മഴമുകിൽ… : ഭാഗം 35

മഴമുകിൽ… : ഭാഗം 35

എഴുത്തുകാരി: അമ്മു അമ്മൂസ്

രാവിലെ അല്ലുമോളുടെ ബഹളം കേട്ടാണ് ഋഷി കണ്ണ് തുറക്കുന്നത്… “”ഉമ്മ കൊടുക്ക് അച്ഛക്ക്…. അമ്മ ഉമ്മ കൊടുക്കാതെ അച്ഛക്ക് വീണ്ടും മുറി പറ്റി…..”” ദേവയുടെ ചുരിദാർ ടോപ്പിൽ പിടിച്ചു വലിച്ചാണ് പരാതി പറച്ചിൽ…. “”അത് അല്ലുമോളുടെ വേദന മാറാൻ അല്ലേടാ…. അച്ഛക്ക് വേദന ഇല്ലല്ലോ….”” നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന് മോളോട് പറയുന്നത് കണ്ടു… “”അയ്യോ… അച്ഛക്ക് നോവുന്നെടാ കണ്ണാ…. അമ്മേനോട് മരുന്ന് തരാൻ പറയോ…. “” കൈ പൊത്തിപ്പിടിച്ചു ഋഷി പറയുന്നത് കേട്ട് അവനെ പല്ലും കടിച്ചു നോക്കിയപ്പോളേക്കും അല്ലുമോൾ വീണ്ടും വാശി പിടിച്ചു കരയാൻ തുടങ്ങിയിരുന്നു… “”ഉമ്മ കൊടുക്കമ്മേ….

അച്ഛക്ക് നോവുന്നു.””.. ചുണ്ട് പിളർത്തി സങ്കടത്തോടെ പറയുന്ന മോളെ നിസ്സഹായതയോടെ നോക്കിയെങ്കിലും അവിടെ പ്രത്യേകിച്ച് വ്യത്യാസം ഒന്നും കണ്ടില്ല…. ഋഷിയെ നോക്കിയപ്പോൾ ഇപ്പോഴും കൈയിൽ പൊതിഞ്ഞു പിടിച്ചു നല്ല അഭിനയമാണ്… “”അയ്യോ അച്ഛെടെ കൈ….. “” ഋഷി വീണ്ടും പറഞ്ഞതും അല്ലുമോള് ദേഷ്യത്തോടെ ചുണ്ട് കൂർപ്പിച്ചു ദേവയേ നോക്കി… എന്താ എന്ന് ചോദിക്കും മുൻപേ ആ കുഞ്ഞിക്കൈ കൊണ്ട് കൈയിൽ അടിച്ചിരുന്നു…. ദേഷ്യവും സങ്കടവും കാരണം ചുവന്നു തുടങ്ങിയ ആ കുഞ്ഞ് മുഖം കണ്ടപ്പോൾ വേറെ വഴി ഇല്ലാതെ എഴുന്നേറ്റു…. കട്ടിലിന്റെ അടുത്തേക്ക് നടന്നപ്പോളേക്കും പിന്നാലെ ഓടി എത്തിയിരുന്നു… “”അച്ഛേന്റെ മുറില് ഉമ്മ കൊടുക്കമ്മേ….””

താഴെ നിന്നും എത്തിനോക്കി പറയുന്നുണ്ട്… ഋഷിയെ നോക്കിയപ്പോൾ കുസൃതി നിറഞ്ഞ ചിരിയുമായി അവളെ നോക്കി നിൽപ്പുണ്ട്… അല്ലുമോള് അപ്പോഴും വേദന മാറുന്നുണ്ടോ എന്ന് ഋഷിയെ തന്നെ നോക്കി നിൽപ്പുണ്ട്… ഒന്ന് കണ്ണടച്ചു ദീർഘശ്വാസം എടുത്തു… അവന്റെ കൈയിലെ മുറിവിന്റെ ചുറ്റിക്കെട്ടിനു മുകളിലൂടെ മൃദുവായി ചുണ്ടുകൾ അമർത്തി…. തല ഉയർത്തി നോക്കിയപ്പോൾ കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെയാണ് കാണുന്നത്… അവനെ നോക്കാൻ കഴിഞ്ഞില്ല… വേഗത്തിൽ ദൂരേക്ക് മാറി നിന്നു… ഋഷി ചെറുതായി അടക്കിപ്പിടിച്ചു ചിരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു…

