മൗനം : ഭാഗം 19

മൗനം : ഭാഗം 19

എഴുത്തുകാരി: ഷെർന സാറ

“ഇതാ… ചെറിയൊരു വെളിച്ചത്തിന്… ” വള്ളപുരയിൽ നിന്നിറങ്ങി വന്ന നാരായണേട്ടന്റെ കയ്യിൽ ഒരു റാന്തൽ വിളക്കുണ്ടായിരുന്നു… അല്പം കാലപ്പഴക്കം ചെന്നതാണെന്ന് അതിന്റെ തുരുമ്പ് പിടിച്ച ഇരുമ്പ് കമ്പികൾ വിളിച്ചോതുന്നുണ്ടായിരുന്നു… അതും കയ്യിൽ വാങ്ങി തുഴയും കയ്യിലെടുത്തു കൊണ്ടവൻ ഗായത്രിയെ തിരിഞ്ഞു നോക്കി… “ഇത് പിടിചോടോ… ഞാൻ ആ കയറൊന്ന് അഴിക്കട്ടെ….. ” പറഞ്ഞു കൊണ്ടവൻ റാന്തൽ വിളക്ക് അവളുടെ കയ്യിൽ കൊടുത്തു… ചെറിയൊരു ഭയം ഉണ്ടായിരുന്നുവെങ്കിലും ചന്തുവിന്റെ സാമീപ്യത്തിൽ,, അവന്റെ ധൈര്യത്തിൽ അവൾ വള്ളത്തിൽ കയറി…

മെല്ലെ തുഴഞ്ഞു മുന്നോട്ട് പോകുന്ന ആ ചെറു വഞ്ചി,, തന്നിലേക്ക് ഒഴുകിയെത്തുന്ന ജലത്തേ ഹൃദയം കൊണ്ട് സ്വീകരിച്ചു,, പുഴയുടെ ഇരു വശങ്ങളിലേക്ക് ചിതറി വിടുന്നുണ്ടായിരുന്നു… എന്തിനോ വേണ്ടി… നിറയെ താരകങ്ങൾ പൂത്ത് നിൽക്കുന്നോരു രാത്രി… വീശിയടിക്കുന്ന പുഴയുടെ ഗന്ധം പേറിയ തണുത്ത കാറ്റ്… വശങ്ങളിൽ എവിടെയോക്കെയോ തട്ടി തടഞ്ഞു നിൽക്കുന്ന കുളവാഴ ചെടികൾ.. ഇരുട്ടിന്റെ നിഴൽ മറ പറ്റി നിൽക്കുന്ന കൈതക്കാടും,, കാട്ടുചൂൽ ചെടിയും… കാവൽ പട പോലെ പിന്തുടരുന്ന ചന്ദ്ര ബിംബവും… എല്ലാം വല്ലാത്തൊരു അനുഭൂതിയായിരുന്നു… കുളിരായിരുന്നു… പേടി പെടുത്തുന്ന ആ ഇരുട്ടിൽ,, യാത്രയിൽ,, സ്വയം മറന്നൊന്ന് ആസ്വദിക്കുകയായിരുന്നു അവൾ…

ഇടയിൽ അവനിലേക്ക് പാളി വീഴുന്ന നോട്ടങ്ങൾക്ക് പകരമായി കിട്ടുന്ന പുഞ്ചിരി മതിയാവില്ല മറുപടിയായിട്ടെന്ന് തോന്നി തുടങ്ങിയ നിമിഷങ്ങൾ… തിരികെ അവന്റെ വിരൽ തുമ്പിൽ ചേർന്ന് കൊണ്ട് ആ പുഴയോരം ചേർന്ന് വരുമ്പോൾ അവളുടെ ഉള്ളിൽ ഒരായിരം താമര പൂക്കൾ ഒരുപോലെ പൂത്തിരുന്നു.. തിരികെ വീട്ടിലെത്തിയിട്ടും ഇരുവരും മൗനം ആയിരുന്നു… ഇത്തവണ അതിൽ വേദനയില്ല… നൊമ്പരമില്ല… പരിഭത്തിന്റെ മേന്പൊടിയില്ല… ഉള്ള് നിറഞ്ഞു തുളുമ്പിയ പ്രണയം മാത്രമായിരുന്നു… ആ നേർത്ത മൌനത്തിനെ പൂർണമായും അലിയിച്ചു കൊണ്ട് ആ രാവ് പുലർന്നപ്പോൾ ഒരു ഹൃദയമായി,, ഒരു ശ്വാസമായി, ശരീരമായി,, ആത്മാവിനെ മറുപാതിയിൽ തളച്ചിട്ടു ഇരുവരും…

