ഋതുസംക്രമം : ഭാഗം 16

ഋതുസംക്രമം : ഭാഗം 16

എഴുത്തുകാരി: അമൃത അജയൻ

ആ മുഖത്തെ പാതിയും മറയ്ക്കുന്ന വട്ടക്കണ്ണടയുടെ കാലിലെ സിൽവർ കവറിംഗ് വെയിലേറ്റ് തിളങ്ങി . മുന്നിൽ ചെന്ന് വീൽ ചെയറിൻ്റെ രണ്ട് ഹാൻ്റിലിലുമായി കൈയൂന്നി നിന്ന് അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു . ” സൈർപ്രൈസായോ ” എന്ന ചോദ്യത്തിന് അതേയെന്നർത്ഥത്തിൽ മുഖത്ത് ചിരി വിടർന്നു . അവൻ്റെ കണ്ണുകളോട് കോർത്ത ചില്ലുപാളിയ്ക്കപ്പുറത്തെ വെള്ളാരം കണ്ണുകളുടെ ആഴവും പരപ്പും ഒരു കടലോളമുണ്ട് .. മടിയിൽ പെരുമ്പടവത്തിൻ്റെ അന്തിവെയിലിലെ പൊന്ന് എന്ന പുസ്തകത്തിൻ്റെ ഇടയ്ക്കുള്ള ഏതോ പേജിൽ ചൂണ്ടുവിരൽ കടത്തിവച്ചിരിപ്പുണ്ട് . അവൻ വീൽചെയർ ചരലിലൂടെ ഉരുട്ടിക്കൊണ്ട് നടന്നു . കുറച്ചകലെ വളർന്നു നിൽക്കുന്ന ഒലിവ് മരത്തിൻ്റെ ചോട്ടിൽ വീൽചെയർ നിർത്തി .

അവിടുന്ന് താഴേക്ക് ഭൂമിയുടെ അടുത്ത തട്ടാണ് . അങ്ങനെ ചരിഞ്ഞ മൂന്ന് തട്ടുകൾ കൂടി താഴേയ്ക്കുണ്ട് . ജാതിയും ഗ്രാംപുവും നീർമാതളവും ഒലീവുമെല്ലാം ആ തട്ടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് . വായുവിൽ ഗ്രാംപുവിൻ്റെ നേർത്ത മണം തങ്ങി നിന്നു . അവരിരിക്കുന്ന തട്ട് സിമൻ്റ് തിട്ട കെട്ടി തിരിച്ചിട്ടുണ്ട് . താഴേക്കിറങ്ങാൻ സ്റ്റെപ്പ് കെട്ടിയിട്ടുണ്ട് . അവൻ താഴേക്ക് കാലിട്ട് അവളുടെ അടുത്തിരുന്നു . നേർത്ത കാറ്റിൽ പറന്നു കണ്ണിലേയ്ക്ക് വീണ കുഞ്ഞുമുടിയിഴകൾ ചെവികൾക്കിടയിലേക്ക് തിരുകി ഇടതു കൈനീട്ടി അവൻ്റെ തലയിൽ ചെറുതായി കൊട്ടി എന്താണെന്ന് പുരികമുയർത്തി ചോദിച്ചു . ലിൻ്റ . ബാല്ല്യത്തിൽ അവൻ്റെ അനാഥത്വത്തിലേയ്ക്ക് കടന്നു വന്ന കൂട്ടുകാരി .

നിരഞ്ജന് അഞ്ച് വയസുള്ളപ്പോഴാണ് അവൾ വരുന്നത് . കടം കയറി അച്ഛനും അമ്മയും രണ്ടാൺ മക്കളും ആത്മഹത്യ ചെയ്ത കുടുംബത്തിലെ അവശേഷിച്ച കണ്ണി . പോളിയോ ബാധിച്ചു കാലുകൾ തളർന്നു പോയ , സംസാരശേഷി ജന്മനാ ദൈവം തിരിച്ചെടുത്ത ആ ജീവൻ മാത്രം എന്തിനായിരുന്നു അവർ ബാക്കി വച്ചതെന്നറിയില്ല . ദൈവനിശ്ചയമേ നടക്കൂ എന്ന് ജാൻസി സിസ്റ്റർ പറയാറുണ്ട് . ആ ദൈവനിശ്ചയമിതാവാം . അവനെക്കാൾ മൂന്നു വയസ് ഇളപ്പമുണ്ട് ലിൻറക്ക് . എന്തുകൊണ്ടോ അവളോട് അവൻ്റെ നിഷ്കളങ്കതയ്ക്കന്ന് സഹതാപമോ സ്നേഹമോ ഒക്കെയായിരുന്നു . വളർന്ന് വരും തോറും കൂട്ടുകാർക്കൊപ്പം കളികളിൽ അവൾക്ക് പങ്കെടുക്കാനാകില്ലെന്ന് അവന് മനസിലായി .

