വിവാഹ മോചനം: ഭാഗം 7

Share with your friends

എഴുത്തുകാരി: ശിവ എസ് നായർ

“ആ വീഡിയോ എന്നെയൊന്നു കാണിക്കാമോ… അന്നതു കാണാനുള്ള കരുത്തെനിക്കില്ലായിരുന്നു.” “കാണിച്ചു തരാം..” രാഹുൽ തന്റെ മൊബൈലെടുത്തു വീഡിയോ ഓപ്പൺ ആക്കി ഫോൺ അവളുടെ കയ്യിലേക്ക് കൊടുത്തു. വിറകൈകളോടെ അപർണ്ണ അവന്റെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി. സ്‌ക്രീനിൽ തെളിയുന്ന ദൃശ്യത്തിലേക്കവൾ തുറിച്ചുനോക്കി. നിലത്ത് ബോധമില്ലാണ്ട് കിടക്കുന്ന അവളുടെ വസ്ത്രങ്ങൾ ഒരുത്തൻ അഴിച്ചു മാറ്റുന്നുണ്ട്. അവന്റെ മുഖം ക്യാമറയ്ക്ക് എതിർവശത്തായത് കൊണ്ട് പിൻഭാഗം മാത്രമേ കാണാൻ കഴിയുന്നുണ്ടായിരുന്നുള്ളു.

അവിടെ നടക്കുന്നതൊക്കെ മറ്റൊരുത്തൻ മൊബൈൽ ക്യാമറയിൽ പകർത്തിയെടുത്തുകൊണ്ടിരുന്നു. റേപ്പ് ചെയ്യുന്ന ആളിന്റെ മുഖം കാണാത്ത രീതിയിൽ ആയിരുന്നു ക്യാമറ പിടിച്ചിരുന്നത്. അപർണ്ണയുടെ മുഖവും അവ്യക്തമായിരുന്നു. എന്നിരുന്നാലും അത് അപർണ്ണയാണെന്ന് അടുത്തറിയുന്നവർക്ക് മനസിലാക്കാൻ കഴിയുമായിരുന്നു. ബ്ലാക്ക് കളർ ഷർട്ടും നീല ജീൻസുമായിരുന്നു അവന്റെ വേഷം. അപർണ്ണയുടെ ചുരിദാറിന്റെ ടോപ് അവൻ ഊരി മാറ്റുമ്പോൾ ടോപ്പിന്റെ പല ഭാഗങ്ങളും കീറിപോയിരുന്നു.

ആവേശത്തോടെ പാതി നഗ്നമായ അവളുടെ മേനിയിലേക്കവൻ പടർന്നു കയറുമ്പോഴാണ് അപർണ്ണയ്ക്ക് ഓർമ്മ തിരിച്ചു വന്നത്. അവൾ ഇരുവശത്തേക്കും മുഖം വെട്ടിക്കുന്നത് കണ്ടപ്പോൾ ക്യാമറ പിടിച്ചിരുന്നവൻ വിളിച്ചു പറഞ്ഞു. “എടാ അവൾക്ക് ബോധം വന്നെടാ… നീയാ ഷാൾ എടുത്തു അവളുടെ മുഖവും വായും മൂടികെട്ട്.” ആ സ്വരം തനിക്ക് കേട്ടു പരിചയമുള്ളത് പോലെ തോന്നി അപർണ്ണയ്ക്ക്. പക്ഷേ എത്ര ഓർത്തിട്ടും അവൾക്ക് അതാരുടെ ശബ്ദമാണെന്ന് ഓർത്തെടുക്കാൻ സാധിച്ചില്ല.

