മഴയേ : ഭാഗം 36

Share with your friends

എഴുത്തുകാരി: ശക്തി കല ജി

കൈയ്യിൽ കരുതിയിരുന്ന താലി നിളയുടെ കഴുത്തിൽ കെട്ടി കൊടുക്കുമ്പോൾ അവൾ അവനെ അത്ഭുതത്തോടെ നോക്കി.. നെറുകയിൽ സിന്ദൂരം ചാർത്തുമ്പോൾ അവൾ മിഴികൾ അടച്ചു… “എൻ്റെ ഭാര്യയെ രുദ്രന് ബലി കൊടുക്കാൻ കഴിയില്ല ” എന്ന് പറഞ്ഞ് അവൻ്റെ അധരങ്ങൾ അവളുടെ അധരങ്ങളെ പൊതിഞ്ഞു.. അവൾ ആശ്രയത്തിനായി അവനോട് ചേർന്നു നിന്നു… അവളെ സ്വന്തത്രയാക്കുമ്പോൾ നാണം കൊണ്ട് അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു…. അവൻ അവളെ പൊതിഞ്ഞു പിടിച്ചു… ഈയൊരു നിമിഷത്തിനായിട്ടാണ് ഇത്രയും വർഷങ്ങൾ കാത്തിരുന്നത് .. കുഞ്ഞുനാളു തൊട്ട് സ്വപ്നങ്ങളിൽ മാത്രം തെളിയുന്ന ഈ മുഖം ഇങ്ങനെ അടുത്ത് കാണാൻ വേണ്ടി ..

ഒരുപാട് സ്വപ്നങ്ങൾ കണ്ടു രാത്രി ഉണർന്നു ഭയത്തോടെ ഇരിക്കുമ്പോഴാണ് കാർത്തികദീപം തറവാട്ടിലെ മാന്ത്രികനായ മുത്തശ്ശനെ കുറിച്ച് അച്ഛൻ പറയുന്നത് സ്വപ്നങ്ങളുടെ യാഥാർത്ഥ്യം കൂടുതൽ അറിയാൻ വേണ്ടിയാണ് ആദ്യമായി കാർത്തികദീപം തറവാട്ടിലേക്ക് വന്നത് … അന്ന് പത്തോ പന്ത്രണ്ടോ വയസ്സ് ഉണ്ടാവും മുത്തശ്ശനെ കണ്ടു ഇങ്ങനെയൊക്കെ ഉള്ള സ്വപ്നങ്ങൾ തന്നെ അലട്ടുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു …ഇതെല്ലാം അറിയേണ്ട പ്രായമാകുമ്പോൾ ഞാൻ തന്നെ എല്ലാം വിശദമായി പറയാം ഇപ്പോൾ അറിയേണ്ട പ്രായം ആയില്ല എന്ന് പറഞ്ഞു തിരിച്ചു വിടുകയാണ് ചെയ്തത്… തറവാടുമായി അടുപ്പമുള്ള കുടുംബം ആയതുകൊണ്ട് എപ്പോഴും മുത്തശ്ശൻ്റെ തറവാട്ടിൽ വന്നു പോയിരുന്നു പിന്നീട് വർഷങ്ങൾ കഴിഞ്ഞ് ഗൗതമേട്ടൻ്റെ കൂടെ പഠിക്കാൻ അവസരം കിട്ടിയപ്പോഴാണ് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു …

സ്വപ്നങ്ങളിൽ ഗൗതമേട്ടനെയും ഉണ്ണിയേട്ടനേയും ഒരുപാട് കണ്ടു .. .. പിന്നീടുള്ള സ്വപ്നങ്ങളിൽ വ്യക്തമായി ഗൗതമേനോട് ഒരു ഏട്ടനോടുള്ള ഇഷ്ട്ടം ആണ് എന്ന്… വീണ്ടും ഒരിക്കൽ കൂടി സംശയങ്ങൾ തീർക്കാൻ മുത്തശ്ശനെ കാണാൻ വന്നപ്പോൾ തന്നോട് എല്ലാം തുറന്നു പറഞ്ഞിരുന്നു… സുരക്ഷയെ കരുതി മുത്തശ്ശൻ്റെ പേരക്കുട്ടിയെ ഒളിപ്പിച്ച് താമസിപ്പിക്കാൻ കണ്ടെത്തിയ കുടുംബത്തിലാണ് ഇപ്പോൾ മകളായി താമസിക്കുന്നത് എന്നറിഞ്ഞപ്പോൾ മാനസീകമായി ഒരു പാട് വിഷമം അനുഭവിച്ചപ്പോഴോക്കെ ഗൗതമേട്ടനാണ് ചേർത്ത് പിടിച്ചത്… സത്യങ്ങൾ ഇപ്പോഴേ തുറന്നു പറയരുത് എല്ലാം സമയമാകുമ്പോൾ മൊത്തം തന്നെ പറഞ്ഞു കൊള്ളാം എന്ന് മുത്തശ്ശൻ പറഞ്ഞതുകൊണ്ട് മനസ്സിൽ അറിഞ്ഞ സത്യം മനസ്സിൽ തന്നെ പൊതിഞ്ഞു വച്ചു ഇത്രയും കാലം ജീവിച്ചു…

