ഒറ്റത്തുമ്പി: ഭാഗം 1

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

“തുമ്പീ.. ഇവിടെ എനിക്ക് ചെയ്യാനുള്ള പണിയേ ഉള്ളൂ. പോയി പഠിച്ചോ. നിന്റെ പപ്പാ പറയുന്നത് പോലെ എൻജിനീയർ ആകാനുള്ള കൊച്ചാ..” “തുമ്പീ നീ പിന്നേം വന്നോ? ആഹ് നിർബന്ധം ആണെങ്കിൽ ആ പാത്രം കഴുകി വച്ചിട്ട് വേഗം പോയി പഠിക്ക്” “തുമ്പീ. ആ വാഷ് ബേസിനിൽ കിടക്കുന്ന പത്രങ്ങളൊക്കെ വേഗം കഴുകി വയ്ക്ക്” “തുമ്പീ. എനിക്ക് ഒട്ടും വയ്യ. ഭയങ്കര നടു വേദന. നാളെ മുതൽ നീ രാവിലെ എഴുന്നേറ്റ് അടുക്കളയിൽ സഹായിക്കണം കേട്ടോ” “ഡാൻസ് ക്ളാസിനൊന്നും ഇനി പോകേണ്ട. പ്ലസ്റ്റു അല്ലെ നീ. ഉള്ള സമയം കൊണ്ട് പഠിക്കാൻ നോക്ക്” “തുമ്പീ നിനക്കെന്താ രാവിലെ എഴുന്നേൽക്കാൻ ഇത്ര മടി? പണി എല്ലാം ചെയ്യാൻ ഇവിടെ ഞാൻ മാത്രമേയുള്ളൂ എന്നറിയില്ലേ? ദേ ഈ മീനെല്ലാം വേഗം വെട്ടി കറി വയ്ക്ക്.

പെട്ടെന്ന് വേണം” “നിനക്ക് എൻജിനീയറിങ്ങിന് ചേരണം എന്നൊക്കെ പറയുന്നത് കേട്ടല്ലോ? അതൊന്നും വേണ്ട. ഒരുപാട് പൈസ ആകും. നീ ഇവിടെ എവിടേലും ഡിഗ്രിക്ക് എങ്ങാനും ചേർന്നാൽ മതി” ചിത്രം സിനിമയിലെ രഞ്ജിനി ചേച്ചിയെപോലെ കഴിഞ്ഞ എട്ടു മാസത്തിനിടയ്ക്ക് ആന്റിയുടെ സംസാരത്തിൽ വന്ന മാറ്റങ്ങൾ ഓർക്കുകയായിരുന്നു ഞാൻ. എന്റെ അമ്മ അന്ന, പപ്പാ മാത്യൂസ്. അമ്മ ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോ പാമ്പുകടിയേറ്റ് മരിച്ചതാണ്. അന്ന് അമ്മയുടെ വയറ്റിൽ എന്റെ അനിയൻ വാവയും ഉണ്ടായിരുന്നു. നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ കഴിഞ്ഞേനെ എന്നു ഡോക്ടർമാർ പറഞ്ഞത് കേട്ട് പപ്പയുടെ ചങ്കു പൊട്ടി കാണണം.

അവർക്കത് സ്ഥിരം ഡയലോഗ് ആണെങ്കിലും ജീവിതം നമ്മുടേതല്ലേ. ഇടുക്കിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് വണ്ടി സൗകര്യം ഒക്കെ അന്ന് അന്യമായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം പപ്പാ സമരം ചെയ്താണ് ഞങ്ങളുടെ നാട്ടിൽ റോഡ് വന്നത്. പിന്നാലെ ബസ് സർവീസും തുടങ്ങി. നാട്ടിൽ പതിയെ വികസനം വന്നെത്തി നോക്കി. പിന്നെ അതിവിടെ സ്ഥിരം സന്ദർശകനായി. സ്ഥിരതാമസം ആക്കിയാൽ എത്ര നന്നായേനെ. പപ്പാ ഒരു വില്ലേജ് ഓഫീസർ ആയിരുന്നു. അമ്മയുടെ മരണശേഷം വേറെ പെണ്ണ് കെട്ടാൻ സ്വാഭാവികമായും എല്ലാവരും നിർബന്ധിച്ചു കാണണം. പക്ഷെ എനിക്ക് പപ്പയും പപ്പയ്ക്ക് ഞാനും. അതായിരുന്നു ജീവിതം.