അവളുടെ ശ്രദ്ധ വീണ്ടും വീഡിയോയിലേക്ക് തിരിഞ്ഞു. അതേസമയം അപർണ്ണ ഓർമ്മ വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ കണ്ണുകൾ ആയാസപ്പെട്ട് തുറക്കാൻ ശ്രമിക്കുന്നത് അവൻ കണ്ടു. അവൻ നിലത്തു കിടന്ന അവളുടെ ഷാൾ എടുത്ത് അപർണ്ണയുടെ മുഖം മറച്ചു കെട്ടി. അപ്പോഴാണ് തനിക്കെന്താണ് സംഭവിക്കുന്നതെന്ന തിരിച്ചറിവ് അവളിലുണ്ടായത്. ഞെട്ടിപ്പിടഞ്ഞവൾ എഴുന്നേൽക്കാൻ ശ്രമിച്ചതും അവൻ അവളുടെ കൈകൾ ഇരുവശത്തേക്കാക്കി നിലത്തേക്ക് ചേർത്തമർത്തി ചുമ്പിക്കാൻ ശ്രമിച്ചു. ഒന്ന് ഒച്ചയിടാൻ പോലുമാവാതെ അപർണ്ണ അവന്റെ ശരീരത്തിനടിയിൽ ഞെരിഞ്ഞമർന്നു.

അവന്റെ കൈകൾ ഒന്നയഞ്ഞതും അപർണ്ണ ശക്തിയായി അവനെ പ്രതിരോധിക്കാൻ ശ്രമിച്ചു. അവന്റെ ഷർട്ട്‌ അവൾ വലിച്ചു കീറി. പക്ഷേ അവൻ പിന്മാറാൻ ഒരുക്കമായിരുന്നില്ല. “ഡാ ആരെങ്കിലും വരുന്നതിനു മുൻപ് വേഗം ചെയ്യ്…” വീഡിയോ എടുക്കുന്നവന്റെ ശബ്ദമായിരുന്നു അത്. അവളുടെ വസ്ത്രങ്ങൾ അവൻ വലിച്ചൂരി. തന്റെ എതിർപ്പുകൾ ദുർബലമായി പോകുന്നത് വേദനയോടെ അവളറിഞ്ഞു. അപർണ്ണയുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. എഴുന്നേൽക്കാനും അവനെ തള്ളിമാറ്റാനും അവൾ ശ്രമിച്ചു.

അപ്പോഴൊക്കെ അവന്റെ വാശി കൂടുകയായിരുന്നു. അവന്റെ കടിയേറ്റ് അവളുടെ ചുണ്ടുകൾ പൊട്ടി ചോരയൊലിച്ചു. ശരീരത്തിൽ അങ്ങിങ്ങായി അവൾക്ക് നീറ്റലനുഭവപ്പെട്ടു. വേദനയോടെ അപർണ്ണ ഞരങ്ങി. അവൻ തന്റെ ബെൽറ്റ്‌ അഴിച്ചു പാന്റ് താഴ്ത്തി അവളുടെ മേലേക്ക് അമരാൻ തുടങ്ങവേയാണ് വീഡിയോ എടുത്തു കൊണ്ടിരുന്നവൻ വിളിച്ചു പറഞ്ഞത്. “ഡാ ഓടിക്കോ… രണ്ടുപേര് ഇങ്ങോട്ടേക്ക് വരുന്നുണ്ട്.. അവന്മാരുടെ കയ്യിലെങ്ങാനും പെട്ടാൽ ബാക്കിയുണ്ടാവില്ല. കോളേജിൽ നാറ്റകേസാകും.

ഞാൻ പോവാ നീ വേണോങ്കി വന്നാമതി. ” “ശ്ശെ… അവന്മാർക്ക് വരാൻ കണ്ട നേരം.” മുഷ്ടി ചുരുട്ടി നിലത്തടിച്ചു കൊണ്ട് അവളിൽ നിന്നവൻ അടർന്നു മാറി ചാടിയെഴുന്നേറ്റു. പിന്നെ വേഗം പുറത്തേക്ക് ഓടി. വീഡിയോ ഓഫ്‌ ആക്കികൊണ്ട് കൂട്ടുകാരനും പിന്നാലെ ഓടി. വീഡിയോ കണ്ടു കഴിഞ്ഞതും അപർണ്ണയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ മനസിലപ്പോൾ നിറഞ്ഞു നിന്നത് രാഹുലിന്റെ മുഖം മാത്രമായിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാനാവാതെ അവൾ ശിരസ്സ് കുമ്പിട്ടു നിന്നു. “അപ്പൂ..” സ്നേഹത്തോടെ അത്രമേൽ ആർദ്രമായി അവൻ വിളിച്ചു. അപർണ്ണ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.