ഇനിയെല്ലാവരും അറിഞ്ഞു തറവാട്ടിലേക്ക് സ്വീകരിക്കും…. അറിയാതെ പോയ അമ്മയുടെ സ്നേഹം..,എട്ടൻ്റെ സ്നേഹം അനുഭവിച്ചറിയണം.. അതിനുള്ള സമയം വിദൂരത്തല്ല എന്നോർത്തപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞു… അവളുടെ മിഴികൾ ഉണ്ണിയിൽ ലയിച്ചു നിന്നു.. കുഞ്ഞു ദേവി അവർക്കു ചുറ്റും പ്രകാശത്തിൻ്റെ സുരക്ഷാവലയം തീർത്തു…. കുഞ്ഞു ദേവിയുടെ മുഖം ദേഷ്യത്തിൽ ചുവന്നു… കൈയ്യിൽ ശൂലവുമായി സംഹരരുദ്രയായി മുന്നിൽ നിൽക്കുന്ന ദേവിരൂപം കണ്ട് കിരണും രുദ്രനും ഭയത്തോടെ ഓടി…. കുന്നിൻ്റെ മുകളിൽ നിന്നും വനത്തിലൂടെ ഓടുമ്പോൾ ഇനി തൻ്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന് രുദ്രന് മനസ്സിലായി… അയാളുടെ ഹൃദയമിടിപ്പ് വേഗത്തിലായി… കുറച്ച് ദൂരം പിന്നിട്ടപ്പോൾ കിരണും രുദ്രനും രണ്ടു വഴിക്കായി ഓട്ടം….

കിരൺ ഓടിയ പാത ചെന്നവസാനിക്കുന്നത് വല്യ പാറയുടെ മുകളിലാണ്… അവിടെ നിന്നും താഴേക്ക് പതിക്കുമ്പോൾ അവൻ്റെ അമ്മയുടെ വേദന നിറഞ്ഞ മുഖം അവൻ്റെ മനസ്സിൽ തെളിഞ്ഞിരുന്നു… രുദ്രൻ്റെ ഓട്ടത്തിനിടയിൽ മന്ത്രത്തിൻ്റെ സഹായത്താൽ അയാൾ കാറ്റിൻ്റെ വേഗതയിൽ സഞ്ചരിച്ചു…. ചെന്നെത്തി നിന്നത് കാർത്തികദീപം തറവാടിൻ്റെ മുൻപിലായിരുന്നു… കാവൽ ദൈവങ്ങൾ അയാളെ കാത്തോളും എന്നയാൾ കരുതി… പടിപ്പുരയുടെ മുൻപിൽ നിന്ന് ” കാവൽ ദൈവമായ വെള്ളി നാഗമെ എന്നെ കാക്കണെ… അടിയൻ ചെയ്ത തെറ്റുകൾ പൊറുത്ത് സ്വീകരിക്കണേ… ” എന്ന് അയാൾ കൈ കൂപ്പി കൊണ്ട് അലറി വിളിച്ചു… കാവിൽ നിന്നും വെള്ളി നാഗം ഇറങ്ങി വന്നു….. പടിപ്പുര കടന്ന് രുദ്രൻ്റെ അരികിൽ വന്നു ഒരു നിമിഷം അയാളെ തന്നെ നോക്കി നിന്നു… വെള്ളി നാഗത്തിൻ്റെ രൂപം ആകാശംമുട്ടെ വളർന്നു…

അയാൾ ആ രൂപം കണ്ട് ഭ്രാന്തനെ പോലെ അലറി വിളിച്ചു… ഉത്തരയും ഗൗതമും തറവാട്ടിൽ നിന്ന് ഇറങ്ങി വന്നു… ഗൗതമിൻ്റെ കൈയ്യിൽ കുഞ്ഞു ദേവിയുടെ വിഗ്രഹം ഉണ്ടായിരുന്നു…. കുഞ്ഞു ദേവിയുടെ വിഗ്രഹത്തിൽ ഉത്തര അണിയിച്ച മാലയിലെ ലോക്കറ്റിലെ മിഴികൾ ചിമ്മുന്നുണ്ടായിരുന്നു…. രുദ്രനെ കണ്ടതും ഉത്തരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… മിഴികളിൽ പകയുടെ അഗ്നി ആളി കത്തി… കഴിഞ്ഞ ജന്മത്തിൽ നടന്നതെല്ലാം അവളുടെ ഓർമ്മയിൽ തെളിഞ്ഞു… തന്നേയും തൻ്റെ നല്ല പാതിയേയും രുദ്രൻ ബലി നൽകി മന്ത്രങ്ങളിൽ ശക്തിശാലിയായത്… ജീവിച്ച് കൊതി തീരും മുന്നേ ജീവൻ ഇല്ലാതാക്കിയവനാണ്… ഈ ജന്മം അതാവർത്തിക്കാൻ സമ്മതിക്കില്ല… എൻ്റെ ജീവൻ നഷ്ട്ടപ്പെട്ടാലും ഗൗതമേട്ടൻ്റെ ജീവൻ നഷ്ട്ടപ്പെടാൻ പാടില്ല…

