ഹരി ചന്ദനം: ഭാഗം 3

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

കട്ടിലിൽ ചെന്ന് വീണു പൊട്ടിക്കരയുമ്പോൾ പപ്പയുടെ മാറ്റത്തിന്റെ കാരണം കണ്ടെത്താനുള്ള തിരക്കിലായിരുന്നു എന്റെ മനസ്സ്. അധികം വൈകാതെ തുറക്കുന്ന വാതിലിന്റെ ശബ്ദവും റൂമിലെ നിഴലനക്കവും പപ്പയുടെ സാന്നിധ്യം അറിയിച്ചു. പപ്പാ വന്നു എന്റെ അടുത്ത് ഇരുന്നെങ്കിലും എഴുന്നേറ്റിരുന്നു നോക്കാൻ പോലും എന്നിലുണ്ടായ നീരസം അനുവദിച്ചില്ല. പപ്പാ മുടിയിൽ തലോടിയെങ്കിലും ആ കൈകൾ പിണക്കത്തോടെ ഞാൻ തട്ടി മാറ്റി. “ചന്തുട്ടൻ പപ്പയോടു പിണക്കാണോ? മോൾക്ക്‌ നല്ലതല്ലാത്ത എന്തെങ്കിലും പപ്പാ ഇതുവരെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടുണ്ടോ?

എഴുന്നേറ്റെ പപ്പയ്ക്ക് സംസാരിക്കണം. ” പപ്പയുടെ ആശ്വാസവാക്കുകൾ എന്റെ വേദനയെ കൂട്ടുകയല്ലാതെ കുറച്ചില്ല. എന്റെ കരച്ചിലിന്റെ ആക്കം കൂടി കൂടി വന്നു.ഞാൻ എഴുന്നേറ്റു വേദനയോടെ പപ്പയെ നോക്കി. “പപ്പയ്‌ക്ക്‌ ഞാൻ ഒരു ഭാരമായി തോന്നി തുടങ്ങിയോ? ” “എന്റെ പൊടുന്നനെയുള്ള ചോദ്യം പപ്പയിൽ ഞെട്ടലുണ്ടാക്കി ” “നീ എനിക്ക് ഭാരമാണോ മോളെ? അങ്ങനെ ഈ പപ്പാ പെരുമാറിയിട്ടുണ്ടോ എപ്പോഴെങ്കിലും. എന്റെ സന്തോഷവും ജീവിതവും ആത്മാവും നിന്നിലല്ലേ. ” അത് പറയുമ്പോൾ പപ്പയുടെ ശബ്ദം ഇടറിയിരുന്നു. “പിന്നെന്തിനാ പപ്പാ ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം. ” “ഇപ്പോൾ ഏറ്റവും ഉചിതമായ തീരുമാനം ഇതാണ് മോളെ. പപ്പയ്ക്ക് എന്റെ കുഞ്ഞിനെ കാണാതെ ഒരു നിമിഷം പോലും വയ്യ.

നിനക്കും അങ്ങനല്ലേ. നിങ്ങളൊക്കെ വളരെ നിസ്സാരമായി അവതരിപ്പിച്ചെങ്കിലും പപ്പയ്ക്കറിയാം മരണം പപ്പയുടെ തൊട്ടടുത്തു ഉണ്ടെന്നു. പപ്പാ ഈ യാത്ര കഴിഞ്ഞു ജീവനോടെ തിരിച്ചു വരുമോ ഇല്ലയോ എന്നു യാതൊരു ഉറപ്പും ഇല്ല. ഇനി അഥവാ ജീവനോടെ അല്ലെങ്കിൽ എന്റെ ചന്തുനെ സുരക്ഷിതയാക്കാതെ പപ്പയ്ക്ക് സമാദാനത്തോടെ പോവാൻ പറ്റില്ല. അതു കൊണ്ടു നിന്നെ എത്രയും പെട്ടന്ന് സുരക്ഷിതമായ ഒരു കൈകളിൽ ഏൽപ്പിക്കാനാണ് പപ്പയുടെ തീരുമാനം. ” പപ്പാ പറയുന്നതെന്താണന്നു മനസ്സിലാവാതെ ഞാൻ ഉറ്റു നോക്കി. “ഞാൻ എത്രയും പെട്ടന്ന് മോളുടെ കല്യാണം നടത്താൻ തീരുമാനിച്ചു. അതും എന്റെ യാത്രയ്ക്ക് മുൻപ് തന്നെ. ” പപ്പയുടെ തീരുമാനം എന്നിലൊരു വിറയലുണ്ടാക്കി.

