സ്‌നേഹതീരം: ഭാഗം 5

Share with your friends

എഴുത്തുകാരി: ശക്തികലജി

കാറ്റു വീശി… മഴ പെയ്തു…. മഴയിൽ ഞാൻ നനഞ്ഞു… കൂടെ കണ്ണിരിൽ ഞാൻ മുങ്ങി… അവരൊടൊപ്പം എന്നെയും മരണം കൊണ്ടുപോകാതെ എന്തിന് എന്നോട് മാത്രം ഈ ക്രൂരത…. അവരെയോർത്ത് നീറി ശേഷ ജീവിതം ജീവിച്ച് തീർക്കാനാവും വിധി… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി… ഞാനാ മണ്ണിലേക്ക് കുഴഞ്ഞു വീണു… ആ മണ്ണിൽ അലിഞ്ഞ് ചേരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എൻ്റെ മനസ്സ് കൊതിച്ചു…….. കുറച്ച് സമയം അങ്ങനേ കിടന്നു… പൊന്നി എനിക്ക് ചുറ്റും കരഞ്ഞ് കൊണ്ട് ഓടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… ആരോ വിളിക്കുന്ന ശബ്ദം കേട്ടെങ്കിലും കണ്ണു തുറക്കാനാവുന്നില്ല…

വായുവിൽ പറക്കുന്നത് പോലെ തോന്നി…. കണ്ണ് തുറന്ന് നോക്കുമ്പോൾ അടുത്തൊരു സ്ത്രീ എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു… വരാന്തയിലെ പടിയിലാണ് ഞാൻ ചാരിയിരിക്കുന്നത്… ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു…. “വേണ്ട കുറച്ച് കഴിഞ്ഞ് എഴുന്നേറ്റാൽ മതി” എന്ന് പറഞ്ഞ് അവർ എന്നെ പിടിച്ചിരുത്തി… “നല്ല ആൾടെ അടുത്താണ് വാടകയ്ക്ക് വന്നത്… ഞാൻ ജോലിക്ക് പോയി കഴിഞ്ഞാൽ അമ്മയെ കൂടെ താൻ നോക്കിക്കോളും എന്നാ വിധു പറഞ്ഞത്… പക്ഷേ ഇതിപ്പോ ചന്ദ്രയെ കൂടി അമ്മ നോക്കേണ്ടി വരുമല്ലോ”… എന്ന് പറയുന്ന ഗിരിയെ ഞാൻ അതിശയത്തോടെ നോക്കി… ”

ഗിരിയേട്ടനാണ് വാടകയ്ക്ക് വരുന്നത് എന്ന് പറഞ്ഞിരുന്നില്ല ഏട്ടൻ….” ഞാൻ പറഞ്ഞപ്പോൾ മറുപടി പറയാതെ എന്നെ നോക്കി ചിരിച്ചതേയുള്ളു… “വാ ഞാൻ പിടിക്കാം.. നനഞ്ഞ വസ്ത്രം ആദ്യം മാറു” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്… മഴയത്ത് ശരീരം മുഴവൻ നനഞ്ഞിരിക്കുന്നു.. മണ്ണും പറ്റിയിരിക്കുന്നു… ഞാൻ മുഖമുയർ നോക്കിയപ്പോൾ ഗിരിയേട്ടനും ആകെ നനഞ്ഞിരുന്നു.. ” ഞങ്ങളിവിടെ വന്നപ്പോൾ വീട്ടിൽ ആരെയും കാണാത്തത് കൊണ്ടാണ് അമ്മയെ ഇവിടെ ഇരുത്തിയിട്ട് പറമ്പിലേക്ക് വന്നത്… അപ്പോഴാ അവിടെ വീണു കിടക്കുന്നത് കണ്ടത്…

