ഈ സ്നേഹകുടകീഴിൽ… : ഭാഗം 25

Share with your friends

എഴുത്തുകാരി: റിൻസി പ്രിൻസ്‌

ഇനി ജീവൻ വല്ല കവിതയും എഴുതിയത് ആയിരിക്കുമോ അവൾ മനസ്സിൽ ചിന്തിച്ചു….. ശേഷം അടുത്ത താളുകൾ മറിച്ചു….. “ഓർമതാളുകളുടെ ഈ സ്വപ്നകൊട്ടാരത്തിൽ എന്റെ പ്രണയം ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നു…. അവിടെ ഞാനും എന്റെ രാജകുമാരിയും ഞങ്ങളുടെ സ്വപ്നങ്ങളും മാത്രം….” എന്റെ പ്രണയം കാട്ടുതേൻ പോലെയാണ് അതിൽ വസന്തങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്നു.” ആ കൈ അക്ഷരം തനിക്ക് പരിചിതം ആണെന്ന് ഒരു നിമിഷം സോനയ്ക്ക് തോന്നി…. അവൾ അത് വായിക്കാൻ തുടങ്ങി…. 📖 ഞാൻ ഇന്ന് ഫുട്ബോൾ കോർട്ടിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളെ കാണുന്നത്…..

പനിനീർപൂവ് പോലെ നിർമ്മലമായ ഒരു പെൺകുട്ടി….. നിറയെ പീലികൾ ഉള്ള ഒരു കുഞ്ഞ് കണ്ണ് ആണ് അവളുടെ….. അതാണ് ആദ്യം എന്റെ കണ്ണിൽ പതിഞ്ഞത്… എന്തോ എൻറെ കണ്ണുകൾ അവളെ തിരയാൻ തുടങ്ങി…. ഞാൻ അവൾക്ക് പിറകെ നടന്നു…. അവളുടെ കൈകളിൽ ഒരു ചുവന്ന പനിനീർപ്പൂ ഉണ്ടായിരുന്നു…. പിന്നെ ചെറിയൊരു പ്രാർത്ഥനാ പുസ്തകവും ഒരു കൊന്തയും ഉണ്ടായിരുന്നു….. എൻറെ കണ്ണുകൾ അവളെ പിന്തുടർന്നു….. കുറച്ചുനേരങ്ങൾക്ക്ശേഷം അവൾ എന്നിൽ നിന്നും അകന്നു പോയി…. ഞാൻ അവളെ തിരഞ്ഞു ചെന്നു….. എന്റെ തിരച്ചിൽ നിന്നത് ഒരു കല്ലറയുടെ അരികിലാണ്…. ഞാൻ അവളെ കാണാതെ അവിടെയുണ്ടായിരുന്ന ഒരു മരത്തിന് മറഞ്ഞിരുന്നു…..

അവൾ പൂക്കൾ കല്ലറയിൽ വെച്ചു…. ” പപ്പാ ഇന്നലെ മിനി മിസ് ഒരുപാട് വഴക്കുപറഞ്ഞു….. ക്ലാസ്സിൽ നിന്നും ഇറക്കിവിട്ടു ഞാൻ എത്ര നോക്കിയിട്ടും പഠിക്കാൻ പറ്റുന്നില്ല പപ്പാ….. പപ്പയ്ക്ക് അറിയാലോ ഞാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന്….. ഇന്നലെ രാത്രി മുഴുവൻ ഇരുന്ന് പപ്പയുടെ സോന മോള് പഠിക്കാൻ നോക്കയിരുന്നു…… പക്ഷേ പറ്റുന്നില്ല….. സോനാ…. ആ പേരു അവൻറെ കാതിൽ അലയടിച്ചു….. ഒരു നടുക്കം സോനയിൽ ഉണ്ടായി…. ആ ബുക്ക് അവളുടെ കൈകളിൽ നിന്നും താഴെ വീണിരുന്നു…. എങ്ങനെയൊക്കെയോ ധൈര്യം വാരിക്കൂട്ടി അവൾ ആ ഡയറി എടുത്തു ശേഷം ഉദ്വേഗത്തോടെ ബാക്കി ഭാഗങ്ങൾ വായിക്കാൻ തുടങ്ങി…. ” ഇനി ഞാൻ എങ്ങനെ അത് പഠിച്ചു എടുക്കുമെന്നു എന്ന് എനിക്ക് അറിയില്ല……

