സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 1

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഇപ്പൊ ഇറങ്ങിക്കോണം തള്ളേം മക്കളും ഇവിടുന്നു.. അശനിപാതം കാതിൽ പതിക്കുന്നതുപോലെയുള്ള ആ വാക്കുകൾ കേട്ട് രാധിക തറഞ്ഞു നിന്നുപോയി.. ഏട്ടത്തി.. രാധികയുടെ തൊണ്ട വറ്റി വരണ്ടു.. ഏട്ടത്തി… ഏട്ടനോടുള്ള സ്നേഹം മൂത്തു കുറെയായില്ലേ അനിയത്തിയും മക്കളും ഇത്തിൾക്കണ്ണി പോലെ ഇവിടെ പറ്റി കൂടുന്നു.. മതി.. പ്രമീളയുടെ ശബ്ദം ആ വീടിന്റെ നാലു ചുവരുകളിലും തട്ടി പ്രതിഫലിച്ചു.. ഇവിടുത്തെ ഉപ്പും ചോറും തിന്നു എന്റെ കുഞ്ഞിനെ തല്ലി ചതച്ച് ഈ കോലത്തിലാക്കിയില്ലേ.. സന്തോഷം… പാമ്പിനാ ഇത്ര കാലം ഞാൻ പാല് കൊടുത്തതെന്ന് ഇപ്പൊ തിരിച്ചറിഞ്ഞു.. സമയമായപ്പോ തിരിച്ചു കൊത്തി.. ധാരാളം.. പ്രമീള ഒച്ചയുയർത്തി..

രാധിക തല്ല് കൊണ്ട് അവശനായി കിടക്കുന്ന വിഷ്ണുവിനെ നോക്കി.. ചുണ്ടും കവിളും ഒക്കെ പൊട്ടി ചോര ഒലിക്കുകയാണ്.. അവർ തിരിഞ്ഞു കിച്ചുവിനെയും നോക്കി.. അവൻ ഇപ്പോഴും ദേഷ്യത്തിൽ കൊടുമുടിയിൽ തന്നെയാണ്..വിഷ്ണുവിനെ നോക്കി നിൽക്കുന്ന അവനെ കണ്ടിട്ട് അവർക്ക് ഭയം തോന്നി.. അപ്പോഴൊക്കെയും ശിവരാജന്റെ മുഖം അവരുടെ മനസ്സിലേക്ക് ഓടിയെത്തി… അവർ കസേരയിൽ അൽപ്പം മാറി ഇരിക്കുന്ന ദേവുവിനെ നോക്കി.. അവൾ ഒന്നും അറിയുന്നില്ല.. മുറ്റത്തേയ്ക്കും കയ്യിലെ പാവയിലേയ്ക്കുമൊക്കെ നോക്കി ഇരുന്നു കളിക്കുകയാണ്.. എന്താടി.. ഇനി എന്റെ കുഞ്ഞിനെ എങ്ങനെ കൊല്ലാം എന്നാണോ നിന്റെ ആലോചന.. പ്രമീള വീണ്ടും ശബ്ദം ഉയർത്തി.. എന്താ ഇവിടെ.. രാജേന്ദ്രനാഥ് പടികടന്നു വന്നുകൊണ്ട് ചോദിച്ചു..

അയാളുടെ കയ്യിലിരുന്ന ഫയലുകൾ മേശപ്പുറത്തു വെച്ചുകൊണ്ട് അയാൾ വിഷ്ണുവിനെ നോക്കി.. അയ്യോ. എന്താടാ എന്താ പറ്റിയെ… രാജേന്ദ്രനാഥ്‌ ചോദിച്ചു… പുന്നാര പെങ്ങളുടെ പുന്നാര മോൻ എടുത്തിട്ടിടിച്ചു ചവിട്ടി കൂട്ടി വെച്ചേക്കുവാ.. പ്രമീള പുച്ഛത്തോടെ പറഞ്ഞു.. സൂര്യയോ..എന്താ രാധികേ ഉണ്ടായത്.. രാജേന്ദ്രനാഥ് ചോദിച്ചു.. ഞാൻ പറയാം . ഈ വട്ട് പെണ്ണ് മുറിയിൽ കിടന്നു ബഹളം വെച്ചപ്പോ എന്റെ കുഞ്ഞു നോക്കാനായി ആ മുറിയിൽ കയറിയതാ.. ഇവൻ ചെന്നു കണ്ടതും എന്റെ മോനെ എടുത്തിട്ടടിച്ചു.. പ്രമീള അതീവ ദുഃഖത്തോടെ പറഞ്ഞു..