വിളിച്ചിട്ടും എഴുന്നേൽക്കാഞ്ഞത് കൊണ്ടാണ് എടുത്തോണ്ട് വന്നത്… ബോധമില്ലേലും എന്തോക്കെയോ രഹസ്യം പറയുന്നുണ്ടായിരുന്നു… എനിക്കൊന്നും മനസ്സിലായില്ല.. “ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാനും ചിരിക്കാൻ ശ്രമിച്ചു… ” ഞാൻ വസ്ത്രം മാറി വരട്ടെ” എന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് നടന്നു…. ഒരു തരത്തിൽ അതൊരു രക്ഷപ്പെടലായിരുന്നു… ഞാൻ എൻ്റെ ശരീരത്തിലേക്ക് നോക്കി… വസ്ത്രം നനഞ്ഞ് ദേഹത്തോട് ഒട്ടി കിടക്കുന്നു… വീട്ടിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ എല്ലാം മുകളിലത്തെ മുറിയിൽ കൊണ്ടു വച്ചിരുന്നു… അതു കൊണ്ട് താഴെ മുറിയിലെ അലമാരയിൽ നിന്നും ഒരു സാരിയെടുത്തുടുത്തു….

മാറിയ നനഞ്ഞ വസ്ത്രം അടുക്കളയിൽ ബക്കറ്റിൽ വച്ചു തിരിഞ്ഞപ്പോൾ ഗിരിയേട്ടൻ്റെ അമ്മ വന്നു…… “നീ എൻ്റെ ശാലിനിയേ പോലെ തന്നെയാണ്… കുറച്ച് മുൻ ശുണ്ഠിയുണ്ടന്നെയുള്ളു… പാവമാണ്..”.. ആ മനസ്സ് നിറച്ച് സ്നേഹമാണ്… കഴിഞ്ഞ തവണ കണ്ടപ്പോൾ സ്വന്തം മകളോട് അത് പ്രകടിപ്പിക്കാൻ അവൾക്ക് കഴിയാതെ പോയി എന്ന് ഒരു പാട് വിഷമിച്ചു പറഞ്ഞു… ” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി. വാത്സല്യവും സ്നേഹവും നിറഞ്ഞ മുഖം.. ” അതേയ് അമ്മയ്ക്ക് തനിയെ ഭക്ഷണം ഒന്നും വയ്ക്കാൻ പറ്റില്ല… ചന്ദ്രയും സഹായിക്കണം…

ഈയിടയായി മുട്ടുവേദന അൽപം കൂടുതലാണ്” ഗിരിയേട്ടൻ അടുക്കള വാതിൽക്കൽ വന്നു നിന്ന് കൊണ്ട് പറഞ്ഞു… “ഹേയ് അതൊന്നും പ്രശ്നമില്ല എനിക്ക് ചെയ്യാൻ ഉള്ളതേയുള്ളു… മിണ്ടിം പറഞ്ഞിരിക്കാൻ ഒരാളെ കിട്ടിയല്ലോ സന്തോഷം ” എന്ന് ഞാൻ പറഞ്ഞു… “മോൾക്ക് ക്ഷീണമുണ്ടേൽ കിടന്നോളു.. ഇന്ന് മോനോട് ലീവാക്കാൻ പറയാം.. ” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി നോക്കി… ” ഇല്ല… ഞാൻ രാവിലെ ചോറും കറിയും വച്ചതാണ്… കൂട്ടാൻ എന്തേലും വച്ചാൽ മതി… ഞാൻ വച്ചോളാം” ഞാൻ പറഞ്ഞു … ” ഇനി കൂട്ടാനൊന്നും വയ്ക്കാൻ നിൽക്കണ്ട… ഉള്ളത് കൊണ്ട് കഴിക്കാം” ഗിരിയേട്ടനാണ് പറഞ്ഞത്… “ശരി” എന്ന് പറഞ്ഞ് ഞാൻ ചുവരിൽ ചാരി നിന്നു…. ”