ഇതുവരെ എന്റെ ചിന്തകളിൽ ബാധിക്കാതിരുന്ന ഒരു വിഷയം എന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തുന്നതു വെറുപ്പോടെ ഞാൻ ഓർത്തു. “ഇപ്പൊ ഒരു കല്യാണം എനിക്കു പറ്റില്ല പപ്പാ.ഞാൻ അങ്ങനൊന്നും ഇതുവരെ ചിന്തിച്ചിട്ട് കൂടി ഇല്ല. പപ്പയുടെ അടുത്ത് കിട്ടാത്ത സുരക്ഷിതത്വം മറ്റൊരു വീട്ടിൽ എനിക്കു കിട്ടുമെന്ന് ഉറപ്പിക്കുന്നതു വിഡ്ഢിത്തം അല്ലെ? ” “ആയിരിക്കാം. പപ്പാ മോൾക്ക്‌ ഏറ്റവും വലിയ തണൽ ആണ്. പക്ഷെ പച്ചപ്പ്‌ നഷ്ടപ്പെട്ടു ഉണങ്ങിയ വൃക്ഷത്തിന്റെ തണലിൽ വിശ്വസിക്കരുത്. ചെറിയൊരു കാറ്റിനു ആ വിശ്വാസം എത്ര എളുപ്പം തകർക്കാം.” “പപ്പാ മരണത്തെക്കുറിച്ചല്ലാതെ ഇപ്പോൾ മറ്റൊന്നും പറയുന്നില്ല.ഒരു മരണത്തിനും എന്റെ പപ്പയെ വിട്ടു കൊടുക്കില്ല.

അതിനാണ് എല്ലാം ഇട്ടെറിഞ്ഞു ഇങ്ങനൊരു യാത്ര നമ്മൾ പ്ലാൻ ചെയ്തത്. എനിക്കുറപ്പാണ് പപ്പാ പൂർണ ആരോഗ്യവാനായി തിരിച്ചു വരും. പിന്നെന്തിനാ പപ്പാ എന്നെ വേദനിപ്പിച്ചു കൊണ്ടു ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം? ” “ഇതു പപ്പയുടെ ഒരു മനസ്സമാധാനത്തിന് വേണ്ടിയാണു.ഇനി അഥവാ പപ്പയ്ക്ക് എന്തെകിലും സംഭവിച്ചാലും മനസ്സമാധാനത്തോടെ കണ്ണടയ്ക്കാം. പെൺകുട്ടികൾ ഉള്ള ഏതൊരു മാതാ പിതാക്കളുടെയും സ്വപ്നമാണ്‌ അവരുടെ വിവാഹം.പപ്പയ്ക്ക് മോളുടെ വിവാഹം കാണണം. പപ്പയുടെ അവസാനത്തെ ആഗ്രഹമായി കണ്ടെങ്കിലും ചന്തു ഇതിനു സമ്മതിക്കണം.എന്താ മോള് സമ്മതിക്കില്ലേ?പപ്പയ്ക്ക് വാക്ക് താ ” “പ്ലീസ് പപ്പാ… ” “വാക്ക് താ ചന്തു.

പപ്പയുടെ അപേക്ഷയാണ് മോള് തള്ളിക്കളയരുത്.” മനസ്സില്ലാ മനസ്സോടെ പപ്പയുടെ കയ്യിൽ എന്റെ വിറയ്ക്കുന്ന കൈ ചേർക്കുമ്പോൾ എനിക്കു എന്നോട് തന്നെ വെറുപ്പ്‌ തോന്നി. എന്നാൽ തന്റെ ഉള്ളം കയ്യിൽ ചേർത്തു കിട്ടിയ എന്റെ സത്യം പപ്പയുടെ മുഖത്ത് തെളിച്ചമുണ്ടാക്കി.” പപ്പാ എന്നെ മടിയിൽ കിടത്തി മുടിയിൽ മെല്ലെ തലോടി.. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഈ നിമിഷത്തിൽ പോലും സന്തോഷം കണ്ടെത്താൻ എനിക്കു കഴിയുന്നുണ്ടായിരുന്നില്ല.സാദാരണ വാചാലയാകാറുണ്ടായിരുന്ന ഞാൻ ഇന്ന് നിശ്ശബ്ദയായിരുന്നു. പപ്പായോട് പറയാൻ എനിക്കു വിശേഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ മനസ്സ് കലങ്ങി മറിഞ്ഞു കൊണ്ടിരിക്കുവായിരുന്നു.