അത്രമേൽ ആർദ്രമായി,, മറുപാതിയെ ചേർത്ത് പിടിച്ചു കൊണ്ട്.. ബന്ധം ബന്ധനമാകാതെ ഒന്നായി തുഴഞ്ഞു കൊണ്ടുള്ള ജീവിതം.. അത്രമേൽ ആനന്ദവും ആഹ്ലാദവും… ചില നേരങ്ങളിൽ,,, ഇടയ്ക്കപ്പോഴോക്കെയോ പ്രണയത്തിന്റെ മൗനം അവരിൽ വിരുന്നെത്തുമായിരുന്നു… മനസിനെ വല്ലാതെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന,, ഹൃദയയത്തെ പ്രണയത്തിന്റെ അഗാധമായ പടു കുഴിയിലേക്ക് തള്ളിയിടുന്ന,, തലച്ചോറിന്റെ വിചാരങ്ങളെ വികാരങ്ങൾ കീഴ്പ്പെടുത്തുന്ന,,, വാക്കുകൾ വാചാലമാകുന്ന മൗനം… ################## മൂന്ന് മാസങ്ങൾ കഴിഞ്ഞുള്ള ഒരു പ്രഭാതം… പതിവ് വിപരീതമായി ചന്തു അന്ന് ഓട്ടത്തിന് പോയിരുന്നില്ല…

എന്തോ കാര്യമായി ആലോചിച്ചു കൊണ്ട് ഉമ്മറപ്പടിയിൽ ഇരിക്കുകയാണ്… കയ്യിൽ ഒരു ഗ്ലാസ്‌ കട്ടനും ഉണ്ട്… ഇന്നലെ മുതൽ എന്തോ,, മനസ് വല്ലാതെ അസ്വസ്ഥമാണ്.. പുഞ്ചിരിയെയും പൂമ്പാറ്റയെയും ഷെഡിൽ നിന്നും അഴിച്ചു മുറ്റത്ത്‌ നിൽക്കുന്ന രണ്ടു തെങ്ങുകളിൽ ആയി കെട്ടിയിട്ടുണ്ട്… പുഞ്ചിരിയുടെ രണ്ട് കുഞ്ഞുങ്ങൾ ഓടി ചാടി നടക്കുന്നുണ്ട്… മഹാ കുസൃതികൾ ആണ് രണ്ട് പേരും… ഇടയ്ക്ക് അമ്മ ചൂട് തേടി ചെല്ലുന്ന പൈതങ്ങളെ ആ അമ്മ മുട്ടിയുരുമ്മി സ്നേഹം പങ്കുവെയ്ക്കുന്നുണ്ട്… അവരുടെതായ ഭാഷയിൽ സ്നേഹ ചുംബനം കൈ മാറുന്നുണ്ട്… ഒരു ചെറു പുഞ്ചിരിയോടെ ഇതെല്ലാം നോക്കി അവനരികിൽ തന്നെ ഉണ്ടായിരുന്നു അവളും… ” വല്ല്യേട്ടൊ… ” ഉറക്കെ വിളിച്ചു കൊണ്ട് ആരോ കടന്നു വന്നതും,,

ഇരുവരുടെയും നോട്ടം അങ്ങോട്ടായി… ” കെട്ട്യോനും കെട്ട്യോളും കൂടി എന്നതാ പണി… ” ചോദിച്ചു കൊണ്ട് കയ്യിലിരുന്ന വലിയ ബാഗ് ഉമ്മറ പടിയിൽ വെക്കുന്ന സ്വരയെ കണ്ടതും ഗായത്രിയുടെ കണ്ണ് മിഴിഞ്ഞു വന്നു… ” നീയെന്താ ഇവിടെ… ” ചോദിച്ചു കൊണ്ട് അവൾ ബാഗിനെയും സ്വരയെയും മാറി മാറി നോക്കി… ” അതെന്താ….എനിക്കിങ്ങോട്ട്‌ വന്നൂടെ… എന്റെ ഏട്ടന്റെ വീടാണ് ഇത്.. നിക്ക് ഇഷ്ടപ്പോൾ ഞാൻ ഇവിടെ വരേം പോവേം ചെയ്യും… അത് ചോദിക്കാൻ നീയാരാടി.. “അവളെ നോക്കി കണ്ണ് തുറിച്ചു കൊണ്ട് സ്വര ചോദിച്ചപ്പോൾ ഗായത്രിയുടെ കണ്ണും ഒന്ന് കുറുകി… ” നിന്റെ ഏട്ടന്റെ കെട്യോൾ… ” പറഞ്ഞു കൊണ്ടവൾ അവനെ ഒന്ന് നോക്കി…

 

അനിയത്തിയെ നോക്കി നിൽക്കുകയാണ്… അത് കണ്ടപ്പോൾ ആ പെണ്ണിൽ കുശുമ്പിന്റെ ചെറിയൊരു ലാഞ്ചന തിരി തെളിഞ്ഞു വന്നു.. അവനും അത് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു… ” എന്നാ.. കേട്യോൾ അങ്ങോട്ട്‌ മാറി നിൽക്ക്… പെങ്ങള് അകത്തോട്ടു കേറട്ടെ.. ” ഗായത്രി തള്ളി മാറ്റി സ്വര അകത്തേക്ക് കയറി… ഇത്രയും നേരം ഇരുവരുടെയും കളി കണ്ടു രസിച്ചിരുന്ന ചന്തു അത് കണ്ടപ്പോൾ അറിയാതെ പൊട്ടി ചിരിച്ചു പോയി… പിന്നാലെ എത്തുന്ന ഗായത്രിയുടെ തുറിച്ചു നോട്ടത്തേ സ്നേഹം ചാർത്തിയൊരു ചിരിയിൽ ചേർത്ത് പിടിച്ചു അവൻ…..കാത്തിരിക്കുക.. ❤

മൗനം : ഭാഗം 18

Share this story