എന്താ സൂര്യേ.. രാജേന്ദ്രനാഥ് ചോദിച്ചു.. പിന്നെ എന്റെ പെങ്ങളെ കേറിപിടിച്ചവനെ ഞാൻ ഉമ്മ വെയ്ക്കണോ… സൂര്യ ചോദിച്ചു.. രാധിക കണ്ണു തുടച്ചു.. കേറി പിടിച്ചെന്നോ.. മഹാപാപി.. എന്റെ കുഞ്ഞിനെപ്പറ്റി അനാവശ്യം പറയുന്ന നിന്റെ നാക്ക് പുഴുത്തുപോകുമെടാ… പ്രമീള അലറി.. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം.. ഇനി പെങ്ങളാ മക്കളാ.എന്നും പറഞ്ഞു ഇവിടെങ്ങാനും നിർത്തിയാൽ.. ഞാനും എന്റെ മക്കളും ഞങ്ങളുടെ വഴിക്ക് പോകും.. പ്രമീള ഉറഞ്ഞു തുള്ളി.. ഏട്ടാ.. രാധികയുടെ ശബ്ദം ഇടറി.. ഞാനെന്താ രാധികേ വേണ്ടത്.. രാജേന്ദ്രനാഥ് സഹികെട്ട് ചോദിച്ചു.. ഞങ്ങൾ ഇവിടുന്നിറങ്ങുന്നു..

ന്റെ അമ്മയുടെ ഷെയർ ഞങ്ങൾക്ക് കിട്ടണം… കിച്ചു പറഞ്ഞു.. ഷെയറോ.. എന്തോന്ന് ഷെയർ.. പ്രമീള പുച്ഛത്തോടെ ചോദിച്ചു.. ആ എന്തേ.. കിച്ചു ചോദിച്ചു.. എന്ത് ഷെയർ.. നിന്റെ തന്ത ഉള്ളതെല്ലാം വിറ്റ് തുലച്ചു ഉത്തരത്തിൽ തൂങ്ങുമ്പോൾ നിനക്ക് വയസ്സ് 21.. നീ ബി ബി എ കഴിഞ്ഞതെയുള്ളൂ.. രണ്ടുകൊല്ലം എം ബി എ പഠിപ്പിച്ചു . നിന്റെ തള്ളയ്ക്കും ഈ വട്ട് പെണ്ണിനും ഉള്ളതെല്ലാം ചെയ്തു..ഒരു ജോലി തന്നു.. കഴിക്കാനും കുടിക്കാനും ഉടുക്കാനും ഒക്കെ തന്നിട്ട് ഇനിയിപ്പോ അവനു ഷെയർ.. പ്രമീള പുച്ഛിച്ചു ഓഹോ.. എന്റെ അമ്മയുടെ അച്ഛൻ അതായത് ആ ഫോട്ടോയിൽ കാണുന്ന ഭാസ്കരൻ നായർ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ഉണ്ടാക്കി വെച്ചതിൽ രണ്ടു മക്കളിൽ ഒരാളായ എന്റമ്മയ്ക്ക് കിട്ടേണ്ട ഷെയറാണോ എന്നെ എം ബി എ പഠിപ്പിച്ചും ഞങ്ങൾക്ക് ഉണ്ണാനും ഉടുക്കാനും തന്നും തീർത്തത്. കിച്ചു ചോദിച്ചു.. കിച്ചൂ..

ശാസനയോടെ രാധിക വിളിച്ചു.. ‘അമ്മ മിണ്ടാതിരുന്നെ.. 6 കൊല്ലം മുൻപ് ഇവിടെ വന്നു കയറുന്നതിനു മുൻപ് വരെ രാജ്ഞിയെ പോലെയല്ലേ അച്ഛൻ അമ്മയെ നോക്കിയത്.. ഇവിടെ വന്ന് എന്റെ ദേവുവും അമ്മയും വെറും വേലക്കാരികളുടെ സ്ഥാനത്തേയ്ക്ക് ഒതുങ്ങിയപ്പോഴേ ഞാൻ പ്രതികരിക്കേണ്ടതായിരുന്നു. എം ബി എ കഴിഞ്ഞപ്പഴോ. കമ്പനിയിലെ പീയൂണിന് കൊടുക്കുന്ന ശമ്പളത്തിന്റെ പകുതി പോലും തരാതെ എന്നെ കമ്പനിയുടെ അക്കൗണ്ടിംഗ് സെക്‌ഷനിൽ ഇരുത്തി . അന്നും മിണ്ടാഞ്ഞത് അമ്മയെ ഓർത്താ.. എന്നിട്ടിപ്പൊ.. എന്റെ ദേവൂനെ ഇവൻ കേറി പിടിക്കുന്നതും നോക്കി ഞാൻ നിൽക്കണം അല്ലെ . ഇനി പറ്റില്ല..

