മൗനം : ഭാഗം 21

മൗനം : ഭാഗം 21

എഴുത്തുകാരി: ഷെർന സാറ

ചന്തുവിന്റെ ഓർമകൾ ഒരു നിമിഷം ഒരുപാട് പിന്നോട്ട് പറന്നു….ഒടുവിൽ വർഷങ്ങൾക്ക് മുന്നേയുള്ള,, ഓർമ്മകൾ പൂത്തിറങ്ങുന്ന ഒരു ചെറുകൊമ്പിൽ ചെന്നിരുന്നു… ################### അന്ന് ആദിയുമായിട്ടുണ്ടായ വഴക്ക് അതിന്റെ പരമോന്നതിയിൽ എത്തിയിരുന്നു…രണ്ട് മൂന്ന് ദിവസം ഇരുവരും പരസ്പരം മിണ്ടുക കൂടി ഇല്ലായിരുന്നു… ജയ്റാം മരണപ്പെട്ടത് കൊണ്ട് ഇപ്പോൾ ചികിത്സ മുടങ്ങാതെ ഇരിക്കാൻ വേണ്ടി ആദിയും മാനവും ഇവിടെ നിൽകാം എന്നൊരു തീരുമാനം ആദി മുന്നോട്ട് വെച്ചപ്പോൾ,, എല്ലാവരും അതിനോട് യോജിച്ചിരുന്നു… എങ്കിലും ചന്തു അഭിപ്രായം ഒന്നും പറഞ്ഞില്ല…

അന്നത്തെ പിണക്കത്തിന്റെ തുടർച്ചയെന്നോണം,, പിന്നീട് ചേച്ചിയും അനിയനും തമ്മിലുള്ള സംസാരം ഒന്നോ രണ്ടോ വാക്കിൽ അതികമായി വന്നിട്ടില്ല..ഒരു തരം അവഗണനയാണ് ആദിയുടെ ഭാഗത്ത്‌ നിന്നും ചന്തുവിന് നേരിടേണ്ടി വന്നത്.. വല്ലാത്തൊരു സങ്കടം അവന്റെ ഉള്ളിൽ ഉറഞ്ഞു കൂടുമെങ്കിലും അച്ഛന്റെ മുഖം മനസ്സിൽ ഓടി എത്തുമ്പോൾ ആ വേദനയെ മറക്കാനുള്ള മറു മരുന്നും കിട്ടും… ഇതിനിടയിൽ പലപ്പോഴും ചന്തു അപ്പയുടെ അരികിലേക്ക് ഓടിയെത്തുമായിരുന്നു… ഒരു ആശ്വാസത്തിന് വേണ്ടിയെന്നോണം… ദിവസങ്ങൾ പോകേ കാറൊഴിഞ്ഞ വാനം കണക്കെ ശാന്തമായി തുടങ്ങിയിരുന്നു ചന്തുവും ആദിയും തമ്മിലുള്ള പിണക്കം… ചന്തുവിന് അവധി കഴിഞ്ഞ് തിരികെ പോകാനുള്ള ദിവസവും അടുത്തെത്തിയിരുന്നു…

പതിവ് പോലെ അപ്പയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ് ചന്തു… തിരികെ പോകാൻ ആയി,, യാത്ര പറയണം… പിന്നെ മിഥുവിന്റെ വീട്ടിലും പോണം… അവന്റെ ചേച്ചിയുടെ കല്യാണമാണ് അടുത്തയാഴ്ച… ഓരോന്ന് ആലോചിച്ചു പടിയിറങ്ങി വന്നപ്പോൾ ആണ് മുകളിലെ അടഞ്ഞു കിടന്ന മുറിയിൽ എന്തോ അനക്കം കേട്ടത്… കാലങ്ങളായി ആ മുറി ഉപയോഗശൂന്യമാണ്… പണ്ട് മുതൽക്കേ ഉള്ള കണക്കുകളും മറ്റും എഴുതിയിരിക്കുന്ന ബുക്കുകളും,, പഴയ വിളക്കുകളും,, ചെറിയ ഓട്ടുപാത്രങ്ങളും ഒക്കെ സൂക്ഷിക്കാൻ ഉപയോഗിച്ചതാണ്… പിന്നീട് ഇപ്പോൾ ആ മുറി അങ്ങനെ തുറക്കാറില്ല…. ഏതെങ്കിലും പാത്രം ഉരുണ്ട് വീണതാവും ന്ന് കരുതി,,