ശരീരത്തിനും മനസ്സിനും ഒരു പോലെ ഭാരം തോന്നി. തല വെട്ടി പിളരുന്നതു പോലെ തോന്നി. “മോൾക്ക്‌ പപ്പയോടു ദേഷ്യം ഉണ്ടോ.സ്വൊന്തം സന്തോഷത്തിനു വേണ്ടി മോളുടെ സമാദാനം കളയുന്ന സ്വാർത്ഥൻ ആണെന്ന് തോന്നുന്നുണ്ടോ? ” ഞാൻ ഇല്ലെന്നു മാത്രം പറഞ്ഞു. എത്രയൊക്കെ ശ്രമിച്ചിട്ടും വിവാഹം നല്ലൊരു തീരുമാനമാണെന്ന ഒരു ന്യായീകരണവും എന്റെ മനസ്സ് സമ്മതിച്ചു തരുന്നില്ലായിരുന്നു. “ചന്തു…. പപ്പാ കല്യാണം നോക്കുന്നു എന്നു കരുതി മനസ് വിഷമിച്ചു പഠിത്തം ഉഴപ്പരുത്. എക്സാം നന്നായി എഴുതണം. മോള് ഞങ്ങളുടെ കൂടെ വന്നിരുന്നെങ്കിൽ പഠിത്തം എന്തായേനെ.ഇപ്പൊ ആ കൺഫ്യൂഷൻ മാറി.കുറച്ചു ദിവസമേ ഉള്ളു എങ്കിലും മോൾക്ക്‌ യോജിച്ച ഏറ്റവും നല്ല ആളെ തന്നെ പപ്പാ കണ്ടെത്തും.

പിന്നെ പപ്പാ പോണെന്നു കരുതി മോള് വിഷമിക്കരുത്. പറ്റിയാൽ പയ്യനേം കൂട്ടി മോൾക്ക്‌ അങ്ങ് വരാല്ലോ.പപ്പയുടെ ഏറ്റവും നല്ല തീരുമാനമാണിതെന്നു ചന്തുട്ടന് പിന്നീട് എപ്പോഴെങ്കിലും മനസ്സിലാവും.” എനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു. അത്രയും പറഞ്ഞു പപ്പാ എഴുന്നേറ്റു എന്നെ നന്നായി പുതപ്പിച്ചു. റൂമിനു വെളിയിലേക്കു നടന്നു. “പപ്പാ കിടക്കുന്നില്ലേ? ” “ആഹാ..മോള് ഉറങ്ങീല്ലായിരുന്നോ മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടു ഞാൻ കരുതി ഉറങ്ങി എന്ന്. ഞാൻ ഇപ്പൊ വരാം. താഴെ ഒരാള് നിന്നെ വേദനിപ്പിച്ചു എന്ന് പറഞ്ഞു മൗനവ്രതത്തിലാ. ഞാൻ പോയി കാര്യം പറഞ്ഞു ആളുടെ പിണക്കം കൂടി മാറ്റീട്ട് വരാം.