അച്ഛന്റെ പാരമ്പര്യ സ്വത്തിൽ മക്കൾക്കൊക്കെ തുല്യ അവകാശമാണ്.. അതെന്റെ അമ്മയുടെ അവകാശമാ.. ഇനി വേലക്കാരിയെ പോലെ എന്റെ അമ്മയും ഞങ്ങളും ഇവിടെ നിൽക്കില്ല..ഞങ്ങളുടെ ഷെയർ മര്യാദയ്ക്ക് തരിക.. ഇല്ലെങ്കിൽ.. ഞാൻ നിയമത്തിന്റെ വഴിയേ പോകും… അത്രയും പറഞ്ഞു സൂര്യ രാജേന്ദ്രനാഥിനെ രൂക്ഷമായി ഒന്നു നോക്കി.. ആ കണ്ണുകൾ കുറുകുന്നത് അവൻ കണ്ടു. നാളുകളായി അനിയത്തിയോടും മക്കളോടുമുള്ള സ്‌നേഹപ്രകടനം… മുത്തച്ഛൻ ഉണ്ടാക്കിയത് മുക്കാലും നശിപ്പിച്ചു.. ഇനി വേണ്ട. ഞങ്ങൾക്കുള്ളത് ഞങ്ങൾക്ക് വേണം.. അവൻ പറഞ്ഞു.. കിച്ചൂ.. രാധിക വേദനയോടെ വിളിച്ചു..

അവൻ പറയട്ടെ രാധികേ.. ഞാൻ ഒക്കെ കേൾക്കണം.. അഷ്ട്ടിക്ക് വകയില്ലാത്ത ഒരുത്തനോടൊപ്പം നീ ഇറങ്ങി പോയപ്പോൾ അച്ഛൻ പറഞ്ഞതാ ഇനി ഈ വീട്ടിൽ പത്തു പൈസേടെ അവകാശം നിനക്ക് തരരുത് എന്ന്.. ഞാനാ അന്നത് എതിർത്തത്.. ശരിയാ സൂര്യ പറഞ്ഞത്.. ഞാനായിട്ട് കുറെ നശിപ്പിച്ചു.. ഇനി നിങ്ങളുടെ ഷെയർ നിങ്ങൾക്ക് തരണം.. രാജേന്ദ്രനാഥ് ഒന്നു നിർത്തി . പ്രമീള ഞെട്ടലോടെ അയാളെ നോക്കി.. നിന്റെ മുത്തച്ഛൻ എന്നോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു നിങ്ങൾക്ക് തരേണ്ട വീതത്തിന്റെ കാര്യം.. അതനുസരിച്ചുള്ളതൊന്നും ഞാൻ നശിപ്പിച്ചിട്ടില്ല.. അത് ഞാൻ മാറ്റി വെച്ചിട്ടുണ്ട്.. അതും പറഞ്ഞു അയാൾ അകത്തേയ്ക്ക് പോയി…

സമാധാനമായില്ലേ.. വിഷപാമ്പുകൾ… അതും പറഞ്ഞവ വിഷ്ണുവിനെ താങ്ങി എഴുന്നേൽപ്പിച്ചു നടത്തിക്കൊണ്ട് അവർ അകത്തേയ്ക്ക് പോയി.. വിഷ്ണു പകയോടെ ദേവുവിനെ നോക്കി . അവൾ അപ്പോഴും കയ്യിലിരിക്കുന്ന ടെഡിയുമായി കളിക്കുകയായിരുന്നു.. വാ ദേവൂ.. കിച്ചു വിളിച്ചു.. പോടാ.. നീ വഴക്കാളിയാ.. പോടാ പൊ.. ദേവു അവനെ ടെഡി കൊണ്ടടിച്ചു.. അവൻ നിസഹായമായി അമ്മയെ നോക്കി. രാധിക തകർന്നു നിൽക്കുകയായിരുന്നു.. പോട്ടെ അമ്മേ. നമുക്കാരും വേണ്ട.. നിങ്ങളെ സുരക്ഷിതമായി താമസിപ്പിക്കാൻ ഒരു വീട്.. എവിടേക്കും ഒരു ജോലി.. അത്രയെ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ..