ടീച്ചർ നാളെ എന്നെ കൊല്ലും….. ഞാൻ നാളെ വരാം പപ്പാ….. അതും പറഞ്ഞ് അവൾ അവിടെ നിന്നും യാത്രയായി…. അവൾ പോയതിനു ശേഷം താനാ കല്ലറയിലേക്ക് ചെന്നു…. അവിടെ വച്ചിരുന്ന പനിനീർപൂവ് എടുത്തു…. ഞാൻ ഈ പൂവ് എടുത്തോട്ടെ പപ്പാ….. ഒരു തമാശയോടെ കല്ലറയിലേക്ക് നോക്കി ഞാൻ ചോദിച്ചു….. ഞാനെടുത്തോട്ടെ…. പപ്പയുടെ പനിനീർപൂവ് വിരിഞ്ഞത് എൻറെ ഹൃദയത്തിലാണ്…. അത്രയും പറഞ്ഞ് ആ പൂവുമായി ഞാൻ വീട്ടിലേക്ക് വന്നു…. വീട്ടിൽ ഇരിക്കുന്ന സമയം മുഴുവൻ അവളുടെ മുഖമായിരുന്നു മനസ്സിൽ…. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ….. ഒരുപക്ഷേ ആ കണ്ണുകൾ ആയിരിക്കാം എന്നെ പ്രണയിക്കാൻ പ്രേരിപ്പിച്ചത്….

പ്രണയമാണോ…? ഒരു പതിനഞ്ചുകാരനെ പ്രണയമാണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….? പെട്ടന്ന് ഒരു കുസൃതി തോന്നി….. പേപ്പർ എടുത്ത് എഴുതി…. “മോളെ സോനാ….. പഠിക്കാൻ ഒരു എളുപ്പവഴി ഞാൻ നിനക്കു പറഞ്ഞുതരാം….. പഠിക്കുന്ന വിഷയത്തിലെ കഥാപാത്രങ്ങൾ ഒക്കെ നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട ആരെങ്കിലും ആണെന്ന് വിചാരിക്കുക….. അവരുടെ പേരുകൾ നമുക്ക് ഇഷ്ടപ്പെട്ടവർ ആണെന്ന് കരുതുക….. ഉദാഹരണത്തിന് കണക്കിലെ “x” മോഹൻലാലും “y” മമ്മൂട്ടിയും ആണ് എന്ന് വയ്ക്കുക…. മമ്മൂട്ടിയും മോഹൻലാലും എങ്ങനെ ഇരുന്നാൽ പ്രശ്നം പരിഹരികാം എന്ന് ചിന്തിക്കുക….

ഇഷ്ടപ്പെട്ടവർ എങ്ങനെ ഒരുമിച്ച് നിന്നാൽ ആണ് പ്രശ്നം പരിഹരിക്കാൻ സാധിക്കുക എന്ന് ചിന്തിക്കാം…. അപ്പോൾ ആ പഠിച്ച ഇക്വേഷൻ ഒരിക്കലും മറക്കാതെ നിൽക്കും….. എന്ന് പപ്പാ…. വെറുതെ ഒരു തമാശയ്ക്ക് ആണ് അങ്ങനെ എഴുതിയത്…. ശേഷം രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപ് വെറുതെ ആ കല്ലറയുടെ മുകളിൽ കൊണ്ടുപോയി കത്ത് വെച്ചു…. കുറച്ചപ്പുറത്ത് അവളെ കാണാതെ മറഞ്ഞിരുന്നു…. അവൾ വന്നു കത്തെടുത്തു….. അവളുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ അത്ഭുതം അതെന്നെ വീണ്ടും പ്രണയാർദ്രൻ ആകുന്നു…. അവൾക്കറിയാം ആ കത്ത് എഴുതിയത് അവളുടെ പപ്പാ അല്ല എന്ന്..,

പക്ഷേ അവൾ ആ കത്തിൽ ഒരു സന്തോഷം കണ്ടെത്തിയിട്ടുണ്ട്…. അതിൻറെ മറുപടിയായാണ് അവൾ ഇന്ന് വന്ന ടീച്ചർ അവളെ അഭിനന്ദിച്ചു എന്ന് പറഞ്ഞത്…. അതിനു മറുപടിയായി തനിക്ക് ഒരിക്കൽ കൂടി എഴുതണം…. ഒരു എട്ടാം ക്ലാസുകാരിക്ക് മരിച്ചുപോയ ആൾ കത്തെഴുതില്ല എന്നുള്ള ബോധം ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്…. ഒരുതരം പ്രേതക ഇഷ്ട്ടം ആണ് അവളോട് തോന്നുന്നത്…. എന്നും എന്നും അവള് ഒരുപാട് സംശയങ്ങൾ പറയുന്നുണ്ട്…. അതൊക്കെ തന്നെ അറിയാവുന്ന രീതിയിൽ താൻ മറുപടിയും കൊടുക്കുന്നുണ്ട്….. ഇന്ന് ഞാൻ പ്ലസ് ടു ലേക്ക് കടക്കുകയാണ്…. ഇന്ന് സ്കൂളിൽ വച്ച് ഒരു രസകരമായ സംഭവമുണ്ടായി…..