അവൾ ചുവടുകൾ മുൻപോട്ടു വച്ചു… ” കഴിഞ്ഞ ജന്മം ചെയ്ത പാപം ഈ ജന്മത്തിലും തുടരുന്നത് കൊണ്ട് ഒരു കാവൽ ദൈവങ്ങൾക്കും നിന്നെ രക്ഷിക്കാനാവില്ല…”.. ഞാൻ നിന്നെ ഇല്ലാതാക്കും… ചക്രവ്യൂഹത്തിനായി തയ്യാറായികൊള്ളു രുദ്ര…. ഇനിയൊരു ജന്മം നിനക്ക് ഉണ്ടാവാൻ പാടില്ല… നിന്നെയും നിന്നിലുള്ള ദുഷ്ടതയേയും എന്നന്നേക്കുമായി ഈ ഭൂമിയിൽ നിന്ന് തന്നെ പറഞ്ഞയക്കാൻ പോകുകയാണ് ഞാൻ….. എനിക്ക് ഈ ജന്മവും ഹോമിക്കാനുള്ളത് ആണ്” ഉത്തരയുടെ വാക്കുകൾ നാലുപാടും മുഴങ്ങി കേട്ടു…. അയാൾ പിൻതിരിഞ്ഞോടി…. ഗൗതം ഞെട്ടലോടെയാണ് അവളുടെ വാക്കുകൾ ശ്രവിച്ചത്….. അവളെ അവൻ തടയാൻ ശ്രമിക്കുന്നതിന് മുന്നേ മന്ത്രം കൊണ്ട് ചക്രവൂഹം തീർത്തിരുന്നു.. ” അരുത് ഉത്തരാ…. ”

ഗൗതം പറഞ്ഞെങ്കിലും ഉത്തര തിരിഞ്ഞു പോലും നോക്കാതെ ചക്രവ്യൂഹത്തിനടുത്തേക്ക് നടന്നു……. ഗൗതം അവളുടെ അടുത്തേക്ക് എത്തും മുന്നേ ഉത്തര ചക്രവ്യൂഹത്തിനുള്ളിൽ കയറിയിരുന്നു… അവൻ്റെ ഹൃദയം നിന്നുപോകുന്നത് പോലെ തോന്നി… ഇന്നാണ് ചക്രവ്യൂഹത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കാനുള്ള മന്ത്രം ഉത്തരയെ താൻ പഠിപ്പിച്ചത്… ദുഷ്ടരെ ഇല്ലാതാക്കാൻ വേണ്ടി സ്വന്തം ജീവൻ ബലി കൊടുത്താലേ ചക്രവ്യൂഹം പൂർത്തിയാകു.. പതിവിലും ഉത്സാഹത്തോടെയാണ് അവൾ ഓരോ ഭാഗങ്ങളും പഠിച്ചത്…. ആ മിഴികളിലെ തിളക്കവും താൻ ശ്രദ്ധിച്ചതാണ്…. അപ്പോൾ അവൾ ഇത് മുൻകൂട്ടി തീരുമാനിച്ചതാണ്…. കുഞ്ഞുദേവി വിഗ്രഹം തറവാട്ടിൽ എത്തിക്കാതെ ഗൗതമിന് ഉത്തരയുടെ കൂടെ പോകാൻ സാധിക്കില്ലായിരുന്നു….

കാരണം ഉത്തരയ്ക്ക് വാക്ക് കൊടുത്തതാണ് ഇപ്പോഴുള്ള ഓർമ്മകൾ എന്നുo ഉണ്ടാകണം എന്ന്…. അതിന് ഈ വിഗ്രഹം യശസ്സ് തറവാട്ടിൽ കൊണ്ടുപോയി പ്രതിഷ്ഠിക്കണം…. ശക്തമായ കാറ്റിലും മഴയിലും ഗൗതം കുഞ്ഞുദേവി വിഗ്രഹം നെഞ്ചോടു ചേർത്തു പിടിച്ചു മുന്നോട്ട് ഓടി…. ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു നോക്കിയെങ്കിലും പരാജയപ്പെട്ടു… തറവാടു ലക്ഷ്യമാക്കി അവൻ ഓടി….. ഇടയ്ക്ക് തടസമായി തീയും പുകയും വന്നെങ്കിലും അവയെയെല്ലാം മറികടന്ന് ഗൗതം തറവാട്ടിലെത്തി.. മുത്തശ്ശൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു… ഉത്തരയുടെ വല്യച്ഛനും ഭാര്യയും ഇതെങ്ങനെ സംഭവിച്ചു എന്ന് ഭാവത്തോടെ നോക്കി… അയാൾ ദേഷ്യത്തോടെ മുൻപോട്ട് വന്നു… ” ഇതെങ്ങനെ നിൻ്റെ കൈയ്യിൽ വന്നു.. ” അയാൾ ദേഷ്യത്തോടെ ചോദിച്ചു.. ” അതിന് ഈ വിഗ്രഹമല്ല കിരൺ കൊണ്ടുപോയത്…

