ അമ്മയൊരു ആസ്ത്മ രോഗിയാണ്.. അച്ഛൻ കൂലിപ്പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ടാ അമ്മയുടെ ചികിത്സയും വീട്ടിലെ കാര്യങ്ങളും എന്റെയും അനിയന്റെയും അനിയത്തിയുടെയും പഠനവും ഒക്കെ നടന്നത്. ജനറൽ നേഴ്സ്റ്റിങ്ങിന് പോലും പോകാനുള്ള മാർഗം ഇല്ലാത്തോണ്ടാ ഞാൻ ആയുർവേദ നേഴ്സിങ്ങിന് ചേർന്നത്…. നിങ്ങളൊക്കെ ഒരുപാട് പൈസ ഉള്ളവരാ… വലിയ തറവാട്ടുകാരും.

പോരാത്തതിന് ആ സാറൊരു ബാങ്ക് മാനേജറും. നിങ്ങളുടെ വീട്ടിലേക്ക് വരാനുള്ള യോഗ്യതയൊന്നും എനിക്കില്ല ചേച്ചീ….” “നിനക്കവനെ ഇഷ്ടമാണോ, അവസാനം വരെ അവനു താങ്ങായി അവനെ സ്നേഹിച്ചു ജീവിക്കാൻ നിനക്ക് സമ്മതമാണോ, അത്രയും അറിഞ്ഞാൽ മതി എനിക്ക്.” ഞാൻ പറഞ്ഞു. “അത് പിന്നെ…. എനിക്ക് ഇഷ്ടക്കേടൊന്നും ഇല്ല ചേച്ചീ… പിന്നെ വീട്ടിൽ ചോദിക്കാതെ…” അത്രയും പറഞ്ഞപ്പോഴേക്കും മീരയുടെ കവിളുകൾ ചുവക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഞങ്ങൾ അവളുടെ വീട്ടിൽ പോയി സംസാരിച്ചു.

ഇത്ര വലിയൊരു കുടുംബത്തിലേക്ക് മകളെ അയക്കാനുള്ള സാമ്പത്തികമില്ലെന്നൊരു സങ്കടം ഒഴിച്ചാൽ അവർക്കും വലിയ ഇഷ്ടമായി. സച്ചു ആ സമയത്ത് അരവിന്ദിനോപ്പം മിഡിൽ ഈസ്റ്റിൽ ആണ്. പ്രെഗ്നന്റ് ആയതുകൊണ്ട് ആൾക്ക് ട്രാവൽ ചെയ്യാൻ പറ്റില്ല. അതുകൊണ്ട് പെണ്ണുകാണൽ മുതൽ കല്യാണം വരെ എല്ലാ ചടങ്ങുകൾക്കും വരന്റെ സഹോദരിയുടെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾ ചെയ്തത് ഞാനാണ്. വിധവയും പുനർ വിവാഹിതയും ആയ ഒരുവൾ, അതും വീൽചെയറിൽ ഇരിക്കുന്ന ഒരുവൾ മണ്ഡപത്തിൽ നിൽക്കുന്നത് പോലും പലരിലും മുറുമുറുപ്പ് ഉണ്ടാക്കി. ഞങ്ങളെ അതൊന്നും ബാധിച്ചില്ല.

എന്റെ ഭർത്താവിന്റെ സ്ഥാനത്ത് ഒരാൾ ചടങ്ങുകൾക്ക് ആവശ്യം ആയതുകൊണ്ട് സുധീഷിനെ ക്ഷണിച്ചിരുന്നു. അബദ്ധത്തിൽ പോലും അയാളുടെ നേർക്ക് എന്റെയൊരു നോട്ടം പോയില്ല. മനസുകൊണ്ട് അത്രമാത്രം അകന്നു കഴിഞ്ഞിരുന്നു. 🌸🌸🌸 എയ്ഞ്ചലിന് ശേഷം വന്ന ഹോം നേഴ്‌സ് കുറേക്കൂടി പ്രായമുള്ള ഒരു സ്ത്രീയായിരുന്നു. ചന്ദന. ജോലികളെല്ലാം വളരെ കൃത്യമായി ചെയ്യുമെങ്കിലും ആൾ അധികം സംസാരിക്കില്ല. എയ്ഞ്ചലിന്റെ കളിചിരികളും എപ്പോഴുമുള്ള സംസാരവും എനിക്ക് വല്ലാതെ മിസ് ചെയ്ത് തുടങ്ങി. ചെയ്യാൻ മറ്റൊന്നും ഇല്ലാതെ കിടക്കുന്ന അവസ്ഥയിൽ ഒന്ന് സംസാരിക്കാൻ പോലും ആരുമില്ലാതെ വരുന്നത് കഷ്ടമാണ്.