പ്ലസ് വണ്ണിന് വരുന്ന കുട്ടികളെ ചെറിയ രീതിയിൽ റാഗ് ചെയ്യുന്ന പരിപാടി ഉള്ളത് കൊണ്ട് കുറെ പെൺകുട്ടികളെ ഞങ്ങൾ ചെറുതായി പാട്ട് പഠിപ്പിക്കുകയും ചെയ്തിരുന്നു…. അപ്പോഴാണ് കൂട്ടത്തിൽ ഒരു കൂട്ടുകാരൻ എന്നോട് ചോദിക്കുന്നത് കൂട്ടത്തിൽ വെളുത്ത വലഞ്ഞ ഒരു പെൺകുട്ടിയെ ചുണ്ടി ഇവളെ നിനക്ക് പ്രേമിച്ചു കൂടെ എന്ന്…. സത്യം പറഞ്ഞാൽ പ്രണയം എന്ന വാക്ക് കേൾക്കുമ്പോൾ ഓർമയിൽ നിറയുന്നത് അവളുടെ മുഖം ആണ്….. എൻറെ പനിനീർപൂവിന്റെ മുഖം…. എനിക്ക് അവളോട് പ്രണയം ആണോ…..? അല്ലെങ്കിൽ ഈ രണ്ടു വർഷക്കാലം ഞാൻ അവൾക്ക് സ്ഥിരമായി കത്തെഴുതി അവളോട് സംസാരിക്കാൻ എന്താണ് കാരണം…. അവളോട് ആദ്യം തോന്നിയ കൗതുകം…..

കല്ലറയിൽ വന്ന് മരിച്ചു പോയ പപ്പയോട് വിശേഷങ്ങൾ പറയുന്ന ഒരു കൊച്ചുകുട്ടിയോട് തോന്നുന്ന കൗതുകമായിരുന്നു ആദ്യം ……. ഇപ്പോൾ എൻറെ ജീവിതത്തിന്റെ നിറം തന്നെ അവൾ ആണെന്ന് തോന്നി തുടങ്ങുന്നു….. അവളില്ലാതെ ഞാൻ പൂർണമാകില്ല എന്ന് മനസ്സിലാകുന്നത് പോലെ….. പക്ഷേ ഞാൻ മാത്രം സ്വപ്നങ്ങൾ കണ്ടാൽ ശരിയാകില്ല….. അവളുടെ മനസ്സിൽ അങ്ങനെ ഒന്നുമില്ലെങ്കിൽ….., അവളോട് തന്നെ എഴുതി ചോദിച്ചാലോ…..? ഉടനെ തന്നെ ഒരു പേപ്പർ എടുത്തു എഴുതി….. സോനാ…… ഞാൻ നിൻറെ പപ്പ അല്ല…… അത് നിനക്കും എനിക്കും നന്നായി അറിയാം….. പക്ഷേ ഞാൻ ആരാണെന്ന് നിനക്കറിയില്ല….. എൻറെ മനസ്സിൽ നിന്നോട് തോന്നുന്ന വികാരം എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു സോനാ…. പക്ഷേ ഇന്ന് ഞാൻ അത് മനസ്സിലാക്കി…..