ഞാൻ ഇന്നലെ രാത്രിയെ അതവിടെ നിന്നു കാവിലേക്ക് മാറ്റിയിരുന്നു… അവൻ കൊണ്ടുപോയത് ഞാൻ കൊണ്ടു വച്ച വിഗ്രഹമാണ്.. നിലവറയുടെ വാതിൽ സ്വന്തം മകനു വേണ്ടി തുറന്നിട്ട് കൊടുത്തു അല്ലേ… അവനെ പറഞ്ഞ് നല്ല വഴിക്ക് നടത്താതെ മനസ്സിൻ വിഷം കുത്തിനിറച്ചത് നിങ്ങൾ അല്ലെ… എനിക്ക് നിവേദ താമസിച്ച മുറിയിൽ നിന്നും കിരണിൻ്റെ രക്ഷ കിട്ടിയപ്പോഴേ എല്ലാം മനസ്സിലാക്കിയതാണ്… . അതിന് വേണ്ടിയാണ് അവൻ്റെ മെഡിക്കൽ റിപ്പോർട്ടുo കഴിക്കുന്ന മരുന്നുകളുടെയും വിവരങ്ങൾ ചോദിച്ചത്… മാധവ് അത് നിങ്ങൾ അറിയാതെ എനിക്ക് എടുത്തു തന്നത്… അത് ഞാൻ എൻ്റെ സുഹൃത്തിന് അയച്ച് കൊടുത്തപ്പോൾ തന്നെ ഞാൻ സത്യം മനസ്സിലാക്കിയിരുന്നു… ഇനിയും ഒന്നിൽ നിന്നും രക്ഷപ്പെടാം എന്ന് കരുതരുത്….

മുത്തശ്ശൻ്റെ മുൻപിൽ എല്ലാ സത്യങ്ങളും പറഞ്ഞേ പറ്റു.. പറ സ്വന്തം അനിയനെ കൊല്ലാൻ മകനെ പ്രേരിപ്പിച്ചത് എന്തിനായിരുന്നു….. ” ഗൗതം ഉറച്ച സ്വരത്തിൽ ചോദിച്ചു…. “എന്തൊക്കെയാണ് ഗൗതം ഈ പറയുന്നത്… അച്ഛൻ അങ്ങനെയൊന്നും ചെയ്യില്ല ” മാധവ് അച്ഛൻ്റെ ഭാഗം പറഞ്ഞു… “എന്നാൽ എന്തിനാണ് ദേവി വിഗ്രഹം ഈ തറവാട്ടിൽ പ്രതിഷ്ഠിക്കാൻ സമ്മതിക്കാത്തത്..” ഗൗതം കുഞ്ഞു ദേവിയുടെ വിഗ്രഹം മുത്തശ്ശൻ്റെ കൈയ്യിൽ കൊടുത്തുകൊണ്ട് പറഞ്ഞു.. “കുഞ്ഞുദേവി എൻ്റെ കുടുംബത്തിന് മാത്രം അവകാശപ്പെട്ടതാണ്.. ഞാൻ ഈ തറവാട്ടിലേക്ക് കൊടുക്കില്ല” എന്ന് പറഞ്ഞ് അയാൾ മുത്തശ്ശനരുകിലേക്ക് നടന്നു… ഗൗതം അയാളെ തടഞ്ഞു കൈയ്യിൽ കരുതിയ വിലങ്ങ് എടുത്ത് കൈകളിൽ വിലങ്ങണിയിച്ചു… “ആ ഒരു സ്വാർത്ഥതയ്ക്ക് വേണ്ടി സ്വന്തം അനിയനെ വണ്ടിയിടിച്ചു കൊന്നു…

എന്നിട്ട് ആ കുടുംബo തന്നെ ഇല്ലാതാക്കാൻ നോക്കി.. അതും രുദ്രൻ്റെ സഹായത്തോടെ ” എന്ന് ഗൗതം പറഞ്ഞ് തീരുമ്പോഴേക്ക് മുത്തശ്ശി കരച്ചിലോടെ താഴേക്ക് ഇരുന്നു…. “മുന്നു മക്കളിൽ നിന്നെയായിരുന്നല്ലോ ഞാൻ കൂടുതൽ ലളിച്ചിട്ടുള്ളത്…. ഇളയ കുട്ടികളേക്കാൾ നിന്നോടാണ് കൂടുതൽ സ്നേഹം പ്രകടിപ്പിച്ചിട്ടുള്ളത്… എന്നിട്ടും നിൻ്റെ സ്വന്തം അനിയനെ എങ്ങനെ കൊല്ലാൻ തോന്നി… അവൻ പാവായിരുന്നില്ലേ…… ഇവിടെ നിന്നും ഒന്നും വേണ്ടാന്ന് എല്ലാം ഉപേക്ഷിച്ചിറങ്ങിപ്പോയതല്ലേ…. അവനെ വെറുതെ വിട്ടുടാരുന്നോ… അവൻ എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിൽ കരുതി ഈ ജീവിതം ജീവിച്ച് തീർത്തേനെ” എന്ന് പറഞ്ഞ് മുത്തശ്ശി കരഞ്ഞുകൊണ്ടിരുന്നു…. രാഗിണിയമ്മ മുത്തശ്ശിയെ ഒരു വിധത്തിൽ അകത്തേക്ക് കൊണ്ടുപോയി… ”

