സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 2

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ആ രാത്രി കിച്ചുവിന്റെ മനസ്സിൽ പുതിയ പ്രതീക്ഷയുടെയും കണക്കു കൂട്ടലിന്റെയും രാത്രി ആയിരുന്നു.. വരാനിരിക്കുന്ന പുതിയ പ്രഭാതം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകും എന്നറിയാതെ കാലങ്ങൾ കൂടി സമാധാനമായി അവൻ കണ്ണുകളടച്ചുറങ്ങി.. ******* എന്തിനാടാ ഇത്രയും നേരത്തെ ഇറങ്ങുന്നത്.. ഉച്ചയ്ക്ക് ഊണൊക്കെ കഴിച്ചിട്ട് ഇറങ്ങിയാൽ പോരെ.. ശ്യാമ സ്നേഹത്തോടെ ചോദിച്ചു.. ഇല്ല ശ്യാമാന്റി.. ഇങ്ങനൊരു വീടിനെപ്പറ്റി പോലും ഞാൻ ഇന്നലെയാണ് അറിഞ്ഞത്.. പിന്നെ പരിചയമില്ലാത്ത നാടും നാട്ടുകാരും.. അമ്മയും ദേവുവും അവിടവുമായി ഒന്നിണങ്ങേണ്ടേ..പിന്നെ ചെന്നാലേ അറിയൂ എന്തൊക്കെയാ ആവശ്യങ്ങൾ എന്ന്. വീട്ടാവശ്യത്തിനുള്ള കുറച്ചു സാധനങ്ങൾ വാങ്ങണമായിരിക്കും.. ഒന്നേന്ന് തുടങ്ങേണ്ടേ.. കിച്ചു ചോദിച്ചു.. എല്ലാം സഹിക്കാം..

ഇവന്റെ ദേഷ്യം കാണുമ്പോഴാ എനിക്ക് പേടി. ഒരു പരിചയവും ഇല്ലാത്ത നാടാ.. അതോണ്ട് ആ ദേഷ്യം ഒന്നു കുറയ്ക്കാൻ പറയ് ശ്യാമേ.. രാധിക പറഞ്ഞു.. ശ്യാമ കിച്ചുവിനെ നോക്കി.. സൂര്യാ.. ‘അമ്മ പറഞ്ഞതിലും കാര്യമുണ്ട്.. നീ ഇപ്പൊ ഇവിടുന്നു പോകുന്നത് ആരെയും പരിചയം ഇല്ലാത്ത ഒരു നാട്ടിലേയ്ക്കാ . കേട്ടിടത്തോളം നമ്മുടെ ഇവിടത്തെ പോലെ ഒന്നുമല്ല ആ നാട്.. ഒരു നാട്ടിൻ പുറമാ.. അധികം വിദ്യാഭ്യാസമൊന്നും ഉള്ള ആളുകളല്ല.. അതോണ്ട് ഒരു പ്രശ്നം വന്നാൽ അവർ ഒറ്റകെട്ടായിരിക്കും. നമ്മൾ അങ്ങോട്ട് ചെന്നു താമസിക്കുന്നവരല്ലേ.. നമ്മൾ കുറെയൊക്കെ ക്ഷമിക്കണം.. ശ്യാമ പറഞ്ഞു.. മ്മ്.. അവൻ താത്പര്യമില്ലാതെ മൂളി.. ഇവന്റെ ഭാവം കണ്ടോ. ഇതൊന്നും കേൾക്കാൻ ഉള്ള ഭാവമൊന്നുമല്ല..ഇന്നലെ തന്നെ ആ വിഷ്ണുവിനെ എത്ര അടിച്ചു എന്നോ… രാധിക പറഞ്ഞു.. പിന്നെ ഞാനാ മുറിയിൽ.ചെന്നു കേറുമ്പോ കണ്ട കാഴ്ചയ്ക്ക് അവനെ അടിക്കുകയല്ല.. കൊല്ലണം…

ഞാനപ്പോൾ ചെന്നില്ലായിരുന്നെങ്കിൽ.. അവൻ നിർത്തി.. കാര്യമൊക്കെ ശെരിയാ.. എങ്കിലും.. ശ്യാമ പറഞ്ഞു.. എന്താ ഇവിടെ ഒരു ചർച്ച.. വിനയചന്ദ്രൻ ചോദിച്ചു.. ഹേയ്.. ഇത്ര രാവിലെ പോകുന്നത് എന്തിനാ എന്ന് ചോദിക്കുവായിരുന്നു.. ശ്യാമ പറഞ്ഞു.. ഇപ്പോഴേ പോകാനോ.. വിനയചന്ദ്രൻ കിച്ചുവിനെ നോക്കി.. അവിടെ ചെന്നിട്ടൊന്നു സെറ്റിൽ ആകേണ്ടേ അങ്കിൾ… അവൻ ചോദിച്ചു.. എന്നാലും ഇത്ര നേരത്തെ.. 8അര അല്ലെ ആയുള്ളൂ.. വിനയചന്ദ്രൻ ചോദിച്ചു.. പിന്നേ. അവനു അത്യാവിശം കാണും ഡാഡി.. അവൻ ചെന്നിട്ട് വേണ്ടേ ആ നാട്ടുകാരെ ഉണർത്താൻ.. കിടക്കയിൽ നിന്നെഴുന്നേറ്റു വന്നുകൊണ്ട് വിമൽ പറഞ്ഞു.. കിച്ചു ചിരിച്ചു.. ഹോ. നോക്കിക്കേ . ഇവൻ ഇത്ര ഭംഗിയായി ചിരിച്ചു കണ്ടിട്ട് വർഷങ്ങളായി.. വിമൽ പറഞ്ഞു.. ചിരിക്കാനൊക്കെ മറന്നിട്ട് നാളുകളായി..