എനിക്ക് നിന്നോട് പ്രണയമാണ്….. ഒരിക്കലും നീ കണ്ടിട്ടും കൂടി ഇല്ല എന്നെ….. അങ്ങനെ ഉള്ള എന്നെ പ്രണയിക്കണം എന്ന് നിന്നോട് പറയാനുള്ള യാതൊരു അവകാശങ്ങളും എനിക്കില്ല….. പക്ഷെ ഞാൻ ഒന്ന് ചോദിച്ചോട്ടെ…. എന്നോട് എപ്പോഴെങ്കിലും എന്തെങ്കിലും സ്നേഹം തോന്നിയിട്ടുണ്ടോ…..? ഇല്ല എന്നാണ് മറുപടിയെങ്കിൽ ഇനി ഒരിക്കലും ഞാൻ നിനക്ക് എഴുതി ശല്യപ്പെടുത്തില്ല….. എന്തെങ്കിലും ഒരു പ്രത്യേക ഇഷ്ടം എന്നോട് ഉണ്ടെങ്കിൽ ഞാൻ നിൻറെ മുൻപിൽ വന്ന് നിൽക്കും……. ഇപ്പോഴല്ല എങ്കിലും ഒരുപാട് വൈകില്ല….. കല്ലറയിൽ കത്തു വച്ചു അവളുടെ മറുപടിക്കായി കാത്ത് നിന്നു…. പിറ്റേദിവസം ആകാൻ വല്ലാത്ത ടെൻഷൻ ആയിരുന്നു…..

പത്താം ക്ലാസിലെ റിസൾട്ട് വന്നപ്പോൾ പോലും അത്രയും ടെൻഷൻ അടിച്ചിട്ടില്ല….. അത്രയും ടെൻഷൻ….. അവളുടെ മറുപടി കത്ത് തുറന്നത് വർധിച്ച ഹൃദയമിടുപ്പോടെ ആണ്…. ഇഷ്ടമാണ്…… കണ്ടില്ലെങ്കിലും അറിഞ്ഞില്ലെങ്കിലും….. ഈ വാക്കുകളോടും ഈ കത്ത് എഴുതുന്ന ആളോടും….. അത്രമാത്രമേ അവൾ മറുപടി എഴുതിയിരുന്നു….. അപ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു തനിക്ക് തോന്നിയിരുന്നത്…. പിന്നീട് പലവട്ടം അവൾ തന്നെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി…. കത്ത് വച്ച് ഒളിച്ചു ഇരിക്കാൻ തുടങ്ങി….. പക്ഷെ അവൾക് അറിയില്ലല്ലോ അവൾ പോകുന്നതും വരുന്നതും കൃത്യമായി എന്റെ മുറിയിൽ നിന്ന് ഞാൻ കാണുന്നുണ്ട് എന്ന്…..

അത്‌ കൊണ്ടുതന്നെ അവളുടെ ആ ശ്രമങ്ങൾ എല്ലാം വിഫലം ആയിരുന്നു….. പക്ഷേ അതിൽ എല്ലാം തന്നെ കാണാൻ വെമ്പുന്ന അവളുടെ മനസ്സിൻറെ ആഗ്രഹം അറിയുന്നുണ്ടായിരുന്നു….. പുസ്തകങ്ങളും…. പ്രണയവരികളും തങ്ങളുടെ കത്തുകളിൽ കടന്നുവന്നു….. അക്ഷരങ്ങളിലൂടെ തങ്ങൾ പ്രണയം കൈമാറി….. അവളുടെ ഓരോ വാക്കുകളിലും നിന്നും താൻ അവൾക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു താൻ അറിയുന്നുണ്ടായിരുന്നു…….. പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് എൻട്രൻസ് എഴുതുന്നത്….. അത്‌ കിട്ടിക്കഴിഞ്ഞാൽ അവളോട് എല്ലാം തുറന്നു പറയാമെന്നുള്ള ഒരു ഉറപ്പായിരുന്നു…. അവൾ കാത്തിരിക്കും എന്ന വിശ്വാസമായിരുന്നു….. അവൾക്ക് ഒരു കത്ത് എഴുത്….

“താൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്നെ കാണാൻ എന്ന് എനിക്കറിയാം…. തൻറെ മനസ്സും എനിക്ക് അറിയാം….. എങ്കിലും ഇപ്പോൾ മുൻപിൽ വന്ന് നിൽക്കാൻ ഉള്ള സമയം ആയിട്ടില്ല…. അധികം വൈകാതെ ഞാൻ തൻറെ മുൻപിൽ വന്ന് നിൽക്കും….. ഉടനെ കാണാം…. ഇനി ഒളിച്ചു ഇരുന്ന് എന്നെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടണ്ട…. ഞാൻ ഉടനെ നിന്റെ മുന്നിൽ വന്നു നില്കും… എന്ന് പ്രിയപ്പെട്ട ഒരാൾ…. അവൾ പിന്നീട് ഒരിക്കലും തന്നെ കാണാൻ ഒരു ശ്രമവും നടത്തിയിട്ടില്ല….. തന്റെ വാക്കുകളിൽ അവൾക്ക് അത്രക്ക് വിശ്വാസം ഉണ്ടാരുന്നു….. അവളുടെ ഇഷ്ടം മനസ്സ് അറിഞ്ഞത് ആയിരുന്നു…