“എല്ലാം എന്റെ തെറ്റിദ്ധാരണ ആയിരുന്നു എന്ന് ഇപ്പൊ ബോധ്യമായി. അന്ന് എനിക്ക് ബോധം മറയുമ്പോൾ കണ്ടത് രാഹുലേട്ടന്റെ മുഖമായിരുന്നു. പിന്നെ മുഖം മറച്ചു കെട്ടിയിരുന്ന ഷാൾ അഴിച്ചു മാറ്റി നോക്കിയപ്പോഴും കണ്ടത് കീറിപ്പറിഞ്ഞ ഷർട്ടുമായി നിൽക്കുന്ന രാഹുലേട്ടനെയായിരുന്നല്ലോ. അപ്പോൾ ഞാൻ വിചാരിച്ചു എന്നെ നശിപ്പിക്കാൻ ശ്രമിച്ചത് രാഹുലേട്ടനായിരുന്നുവെന്നാണ്.” “ഞാനൊരിക്കലും അപ്പുവിനെ കുറ്റപ്പെടുത്തില്ല. ആ സമയത്ത് ആരായിരുന്നാലും അങ്ങനെയല്ലേ വിചാരിക്കുള്ളു.

എന്നെങ്കിലും എന്നെപ്പറ്റിയുള്ള തന്റെ തെറ്റിദ്ധാരണ മാറ്റണമെന്ന് കരുതിയായിരുന്നു ഇത്രയും നാൾ ഞാനാ വീഡിയോ സൂക്ഷിച്ചു വച്ചിരുന്നത്.” “ഐആം റിയലി സോറി…അന്ന് രാഹുലേട്ടൻ തക്ക സമയത്തു വന്നില്ലായിരുന്നെങ്കിൽ… രക്ഷപ്പെടുത്തിയ ആളിനെ തന്നെ ഞാൻ തെറ്റിദ്ധരിച്ചു.. ” അപർണ്ണ വിങ്ങിപൊട്ടി. “സോറി ഒന്നും പറയണ്ട. തനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ.. പിന്നെ അന്ന് ഒട്ടും പ്രതീക്ഷിക്കാതെ തന്നെ ആ അവസ്ഥയിൽ കണ്ടതും എന്റെ മനസിലേക്ക് ഒന്നും വന്നില്ല. ഞാനല്ല അത് ചെയ്തത് എന്നുപറയാൻ പോലും എന്റെ നാവ് പൊന്തിയിരുന്നില്ല. ഞാനാകെ ഷോക്ക് ആയി പോയിരുന്നു ആ സമയം. ”

“എന്നെ അന്ന് നശിപ്പിക്കാൻ ശ്രമിച്ചത് ആരായിരുന്നു എന്നറിയോ രാഹുലേട്ടന്.??” “അറിയില്ല അപ്പു. അവനെ തിരിച്ചറിയാൻ ആകെ ഒരടയാളം മാത്രമേയുള്ളു..” “എന്താ അത്…??” ആകാംക്ഷയോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. “അപ്പു ശ്രദ്ധിച്ചിരുന്നില്ലേ ആ വീഡിയോയിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ച അയാളെ കഴുത്തിനു പിന്നിലൊരു വലിയ കറുത്ത മറുക്.” “ഉവ്വ് ഞാനത് ശ്രദ്ധിച്ചിരുന്നു… അത് വച്ച് നമുക്കെങ്ങനെ ആളെ തിരിച്ചറിയാൻ പറ്റും.” “തനിക്കവനെ കണ്ടെത്തണമെന്നുണ്ടോ..” “ഉണ്ട്.

