മഴയേ : ഭാഗം 35

മഴയേ : ഭാഗം 35

എഴുത്തുകാരി: ശക്തി കല ജി

നിവേദയ്ക്കൊപ്പം കിരണിനെ കണ്ടപ്പോൾ അവൾ വിശ്വസിക്കാനാകാതെ തരിച്ചിരുന്നു പോയ്….. തൻ്റെ സ്വന്തം അനിയനെ പോലെ കൊണ്ടു നടന്നവനും ചതിച്ചിരിക്കുന്നു…. ഇത്രയും നാൾ തളർന്നവനെ പോലെ കിടന്ന് അഭിനയിക്കുകയായിരുന്നോ…. അവളുടെ മിഴികളിൽ അമ്പരപ്പ് നിറഞ്ഞു… കൈ കാലുകൾ നിവർത്താൻ നോക്കി പറ്റുന്നില്ല… ” ചേച്ചിടെ കല്യാണമല്ലേ ഞാൻ ഒരുക്കാം” എന്ന് പറഞ്ഞ് നിവേദ അവളെ ഒരുക്കാൻ തുടങ്ങി.. ” നിവേദ വേഗം വേണം… അധികം സമയമില്ല അറിയാല്ലോ… ഞാൻ പോയി എല്ലാം ഒരുക്കട്ടെ” എന്ന് പറഞ്ഞ് കിരൺ പോകാൻ തുടങ്ങി… ” കിരൺ എന്തായിത്…

മനുഷ്യനായി ജനിച്ച് ദൈവമാകണമെന്ന് വാശി പിടിക്കുന്നത് മണ്ടത്തരമാണ്…”..നിനക്ക് എന്താ വേണ്ടത്… എന്ത് ആവശ്യമായാലും ഞാൻ നടത്തി തരാൻ ശ്രമിക്കാം” നിളയുടെ വാക്കുകൾ കേട്ട് അവൻ ഒന്നു നിന്നു… “എൻ്റെ അച്ഛന് കിട്ടാത്തത് എല്ലാം എനിക്ക് നേടണം..മന്ത്രതന്ത്രങ്ങൾ പിന്നെ ആഗ്രഹിച്ച പെണ്ണും മണ്ണും…. ” നിവേദയെ ചേർത്ത് പിടിച്ച് കൊണ്ടാണ് കിരൺ പറഞ്ഞത്… ” മുത്തശ്ശൻ അർഹതയുള്ളവർക്കേ മന്ത്രങ്ങൾ കൈമാറു എന്നറിയില്ലേ. നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത്…”നിള പുച്ഛത്തോടെ ചോദിച്ചു… ”യോഗ്യത ഉണ്ടെങ്കിലും ഇല്ലെങ്കിലും മുത്തശ്ശൻ ഇന്ന് എല്ലാം എനിക്ക് തരും.. .

നീ ഇല്ലാതാകുമ്പോൾ തറവാടിൻ്റെ പാരമ്പര്യo കാത്ത് സൂക്ഷിക്കാൻ ഞാൻ മാത്രമേയുള്ളു… പിന്നെ ഉണ്ണി… നീയില്ലാതെ അവൻ പൂർണ്ണമാകില്ല എന്നും അറിയില്ലേ.. .. അവൻ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞ് നടക്കും…. പിന്നെ ഉത്തരയ്ക്കുള്ള കുഴി നേരത്തെ കുഴിച്ചിട്ടാണ് ഞാനിങ്ങോട്ടേക്ക് വന്നത്.. ഇന്ന് നിലവറയിൽ ചെല്ലുമ്പോൾ കുഞ്ഞു ദേവിയുടെ വിഗ്രഹം അവിടെ കാണാതെ തിരികെ പോകും… അത് ഞാൻ മാറ്റി.. വ്രതം പൂർത്തിയാക്കി മാല തിരികെ ചാർത്താനായില്ലെങ്കിൽ മരണം നിശ്ചയം.. ..”… എന്ന് പറഞ്ഞ് ഉറക്കെ ച്ചിരിച്ച് കൊണ്ട് അവൻ അവിടെ നിന്നും പോയി…