വിഷ്ണുന്റെ കൂടെ ഇനിയും നിന്നാൽ ചിലപ്പോ നാളെ അച്ഛനില്ലാതെ ഒരു കുഞ്ഞിനെ കൂടെ ദേവു പ്രസവിക്കും.. എന്തിനാ അമ്മേ.. അവൻ നിസഹായമായി ചോദിച്ചു.. അവർ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.. അവൻ അവരെ ചേർത്തു പിടിച്ചു.. ********** ഏട്ടാ ഇത്.. രാധിക നിറകണ്ണുകളോടെ ചോദിച്ചു.. ഇതാണ് അച്ഛൻ നിനക്ക് എന്നും പറഞ്ഞു എഴുതി വെച്ചത്.. രാജേന്ദ്രനാഥ് ഭാവ വ്യത്യാസം ഒന്നുമില്ലാതെ പറഞ്ഞു.. അവർ കയ്യിലിരിക്കുന്ന പ്രമാണത്തിലേയ്ക്ക് നോക്കി.. ഒറ്റപ്പാലത്ത് 5 സെന്റ് സ്ഥലം… അതിനു നടുക്കായി ഒരു കുളവും… അതാണ് കയ്യിലിരിക്കുന്ന ആധാരം.. അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ബാക്കിയൊക്കെ അച്ഛൻ മരിക്കുന്നതിന് മുമ്പ് തന്നെ എന്റെ പേരിൽ രെജിസ്റ്റർ ചെയ്തു തന്നു.. രാജേന്ദ്രനാഥ് പറഞ്ഞു.. സൂര്യ പകയോടെ അയാളെ നോക്കി. പ്രമീളയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.. ഇവിടുന്ന് ഇറങ്ങിപ്പോകാൻ ഞാൻ പറയില്ല.. നിങ്ങൾക്ക് ഇവിടെ നിൽക്കാം.. പക്ഷെ ഇനി മേലിൽ വിഷ്ണുവിന്റെ ദേഹത്ത് കൈ വെക്കരുത്.. ആരോടും കയർക്കരുത്.. ഇതെന്റെ വീടാ… രാജേന്ദ്രനാഥ് അൽപ്പം ഗൗരവത്തോടെ പറഞ്ഞു.. അമ്മേ എടുക്കാൻ ഉള്ളതൊക്കെ എടുത്തോ.. കിച്ചു വിദൂരതയിലേക്ക് നോക്കി പറഞ്ഞു.. രാധിക പുച്ഛത്തോടെ രാജേന്ദ്രനത്തിനെ നോക്കി. ഇന്നലെ വരെ ഇവൻ പറഞ്ഞപോലെ ഈ വീട്ടിൽ ഒരു വേലക്കാരിയുടെ സ്ഥാനമായിരുന്നു എനിക്ക്..

ഈ 6 കൊല്ലത്തിനിടയ്ക്ക് ഏട്ടത്തി പറഞ്ഞപോലെ ഉണ്ണാൻ തന്നു.. നിങ്ങളൊക്കെ കഴിച്ചിട്ട് ബാക്കി വരുന്ന ചോറും ആഹാരവും ഭിക്ഷക്കാരെ പോലെ ഞാനും എന്റെ മക്കളും അടുക്കളപുറത്തെ തിണ്ണയിൽ ഇരുന്ന് കഴിച്ചു.. പുതിയതായി ഒരു തുണി ഞങ്ങൾ ഇക്കാലത്തോളം ഉടുത്തിട്ടില്ല.. എന്റെ മോളെ ചികിൽസിക്കാൻ പണമില്ലാഞ്ഞിട്ട് 2 കൊല്ലം ഇവിടെ ഇരുന്നപ്പോ ഒരു രൂപ തന്നിട്ടില്ല.. പിന്നെ എന്റെ മോനു ജോലി കൊടുത്തത്. ഇന്നത്തെക്കാലത്ത് വെറും 8000 രൂപ മാസവരുമാനത്തിനു ജോലി ചെയ്യാൻ വേറെ എം ബി എ ക്കാരെ കിട്ടാഞ്ഞിട്ടല്ലേ.. മതി.. ഞങ്ങൾ ഇറങ്ങുന്നു..

ഇനി ഏട്ടന്റെ സ്നേഹം പറഞ്ഞു പുറകെ വരരുത്.. അത്രയും പറഞ്ഞു രാധിക കണ്ണു തുടച്ചു..പിന്നെ തിരിഞ്ഞു വിഷ്ണുവിനെനോക്കി… ആതിര വരുമ്പോൾ പറഞ്ഞേരെ ഞങ്ങൾ ഇറങ്ങി എന്ന്.. പിന്നെ. അവർ അവനടുത്തേയ്ക്ക് ചെന്നു.. അവൻ അവരെ ഒന്നു നോക്കി.. അവർ അവന്റെ കരണം പുകച്ചൊരെണ്ണം കൊടുത്തു.. ഇത്.. എന്റെ മോളെ കേറി പിടിക്കാൻ നോക്കിയതിന്. അവൾക്കും ആതിരയ്ക്കും ഒരേ പ്രായമാ. ആ അവളോട് നീയീ പണി കാണിച്ചിട്ടും ഞാനൊന്നു തന്നില്ലേൽ ഞാനവളുടെ അമ്മയാണെന്നു പറഞ്ഞിട്ടെന്താ കാര്യം.. അതും പറഞ്ഞു രാധിക പ്രമീളയെ നോക്കി.. വരട്ടെ.. ഏട്ടത്തി..