അതിൽപ്പിന്നെ എല്ലാവരും ഓടിച്ചാടിക്കളിക്കുമ്പോൾ അവൻ അവൾക്കൊപ്പം കുഞ്ഞു കളികളിൽ കൂട്ടുചേർന്നു . നിഴലായി കൂടെ നടക്കാൻ തുടങ്ങി . അവളുടെ നാവായി . ഡോക്ടറാകണമെന്ന മോഹം പോലും അന്നുദിച്ചതാണ് . വലുതാകുമ്പോ ഡോക്ടറായി ലിൻറമോളെ ചികിത്സിച്ച് നടത്തിക്കണമെന്നും സംസാരിപ്പിക്കണമെന്നുമായിരുന്നു അവൻ്റെ മോഹം . നിരർത്ഥമെങ്കിലും അവൻ്റെയാ ആഗ്രഹത്തെയാരും നുള്ളിക്കളഞ്ഞില്ല . അതിനു മിടുക്കനായി പഠിക്കണമെന്ന് മാത്രം എല്ലാവരും പറഞ്ഞു . പഠിച്ചു . പിന്നീടതൊരു നടക്കാത്ത സ്വപ്നമാണെന്നും ലിൻറമോളൊരിക്കലും നടക്കില്ലെന്നും സംസാരിക്കില്ലെന്നും മനസിലായപ്പോഴും ജാൻസി സിസ്റ്റർ പറഞ്ഞത് അവൻ ഡോക്ടറായാൽ ലിൻറയ്ക്കാണ് അതേറ്റവും ഗുണം ചെയ്യുന്നതെന്നാണ് .

അവനിലെ പഠന മികവിന് ഒരൽപ്പം പോലും മങ്ങലേൽക്കാതെ കാത്ത് വയ്ക്കാൻ ആ വാക്കുകൾക്ക് കഴിഞ്ഞു . ലിൻ്റയും നിരഞ്ജനും ഒരേയാത്മാവാണ് . ഒരാളുടെ മുഖമൊന്ന് വാടിയാൽ , മനസൊന്ന് തളർന്നാൽ മറ്റേയാൾ തിരിച്ചറിയും . അതിനൊരു നോട്ടത്തിൻ്റെ പോലും ആവശ്യം വന്നിട്ടില്ല . അരികത്ത് നിന്നാൽ വലംവച്ചു പോകുന്ന കാറ്റ് പോലും അവർക്കിടയിൽ സംവദിക്കും . ഒന്നുമിന്നോളം പരസ്പരം മറച്ചിട്ടില്ല . ലിൻ്റയോട് പറയാനായി ഒടുവിൽ കരുതി വച്ചിരുന്നത് മൈത്രേയിയായിരുന്നു . കുട്ടിക്കാലം മുതൽ ദൂരെ നിന്ന് കണ്ടു മോഹിച്ച കളിപ്പാട്ടങ്ങളും മിഠായികളുമടക്കം അവരുടെ നടക്കാത്ത സ്വപ്നങ്ങളുടെ നീണ്ട ലിസ്റ്റിൽ അവസാനത്തേതായി മൈത്രേയിയെ അവൻ ചേർത്തു വച്ചു .

ലിൻ്റ വിരലുകളുയർത്തി എന്തോ ആംഗ്യം കാണിച്ചു . ” ഏയ് . ഇനിയൊരിക്കലും അത് നടക്കില്ലടോ . പണ്ട് നമ്മൾ കൊറെ കഥകൾ പറയുമായിരുന്നില്ലേ . അച്ഛനുമമ്മയുമൊക്കെയുള്ള വലിയൊരു വീട്ടിൽ നമ്മളെത്തുന്നത് , ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നത് , അവർക്കൊപ്പം സിനിമ കാണാൻ പോകുന്നത് അങ്ങനെ കുറേ കൂട്ടിയാൽ കൂടാത്ത കടങ്കഥകൾ . മൈത്രേയിയും അക്കൂട്ടത്തിലൊന്നാണ് . നിന്നെ കൂട്ടാതെ ഞാൻ കണ്ട സ്വപ്നം . ” അവൾ പറഞ്ഞതിന് അവൻ്റെ മറുപടിയതായിരുന്നു . അവൾ കുനിഞ്ഞ് വീൽ ചെയറിൽ ഘടിപ്പിച്ചുട്ടുള്ള കുഞ്ഞ് ബാഗിൽ നിന്ന് ഡ്രോയിംഗ് ബുക്കെടുത്തു . അവന് കാര്യം മനസിലായി .