ഡോർ അടച്ചു പപ്പാ താഴേക്കു പോയി. അനുസരണയില്ലാതെ എന്റെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ എന്നെനിക്കു തോന്നി.പെൺകുട്ടി ആയതു കൊണ്ടല്ലേ എപ്പോഴും ആശ്രയം വേണമെന്ന് ചുറ്റുമുള്ളവർക്ക് തോന്നുന്നതു. പിറ്റേന്ന് വളരെ ലേറ്റ് ആയി ആണ് എണീറ്റത്.ഇന്നലെ എപ്പോഴോ ആണ് ഉറങ്ങിയത്.ഒരുപാട് കരഞ്ഞിട്ട് കണ്ണു നീറുന്നുണ്ടായിരുന്നു.താഴെ ചെന്നപ്പോൾ ശങ്കു മാമ വിഷമത്തോടെ എന്നെ നോക്കി.പപ്പാ എന്റെ അവസ്ഥ കണ്ടിട്ടും ഒന്നും കാര്യമാക്കിയില്ല. എന്റെ മൗനം സഹിക്കാതെ ശങ്കു മാമ കുറേ എന്നെ ആശ്വസിപ്പിച്ചു അപ്പോഴും പപ്പയുടെ തീരുമാനം തെറ്റായി എന്ന് പറഞ്ഞില്ല പകരം ന്യായീകരിക്കുന്ന പോലെ സംസാരിച്ചു.

അല്ലെങ്കിലും ഇനി ആരെതിർത്തിട്ടും കാര്യം ഇല്ലെന്നു തോന്നി. പപ്പാ അത്രയ്ക്ക് ഉറച്ച നിലപാടിൽ ആയിരുന്നു. വൈകീട്ട് സച്ചും ചാരും വന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ആകെ അന്തം വിട്ടു.എന്റെ വിഷമം കണ്ടപ്പോൾ പപ്പയോടു സംസാരിക്കാമെന്നേറ്റു പോയെങ്കിലും കാര്യം വക്കാലത്തുമായി വന്നതാണെന്ന് മനസ്സിലാക്കി പപ്പാ ബുദ്ധിപൂർവ്വം അവരെ ഓടിച്ചു വിട്ടു .നാളെ മോഡൽ എക്സാം തുടങ്ങുകയാണ്. മനസ്സമാധാനം ഇല്ലാത്തതു കൊണ്ടു ഇന്ന് പ്ലാൻ ചെയ്ത പാഠഭാഗങ്ങളിലൂടെയുള്ള അവസാന നിമിഷ ഓട്ടപ്രദക്ഷിണം കുളമായി. പിറ്റേന്ന് രാവിലെ ആയിരുന്നു എക്സാം. വിചാരിച്ച പോലെ നന്നായി എഴുതാൻ പറ്റീല.കുറെയൊക്കെ മറന്ന് പോയ പോലെ .

ഉച്ച വരെ ആയിരുന്നു എക്സാം. ഉച്ചയ്ക്ക് ശേഷം നേരെ ചാരൂന്റെ വീട്ടിലേക്കു വച്ച് പിടിച്ചു.സച്ചും ചാരൂം എന്നെ കുറേ ഉപദേശിച്ചു.പിന്നെ അടുത്ത എക്സാമിനുള്ള കുറച്ചു പ്രപേറേഷൻസ് നടത്തി.വൈകിട്ടു ടീച്ചറമ്മ വന്നപ്പോൾ ആളുടെ വക പിന്നെയും കുറേ ഉപദേശിച്ചു . ടീച്ചറമ്മയും പപ്പയെ ന്യായീകരിക്കും പോലെയാണ് സംസാരിച്ചത്. പപ്പാ എന്റെ നന്മ മാത്രേ ആഗ്രഹിക്കുള്ളൂ എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു.എന്നെ സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ ആരുമില്ലെന്നോർത്തു ഒരു വേള എനിക്കു ദേഷ്യം വരുന്നുണ്ടായിരുന്നു.ഇത്രയൊക്കെ പറഞ്ഞിട്ടും എന്റെ മുഖം തെളിയാത്തതു കൊണ്ടു സച്ചും ചാരും അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ചെവി തല കേൾപ്പിക്കുന്നുണ്ടായിരുന്നില്ല.