ദേഷ്യത്തോടെ അത്രയും പറഞ്ഞു അവർ സൂര്യയെ നോക്കി.. അവൻ ബാഗ് ഒക്കെ എടുത്തു.. പുറത്തേയ്ക്ക് ദേവുവിന്റെ കൈപിടിച്ചിറങ്ങുമ്പോൾ 6 വർഷം അഭയം നൽകിയ വീട് നോക്കി രാധിക കണ്ണു തുടച്ചു.. ********* പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്ന് വരുന്നതും പോകുന്നതുമായ ബസ്സുകൾ നോക്കി രാധിക നിന്നു.. അവരുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.. 7 വര്ഷങ്ങൾക്ക് മുൻപ് വരെ സന്തോഷം മാത്രം നിറഞ്ഞു നിന്ന തന്റെ വീട് അവരുടെ ഓർമയിൽ നിറഞ്ഞു.. പ്രണയിച്ചു വിവാഹം കഴിച്ചു ചെന്നു കേറിയ ആ കുഞ്ഞു കൂരയിൽ വരെ തന്റെ സന്തോഷമായിരുന്നു എല്ലാവർക്കും വലുത്. ശിവരാജൻ.. തന്റെ അച്ഛന്റെ വിശ്വസ്തനായ കാര്യസ്ഥന്റെ മകൻ.

തന്നെ പ്രണയിച്ചു വിളിച്ചോണ്ട് ചെന്നപ്പോൾ ആ വീട്ടിൽ അവർക്ക് താൻ രാജകുമാരി ആയിരുന്നു.. ഉള്ളതൊക്കെ വിറ്റ് പെറുക്കി ഒരു വാടക വീട്ടിലേയ്ക്ക് മാറി ശിവരാജൻ ഒരു ബിസിനെസ്സ് തുടങ്ങിയതും തനിക്ക് വേണ്ടി ആയിരുന്നു എന്നവർ ഓർത്തു.. കിച്ചുവിന്റെ ജനനം..തങ്ങളുടെ സന്തോഷത്തിനുള്ള ഇരട്ടി മധുരമായിരുന്നു. അതോടെ ബിസിനെസ്സ് വളർന്നു.. സൂര്യ കിരൺ എന്ന എല്ലാവരുടെയും സൂര്യയായപ്പോൾ അവന്റെ അമ്മയുടെയും അച്ഛന്റെയും മാത്രം പ്രിയപ്പെട്ട കിച്ചുവായി..പിന്നെ അവനു താഴെയായി ജനിച്ച ദേവാംഗന എന്ന ദേവുവും…താനും ശിവേട്ടനും അച്ഛനും അമ്മയും..

അച്ഛന്റെയും അമ്മയുടെയും മരണം സന്തോഷത്തിൽ ചെറിയൊരു കോട്ടം വരുത്തിയെങ്കിലും മറവിയുടെ വിസ്‌മൃതിയ്ക്കിപ്പുറം എത്ര സന്തോഷവതിയായിരുന്നു താൻ.. എല്ലാം തകർന്നു തുടങ്ങിയത് ശിവേട്ടനും അറ്റാക്ക് വന്നത് മുതലാണ്. വിശ്വസ്തരായ പലറ്റും ചതിച്ചു.. ആ തിരിച്ചറിവാണ് ബിസിനെസ്സ് തകർന്നതിലും അദ്ദേഹത്തെ തളർത്തിയത്. ഒടുവിൽ ദേവുവിന്റെ കല്യാണം മുടങ്ങിയ നിമിഷമാണ് അദ്ദേഹം ഏറ്റവും വിഷമിച്ചത്…. ദേവുവിനെ സമാധാനിപ്പിച്ചു പതിയെ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നുകൊണ്ടിരുന്നു സമയത്താണ് ഒരു മുഴം കയറിൽ അയാൾ തന്റെ ജീവിതം അവസാനിപ്പിച്ചത്.. ആ കാഴ്ചയ്ക്കുമപ്പുറം അതു കണ്ട് സ്വബോധം പോലും നഷ്ടമായ മകളും തനിക്കൊരു വേദനയായി..

