ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 1

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“ചേട്ടാ… ചേട്ടോയ്…. ഈ കൽക്കണ്ടക്കുന്നിലേക്കുള്ള വഴിയേതാ…? ” “ങ്ഹേ…. ആരാ… എവിടുന്നാ… എന്താ…? ” ആ പാലക്കാടൻ ഉൾഗ്രാമത്തിനിടയിൽ എവിടെയോ ഉള്ള പൂഴി മൺ പാതക്കരുകിൽ ഓലയാൽ ചായ്ച്ചു കെട്ടിയിരുന്ന ചായക്കടയിൽ നിന്നും കണ്ണിനു മീതെ കൈ വട്ടം പിടിച്ചു , വഴി ചോദിച്ചയാ ളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് വെളുത്തു മെല്ലിച്ച ഒരു വൃദ്ധൻ ഇറങ്ങി വന്നു… “ഞാനങ് കോട്ടയത്തൂന്നാ… അതേ..ഈ കൽക്കണ്ടക്കുന്ന്… അങ്ങോട്ടുള്ള വഴി ഏതാന്ന്…?? ” “അതോ.. അതിനിയും മൂന്നാലു കിലോമീറ്റർകൂടി പോകണം ല്ലോ .. ” “ഓഹ്… “ചായക്കടക്ക് മുന്നിൽ നിർത്തിയിരുന്ന ബുള്ളറ്റിൽ ഇരുന്നു കൊണ്ടു ഹെൽമെറ്റ് ഊരിക്കൊണ്ട് നവി ആത്മഗതം എന്നോണം പറഞ്ഞു…

ജാക്കറ്റും കൂളിംഗ് ഗ്ലാസ്സും ഹെൽമെറ്റും ഗ്ലൗസും ബാക്കപ്പും ഒക്കെയായി ഒരു അന്യഗ്രഹജീവിയെ പോലെ ഇരിക്കുന്ന അവനെ വൃദ്ധൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി… കയ്യിലെ ഗ്ലൗസ് ഊരിയെടുത്ത നവി “യ്യോ”എന്ന് പറഞ്ഞ് കൊണ്ടു അത്‌ വീണ്ടും വലിച്ചു കയറ്റി… അസ്ഥി തുളഞ്ഞു കയറുന്ന തണുപ്പ്… വിറച്ചു പോയി നവി.. “ഹു… ഹു..”അവൻ കൈകൾ കൂട്ടിതിരുമ്മി ഊതിക്കൊണ്ട് ജാക്കറ്റിലേക്ക് ഒന്നു കൂടി ഒതുങ്ങി കൂടി… “ഹ ഹ… വൃശ്ചിക ധനു മാസത്തിൽ തിരുമുല്ലക്കാവിലേക്കു വന്നിട്ട് തണുക്കുന്നു എന്ന് പറയുന്ന ആളെ ആദ്യം കാണുവാ… “വൃദ്ധൻ ചിരിയോടെ അവനെ നോക്കി.. “ഞാനിവിടെ ആദ്യമാ ചേട്ടാ… ” “എന്നാ വാ ഒരു ചൂട് ചായ കുടിക്ക്.. അപ്പോഴേക്കും ഈ തണുപ്പൊന്നു ശമിക്കും” നവി ബുള്ളറ്റിൽ നിന്നും ഇറങ്ങി ആ ചായക്കടയുടെ മുന്നിലേക്ക്‌ ചെന്നു…