ലിൻ്റ നന്നായി ചിത്രം വരയ്ക്കും . കുട്ടിക്കാലം മുതൽ അവരുടെ ഇഷ്ടങ്ങളെല്ലാം അവൾ വരച്ചു സൂക്ഷിയ്ക്കുമായിരുന്നു . നിരഞ്ജൻ്റെ മനസിൽ ആഴത്തിൽ രചിച്ച മൈത്രേയിയുടെ ചിത്രം ലിൻ്റയുടെ കാൻവാസിൽ തെളിഞ്ഞു . ജീവൻ തുടിയ്ക്കുന്ന അവളുടെ കണ്ണുകളിലും നീണ്ട നാസികയിലും ചുണ്ടിലും അവൻ വിരൽ കൊണ്ട് തലോടി . അവനത് കൈയിലെടുത്തപ്പോൾ ലിൻ്റ പിടിച്ചു വാങ്ങി . ഒരിക്കൽ അവളെ കൂട്ടി വരുമ്പോൾ സമ്മാനിക്കാമത്രെ . നിരഞ്ജനൊന്നും പറഞ്ഞില്ല . പണ്ടുമവളങ്ങനെയായിരുന്നല്ലോ , ഒരിക്കലും നടക്കില്ലെന്ന് താൻ തിരിച്ചറിയുമ്പോഴും അവൾ പ്രതീക്ഷയോടെ കാത്തിരിക്കും . അത്തരം പ്രതീക്ഷകളുടെ കൂടാണ് അവളുടെ വെള്ളിക്കണ്ണിലെ തിളക്കവും .

പഠിത്തമെങ്ങനെ പോകുന്നെന്ന് ചോദിച്ചപ്പോൾ നന്നായി നടക്കുന്നെന്ന് പറഞ്ഞു . അവളിപ്പോൾ മലയാളം ബിരുദാനന്തര ബിരുദം ഒന്നാം വർഷമാണ് . ഡിസ്റ്റൻ്റായി പഠിക്കുന്നു . ഡിഗ്രിയും അങ്ങനെ തന്നെയാണ് ചെയ്തത് . പോവുകയാണെന്ന് പറഞ്ഞപ്പോൾ അവൾ കണ്ണടച്ചു കാട്ടി . സമാധാനിപ്പിക്കുകയാണ് . അവനിൽ വാടിയൊരു ചിരി തെളിഞ്ഞു . നിന്നെപ്പോലെ പ്രതീക്ഷകൾ കൂട്ടി വച്ച് സഫലമാകുമെന്ന് വിശ്വസിച്ച് കാത്തിരിക്കാൻ എനിക്കാകുന്നില്ലല്ലോ ലിൻ്റ. താൻ വാതിലുകളടയ്ക്കുമ്പോൾ അവൾ ജനൽപ്പാളികൾ തുറന്നിടും .. തൻ്റെ വാതിലുകൾ ഇരുട്ടിനെ തളച്ചിടുമ്പോൾ അവളുടെ ജനൽപ്പാളികൾ പൂന്തോട്ടത്തിലേക്ക് തുറക്കപ്പെടും . തൻ്റെ തേരുകൾ തകർന്നു വീഴുമ്പോൾ അവൾ ചിറകുകൾ നെയ്യുകയാവും .