ഒടുവിൽ വീടും ജപ്തിയായി അവിടുന്നിറങ്ങുമ്പോൾ എല്ലാ ബാധ്യതകളും അവസാനിച്ചു ബാക്കി കിട്ടിയത് വെറും 26000 രൂപയാണ്.. അതിന്നും തൊടാതെ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് കിച്ചു.. അച്ഛന്റെ വിയർപ്പിന്റെ മണമുള്ള അവസാനത്തെ തുക.. അവനു കിട്ടിയ തുച്ഛമായ വരുമാനത്തിൽ നിന്നും 4 കൊല്ലംകൊണ്ടവൻ മിച്ചം പിടിച്ച 2500 രൂപയാണ് കയ്യിലുള്ള ഏക സമ്പാദ്യം.. എവിടേയ്ക്കെന്നോ എന്തിനെന്നോ അറിയാത്ത യാത്ര… ബാഗുകളും ദേവുവിനെയും അടക്കി പിടിച്ചു ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ കസേരകളിൽ ഒന്നിൽ ഇരിക്കുമ്പോൾ രാധികയുടെ കണ്ണുകൾ കൂടണയാൻ ഒരുങ്ങി പറക്കുന്ന കിളികളിൽ ആയിരുന്നു..

പ്രായപൂർത്തിയായ ഒരു മകളെയും കൊണ്ട് അനാഥയായ പടിയിറങ്ങേണ്ടി വന്ന നിസ്സഹായയായ ഒരമ്മയുടെ വേദന മുഴുവൻ ആ കണ്ണുകളിൽ നിറഞ്ഞിരുന്നു.. രാധിക… ആ വിളി കേട്ട് രാധിക തിരിഞ്ഞു നോക്കി.. പുറകിൽ നിൽക്കുന്ന ആളെ കണ്ട് അവരുടെ കണ്ണുകൾ വിടർന്നു.. അഡ്വക്കേറ്റ് വിനയചന്ദ്രൻ… ശിവരാജന്റെ അടുത്ത സുഹൃത്ത്.. ഏതു തകർച്ചയിലും ശിവരാജനൊപ്പം താങ്ങായി അയാൾ ഉണ്ടായിരുന്നു.. താനുമായി കല്യാണം നടന്നപ്പോഴും ബിസിനെസ്സ് തുടങ്ങിയപ്പോഴും ദേവുവിനെ കല്യാണം മുടങ്ങിയപ്പോഴുമൊക്കെ ശിവരാജന്റെ തോളോട് തോൾ ചേർന്ന് അയാൾ ഉണ്ടായിരുന്നു..

അവർ എഴുന്നേറ്റു.. വിനയേട്ടൻ.. വിനയേട്ടൻ എന്താ ഇവിടെ.. രാധിക ചോദിച്ചു.. അയാൾ കസേരയിൽ ഇരുന്നു ടെഡിയോട് വർത്തമാനം പറയുന്ന ദേവുവിനെ നോക്കി.. നിന്റെ മോൻ എവിടെ.. വിനയചന്ദ്രൻ ചോദിച്ചു.. എന്തെങ്കിലും ലൈറ്റായി വാങ്ങാൻ പോയതാ വിനയേട്ടാ.. മോൾക്ക് വിശന്നാൽ… അവർ നിറകണ്ണുകൾ ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു.. മ്മ് . വീട്ടിൽ നടന്നതൊക്കെ ഞാൻ അറിഞ്ഞു.. ആതിര എന്നെ വിളിച്ചിരുന്നു…. വിനയചന്ദ്രൻ മുഖവുര ഇല്ലാതെ പറഞ്ഞു.. ആതിര.. രാജേന്ദ്രനാഥിന്റെ ഇളയ മകൾ.. കൂട്ടത്തിൽ ഇത്തിരി മനുഷ്യത്വവും സ്നേഹവും അനുതാപവും ഉള്ളത് അവൾക്കാണ്… അപ്പോഴേയ്ക്കും കിച്ചു നടന്ന് അവർക്കരികിൽ വന്നിരുന്നു.. എന്താ അങ്കിൾ..