പപ്പയുടെ തുമ്പിമോൾ ആയിരുന്നു ഞാൻ. എന്റെ ഭാഷയിൽ ഒറ്റത്തുമ്പി. എന്നെ എൻജിനീയർ ആക്കാൻ ആയിരുന്നു ആഗ്രഹം. കഴിഞ്ഞ വർഷം പപ്പാ റിട്ടയേഡ് ആയി. എട്ടു മാസം മുൻപാണ് ഒരു നെഞ്ചു വേദന പപ്പയെ കൊണ്ടുപോയത്. ജീവിതത്തിന്റെ തണലാണ് അന്ന് എന്നിൽ നിന്ന് വെട്ടി മാറ്റപ്പെട്ടത്. പപ്പായുടെ മരണത്തോടെ വീട്ടിൽ ഒറ്റക്കായി പോയ എന്നെ പാപ്പനും ആന്റിയും കൂടി ഇവിടേയ്ക്ക് കൊണ്ടുവന്നതാണ്. നാല് അനിയന്മാരിൽ ആദ്യത്തെയാൾ ആണ് പാപ്പൻ. പേര് ജോസഫ്. ആന്റി റീന. അവർക്കെന്നെ വലിയ കാര്യമാണ്. സവളയുടെ തൊലി കളയുന്നത് പോലെ ഉള്ള് പൊള്ളയാണെന്ന് ഇപ്പോഴാ മനസിലായത്. രണ്ടു പെങ്ങന്മാരും കൂടിയുണ്ട് പപ്പയ്ക്ക്. അമ്മയ്ക്ക് രണ്ടു അങ്ങളമാരാണ്.

അവരെല്ലാം കുടുംബവും കുട്ടികളുമായി കഴിയുന്നു. ആദ്യമൊക്കെ ആന്റിക്ക് എന്നോട് വലിയ സ്നേഹം ആയിരുന്നെങ്കിലും പോകെപ്പോകെ ചില മാറ്റങ്ങൾ വന്നു തുടങ്ങി. ഞാനത് തിരിച്ചറിയുന്നത് ഇപ്പോൾ ആണെന്ന് മാത്രം. ഇനി സീരിയലിലും സിനിമയിലും ഒക്കെ കാണുന്നത് പോലെ ഈ പാവം അഭയാർത്ഥിയോട് പോര് കാണിക്കുന്നതാണോ? ഹേയ്. ആന്റി അങ്ങനൊന്നും ചെയ്യില്ല. ഇനി ചെയ്യോ..? എന്തായാലും ഞാനറിയാതെ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന് ഉറപ്പാണ്. പതിനാലിന്റെ ചടങ്ങു കഴിഞ്ഞ് ഇവിടേക്ക് വന്നതിൽ പിന്നെ എന്റെ വീട്ടിലേക്കൊന്ന് പോകാൻ പോലും ആന്റിയും പാപ്പനും സമ്മതിച്ചില്ല. നാളെ രാവിലെ എന്തായാലും വീട്ടിലേക്കൊന്ന് പോണം.