അത് കാര്യമാക്കാതെ ഇറങ്ങാൻ തുനിഞ്ഞപ്പോൾ ആണ് അടക്കി പിടിച്ച സംസാരം മുറിയിൽ നിന്നും കേൾക്കുന്നത്… എന്തോ ഒരു തോന്നലിൽ തിരികെ പടികൾ കയറി ആ മുറിക്ക് മുന്നിൽ ചെന്നു… ശബ്ദം വളരെ കുറവാണെങ്കിലും,, പാതി അടയാതെ കിടന്ന വാതിൽ വിടവിലൂടെ ശ്രെദ്ധിച്ച് ശ്രവിച്ചാൽ പറയുന്നത് വ്യക്തമാകും… ഇതിനുള്ളിൽ വന്നിരുന്നു സംസാരിക്കേണ്ട ആവശ്യം എന്താണ്,,അല്ലാതെ തന്നെ എത്രയോ സ്ഥലം ഉണ്ട് ഇല്ലത്ത് തന്നെ എന്നായിരുന്നു ചന്തു ചിന്തിച്ചത്… ആരോ തമ്മിലുള്ള വാഗ്വാദം പോലെ തോന്നിയപ്പോൾ,, ആ ശബ്ദത്തിനുടമയെ ശ്രെദ്ധിച്ചപ്പോൾ ആണ് മാനവും അപ്പയും ആണെന്ന് മനസ്സിലായത്…. അപ്പയുടെ ശബ്ദം കേട്ടത് കൊണ്ട് തന്നെ,, യാതൊരു സംശയവും കൂടാതെ ചന്തു ആ മുറിയ്ക്കകത്തേയ്ക്ക് കയറി… ” നീയെന്താ കരുതിയത്…

നീ ആഗ്രഹിച്ചപോലെ ഇലവുങ്കലിൽ നിന്നും എല്ലാം കട്ട് മുടിച്ചു കൊണ്ട് പോകാമെന്നോ… ഞങ്ങൾ ആരും ഒന്നും അറിയില്ലെന്നോ…എന്റെ ഏട്ടനെയും ഭർത്താവിനെയും കൊന്നാൽ നിന്റെ കള്ളത്തരങ്ങൾ മണ്ണോടെ മൂടാമെന്നോ… ഏഹ്… തെളിവ് സഹിതം എല്ലാം ഇന്നും ഭദ്രമായി എന്റെ കയ്യിൽ ഉണ്ട്… അത് പുറത്ത് കാണിച്ചാൽ തീരാവുന്നതെ ഉള്ളൂ നീ… പിന്നെയും ക്ഷമിക്കുന്നതെന്തിനാന്നോ… ആദിയെ ഓർത്തിട്ടാണ്… അവളിൽ നാമ്പിട്ട പുതു ജീവനെ ഓർത്തിട്ടാണ്…. ” വളരെ ക്ഷോപത്തോടെയുള്ള അപ്പയുടെ സംസാരം… മാനവിനോടാണ്… ആരോ മുറിയിൽ പ്രവേശിച്ചതറിഞ്ഞതും ഇരുവരും ഒരേ പോലെ നിശബ്ദരായി…ചന്തുവിനെ കണ്ടതും അപ്പയ്ക്ക് ആശ്വാസം ആണ് ഉണ്ടായത്…