“എന്നാലും എന്റെ ചാരു ഇവളുടെ പപ്പാ വല്ലാത്തൊരു കെണിയിൽ അല്ലെ പെട്ടത്. ഓർക്കുമ്പോൾ എനിക്കു പാവം തോന്നുന്നു? ” “അതെന്താ നീ അങ്ങനെ പറഞ്ഞെ? ” “പിന്നല്ലാതെ. ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയില്ലേ? “കൺഫ്യൂഷനോ എന്തിനു എന്റെ സച്ചു നീ തെളിച്ചു പറ. ” “ആന്നെ… എന്തായാലും കെട്ടിക്കാൻ തീരുമാനിച്ചു. ഇനിപ്പോ ഇവൾക്ക് ചെക്കനെ നോക്കണോ പെണ്ണിനെ നോക്കണോ എന്ന് പപ്പാ ആകെ ഡൌട്ട് അടിച്ചിരിക്കാവും.പുല്ലു… ഒന്നും വേണ്ടായിരുന്നു എന്ന് വിചാരിക്കുന്നുണ്ടാവും ” അത് കേട്ടു ചാരു ചിരി തുടങ്ങി. ഞാൻ രണ്ടാളേം കൂർപ്പിച്ചു നോക്കി എണീറ്റു മാറിയിരുന്നു. അപ്പോഴേക്കും ടീച്ചറമ്മ ചായേം കൊണ്ട് വന്നു ഞങ്ങടെ കൂട്ടത്തിൽ ഇരുന്നു.അപ്പോഴേക്കും ചാരൂന്റെ വക അടുത്ത ഡൌട്ട്. “അല്ല അമ്മേ അമ്മയ്ക്ക് ഇങ്ങനത്തെ ആഗ്രഹങ്ങൾ ഒന്നുല്ലേ ”

“ആഗ്രഹമോ? എന്റെ മോള് എന്താ ഉദ്ദേശിച്ചത്? ” “ചന്തുന്റെ പപ്പേടെ പോലെ. അല്ല അങ്ങനെ എന്തേലും ഉണ്ടേൽ പറയാൻ മടിക്കേണ്ട. ഞാൻ ഇവളെ പോലെ ഒന്നും അല്ല കുടുംബസ്നേഹിയാ. ” “ഓഹോ അങ്ങനെ. എന്നാലേ എന്റെ മോള് അതിനു വച്ച വെള്ളം അങ്ങ് വാങ്ങിയെരെ. പഠിച്ചു ജോലി വാങ്ങാതെ കല്യാണം എന്ന് പറഞ്ഞു വന്നാൽ മുട്ട്കാലു ഞാൻ തല്ലി ഒടിക്കും.” ചാരു ആകെ ചമ്മി . അവളുടെ ഇഞ്ചി കടിച്ച ഭാവം കണ്ടു എന്നോട് പോലും ചിരിച്ചു പോയി. സച്ചുവാ ണെങ്കിൽ വയറു പൊത്തി ഇരുന്നു ചിരിക്കുവാ. ചാരു ഞങ്ങളെ രണ്ടാളേം നോക്കി കണ്ണുരുട്ടി. പിന്നെ നിഷ്കു ഭാവം ഇട്ടു ടീച്ചറമ്മയെ നോക്കി. “പറ്റിച്ചേ 😬 ഞാൻ വെറുതെ പറഞ്ഞതാ അമ്മേ ” “പക്ഷെ ഞാൻ വളരെ സീരിയസ് ആയിട്ട പറഞ്ഞെ.

ഞാൻ പറഞ്ഞപോലെ അല്ലെങ്കിൽ നീ ഇവിടെ മൂത്തു നരച്ചു ഇരിക്കത്തെ ഉള്ളൂ.ഇപ്പൊ നമ്മുടെ കാര്യം തന്നെ നോക്ക് എനിക്കു ഈ ജോലി ഇല്ലാതിരുന്നെങ്കിൽ നമ്മൾ എന്തു ചെയ്തേനെ.നിന്റെ അച്ഛന്റെ മരണശേഷം ബാധ്യത ആവുമെന്ന് കരുതി എല്ലാരും കൈ ഒഴിഞ്ഞപ്പോഴും നമ്മൾ പിടിച്ചു നിന്നില്ലേ.ആരെയും ആശ്രയിക്കാതെ ജീവിക്കുന്നില്ലെ. ഇപ്പൊ ചന്തുന്റെ പപ്പാ പോലും അവളുടെ പഠിപ്പു മുടങ്ങും എന്ന് കണ്ടിട്ട് കൂടിയല്ലേ ഇങ്ങനെ തീരുമാനിച്ചതു. ഇല്ലെങ്കിൽ എന്തായേനെ.ഇഷ്ടമുള്ള ആരെ വേണെങ്കിലും നിനക്ക് സെലക്ട്‌ ചെയ്യാം. പക്ഷെ അതിനു മുൻപ് സ്വൊന്തം കാലിൽ നിൽക്കണം. ഞാൻ നിങ്ങൾ എല്ലാവരോടും കൂടിയ പറയുന്നേ. ” അവിടുന്ന് തിരിച്ചു പോരുമ്പോൾ ഞാൻ അത്യാവശ്യം ഭേദപ്പെട്ടിരുന്നു.