അവിടെ ഒരു കാൽ ഇളകി ആടുന്ന ഒരു പഴയ ബെഞ്ചിൽ തലയിൽ കമ്പിളി തൊപ്പിയും വെച്ച് കാൽ പിണച്ചു കെട്ടി മറ്റൊരു വൃദ്ധനിരുന്നു ആവി പൊന്തുന്ന ചായ ഊതി കുടിക്കുന്നുണ്ട്… അയാളെ ഒന്നു നോക്കിയിട്ട് നവി അവിടെ തന്നെ നിന്നു… “ആഹ്.. അതിന്മേൽ ഇരിക്കേണ്ട.. ചിലപ്പോൾ അതിന്റെ പണി തീരും… ദ ഇതിലിരുന്നോ.. “ആദ്യം കണ്ട വൃദ്ധൻ ഒരു നരച്ച പഴയ പ്ലാസ്‌റ്റിക് കസേര അകത്തു നിന്നും എടുത്തു കൊണ്ടു വന്ന്‌ തോളിൽ കിടന്ന മുഷിഞ്ഞ തോർത്ത്മുണ്ട് കൊണ്ടു തുടച്ചിട്ട് നവിക്ക് ഇട്ടു കൊടുത്തു… അവൻ ചുറ്റും ഒന്നു നോക്കിക്കൊണ്ട് അതിലേക്കിരുന്നു…. ചായ എടുക്കാനായി അകത്തേക്ക് പോയ വൃദ്ധൻ അവിടെ നിന്നും വിളിച്ചു ചോദിച്ചു.. “ഇവിടെ ആദ്യാന്നല്ലേ പറഞ്ഞെ… എന്താ ആരെയെങ്കിലും അന്വേഷിച്ചെത്തിയതാണോ…?”

ചോദിച്ചതോടൊപ്പം അയാൾ ചായ ഗ്ലാസ്സ് തുടച്ചു കൊണ്ടു വന്ന്‌ നവിക്ക് കൊടുത്തു… “ഞാനിവിടെ തിരുമുല്ലക്കാവ് റൂറൽ ആശുപത്രിയിൽ പുതിയതായി വന്ന ഡോക്ടറാ.. ” വൃദ്ധൻ കണ്ണുമിഴിച്ചു… അറിയാതെ മടക്കി കുത്തിയിരുന്ന കാവി മുണ്ട് ബഹുമാനസൂചകം മടക്കികുത്ത് അഴിച്ചിട്ടു.. “എവിടെ… ഞങ്ങളുടെ ആശുപത്രിയിലോ.. അപ്പൊ സഹദേവൻ ഡോക്ടർ പോകുവാണോ…?? ” “”മ്മ്… ഒരു ഡോക്ടർ മതിയല്ലോ.. ഞാനുള്ളപ്പോൾ പുള്ളി വേണ്ടല്ലോ.. “നവി ചിരിച്ചു… “അല്ല സാറെന്തിനാ കൽക്കണ്ടക്കുന്ന് തിരക്കിയെ…ആശുപത്രി ഇവിടുന്നു രണ്ടു കിലോമീറ്റർ കഷ്ടിച്ചേ ഉള്ളു… കുന്നിലേക്ക് ഒരു മൂന്ന് മൂന്നര കിലോമീറ്റർ ഉണ്ടാകും.. ” “അത് ചോദിച്ചാൽ വേഗം മനസിലാകും എന്ന് ആരോ പറഞ്ഞത് കൊണ്ടാ അങ്ങനെ ചോദിച്ചേ…