സമയം കൊല്ലാൻ കുറേനേരം ഞാൻ ഹരിസിനോടൊപ്പം ചിലവഴിച്ചു തുടങ്ങി. ബാക്കി സമയം ഫോണിലും. ആയിടയ്ക്കാണ് ഞാൻ ഫേസ്‌ബുക്കിൽ ചില കഥാകൂട്ടായ്മകളിൽ അംഗമായത്. സമയം പോകാനും മനസ് വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ചു വ്യാകുലപ്പെടാതിരിക്കാനും അത് നല്ലതെന്ന് അന്ന് തോന്നിയിരുന്നു. പക്ഷെ പോകെപ്പോകെ, ആവർത്തന വിരസതയുള്ള കഥകൾ എന്നെ ശ്വാസം മുട്ടിച്ചു. പെണ്ണിനെ മര്യാദ പഠിപ്പിക്കാനും പ്രണയം പ്രകടിപ്പിക്കാനും ഒക്കെയായി അടിയും കടിയും അനുവാദമില്ലാതെ ചുംബനവും ദേഹോപദ്രവവും ഒക്കെയായി ട്രെൻഡ് കുറെ കണ്ടു. പലതിലും “ശോ എന്ത് അടിയാ കാലമാടൻ അടിച്ചത്?

പല്ല് പറിഞ്ഞെന്നാ തോന്നുന്നത്. ഇയാളുടെ കൈ ഉരുക്കാണോ” എന്നോ, “എന്തൊരു കടിയാ… വേദനിക്കുന്നു…” എന്നോ ഒക്കെ പറഞ്ഞു കിട്ടിയ വേദനയോടൊപ്പം ആണിന്റെ കൈക്കരുത്ത് ആലോചിച്ചു പുളകം കൊള്ളുന്നതല്ലാതെ, തന്റെ ശരീരത്തിനും സ്വകാര്യതയ്ക്കും മേലെ മറ്റൊരാൾ നടത്തിയ കടന്നുകയറ്റത്തെകുറിച്ചു പെണ്കുട്ടികൾ ചിന്തിക്കുന്നത് കൂടിയില്ല. ഞാനൊക്കെ ആണെങ്കിൽ, ഒരു പ്രായം കഴിഞ്ഞ് അച്ഛൻ ആയാലും കാമുകൻ ആയാലും ഭർത്താവായാലും ഒരാളെന്നെ അടിക്കുന്നത് ആലോചിക്കാൻ പോലും പറ്റില്ല. “ആണിന്റെ കൈക്കരുത്തിൽ ആണ് പ്രണയമെന്ന് വിശ്വസിക്കുന്ന ഒരു ഭൂരിഭാഗം ഇപ്പോഴുമുണ്ട് വേണി…

ഭൂരിഭാഗത്തിന് ഇഷ്ടപ്പെടുന്ന രീതിയിലുള്ള എഴുത്തുകൾക്കെ വായനക്കാരുണ്ടാകൂ…” ഇതിനെ കുറിച്ച് ഒരിക്കൽ സംസാരിച്ചപ്പോൾ ഹാരിസ് പറഞ്ഞു. കാര്യം മലയാളം MA കഴിഞ്ഞതെങ്കിലും അതുവരെ എനിക്ക് എഴുത്തിനോടൊ സാഹിത്യത്തോടൊ പ്രത്യേകിച്ചു വാസന ഉണ്ടായിരുന്നില്ല. ആ സമയം മുതൽ ഞാൻ വായന വിശാലമാക്കി. ഫേസ്ബുക്കിലും പുസ്തകങ്ങളിലും ഓൺലൈനായി വായിക്കാൻ കഴിയുന്ന വെബ്സൈറ്റുകളിലും ഒക്കെയായി ദിവസത്തിന്റെ മുക്കാൽ സമയവും ചിലവഴിച്ചു. പതിയെ വയനയ്ക്കൊപ്പം ചിലതെല്ലാം കുത്തി കുറിക്കാനും തുടങ്ങി. ഒന്നും ആരെയും കാണിച്ചിരുന്നില്ല.