നേരെ മറിച്ചുള്ള അവസ്ഥ ആയിരുന്നു മാനവിന്… ഏറെ കുറെ അവരുടെ സംസാരം കേട്ടതായി ചന്തുവിന്റെ മുഖഭാവത്തിൽ നിന്നും ഇരുവർക്കും മനസിലായി… വലിഞ്ഞു മുറുകിയ മുഖവും ക്രോധം നിറഞ്ഞ കണ്ണുകളും അത് വ്യക്തമാക്കുന്ന വിധം ആയിരുന്നു… ” അപ്പ പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചിരുന്നില്ല മാനവ്… നിങ്ങളാണ് എന്റെ അച്ഛനെയും മാമനെയും കൊന്നതെന്ന്… ചെറിയൊരു പ്രതീക്ഷ എന്നിൽ ഉണ്ടായിരുന്നു… നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന്… പക്ഷെ ഇപ്പോൾ… ” ബാക്കി പറയാനാവാതെ ചന്തുവിന്റെ വാക്കുകൾ നിലച്ചു പോയിരുന്നു… ചില സന്ദർഭങ്ങളിൽ വിചാരങ്ങളെക്കാൾ സ്ഥാനം മനുഷ്യ മനസ്സിൽ വികാരങ്ങൾക്ക് തന്നെയാണല്ലോ… അത്തരമൊരു സന്ദർഭം തന്നെയാണ് ഇതും…. “നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു,, നമ്മുടെ അച്ഛനെ….

നിന്റെയും കൂടി അച്ഛൻ ആയിരുന്നില്ലേ മാനവ്…നിനക്ക് നൽകിയതും ഒരു മകനോടെന്നപോലെ നിസ്വാർത്ഥമായ സ്നേഹം തന്നെ ആയിരുന്നല്ലോ… “അവന്റെ വാക്കുകൾ എവിടെയോക്കെയോ ഇടറിയിരുന്നു .. ചന്തുവിന്റെ ചോദ്യത്തിന് മാനവ് പകരം നൽകിയത് പുച്ഛത്തിൽ ചാലിച്ചെടുത്ത ഒരു ചിരി ആയിരുന്നു.. ” മരുമകൻ ഒരിക്കലും മകൻ ആവുന്നില്ല ചന്തു… !!” പറഞ്ഞു കൊണ്ടയാൾ ചുണ്ട് ഒരു വശത്തേക്ക് ഒന്ന് ചിരിച്ചു… ” നിനക്ക് അറിയുമോ… നിന്റെ ചേച്ചിയോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല ഞാൻ അവളെ കല്യാണം കഴിച്ച് കൂടെ കൂട്ടിയത്… പൊന്മുട്ടയിടുന്ന താറാവ് കണ്മുന്നിൽ ഉണ്ടായിട്ടും അതിനെ പ്രയോജനപ്പെടുത്താൻ അറിയാത്തവൻ മണ്ടൻ ആണെന്ന് ഒരു ചൊല്ലുണ്ട്… ഞാനും ഒരിക്കലും അങ്ങനെ ഒരു വിഡ്ഢിയല്ല….നീരൂർ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മണി മാളിക സ്വപ്നം കണ്ടു തന്നെയാണ് അവളെ ഞാൻ കൂടെ കൂട്ടിയത്… ”

” നിന്റെ ചേച്ചി ഭയങ്കര പാവമാണ് കേട്ടോ… അവൾക് നൂറ് നാവാണ് അവളുടെ നാടിനെയും ഇല്ലത്തേയും കുറിച്ച് പറയാൻ… അതിലിങ്ങനെ മുഴങ്ങി നിൽക്കണ പേരാണ് നിന്റേത്,,,ആദി ശങ്കരൻ…അന്നെ ഞാൻ ഊഹിച്ചതാണ് നീയൊരു വെല്ലുവിളിയാകുമെന്ന്… ” ” എന്റെ ഒരു കൈക്കില്ല നീയെന്ന് മറന്നു പോയതാണോ മാനവ്…അതോ ചേച്ചിയെ ഓർത്തെല്ലാം ക്ഷമിക്കും എന്ന് കരുതിയോ… “കണ്ണുകൾ രണ്ടും ഇറുക്കിയടച്ച് തന്റെ ദേഷ്യം നിയന്ത്രിച്ചു കൊണ്ട് ചന്തു ചോദിച്ചു.. ” നീയിങ്ങനെ ദേഷ്യപ്പെടാതെ അളിയാ…ഒന്നുല്ലെങ്കിലും പ്രായത്തിൽ മൂത്തവരെ പേര് വിളിക്കുന്നത് മോശമല്ലേ…” ” അളിയൻ കേട്ടോ,, ഇവിടെ വന്നതിന് ശേഷമാണ് ഇലവുങ്കലെ ആധുരസേവനം എത്രത്തോളം ഉണ്ടെന്നു മനസ്സിലായത്…കൊയ്തെടുക്കാൻ കഴിയുന്ന പണമൊക്കെ ഇങ്ങനെ വെറുതെ കളയാമോ അളിയാ…