അവനെ കണ്ടുപിടിച്ചു തക്ക ശിക്ഷ തന്നെ കൊടുക്കണം. ഇനിയൊരു പെണ്ണിനോടും അവൻ ഇത്തരത്തിൽ ദ്രോഹം ചെയ്യാൻ പാടില്ല. രാഹുലേട്ടൻ എന്നെയതിനു സഹായിക്കുമോ.” “സഹായിക്കാം അവനെ കണ്ടുപിടിച്ചു ഞാൻ തന്റെ മുന്നിൽ കൊണ്ട് നിർത്തും.” “പക്ഷേ കഴുത്തിനു പിന്നിലെ ആ മറുക് മാത്രം വച്ച് നമ്മളെങ്ങനെ ആ ദുഷ്ടനെ കണ്ടെത്തും.” “അതിനൊക്കെ വഴിയുണ്ടാക്കാം. ഒരാളെ കണ്ടെത്താൻ വല്യ പാടൊന്നുമില്ലല്ലോ അപ്പു.” “രാഹുലേട്ടൻ എന്ത് വഴിയാ കണ്ടേക്കുന്നത്.?” “അന്ന് തന്നെ ആക്രമിച്ചവന്മാർ നമ്മുടെ കോളേജിലുള്ളവർ തന്നെയാണെന്ന് ഉറപ്പാണ്.

പക്ഷേ ഏത് ബാച്ചാണ് ഏത് കോഴ്സ് ആയിരുന്നു എന്നൊന്നും നമുക്ക് അറിയില്ല. എന്റെ മനസിലൊരു വഴി തെളിഞ്ഞു വരുന്നുണ്ട്. അധികം വൈകാതെ തന്നെ ഞാനവനെ കണ്ടെത്തും.” “സത്യമറിയാതെ ഞാൻ രാഹുലേട്ടനെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്, വേദനിപ്പിച്ചിട്ടുണ്ട്,എല്ലാത്തിനും മാപ്പ്.” അവൾ അവനെ നോക്കി കൈകൾ കൂപ്പി. രാഹുൽ അവളുടെ കരം കവർന്നു. “ഇനി കഴിഞ്ഞതിനെപ്പറ്റി ഓർത്ത് വിഷമിക്കരുത്. എല്ലാം മറക്കണമെന്ന് ഞാൻ പറയില്ല. സാവകാശം അപർണ്ണയ്ക്ക് എല്ലാത്തിനോടും പൊരുത്തപ്പെടാൻ കഴിയും.

ഞാൻ വാക്ക് തന്നത് പോലെ കോളേജിൽ വച്ച് തന്നെ ഉപദ്രവിച്ചവനെ ഞാൻ തന്റെ മുന്നിൽ കൊണ്ട് നിർത്തും എത്രയും പെട്ടന്ന്. ഇതെന്റെ വാക്കാണ്.” “അന്ന് കോളേജുകാർ എന്താ അതിനെപ്പറ്റി അന്വേഷിക്കാതിരുന്നത്.” “അതിന്റെ കാരണമെന്താണെന്ന് എനിക്കും അറിയില്ല. പിന്നീട് അതിന്റെ പിന്നാലെ പോവാനോ അതിനെപ്പറ്റി കോളേജ് അധികൃതർക്ക് പരാതി കൊടുക്കാനോ ഒന്നിനും താനും വന്നിട്ടില്ലല്ലോ കോളേജിലേക്ക്. കുറേനാൾ ഞാൻ പ്രതീക്ഷിച്ചു താൻ കോളേജിലേക്ക് വരുമെന്ന്.