കണ്ടില്ലെങ്കിലും താൻ അവൾക്ക് പ്രിയപ്പെട്ടവനാണ് അവളുടെ അക്ഷരങ്ങളിലൂടെ വീണ്ടും മനസ്സിലാക്കി തന്നു…. എൻട്രൻസ് കോച്ചിംഗ് തിരക്കുകളുമായി പോയി….. അത്യാവശ്യം പഠിക്കാൻ ഉള്ളതുകൊണ്ട് ഇനി എപ്പോഴും കത്തെഴുതാൻ പറ്റില്ലെന്ന് അവളെ അറിയിച്ചിരുന്നു….. അതിൽ വേദനയുണ്ടെങ്കിലും അവൾ സന്തോഷപൂർവ്വം അത് സമ്മതിച്ചു…. പിന്നീട് അവളുടെ ബർത്ത്ഡേക്ക് കൃത്യമായ കാർഡുകളും ക്രിസ്മസ് കാർഡുകളുമായി ആ പ്രണയം ചുരുങ്ങി….. എങ്കിലും മനസ്സിൽ അവൾ വേരിറങ്ങി പോയിക്കഴിഞ്ഞിരുന്നു….. ഒരിക്കലും എന്നിൽ നിന്നും അകന്നു പോകില്ല എന്ന വാശിയോടെ….. അവൾ എൻറെ മനസ്സിൽ കുടികിടപ്പവകാശം സ്ഥാപിച്ചിരുന്നു…..

എൻട്രൻസിന് പ്രതീക്ഷിച്ചത് പോലെ തന്നെ നല്ല മാർക്ക് ലഭിച്ചു…. പക്ഷേ വിധി വീണ്ടും എന്നെ തളർത്തി കഴിഞ്ഞിരുന്നു….. അച്ഛന് ഹാർട്ടറ്റാക്ക് വന്നതോടെ അച്ഛൻ കഠിനമായ ഒരു ജോലികളും ചെയ്യാൻ സാധിക്കില്ല….. ഒരു കുടുംബത്തിൻറെ മുഴുവൻ ഉത്തരവാദിത്വം തൻറെ ചുമലിലാണ്….. ലഭിച്ച സീറ്റ് പോലും തനിക്ക് പോകാൻ കഴിയില്ല എന്ന് വേദനയോടെ താൻ മനസ്സിലാക്കിയ ആ നിമിഷം താൻ പൂർണമായും തളർന്നു പോയിരുന്നു…… പക്ഷേ കഷ്ടപ്പെട്ട് മേടിച്ച ആ സ്ഥാനം ഉപേക്ഷിക്കാൻ എന്തുകൊണ്ടോ തൻറെ മനസ്സ് അനുവദിച്ചില്ല….. മേരിറ്റിൽ കിട്ടിയ സീറ്റിൽ അഡ്മിഷൻ എടുത്തു….. രാത്രികാലങ്ങളിൽ ചെറിയ ചെറിയ ജോലികൾക്ക് പോയി….. ഓട്ടോ ഓടിക്കാനും ഹോട്ടലിൽ സപ്ലയർ ആയി വരെ ജോലിക്ക് കയറി……

അതിൽ നിന്ന് മിച്ചം പിടിക്കുന്ന കുറച്ച് കാശ് പഠനത്തിനും ബാക്കി കുറച്ച് വീട്ടിലേക്ക് അയച്ചുകൊടുത്തു….. ചെറിയ രീതിയിൽ അച്ഛനും ജോലികൾ ചെയ്യാൻ തുടങ്ങി….. അധികം കഷ്ടപ്പാട് ഇല്ലാത്തത്….. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഇടയ്ക്ക് ഞാനെൻറെ പനിനീർപൂവിനെ മനപ്പൂർവ്വം അല്ലെങ്കിലും മറന്നു പോയിരുന്നു….. പക്ഷേ അവൾക്കുള്ള കാർഡുകളും അവളോടുള്ള സ്നേഹവും ക്രിസ്മസ് കാർഡുകളിലും ബർത്ത് ഡേ കാർഡുകളിലും ആയി ചുരുങ്ങിപ്പോയി…… ഇതിനിടയിൽ ഒരു ഗ്യാപ്പ് വന്നപ്പോൾ ഇടയ്ക്ക് അവൾക്ക് കാർഡ് അയക്കാൻ കഴിഞ്ഞില്ല….. 5 വർഷങ്ങൾ വളരെ പെട്ടെന്ന് തന്നെ കടന്നുപോയി…..

