ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 1

Share with your friends

എഴുത്തുകാരി: ജീന ജാനഗി

“ടാ… ദത്താ… ആ പൗർണമി എത്ര നാളായി നിന്റെ പുറകേ നടക്കുന്നു. നിനക്കൊരു യസ് പറഞ്ഞൂടെ ?” അമൽ പറഞ്ഞു നിർത്തി. കൈയിലിരിക്കുന്ന പുസ്തകം താഴെ വച്ചിട്ട് ദത്തൻ അവനെ നോക്കി ചിരിച്ചു. “മോനേ അമലേ… നമുക്ക് ഒരു പെൺകുട്ടിയെ കണ്ടാൽ ഒരു ഫീലൊക്കെ തോന്നണ്ടേ ? ഇവളാണ് എന്റെ പെണ്ണന്ന് നമ്മുടെ മനസ്സ് പറയും. ഇടനെഞ്ച് പിടയ്കണം. വീണ്ടും വീണ്ടും കാണാൻ മനസ്സ് കൊതിക്കണം. പക്ഷേ ഈ ഒരു ഫീലിംഗ് എനിക്ക് അവളോടില്ല. അവളോട് മാത്രമല്ല ഇത് വരെ ഒരു പെണ്ണിനോടും തോന്നിയിട്ടില്ല. അതുകൊണ്ട് തത്കാലം നീ എന്നെ വിട്ടേക്ക്.” ഇതും പറഞ്ഞ് ദത്തൻ തിരിഞ്ഞു നടന്നു. ലാസ്റ്റ് ഇയർ എൻജിനീറിംഗ് വിദ്യാർത്ഥിയാണ് ദത്തൻ.

ആരോഗ്യ ദൃഢഗാത്രമായ ശരീരം. നല്ല ഉയരം. വെളുത്ത നിറം. ഹിന്ദി നടൻമാരുടേത് പോലുള്ള കുറ്റിത്താടിയും മീശയും. നിഷ്കളങ്കമായ ചിരി. ബാസ്കറ്റ് ബാൾ പ്ലയർ, ഗായകൻ, എഴുത്തുകാരൻ അങ്ങനെ സകലകലാ വല്ലഭനായ ദത്തനെ മോഹിക്കാത്ത തരുണീമണികൾ ക്യാംപസിൽ കുറവാണ്. വിഷ്ണു , അർജ്ജുൻ , ജിത്തു , ശ്യാം , ദത്തൻ ഇവർ അഞ്ചുപേരുമാണ് ഒരു ഗ്യാംങ്. എല്ലാവരുടെയും ഇഷ്ടവിനോദം യാത്രയാണ്. ദത്തൻ നേരേ ക്യാൻ്റീനിലേക്കായിരുന്നു നടന്നത്. ബാക്കി നാലുപേരും ഒരു മേശയ്ക് ചുറ്റും എന്തോ ഗൗരവമേറിയ ചർച്ചയിലാണ്. ദത്തൻ മേശയ്ക് അടുത്തേക്ക് ചെന്നതും വിഷ്ണു ഒരു കസേര നീക്കിയിട്ട് പറഞ്ഞു; “അളിയാ… ഇരിക്കെടാ.” ദത്തൻ ആ കസേരയിൽ ഇരുപ്പുറപ്പിച്ചു.

“എന്താണ് എല്ലാവരും കൂടി ഒരു ഗൂഡാലോചന ?” ദത്തൻ കളിയാക്കി ചോദിച്ചു. അതിനുള്ള മറുപടി പറഞ്ഞത് ശ്യാം ആയിരുന്നു; “ഏയ് ഗൂഡാലോചന ഒന്നുമല്ല. എല്ലാ തവണയും അവധി കിട്ടുമ്പോൾ നമ്മൾ ഓരോ സ്ഥലങ്ങളും ചുറ്റിക്കറങ്ങാൻ പോകുന്നുണ്ട്. ഇത്തവണ ഒരു മാസത്തെ അവധിയാണ് കിട്ടാൻ പോകുന്നത്. ആ ദിവസങ്ങളിൽ എവിടേക്ക് പോകണം എന്നൊരു ആശയക്കുഴപ്പം.” “ഞാൻ ഒരു സ്ഥലം പറയാം. ഹിമാചൽ പ്രദേശ്. ഹോ… ടിവിയിലൊക്കെയേ കണ്ടിട്ടുള്ളു. എന്ത് രസാണ്. നമുക്കവിടെ പോയാലോ ?” ജിത്തു ചിരിച്ചു കൊണ്ട് ചോദിച്ചു. “ഉവ്വ……. ഒരു മാസം അവിടെ പോയി അടിച്ചു പൊളിക്കാനുള്ള ചിലവ് നിന്റപ്പൻ മാധവൻ നായരോട് തരാൻ പറയോ?” അർജ്ജുൻ കളിയാക്കി ചോദിച്ചു.