നിള ഒരു ശില പോലെ ഇരുന്നു… അവൾക്ക് കൈകാലുകൾ അനക്കാൻ സാധിച്ചില്ല… മിഴികളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീർ കണങ്ങൾ നെഞ്ചിലൂടെ ഒഴുകിയിറങ്ങുമ്പോൾ നെഞ്ചിലെ തണുപ്പ് അവൾക്ക് പ്രതീക്ഷയേകി…. അവൾ മിഴികൾ പൂട്ടി… ഇനി മൗനം തുടരുന്നതാണ് നല്ലത്… ഉണ്ണിയേട്ടൻ വരുന്നത് വരെ ഇവരെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നി… “എനിക്ക് അണിയാനുള്ളത് തരു നിവേദ… ഞാൻ തനിയെ ഒരുങ്ങിക്കോളാം… എൻ്റെ അനിയത്തിക്കുട്ടിയായി ഒപ്പം കൊണ്ട് നടന്നതിന് നീ തന്ന ശിക്ഷ വലുതാണ്…

നിന്നെ കൊണ്ടിത് വരെ ഒരു ജോലിയും ഞാൻ ചെയ്യിപ്പിച്ചിട്ടില്ലല്ലോ.. അതു കൊണ്ട് ഞാൻ തന്നെ ചെയ്തോളാം” നിള പറയുമ്പോൾ നിവേദ കൈയ്യിലെ ബന്ധനം അഴിച്ച് കൊടുത്തു മുറിയടച്ച് പുറത്തേക്ക് പോയി…. നിള പലകയിൽ വച്ചിരിക്കുന്ന ആടയാഭരണങ്ങൾ കണ്ടു….. അവൾ അതിലേക്ക് കുറച്ച് നിമിഷങ്ങൾ നോക്കി നിന്നു… എന്തോ തീരുമാനിച്ച് ഉറച്ചത് പോലെ ആടയാഭരണങ്ങൾ അണിഞ്ഞ് ഒരുങ്ങാൻ തുടങ്ങു…. കുറച്ച് സമയത്തിനുള്ളിൽ തന്നെ അവൾ നവവധുവിനെ പോലെ ഒരുങ്ങി…. കിരണും നിവേദയും വന്ന് അതിശയത്തോടെ നോക്കി നിന്നു പോയി.. ” നിളേച്ചിയെ ബലി കൊടുക്കാതിരുന്നൂടേ “നിവേദയ്ക്ക് ചോദിക്കാതിരിക്കാനായില്ല… ” അതിന് ആരു പറഞ്ഞു ബലി കൊടുക്കാനാണ് എന്ന്….

ഈ കാർത്തികദീപം തറവാട്ടിലേക്ക് മരുമകളായി വരാൻ യോഗ്യതയുള്ള ഒരു പെണ്ണേ ഈ ഭൂമിയിൽ ജനിച്ചിട്ടുള്ളു.. അത് മകം നാളിൽ പിറന്ന നിളയാണ് “… ഭാര്യയായി കൂടെ കൂട്ടിയാൽ എനിക്ക് കിട്ടാൻ പോകുന്ന സൗഭാഗ്യങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തത് ആണ്” കിരൺ പൊട്ടിച്ചിരിയോടെ പറഞ്ഞു…. ” അപ്പോൾ ഞാനോ…. നമ്മുടെ കുഞ്ഞോ ” നിവേദയുടെ കൈകൾ അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു… “എന്ത് നമ്മുടെ കുഞ്ഞോ….. അതങ്ങ് മറന്നു കളഞ്ഞേക്ക് എൻ്റെ രീതി അങ്ങനെയാണ്.. അത് നിനക്കറിയാമല്ലോ.. നിളയെ ഭാര്യയായിട്ട് കൂട്ടാനാണ് എൻ്റെ തീരുമാനം “കിരൺ പറഞ്ഞപ്പോൾ നിവേദ ദേഷ്യത്തോടെ അവനെ അടിക്കുകയും പിച്ചുകയും മാന്തുകയും ചെയ്തു …