അത്താഴം കഴിക്കാൻ ചെന്നപ്പോൾ ചോറും മൊരു കറിയും മാത്രം. ഉച്ചയ്ക്ക് ഞാൻ വെട്ടി കറിവച്ച മീൻ എവിടെ പോയോ എന്തോ. ഇതിപ്പോ ആദ്യമായിട്ടല്ല ഞാൻ കഴിക്കാൻ വരുമ്പോ കറികൾ തീർന്നു പോകുന്നത്. ഒന്നും മിണ്ടാതെ കഴിച്ചെഴുന്നേറ്റു. പാത്രങ്ങളെല്ലാം കഴുകി പിറ്റേന്നത്തേക്ക് വേണ്ടി ദോശമാവും അരച്ചു അടുക്കളയും ക്ളീൻ ചെയ്തിട്ടാണ് കിടന്നത്. ചിക്കുവിന്റെ കൂർക്കം വലി എന്റെ ഉറക്കം കളയാൻ തുടങ്ങി. പതിനഞ്ച് വയസെയുള്ളൂ എങ്കിലും മൂക്ക് പീജിക്കാണ് പഠിക്കുന്നത്. പാപ്പന്റെ മൂത്ത മോളാണ് ചിക്കു. പത്തിൽ പഠിക്കുന്നു. ഇളയത് കുക്കു, ഏഴിലാണ്. എന്റെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന ജോലി ആണ് രണ്ടിനും. രാവിലെ പള്ളിയിലേക്കാണ് എന്നും പറഞ്ഞിറങ്ങി. കുർബാന കൂടി, മഠത്തിലേക്ക് ചെന്നു.

എനിക്ക് ഏതു നേരത്തും കയറി ചെല്ലാൻ പറ്റുന്ന ഇടം ആണ്. അസൂയയും കുശുമ്പും ഇത്തിരി കൂടുതൽ ആണെങ്കിലും മഠത്തിലെ അമ്മമാർ കരുണയുള്ളവരാണ്. കാര്യം പറഞ്ഞപ്പോൾ മേരി സിസ്റ്ററും കൂടെ വന്നു. വീട്ടിൽ ചെന്നു കയറിയ ഞാൻ കണ്ണുതള്ളി നിന്നുപോയി. എട്ടു മാസമായി അടഞ്ഞു കിടക്കുന്ന എന്റെ വീട് നല്ല വെടിപ്പായി ഇരിക്കുന്നു. ഒന്നൂടെ നോക്കിയപ്പോൾ അകത്തു ആൾതമാസം ഉണ്ടെന്ന് മനസിലായി. കോളിംഗ് ബെൽ അടിച്ചപ്പോൾ ഒരു ചേച്ചിയും മോളും ഇറങ്ങിവന്നു. ആ നേരം എന്റെ നെഞ്ചിലും പഞ്ചാരിമേളം മുഴങ്ങുന്നുണ്ടായിരുന്നു. “ആരാ..?” “ഞാൻ ശിഖ മേരി മാത്യൂസ്. ഇത് എന്റെ വീടാണ്.

നിങ്ങൾ…?” ചോദ്യം കേട്ട് അവരെന്നെ അടിമുടി ഒരു നോട്ടം. ഇതിപ്പോ അവർ എന്റെ വീട്ടിലോ അതോ ഞാൻ അവരുടെ വീട്ടിലോ? കൂടെ സിസ്റ്റർ ഉള്ളതുകൊണ്ട് നോട്ടത്തിന് അല്പം അയവു വന്നു. “അപ്പോ ഇത് ജോസഫ് ചേട്ടന്റെ വീടല്ലേ..?” ഞാനും മേരിയമ്മയും പരസ്പരം നോക്കി. “അതെന്റെ പപ്പയുടെ അനിയൻ ആണ്.” “ഓഹ്. ചേട്ടനാ ഞങ്ങൾക്ക് ഈ വീട് വാടകയ്ക്ക് തന്നത്. നിങ്ങൾ കയറിയിരിക്കൂ” പിന്നേ. സ്വന്തം വീട്ടിലേക്ക് കയറാൻ നിങ്ങൾ പറഞ്ഞിട്ട് വേണ്ടേ. “എത്ര നാളായി നിങ്ങൾ ഇവിടെ..?” “ഏഴു മാസം കഴിഞ്ഞു.” അറിയാതെ എന്റെ കണ്ണ് നിറഞ്ഞുപോയി. എന്റെ പപ്പാ മരിച്ചു നാല്പത്തിയൊന്ന് പോലും കഴിയുന്നതിന് മുൻപേ ഇവരെ ഇവിടെ താമസിപ്പിച്ചോ പാപ്പൻ..?