മോശമല്ലേ…” ചോദിച്ചു കൊണ്ടയാൾ ചന്തുവിനെയും അപ്പയെയും നോക്കി ഒന്ന് ചിരിച്ചു… ” അപ്പോൾ തോന്നിയ ബുന്ധിയാണ് ഈ മരുന്നുകൾ എന്ത് കൊണ്ട് വിപണിയിൽ എത്തിച്ചു കൂടാ എന്ന്… പക്ഷെ അത് ഇലവുങ്കലിന്റെ പേരിൽ അല്ലാട്ടോ… ന്റെ പേരിൽ,,, മാനവ് മാധവിന്റെ പേരിൽ… അതിന്റെ പേരിൽ ഉള്ള കണക്കുകൂട്ടലുകൾ ഒക്കെ നടത്തിയതാണ്… വൈദ്യുർ മഠവുമായിട്ട് അതിനുള്ള എഗ്രിമെന്റ് ഏകദേശം ശെരിയായതുമാണ്… നിന്റെ ആദി ചേച്ചിയ്ക്ക് ഇതൊന്നും അറിയില്ലാട്ടൊ….പക്ഷെ നിന്റെ അച്ഛനിതൊക്കെ കണ്ടു പിടിച്ചു… നിന്റെ അച്ഛൻ സ്വയം കണ്ടു പിടിച്ചതോന്നും അല്ല… ” “നീ പറഞ്ഞത് ശെരിയാ… അയാൾക് ഞാൻ നിന്റെ സ്ഥാനത്ത് തന്നെ ആയിരുന്നു… ഭയങ്കര വിശ്വാസം ആയിരുന്നു മരുമകനെ… പക്ഷെ എന്റെ അനിയൻ ഉണ്ടല്ലോ… മനു…എന്റെ സംസാരം ഒരിക്കൽ കേട്ടതിന്റെ പുറത്ത് ഞാൻ അറിയാതെ എനിക്ക് പുറകെ അവനും ഉണ്ടായിരുന്നു…

ഒടുവിൽ അറിഞ്ഞ വിവരങ്ങൾ ഒക്കെയും നിന്റെ അച്ഛനെ അറിയിച്ചു…എവിടെ,,, ആയുസ് കുറവായിരുന്നു… എന്റടുത്ത് വന്നിട്ട് ഭീഷണി മുഴക്കി തിരികെ വരുന്ന വഴി ആയിരുന്നു… പാവം… മാനവിന് എന്നും വെട്ടി പിടിച്ചു നേടിയെടുത്തേ ശീലമുള്ളു…അത്കൊണ്ട് വഴിമുടക്കാൻ വരുന്നവരുടെ തലയെടുക്കാനും മടിയില്ല.. അത് നിന്റച്ഛനും അറിയില്ലായിരുന്നു…. അയാൾക്കെന്നല്ല..ആർക്കും… ആർക്കുമറിയില്ല…അത് കൊണ്ടല്ലേ എന്റെ ഒറ്റ വിളിയിൽ നിന്റച്ഛനെയും മാമനെയും പെട്ടെന്ന് പരലോകത്തേക്ക് പറഞ്ഞു വിടാൻ സാധിച്ചത്….” പറഞ്ഞു കൊണ്ട് ഉറക്കെ പൊട്ടി ചിരിക്കുന്നവനെ കാൺകേ ചന്തുവിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി… കണ്ണുകളിൽ രക്തം ഇരച്ചെത്തി…