“”നോവ് മാറിയോ അച്ഛേ…””. ഋഷിയുടെ മുറിവിലേക്ക് നോക്കി ചോദിച്ചു.. “”അച്ഛക്ക് കവിളിൽ നോവുന്നല്ലോ….”” കവിളിലേക്ക് കൈ വെച്ച് മോളോട് പറയുന്ന ഋഷിയെ കാൺകെ കണ്ണും മിഴിച്ചു നിന്ന് പോയി ദേവ…. “”അച്ഛക്ക് കവില് നോവുന്നമ്മേ….””. ദേവയെ അപ്പോഴേക്കും മോള്‌ സങ്കടത്തോടെ നോക്കിയിരുന്നു…. പല്ലും കടിച്ചു നോക്കിയപ്പോൾ നിഷ്കളങ്ക ഭാവത്തോടെ മോളെ നോക്കി വേദന അഭിനയിച്ചു ഇരിക്കുന്നത് കണ്ടു… “”അതോ…. അമ്മേടെ അല്ലൂട്ടന്റെ ഉമ്മെലും മാജിക്‌ ഉണ്ടല്ലോ… അമ്മേടെ മോള്‌ കൊടുത്ത മതിയേ… അച്ഛെടെ വേദന മാറും..”” മോളെ എടുത്തു അവന്റെ മടിയിലേക്ക് ഇരുത്തി പറഞ്ഞു..

“”ആണോ അച്ഛേ…. അല്ലുമോള് ഉമ്മ തരാവേ….”” അവന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊടുത്തു… “”നോവ് മാറിയോ അച്ഛേ….. “”അവന്റെ താടിയിൽ ആ കുഞ്ഞിക്കൈ കൊണ്ട് പിടിച്ചു ചോദിച്ചപ്പോൾ ഋഷി ചിരിച്ചു… “”മാറിയെടാ കണ്ണാ…. അല്ലൂട്ടന്റെ ഉമ്മെലും മാജിക്‌ ഉണ്ടല്ലോ…. ഹ്മ്മ്…..”” മൂക്കിൽ മൂക്കുരസി ഇക്കിളി ആക്കിയപ്പോളേക്കും മോള്‌ കൊഞ്ചിചിരിച്ചോണ്ട് അവനെ വീണ്ടും കെട്ടിപ്പിടിച്ചിരുന്നു “”മതി മതി അച്ഛന്റേം മോളുടേം കളി… ഇനിയും താമസിച്ചാലേ രാവിലെ കഴിക്കാൻ കൊണ്ട് വന്നതൊക്കെ തണുത്തു പോകും…””. ദേവ കണ്ണുരുട്ടി പറഞ്ഞപ്പോഴേക്കും ഋഷി മോളെ താഴേക്ക് ഇരുത്തി..

ഒരു പ്ലേറ്റ് ലേക്ക് ഇടിയപ്പവും കറിയും വിളമ്പി വരുന്ന ദേവയെ കണ്ടതും മോള് എഴുന്നേറ്റു നിന്നു… “”ഇന്ന് അല്ലു മാമു കൊടുക്കാമെ അച്ഛക്ക്…”” “”അതൊന്നും വേണ്ട…. മര്യാദക്ക് അവിടെ ഇരുന്നോ…. ഉടുപ്പിലും ബെഡ്‌ഡിലും എല്ലാം വാരി ഇടാൻ..””. ദേവ ദേഷ്യത്തോടെ പറഞ്ഞതും ഋഷിയെ നോക്കി ചുണ്ട് പിളർത്തി… “”അച്ഛെടെ കണ്ണൻ തന്നോടാ…. ഉടുപ്പ് പോയാലെ അച്ഛാ പുതിയ ഉടുപ്പ് വാങ്ങി തരാല്ലോ….”” ഋഷി ദേവയെ ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചിട്ട് മോളോട് പറഞ്ഞു… ദേവ രൂക്ഷമായി നോക്കി എങ്കിലും അതൊന്നും കാര്യമാക്കാതെ മോളെ കളിപ്പിച്ചു ഇരിക്കുന്നത് കണ്ടു…