കിച്ചു പറഞ്ഞു.. എല്ലാവരുടെയും മുഖം ഒന്നു മങ്ങി.. നീ എങ്ങനെയാ പോകാൻ ഉദ്ദേശിക്കുന്നത്.. വിനയചന്ദ്രൻ ചോദിച്ചു.. ബസിന്.. കിച്ചു പറഞ്ഞു.. ദേവുവിനെയും കൊണ്ടോ.. ശ്യാമ ആധിയോടെ ചോദിച്ചു.. മ്മ്.. കിച്ചു മൂളി.. അത് വേണ്ട.. വിമലേ.. നിന്റെ കാർ സൂര്യയ്ക്കു കൊടുത്തേയ്ക്.. നീ എന്റെ കാറെടുത്തോ.. വിനയചന്ദ്രൻ പറഞ്ഞു.. അതൊന്നും വേണ്ട അങ്കിൾ. കിച്ചു പറഞ്ഞു.. അത് മാത്രമല്ല കിച്ചൂ.. നീ ഇന്നങ്ങോട്ട് പോകേണ്ട എന്നാണ് എന്റെ അഭിപ്രായം.. വർഷങ്ങളായി കേസിൽ പെട്ട് കിടക്കുന്ന പ്രോപ്പർട്ടിയാ.. കാട് കേറി കിടക്കുവായിരിക്കും.. വീടൊന്നും താമസ യോഗ്യമാകില്ല.. അതൊക്കെ ഒന്നു സെറ്റ് ആക്കിയിട്ട് അങ്ങോട്ട് പോയാൽ മതി.. വിനയചന്ദ്രൻ പറഞ്ഞു.. അത് ശെരിയാ.. ഇപ്പൊ ചെന്നാൽ അവിടെ താമസിക്കാൻ പറ്റിയില്ലെങ്കിൽ…

ദേവുവിനെയും ആന്റിയെയും കൊണ്ട് നീ എങ്ങോട്ട് പോകും.. അതൊരു വില്ലേജ് ഏരിയ ആണ്.. ഹോട്ടൽ പോലും കാണില്ല.. വിമൽ പറഞ്ഞു.. എന്റെ സൂര്യാ.. നീ എടുത്തു ചാടാതെ ആലോചിക്ക്.. എന്റെ കയ്യിൽ ആ സ്ഥലം അന്ന് വാങ്ങാൻ ഏർപ്പാടാക്കിയ ബ്രോക്കറുടെ നമ്പർ ഉണ്ട്.. അയാളോട് നമുക്ക് പറയാം അവിടെയൊക്കെ ക്ളീൻ ആക്കാൻ.. ഫുൾ ഫർണിഷ്ഡ് ഹൗസാ…എങ്കിലും അത്യാവിശം ചിലസാധനങ്ങൾ വാങ്ങേണ്ടേ.. പാത്രം ഗ്യാസ് സ്റ്റൗ.. വീട്ടിലേയ്ക്ക് ആവശ്യമുള്ള മറ്റ് ഐറ്റംസ്.. കുളിക്കാനുള്ള സോപ്പും അടുക്കളയിലേക്ക് വേണ്ട ഉപ്പും അരിയും വരെ വാങ്ങണം.. ഇതൊന്നും നോക്കട്ടെ ഒരു സുപ്രഭാതത്തിൽ അങ്ങോട്ടേയ്ക്ക് പോകുന്നത് അബദ്ധമാകും.. വിനയചന്ദ്രൻ പറഞ്ഞു. കിച്ചു ഒക്കെ ശെരിയാണെന്നോർത്തു.. എങ്കിലും എത്ര രൂപ വേണ്ടിവരും.. അതോർത്തപ്പോൾ അവന്റെ കണ്ണുകൾ ദയനീയമായി രാധികയെ നോക്കി..