ഹാരിസ് ആണ് ഒരുതവണ എന്റെ എഴുത്തുകൾ കണ്ടുപിടിച്ചു പോസ്റ്റ് ചെയ്യാൻ നിർബന്ധിക്കുന്നത്. “രണ്ടു പെണ്ണുങ്ങളുടെ കഥ” എന്ന പേരിൽ ഞാൻ സ്വന്തം വാളിലാണ് ആ കഥ പോസ്റ്റ് ചെയ്തത്. അതെനിക്ക് ധാരാളം വായനക്കാരെ സമ്മാനിച്ചു. കേരളത്തിലെ പ്രശസ്തരായ ഒരു പബ്ലിക്കേഷൻ അത് പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ചു. അതെന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. പുസ്തക രൂപത്തിലും ആ രചന ഒരുപാട് പ്രശംസ പിടിച്ചുപറ്റി. പല പതിപ്പുകൾ പുറത്തുവന്നു. പതിയെ പതിയെ ഞാൻ എഴുത്തിന്റെ വഴിയിൽ സജീവമായി. നെറ്റ് എഴുതി റിസർച്ച് ചെയ്യണം എന്ന പെട്ടെന്നുണ്ടായ ആഗ്രഹത്തിന് പിന്തുണ തന്നതും ഹാരിസ് ആയിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെയാണ് പരീക്ഷ എഴുതിയത്. പക്ഷെ JRF കിട്ടി എന്നറിഞ്ഞപ്പോൾ… ജീവിതത്തിലെ ആദ്യമായി വിജയത്തിന്റെ മധുരം നുണഞ്ഞപ്പോൾ… ആ സമയത്തെ ആനന്ദം വാക്കുകൾക്ക് അതീതമായിരുന്നു. അന്നുമുതൽ ഞാൻ വിജയങ്ങൾ കൊതിച്ചുതുടങ്ങി. ജീവിതത്തെ പോസിറ്റീവായി കാണാനും കഴിയുമെന്ന് ചിന്തിച്ചു. ആഴ്ചയിൽ ഒരിക്കലോ മറ്റോ അമ്മയെന്നെ കാണാൻ വന്നിരുന്നു. ആകാശേട്ടന്റെ വിവാഹത്തിന് ശേഷം ആ വരാവുകൾക്കിടയിലെ ദൈർഘ്യം കൂടി. വല്ലപ്പോഴും വിളിച്ചാലും വേഗത്തിൽ പറഞ്ഞവസാനിപ്പിക്കും. അങ്ങനെയിരിക്കുമ്പോഴാണ് ഒരുതവണ അമ്മയോടൊപ്പം ഏടത്തിയും എന്നെ കാണാൻ വന്നത്.

നല്ല സുന്ദരിയായ, അത്യാവശ്യം മോഡേണായ ഒരു പെൺകുട്ടി. “ഹായ്.. ഞാൻ ഗായത്രി… വേണിയുടെ ഏടത്തിയാണ്.. ഇങ്ങനെ പരിചയപ്പെടുത്തേണ്ടി വരുന്നത് തന്നെ എന്ത് കഷ്ടമാണല്ലേ…..” “ഹായ്…” എന്റെ ചിരിക്ക് തെളിച്ചം പോരായിരുന്നു. “വേണി എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നറിയാം… ഞങ്ങളുടെ വിവാഹ സമയത്ത് താൻ ചികിത്സയ്ക്കായി യൂഎസിൽ ആണെന്നാ തൻറെ അച്ഛനും ഏട്ടനും പറഞ്ഞത്. ഈ നാലഞ്ച് മാസവും ഞാനത് വിശ്വസിച്ചാ ഇരുന്നതും… ഇപ്പോ അമ്മ തന്നെ ഫോൺ ചെയ്യുന്നത് കണ്ടു ചോദിച്ചപ്പോൾ ആണ് സത്യങ്ങൾ അറിയുന്നത്. പിറ്റേന്ന് തന്നെ ഇങ്ങു വന്നതാ.. തന്നെ കാണാൻ..” ഏടത്തിയുടെ സംസാരത്തിലും ചിരിയിലും എന്റെ പരിഭവങ്ങൾ അലിഞ്ഞുചേർന്നു. ആൾ മിടുക്കിയാണ്.