താൻ മഴയിൽ കണ്ണീർ മറയ്ക്കുമ്പോൾ അവൾ കടലാസുതോണികൾ നിർമിയ്ക്കും . കാലത്തിനക്കരെ അവരെക്കാത്തൊരു കളിവഞ്ചിയുണ്ടെന്ന് അവൾ പ്രതീക്ഷിക്കുന്നു . ജാൻസി സിസ്റ്ററോട് പോയെന്ന് പറഞ്ഞാൽ മതിയെന്ന് പറയുമ്പോഴും അവൾ പുഞ്ചിരിച്ചു . തിരിച്ചു കൊണ്ടാക്കാൻ വീൽചെയറിൽ പിടിച്ചപ്പേൾ വേണ്ടന്ന് പറഞ്ഞു . മടിയിലേക്ക് പഴുത്തു വീണ ഒലീവിൻ്റെയില കൈയിലെടുത്തു കൊണ്ട് നിരഞ്ജൻ പോകുന്നത് നോക്കിയിരുന്നു . അവൻ മറയുമ്പോൾ ആ പുഞ്ചിരി മാഞ്ഞു . ഒലീവ് മരത്തിൻ്റെ ചില്ലകളിൽ മൗനം ചേക്കേറി . ******* ** * * ** അരുളിയിൽ കൈചുറ്റി ദൂരെ സന്ധ്യ ചേക്കേറുന്നത് നിസംഗതയോടെ മൈത്രി നോക്കി നിന്നു . തനിക്കു മുന്നിലെയാരാമത്തിൽ അവളൊരു കാട്ടുപൂവിനെ തിരഞ്ഞു .

ഇല്ല അവിടെ കാട്ട്പൂവ് വളരുകയില്ല . വളർന്നാലും അതിനു വെള്ളവും വളവും നൽകാതെ മുളയിലെ നുള്ളിയെറിയും താൻ ചെയ്തതുപോലെ . ‘ മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല .. താനേ വളർന്നൊരു കാട്ടുപൂവാണ് ഞാൻ ‘ ദൂരെയെങ്ങോ ഒരു കാട്ടുപൂവിൻ്റെ തേങ്ങൽ കേൾക്കാം . അരികിലേക്ക് ഓടിയണയണമെന്നുണ്ട് . അതിനെ മാറോടണച്ച് അകതാരിൽ മുകരണമെന്നുണ്ട് . അതിൻ്റെ വേരുകളാകണമെന്നും അതിനു വളരാൻ മണ്ണിലെയുറവയാകണമെന്നും അതിൻ്റെ ഗന്ധമലിഞ്ഞു ചേരുന്ന വായുവാകണമെന്നുമുണ്ട് . പക്ഷെ കാട്ടുപൂവിനും ഈയാംപാറ്റക്കുമിടയിലെ നദി മുറിച്ചു കടക്കാൻ ചിറകുകൾക്ക് ശക്തി പോരാ .

കൃഷ്ണൻകുട്ടി ഗേറ്റ് മലർക്കെ തുറന്നിടുന്നത് കണ്ടപ്പോൾ അമ്മ വരുന്നെന്ന് മനസിലാക്കി അവൾ അകത്തേക്ക് മറഞ്ഞു . തൻ്റെ മുറിയുടെ ജനാലയിലൂടെ താഴേ കാർ കടന്നു വരുന്നത് കണ്ടു . അമ്മ വന്നിറങ്ങിയതിന് പിന്നാലെ ഗേറ്റ് കടന്ന് നടന്നു വരുന്ന ആളെക്കണ്ട് അവൾ അത്ഭുതം കൂറി . സൂര്യേട്ടൻ . കൈയിലൊരു ഫയലുണ്ട് . പപ്പിയാൻറി സൂര്യേട്ടൻ്റെ ജോലിക്കാര്യം അമ്മയോട് പറഞ്ഞിരുന്നല്ലോ . സൂര്യേട്ടന് അമ്മ ജോലി കൊടുക്കാൻ സമ്മതിച്ചോ . വിസിറ്റേർസ് ചെയറിൽ സൂര്യൻ കാത്തിരുന്നു . വൈകിട്ട് സർട്ടിഫിക്കറ്റുകളുമായി വീട്ടിൽ വന്ന് കാണാൻ മൈത്രീടമ്മ പഴയിടത്തേക്ക് ആളയച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല . പപ്പിയാൻറി സംസാരിക്കാമെന്ന് ഇല്ലത്ത് വന്നപ്പോൾ പറഞ്ഞിരുന്നതാണ് . പക്ഷെ പ്രതീക്ഷയില്ലായിരുന്നു .