താലി മാല വരെ ഊരി കൊടുത്തിട്ടാന ഛന്റെ കടം വീട്ടിയത്.. ഒരുപക്ഷേ അച്ഛൻ മരിച്ചപ്പോൾ പോലും.അവരത്രയും കരഞ്ഞില്ല.. അവരുടെ ഒഴിഞ്ഞ കഴുത്തിലേയ്ക്ക് അവന്റെ നോട്ടം പോയി.. 6,7 വർഷം.. താൻ എന്തു സമ്പാദിച്ചു.. ആ കഴുത്തിൽ ഒരു തരി പൊന്നോ അനിയതിയ്ക്കായി നല്ല ചികിത്സയോ ഒന്നും നൽകാൻ കഴിഞ്ഞില്ല.. ഇപ്പോഴിതാ അവരുമായി ആശ്രയം ചോദിച്ചു മറ്റൊരു വീട്ടിൽ.. കാശിന്റെ കാര്യം ഓർത്തു നീ ടെൻഷൻ ആകേണ്ട.. ദൈവം സഹായിച്ചു എന്റെ കയ്യിൽ കാശിനു കുറവൊന്നും ഇല്ല.. ആൻ ശിവൻ പോയപ്പോഴേ ഞാൻ പറഞ്ഞതല്ലേ എന്റെ കൂടെ വരാൻ.. അന്ന് ദുരഭിമാനം.. ഇനിയും നിന്റെ ആവശ്യമില്ലാത്ത ഈഗോ കാരണം ഇവർക്ക് ബുദ്ധിമുട്ടുണ്ടാകാൻ ഞാൻ സമ്മതിക്കില്ല.. രാധിക എനിക്ക് സഹോദരിയെ പോലെയാണ്.. അല്ല സഹോദരിയാണ്.. ഇവരോട് എനിക്കും ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്..

ഒന്നും അല്ലാതിരുന്ന എന്നെ കൈപിടിച്ചു ഫേമസ് വക്കീൽ ആക്കിയത് നിന്റെ അച്ഛനാ.. വിനയചന്ദ്രൻ പറഞ്ഞു.. കിച്ചുവിന് കീഴടങ്ങുകയല്ലാതെ നിവർത്തി ഉണ്ടായിരുന്നില്ല.. അയാളുടെ നിർബന്ധത്തിനു മുൻപിൽ അവൻ താഴ്ന്നു കൊടുത്തു… ********** ഇറങ്ങട്ടെ അങ്കിൾ.. കിച്ചു വിനയചന്ദ്രനെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.. അയാൾ.വാത്സല്യത്തോടെ അവനെ തഴുകി.. നീയും വിമലും എനിക്ക് വേറെ അല്ല.. എന്താവിശ്യം വന്നാലും പറയണം.. തോറ്റു പോകരുത്.. പിന്നെ ദേവു.. അവളെ നമുക്ക് പഴയ ദേവു ആക്കണം… അതിനാദ്യം വേണ്ടത് നല്ല ചികിത്സയാണ്.. വിനയചന്ദ്രൻ ഓർമിപ്പിച്ചു.. സ്വന്തമായി ഒരു ജോലി. വരുമാനം.. അതാ അങ്കിൾ ഞാനിപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം.. കിച്ചു പറഞ്ഞു.. പരിശ്രമം ചെയ്യുകിൽ എന്തിനെയും വശത്തിലാക്കാൻ കഴിവുള്ള വണ്ണം ദീര്ഘമാം കയ്യുകൾ നൽകിയത്രെ മനുഷ്യനെ പാരിൽ അയയ്ച്ചതീശൻ വിനയചന്ദ്രൻ പറഞ്ഞു..

നീ ശ്രമിക്കു… കിട്ടിയില്ലെങ്കിൽ ഞാൻ സഹായിക്കാം.. എന്റെ സഹായം കൂടാതെ നിനക്ക് ജോലി കിട്ടും എന്നെനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. പിന്നെ വഴി മനസ്സിലായല്ലോ.. വിനയചന്ദ്രൻ ചോദിച്ചു. മനസ്സിലായി അങ്കിൾ.. അവൻ പറഞ്ഞു.. ശ്യാമേ.. വിനയചന്ദ്രൻ വിളിച്ചതും ശ്യാമ അകത്തേയ്ക്ക് പോയി പെട്ടെന്ന് തന്നെ പുറത്തേയ്ക്ക് വന്നു.. അവരുടെ കയ്യിൽ ഒരു പൊതിയും ഉണ്ടായിരുന്നു.. കുറച്ചു ക്യാഷ് ആണ്.. നിങ്ങൾ ഒന്നു സ്റ്റേൺ ആകും വരെ ഉപകരിക്കും.. വിനയചന്ദ്രൻ രാധികയുടെ കയ്യിൽ ആ പൊതി നൽകിക്കൊണ്ട് പറഞ്ഞു. അങ്കിൾ ഇത്.. കിച്ചു എതിർക്കാൻ ശ്രമിച്ചു.. ഞാൻ എന്റെ പെങ്ങൾക്കാണ് ഇത് കൊടുത്തത്.. നീ എതിർക്കേണ്ട.. വിനയചന്ദ്രൻ പറഞ്ഞതും ശ്യാമ ചിരിച്ചു.. അവർ ദേവുവിനെ വാത്സല്യത്തോടെ തഴുകി.. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