കുടുംബ പാരമ്പര്യവും സമ്പത്തുമൊക്കെ നോക്കി മകന് കല്യാണം ആലോചിച്ചപ്പോൾ പെണ്കുട്ടിയുടെ മനസറിയാൻ അച്ഛന് കഴിഞ്ഞില്ല. സ്ത്രീകൾ ജോലിക്ക് പോകുന്നതിനെ എതിർക്കുന്ന അച്ഛന്റെയും ഏട്ടന്റെയും മുന്നിൽ കൂടി തന്നെ ഡോക്ടറായ ഏടത്തി ജോലിക്ക് പോകുന്നു. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. വീട്ടുജോലിക്ക് സഹായത്തിനൊരാളെ നിർത്തി. തീരുമാനങ്ങളിൽ തന്നെയും അമ്മയെയും പങ്കാളിയാക്കണമെന്ന് നിർബന്ധം പിടിച്ചു. വീട്ടിലും പുറത്തും തനിക്ക് കംഫർട്ടബിളായ വസ്ത്രം ധരിച്ചു. താനും കൂടി മനസുകൊണ്ടൊരുങ്ങുന്ന സമയത്ത് മാത്രമേ അമ്മയാകാൻ ഉള്ളൂ എന്ന് പ്രഖ്യാപിച്ചു. അങ്ങനെ മൊത്തത്തിൽ ജനാധിപത്യപരമായ പല മാറ്റങ്ങളും ഈ നാലഞ്ച് മാസങ്ങൾക്കുള്ളിൽ അവർ നടപ്പിലാക്കി. എനിക്ക് അഭിമാനം തോന്നി.

എന്നെക്കൊണ്ട് സാധിക്കാത്തത് ചുരുങ്ങിയ കാലം കൊണ്ട് അവർക്ക് കഴിഞ്ഞല്ലോ. അത്യാവശ്യം നടക്കാൻ തുടങ്ങിയതോടെ ഹാരിസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചു. ഞാൻ അപ്പോഴും അഭയത്തിൽ തന്നെ ആയിരുന്നു. “ഞാനെന്നും വിളിക്കാം…” യാത്ര പറയാൻ അവനെന്റെ മുറിയിൽ വന്നു പറഞ്ഞു. പിന്നെയും എന്തൊക്കെയോ പറയാനുണ്ട് എന്ന മട്ടിൽ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. “രജിസ്റ്റർ ഓഫീസിൽ രണ്ടു ബൊക്കെയും മാലയും സാക്ഷി ഒപ്പിടാൻ ആളുകളും ഒക്കെ റെഡിയാണ്. നീയും കൂടി റെഡിയാകുന്ന ദിവസം… അന്ന് വിളിക്കണം എന്നെ… കാത്തിരിക്കും….” അത്രയും കണ്ണുകളിൽ നോക്കി പറഞ്ഞ് അവനെന്റെ നെറ്റിയിൽ ചുംബിച്ചു. പിന്നെ തിരിഞ്ഞു നോക്കാതെ മുറിയിൽ നിന്ന് പുറത്തിറങ്ങി.

എന്റെ ജീവിതത്തിലെ സന്തോഷമാണ് ആ പ്രാഞ്ചിപ്രാഞ്ചി നടന്നകലുന്നത് എന്നു തോന്നിപ്പോയി. ഓടിച്ചെന്ന് അവനെ പുണരാൻ മനസ് പറഞ്ഞെങ്കിലും ശരീരം അശക്തമായിരുന്നു. ഹാരിസ് പോയതോടെ ഒരു ശൂന്യത എന്നെ വന്നു മൂടി. കാണാതെയും സംസാരിക്കാതെയും ഇരുന്നപ്പോഴാണ് അവനെന്റെയുള്ളിൽ എത്രമാത്രം വേരുറച്ചു പോയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത്. എന്നാലും, അനുഭവങ്ങളുടെ വെളിച്ചത്തിലും എന്റെ മുന്നിൽ ഹാരിസിനുള്ള യോഗ്യതകൾ വച്ച് നോക്കുമ്പോഴും, ഉള്ളിലെ പ്രണയം പുറത്തറിയിക്കാൻ ഞാൻ മടിച്ചു. ഏറെക്കുറെ നടക്കാൻ ആയതോടെ അഭയത്തിൽ തന്നെ വർക്കിങ് വിമൻസ് ഹോസ്റ്റലിൽ ഞാൻ താമസമാക്കി.