കിരൺ ദേഷ്യത്തോടെഅവളെ കൈകൊണ്ട് തള്ളി മാറ്റിയതും താഴെ ബോധമറ്റു വീണു.. “എന്താ കിരൺ ഇത് .. അവളെ ഒന്നും ചെയ്യല്ലേ .. അവൾ നിൻ്റെ കുഞ്ഞിനെ ചുമക്കുന്നവളാണ്… ജീവിതത്തിൽ നീ കൂടെ കൂട്ടും എന്ന് അന്ധമായി വിശ്വസിച്ചവൾ… നിന്നോടുള്ള ഭ്രാന്തമായ പ്രണയം കൊണ്ടാണ് നീ ചെയ്ത കൊള്ളരുതായ്മയ്ക്ക് എല്ലാം കൂട്ടുനിന്നത് …. എന്നിട്ടും നീ കയ്യൊഴിയുന്നത് ശരിയല്ല .. നീ അവളെ സ്വീകരിക്കണം …ഇതുവരെയുള്ള എന്ത് തെറ്റ് ആണേലും തറവാട്ടിൽ ഉള്ളവർ ക്ഷമിച്ച് നിന്നെ സ്വീകരിക്കും…. ഇനിയും തെറ്റിലേക്ക് പോകരുത് …രുദ്രൻ വേറെ എന്തോ ആണ് ഉദ്ദേശിക്കുന്നത്..

കാരണം എന്നെ ബലി കൊടുക്കാൻ ആണ് ഇവിടെ കൊണ്ടുവന്നത് അപ്പോൾ പിന്നെ എന്നെ നീയുമായുള്ള വിവാഹത്തിന് എങ്ങനെയാണ് സമ്മതിച്ചത്… ചിന്തിക്ക് ചിലപ്പോൾ നമ്മൾ രണ്ടുപേരേയും ഒരുമിച്ച് ബലി കൊടുക്കാൻ ആണ് തീരുമാനമെങ്കിലോ.. “. നിള അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു…. ” ഇത്രയും നാളും അദ്ദേഹത്തിന് ചൊൽപ്പടിക്ക് ഞാൻ എല്ലാം ചെയ്തത് ജീവിച്ചതും എല്ലാം ഈ ഒറ്റനിമിഷത്തിന് വേണ്ടിയായിരുന്നു.. അദ്ദേഹം തന്നെയാണ് പറഞ്ഞത് നിന്നെ വിവാഹം കഴിച്ചാൽ ലോകം തന്നെ തങ്ങളുടെ കാൽക്കീഴിൽ ആവും എന്ന് ആ സൗഭാഗ്യം അദ്ദേഹത്തിന് വേണ്ട എന്നും പറഞ്ഞു ..

അദ്ദേഹം എനിക്കുവേണ്ടി എല്ലാം വിട്ടു നൽകി അങ്ങനെ ഒരാളെ ഞാൻ സംശയിക്കാൻ പാടുണ്ടോ ഒരിക്കലുമില്ല .. പക്ഷേ അദ്ദേഹത്തിന് ഒരു നിബന്ധനയേ ഉള്ളു… ഉത്തരയുടെ കഴുത്തിലണിഞ്ഞ ആ മാല മാത്രം മതി.. ” എന്ന് കിരൺ പറഞ്ഞതും രുദ്രൻ അവിടേക്ക് കടന്നു വന്നു.. തറയിൽ വീണ് കിടക്കുന്ന നിവേദയെ കണ്ടു അയാൾ നിവേദയുടെ വയറിലേക്ക് നോക്കി… അവളുടെ കൈകൾ വയറിനെ പൊതിഞ്ഞു പിടിച്ചിരുന്നു…. അയാൾ നിവേദയെ എടുത്ത് കൊണ്ടുപോയി അടുത്ത മുറിയിൽ കിടത്തി തിരിച്ചു വന്നു… “പാവം എല്ലാം വിശ്വസിച്ചു എനിക്ക് വേണ്ടി എല്ലാo സമർപ്പിച്ചു എന്ന് കരുതി….