അമ്മയുടെതായി ഒരു ഇരുപത് പവനോളം സ്വർണം അലമാരയിൽ ഉണ്ടായിരുന്ന കാര്യം അപ്പോഴാണ് ഓർമ വന്നത്. അവരോട് പറഞ്ഞു ഞാൻ അലമാര തുറന്നു നോക്കി. ആ ചേച്ചിയുടെയും ചേട്ടന്റെയും കുഞ്ഞിന്റെയും കുറെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും മാത്രമേ അതിൽ ഉള്ളൂ. അമ്മയുടെ ഓർമയ്ക്ക് എന്നു പറഞ് പപ്പാ സൂക്ഷിച്ചിരുന്നതാണ് ആ സ്വർണം. എന്റെ കല്യാണത്തിന് അതണിയിക്കണം എന്നായിരുന്നു ആഗ്രഹം. അതും…. ബാങ്കിൽ പോയി അന്വേഷിച്ചപ്പോൾ പപ്പാ എന്റെ പേരിൽ ഇട്ടിരുന്ന പൈസ പിൻവലിക്കാൻ കഴിയുമോ എന്നറിയാൻ പാപ്പനും ആന്റിയും പലതവണ അവിടെ ചെന്നിരുന്നു എന്നറിഞ്ഞു. ശൂന്യമായ മനസോടെയാണ് അവിടെനിന്ന് ഇറങ്ങിയത്.

കള്ളനെ താക്കോൽ ഏല്പിച്ചതുപോലെ ആർക്കും മനസിലാകാത്ത രീതിയിൽ നൈസ് ആയി പാപ്പൻ എന്നെ തേച്ചു. ഇനിയെന്ത്..??? “നീയത് എവിടെ ആയിരുന്നു..?” പ്രതീക്ഷിച്ചത് പോലെ ആന്റി ചോദ്യം ചെയ്യാൻ തുടങ്ങി. മറുപടി പറയാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. അതുകൊണ്ട് മുറിയിലേക്ക് പോയി വേഷം മാറി. മതിവരുവോളം കരഞ്ഞു. പിന്നെ ഉറച്ച തീരുമാനത്തോടെ പുറത്തേക്ക് വന്നു. രാവിലെ ദോശ ഉണ്ടാക്കി വച്ചിട്ടാണ് ഞാൻ പോയത്. ഇപ്പോ ഒരെണ്ണം പോലും ബാക്കിയില്ല. ഞാൻ ചോറെടുത്തു ഉണ്ടായിരുന്ന കറിയും കൂട്ടി കഴിച്ചു. ആദ്യമായിട്ടാണ് അങ്ങനെ ചെയ്യുന്നത്.

ആന്റി അന്തംവിട്ട് നോക്കി. പിന്നെയും ടോം ആൻഡ് ജെറിയിലെ കാല് മാത്രം കാണിക്കുന്ന ആന്റിയെപ്പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഞാൻ മൈൻഡ് ചെയ്തില്ല. “ഞാനിന്ന് വൈകിട്ട് പാലായിൽ ബ്രില്യൻസിന്റെ കോച്ചിങ് സെന്ററിലേക്ക് പോകും. നാളെയാണ് ക്രാഷ് കോഴ്‌സ് തുടങ്ങുന്നത്.” “ങേ..?” പാപ്പൻ ആണ്. ആന്റി ഒരു മുഴം കൂടി മുന്നേ എറിഞ്ഞു: “നീയിവിടെനിന്ന് എങ്ങോട്ടും പോകില്ല. പഠിക്കാൻ വിടണോ വേണ്ടേ എന്നു തന്നെ ഞങ്ങൾ തീരുമാനിച്ചിട്ടില്ല. അപ്പോഴാ ഇല്ലാത്ത കാശ് മുടക്കി എൻട്രൻസ് കോച്ചിങ്ങിനു പോകുന്നത്. ഉവ്വേ…” ആന്റി ഉറഞ്ഞു തുള്ളി.