പക്ഷേ ആ സംഭവം തന്നെ അത്രയേറെ തളർത്തിയിരുന്നു എന്നത് പിന്നീട് തന്റെ വീട്ടുകാരോട് സത്യങ്ങൾ തുറന്നു പറയാൻ വന്നപ്പോഴാണ് ഞാൻ അറിഞ്ഞത്. സാധാരണക്കാരിയായ ഒരു പെണ്ണിനും അതൊന്നും അത്രവേഗം ഉൾകൊള്ളാനോ സഹിക്കാനോ ഒന്നും കഴിയില്ല എന്നറിയാം. ആ സംഭവത്തിൽ നിന്നും കരകയറാൻ തനിക്ക് നാടുവിട്ടു പോകേണ്ടി വന്നില്ലേ… അപ്പു അനുഭവിച്ച മാനസികസംഘർഷം എനിക്ക് നന്നായി മനസിലാകും. ഇനി തന്റൊപ്പം എന്തിനും ഏതിനും ഞാനുമുണ്ടാകും.”

അപർണ്ണ അവനെ നോക്കി മധുരമായി പുഞ്ചിരിച്ചു. “എന്നാ നമുക്ക് വീട്ടിലേക്ക് പോയാലോ…” രാഹുൽ അവളോട്‌ ചോദിച്ചു. അപ്പോഴാണ് അവൾക്ക് സ്ഥലകാലബോധമുണ്ടായത്. അവൾ പോകാമെന്നു തലയാട്ടി. കാറിൽ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോൾ അപർണ്ണ മുൻസീറ്റിൽ രാഹുലിനടുത്തായിട്ടായിരുന്നു ഇരുന്നത്. ലേഖേട്ടത്തി അവളെ നിർബന്ധിപ്പിച്ചു മുന്നിലിരുത്തുകയായിരുന്നു. മറ്റു വഴിയില്ലാതെയാണ് അവൾ മുന്നിൽ അവനോടൊപ്പം ഇരുന്നത്. രാഹുൽ അപർണ്ണയുടെ വീട്ടിലേക്ക് കാർ പായിച്ചു. ഇടയ്ക്കിടെ അവന്റെ കണ്ണുകൾ അവളിലേക്ക് നീണ്ടു ചെന്നു.

രാഹുൽ തന്നെ നോക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അവന്റെ ആ നോട്ടം അപർണ്ണ കണ്ടില്ലെന്ന് നടിച്ചു. കുഴഞ്ഞു മറിയുന്നൊരു അവസ്ഥയിലായിരുന്നു അവളുടെ മനസപ്പോൾ. ആ വീഡിയോ മുഴുവനും കണ്ട ശ്രീജിത്ത്‌ എന്തിനായിരിക്കാം അത് ഡിലീറ്റ് ചെയ്തു കളയാൻ തന്നോട് പറഞ്ഞതെന്നവൾ ആലോചിച്ചു. ഒരുപക്ഷേ രാഹുലിന്റെ നിരപരാധിത്വം താൻ മനസിലാക്കി അവനെ ഉപേക്ഷിച്ചു രാഹുലിനെ വിവാഹം ചെയ്താലോ എന്ന് ഭയന്നായിരിക്കുമോ ആ വീഡിയോ തന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യാൻ അവൻ പറഞ്ഞത് എന്നവൾ ഓർത്തു. അതിനെപ്പറ്റി ശ്രീജിത്തിനോട് തന്നെ ചോദിക്കണമെന്ന് അവൾ തീരുമാനിച്ചു.