വിഗ്രഹം പ്രതിഷ്ഠിക്കാനുള്ള സമയമായി ” എന്ന് മുത്തശ്ശൻ പറഞ്ഞു.. മുറ്റത്ത് പോലീസ് ജീപ്പ് വന്നു നിന്നു.. കുറച്ച് ബഹളങ്ങൾ ഉണ്ടായെങ്കിലും പോലീസ് അയാളെ ജീപ്പിൽ കയറ്റി കൊണ്ടുപോയി… മാധവ് എന്ന് ചെയ്യണമെന്നറിയാതെ തളർന്നിരുന്നു… അവൻ അമ്മയെ നോക്കി.. അവരുടെ മുഖത്തെ നിസംഗഭാവം അവനിൽ ആശ്ചര്യമുളവാക്കി… ” തെറ്റ് ചെയ്തവർ ശിക്ഷ അനുഭവിക്കണം” എന്ന് മാത്രം പറഞ്ഞ് അവർ അകത്തേക്ക് പോയി….മാധവും ഗൗതമും മുത്തശ്ശനും ഹരിനാരായണദ്ദേഹവും മാത്രം ബാക്കിയായി… ” മുത്തശ്ശാ എനിക്ക് എത്രയും വേഗം ഉത്തരയുടെ അടുത്തേക്ക് പോകണം…. രുദ്രനെ ഇല്ലാതാക്കാൻ വേണ്ടി അവൾ മന്ത്രം കൊണ്ട് ചക്രവ്യൂഹമുണ്ടാക്കി അയാളുടെ പുറകേ പോയിരിക്കുകയാണ്….

മാധവേട്ടൻ മുത്തശ്ശനെ സഹായിക്കാൻ ഇവിടെയുണ്ടാവും..” എന്ന് പറഞ്ഞ് ഗൗതം പരിഭ്രമത്തോടെ പറഞ്ഞു… മുത്തശ്ശൻ്റെ മുഖത്ത് വിഷമം തെളിഞ്ഞു… “വേഗം ചെല്ലു….. ” മുത്തശ്ശൻ പറഞ്ഞതും ഗൗതം വേഗം കാറിൻ്റെ താക്കോൽ എടുത്ത് തിരിച്ച് നടന്നു… മുത്തശ്ശനും മാധവും ഹരിനാരായണനദ്ദേഹവും കുഞ്ഞു ദേവിയുടെ വിഗ്രഹവുമയി നിലവറയിലേക്ക് നടന്നു… വണ്ടിക്ക് വേഗമില്ലാത്തത് പോലെ തോന്നി…. കുന്നിന് താഴെ വണ്ടി നിർത്തി…. കുന്നിന് മുകളിലേക്ക് വണ്ടി പോകാൻ വഴിയില്ല….. അവൻ വേഗം വണ്ടിയിൽ നിന്നിറങ്ങി തിങ്ങിനിറഞ്ഞ മരങ്ങൾക്കിടയിലൂടെ കുന്ന് കയറി… ഈ സമയം കുന്നിനു മുകളിൽ ഉള്ള രുദ്രൻ്റെ താവളത്തിൽ രുദ്രനും ഉത്തരയുടെ ചക്രവ്യൂഹം എത്തിയിരുന്നു..

ഉണ്ണിയും നിളയും നിവേദയോട് വിവരങ്ങൾ പറഞ്ഞിരുന്നു…. നിവേദയുടെ മിഴികൾ കരഞ്ഞു തളർന്നിരുന്നു… പ്രാണൻ എന്ന് കരുതിയവൻ ചതിച്ചത് അവൾ ഉൾക്കൊള്ളാനാവാതെ നിളയുടെ തോളിൽ മുഖം ചേർത്തു നിന്നു.. നിള കരുതലോടെ അവളെ ചേർത്തു പിടിച്ചു.. പെട്ടെന്നാണ് രുദ്രൻ അവിടേക്ക് ഓടി കയറിയത്… തങ്ങളുടെ മുന്നിൽ ചക്രവ്യൂഹം പ്രത്യക്ഷപ്പെട്ടതും അവർ മൂന്നു പേരും അത്ഭുതത്തോടെ നോക്കി.. ഉണ്ണിയുടെ മിഴികളിൽ വേദന നിറഞ്ഞു… ചക്രവ്യൂഹത്തിനുള്ളിൽ ഉത്തരേച്ചിയാണ് എന്നവൻ തിരിച്ചറിഞ്ഞു… ” നിള എൻ്റെ ചേച്ചി ” അവൻ്റെ ശബ്ദം ഇടറിപ്പോയിരുന്നു… അവൻ തളർച്ചയോടെ താഴേക്കിരുന്നു… നിള അവനെ ആശ്വാസിപ്പിക്കാനായി നിവേദയെ കസേരയിൽ ഇരുത്തിയിട്ട് ഉണ്ണിയുടെ അരികിൽ പോയി.. പെടുന്നനെ ചക്രവ്യൂഹം തീഗോളമായി മാറി രുദ്രനെ വിഴുങ്ങി….