പത്മ ഗ്രൂപ്പ്സിലെ ഏതെല്ലാം കമ്പനികളിൽ ഇൻ്റർവ്യൂവിന് പോയിട്ടുണ്ട് . ആത്മവിശ്വാസത്തോടെ അറ്റൻഡ് ചെയ്തത് പോലും റിജക്ടായി . ഹാളിൽ നിന്ന് ഇടത് മാറി അഞ്ജനയ്ക്ക് ചെറിയൊരു ഓഫീസ് റൂമുണ്ട് . പത്ത് മിനിറ്റോളം കാത്തിരുത്തി. ‘ കുട്ടിയേ അകത്ത് വിളിക്കുന്നു ‘ എന്ന് സുമിത്ര വന്ന് പറഞ്ഞപ്പോൾ നെഞ്ചിടിപ്പോടെ എഴുന്നേറ്റു . കണ്ണടച്ചു സകല ഈശ്വരന്മാരെയും വിളിച്ചുകൊണ്ട് ഡോർ ഹാൻ്റിൽ തിരിച്ച് അകത്തേക്ക് പ്രവേശിച്ചു . ഗ്ലാസ് വിരിച്ച ടേബിളിന് പുറത്ത് കുറച്ച് ഫയലുകളുണ്ട് . ചാരനിറത്തിൽ രണ്ട് ലോക്കറുകൾ കൂടി ആ ചെറിയ മുറിക്കുള്ളിൽ കണ്ടു . റോളിംഗ് ചെയറിൽ അവനെ വീക്ഷിച്ചു കൊണ്ട് അഞ്ജനയിരുന്നു .

വിഷ് ചെയ്ത് വിനയത്തോടെ മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ അഞ്ജനയുടെ നീണ്ട കണ്ണുകളുഴിഞ്ഞു . ‘ സിറ്റ് ‘ അവനിരുന്നപ്പോൾ അവൾ കൈനീട്ടി . സർട്ടിഫിക്കറ്റടങ്ങുന്ന ഫയൽ അഞ്ജന മറിച്ചു നോക്കുന്നത് നെഞ്ചിടിപ്പോടെ നോക്കിയിരുന്നു . എ സി യുടെ തണുപ്പിൽ കൈകൾ മരവിച്ചു . ” ബികോം കോർപ്പറേഷൻ വിത് ടാലി ” അവൾ മുഖത്തേക്ക് ദൃഷ്ടിയൂന്നിയപ്പോൾ അവൻ അതേയെന്ന് പറഞ്ഞു . ‘ഡു യു ഹാവ് എനി എക്സ്പീരിയൻസ് ‘ എന്ന ചോദ്യത്തിന് നോ മാം എന്ന ഉത്തരത്തിനൊപ്പം പ്രതീക്ഷകളറ്റിരുന്നു . പിന്നെയും രണ്ടോ മൂന്നോ ചോദ്യങ്ങൾ . പലതും പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നതായിരുന്നു . ഫയലുകൾ മടക്കി നൽകിയതിന് പിന്നാലെ മേശയിലെ ഡ്രായറിൽ നിന്ന് മുൻപേ തയാറാക്കി വച്ചിരുന്ന എൻവലപ്പ് എടുത്ത് നീട്ടിയപ്പോൾ സൂര്യൻ മിഴിച്ചിരുന്നു .

” കൺഗ്രാഡുലേഷൻസ് മിസ്റ്റർ സൂര്യനാരായണൻ , യു ആർ അപ്പോയിൻ്റഡ് ആസ് മൈ പേർസണൽ സ്റ്റാഫ് .. ” സൂര്യൻ മിഴിച്ചിരുന്നു . പത്മ ഗ്രൂപ്പ്സ് ചെയർമാൻ അഞ്ജനാ ദേവിയുടെ പേർസണൽ സ്റ്റാഫ് . ” സാലറി ഡീറ്റെയിൽസ് അതിലുണ്ട് . ഒക്കെയാണെങ്കിൽ നാളെ ജോയിൻ ചെയ്യാം . യു മേ ഗോ ” റൂമിൽ നിന്നിറങ്ങുമ്പോഴും സൂര്യന് വിശ്വസിക്കാൻ കഴിഞ്ഞില്ല . എൻവലപ്പ് തുറന്ന് അപ്പോയിൻമെൻ്റ് ലെറ്ററിലൂടെ കണ്ണോടിച്ചു . പ്രതീക്ഷിച്ചതിനപ്പുറം സാലറി . അവന് തുള്ളിച്ചാടാൻ തോന്നി .. അകത്ത് അഞ്ജനയിൽ ഒരു ഗൂഢസ്മിതം വിരിഞ്ഞു ….( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 15

Share this story