അസുഖമൊക്കെ ഭേദമായി ശ്രീജിത്ത്‌ പൂർണ്ണ ആരോഗ്യവാനായി വന്ന ശേഷം അത് ചോദിക്കണമെന്ന് അപർണ്ണ മനസ്സിൽ ഉറപ്പിച്ചു. ഓരോന്നാലോചിച്ചു വീടെത്തിയതവളറിഞ്ഞില്ല. രാഹുൽ തോളിൽ തട്ടി വിളിച്ചപ്പോഴാണ് അപർണ്ണ ചിന്തകളിൽ നിന്നുണർന്നത്. രാഹുലിന്റെ വണ്ടിയുടെ ശബ്ദം കേട്ട് വീടിനകത്തുള്ളവരെല്ലാരും പൂമുഖത്തേക്ക് ഇറങ്ങി വന്നു. അപർണ്ണയെ കണ്ട് ലക്ഷ്മി അവളുടെ അടുത്തേക്ക് ചെന്നു. “എന്റെ മോൾക്ക് ഇതെന്താ പറ്റിയത്. ഞാനാകെ പേടിച്ചു പോയി.”

അവർ വാത്സല്യത്തോടെ അവളുടെ ശിരസിൽ തഴുകികൊണ്ട് ചോദിച്ചു. “അമ്മ വിഷമിക്കണ്ട എനിക്കിപ്പോ കുഴപ്പമൊന്നുമില്ല. ചെറിയ ക്ഷീണം ഉണ്ട്.” “ലക്ഷ്മി നീയവളെ അകത്തു മുറിയിൽ കൊണ്ട് പോയി കിടത്ത്. മോളുടെ ക്ഷീണമൊക്കെ മാറട്ടെ.” അരവിന്ദൻ മാഷ് ഭാര്യയെ നോക്കി പറഞ്ഞു. ലേഖയും ലക്ഷ്മിയും കൂടി അവളെ മുറിയിലേക്ക് കൊണ്ടുപോയി. മുറിയിൽ ചെന്നപാടെ അപർണ്ണ വിവാഹവേഷമൊക്കെ അഴിച്ചു വച്ചു കുളിച്ചു ഫ്രഷ് ആയി. കുളിയൊക്കെ കഴിഞ്ഞപ്പോൾ അവൾക്ക് ക്ഷീണം വിട്ടകന്നപോലെ തോന്നി. കണ്ണാടിയിൽ നോക്കി അവൾ മുടി ചീകുമ്പോഴാണ് മുറിയിലേക്ക് രാഹുൽ കടന്നു വന്നത്.

“ഇപ്പൊ എങ്ങനെയുണ്ട് അപ്പു..?? ഉഷാറായോ.? ” ചിരിയോടെ അവൻ അവളുടെ അരികിലേക്ക് ചെന്നു. മനസ്സ് നിറഞ്ഞൊരു പുഞ്ചിരി അവനു സമ്മാനിച്ചു കൊണ്ട് അവൾ പറഞ്ഞു. “കുളിച്ചു വന്നപ്പോൾ ഒന്നു ഉഷാറായി. ക്ഷീണമൊക്കെ മാറി.” “വൈകുന്നേരമാണ് നമ്മൾ നമ്മുടെ വീട്ടിലേക്ക് പോകുന്നത്. എല്ലാം വേഗം തയ്യാറാക്കി വച്ചോ.” “നമ്മുടെ വീട്ടിലേക്കോ.?” അപർണ്ണ മനസിലാവാതെ ചോദിച്ചു. “വിവാഹം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ വീട് ഭാര്യയുടെയും കൂടി വീടല്ലേ. തന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോകാനുള്ള ഒരുക്കത്തിലാ അവിടെ എല്ലാവരും.” അത് കേട്ടതും അപർണ്ണയ്ക്ക് ഉള്ളിലൊരു അസ്വസ്ഥതയുണ്ടായി.