“സോറി . ഞാൻ അതോർത്തില്ല.” ജിത്തു ഒരു ചമ്മിയ ചിരി പാസാക്കി. ദത്തൻ ഒന്ന് ചിരിച്ച ശേഷം എല്ലാവരോടുമായി പറഞ്ഞു ; “ഹിമാചലും വേണ്ട ഹിമാലയവും വേണ്ട. നമ്മൾ മറ്റൊരു സ്ഥലത്തേക്കാണ് പോകുന്നത്.” എല്ലാവരും ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. ദത്തൻ തുടർന്നു ; “കുന്നുകളും കുളങ്ങളും പാടവരമ്പുകളും ക്ഷേത്രങ്ങളും കാവുകളും എല്ലാം കൊണ്ടും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു നാട്ടിൻപുറത്തേക്ക്. പുത്തൻ തലമുറയുടെ പരിഷ്കാരങ്ങൾ മലിനമാക്കാത്ത ഗ്രാമം. പഴമയുടെ ആഢിത്യം ഇന്നും അലങ്കാരമാക്കിയ കൊച്ചു ഗ്രാമം. അവിടെ ഫ്യൂഡലിസത്തിന്റെ പ്രൗഡിയിൽ ഇന്നും തലയുയർത്തി നിൽക്കുന്ന ഒരു വലിയ തറവാട് – അമ്പാട്ട് തറവാട്.

ഞാൻ പിച്ച വച്ച് നടന്ന എന്റെ സ്വന്തം തറവാട്. പഴമയുടെ ഗന്ധം ഉറങ്ങുന്ന നാഗത്താൻ കാവ്. പഴങ്കഥകൾ പാടി നടക്കുന്ന പാണൻ, എല്ലാം ഓർമകളാണ് ഇന്ന്.” എല്ലാവരും മുഖാമുഖം നോക്കി. വിഷ്ണു ചോദിച്ചു; “നീ ഇത്രയും നാളും അവിടെ പോകണം എന്ന് ഞങ്ങളോട് പറഞ്ഞ് കേട്ടിട്ടില്ല. പെട്ടെന്ന് എന്താ ഇങ്ങനെ? ഞങ്ങൾ പറഞ്ഞാൽ കൂടി നീ ഒഴിഞ്ഞു മാറുന്നതല്ലേ പതിവ്.” ദത്തൻ ഒരു നെടു നിശ്വാസം വിട്ടു. പതിയെ തുടർന്നു; “എന്താ എന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമില്ല. ഇന്നേ വരെ ഒരു സ്വപ്നത്തിൽ പോലും ഞാൻ എന്റെ ഗ്രാമം കണ്ടിട്ടില്ല. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ മനസ്സിലേക്കോടി വരുന്നതെല്ലാം ആ ഗ്രാമത്തിലെ കാഴ്ചകൾ ആണ്. അമ്പാട്ട് തറവാട്ടിലെ ഇളമുറക്കാരനായ ദേവനാരായണവർമ്മയ്കും മീനാക്ഷി തമ്പുരാട്ടിക്കും വിവാഹം കഴിഞ്ഞിട്ടും അഞ്ച് വർഷങ്ങളോളം കുട്ടികൾ ഉണ്ടായില്ല.

മരുന്നും മന്ത്രങ്ങളും പരീക്ഷിച്ച് ഒടുവിൽ അവരെ ദൈവം കടാക്ഷിച്ചു. അതാണ് ഈ ദത്തൻ ദേവനാരായണ വർമ്മ. എന്റെ അഞ്ച് വയസ് വരെയും ഞാൻ എന്റെ തറവാട്ടിലാണ് ജീവിച്ചത്. നാലുകെട്ടിനകത്തെ തുളസിത്തറയും പറമ്പിലെ മൂവാണ്ടൻ മാവും തറവാട് വക കുളവുമെല്ലാം ഇന്നും നെഞ്ചിൽ നേരിയ ഒരോർമ പോലെ കിടപ്പുണ്ട്.” നാല് പേരും ദത്തന്റെ വാക്കുകൾ കഥ കേൾക്കും പോലെ ആസ്വദിച്ചു കേട്ടിരുന്നു. “അച്ഛന്റെ തോളിലിരുന്ന് കുളത്തിലേക്ക് പോകുമ്പോൾ എന്തോ ഒരു അഭിമാനം പോലെ ഞാൻ എന്റെ തലയുയർത്തി പിടിക്കുമായിരുന്നു. എന്നെ നീന്താൻ പഠിപ്പിച്ചത് അച്ഛനായിരുന്നു. പടിക്കെട്ടിലിരുന്ന് വെള്ളത്തിലേക്ക് കാലിടുന്ന മാത്രയിൽ പാദങ്ങൾക്ക് ചുറ്റും പാഞ്ഞടുക്കുന്ന ചെറുമീനുകളെ കുഞ്ഞിക്കൈ കൊണ്ട് കോരിയെടുക്കാൻ ശ്രമിക്കുന്ന കുട്ടിക്കാലം.