“”എന്തെങ്കിലും കാട്ട്…. ഉടുപ്പിൽ ആയാൽ കഴുകാൻ എന്നേ വിളിക്കണ്ട…. “”ദേഷ്യത്തോടെ പറഞ്ഞിട്ട് പാത്രം ബെഡിലേക്ക് വെച്ചു… പാത്രത്തിലേക്ക് സങ്കടത്തോടെ നോക്കിയ അല്ലുമോളെ ഒന്ന് കണ്ണിറുക്കി കാണിച്ചപ്പോഴേക്കും ആള് വീണ്ടും പഴയത് പോലെ ചിരിക്കുന്നത് കണ്ടു.. “”അച്ഛാ മാമു തിന്നോ….. നല്ല മാമു ആണേ..”” ഇടിയപ്പം പതിയെ നൂല് അടർത്തി മാറ്റി കറിയിലേക്ക് മുക്കി അവന്റെ നേരെ നീട്ടി…. വാ തുറന്നു വാങ്ങാൻ നോക്കി എങ്കിലും കറി മുഖത്തേക്കും ബന്യനിലേക്കും ഒക്കെ വീണിരുന്നു… . ദേവയെ ഒന്ന് ഒളികണ്ണിട്ട് നോക്കിയപ്പോൾ ഇപ്പോൾ പൊട്ടും എന്ന പോലെ മുഖം വീർപ്പിച്ചു നിൽക്കുന്നത് കണ്ടു…

വീണ്ടും നോക്കാൻ തുടങ്ങിയപ്പോളേക്കും അടുത്ത ഇടിയപ്പം വായ്ക്ക് നേരെ നീട്ടിയിരുന്നു… ഒരുവിധം കഴിച്ചു തീർത്തപ്പോളേക്കും രണ്ടാളുടെയും ഉടുപ്പും മുഖവും ഷീറ്റും എല്ലാം കറി വീണു കുളമായിരുന്നു ദേവയെ നോക്കാതെ തന്നെ ആ മുഖത്തുള്ള ഭാവം മനസ്സിലായിരുന്നു… “”രണ്ടിനേം ഉണ്ടല്ലോ…. ഇനി എത്ര കഷ്ടപ്പെട്ടാലാ ഇതൊക്കെ ഒന്ന് വൃത്തി ആകുക….”” പരിഭവത്തോടെ പറഞ്ഞതും രണ്ടാളും തല കുനിച്ചു ഇരിക്കുന്നത് കണ്ടു മതി.. അല്ലുമോളുടെ മുഖത്തെ വിഷമം കണ്ടപ്പോൾ പിന്നെ ഒന്നും പറയാൻ തോന്നിയില്ല… “”സാരമില്ലാട്ടോ…. അല്ലൂഷ് സങ്കടപ്പെടണ്ടയെ….””

പറഞ്ഞപ്പോഴേക്കും എടുക്കാൻ വേണ്ടി അവൾക്ക് നേരെ കൈ നീട്ടിയിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മനഃശാസ്ത്രജ്ഞന്റെ മുന്നിൽ ഇരിക്കുന്ന ശാലിനിയുടെ ഭാവങ്ങൾ ഗ്ലാസിന്റെ മറുവശത്തു നിന്നും നോക്കിക്കാണുകയായിരുന്നു ഋഷിയും ശ്രീയും…. പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ പുച്ഛം കലർന്ന ഒരു ചിരിയോടെ അയാളുടെ മുഖത്തേക്ക് നോക്കി ഇരിപ്പുണ്ട് ശക്തി… “”ശക്തിക്ക്‌ ഇതാരാ എന്ന് അറിയാമോ….”” അവളുടെ ചെറിയമ്മയുടെ ഫോട്ടോ മുന്നിലേക്ക് വച്ചപ്പോളേക്കും അവൾ അറപ്പോടെ മുഖം തിരിച്ചു…. “”ഇവരെ… ഇവരെ എനിക്ക് കാണണ്ട….””