വിധു എല്ലാം പറഞ്ഞിരുന്നല്ലോ… താമസത്തിൻ്റെയും ഭക്ഷണത്തിൻ്റെയും കൂടി ഒരു തുക ശബളം കിട്ടുമ്പോ തരും… പിന്നെ അഡ്വാൻസ് പകുതി ഞാൻ വിധുവിനെ ഏൽപ്പിച്ചിരുന്നു… വീട്ടിൽ ചെറിയ പണികൾ ഉണ്ട് എന്ന് പറഞ്ഞു വാങ്ങി… ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോഴാണ് കഴിഞ്ഞ ദിവസം കൂലി വിധുവേട്ടൻ കൊടുത്തോളാമെന്ന് പറഞ്ഞ് നിർബന്ധിച്ചത് ഓർത്തത്…. വിധുവേട്ടൻ ചെറുപ്രായത്തിലെ തൊട്ട് അങ്ങനെയാണ്… തനിക്ക് നഷ്ട്ടം വരാതിക്കാൻ എല്ലാത്തിനും ഒരു ഒരു കണക്കുകൂട്ടലുണ്ടാവും… “അതെ ഇന്നലെയാണ് ഇവിടെ മോട്ടറും പൈപ്പും വച്ചത്…”.. അത് എനിക്കും ഉപകാരമായി… ”

എന്ന് ഞാൻ ചെറുപുഞ്ചിരിയോടെ പറഞ്ഞു.. “ഇതാ ബാക്കി അഡ്വാൻസ്… “.. എനിക്ക് ഇവിടേക്ക് സ്ഥലമാറ്റം കിട്ടിയിട്ട് കുറച്ചായതേയുള്ളു… ക്ലാർക്ക് ആയിട്ടാ ജോലി… ഏട്ടനുo ഏടത്തിയും ജോലിക്ക് പോയാൽ പിന്നെ അമ്മ തനിച്ചാ എന്ന് പറഞ്ഞാ എൻ്റൊപ്പം കൂട്ടിയത്…. പക്ഷേ ഇവിടെ വന്നപ്പോൾ ഒരു ഒറ്റപ്പെട്ട വീടാണ് ആദ്യം കിട്ടിയത്… ഞാൻ തിരിച്ച് വരുന്നത് വരെ അമ്മ ഒറ്റയ്ക്കായിരിക്കും…. അതു കൊണ്ടാ വിധുവിനോട് പറഞ്ഞത് ഈ വീട് വാടകയ്ക്ക് തരുമോന്ന്… ഇവിടാകുമോ അമ്മയുടെ കൂട്ടുകാരിയുടെ മകൾ ഉണ്ടാവുമല്ലോ കൂട്ടിന് …” എന്ന് പറഞ്ഞ് ഗിരിയേട്ടൻ പൈസാ എനിക്ക് നേരെ നീട്ടി… ഞാൻ വാങ്ങി..

ഗിരിയേട്ടൻ്റെ അമ്മയെ നോക്കി… ”ധൈര്യമായിട്ട് ജോലിക്ക് പോയ്ക്കോളു… ഞാൻ നോക്കിക്കോളാം ഗിരിയേട്ടൻ്റെ അമ്മയെ ” എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു… ” ഞാൻ കുറച്ച് നേരം കിടക്കട്ടെ… ഇന്നലെ നല്ല ജോലിയായിരുന്നു” എന്ന് പറഞ്ഞ് ഗിരിയേട്ടൻ്റെ അമ്മ എഴുന്നേറ്റു… ഞാൻ മുറി കാണിച്ചു കൊടുത്തു… ഗിരിയേട്ടൻ്റെ അമ്മയെ കട്ടിലിൽ കിടത്തിയിട്ടാണ് ഞാൻ മുറിയിൽ നിന്ന് ഇറങ്ങിയത്… ഹാളിലേക്ക് വന്നു നോക്കിയപ്പോൾ അച്ഛൻ്റെ ചാരുകസേര താഴെ കൊണ്ടിട്ടുണ്ട്… പിന്നെ നോക്കുമ്പോൾ എൻ്റെ ബാഗും സാധനങ്ങളുമായി പടികൾ ഇറങ്ങി വരുന്ന ഗിരിയേട്ടനെയാണ്..