“എനിക്ക് പെട്ടെന്ന് ഇവിടുന്ന് വിട്ടുവരാൻ തോന്നുന്നില്ല രാഹുലേട്ടാ. എന്റെ അവസ്ഥ ഇപ്പൊ എന്താണെന്നു മറ്റാരേക്കാളും രാഹുലേട്ടന് അറിയാലോ. എനിക്ക് എന്റെ മനസ്സ് കൈവിട്ടു പോകുന്ന പോലെ തോന്നുവാ. ഒട്ടും പരിചയമില്ലാത്ത വീട്ടിൽ അപരിചിതരായ ആളുകളോടൊപ്പം ഞാൻ എങ്ങനെ പൊരുത്തപ്പെടും…” “എന്റെ വീട്ടുകാർ തനിക്ക് അന്യരാണോ അപ്പു ” “അങ്ങനെ അല്ല രാഹുലേട്ടാ ഞാൻ പറഞ്ഞത്. ശ്രീയേട്ടൻ ഇങ്ങനെ ഒരവസ്ഥയിൽ ആയത് ഞാൻ കാരണമാണ്. ഞാൻ ജീവന് തുല്യം സ്നേഹിക്കുന്ന ആളല്ലേ ശ്രീയേട്ടൻ. ഏട്ടത്തി കാര്യങ്ങളൊക്കെ രാഹുലേട്ടനോട് പറഞ്ഞു കാണുമല്ലോ.

എന്റെ ശരീരം മാത്രമേ ഇവിടെയുള്ളു മനസ്സ് ഇപ്പോഴും അവിടെയാണ്. ഈ ഒരു മാനസികാവസ്ഥയിൽ ഒന്നിനോടും പൊരുത്തപ്പെടാൻ എനിക്കാവില്ല രാഹുലേട്ടാ…” “തന്നെ ഞാൻ ഒന്നിനും നിർബന്ധിക്കില്ല അപർണ്ണ. തന്റെ ഇഷ്ടം എന്താന്ന് വച്ചാൽ അങ്ങനെ ചെയ്യൂ. എന്തിനും ഏതിനും ഞാൻ ഒപ്പമുണ്ട്.” അവൾ നന്ദിയോടെ അവനെ നോക്കി. “എന്നാ ഞാൻ അച്ഛനെയൊന്ന് പോയി കാണട്ടെ. എന്റെ കാര്യമോർത്ത് ടെൻഷൻ അടിച്ചു ഇരിക്കെയാകും പാവം. ഹോസ്പിറ്റലിൽ നിന്ന് വന്നിട്ട് ഇതുവരെ അച്ഛനെയൊന്ന് പോയി കണ്ടില്ല. എനിക്ക് ഒരു കുഴപ്പവുമില്ല എന്നറിഞ്ഞാലേ ആ മനസ്സ് തണുക്കു.”

അപർണ്ണ അതുംപറഞ്ഞു പുറത്തേക്ക് നടന്നതും പിന്നിൽ നിന്നും രാഹുൽ വിളിച്ചു. “അപർണ്ണാ ഒരു നിമിഷം…” “എന്താ രാഹുലേട്ടാ…” അവൾ അവനെ ചോദ്യഭാവത്തിൽ നോക്കി. രാഹുൽ നടന്നു ചെന്ന് മേശപ്പുറത്തിരുന്ന സിന്ദൂരത്തിന്റെ ചെപ്പ് തുറന്നു ഒരുനുള്ളു സിന്ദൂരം മോതിരവിരലിൽ നുള്ളിയെടുത്തു അപർണ്ണയുടെ സീമന്തരേഖയിൽ തൊട്ടു. പൊള്ളലേറ്റത് പോലെ അവൾ പിന്നോട്ടാഞ്ഞു. “ഇതെന്റെ അവകാശമാണ് അപ്പു. നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഉള്ളിടത്തോളം കാലം വരെ നിന്റെ നെറുകയിൽ സിന്ദൂരവും ഉണ്ടാവണം.”