ഇടയ്ക്ക് അംബികാമ്മയുടെ കൂടെ സിദ്ധുവേട്ടന്റെ വീട്ടിലേക്ക് വീട്ടിലേക്ക് വരും. അങ്ങനെ ഒരു വരവാണ് ഇതും. അച്ഛൻ വന്നു വിളിക്കാതെ വീട്ടിലേക്ക് പോകില്ല എന്നൊരു വാശി ഉണ്ടായിരുന്നു എനിക്ക്. അച്ഛൻ ആണെങ്കിൽ ഒരിക്കൽ പോലും എന്നെ വീട്ടിലേക്ക് വിളിച്ചതുമില്ല. 🌸🌸🌸 പത്തു വർഷങ്ങൾക്ക് ശേഷം. “അമ്മാ.. യോർ ബ്രെക്ക്ഫാസ്റ്റ് ഈസ് റെഡി” സനയുടെ വിളി കേട്ട് ഞാൻ മയക്കത്തിൽ നിന്ന് എഴുനേറ്റു. രണ്ടുവശത്തുനിന്നും കെട്ടിപ്പിടിച്ചു കിടക്കുന്ന ദിനയേയും ദയയേയും വിളിച്ചെഴുനേല്പിച്ചു ഫ്രഷാകാൻ വിട്ട ശേഷം ഡൈനിങ് റൂമിലേക്ക് നടന്നു. അവിടെ ഉപ്പയും മോളും കൂടി അപ്പവും കടലക്കറിയും ചായയും നിരത്തി കഴിഞ്ഞിട്ടുണ്ട്. “ഗുഡ് ഈവനിംഗ്” ഹരിസാണ്.

ഞാനവനെ വിഷ് ചെയ്തു ഫുഡ് കഴിക്കാൻ ഇരുന്നു. “അതേ. സമയം അഞ്ചര ആയി. കൃത്യം ഏഴുമണിക്ക് ഇറങ്ങണം. അമ്മയും മക്കളും കൂടി ലേറ്റ് ആക്കിയാൽ ഞാൻ ഒറ്റയ്ക്ക് അങ്ങു പോകും കേട്ടോ…” “അയ്യട.. അങ്ങനെ ഇപ്പോ ഉപ്പ ഒറ്റയ്ക്ക് പോയി സുഖിക്കേണ്ട…” ദയ ചുണ്ട് കോട്ടി. ഉപ്പയും മക്കളും വർത്തമാനം പറഞ്ഞു കഴിക്കുന്നത് ഞാൻ നോക്കിയിരുന്നു. സുധീഷുമായുള്ള ഡിവോഴ്‌സ് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് ഞാൻ ഹാരിസിന്റെ ജീവിതത്തിലേക്ക് ചേരുന്നത്. ആക്സിടന്റിന്റെ പരിണിത ഫലം ആണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല, വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല.

എന്തായാലും പ്രസവിച്ചാൽ മാത്രമേ സ്ത്രീ പൂർണയാകൂ എന്നുള്ള ചിന്താഗതി ഞങ്ങൾക്കില്ല. കുഞ്ഞുങ്ങൾ ഉണ്ടായാൽ മാത്രമേ ദാമ്പത്യം പൂർണമാകൂ എന്നും കരുതുന്നില്ല. രണ്ടു വർഷം മുൻപ് ഉരുൾ പൊട്ടലിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട മൂന്ന് പെൺകുഞ്ഞുങ്ങളെ സ്വന്തമാക്കുക എന്നത് ആ സമയത്ത് ഞങ്ങളെ കൊണ്ട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല തീരുമാനം ആയിരുന്നു. സനയ്ക്ക് അന്ന് പതിനൊന്ന് വയസാണ്. ദയയ്ക്കും ദിനയ്ക്കും ഒമ്പതും. ഇന്ന് ഏറ്റവും ഹാപ്പിയായ ഫാമിലിയാണ് ഞങ്ങളുടേത്. “അതേയ്.. എന്ത് ആലോചിച്ചിരിക്കുവാ മേഡം.. എഴുന്നേൽക്കാൻ പ്ലാൻ ഇല്ലേ..?” ഹരിസാണ്. ഞാൻ വേഗം കഴിച്ചെഴുനേറ്റു. കുഞ്ഞുങ്ങളുമായി ഒരു ഓൾ ഇന്ത്യ ട്രിപ്പ് പോകുകയാണ് ഞങ്ങൾ. ഞാനും ഹാരിസും പലതവണ പോയിട്ടുണ്ടെങ്കിലും ഇത്തവണ യാത്ര അവർക്ക് വേണ്ടിയാണ്. അവരും ലോകം കാണട്ടെ, ജീവിതം അറിയട്ടെ. ഞങ്ങളുടെ യാത്ര തുടങ്ങുകയാണ്…. അവസാനിച്ചു.

വീണ്ടും : ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!