അവർ വിമലിനെ പാളി നോക്കി.. പറയാതെ പോയ ഒരിഷ്ട്ടത്തിന്റെ നോവും കുറ്റബോധവും അവന്റെ കണ്ണുകളിൽ ആഴത്തിൽ പതിഞ്ഞിരുന്നു.. അത് മനസ്സിലാക്കിയെന്നോണം ശ്യാമ നനഞ്ഞ കണ്ണുകൾ തുടച്ചു അവളുടെ നെറുകയിൽ ചുംബിച്ചു.. വിമൽ പെട്ടെന്ന് കിച്ചുവിനെ നോക്കി..അവന്റെ ചിന്തകൾ അവിടെ എങ്ങും അല്ല എന്നവന് തോന്നി. ഡാഡി.. ഞാനും ഇവർക്കൊപ്പം പോയി വരാം.. വിമൽ പറഞ്ഞു.. കിച്ചു അവനെ നോക്കി.. മ്മ്.. മറ്റൊന്നും ആലോചിക്കാതെ വിനയചന്ദ്രൻ മറുപടിയായി മൂളി.. സമ്മതം കിട്ടിയതും അവൻ അകത്തേയ്ക്കോടി.. വിമലിന്റെ കാറിൽ കയറി വിനായചന്ദ്രനോടും ശ്യാമയോടും യാത്ര പറയുമ്പോഴും ഏത് കടം വീട്ടിയാലും തീരാത്ത കടപ്പാടിന്റെ സ്നേഹം മുഴുവൻ കിച്ചുവിന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു.

നിറകണ്ണുകളോടെ രാധികയും ഒന്നുമറിയാതെ വിമലിന്റെ മുറിയിൽ നിന്നെടുത്ത പട്ടികുട്ടിയുടെ പാവയുമായി ദേവുവും വിമലിനോടൊപ്പം പുതിയ ജീവിതത്തിലേക്കുള്ള ആദ്യ പ്രയാണം ആരംഭിച്ചു.. ********** നല്ല സ്ഥലം അല്ലേടാ..മൊത്തത്തിൽ ഒരു തമിഴ്നാട്‌ പ്രതീതി.. കാറിലുള്ള യാത്രയ്ക്കിടയിൽ വിമൽ പറഞ്ഞു.. ഒറ്റപ്പാലത്തൂന്നു നല്ല ദൂരമുണ്ട്.. അവൻ പറഞ്ഞു.. മ്മ്.. ഇതാണെന്നു തോന്നുന്നു സ്ഥലം.. ഇനി ബാക്കി വഴി ആരോടെങ്കിലും ചോദിക്കണം.. കിച്ചു പറഞ്ഞു.. ചേട്ടാ ഈ ചന്ദ്രോത്തു വീട് എവിടെയാ.. വിമൽ ചോദിച്ചു. അയാൾ അവരെ നോക്കി.. ആരാ.. പുതിയ താമസക്കാരാണോ.. അയാൾ തന്റെ കറുത്ത നെറ്റിയിൽ നിന്നും വിയർപ്പു തുടച്ച ശേഷം കയ്യിൽ ഇരുന്ന തൂമ്പ നിലത്തേയ്ക്ക് വെച്ചുകൊണ്ട് ചോദിച്ചു. ആ.. വിമൽ മൂളി.. കുറച്ചു മുന്നോട്ട് പോയി വലത്തൂടെ കാണുന്ന വഴിയേ ഒരു കിലോമീറ്റർ പോയി പിന്നെ ഇടത്തോട്ട് ഒരു ഊട് വഴിയുണ്ട്.. ഈ കാർ പോകും.

അത്ര വീതിയെ ഉള്ളു.. അതിലൂടെ പോകുമ്പോ 3ആമത്തെ.. ആളല്ല 4ആമത്തെ വീടാണ്.. വീട് തെറ്റി കേറരുത്.. അയാൾ ഓർമിപ്പിച്ചു.. ശെരി.. കിച്ചു പറഞ്ഞു. കിച്ചു കാർ മുൻപോട്ടെടുത്തു.. കുറച്ചുകൂടി മുൻപോട്ട് പോയതും വലത്തേയ്ക്കും ഇടത്തേയ്ക്കുമായി രണ്ടു വഴി കണ്ടു.. അതിൽ വളത്തേയ്ക്കുള്ള വഴിയേ കിച്ചു വണ്ടി ഓടിച്ചു.. എന്തു രസമാടാ.. റോഡിന്റെ ഒരു വശത്ത് വീടുകളും മറുവശത്തു വിശാലമായ കണ്ടവും ആണ്.. വളവുകൾ ഉള്ള കുണ്ടും കുഴിയും നിറഞ്ഞ പഴക്കമേറിയ പാത.. അവർ മുൻപോട്ട് പോയി ചെറിയ വളവു തിരിഞ്ഞതും ഒരു ആൾക്കൂട്ടം കണ്ടു . സൂര്യാ.. ആക്സിഡന്റ് ആണെന്ന് തോന്നുന്നു.. വിമൽ പറഞ്ഞു. കിച്ചു ഗ്ലാസ് താഴ്ത്തി തല പുറത്തെയ്ക്കിട്ടു.. സാധാരണക്കാരായ ആളുകളാണ് കൂട്ടം കൂടി നിൽക്കുന്നവർ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.