ശേഷം അവൻ ഒരു നുള്ള് സിന്ദൂരമെടുത്തു അവളുടെ താലിയിൽ കൂടി തൊട്ട ശേഷം വേഗം മുറിവിട്ട് പോയി. ചലിക്കാനാവാതെ അപർണ്ണ അവൻ പോകുന്നത് നോക്കി വാതിൽപടിയിൽ തറഞ്ഞു നിന്നു. അവളുടെ വിരലുകൾ അവൻ അണിയിച്ച താലിയിൽ കൊരുത്തു വലിച്ചു. കുറച്ചു സമയം അവളാ നിൽപ്പ് തുടർന്നു. പിന്നെ പതിയെ അച്ഛന്റെ മുറിയിലേക്ക് നടന്നു. അരവിന്ദൻ മാഷിന്റെ മുറിക്ക് മുന്നിലെത്തിയ അപർണ അകത്തു നടക്കുന്ന സംസാരം കേട്ട് അകത്തേക്ക് കയറാതെ പുറത്തു തന്നെ നിന്നു. ഏട്ടത്തിയുടെയും ഏട്ടന്റെയും അച്ഛന്റെയും സംസാരം മാറിമാറി കേൾക്കുന്നുണ്ടായിരുന്നു.

“ശ്രീജിത്ത്‌ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടക്കുന്നത് അവന്റെ ഏതോ സുഹൃത്ത് വിളിച്ചു പറഞ്ഞത് കേട്ടാണ് അവൾ ബോധം കെട്ട് വീണത്. രാഹുൽ അവളെ കൊണ്ടുപോയ ഹോസ്പിറ്റലിൽ തന്നെയാണ് ശ്രീജിത്തിനെയും അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത്. അവൾ അവനെ പോയി കണ്ടിരുന്നു.” ലേഖ നടന്ന കാര്യങ്ങൾ അവരോടു പറഞ്ഞു. “ആ പയ്യനിപ്പോ എങ്ങനെയുണ്ട് ” അരവിന്ദൻ മാഷ് ചോദിച്ചു. “കുറച്ചു ക്രിട്ടിക്കൽ ആണെന്നാണ് കേട്ടത്.” ലേഖ പറഞ്ഞു. അരവിന്ദൻ മാഷ് മകന്റെ മുഖത്തേക്ക് നോക്കി. അച്ഛന്റെ കൂർത്ത നോട്ടം അനൂപ് ഒന്ന് പതറി. “അച്ഛനെന്താ എന്നെയിങ്ങനെ നോക്കുന്നത്.

ഒരുമാതിരി കുറ്റവാളികളെ നോക്കുന്ന പോലെ.?” “മോനെ സത്യം പറയ്യ്… നീയെങ്ങാനുമാണോ ശ്രീജിത്തിനെ ഈ നിലയിലാക്കിയത്. അവൻ മണ്ഡപത്തിലേക്ക് കയറി വന്നു വിവാഹം മുടക്കാതിരിക്കാൻ വേണ്ടി നീ ഉണ്ടാക്കിയതാണോ ഈ ആക്‌സിഡന്റ്…” “അച്ഛാ…” അനൂപ് ഞെട്ടലോടെ വിളിച്ചു. എല്ലാം കേട്ടുനിന്ന അപർണ്ണ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. നിരാശയും സങ്കടവും ദേഷ്യവും കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.

കൊടുംങ്കാറ്റ് പോലെ മുറിയിലേക്ക് പാഞ്ഞു കയറി അപർണ്ണ ഓടിച്ചെന്ന് അനൂപിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു. “എന്റെ ശ്രീയേട്ടനെ കൊല്ലാൻ ശ്രമിച്ചത് ഏട്ടനാണല്ലേ…” “മോളെ.. നീ…” അനൂപ് എന്ത് പറയണമെന്നറിയാതെ പകച്ചു നിന്നു. അരവിന്ദൻ മാഷും ലേഖയും സ്തംഭിച്ചു നിൽക്കുകയായിരുന്നു. അപർണ്ണ ഇനി എന്തൊക്കെ ചെയ്തു കൂട്ടുമെന്നറിയാതെ പകച്ചു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു….തുടരും

വിവാഹ മോചനം: ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!