”എന്ത് പറ്റി എല്ലാം താഴെ കൊണ്ടുവരുന്നത്. “ഞാനൽപ്പം സംശയഭാവത്തിൽ ചോദിച്ചു.. ” അമ്മയും ചന്ദ്രയും താഴെ താമസിച്ചോളു.. എനിക്ക് മുകളിൽ താമസിക്കാനാ ഇഷ്ടം.. അതുമല്ല എന്നെ കാണാൻ പല ആളുകൾ വരും… അതാ സൗകര്യം… പുറത്തൂടെയും പടികൾ ഉണ്ടല്ലോ “… പിന്നെ ഉച്ചയ്ക്ക് ചോറു പൊതി വേണം കേട്ടോ.. വന്ന് കഴിക്കാൻ സമയം കിട്ടില്ല” എന്ന് പറഞ്ഞ് ഗിരിയേട്ടൻ കൈയ്യിൽ കൊണ്ടുവന്ന സാധനങ്ങൾ എൻ്റെ മുറിയിൽ കൊണ്ടുവച്ചു.. തിരികെ ഗിരിയേട്ടൻ വരാന്തയിൽ വച്ചിരുന്ന ബാഗെടുത്തു മുകളിലേക്ക് പോയി… വല്ലാത്ത സമാധനം തോന്നി…

വിധുവേട്ടൻ പറഞ്ഞത് കൊണ്ടു മാത്രമാണ് മുകളിലത്തെ മുറിയിൽ സാധനങ്ങൾ കൊണ്ടു വച്ചത്…. അവിടെ താമസിക്കാൻ ഉള്ള ധൈര്യം ഇപ്പോഴും മനസ്സിൽ ഇല്ലാ എന്ന് ഇന്ന് മനസ്സിലായതാണ്… എനിക്ക് അവിടം ഒരുപാട് വേദനിപ്പിക്കുന്ന ഓർമ്മകളാണ്…. ശരത്തേട്ടൻ ഇവിടെ വന്നതിന് ശേഷമാണ് ഒരുപാട് മാറി പോയത്… ആദ്യമൊക്കെ പണമില്ലാത്തതിൻ്റെ വിഷമം കൊണ്ടാവും എന്ന് കരുതി…. ഇവിടെ വരാത്ത രാത്രിയിലെ വസ്ത്രങ്ങളിൽ കുങ്കുമ ചുവപ്പും വാടിയ മുല്ലപ്പൂവിൻ്റെ ഗന്ധവും സംശയം തോന്നി തുടങ്ങിയിരുന്നെങ്കിലും ശരത്തേട്ടൻ എൻ്റെ മാത്രമാണ് എന്ന് മനസ്സിനെ സ്വയം വിശ്വസിപ്പിച്ചു..

സംശയങ്ങൾ വാക്കുകളുടെ രൂപത്തിൽ എന്നിൽ നിന്നുയർന്നപ്പോൾ എതിർപ്പുകൾ ഒന്നുമില്ലാതെ സമ്മതിച്ചും തന്നു… ഫോട്ടോ കാണിച്ചു തന്നു…. ശരത്തേട്ടൻ മറ്റൊരു പെണ്ണിനൊപ്പം ചേർന്നിരിക്കുന്നത് കണ്ടപ്പോൾ ൻ്റെ ജീവിതം അവസാനിച്ചു എന്ന് മനസ്സിലായ ദിവസം മുതൽ മനസ്സ് കല്ലാക്കി…. “ആഹാ ഇവിടെ നിൽപ്പാണോ ” എന്ന് ഗിരിയേട്ടൻ വിളിച്ചപ്പോഴാണ് ഞാൻ ഹാളിൽ തന്നെ ചിന്തകളിൽ മുഴുകി നിൽക്കുകയായിരുന്നു എന്ന് മനസ്സിലായത്… ” ഞാൻ അത് പിന്നെ ” ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നു.. ” ഞാൻ ഇല വെട്ടി അടുക്കളയിൽ കൊണ്ടു വച്ചിട്ടുണ്ട്.. എനിക്കതിൽ പൊതി കെട്ടിയാൽ മതി.