അവൾ രുദ്രനാണ് അവളെ സമർപ്പിച്ചത് ” കിരൺ രുദ്രനെ നോക്കി പറഞ്ഞു “അതെ എൻ്റെ മായാജാലത്തിൽ ആണ് അവൾ വീണു പോയത്.. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ അച്ഛൻ ഞാനാണ് എൻ്റെ ചോരയിൽ ഒരു കുഞ്ഞിനെ എനിക്ക് വേണമായിരുന്നു…. അതിനുള്ള വഴിയായിരുന്നു നിവേദ… ” രുദ്രൻ പൊട്ടിച്ചിരിച്ചു.. “നിങ്ങൾക്കെങ്ങനെ തോന്നി അവളോട് ഇങ്ങനെ ചെയ്യാൻ… അവൾ കൊച്ചു കുട്ടിയാണ് .. നിങ്ങളോ ഇനി പത്ത് വർഷം കൂടി ജീവിച്ചിരിക്കാൻ മാത്രം ആയുസ്സുള്ള ഒരു മനുഷ്യൻ…. അവളുടെ മനസ്സിൽ കിരൺ ആണ് കുഞ്ഞിൻ്റെ അച്ഛൻ..

കിരണിനെ നേടാൻ വേണ്ടിയാണ് അവൾ നിങ്ങൾ പറയുന്നതൊക്കെ അനുസരിച്ചുണ്ടാവുക… ഇതൊക്കെ അറിഞ്ഞു കഴിഞ്ഞാൽ അവൾ ഹൃദയം തകർന്നു മരിച്ച് പോകും കിരൺ എന്തിന് നീ ഇതിന് കൂട്ടുനിന്നു .. ” നിള ദേഷ്യത്തോടെ ചോദിച്ചു . “അതെ എനിക്ക് എല്ലാം ലോകത്ത് എല്ലാം നേടണം ആയിരുന്നു .. അതിന് വേണ്ടി എൻ്റെ ഗുരു രുദ്രൻ പറഞ്ഞതനുസരിച്ചാണ് ഇത് വരെ ജീവിച്ചത്…. എനിക്ക് മുത്തശ്ശനോട് പ്രതികാരം ചെയ്യണം.. എനിക്ക് പഠിപ്പിച്ച് തരില്ല എന്നു പറഞ്ഞ മന്ത്രത്തെ തോൽപ്പിക്കണം.. അതുകൊണ്ടാണ് എൻ്റെ പ്രണയിനിയെ തന്നെ അദ്ദേഹത്തിന് വിട്ടു നൽകിയത് …

വെറുതെ സംസാരിച്ച് സമയം കളയണ്ട…. വേഗം താലികെട്ടി സ്വന്തമാക്കിയേ തീരു… എന്നിട്ട് വേണം ഉത്തരയുടെ കഴുത്തിലെ മാല സ്വന്തമാക്കാനുള്ള ശക്തി കിട്ടു… “ഞങ്ങളുടെ വിവാഹം വേഗം നടത്തണം ഗുരുവേ.. ” കിരൺ നിളയെ നോക്കി ക്രൂരമായി ചിരിച്ചു….. “ഒരിക്കലുമല്ല കിരൺ നീ എനിക്ക് എൻ്റെ സ്വന്തം അനിയനെ പോലെയാണ്.. എന്നെ ഭർത്താവായി സ്വീകരിക്കുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ … ഇനി വീണ്ടും തെറ്റിലേക്ക് ആണ് പോകുന്നത് .. ഞാൻ നിൻ്റെ ചേച്ചിയുടെ സ്ഥാനത്തുനിന്ന് പറയുകയാണ് ഞാൻ…. ഇങ്ങനെ ഒരു തെറ്റ് ചെയ്യരുത്.. അത് നിനക്ക് അപകടം ഉണ്ടാക്കും…