“പറഞ്ഞ് കൊണ്ടു നവി ഉദിച്ചുണർന്നു വരുന്ന ആ നിർമല ഗ്രാമസൗന്ദര്യത്തിലേക്കു തന്റെ കണ്ണുകൾ പായിച്ചു… നേരം വെട്ടം വീണിട്ടില്ല… അവൻ വാച്ചിലേക്ക് നോക്കി… വെളുപ്പിന് അഞ്ചര.. നീലവെളിച്ചത്തിൽ വൃശ്ചിക മഞ്ഞിൽ പൊതിഞ്ഞു കിടന്നുറങ്ങുന്ന പാലക്കാടൻ മലനിരകൾ… നാട്ടു വഴിയുടെ ഒരു വശത്തു നല്ല പച്ച നെൽൽപ്പാടം… കുത്തനെയുള്ള കയറ്റത്തിൽ ദൂരെ കാണുന്ന മലയിൽ നിന്നും പാൽ നിറത്തിൽ ഒരു നീർച്ചാൽ ഒഴുകി വരുന്നു… അതിന്റെ ഒരു വശത്ത് മൂന്നാൾ വണ്ണമുള്ള ഏതോ വലിയ വൃക്ഷം അവ്യക്തമായി കാണാം… അതിനടുത്തു തന്നെ ചെറിയ പൊട്ടുവിളക്ക് പോലെ ഒരു തെളിച്ചം… നവിയുടെ നോട്ടം പോകുന്നിടത്തേക്ക് നോക്കി കൊണ്ടു വൃദ്ധൻ പറഞ്ഞു.. “അതാ സാറേ കൽക്കണ്ടക്കുന്ന്‌… കൽക്കണ്ടക്കുന്നിലെ മഹാദേവനെ കുറിച്ച് കേട്ടിട്ടില്ലേ…

വിളിച്ചാൽ വിളിപ്പുറത്താ…അവിടുത്തെ ദീപമാ ആ പൊട്ടു പോലെ കാണുന്നത്… ആണ്ടിലൊരിക്കലെ നട തുറക്കൂ… വൃശ്ചിക മാസത്തിൽ… തൊഴാനായി പലയിടത്ത് നിന്നും ആൾക്കാർ എത്താറുണ്ട്.. കൂടുതലും പുരുഷന്മാരാ… സ്ത്രീകൾക്ക് കയറി പറ്റാൻ പാടാ… കല്ലും മുള്ളും പാറയും… കുത്തനെയുള്ള കയറ്റമാണെ… സാറിനെ കണ്ടപ്പോൾ ഞാനാദ്യം വിചാരിച്ചു ദേവനെ തൊഴാൻ വന്നതാണെന്ന്… ” “മ്മ്.. ഇനിയുണ്ടാവും ഇവിടെ കുറച്ചു വർഷത്തേക്ക്… ഇടക്കൊന്നു പോയി നോക്കാം.. “നവി ചിരിച്ചു… “അങ്ങനെയൊന്നും അങ്ങോട്ട് പുള്ളിക്കാരൻ കയറ്റില്ല സാറേ… അത് ഒരു നിയോഗമാ.. അത്രക്ക് ചങ്ക് കീറി വിളിച്ചാലേ അവിടുത്തേക്ക് എത്തി പറ്റാൻ സമ്മതിക്കൂ…

ആണ്ടിലൊരിക്കലൊഴിച്ച് ബാക്കിയുള്ള സമയം ഉഗ്ര തപസ്സിരിക്കുന്ന മൂർത്തിയാ..അതിന്റെയൊരു ഗർവ്വ് പുള്ളിക്കാരനുണ്ട്…” വൃദ്ധൻ അങ്ങോട്ടേക്ക് നോക്കി തൊഴുതുകൊണ്ടു നെഞ്ചിൽ കൈ ചേർത്തു… കുന്നിലേക്ക് ഒന്നു പാളി നോക്കിയിട്ട് ചായയുടെ പൈസയുമായി നവി എഴുന്നേറ്റു.. “ഇതാ പൈസ… ബാക്കിയിരിക്കട്ടെ.. നമ്മൾ ഇനിയും കാണേണ്ടവരണല്ലോ.. പിന്നെ എന്നെ ഡോക്ടറെ എന്ന് വിളിച്ചോ.. അല്ലെങ്കിൽ നവി എന്ന് വിളിച്ചോ.. ഏതായാലും ഈ സാറ് വിളി വേണ്ടാ.. ” പുഞ്ചിരിയോടെ ബുള്ളറ്റിൽ ചെന്ന് കയറി നവി വണ്ടി മുന്നോട്ടെടുത്തു…കുളിര് പാകിയ നാട്ടുവഴിയിലൂടെ ഇനിയുമേറെ കാണുവാനുള്ള കാഴ്ചകൾ തേടി…🌷🌷🌷🌷🌿🌿🌿 ❣️…..