നിവേദ ഭയത്തോടെ അലറിക്കരച്ചിലോടെ താഴേക്കിരുന്നു…. ഉണ്ണി നിളയെ തള്ളി മാറ്റിയിട്ട് ആ വല്യ തീഗോളത്തിലേക്ക് കുതിക്കാൻ ഒരുങ്ങിയതും മറ്റൊരു സ്ത്രീരൂപം തീഗോളത്തിലേക്ക് ചാടി കയറിയിരുന്നു… ഉത്തര ഒരു അലർച്ചയോടെ തീഗോളത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണു… ഗൗതം ഓടി വന്നു ഉത്തരയെ വാരിയെടുത്തു തൻ്റെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്നു… “എത്രയും വേഗം ഇവിടെ നിന്നിറങ്ങണം… ” എന്ന് പറഞ്ഞ് ഗൗതം ഉത്തരയെ തോളിലേറ്റി… “ഉത്തരേച്ചി ഇവിടെയുണ്ടെങ്കിൽ ചക്രവ്യൂഹത്തിനകത്ത് ആരാണ് കയറിയത് ” ഉണ്ണി പരിഭ്രമത്തോടെ ചോദിച്ചു… തിരിഞ്ഞു നോക്കിയപ്പോൾ നിളയും നിവേദയും ഉണ്ട്… ”അത് രുദ്രൻ്റെ അമ്മയാണ്…” നിവേദയാണ് മറുപടി പറഞ്ഞത്…

” ഇനി ആലോചിച്ച് നിൽക്കാൻ സമയമില്ല…. വേഗം ഈ കുന്നിറങ്ങണം… ” ഗൗതം ഉത്തരയെ തോളത്തിട്ട് നടക്കാൻ തുടങ്ങി…. നിവേദയെ നിളയും ഉണ്ണിയും കൂടി താങ്ങി പിടിച്ചു കൊണ്ട് കുന്നിറങ്ങി… കുന്നിറങ്ങി കാറിനടുത്തെത്തിയപ്പോഴേക്ക് രൂദ്രൻ്റെ താവളം തീനാളങ്ങൾ വിഴുങ്ങിയിരുന്നു… എല്ലാരും വണ്ടിയിൽ കയറി…ഗൗതം മയങ്ങി കിടക്കുന്ന ഉത്തരയെ നിളയുടെ തോളിൽ ചാരിയിരുത്തി… അപ്പോഴാണ് ശ്രദ്ധിച്ചത്… നിളയുടെ നെറുകയിലെ സിന്ദൂരവും കഴുത്തിലെ താലിയും..ഗൗതം ഉണ്ണിയേ നോക്കി.. ” രുദ്രൻ അവളെ ബലി കൊടുക്കാതിരിക്കാൻ താലിചാർത്തി ഭാര്യയാക്കേണ്ട സാഹചര്യം വന്നു ” എന്ന് ഉണ്ണി പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു…. തറവാട്ടിൽ എത്തുംവരെ ആരും പരസ്പരം സംസാരിച്ചില്ല….

തറവാട്ടിൽ എത്തിയതും ഉണ്ണി കാറിൻ്റെ ഡോർ തുറന്ന് ഉത്തരയ്ക്കരുകിൽ പോകും മുന്നേ ഗൗതം അവളെയും എടുത്ത് നിലവറയിലേക്ക് നടന്നിരുന്നു…. ഉണ്ണിയുടെ മുഖത്ത് ചെറിയ സന്തോഷം വിടർന്നു.. അവൻ്റെ മിഴികൾ നിറയുന്നത് കണ്ട് നിള ഉണ്ണിയുടെ കൈയ്യിൽ മുറുകെ പിടിച്ചു…. അവർ വന്നത് കണ്ട് എല്ലാരും നിലവറയിൽ എത്തി… ഉത്തരയെ നിലവറയിൽ എത്തിക്കുമ്പോൾ ശ്വാസം ഉണ്ടോ എന്ന് പോലും സംശയം തോന്നിയിരുന്നു… മുത്തശ്ശൻ കുഞ്ഞു ദേവിയെ നിലവറയിൽ പ്രതിഷ്ഠിച്ചിരുന്നു…. ദീപങ്ങളുടെ ശോഭയിൽ കുഞ്ഞുദേവിയുടെ വിഗ്രഹം കൂടുതൽ തിളങ്ങി നിന്നു… മിഴികളിൽ കുസൃതി നിറഞ്ഞിരുന്നു… അവിടമാകെ പ്രകാശം പരന്നു… ഉത്തരയുടെ മേലെ താമര പൂവിതളുകൾ പതിച്ചതും അവളുടെ മിഴി കോണിൽ നീർത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു…. xxxx

ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ കണ്ടത് ദീപങ്ങളുടെ ശോഭയിൽ എന്നെ നോക്കി പുഞ്ചിരിക്കുന്ന കുഞ്ഞു ദേവിയുടെ രൂപമാണ്… എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ആരോ എന്നെ താങ്ങി പിടിച്ചിരുന്നു…. എല്ലാം ഓർമ്മിക്കാൻ ശ്രമിച്ചു… കാർത്തികദീപം തറവാട്ടിൽ എത്തിയ ശേഷം കുഞ്ഞു ദേവിയുടെ വിഗ്രത്തിൽ എൻ്റെ കഴുത്തിലെ മാല ഊരി ചാർത്തി കൊടുത്തതും വെളിയിൽ ആരുടെയോ ശബ്ദം കേട്ടത്…. പുറത്ത് വന്ന് നോക്കുമ്പോൾ വെള്ളി നാഗത്തിന് മുൻപിൽ സഹായം അഭ്യർത്ഥിക്കുന്ന രുദ്രനെയാണ്… അപ്പോൾ എൻ്റെ മനസ്സിൽ തെളിഞ്ഞത് അച്ഛൻ്റെ മുഖമാണ്… അയാൾ കാരണമാണ് വല്യച്ഛൻ അച്ഛനെ കൊന്നത്…. ഇനി ഇയാൾ ജീവിച്ചിരിക്കാൻ പാടില്ല…

രാവിലെ പഠിച്ച മന്ത്രങ്ങൾ ഒന്നൂടി മനസ്സിൽ ഉരുവിട്ടു കൊണ്ടാണ് അയാളുടെ അടുത്തേക്ക് നടന്നത്… … രുദ്രനെ ഇല്ലാതാക്കാൻ മന്ത്രം കൊണ്ട് ചക്രവ്യൂഹം സൃഷ്ടിച്ച ശേഷം അയാളെ പിൻതുടർന്നു….. അയാളുടെ താവളത്തിൽ എത്തി രുദ്രനെ അതിനുള്ളിലേക്ക് ആവാഹിച്ച ശേഷമാണ് ഉണ്ണിയെ കണ്ടത്… മനസ്സ് ഒരു നിമിഷം പതറിപ്പോയി…. “നീ എന്നെ ഇല്ലാതാക്കിയാലും എൻ്റെ ജീവൻ്റെ അംശം നിവേദയുടെ ഉദരത്തിൽ വളരുന്നുണ്ട് “.. അതിന് അച്ഛനില്ലാതാക്കിയതിൻ്റെ പാപം നിന്നെ പിന്തുടരും” എന്ന് രുദ്രൻ്റെ ശബ്ദം ചെവിയിൽ മുഴങ്ങി കേട്ടു…. എൻ്റെ പതർച്ച മുതലാക്കി അയാൾ തിരിച്ചാക്രമിക്കാൻ ഒരുങ്ങിയപ്പോഴാണ് ആരോ പിടിച്ച് തള്ളിയത് പോലെ തോന്നിയത്……

പിന്നുള്ളതൊന്നും ഓർമ്മയിൽ തെളിയുന്നില്ല….. തലയ്ക്ക് വല്ലാത്ത ഭാരം… ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഗൗതമേട്ടനെ കണ്ടതും എന്നെ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ വിടുവിക്കാൻ ശ്രമിച്ചു…. ആ മിഴികളിൽ നിറഞ്ഞു നിൽക്കുന്നത് എന്നോടുള്ള ദേഷ്യഭാവമാണ്… ഞാൻ വീണ്ടും അകലാൻ ശ്രമിച്ചതും ആ കൈകൾ കൂടുതൽ ബലത്തോടെ എന്നെ പിടിച്ച് നേരെയിരുത്തി…. “ഉത്തരയെ ഇവിടെ കൊണ്ടുവരു ഗൗതം “.. മുത്തശ്ശൻ പറഞ്ഞപ്പോൾ ഗൗതമേട്ടൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ടു മുത്തശ്ശൻ്റെ മുൻപിൽ നിർത്തി… “നിനക്ക് ഗൗതമിനെ ഭർത്താവായി സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്….. ഉത്തര എന്ത് തീരുമാനിച്ചാലും ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷമേയുള്ളു….

കുഞ്ഞു ദേവിയുടെ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചത് കൊണ്ട് നിൻ്റെയും ഗൗതമിൻ്റെയും ഓർമ്മകൾ നശിക്കില്ല… തീരുമാനമെടുക്കാൻ ഈ ജന്മം മുഴുവൻ സമയമുണ്ട്… അത് കൊണ്ട് ആലോചിച്ച് പറഞ്ഞാൽ മതി “മുത്തശ്ശൻ പറഞ്ഞു… മുത്തശ്ശൻ്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി… ഞാൻ തിരിഞ്ഞ് നോക്കി…. നിവേദയുടെ വേദന നിറഞ്ഞ മുഖം കണ്ടപ്പോൾ മനസ്സ് പതറി.. അച്ഛനില്ലാത്ത കുഞ്ഞിനെ പ്രസവിക്കേണ്ടി വരുമ്പോൾ അവൾ അനുവദിക്കേണ്ടി വരുന്ന വേദന… എല്ലാം ഞാൻ കാരണമാണ്.. അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് അച്ഛനില്ലാതാക്കിയത് ഞാനാണ്.. ഞാൻ തന്നെ പരിഹാരവും കണ്ടെത്തണം… ” ഇല്ല മുത്തശ്ശാ.. എനിക്ക് എൻ്റെ അമ്മയുടെ തറവാട്ടിലേക്ക് തിരിച്ച് പോകണം…