അല്ലെങ്കിലും ഏത് മകനാണ് സ്വന്തം അച്ഛനെ കൊന്നതിന്റെ വിശദീകരണം ക്ഷമയോടെ കേട്ട് നില്കാൻ ആവുന്നത്… അപ്പോൾ ഉണ്ടായ പ്രകോപനത്തിൽ,, ദേഷ്യത്തിന്റെ പരമോന്നതതിയിൽ അയാളിലേക്ക് പാഞ്ഞടുത്തു കൊണ്ട് കഴുത്തിൽ കുത്തി പിടിച്ചു ചുമരോട് ചേർത്ത് നിർത്തി… ഇരുവരും കണ്ണുകൾ കൊണ്ട് പോര് കോഴികളെ പോലെ നോട്ടമെയ്ത് നിന്ന ഞൊടിയിട നേരത്തിൽ,, മാനവ് ചന്തുവിന്റെ വയറ്റിലേക്ക് മുട്ടുകാൽ മടക്കി കേറ്റിയിരുന്നു… പെട്ടെന്നുണ്ടായ അപ്രതീക്ഷിതമായ പ്രഹരത്തിൽ വേദന എടുത്തപ്പോൾ മാനവിലുള്ള ചന്തുവിന്റെ പിടി താനെ അയഞ്ഞിരുന്നു.. തെല്ലിട നേരത്തിൽ മാനവ് അവനെ ചവിട്ടി താഴെയിട്ടു… കാല് കൊണ്ട് നെഞ്ചിൻ കൂടിൽ ചവിട്ടാൻ ആഞ്ഞപ്പോൾ അവന്റെ വലത് കാലിൽ പിടിച്ചു കൊണ്ട് ചന്തു അവനെ തിരിച്ചു വീഴ്ത്തി…

ഇരുവരും തമ്മിൽ നീണ്ടു നിന്ന ഏറെ നേരത്തെ പ്രതിരോധത്തിനൊടുവിൽ ചന്തു അവശനായിരുന്നു… കഴുത്തിൽ കാലുകൾ അമർത്തി ശ്വാസം മുട്ടിക്കുന്ന രീതിയിൽ അവനെ തളർത്തിയിരുന്നു മാനവ്… ഞരമ്പുകൾ വലിഞ്ഞു മുറുകി ശ്വാസം വിലങ്ങിയപ്പോൾ,, പ്രതിരോധിക്കാൻ എന്ന വണ്ണം സർവ്വ ശക്തിയുമെടുത്ത് ചന്തു അയാളെ പിന്നിലേക്ക് തള്ളി മാറ്റിയതും അയാളിൽ നിന്നൊരലർച്ച ഉയർന്നതും ഒരുമിച്ച് ആയിരുന്നു… ഒപ്പം തന്നെ അപ്പയും അലറി വിളിച്ചപ്പോൾ ഒരു നിമിഷം ഉള്ളിൽ ഒരു ഭയം ഉണ്ടായി…ഒരു വിറയലോടെ,, കഴുത്തിൽ കൈകൾ മുറുകെ പിടിച്ച് ചുമച്ചു കൊണ്ട് എണീട്ടു നോക്കിയപ്പോൾ കണ്ടു,, പുറത്ത് നിന്നും നെഞ്ചിന്റെ ഭാഗത്ത്‌ കുത്തി കയറിയ നിലവിളക്കിന്റെ രക്തം പുരണ്ട തുമ്ബ്‌…