“ഇനിയും ഒരുപാടുണ്ട് ഇറങ്ങാൻ… ഞാനിത് രണ്ടാമത്തെ തവണയാ…മഴ വരുന്നല്ലോ.. ഇവിടെ മഴ പെട്ടെന്നാ പെയ്തൊഴിയുന്നത്..വഴുക്കലുള്ളതാ… അയ്യോ !!!ദേ… പെയ്തു… പറഞ്ഞതും കാൽ വഴുക്കി താഴേക്കു പതിച്ചതും ഒരുപോലെ ആയിരുന്നു നീണ്ടു വന്ന വെളുത്ത ബലിഷ്ടമായ കൈകൾ ചുറ്റിപ്പിടിച്ചത് പെട്ടെന്നായിരുന്നു..ആ കൈകളുടെ ഉടമയുടെ മാറിൽ പുതച്ചിരുന്ന കസവു കരയുടെ മേൽമുണ്ട് ഒരു കയ്യിൽ നിന്നും ഊർന്നു വീണപ്പോൾ കണ്ടു ആ ഇടനെഞ്ചോടു ചേർന്ന് മഹാദേവന്റെ പച്ചകുത്ത്… രോമാവൃതമായ ആ നെഞ്ചിലേക്ക് വലിച്ചു ചേർത്തപ്പോൾ പേടിയോടെ ഒന്നുകൂടി പറ്റിച്ചേർന്നു… ചുറ്റി വരിഞ്ഞ കൈകളിലെ വിരലുകളിലെ നവരത്ന മോതിരത്തിൽ മൂക്കുരസി രക്തം പൊടിഞ്ഞു..

ആ രക്ത പൊടിച്ചിലിലേക്ക് ആഴ്ന്നു വന്ന അധരങ്ങൾ മൂക്കും ചുണ്ടും ചേർത്ത് കവർന്നപ്പോൾ ദേഹത്തേക്ക് ഒരു വിറയൽ പടർന്നു… മിഴികൾ കൂമ്പി അടഞ്ഞു.. “…..❣️ !!!!”””ന്റെ കൃഷ്ണാ.. !!മഹാദേവാ.. !!”””‘ ഗൗരി ചാടിയെഴുന്നേറ്റു… കിടന്നിരുന്ന പായയിൽ കൈ കുത്തിയിരുന്നു കൊണ്ടു അവൾ ശ്വാസത്തിനായി ആഞ്ഞു വലിച്ചു… അടുത്ത് വെച്ചിരുന്ന മൊബൈൽ എടുത്ത് സമയം നോക്കിയപ്പോൾ അഞ്ചേമുക്കാൽ.. “കൃഷ്ണാ… ന്താപ്പോ ഇങ്ങനെയൊരു സ്വപ്നം… മഹാദേവാ… ആ പച്ചകുത്ത്..നവരത്‌നമോതിരം.. ” ഓ… എന്തെങ്കിലുമാകട്ടെ… ഗൗരി പിടഞ്ഞെഴുന്നേറ്റു… നേരം ഒത്തിരിയായി.. ഇന്നിനിയിപ്പോ യുദ്ധകാല അടിസ്ഥാനത്തിൽ പണിതാലേ സമയത്ത് ഇറങ്ങാൻ പറ്റൂ.. പായ ചുരുട്ടി വെക്കുന്നതിനിടയിൽ അവൾ കട്ടിലിലേക്ക് നോക്കി വിളിച്ചു.. “മുത്തശ്ശി.. പതുക്കെ പൊങ്ങിക്കോട്ടോ..മതി ഉറക്കം… ” …………………………..🌷🌷🌷