രുദ്രൻ അയാൾ വേറെന്തോ തീരുമാനിച്ചിട്ടുണ്ട് അതുകൊണ്ട് ആലോചിച്ച് വേണം എല്ലാം തീരുമാനിക്കാൻ “എന്ന് നിള പറഞ്ഞതും രുദ്രൻ്റെ കൈ വായുവിൽ ഉയർന്നു താണു… നിള കറങ്ങി താഴേക്ക് വീണു പോയി കണ്ണിന് കാഴ്ച മറയുന്നത് തോന്നി അബോധാവസ്ഥയിലേക്ക് പോകുമ്പോഴും നിളയുടെ മനസ്സ് നിവേദയെ ഓർത്തു വേദനിച്ചുകൊണ്ടിരുന്നു… ❤❤❤❤❤❤❤❤❤❤❤❤❤❤❤ രാവിലെ ഉണർന്നപ്പോൾ ഗൗതമേട്ടൻ്റെ കരവലയത്തിനുള്ളിൽ സുരക്ഷിതയായിരുന്നു… ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു കുളിക്കാൻ പോയി… കുളിച്ച് വന്നപ്പോഴേക്ക് ഗൗതമേട്ടനെ നിലവറയിൽ കണ്ടില്ല..

പുലർച്ചെ എഴുന്നേറ്റത് മുതൽ തറവാട്ടിൽ എല്ലാരും തിരക്കാണ്..ഞാൻ മാത്രം ഒരു ജോലിയുമില്ലാതെ വെറുതെ ഇരുന്നു.. .. എല്ലാരുടെയും മുഖത്ത് ഭയം തെളിഞ്ഞ് കിടന്നിരുന്നു…. ആരും എന്നോട് മിണ്ടിയില്ല.. രാഗിണിയമ്മയും മാധവേട്ടനും എന്നെ നോക്കി എന്തൊക്കെയോ പറയുന്നു… എന്നെ കുറ്റപ്പെടുത്തി സംസാരിച്ചതാകും എന്ന് എനിക്ക് തോന്നി.. പിന്നെ അവരുടെ മുൻപിൽ ഇരിക്കാൻ തോന്നിയില്ല… എഴുന്നേറ്റ് തറവാട്ടു മുറ്റത്തേക്ക് നടന്നു… മുറ്റത്ത് പൊഴിഞ്ഞ് വീഴുന്ന പൂക്കൾ കാണാൻ തന്നെ ഭംഗിയാണ് താമര പൊയ്കയിലെ പടവിൽ പോയി ഇരുന്നു… എൻ്റെ മനസ്സ് നിയന്ത്രണമില്ലാതെ സഞ്ചരിച്ചുകൊണ്ടിരുന്നു… വ്രതം തുടങ്ങി ഇരുപത്തിയൊന്നാം ദിവസമായിരിക്കുന്നു…

എൻ്റെ ജന്മ ലക്ഷ്യം പൂർത്തിയാക്കേണ്ട ദിവസം… ഉണ്ണിയുടെയും നിളയുടെയും കാര്യം എന്തായി എന്ന് അറിയില്ല… ആരോടും ചോദിക്കാൻ പറ്റാത്ത ഒരവസ്ഥയായിപ്പോയി…. ” ഇവിടെ വന്നിരിക്കുകയാണോ…വേഗം വാ.. കാർത്തികദീപം തറവാട്ടിലേക്ക് പോകാൻ സമയമായി ” എന്ന് ഗൗതമേട്ടൻ്റെ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കി.. “ഗൗതമേട്ടാ എനിക്ക് ഓർമ്മകൾ നശിക്കണ്ട.. എന്ത് ചെയ്യണം “…എന്ന് ഞാൻ ചോദിച്ചു.. “മുത്തശ്ശൻ കാർത്തികദീപം തറവാട്ടിൽ നിന്ന് കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ നിൻ്റെ കഴുത്തിലെ മാല അണിയിച്ച ശേഷം ഈ തറവാട്ടിൽ പ്രതിഷ്ഠിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്….