ജീവിക്കാനുള്ള ഒരു വാശി മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ അഞ്ചുവർഷങ്ങൾ അഞ്ചു നിമിഷങ്ങൾ പോലെ കടന്നു പോയി….. എംബിബിഎസ് കഴിഞ്ഞ ഹൗസ് സർജൻസി ചെയ്യുമ്പോഴാണ് ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തം സംഭവിക്കുന്നത്…… പൂജ എംബിബിഎസ് മുതൽ തനിക്ക് കിട്ടിയ വലിയ സൗഹൃദം….. പൂജയിൽ നിന്നാണ് അഭയയെ പരിചയപ്പെടുന്നത്….. പൂജയും അഭിയും എംബിബിഎസ് മുതൽ പ്രണയത്തിലായിരുന്നു….. അവരുടെ പ്രണയത്തിന് ചുക്കാൻപിടിച്ചത് താനും….. അങ്ങനെ അഭയമായി താൻ ഒരു നല്ല സൗഹൃദവും സാഹോദര്യവും ഒക്കെ നേടി… അവധി ദിവസങ്ങളിൽ അഭയുടെ വീട്ടിൽ പോയി ഭക്ഷണം കഴിക്കുന്നത് പതിവാക്കി…..

അന്നത്തെ ഹോസ്റ്റൽ ഫുഡിന്റെ ഇടയിൽ അത്‌ തരുന്ന ആശ്വാസം ചെറുതല്ലാരുന്നു…. അഭയ്ക്ക് ഒരു പെങ്ങൾ മാത്രമേയുള്ളൂ…. അവൾക്കു ഞാൻ പ്രിയപ്പെട്ടവനാണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി….. പക്ഷേ ആ ഇഷ്ടത്തിന് അർത്ഥം മറ്റൊരു തലത്തിലേക്ക് പോകുന്നത് വേദനയോടെ മനസ്സിലാക്കി….. അതുകൊണ്ടാണ് ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ അവളെ ഉപദേശിച്ചത്….. സംശയം ശരിയായിരുന്നു എന്ന് അവൾ തുറന്നു പറഞ്ഞു….. “എനിക്ക് ജീവേട്ടനെ ഒരുപാട് ഇഷ്ടമാണ്….. മനസ്സിൽ എപ്പോഴൊക്കെയോ ജീവേട്ടൻ കടന്നുകൂടിയിരിക്കുന്നു….. നിന്നെ ഒരിക്കലും എനിക്ക് അങ്ങനെ കാണാൻ കഴിയില്ല അവന്തിക….

ഞാൻ ഒരിക്കലും നിന്നെ അങ്ങനെ കണ്ടിട്ടുമില്ല…. എൻറെ മനസ്സിൽ നീ എൻറെ ജീനക്ക് ഒപ്പമാണ്…. അതിനപ്പുറം മറ്റൊരു രീതിയിലും എനിക്ക് നിന്നെ കാണാൻ കഴിയില്ല….. മാത്രമല്ല എൻറെ മനസ്സിൽ മറ്റൊരാളുണ്ട്….. അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരു സങ്കടം ഉണ്ടെങ്കിലും പനിനീർപ്പൂവിനെ പറ്റി വിശദമായി അവളോട് പറഞ്ഞപ്പോൾ അവളുടെ മുഖത്തും കൗതുകം നിറയുന്നത് കണ്ടിരുന്നു….. ആ നിമിഷം മുതൽ അവൾ തന്നെ അഭയുടെ സ്ഥാനത്ത് കാണുമെന്ന് ഉറപ്പ് നൽകി…. ഒന്ന് രണ്ട് വർഷം ഒരു വർഷത്തോളം ഒരു പ്രശ്നങ്ങളും ഇല്ലാതെ വീണ്ടും സന്തോഷത്തോടെ തന്നെ കടന്നു പോയി….. പക്ഷേ ഹൗസ് സർജൻസി കഴിഞ്ഞ് ജോലിക്ക് കയറിയ ദിവസം തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത വന്നു…..