“വാരസ്യാരമ്മേ… ദേവകിയമ്മേ… ” പുറത്തു നിന്നു ആരോ വിളിക്കുന്നത്‌ കേട്ടാണ് മുത്തശ്ശി പുറത്തേക്കിറങ്ങിയത്.. വാര്യത്തിന്റെ ഉമ്മറ കോലായിൽ നിൽക്കുന്നു ഉസ്‌ക്കൂളിലെ പ്യൂൺ രവി.. “ആഹ് രവിയോ… ന്താപ്പോ ഇത്ര രാവിലെ..?? ” “അന്ന് ഞാൻ പറഞ്ഞില്ലാരുന്നോ ഒരു വാടകക്കാരന്റെ കാര്യം.. ആള് വന്നിട്ടുണ്ട്.. അപ്പൊ എങ്ങനാ എതിർപ്പൊന്നുമില്ലാലോ… ” മുത്തശ്ശി വെളിയിലേക്ക് നോക്കി… ഒരു ഇരുചക്രവാഹനത്തിൽ ചാരി തന്റെ സാധന സാമഗ്രികളുമായി സുമുഖനായ ഒരു ചെറുപ്പക്കാരൻ… അവൻ മുത്തശ്ശിയെ നോക്കി ഒന്നു പുഞ്ചിരിച്ചു… “ആഹ്.. ഗൗരിക്കുട്ടിയെ വിളിക്കാം..രവി ഞാൻ… കുട്ട്യേ.. ഒന്നിങ്ങട് വരൂ.. ദാ രവി അന്ന് പറഞ്ഞ ആളുമായി വന്നിരിക്കുന്നു… ”

ധൃതിയിൽ ഓടിപ്പിടഞ്ഞു ഗൗരി പൂമുഖത്തേക്ക് വന്നു.. “മോളെ ഇതാ അന്ന് രവിയേട്ടൻ പറഞ്ഞ ആള്.. ” “മ്മ്.. മുത്തശ്ശി ആ താക്കോൽ എടുത്ത് കൊടുത്തേക്കൂ… “അവൾ പുറത്തു നിൽക്കുന്ന ആളെ ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു… “രവിയേട്ടാ… ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ…”അവൾ രവിയോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.. “ഓ… അതൊക്കെ രവിയേട്ടൻ പറഞ്ഞിട്ടുണ്ട്.. “രവി ചിരിച്ചു… “ഡോക്ടറെ.. ഇങ്ങോട്ട് വരൂ.. “രവിയേട്ടൻ വിളിച്ചത് കേട്ട് നവി ജമന്തിപ്പൂക്കളും ശംഖ്‌ പുഷ്പത്തിന്റെ പടർന്നു കയറിയ വള്ളികളും നന്ദ്യാർവട്ടവും ഇടകലർന്നു വളർന്നു നിന്നിരുന്ന വേലിയുടെ വാരി കൊണ്ടു നിർമ്മിച്ച ബലമില്ലാത്ത ചാരുവാതിൽ തുറന്നു കൊണ്ടു അകത്തേക്ക് കയറി… 🌷🌷🌷തൊടിയിലെ ചെമ്പക മരത്തിലെ പൂക്കളിൽ ഇങ്ങു നിന്നോ ഒരു മഞ്ഞുതുള്ളി ഇറ്റ് അവന്റെ കവിളിലേക്ക് വീണു.. എങ്ങും ചെമ്പകപ്പൂക്കളുടെ മനം മയക്കുന്ന സുഗന്ധം… ആ വാസനയത്രയും നവിയുടെ നാസികയിലേക്ക് അരിച്ചു കയറി 🌷🌷 ……………………..🌷🌷 അപ്പോൾചെമ്പകം പൂക്കുന്ന തൊടിയിൽ നവിക്കും ഗൗരിക്കുമൊപ്പം കൂടെ കൂടുവല്ലേ… കാത്തിരിക്കണേ…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!