സ്ത്രീകൾ പലരും മാക്സിയോ ലുങ്കിയും ബ്ലൗസുമോ ആണ് വേഷം.. പുരുഷന്മാരിൽ പലരും ഷർട്ട് പോലും ഇടാതെ തോളിൽ തോർത്തുമിട്ട് ലുങ്കിയും ഉടുത്താണ് നിൽപ്പ്.. എന്താ ചേട്ടാ.. ആക്സിഡന്റ് ആണോ.. കിച്ചു അതുവഴി നടന്നു പോയ ഒരാളോട് ചോദിച്ചു. ഓ.. ആക്സിഡന്റ് ഒന്നുമല്ല.. രണ്ടു പേര് തമ്മിലുള്ള തർക്കമാ.. അതും പറഞ്ഞു അയാൾ ഒരു കൂസലുമില്ലാതെ നടന്നു.. തർക്കമോ.. അതിനാണോ മനുഷ്യന്റെ സമയം മെനക്കെടുത്തുന്നത്.. അതും പറഞ്ഞു കിച്ചു ഇറങ്ങി.. ആ ബെസ്റ്റ്.. ആന്റി വന്നപാടെ അവനാ അടിക്കുള്ള പുറപ്പാടാണെന്ന് തോന്നുന്നു. ഞാനൊന്നു നോക്കട്ടെ.. അതും.പറഞ്ഞു വിമലും പുറകെ ഇറങ്ങി.. ആളുകളെ വകഞ്ഞു മാറ്റി അവർ മുൻപോട്ട് ചെന്നതും അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു.. ഒരു പെണ്കുട്ടിയാണ് ഒച്ചയെടുക്കുന്നത്.. 23 വയസ്സ് കഷ്ടിച്ചു കാണും.. നീണ്ട മുടി കുറുക്കി കെട്ടി വെച്ചിട്ടുണ്ട്. വട്ട മുഖം..

അതിനു ചേരുന്ന തരത്തിൽ ഉണ്ടക്കണ്ണുകളും.. നീണ്ടു വലിയ വണ്ണമില്ലാത്ത ശരീരം.. ഒരു മെറൂൺ പാവാടയും ക്രീം ബ്ലൗസും പാവടയ്ക്ക് ചേരുന്ന ദാവണിയും ആണ് വേഷം..റോഡിനു കുറുകെയായി ഒരു പഴയ സ്കൂട്ടറും വെച്ചിട്ടുണ്ട്.. നല്ല ഐശ്വര്യമുള്ള മുഖം. നെറ്റിയിൽ ചെറിയ ചുവന്ന വട്ടപൊട്ട്.. മൂക്കിൻ തുമ്പിൽ ഭംഗി കൂട്ടാൻ വെള്ളകല്ലിൽ കൊത്തിയ മൂക്കുത്തി.. അവൾ ഒരാളെ കുത്തിന് പിടിച്ചു നിർത്തിയിട്ടുണ്ട്.. എല്ലാവരും അവരെ നോക്കി നിൽക്കുകയാണ്.. ഞാനൊന്നു പറയട്ടെ.. അവളുടെ പിടിയിൽ നിൽക്കുന്നയാൾ പറഞ്ഞു.. മിണ്ടരുത് നീ.. എനിക്കിനി നിന്റെ ഒരു വർത്തമാനവും കെക്കേണ്ട.. എന്റെ കാശെപ്പോ തരും.. പറയെടാ.. അവൾ തന്റെ ദാവണി എളിയിലേയ്ക്ക് കുത്തിക്കൊണ്ട് ചോദിച്ചു.. ഒരവധി കൂടി തരണം പ്ലീസ്..ഞാൻ തന്നോളാം.. മോനു സുഖമില്ലഞ്ഞിട്ടാ.. അയാൾ കേണു.. ഉവ്വ.. ഇന്നലെ കൂടെ നീയാ ദാമോദരന്റെ ഷാപ്പിൽ നിന്നിറങ്ങി വരുന്നത് ഞാൻ കണ്ടതാ..