അസ്വസ്ഥതയോടെ മുടിയിൽ പിടിച്ചു ഇരിക്കുന്ന അവളെ ഒരു ചിരിയോടെ അയാൾ നോക്കി… “”ശക്തിക്ക് പന്ത്രണ്ടു വയസ്സ് ഉള്ളപ്പോൾ ആണല്ലേ അനാഥ ആകുന്നത്….. പിന്നെ ചെറിയമ്മയുടെ കൂടെ ആയിരുന്നു അല്ലേ….”” അയാൾ ചോദിച്ചപ്പോൾ അവളൊന്ന് മൂളി… “”രാത്രി ചെറിയമ്മ അടുത്തേക്ക് വരുമായിരുന്നു അല്ലേ….ഹ്മ്മ്….”” അയാൾ പറയുന്നത് കേട്ടപ്പോൾ അവൾ അസ്വസ്ഥതയോടെ മുഖം വെട്ടിച്ചു…. അവളിലെ ഓരോ ഭാവങ്ങളും വീക്ഷിച്ചുകൊണ്ട് അയാൾ ചെറിയമ്മ അവളെ ഉപദ്രവിച്ച ഓരോ രീതികളും പറയാൻ തുടങ്ങി….. ഓരോന്ന് പറയുമ്പോഴും ഭ്രാന്ത്‌ പിടിച്ചത് പോലെ അവൾ അലറി വിളിക്കുന്നത് കണ്ടു….

വല്ലാത്ത ഒരു ഭാവത്തോടെ മുഖം വെട്ടിക്കുന്നുണ്ടായിരുന്നു… “”പക്ഷേ അവരന്നു മരിച്ചില്ല അല്ലേ….”” പെട്ടെന്നയാൾ പറഞ്ഞപ്പോ അവളൊരു നിമിഷം ഒന്ന് നിർത്തി… “!ശക്തി അവരെ വീണ്ടും വീണ്ടും പല പ്രാവശ്യം കൊന്നിട്ടും അവര് മരിച്ചില്ല അല്ലേ…… വീണ്ടും വീണ്ടും അവര് പിന്നാലെ വരുന്നു അല്ലേ…..”” അയാളുടെ ചോദ്യം കേട്ടപ്പോൾ കുറച്ചു സമയം ശക്തി ചലനം ഒന്നും ഇല്ലാതെ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.. ഏറെ നേരം കഴിഞ്ഞപ്പോൾ തലയൊന്ന് പതിയെ അനക്കുന്നത് കണ്ടു…

“”അവര് ഇത്രയും വേഷം മാറി ശക്തിയെ പറ്റിക്കാൻ നോക്കിയിട്ടും ശക്തിക്ക് എങ്ങനെയാ അവരെ ഇങ്ങനെ മനസ്സിലാക്കാൻ പറ്റുന്നെ….”” അത് കേട്ടപ്പോൾ അവളുടെ മുഖത്തൊരു ചിരി മെല്ലെ വിടരുന്നത് കണ്ടു…. അഭിനന്ദനങ്ങൾ നേടുന്ന ഒരു കുട്ടിയുടെ ഭാവമായിരുന്നു അവർക്ക് അപ്പോൾ… “”എങ്ങനെയാ ശക്തിക്ക് മനസ്സിലായെ…””. വീണ്ടും സൗമ്യമായി ചോദിച്ചു…. “”അവര്….. അവര് എന്നേ കാണുമ്പോൾ ചിരിക്കും…. പിന്നെ….. പിന്നെ… അവരുടെ സാരി……. എത്ര സെന്റ് അടിച്ചാലും അവരുടെ മണം….””.. വല്ലാത്ത ഒരു ഉന്മാദം നിറഞ്ഞു നിന്നിരുന്നു അവളിൽ…. “”ചെറിയമ്മടെ മണമാണോ അവർക്കൊക്കെ…. ഹ്മ്മ്…””.