അവന്തിക ആത്മഹത്യ ചെയ്തിരിക്കുന്നു…. എന്തിന്…..? അവൾ എഴുതിയ കുറിപ്പിൽ ഒന്ന് എഴുതിയിട്ട് ഉണ്ടായിരുന്നുള്ളൂ…. ” അവൾ ഒരാളെ സ്നേഹിച്ചു ആത്മാർത്ഥമായി….. പക്ഷേ അവൾക്ക് തിരിച്ചു കിട്ടിയിട്ടില്ല….. ഇതിനോടകം അവൾ അഭയോട് എല്ലാം തുറന്നു പറഞ്ഞിരുന്നു….. അഭയ് പ്രതീക്ഷയോടെ തന്നെ മുഖത്തേക്ക് നോക്കി ചോദിച്ചു….. എൻറെ അമ്മുവിനെ നിനക്ക് വിവാഹം കഴിച്ചു കൂടെ…. ജാതി വേറെയാണ്….. പക്ഷേ അവൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…. നിൻറെ ഇഷ്ടത്തിന് അപ്പുറം നിൻറെ വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ….. സ്വന്തം പെങ്ങൾക്ക് വേണ്ടി അങ്ങനെ സംസാരിക്കുന്ന ഒരു ഏട്ടനോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു….

ഞാൻ അവളെ എന്റെ ജീനയെ പോലെ കണ്ടിട്ടുള്ളൂ…. അതിനപ്പുറം ഒരു രീതിയിലും എനിക്ക് അവളെ കാണാൻ കഴിയില്ല…. അതിനോടൊപ്പം എന്റെ പനിനീർപൂവിന്റെ കഥയും അവൻ പറഞ്ഞു…. അവൻറെ മുഖം കണ്ടപ്പോൾ തോന്നി ചെറിയ നീരസം…. ആ പെൺകുട്ടി നിനക്കുവേണ്ടി കാത്തിരിക്കുന്നു എന്ന് നിനക്ക് ഉറപ്പുണ്ടോ ജീവൻ…..? ഇപ്പോൾ ഇത്രയും നാൾ ആയില്ലേ…. എനിക്കുറപ്പുണ്ട്….. എനിക്കായി അവൾ കാത്തിരിക്കുമെന്ന്….. അവളുടെ പ്രണയം സത്യമാണെന്ന്….. അവൻറെ മുൻപിൽ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ മുഖം ചെറുതായി ഒന്ന് മങ്ങി ഇരുന്നു….. പിന്നീട് അവളെ നേരിട്ട് കണ്ടു സംസാരിക്കണം എന്ന് മാത്രമായിരുന്നു എൻറെ മനസ്സിനെ ചിന്ത….

അവളുടെ മരണശേഷം പിന്നീട് അഭയ് കുറേക്കാലം എന്നോട് മിണ്ടിയില്ല….. എന്നോടുള്ള സൗഹൃദത്തിന്റെ പേരിൽ പൂജയോടും അവൻ അകലം കാണിക്കാൻ തുടങ്ങിയപ്പോൾ താൻ തന്നെയാണ് പൂജയോടെ ഉള്ള സൗഹൃദം അവസാനിപ്പിച്ചത്…. അവരുടെ ജീവിതം നഷ്ടപ്പെടരുത് എന്ന് കരുതി…. പിന്നെ ഒരു ശത്രുവിനെ പോലെ ആയിരുന്നു അഭയ് തന്നെ കണ്ടത്…. സ്വന്തം അനുജത്തിയുടെ മരണത്തിന് കാരണക്കാരനായ ഒരുവനെ ഏതൊരേട്ടനും അങ്ങനെ മാത്രമേ കാണാൻ കഴിയുകയുള്ളൂ….. പക്ഷേ ആ സംഭവം കൊണ്ട് താൻ തളർന്നു പോയിരുന്നു…. ഇതിനിടയിൽ തന്റെ പനിനീർപ്പൂവിനെ പോലും താൻ മറന്നുപോയിരുന്നു….. കുറെ നാളുകൾക്ക് ശേഷം ഒരു ഇൻവിറ്റേഷൻ കാർഡ് ആണ് തനിക്ക് ലഭിക്കുന്നത്…..