അവന്റെ മോൻ.. എനിക്കൊന്നും കേൾക്കേണ്ട.. അവൾ പറഞ്ഞു.. എന്താ ചേട്ടാ സംഭവം.. വിമൽ അടുത്തു നിന്ന ഒരാളോട് ചോദിച്ചു.. ആ കാണുന്നത് തന്നെ.. അവൻ അവളുടെ കയ്യീന്ന്കാശു കടം വാങ്ങി.. കൊടുത്തില്ല.. അയാൾ നിസ്സാരമായി പറഞ്ഞു.. ഹലോ.. കിച്ചുവിന്റെ ശബ്ദം കേട്ടതും അവൾ അവനെ നോക്കി.. വിമലും.ഞെട്ടി അവനെ നോക്കി.. ഇത് പൊതുവഴിയാണ്.. ഞങ്ങൾക്ക് റോഡിലൂടെ കടന്നു പോകണം.. കിച്ചു പറഞ്ഞു.. അവൾ പുച്ഛത്തോടെ അവനെ നോക്കി.. തന്നോട് ഞാൻ പറഞ്ഞോ പോകേണ്ടാന്ന്.. അവൾ കൂസലില്ലാതെ ചോദിച്ചു.. പോകാൻ തന്റെ അനുവാദം ചോദിച്ചതല്ല.. ഈ വഴിയിൽ നിന്നു ഷോ കാണിച്ചാൽ പോകാൻ പറ്റില്ല.. അവൻ പറഞ്ഞു.. എന്നാൽ താൻ പോകേണ്ട.. ഈ ഷോ കഴിഞ്ഞിട്ട് പോയാൽ മതി.. അവൾ പറഞ്ഞു.. താൻ പറയെടോ കാശെപ്പോ തരും..

അവൾ കിച്ചുവിനെ കൂസാതെ അയാളെ നോക്കി. അശോകാ.. നീയൊരു അവധി പറ.. നീ കാരണം ഇവർക്കും കൂടെ പോകാൻ പറ്റില്ല.. കൂട്ടത്തിൽ പ്രായമായ ഒരാൾ പറഞ്ഞു.. അടുത്താഴ്ച തന്നോളാം.. അയാൾ പറഞ്ഞു.. അടുത്താഴ്ച്ച ഏഴു ദിവസമുണ്ട്. എന്നു തരും.. അവൾ ചോദിച്ചു.. ബുധനാഴ്ച്ച.. അയാൾ പറഞ്ഞു.. മ്മ്.. അവസാനത്തെ അവധിയാ ഇത്.. ബുധനാഴ്ച കാശ് കിട്ടിയില്ലേൽ.. നീ ഈ ഭൂമിയിൽ എവിടുണ്ടേലും ഞാനവിടെ കാണും.. കേട്ടല്ലോ.. അവൾ അയാളെ വിട്ടുകൊണ്ട് പറഞ്ഞു.. ശേഷം കിച്ചുവിനെ ചെറഞ്ഞൊന്നു നോക്കിക്കൊണ്ട് പഴയ സ്കൂട്ടറിൽ കയറി പോയി.. നിങ്ങൾക്കൊന്നു പറഞ്ഞൂടെ അതിനോട്.. ഇങ്ങനെ നടുറോഡിൽ ബഹളം വെയ്ക്കുന്നതൊക്കെ മോശമല്ലേ.. വിമൽ ചോദിച്ചു.. പറയാൻ പറ്റിയ മുതലാ.. നിങ്ങളീ നാട്ടിൽ ആദ്യമാ അല്ലെ..

അടുത്തു നിന്ന സ്ത്രീ ചോദിച്ചു.. അതേ.. വിമൽ പറഞ്ഞു.. കിച്ചു അവരെ നോക്കി.. പൊന്നു സാറമ്മാരെ.. അതിനോട് ഒരു വിധപ്പെട്ട ആരും സംസാരിക്കില്ല.. അതൊരു പ്രത്യേക ജന്മമാ.. വല്ലോം ഉപദേശിക്കാൻ ചെന്നാൽ അവൾടെ വായിൽനിന്നും പുളിച്ച തെറിയെ വരൂ..ആ സാറിന്റെ ഭാഗ്യം കൊണ്ടാ അവളൊന്നും മിണ്ടാഞ്ഞത്.. അവർ പറഞ്ഞു.. നല്ല ബെസ്റ്റ് കൊച്ചു.. വിമൽ പറഞ്ഞു.. വന്നു വണ്ടിയിൽ കേറെടാ.. കിച്ചു പറഞ്ഞു.. വിമൽ വണ്ടിയിൽ.കയറി.. നല്ല ബെസ്റ്റ് നാടാട്ടോ ആന്റി.. വിമൽ ചിരിയോടെ പറഞ്ഞു.. അവർ വഴി നോക്കി വീട്ടിലേയ്ക്ക് തിരിച്ചു.. ********* ചന്ദ്രോത് വീട്.. പുരാതന രീതിയിൽ പണികഴിപ്പിച്ച പഴയ വീട്.. അവർ ചെന്നു കയറിയതും ബ്രോക്കർ ഗോപാലൻ അവരെ കാത്തെന്നപോലെ അവിടെ നിൽപ്പുണ്ടായിരുന്നു.. വരണം സർ.. അവർ ഇറങ്ങിയതും അയാൾ ഭവ്യതയോടെ പറഞ്ഞു..