അങ്ങനെ പ്രതിഷ്ഠിക്കുകയാണെങ്കിൽ നമ്മുടെ ഓർമ്മകൾ മാഞ്ഞു പോകില്ല… പിന്നെ നിൻ്റെ കഴുത്തിലെ താലി അഴിച്ച് കൊടുക്കുമ്പോൾ പകരം ഞാൻ മറ്റൊരു താലിനിൻ്റെ കഴുത്തിൽ അണിയിച്ച് തന്നാൽ മാത്രമേ പഴയത് പോലെ നീ എൻ്റെ ഭാര്യയാകു… അല്ലെങ്കിൽ നമ്മൾ വെറും പരിചയക്കാർ മാത്രമായിരിക്കും ” എന്ന് ഗൗതമേട്ടൻ പറയുമ്പോൾ എൻ്റെ മുഖത്തേക്ക് നോക്കിയില്ല.. ” ഓർമ്മകൾ നഷ്ട്ടപ്പെടാതിരുന്നാൽ മതി… എനിക്ക് ഈ ഓർമ്മകൾ മതി മുൻപോട്ട് ജീവിക്കാൻ .. അതിന് ഗൗതമേട്ടൻ്റെ ഭാര്യയാകണമെന്നില്ല.. എന്നെ മനസ്സിലാക്കാൻ കഴിയാത്തവരെ എനിക്കും വേണ്ട..”

എന്ന് പറഞ്ഞ് ഗൗതമേട്ടനെയും കടന്ന് പോകുമ്പോൾ എൻ്റെ ഹൃദയമെന്തിനോ വിങ്ങുകയായിരുന്നു…. പിന്നീട് ആരുടെയും മുൻപിൽ മുഖം കാണിക്കാതെ നിലവറയുടെ ഇരുട്ടിൽ തന്നെയിരുന്നു…. മുത്തശ്ശി എനിക്ക് മാറാനുള്ള വസ്ത്രം കൊണ്ടു തന്നു… “ആരു കൂടെയില്ലെങ്കിലും ഈ മുത്തശ്ശിയുണ്ട് മോൾടെ കൂടെ… കിരണിൻ്റെ കാര്യത്തിൽ ഞാൻ പറഞ്ഞതല്ലേ ഉത്തര അനുസരിച്ചുള്ളു. . സത്യം എല്ലാവരും അറിയുമ്പോൾ മോളോടുള്ള വിഷമങ്ങൾ മാറും “മുത്തശ്ശിയുടെ വാക്കുകൾ മനസ്സിന് സന്തോഷമേകി… മുത്തശ്ശി നിലവറയിൽ നിന്ന് മടങ്ങിയ ശേഷം വേഗം വസ്ത്രം മാറി ഒരുങ്ങി..

ഞങ്ങൾ കാർത്തികദീപം തറവാട്ടിലേക്ക് പോകുന്നത് കൊണ്ട് വല്യച്ഛനെയും ഭാര്യയുo ഇങ്ങോട്ട് വന്നു.. എന്നെ കണ്ടതും മുഖം തിരിച്ചു… മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും അനുഗ്രഹം വാങ്ങി ഗൗതമേട്ടൻ്റെ കൈ പിടിച്ച് തറവാട്ടു മുറ്റത്തു കൂടി നടന്നു പോകുമ്പോൾ മഴ പെയ്തു തുടങ്ങിയിരുന്നു.. ബൈക്കിൽ ഭയത്തോടെയാണ് കയറിയത്.. കാർത്തികദീപം തറവാട്ടുമുറ്റത്തെത്തിയപ്പോഴേക്ക് നനഞ്ഞു കുളിച്ചിരുന്നു.. ബൈക്കിൽ നിന്നിറങ്ങിയതും ഗൗതമേട്ടൻ എന്നെ ചേർത്തു പിടിച്ചു കൊണ്ട് മുൻപോട്ട് നടന്നു.. ആദ്യം കാവിനുള്ളിൽ കയറി… കുഞ്ഞു ദേവിയുടെ വിഗ്രഹത്തിന് കാവിലെ വെള്ളി നിറത്തിലുള്ള നാഗം കാവൽ നിൽക്കുന്നുണ്ടായിരുന്നു….