അവൻ ചോദിച്ചു.. എങ്ങോട്ടാ നീ ഇവരെയും കൊണ്ട്.. വിനയചന്ദ്രൻ ചോദിച്ചു.. അത്.. കോഴിക്കോട് എന്റെ ഒരു ഫ്രണ്ടുണ്ട്. തൽക്കാലം അവന്റെ അടുത്തേയ്ക്ക്.. ഈ പ്രായമായ സ്വബോധം പോലുമില്ലാത്ത പെങ്കൊച്ചിനെയും നിന്റെ ഈ അമ്മയെയും കൊണ്ടോ.. അല്ല കിച്ചൂ.. നിന്റെ സ്വബോധം പോയോ.. വിനയചന്ദ്രൻ ചോദിച്ചു.. കിച്ചു മുഖം താഴ്ത്തി.. ഞാൻ നിനക്ക് നിന്റെ അച്ഛന്റെ സ്ഥാനതാണെന്നായിരുന്നു എന്റെ വിശ്വാസം.. വിനയചന്ദ്രൻ പറഞ്ഞു. അങ്കിൾ ഞാൻ.. വേണ്ട കിച്ചൂ.. നിന്നെ എനിക്ക് മനസ്സിലാകും.. എന്റെ ശിവന്റെ അതേ പതിപ്പാ നീ.. തൽക്കാലം നീ ഇവരെയും കൊണ്ട് ഇങ്ങോട്ടും പോകുന്നില്ല.

വന്ന് വണ്ടിയിൽ കയറു.. അവിടെ ശ്യാമയും വിമലും നിങ്ങളെ നോക്കി ഇരിക്കുവാ.. അവൻ മരുതെന്തെങ്കിലും പറയും മുൻപ് അയാൾ രാധികയുടെ കയ്യിൽ ഇരുന്ന പെട്ടിയും ബാഗും എടുത്തു മുൻപേ നടന്നു.. കിച്ചു രാധികയെ നോക്കി.. പിന്നെ ദേവുവിനെയും… അവരുടെ അവസ്ഥ മനസ്സിലാക്കിയെന്നോണം അവൻ ബാഗുമെടുത്തു വിനായചന്ദ്രന്റെ ഒപ്പം നടന്നു.. രാധിക ദേവുവിനെയും പിടിച്ചു പുറകെയും.. *********** കഴിക്ക് ദേവൂട്ടി.. ശ്യാമാന്റി വാരി തരുവല്ലേ… ശ്യാമ ചപ്പാത്തി മുറിച്ചു ദേവുവിന് നല്കിക്കൊണ്ടുപറഞ്ഞു.. അവൾ കുറുമ്പോടെ മുഖം വെട്ടിച്ചു.. പിന്നെ ശ്യാമയെ നോക്കി വായ തുറന്നു..

അവൾ കഴിക്കുന്നതും നോക്കി രാധികയും വിമലും കിച്ചുവും ഇരുന്നു.. സൂര്യാ.. വിമൽ വിളിച്ചു.. കിച്ചുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് വിമൽ.. ഇവളെ നമുക്ക് ഏതെങ്കിലും നല്ല സൈക്യാട്രിസ്റ്റിനെ കാണിച്ചാലോ. വിമൽ ചോദിച്ചു.. ആദ്യം കഞ്ഞി കുടിക്കാനുള്ളത് ഞാനുണ്ടാക്കട്ടെടാ. കിച്ചു പറഞ്ഞു.. എന്നാലും… വിമൽ എന്തോ പറയാൻ വന്നതും വിനയചന്ദ്രൻ അവിടേയ്ക്ക് വന്നിരുന്നു.. അയാളുടെ കയ്യിൽ ഒരു ഫയലും ഉണ്ടായിരുന്നു.. സൂര്യാ.. വിനയചന്ദ്രൻ കിച്ചുവിനെ വിളിച്ചു.. അവൻ അയാളെ നോക്കി.. അയാൾ ആ ഫയൽ അവനു നേരെ നീട്ടി.. നിന്റെ അച്ഛന്റെ അവസാനത്തെ സമ്പാദ്യം..

തമിഴ് നാട് ബോർഡറിനടുത്തായി ഒരു ഗ്രാമം.. ഉൾനാടൻ ഗ്രാമമാണ്… അവിടെ ഒരു വീടും വീടിനോട് ചേർന്ന് 50 സെന്റ് സ്ഥലവും.. നിന്റെ അച്ഛൻ അവസാനമായി വാങ്ങിയത് ഈ വീടാ.. നിങ്ങളുടെ ഒക്കെ കല്യാണം കഴിഞ്ഞു രാധികയുടെ കൂടെ പോയി താമസിക്കണം എന്നായിരുന്നു ആഗ്രഹം.. പക്ഷെ വസ്തു വാങ്ങി കഴിഞ്ഞാണ് അറിഞ്ഞത് അതൊരു കേസിൽ പെട്ട് കിടക്കുന്ന വസ്തു ആയിരുന്നു എന്ന്.. അതോടെ ആ പ്രതീക്ഷയും വിട്ടു.. കേസ് എന്നെ ഏൽപ്പിച്ചു.. വർഷങ്ങളായി നിലനിന്നിരുന്ന കേസായിരുന്നു.. ഈ കഴിഞ്ഞ ബുധനാഴ്ച അതിന്റെ വിധി വന്നു.. വിധി നമുക്ക് അനുകൂലമായിരുന്നു..