കിച്ചുവും വിമലും ചുറ്റും നോക്കി.. വിശാലമായ മുറ്റം.. വലിയൊരു തറവാട് പോലൊരു വീട്.. വീടിന്റെ മുറ്റത്തു പലയിടത്തും റോസയും ചെത്തിയും മന്ദാരവും നിൽപ്പുണ്ട്.. ഒരു കോണിൽ വലിയൊരു നാട്ടുമാവ് നിൽപ്പുണ്ട്.. കയറി വരുമ്പോൾ ആദ്യമൊരു വലിയ ഗേറ്റ് ആണ്.. അതിനപ്പുറം വഴി പോലെ ഇലചെടി നട്ടു പിടിപ്പിച്ചിരിക്കുന്നു.. കുമ്മായം പൂശിയ ചുമരുകളുള്ള പ്രൗഢിയുള്ള ഒരു വീട്… കൊട്ടാര സദൃശ്യമായ ചുറ്റുപാടും.. പണ്ടിവിടെ തമിഴ് നാടിന്റെ ഭാഗമായിരുന്നപ്പോൾ ഇന്നാട് ഭരിച്ചോണ്ടിരുന്ന ഗൗണ്ടറുടെ വീടായിരുന്നു ഇത്.. പിന്നെ പാലക്കാട് കേരളത്തിന്റെ ഭാഗമായപ്പോൾ അതൊക്കെ പോയി.. ഗൗണ്ടറും കൂട്ടരും വസ്തു വിറ്റു. ഒരു മലയാളിയായിരുന്നു വാങ്ങിയത് . അയാൾക്ക് 3 മക്കൾ.. അയാള് മരിച്ചപ്പോ വീട് ഇളയ മോനായി.. അവൻ അത് ശിവൻ സാറിനു വിറ്റു. അതു കഴിഞ്ഞാ അറിഞ്ഞത് ബാക്കി മക്കൾക്കും അവകാശം പറഞ്ഞോണ്ട് കേസ് കോടതിയിൽ നടക്കുവാണെന്ന്..

ഇപ്പൊ 8,9 വർഷമായി.. ഈ കഴിഞ്ഞ ഇടയ്ക്ക് വരെ ആ ഇളയ മോൻ ഇവിടെ വന്നു തൂത്തൊക്കെ ഇടുമായിരുന്നു.. താമസം ഒന്നും.ഇല്ലാതായിട്ട് ഇപ്പൊ 9ഓ 10ഓ വർഷമായി.. ഗോപാലൻ ബ്രോക്കർ പറഞ്ഞു.. മ്മ്.. കിച്ചു മൂളി.. രാധിക ദേവുവിനെയും കൊണ്ടിറങ്ങി.. ഇതാണ് വരാന്ത.. ചെസ്സ് ബോർഡിന്റേതെന്ന പോലെ കളം കളമായി ടൈൽ പാകിയ വിശാലമായ ഒരു വരാന്ത.. അതിന്റെ അരഭിത്തി പോലെ കെട്ടി ഇട്ടിരിക്കുന്നതിൽ ഉള്ള പൊടി തൂത്തുകൊണ്ട് ഗോപാലൻ പറഞ്ഞു.. അകത്തേയ്ക്ക് നടന്നതും വിശാലമായ ഒരു ഹാൾ കണ്ടു.. രാജസദസ്സ് എന്ന പോലെ തൂണുകളിൽ നിറയെ ചായകൂട്ടുകൊണ്ടുള്ള ചിത്രപണി കാണാം..ഹാളിൽ നിന്ന് കേറി വരുന്നത് ഈ മുറിയാ.. പണ്ട് കൃഷ്ണൻ സാർ ഇത് ഡൈനിങ് മുറിയായിട്ടാണ് ഉപായോഗിച്ചിരുന്നത്.. ഇതിന്റെഈ ഭിത്തിക്കപ്പുറം ഒരു കിടപ്പ് മുറിയാ .

കൃഷ്ണൻ സർ വാങ്ങി കഴിഞ്ഞു അതിൽ ഒരു ബാത്രൂം ഒക്കെ ഉണ്ടാക്കി.. 8 ബെഡ് റൂം മൊത്തമുണ്ട് ഈ വീട്ടിൽ.. 5വരന്തയും മോളിലും.താഴെയുമായി 2 വലിയ ഹാളും..വിശാലമായ അടുക്കളയും അതിനോട് ചേർന്ന് തന്നെ അടുപ്പ് കൂട്ടാനുള്ള സംവിധാനമുള്ള മറ്റൊരു മുറിയും.ഉണ്ട്.. അതിനപ്പുറം വിറക് വെയ്ക്കാൻ ഒരു മുറി.. പുറകിൽ 10, 36 സെന്റ് പറമ്പുണ്ട്.. മതില് കെട്ടി തിരിച്ചേക്കുവാ.. പിന്നെ ഒരു കാലത്തും വറ്റാത്ത രണ്ടു കിണറും.. ഈ നാട്ടിൽ വെള്ളത്തിനാ ഏറ്റവും ബുദ്ധിമുട്ട്.. പക്ഷെ ഈ ഏരിയയിൽ ആ പ്രശ്നമില്ല.. ഒരു 8,9കിണറുണ്ട്.. ഒരുവ് വേനലിലും വറ്റില്ല.. അയാൾ പറഞ്ഞു.. മുന്നിൽ ഒരു കാർ പോർച്ചുണ്ട്.. പിന്നെ പുറകിൽ പറമ്പിന്റെ അറ്റത്തായി കൃഷി സാധനം ഒക്കെ വെച്ചിരിക്കുന്ന ഒരു രണ്ടു മുറി കെട്ടിടവും.. അതൊന്നും ആരും തുറക്കാറില്ല…