എനിക്കതാ ഇഷ്ടം.. ” ഞാൻ തൻ്റെ മുൻപിൽ കൂടി രണ്ടു പ്രാവശ്യം പോയിട്ടും കണ്ടില്ലേ “… നല്ലയാളാ” ഗിരിയേട്ടൻ തമാശ രൂപേണ പറഞ്ഞു.. ” ഞാൻ പൊതിയെടുക്കാം” എന്ന് പറഞ്ഞ് ഞാൻ വേഗം അടുക്കളയിലേക്ക് നടന്നു… ഗിരിയേട്ടന് ചോറ് പൊതി കെട്ടാനായി ഇലയെടുത്ത് അടുപ്പത്ത് വച്ച് വാട്ടി വച്ചു… വേഗം പറമ്പിൽ പോയി ചീര കുറച്ച് മുറിച്ച് കൊണ്ടുവന്നു…നന്നായി കഴുകി അരിഞ്ഞു.. ഉള്ളിയുo പച്ചമുളകും ചെറുതായി അരിഞ്ഞു.. അടുപ്പത്ത് ചട്ടി വച്ചു… എണ്ണ ചൂടായി കടുക് പൊട്ടി.. ഉള്ളി അതിലേക്കിട്ട് വഴറ്റി… അരിഞ്ഞ് വച്ച ചീര അതിലേക്ക് ചേർത്ത് ഉപ്പും ഇട്ട് അടച്ച് വച്ചു..

തേങ്ങാ ചിരവി അതിൽ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും കറിവേപ്പിലയും ചേർത്ത് ഇളക്കി… ചീര വെന്തമണം വന്നപ്പോൾ ചേർത്തുവച്ച തേങ്ങ അതിലേക്കിട്ട് അടച്ചു.. അടുപ്പിൽ നിന്നും മാറ്റിവച്ചു… ” ആഹാ നല്ല മണം വരുന്നുണ്ടല്ലോ ” ഗിരിയേട്ടൻ്റെ ശബ്ദം കേട്ടു ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ഓഫീസിലേക്ക് പോകാൻ ഒരുങ്ങി വന്നിരിക്കുകയാണ്… “ആദ്യത്തെ പൊതി ചോറല്ലെ.. ഒട്ടും കുറയ്ക്കണ്ട എന്ന് കരുതി.. പറമ്പിൽ നിന്ന നല്ല ഫ്രഷ് ചീരയാണ്.. തോരൻ വച്ചതാണ്.. .”.. കൂട്ടാൻ തന്നില്ല എന്ന് പറഞ്ഞ് പൈസ കുറച്ചാലോ.. ” എന്ന് പറഞ്ഞ് ഞാൻ ചിരിച്ചു… ” .ഓ… അങ്ങനെ….

രാവിലെ ഞങ്ങൾ ഹോട്ടലിൽ കഴിച്ചിട്ടാ വന്നത്.. അമ്മയ്ക്ക് ഇടയ്ക്ക് ചായ വേണമായിരിക്കും ചോദിച്ച് സമയത്തിന് കൊടുത്തേക്കണേ… “.. എന്ന് ഗിരിയേട്ടൻ പറയുമ്പോഴേക്ക് ഞാൻ പൊതിക്കെട്ടി കഴിഞ്ഞിരുന്നു… “ശരി ഞാൻ ചോദിച്ചോളാം” എന്ന് പറഞ്ഞ് പൊതിച്ചോറ് ഗിരിയേട്ടൻ്റെ കൈയ്യിൽ കൊടുത്തു.. “താങ്ക്സ് ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ തിരിഞ്ഞു നടന്നു.. അമ്മയോട് പോകാനിറങ്ങുകയാണ് എന്ന് വിളിച്ച് പറയുന്നത് കേട്ടു…. ഞാൻ കുറച്ച് കഴിഞ്ഞാണ് മുൻപിലേക്ക് ചെന്നത്.. വാതിൽ ചാരിയിട്ടാണ് പോയിരിക്കുന്നത്…. ഗിരിയേട്ടൻ്റെ അമ്മയ്ക്ക് ചായയുമായിട്ടാണ് മുറിയിൽ ചെന്നത്….