മറ്റു കാര്യങ്ങളൊക്കെ മറക്കുവാനും എക്സാമിൽ കോൺസെൻട്രേറ്റ് ചെയ്യാനും ഞാൻ തീരുമാനിച്ചു. തീരുമാനിച്ച പോലെ എന്റെ വിവാഹം എത്രയും വേഗം നടത്താൻ എല്ലാ വഴികളും പപ്പ സ്വീകരിച്ചിരിക്കുന്നു.പപ്പയും ശങ്കുമാമേം വിശ്രമമില്ലാത്ത അന്വേഷണത്തിൽ ആയിരുന്നു .ഞാൻ ഒന്നിലും ഇടപെടാൻ പോയില്ല. എന്റെ പിണക്കം ശെരിക്കങ്ങു മാറി വരുന്നേ ഉണ്ടായിരുന്നുള്ളു. അങ്ങനെ ദിവസങ്ങൾ പതിവു പോലെ കടന്നു പോയികൊണ്ടിരുന്നു. ഒരു ദിവസം വൈകിട്ടു ജോൺ അങ്കിൾ വീട്ടിൽ വന്നതു ഒരു ആലോചനയുമായിട്ടായിരുന്നു.പറഞ്ഞു വന്നപ്പോൾ പപ്പയ്ക്കും ശങ്കുമാമയ്ക്കും ഏകദേശം അറിയാവുന്ന ആൾക്കാർ ആയിരുന്നു.മുകളിൽ ഹാളിലിരുന്നു ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചു.

എന്റെ ഫോട്ടോ കണ്ടു അവർക്കു ഇഷ്ടമായി എന്ന് പറഞ്ഞു. ചെക്കന്റെ ഫോട്ടോയും കൊണ്ടു വന്നതായിരുന്നു അങ്കിൾ. പപ്പയ്ക്കും ശങ്കു മാമയ്ക്കും ചെക്കനെ ബോധിച്ചെന്നു താഴെ നിന്നുള്ള സംസാരത്തിൽ നിന്നു ബോധ്യമായി.അപ്പോൾ തന്നെ എന്റെ സമ്മതം അറിയാൻ പപ്പ വരുമെന്ന് പ്രതീക്ഷിചെങ്കിലും അതുണ്ടായില്ല.പിന്നീടുള്ള മണിക്കൂറുകളിലും അങ്ങനെ ഒരു ടോപിക് എന്നെ തേടി വന്നില്ല.പക്ഷെ പപ്പ ആരെയൊക്കെയോ ഫോണിൽ വിളിച്ചു ഈ കാര്യം അന്വേഷിക്കുന്നുണ്ടായിരുന്നു.

രാത്രി കുളി കഴിഞ്ഞു ഞാൻ റൂമിൽ ചെന്നപ്പോൾ എന്റെ ടേബിളിൽ ബുക്കിനു മുകളിലായി ഒരു ഫോട്ടോ കിടപ്പുണ്ടായിരുന്നു. ഫോട്ടോ പുറം തിരിഞ്ഞ നിലയിൽ ആയിരുന്നു. വെളുത്ത പശ്ചാതലത്തിൽ കറുത്ത പേന കൊണ്ടു എഴുതിയ ആ പേരിലാണ് എന്റെ കണ്ണുകൾ ആദ്യം ചെന്നുടക്കിയത്.കറുത്ത അക്ഷരങ്ങളിലൂടെ വിരൽ ഓടിച്ചു ഞാൻ ആ പേര് വായിച്ചു. “ഹരി പ്രസാദ് ” …തുടരും

ഹരി ചന്ദനം: ഭാഗം 2

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!