കണ്ണുകൾ രണ്ടും തുറിച്ചു വന്നു നിശ്ചലമായ രീതിയിൽ അയാളെ കണ്ടപ്പോൾ ഒരു നിമിഷം അവൻ ശ്വാസം വിലങ്ങിയ പോലെ നിന്നുപോയി… മനഃപൂർവം അല്ല…അറിയാതെ പറ്റി പോയതാണ്… പക്ഷെ… താൻ… താനിപ്പോൾ എന്ത് ചെയ്യും…. ഒരു വെപ്രാളം അവനിൽ ഉതിച്ചുയർന്നു… പെട്ടെന്നുണ്ടായ തോന്നലിൽ മുഖമുയർത്തി അപ്പയെ നോക്കിയപ്പോൾ മരവിച്ച കണക്കെ നിൽക്കണത് കണ്ടു… ഒരു ഏങ്ങലടി കേട്ട് ഞെട്ടലോടെ തല ചെരിച്ചു നോക്കിയപ്പോൾ,, വാതിലിൽ സ്വര നിൽക്കുന്നതാണ് കണ്ടത്… പേടിച്ചരണ്ട മുഖഭാവത്തിൽ നിന്നും തന്നെ അവളെല്ലാം കേട്ടിരിക്കുന്നു എന്ന് മനസിലായി… ദൃതിയിൽ അവളിലേക്ക് പാഞ്ഞടുത്തതും ചന്തുവിനെ കെട്ടിപിടിച്ചു ഉറക്കെ കരയാൻ തുടങ്ങിയിരുന്നു പെണ്ണ്…

അവളെ ആശ്വസിപ്പിക്കുന്നതിന് പകരം നീ ഇവിടെ നടന്നതൊന്നും കണ്ടില്ലെന്ന് അവളെ പറഞ്ഞ് വിലക്കുമ്പോൾ അവന്റെയുള്ളിൽ നിറഞ്ഞു നിന്നത് ഒരു ഏട്ടന്റെ ആധി തന്നെയായിരുന്നു…അല്ലെങ്കിൽ ഒരുപക്ഷെ നാളെ സാക്ഷി പറയാനായി,,കേസും കോടതിയും ഒക്കെയായി ഒരുപാട് അലയെണ്ടി വരും അവൾ…. ഗായത്രിയുടെ പേരിൽ അപ്പയെയും വിലക്കി,,ഇരുവരെയും അവിടെ നിന്നും പറഞ്ഞയച്ചതിന് ശേഷമാണ് ശബ്ദം കേട്ട് എല്ലാവരും ഓടിയടുത്തത്… കൈകളിൽ പോലീസ് വിലങ്ങണിയിച്ചു കൊണ്ട് പോകുമ്പോൾ നോട്ടം എത്തി നിന്നത് അപ്പയിൽ ആയിരുന്നു….പിന്നീടുള്ള ദിവസങ്ങൾ കേസും കോടതിയും ആയി ഒഴുകി നടന്നു… ജാനകി കാര്യങ്ങൾ വ്യക്തമാക്കിയെങ്കിലും ഒന്നും വിശ്വസിക്കുവാൻ ഇല്ലത്തുള്ളവർ തയാറായില്ല….

ചന്തുവിനൊപ്പം നിന്നതിന് ജാനകിക്ക് നേരെ കതകടയ്ക്കുമ്പോൾ പോലും ജാനകി പതറിയില്ല… ഇല്ലത്ത് ജാനകി നടത്തിയ വെളിപ്പെടുത്തലുകൾ ഒന്നും ഗായത്രി അറിഞ്ഞിട്ടില്ല… ഇല്ലാത്ത പണം കടം വാങ്ങിയും മറ്റും സ്വരു കൂട്ടിയെടുത്ത് ചന്തുവിന് വേണ്ടി കേസ് വാദിക്കാൻ ഏർപ്പാട് ചെയ്തതും ഒക്കെ അപ്പയാണ്…. പലപ്പോഴായി കോടതിയിൽ വാദങ്ങൾ നടക്കുമ്പോൾ ഗായത്രിയെയും കൂടെ കൂട്ടുമായിരുന്നു ജാനകി… ഓരോ ദിവസം കോടതിയിൽ പോകുമ്പോളും വിലങ്ങണിയിച്ചു കൊണ്ട് വരുന്ന ചന്തുവിന്റെ ചിത്രം അവളുടെ ഉള്ളിൽ തെളിമയോടെ വരച്ചു വെയ്ക്കുന്നുണ്ടായിരുന്നു ഹൃദയം… ഒടുവിൽ അവനോട് ഒരു വെറുപ്പ് ഉള്ളിൽ രൂപം കൊള്ളുന്നതും അവൾ അറിയുന്നുണ്ടായിരുന്നു…