ഒരു പകൽ കൊണ്ട് വല്ലാതെ അടുത്തു… ചെറിയ ചെറിയ തമാശകൾ പറഞ്ഞു ചിരിച്ചു… ഉച്ചയ്ക്ക് ഞാനുണ്ടാക്കിയ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി… വിധുവേട്ടൻ ഇടയ്ക്ക് ഫോണിൽ വിളിച്ചു.. ടൗണിലെ ബേക്കറിയിൽ പലഹാരം ഉണ്ടാക്കി കൊടുത്താൽ വാങ്ങാം എന്നു പറഞ്ഞത്രേ… ഞാൻ റെഡിയാണ് … നാളെ തൊട്ട് വൈകുന്നേരത്തെ പലഹാരo ഉണ്ടാക്കി തരാമെന്ന് പറഞ്ഞോളു എന്ന് വിധുവേട്ടനോട് പറഞ്ഞു…. വെറുതെയിരുന്നാൽ ഭ്രാന്തൻ ചിന്തകൾ മനസ്സിനെ അലട്ടികൊണ്ടിരിക്കും.. … വൈകുന്നേരം ഗിരിയേട്ടൻ വന്ന് കഴിഞ്ഞ് ഒരു ഓട്ടോ വിളിച്ച് ടൗണിലേക്ക് പോയി…

വിധുവേട്ടൻ പറഞ്ഞ ബേക്കറിയിൽ കയറി എന്തൊക്കെ വേണമെന്ന് ഓർഡർ എടുത്തു… ആദ്യം വൈകുന്നേരത്തെ പലഹാരങ്ങൾ മാത്രം മതിയെന്ന് അവർ പറഞ്ഞു.. പിന്നെ അതിനാവശ്യമുള്ള സാധനങ്ങൾ വാങ്ങി… തിരികെ പോരുമ്പോൾ സാധനങ്ങൾ വച്ച് കൊണ്ടുപോകാൻ സൗകര്യമുള്ള ഒരു സൈക്കിളും വാങ്ങി… ഹോസ്റ്റലിൽ ജോലിക്ക് നിന്നപ്പോൾ അവിടെയുള്ള കുട്ടികൾ പഠിപ്പിച്ചതാണ് സൈക്കിൾ ഓടിക്കാൻ… തിരികെ സൈക്കിളിലാണ് വീട്ടിലേക്ക് വന്നത്.. വരുന്ന വഴിക്ക് പരിചയക്കാർ പലരേയും കണ്ടെങ്കിലും സംസാരിക്കാൻ നിന്നില്ല… എല്ലാർക്കും എൻ്റെ ഇപ്പോഴത്തെ അവസ്ഥ അറിയാനാണ് താൽപര്യം..