കുഞ്ഞു ദേവിയുടെ വിഗ്രഹം നാഗത്തിൻ്റെ അനുവാദത്തോടെ ഗൗതമേട്ടൻ കൈയ്യിൽ എടുത്തു… മഴയുടെയും കാറ്റിൻ്റെയും ശക്തി കൂടി.. കാവിലെ മരങ്ങൾ ഓരോന്നായി കാറ്റിൽ മറിഞ്ഞു വീണു…. ഗൗതമേട്ടൻ വലത് കൈയ്യുർത്തിയതും വീണു കിടന്ന മരങ്ങൾ വഴി മാറി കൊടുത്തു… തറവാട്ടിൻ്റെ വാതിൽ തുറന്ന് അകത്ത് കയറി… ഗൗതമേട്ടൻ നിലവറയുടെ വാതിൽ തുറന്നു….. കുഞ്ഞു ദേവിയെ യഥാസ്ഥാനത്ത് വച്ചതും പ്രകൃതി ശാന്തമായി…. താമര പൂവിതളുകൾ ചുറ്റും വീണു കൊണ്ടിരുന്നു… ഗൗതമേട്ടൻ ചിരിയോടെ ഓരോ വിളക്കുകളിലായി ദീപം തെളിയിച്ചു… ❤❤❤❤❤❤❤❤❤❤❤❤❤❤❤

കുറച്ച് സമയത്തിന് ശേഷം നിള സ്വബോധത്തിലേക്ക് വന്നു… പാതി മിഴികൾ തുറന്നപ്പോൾ കിരണും രുദ്രനും തൊട്ടു മുന്നിൽ കണ്ടതും അവൾ വീണ്ടും കണ്ണടച്ച് കിടന്നു… അവർ എന്താ സംസാരിക്കുന്നത് എന്ന് ശ്രദ്ധിച്ചു കിടന്നു…. ” മിടുക്കൻ നീ അങ്ങനെ ചെയ്തത് നന്നായി… ഉത്തരയ്ക്ക് ഒരിക്കലും കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ മാല തിരികെ ചാർത്താൻ കഴിയില്ല…. നീ കുഞ്ഞു ദേവിയുടെ വിഗ്രഹം എവിടെയാണ് ഒളിപ്പിച്ചത് ” എന്ന് രുദ്രൻ ആകാംക്ഷയോടെ ചോദിച്ചു…. “ഞാനത് ഇവിടെ കൊണ്ടുവന്നു…. ” എന്ന് പറഞ്ഞ് കിരൺ സഞ്ചിയിൽ നിന്നും കുഞ്ഞു ദേവിയുടെ വിഗ്രഹം പുറത്തേക്കെടുത്തതും രുദ്രൻ അട്ടഹസിച്ചു… ”

ഇനി എങ്ങനെ ഉത്തര മാല കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ ചാർത്തും ” എന്ന് പറഞ്ഞ് കിരൺ വിഗ്രഹം രുദ്രൻ്റെ കൈയ്യിലേക്ക് കൊടുത്തു… രുദ്രൻ വിഗ്രഹത്തിലേക്ക് സൂക്ഷിച്ച് നോക്കി…. ” ഇവർ നമ്മുടെ നീക്കങ്ങൾ അറിഞ്ഞു ചതിച്ചു … ഇത് യഥാർത്ഥ വിഗ്രഹമല്ല…”അയാൾ കൈയ്യിലെ വിഗ്രഹം എടുത്തെറിഞ്ഞു… അത് താഴേക്ക് വീഴാതെ കരുത്തുറ്റ രണ്ടു കരങ്ങൾ താങ്ങി പിടിച്ചിരുന്നു… ആ കരങ്ങൾ ഉണ്ണിയുടേതായിരുന്നു…. അവൻ ഒറ്റ കുതിപ്പിന് നിളയുടെ അടുത്തെത്തി.. ഹോമകുണ്ഡത്തിനരുകിലായി വിഗ്രഹം വച്ചു.. നവവധുവിൻ്റെ വേഷത്തിൽ ഒരുങ്ങി നിന്ന നിളയെ ഒരു നിമിഷം കൺചിമ്മാതെ നോക്കി നിന്നു പോയി…. ”