പിന്നെ കിഴക്കേ ചായ്പ്പിന്റെ അവിടുന്നു കുളപ്പുരയിലേയ്ക്ക് ഒരു വഴിയുണ്ട്.. അവിടെ ഒരു ചെറിയ കുളവും ഉണ്ട്.. ഒത്തിരി വലുതല്ല.. എങ്കിലും അത്യാവിശം നല്ല ആഴമുണ്ട്. പെങ്ങളുകൊച്ചിനെ നോക്കിക്കോണം.. അയാൾ ഓർമിപ്പിച്ചു.. മ്മ്.. അയൽക്കാരൊക്കെ…ചേട്ടൻ ഇവിടെങ്ങാനും ആണോ താമസിക്കുന്നത്.. വിമൽ ചോദിച്ചു.. രാധികയും അയാളെ ശ്രദ്ധിച്ചു.. അയൽക്കാരോ.. ആ ദേ ആ ഇടത് വശത്തു കാണുന്ന വീട് എന്റെ അനന്തിരവന്റെയാണ്.. ഇവിടുന്നു ഇടത്തോട്ട് മാറി 4ആമത്തെ വീട് എന്റെയാ..പിന്നെ ഇടത്തോട്ട് പോയാലും വലത്തോട്ട് പോയാലും വഴിയാണ്… ഇവിടുന്നു തമിഴ്നാട്‌ ബോർഡറിലോട്ട് കഷ്ടിച്ചു 4 കിലോമീറ്റർ ദൂരമേ ഉള്ളു.. ബസ് ഒക്കെ ഈ വഴി കുറവാണ്.. പക്ഷെ ഇവിടുന്നു 2 കിലോമീറ്റർ ഈ ഇടത്തോട്ടുള്ള വഴിയേ ചെന്നാൽ ഒരു ബസ് സ്റ്റോപ് ഉണ്ട്.

അവിടെ നിന്നാൽ വേളാന്തവാലത്തിനുള്ള ബസ് കിട്ടും.. പിന്നെ കോഴിഞ്ഞാമ്പാറയ്ക്കും.. ഒത്തിരി ബസൊന്നും ഇല്ല. ഇതല്ല മെയിൻ റൂട്ട് എന്നാലും ഈ വഴി പോകുന്ന 3 ബസ് ഉണ്ട്.. പിന്നെ ഈ വലതു വശത്തു കാണുന്ന വീട് മാത്രം ഇച്ചിരി പെശകാ.. അങ്ങോട്ട് മാത്രം അധികം അടുക്കേണ്ട.. അയാൾ പറഞ്ഞു.. അവിടെ കടിക്കുന്ന പട്ടിയുണ്ടോ. വിമൽ ചോദിച്ചു.. പട്ടിയല്ല ഒരു കുട്ടിയുണ്ട്..അതുകൊണ്ടാ പറഞ്ഞത്.. അയാൾ പറഞ്ഞു. അവർ ആ വീട്ടിലേയ്ക്ക് നോക്കി.. സാമാന്യം ചെറുതല്ലാത്ത ഒരു വീട്.. പുറകിൽ ഒക്കെ നിറച്ചും പറമ്പാണ്..അവിടെ നിറയെ കൃഷി ചെയ്തിരിക്കുകയാണ്.. പാവലിന്റെയും പടവലത്തിന്റെയും വലുപ്പം കണ്ടാൽ അറിയാം കഷ്ടപ്പെട്ട് പരിപാലിക്കുന്നത് ആണെന്ന്.. ഇതൊക്കെ അവരുടെ പറമ്പാണോ.. കിച്ചു റോഡിനു എതിർവശമുള്ള നെൽപാടം ചൂണ്ടി ചോദിച്ചതും റോഡിലൂടെ ഒരു സ്കൂട്ടർ കടന്നുപോയി.. അതടുത്ത വീട്ടിലേയ്ക്ക് തിരിയുന്നതും അതിൽ നിന്നിറങ്ങിയ ആളെയും കണ്ട് കിച്ചുവിന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു….കിച്ചു മാത്രമല്ല വിമലും അവിടേയ്ക്ക് നോക്കി നിന്നുപോയി…. തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 1

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!