അല്ലെങ്കിൽ കഴിഞ്ഞ് പോയ കാര്യങ്ങൾ ഓർമ്മപ്പെടുത്തി കുത്തിനോവിക്കാനും.. അതു കൊണ്ട് തന്നെ പരിചയക്കാർ ആരെ കണ്ടാലും വഴിമാറി പോവുകയാണ് പതിവ്…. ഗിരിയേട്ടനും അമ്മയും മുറ്റത്ത് നിൽപ്പുണ്ടായിരുന്നു… അവർ രണ്ടു പേരും അത്ഭുതത്തോടെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്.. സൈക്കിളിൽ നിന്നിറങ്ങി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി… സൈക്കിൾ ഒരു വശത്തേക്ക് ഒതുക്കി നിർത്തി.. “ആഹാ കാര്യമായിട്ടാണല്ലോ… ഇന്ന് തൊട്ട് നമ്മുക്ക് കോളടിച്ചു കേട്ടോ അമ്മേ ” ഗിരിയേട്ടൻ അമ്മയോടായ് പറഞ്ഞു.. “നോക്കി നിൽക്കാതെ നീയതൊക്കെ ഒന്നു അകത്ത് കൊണ്ട് വയ്ക്കാൻ സഹായിക്ക്.. ”

എന്ന് അമ്മ പറഞ്ഞതും ഗിരിയേട്ടൻ എൻ്റെ അടുത്തേക്ക് വന്നു.. സൈക്കിളിൽ നിന്ന് സാധനങ്ങൾ എടുത്ത് വീടിനകത്തേക്ക് കൊണ്ടുപോയി… ബാക്കിയുള്ള കുറച്ച് സാധനങ്ങൾ എടുത്ത് ഞാനും പുറകെ നടന്നു… ഗിരിയേട്ടൻ്റ അമ്മ അപ്പോഴും മുറ്റത്ത് തന്നെ നിൽക്കുകയായിരുന്നു.. എല്ലാം അടുക്കളയിൽ വച്ച് തന്നു… ” ഇത് എടുത്ത് കൊണ്ടുവന്നതിൻ്റെ കൂലി ഞാൻ തരുന്ന പൈസയിൽ കുറയ്ക്കും കേട്ടോ ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ രൂക്ഷമായി ഒന്നു നോക്കി പോയി.. “ആഹാ അതറിഞ്ഞിരുന്നേൽ ഞാൻ തന്നെ എടുത്തു കൊണ്ടു വന്നേനെല്ലോ…. “… എന്ന് ഞാനും മറുപടി പറഞ്ഞു…

എൻ്റെ തർക്കുത്തരം കേട്ടിട്ടാവണം ഒരു ചിരിയോടെ ആൾ അടുക്കളയിൽ നിന്നും പോയി.. ഞാൻ എല്ലാം ഒതുക്കി വച്ചിട്ട് മേല് കഴുകിയിട്ട് വന്നു…. വരാന്തയിലേക്ക് ചെന്നപ്പോൾ ഗിരിയേട്ടൻ്റെ അമ്മ വിളക്കിൽ എണ്ണയൊഴിച്ച് തിരിയിട്ട് വച്ചിരിക്കുന്നു.. “മോളെ നിലവിളക്ക് തെളിയിച്ചേ “ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നു…. ഞാൻ വിളക്ക് വച്ച് പ്രാർത്ഥിച്ചിട്ട് തന്നെ വർഷങ്ങളായി…. എല്ലാം നഷ്ട്ടപ്പെട്ടവൾക്ക് എന്ത് പ്രാർത്ഥനയാണ് ചൊല്ലാനുള്ളത്…

ഞാൻ നിൽക്കുന്നത് കണ്ടിട്ടാവണം ഗിരിയേട്ടൻ എൻ്റെ അരികിൽ വന്നു…. “എൻ്റെ അമ്മയ്ക്ക് വേണ്ടി അടുത്ത് ചെന്നിരുന്ന് ഒന്ന് നാമം ചൊല്ലടോ…” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ ചെന്ന് ദീപം തെളിയിച്ച് വിളക്കിന് മുൻപിൽ ഇരുന്നു… ഗിരിയേട്ടൻ്റെ അമ്മ നാമം ചൊല്ലി തുടങ്ങി പകുതിയിലെപ്പോഴോ എൻ്റെ ചുണ്ടുകളും കീർത്തനങ്ങൾ മന്ത്രിച്ചു തുടങ്ങിയിരുന്നു….തുടരും

സ്‌നേഹതീരം: ഭാഗം 4

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!