കിരൺ അവനെ രക്ഷ കെട്ടാൻ സമ്മതിക്കരുത്… എന്ന് രുദ്രൻ വിളിച്ച് പറഞ്ഞപ്പോഴാണ് കിരൺ ഉണ്ണിയുടെ കൈയ്യിലെ രക്ഷ കണ്ടത്…. ” കഴിഞ്ഞ ജന്മം നമ്മൾ ഒന്നിച്ചതാണ്…. ഈ ജന്മം ഗൗതമിനും ഉത്തരയ്ക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടി എൻ്റെ ജീവൻ ഞാൻ ത്യാഗം ചെയ്യും…..” ഉണ്ണിയേട്ടൻ്റെ കൈയ്യിൽ ആ രക്ഷ കെട്ടു…. അയാളുടെ ആക്രമണത്തിൽ മരണം സംഭവിക്കില്ല… ” എന്ന് പറയുമ്പോൾ നിളയുടെ മിഴികൾ നിറഞ്ഞു…. ” ഇല്ല… എനിക്ക് കഴിയില്ല നിള… അറിഞ്ഞു കൊണ്ട് നിന്നെ മരണത്തിലേക്ക് പറഞ്ഞയക്കില്ല……..” എന്ന് ഉണ്ണി നിളയെ നോക്കി പറഞ്ഞു…. ”

ഇപ്പോൾ ഇയാളുടെ ഇംഗിതത്തിന് നിന്നു കൊടുത്തില്ലെങ്കിൽ ഉത്തരയെയും ഗൗതമേട്ടനേയും അയാൾ അപകടപ്പെടുത്താൻ ശ്രമിക്കും”.. അയാൾ എന്നെ ബലി കൊടുത്ത ഉടനെ അയാളെയും ഹോമകുണ്ഡത്തിലേക്ക് തള്ളിയിട്ട് നിവേദയും കൂട്ടി രക്ഷപ്പെടണം”… നിള ഉണ്ണിയുടെ കൈയ്യിൽ നിന്നും രക്ഷ പിടിച്ചു വാങ്ങി… ഉണ്ണിയുടെ കൈയ്യിൽ കെട്ടി.. രുദ്രനും കിരണും മുൻപോട്ടു നിന്നു.. മന്ത്രം കൊണ്ട് ഉണ്ണിയേയും നിളയേയും ബന്ധിച്ചു.. .” കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൻ മാല ചാർത്തുന്നത് വരെ ഇവിടെ പിടിച്ചു നിന്നേ പറ്റു…. ” നിള ഉണ്ണിയുടെ കൈയ്യിൽ പിടിച്ചു നിന്നു….. രുദ്രൻ ഹോമകുണ്ഡത്തിൽ തീ പകർന്നു… അയാളുടെ ചുണ്ടുകൾ മന്ത്രം ജപിച്ചു തുടങ്ങി…. അതിശക്തമായ കാറ്റ് വീശി….

തുടങ്ങി വിളക്കുകൾ ഓരോന്നായി അണഞ്ഞു…. ഉണ്ണിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… ഇപ്പോൾ ഉത്തരേച്ചി കുഞ്ഞു ദേവിയുടെ വിഗ്രത്തിൽ മാല തിരികെ ചാർത്തി കഴിഞ്ഞിട്ടുണ്ടാവും…. അവൻ മന്ത്രബന്ധനത്തിൽ നിന്ന് മുക്തനായി… കൈയ്യിൽ കരുതിയിരുന്ന താലി നിളയുടെ കഴുത്തിൽ കെട്ടി കൊടുക്കുമ്പോൾ അവൾ അവനെ അത്ഭുതത്തോടെ നോക്കി.. നെറുകയിൽ സിന്ദൂരം ചാർത്തുമ്പോൾ അവൾ മിഴികൾ അടച്ചു… “എൻ്റെ ഭാര്യയെ രുദ്രന് ബലി കൊടുക്കാൻ കഴിയില്ല ” എന്ന് പറഞ്ഞ് അവൻ്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു……. തുടരും

മഴയേ : ഭാഗം 34

Share this story