മനഃപൂർവം അല്ലാത്ത നരഹത്യയ്ക്ക് ശിക്ഷ എട്ടു വർഷമായി കുറച്ച് കൊടുക്കാൻ കഴിഞ്ഞിരുന്നു വക്കീലിന്…. ആ എട്ടുവർഷങ്ങളിൽ അവനെ കാണാൻ ചെന്നത് ജാനകി മാത്രമായിരുന്നു…. മൂന്ന് നാല് വർഷം കഴിഞ്ഞതും ആദിയെ മറ്റുള്ളവർ നിർബന്ധിച്ചു മറ്റൊരു വിവാഹം ചെയ്യിപ്പിച്ചു… മാനവിന്റെയും ആദിയുടെയും മകൾ ആയ പാറുവിനെയും നോക്കാൻ സന്നദ്ധനായ പ്രജിത്ത് ആയിരുന്നു വരൻ… ഇപ്പോൾ ആദി രണ്ടാമത് ഗർഭിണി ആണ് താനും…. എന്നിട്ടും ഇനിയും അടങ്ങാത്ത പകയും വിധ്വെഷവും കൊണ്ട് നടക്കുകയാണ് ഇല്ലത്തുള്ളവർ… അന്നത്തെ സംഭവത്തിന് ശേഷം മാനവിന്റെ സഹോദരൻ മനു ഹൈദരാബാദിലേക്ക് പോയിരുന്നു… പിന്നീട് ഈ അടുത്താണ് നാട്ടിലേക്ക് തിരികെ വന്നത് …. ”

അതേ…. എന്താണ് ഇത്ര ഗഹനമായ ചിന്ത… ” തോളിൽ കൈ ചേർത്ത് വെച്ച് കൊണ്ട് ഗായത്രി ചോദിച്ചപ്പോൾ ആണ് ഓർമൾക്ക് ഒരു വിരാമം കൊടുത്തത്…അവളെ നോക്കി ഒന്നുമില്ലെന്ന് അവൻ കണ്ണ് ചിമ്മി കാണിച്ചു… ” സ്വര എന്ത്യേ… ” ” അടുക്കളപ്പുറത്ത് ഉണ്ട്… ആട്ടിൻ കുട്ടിയുമായി കളിക്കുന്നു… ” പറഞ്ഞു കൊണ്ടവൾ ഒന്ന് ചിരിച്ചു… ” അവൾ വല്ലതും കഴിച്ചോ… ” അവന്റെ വാക്കുകളിൽ ഒരേട്ടന്റെ വാത്സല്യം നിറഞ്ഞു നിന്നിരുന്നു… താൻ ചെയ്ത തെറ്റ് കണ്മുന്നിൽ കണ്ടിട്ടും തന്നോട് ക്ഷമിച്ചവൾ ആണ് തന്റെ കുഞ്ഞിപ്പെണ്ണ്….. ” ഇല്ല…. അവൾക്കിപ്പോ വേണ്ടെന്ന്… ” ” നീ എടുത്തു വെയ്ക്ക്… ഞാൻ അവളെ വിളിച്ചിട്ട് വരാം… കഴിച്ചിട്ട് ടൌൺ വരെ ഒന്ന് പോണം .. ” ഒന്ന് മൂളി കൊണ്ടവൾ അകത്തേക്ക് പോകുന്നത് നോക്കി നിൽക്കേ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു അവൻ… കാത്തിരിക്കാം…..

മൗനം : ഭാഗം 20

Share this story