വീണ്ടും ചോദിച്ചു… “”ആണല്ലോ…. ഷാജിഏട്ടനും പറഞ്ഞു അവരുടെ മണമാണെന്ന്…””. പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നും ഇല്ലാതെ അവൾ പറഞ്ഞു… ആ പേര് കേട്ടതും ഋഷിയും ശ്രീയും ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു…. “”ആരാ ഷാജി ഏട്ടൻ….”” “”ഷാജി ഏട്ടൻ…… എന്റെ…. എന്റെ…. എനിക്കറിയില്ല ആരാ എന്ന്….”” വീണ്ടും അവൾ മുടിയിൽ പിടിച്ചു വലിച്ചു ഇരുന്നു…. “”ശക്തി അവരുടെ കൈയിൽ കൊടുത്ത സാധനങ്ങളും ഒക്കെ ഷാജിയേട്ടൻ തന്നതാണോ…”” ആവേശം മുഖത്ത് കാണിക്കാതെ അയാൾ ചോദിച്ചു… “”ആഹ്….. ഷാജിയേട്ടൻ…… അത് കൊടുത്താൽ….. എന്നേ…. എന്നേ രക്ഷിക്കും…. അവരെ…..

അവരെ ഇല്ലാതാക്കും…. ഇല്ലെങ്കിൽ അവരെന്നെ വീണ്ടും…””. പാതി മുറിഞ്ഞു പോയ വാക്കുകൾ ഞെട്ടലോടെയാണ് ഋഷിയും ശ്രീയും കേട്ടത്…. ഇതുവരെ ഇല്ലാതിരുന്ന ഒരാൾ കൂടി പട്ടികയിൽ വന്നിരിക്കുന്നു…. “”ഷാജി ഏട്ടൻ എവിടെയാ ഉള്ളേ…”” “”അറിയില്ല…. നിക്ഷേധാർത്ഥത്തിൽ തല കുലുക്കി…. എല്ലാ ഞായറാഴ്ചയും വീട്ടിൽ വരും… എനിക്കുള്ളതെല്ലാം വാങ്ങി തരും…”” ശക്തി പറയുമ്പോൾ ശനി എന്ന് അടയാളപ്പെടുത്തിയ കലണ്ടറിലെ ഇന്നത്തെ ദിവസത്തേക്ക് അവന്റെ കണ്ണുകൾ ചെന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ശ്രീയെ നോക്കി നിൽക്കുകയായിരുന്നു അഭി… ഇന്ന് വൈകിട്ട് നാല് മണിക്ക്‌ ഡ്രസ്സ്‌ എടുക്കാൻ പോകാം എന്ന് പറഞ്ഞതായിരുന്നു ഉച്ചക്ക് വിളിച്ചപ്പോൾ….

ഇപ്പോൾ സമയം അഞ്ചുമണി ആയിട്ടും അവനെ കാണാതെ ആയപ്പോൾ പരിഭവത്തോടെ ഗേറ്റ്ലേക്ക്‌ നോക്കി നിന്നു… “”വാക്കിന് വില ഇല്ലാത്ത ദുഷ്ടൻ…. അങ്ങോട്ട് പ്രേമിച്ചു വീഴ്ത്തിയോണ്ട് മാത്രം തേക്കുന്നില്ല…. ഇങ്ങോട്ട് വരട്ടെ ഇനി…. “” പിറുപിറുത്തുകൊണ്ട് നിന്നപ്പോഴേക്കും ശ്രീയുടെ ബൈക്ക് ഗേറ്റ് കടന്നു വരുന്നത് കണ്ടു… മുഖവും വീർപ്പിച്ചു വാതിൽപ്പടിയിൽ നിൽക്കുന്ന അഭിയെ കണ്ടപ്പോളാണ് അഞ്ച് മണിക്ക് വരാം എന്ന് പറഞ്ഞത് ശ്രീക്ക് ഓർമ്മ വന്നത്…. നാക്ക് കടിച്ചു അവളെ നോക്കിയപ്പോഴേക്കും വെട്ടിത്തിരിഞ്ഞു അകത്തേക്ക് പോയിരുന്നു……തുടരും

മഴമുകിൽ: ഭാഗം 34

Share this story