അവരുടെ വിവാഹമാണ്…. പൂജയാണ് അയച്ചിരിക്കുന്നത്…. പക്ഷേ പോവണ്ട എന്ന് തന്നെ തീരുമാനിച്ചു…. അഭയ്ക്ക് തന്നോടുള്ള പിണക്കം തനിക്കറിയാം….. ഒരുപക്ഷേ തന്നെ കാണാൻ അവൻ ആഗ്രഹിക്കുന്നില്ലെങ്കിൽ…… പക്ഷേ തന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ദിവസം അഭയ വീട്ടിലേക്ക് കയറി വന്നു….. തന്നെ കെട്ടിപിടിച്ച് കുറെ കരഞ്ഞു….. ക്ഷമിക്കണം അറിയാതെ പറ്റി പോയതാ…. നീ കാരണമല്ല അമ്മുക്കുട്ടി മരിച്ചത്….. എനിക്ക് ഉറപ്പാണ്….. എന്നോട് ക്ഷമിക്കുക….. അറിയാതെ ഞാൻ നിന്നെ ഇത്രകാലം അകറ്റിനിർത്തി…. ആ കണ്ണുനീര് ചൂട് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു….. സത്യത്തിൽ നഷ്ടങ്ങൾ സംഭവിച്ചത് അവനാണ്….. തന്നെ ആശ്വസിപ്പിക്കാൻ വേണ്ടി അവൻ അങ്ങനെ പറയും…..

എങ്കിലും ഈ ലോകത്തിൽ അവന് സ്വന്തം എന്ന് പറയാൻ ഉള്ള ഒരേയൊരു ആൾ ആയിരുന്നത് അമ്മു….. അവളെയാണ് നഷ്ടപ്പെട്ടത്…. തൻറെ മനസ്സിൽ നിറയെ സുഹൃത്തിനെ തിരികെ കിട്ടിയ സന്തോഷമായിരുന്നു…. ഇനി നാട്ടിലെ ഹോസ്പിറ്റലിലേക്ക് മടങ്ങണം…. എന്നെ കാത്തിരിക്കുന്ന എൻറെ പനിനീർപൂവിനെ കാണാൻ വേണ്ടി…. ഇന്നാണ് ഞാനീ നാട്ടിലെത്തിയത് അവളെ ഞാൻ ഒരു വേള പള്ളിയിൽനിന്ന് ഒന്നു കണ്ടു…. പഴയതിനേക്കാൾ സുന്ദരി ആയിട്ടുണ്ട്….. നേരിട്ട് നിന്ന് സംസാരിക്കണം എന്നാണ് വിചാരിച്ചത്…. പക്ഷേ ഒരു വിവാഹാലോചനയുമായി അവളെ ഞെട്ടിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു….. അതിനായി ഒരു ബ്രോക്കറെ കണ്ടുപിടിക്കണം…. ഇന്ന് ഞാൻ അവളെ കണ്ടു…. എൻറെ പനിനീർപൂവിനെ….. എൻറെ മുഖത്തുനോക്കി മറ്റൊരാളെ ഇഷ്ടമാണെന്ന് അവൾ പറഞ്ഞു….. അവനെ അവൾ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് അത്രേ….

അപ്പോൾ എൻറെ ഈ കാത്തിരിപ്പ് ആർക്കു വേണ്ടിയായിരുന്നു….? ഒക്കെ ജീനയോട് പറഞ്ഞു…. ആദ്യം മുതലേ എന്റെ ഇഷ്ട്ടം അറിയുന്നത് അവൾക്ക് ആയിരുന്നല്ലോ…. അവളോട് എല്ലാം പറഞ്ഞു കഴിഞ്ഞാപ്പോൾ ചെറിയ ഒരു ആശ്വാസം…. ഇനി എന്റെ സ്നേഹക്കുടകീഴിലേക്ക് അവൾക്ക് ഒരു തിരിച്ചു വരവുണ്ടുക്കുമോ….? അതോ വിരഹത്തിന്റെ ചൂടിൽ ഞാൻ നീറി പുകയുമോ…? ആ ഡയറി കയ്യിൽനിന്നും ഊർന്നു വീഴുന്നതു പോലും സോന അറിഞ്ഞിരുന്നില്ല….. അവൾ അതിന്റെ അടുത്ത താളുകൾ മറിച്ചു നോക്കി…. ഇല്ല പിന്നീട് ഒന്നും എഴുതിയിട്ടില്ല…… ജീവനായിരുന്നു തനിക്ക് കത്തുകൾ എഴുതിയിരുന്നത്….. അപ്പോൾ സത്യ….? അവളുടെ മനസ്സിൽ ചോദ്യങ്ങൾ മാറിമറിഞ്ഞു കൊണ്ടേയിരുന്നു…. (തുടരും )

ഈ സ്നേഹകുടകീഴിൽ… : ഭാഗം 24

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!