കഴിയും വരെ ഞാൻ കാത്തുനിന്നു. “ആന്റി ഞാൻ പോകും എന്ന് പറഞ്ഞാൽ പോകും. അതിന് ഇവിടെ നിന്ന് തുള്ളി ആന്റിയുടെ തൊണ്ടയിലെ വെള്ളം പറ്റിക്കുന്നത് എന്തിനാ?” “അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ?” “മതി. എന്റെ കാര്യം തീരുമാനിക്കുന്നത് ഞാനാണ്” “തുമ്പീ” അത്രയും നേരം സ്റ്റെയർകെയ്‌സിന്റെ ഭംഗി നോക്കിക്കൊണ്ടിരുന്ന പാപ്പന്റെ നാവ് ചലിച്ചു. ഞാൻ വിചാരിച്ചത് സഖറിയാ പുണ്യാളന്റെ പോലെ കെട്ട് വീണുകാണും എന്നാണ്. എന്റെ നോട്ടം കണ്ട ആൾ വേഗം ശാന്തനായി. “എഞ്ചിനീറിങ് പടിക്കാനൊക്കെ ഒരുപാട് പൈസ വേണ്ടേ മോളെ? നിനക്ക് മാത്രം പഠിച്ചാൽ മതിയോ? ഇവിടെ രണ്ടു പെണ്കുട്ടികൾ വേറെയും ഇല്ലേ? അവരുടെ പഠിത്തം, കല്യാണം… ഒക്കെ നോക്കേണ്ടേ ഞങ്ങൾ..?”

ഓഹോ. അപേക്ഷയുടെ പുതിയ ഭാഷയും കൊണ്ട് വന്നിരിക്കുകയാണല്ലേ. “അതിന് പാപ്പൻ എന്നെ പഠിപ്പിക്കണം എന്നു ഞാൻ പറഞ്ഞില്ലല്ലോ? പപ്പാ മരിക്കുന്നതിന് ഒരാഴ്ച മുൻപാണ് റിട്ടയർ ആയപ്പോൾ കിട്ടിയ പിഎഫിന്റെ പൈസ എന്റെ പേരിൽ ബാങ്കിലിട്ടത്. അത് മതി, എനിക്ക് പഠിക്കാനും ജീവിക്കാനും” “ഓഹോ. അതു മൊത്തത്തിൽ സ്വയം അങ്ങു അമുക്കാൻ ആണോ ഉദ്ദേശം?” ആന്റിയാണ്. എനിക്കങ്ങു ചൊറിഞ്ഞു വന്നു. “പിന്നെ എന്റെ പപ്പയുടെ കാശിൽ വേറെ ആർക്കാ അവകാശം? ഇളയതുങ്ങളെ ആറുപേരെയും ഒരു നല്ല നിലയിൽ ആക്കാൻ പാടുപെട്ടത് എന്റെ പപ്പയല്ലേ..? തറവാടും പറമ്പും എല്ലാരും കൂടി വീതം വച്ചപ്പോ ഒരു തുണ്ട് മാറ്റി വച്ചോ ആ മനുഷ്യന്? ഇല്ലല്ലോ.” “ഓഹോ.