ഗൗതമേട്ടൻ നിവേദയെ സ്വീകരിക്കട്ടെ…എൻ്റെ കഴുത്തിലെ താലിരക്ഷ ഊരി എടുത്തോളു.. ” എന്ന് പറഞ്ഞ് ഞാൻ മുത്തശ്ശൻ്റെ മുന്നിൽ തലകുനിച്ചു നിന്നു…. മുത്തശ്ശൻ താലി രക്ഷ ഊരിയെടുക്കുമ്പോൾ എൻ്റെ മിഴികൾ നിറഞ്ഞത് കാണാതിരിക്കാൻ മുഖമുയർത്തിയതേയില്ല… രാത്രി മുത്തശ്ശിയുടെ മടിയിൽ കിടന്ന് എന്തൊക്കെയോ പറഞ്ഞ് കൊണ്ട് ചിരിക്കുകയും കരയുകയും ചെയ്തു.. പിറ്റെ ദിവസം പോകാനുള്ളതെല്ലാം ബാഗിൽ ഒരുക്കി വച്ചു ഉണ്ണിയുടെ അടുത്തേക്ക് ചെന്നു…… ” ഉണ്ണി ഇവിടത്തെ ചടങ്ങുകൾ എല്ലാം തീർന്നിട്ട് വന്നാൽ മതി… എനിക്ക് എത്രയും വേഗം അമ്മയേയും മുത്തശ്ശനേയും കാണണം.. അല്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും… എന്നെ ഒന്നിനും നിർബന്ധിക്കരുത്…

എനിക്ക് കുറച്ച് ദിവസം തനിച്ചിരിക്കണം” എന്ന് മാത്രം ഉണ്ണിയോടു പറഞ്ഞു… ” ഞാൻ നിളയും കൂടെ വരാം.. ചേച്ചിയെ തറവാട്ടിൽ ആക്കിയിട്ട് ഞാൻ തിരിച്ച് പോന്നോളാം… എനിക്കും അമ്മയേയും മുത്തശ്ശനേയും കാണണം” എന്ന് ഉണ്ണി പറഞ്ഞപ്പോൾ എതിർക്കാനുo തോന്നിയില്ല… പിറ്റേ ദിവസം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ ഗൗതമേട്ടൻ്റെ മിഴികളിൽ മാത്രം എന്നോടുള്ള ദേഷ്യം തെളിഞ്ഞു കിടന്നിരുന്നു… തിരിച്ച് തറവാട്ടിലേക്കുള്ള യാത്രയിൽ ഓർമ്മകൾ ഓരോന്നായി മനസ്സിൽ നിന്ന് പടിയിറക്കി വിട്ടു…. തറവാട്ടിൽ എത്തുമ്പോൾ മനസ്സ് ശൂന്യമായിരുന്നു… തറവാടിൻ്റെ പടിപ്പുരയുടെ അവിടെ വണ്ടി നിർത്തി… ഞാൻ നിളയുടെയും ഉണ്ണിയുടെയും കൈപ്പിടിച്ചു കാറിൽ നിന്നിറങ്ങി മുന്നോട്ടു നടന്നു…

മുറ്റമെല്ലാം വൃത്തിയായി കിടക്കുന്നു… പടർന്നു പന്തലിച്ച് കിടക്കുന്ന മുല്ലവള്ളികളിൽ നിറയെ പൂക്കൾ കണ്ടു മനസ്സിൽ വല്ലാത്തൊരാനന്ദം നിറഞ്ഞു.. മുന്നോട്ടു നടന്നു… മഴത്തുള്ളികൾ മനസ്സിന് കുളിർമയേകി …. വരാന്തയിൽ കുടമുല്ല മാലകെട്ടി കൊണ്ടിരുന്ന അമ്മയെ കണ്ടതും അത്ഭുതം കൊണ്ട് ഞാൻ ഉണ്ണിയെ നോക്കി.. “കുഞ്ഞുദേവിയുടെ അനുഗ്രഹം നമ്മുടെ അമ്മ പഴയത് പോലെ ആരോഗ്യവതിയായി കൊണ്ടിരിക്കുന്നു…. ” എന്ന് ഉണ്ണി പറഞ്ഞതും ഞാൻ ഓടി ചെന്നു… ആ മടിയിൽ കിടന്നു കൊണ്ട് കരഞ്ഞു തുടങ്ങിയപ്പോൾ അമ്മയുടെ കരങ്ങൾ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു…. തുടരും

മഴയേ : ഭാഗം 35

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!