വീടും വസ്തുവും നമുക്ക് പൂർണ സ്വാതന്ദ്ര്യത്തോടെ അനുഭവിക്കാം എന്ന്.. വിനയചന്ദ്രൻ പറഞ്ഞതും കിച്ചു നിറകണ്ണുകളോടെ അയാളെ നോക്കി.. ചിലപ്പോ വിധി ആയിരിക്കുമെഡോ.. വല്യ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു പെട്ടെന്ന് ഇത് വിധിയാകും എന്ന്. അതാ നിങ്ങളോട് ഞാൻ പറയാതിരുന്നത്..പക്ഷെ ദൈവമായിട്ട് നിങ്ങൾക്കൊരു ആവശ്യം വന്നപ്പോൾ ഇതു കൊണ്ടു തന്നു.. വിനയചന്ദ്രൻ പറഞ്ഞു.. രാധികയും കണ്ണു തുടച്ചു.. നിങ്ങൾക്കായി നിങ്ങളുടെ അച്ഛന്റെ സമ്പാദ്യം… ശ്യാമ പറഞ്ഞു.. ഇനി എന്താ നിന്റെ പ്ലാൻ.. വിമൽ ചോദിച്ചു.. എന്തു പ്ലാൻ.. നാളെ തന്നെ ഞങ്ങൾ അങ്ങോട്ട് പോകുന്നു..

ഒന്നു സെറ്റിൽ ആയിട്ട് വേണം ഒരു ജോലി സംഘടിപ്പിക്കാൻ… ഒന്നേന്ന് തുടങ്ങണം.. കിച്ചു പറഞ്ഞു.. മുന്പത്തെക്കാൾ ആത്മവിശ്വാസം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.. വിനയചന്ദ്രൻ പുഞ്ചിരിച്ചു.. നല്ലത്.. പക്ഷെ ഉടനെ താമസം മാറേണ്ട.. ആദ്യം നീ ജോലി കണ്ടെത്തണം.. എന്നിട്ട് പോരെ താമസം മാറുന്നത്. ഇവിടെ നിങ്ങൾ 3 പേർക്ക് കൂടി കഴിയാനുള്ള സ്ഥലമുണ്ട്.. വിനയചന്ദ്രൻ പറഞ്ഞു.. സ്ഥലം ഉണ്ടെന്നറിയാം അങ്കിൾ.. പക്ഷെ ഇപ്പൊ ഇതൊന്നും കിട്ടിയില്ലെങ്കിലും ഞാൻ പോകുമായിരുന്നു. കാരണം ഇനി ആരെയും ആശ്രയിക്കാതെ പിടിച്ചു നിൽക്കണം എനിക്ക്..അതിനു ഒറ്റയ്ക്കുള്ള ലൈഫാ നല്ലത്.. ഒരു വാശി കിട്ടും. അവൻ പറഞ്ഞു . വിനയചന്ദ്രൻ പുഞ്ചിരിച്ചു.. നീ ശിവന്റെ മോനല്ലേ.

പിന്നെങ്ങനെ ഇങ്ങനാകാതിരിക്കും.. വിനയചന്ദ്രൻ അഭിമാനത്തോടെ അവനെ ചേർത്തുപിടിച്ചു ചോദിച്ചു.. എനിക്കിനി ജയിക്കണം അങ്കിൾ… ഞങ്ങളെ തോൽപ്പിച്ച ഓരോരുത്തരുടെയും മുന്നിൽ ജയിച്ചു കാണിക്കണം… അവൻ പറഞ്ഞു.. നീ ജയിച്ചോ.. പക്ഷെ ഒറ്റയ്ക്ക് വേണ്ട. ഞങ്ങളൊക്കെ കൂടെ ഉണ്ടാകും.. വിമൽ പറഞ്ഞു.. മതി കഥ പറഞ്ഞത്.. എല്ലാരും വന്നു കഴിച്ചേ . ശ്യാമ പറഞ്ഞു.. അവർ പുഞ്ചിരിയോടെ കഴിക്കാൻ ഇരുന്നു.. ആ രാത്രി കിച്ചുവിന്റെ മനസ്സിൽ പുതിയ പ്രതീക്ഷയുടെയും കണക്കു കൂട്ടലിന്റെയും രാത്രി ആയിരുന്നു.. വരാനിരിക്കുന്ന പുതിയ പ്രഭാതം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകും എന്നറിയാതെ കാലങ്ങൾ കൂടി സമാധാനമായി അവൻ കണ്ണുകളടച്ചുറങ്ങി.. തുടരും..

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!