അപ്പോ നീ അവകാശം ഒക്കെ നോക്കി തുടങ്ങിയല്ലേ. പരുന്തുംകാലെ പോകേണ്ട എന്നു കരുതി ആറേഴു മാസം ഇവിടെ കൊണ്ടുവന്ന് തിന്നാൻ തന്ന എനിക്കിത് തന്നെ വരണം. ഞങ്ങളോട് ഞാൻ അന്നേ പറഞ്ഞതല്ലേ മനുഷ്യാ?” എന്നോട് തോറ്റതിന് പാപ്പന് ആണ് ആന്റി കുർബാന കൊടുക്കുന്നത്. “ഇത്രയും നാൾ താമസിപ്പിച്ചതിന് ഉള്ള കൂലി ആണല്ലോ എന്റെ വീട് വാടകയ്ക്ക് കൊടുത്ത് സമ്പാദിച്ചത്..?” അതോടെ മാലപ്പടക്കം പൊട്ടി തീർന്നത് പോലെ ശാന്തത കൈവന്നു. “എന്റെ സ്‌കൂൾ ബസിലുള്ള പോക്ക് നിർത്തിച്ചു നടത്തി വിട്ടതും ഡാൻസ് ക്ലാസ് നിർത്തിയതും ഞാൻ കഴിക്കാൻ വരുമ്പോ മാത്രം കറികളും പലഹാരവും തീർന്നു പോകുന്നതും ഒന്നും ഞാൻ അറിയുന്നില്ല എന്നു വിചാരിച്ചോ?

എന്നാലും എങ്ങനെ പറ്റി പാപ്പാ, എന്റെ പപ്പെടെ ആത്മാവ് വിട്ട് പോകുന്നതിന് മുൻപ് ആ വീട് വാടകയ്ക്ക് കൊടുക്കാൻ..?” അവസാന വാക്ക് പറയുമ്പോൾ മാത്രം എന്റെ ശബ്ദം ഇടറിയിരുന്നു. “അപ്പോ എല്ലാം പറഞ്ഞപോലെ. ഞാൻ പാലയ്ക്ക് പോകുവാ. ഒരു മാസം കഴിഞ്ഞു ഞാൻ വരുമ്പോഴേക്കും നിങ്ങൾ അടിച്ചു മാറ്റിയ എന്റെ അമ്മേടെ ഇരുപത് പവൻ സ്വർണം ഉണ്ടല്ലോ, അത് തിരിച്ചു കിട്ടണം എനിക്ക്. പിന്നെ വാടകയ്ക്ക് കൊടുത്തിരിക്കുന്ന എന്റെ വീട്, അത് കാലാവധി കഴിയുമ്പോ തന്നെ ഒഴിഞ്ഞു തരാൻ പറയണം. വാടക കാശ്, അത് നിങ്ങൾ ഒരു ബോണസ് ആയിട്ട് വച്ചോ. ” അത്രയും പറഞ്ഞു ഞാൻ സ്ലോ മോഷനിൽ റൂമിലേക്ക് നടന്നു. വേഗത്തിൽ നടക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, കൈകാലുകൾ കുഴഞ്ഞു പോയിരുന്നു. പറഞ്ഞത് പോലെ തന്നെ എല്ലാവരുടെയും ഇരുണ്ട മുഖങ്ങൾ കണ്ടുകൊണ്ട് ഞാൻ ഇറങ്ങി.

തുടരും… ട്വിസ്റ്റും ചെയ്‌സും ഫൈറ്റും സസ്പെൻസും ഒന്നും ഇല്ലാത്ത ഒരു കുഞ്ഞു കഥയാണ്. രാജുവേട്ടൻ പറഞ്ഞതുപോലെ പ്രതീക്ഷയുടെ അമിതഭാരം ഇറക്കിവച്ചു വായിക്കുക😉 നല്ലതായാലും മോശം ആയാലും വെയ്റ്റിംഗ്, സൂപ്പർ, സ്റ്റിക്കർ ഒക്കെ മാറ്റിവച്ചു രണ്ടുവാക്ക് എനിക്കുവേണ്ടി എഴുതുക. എല്ലാവരുടെയും പിന്തുണയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!