തുളസിക്കതിർ മുടിയിൽ തിരുകി കസവു മുണ്ട് ചുറ്റി അമ്പലത്തിലേക്ക് നടക്കുന്ന അമ്മയുടെ കരിവളയിട്ട കൈകളിൽ തൂങ്ങി ഞാനുമുണ്ടാകും. അമ്പലത്തിൽ അമ്മ തൊഴുത് നിൽക്കുമ്പോൾ ഞാനവിടെ ഓടിക്കളിക്കും. പ്രാർത്ഥിച്ചിറങ്ങിയ ശേഷം നേരേ പോകുന്നത് ശിവമല്ലിക്കാവിലേക്കാണ്. അവിടെ മാത്രം ഞാൻ ഒരു അനുസരണയുള്ള കുട്ടിയെ പോലെ നിൽക്കാറുണ്ട്. നിരന്തരമായി എന്റെ നേരേ ഓരോ അപകടങ്ങൾ ഉണ്ടാകുന്ന കാരണം അച്ഛന്റെ ചേട്ടൻ തറവാട്ടിൽ പ്രശ്നം വച്ചു. ആ നാട്ടിലുള്ള എല്ലാവർക്കും അദ്ദേഹത്തെ വലിയ ബഹുമാനമായിരുന്നു. എല്ലാവരും വല്യത്താൻ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. ഇരുപത്തിമൂന്ന് വയസ്സ് വരെ തറവാട്ടിൽ നിന്നാൽ എന്റെ ജീവന് തന്നെ ആപത്തുണ്ടാകുമെന്ന് പ്രശ്നത്തിൽ തെളിഞ്ഞ കാരണം അച്ഛനും അമ്മയും ഞാനും നഗരത്തിലേക്ക് താമസം മാറി.

കഴിഞ്ഞ ആഴ്ച നമ്മൾ ആഘോഷിച്ചത് എന്റെ ഇരുപത്തി മൂന്നാം പിറന്നാൾ ആയിരുന്നു. അന്ന് രാത്രി മുതൽ ഞാൻ കാണുന്ന സ്വപ്നമെല്ലാം എന്റെ ഗ്രാമത്തിനെ കുറിച്ചും എന്റെ തറവാടിനെ കുറിച്ചും ആണ്. ആരോ ദൂരത്തിരുന്ന് എന്നെ വിളിക്കുന്നത് പോലെ… ” ദത്തൻ പറഞ്ഞു നിർത്തിയ ശേഷം ദൂരേക്ക് കണ്ണും നട്ട് നിന്നു. നാലുപേരും മുഖാമുഖം നോക്കി. വിഷ്ണു പതിയെ ദത്തന്റെ ചുമലിൽ കൈ വച്ചു. നിദ്രാഭംഗമേറ്റ ഒരാളെ പോലെ ദത്തൻ ഞെട്ടി തിരിഞ്ഞ് നോക്കി. “വിഷ്ണു എനിക്കവിടേക്ക് പോകണം.” ദത്തൻ പറഞ്ഞു. വിഷ്ണു അവന്റെ ചുമലിൽ തട്ടിക്കൊണ്ട് പറഞ്ഞു; “പോകാം, നമുക്കെല്ലാവർക്കും ഒരുമിച്ച്. ” ദത്തൻ പുഞ്ചിരിച്ചു. *********** അന്ന് രാത്രി ദത്തൻ ടിവിയുടെ ചാനലുകൾ മാറ്റിക്കൊണ്ട് ഇരിക്കുകയായിരുന്നു.

അവന്റെ മനസ്സ് വല്ലാതെ കലങ്ങിമറിഞ്ഞിരുന്നു. ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. മീനാക്ഷി അടുക്കളയിൽ ചപ്പാത്തി ചുടുന്നതിന്റെ തിരക്കിലായിരുന്നു. പെട്ടെന്ന് പോർച്ചിൽ ഒരു കാർ വന്നു നിന്നു. ദേവനാരായണ വർമ്മ കമ്പനിയിൽ നിന്നും വന്നു. പുറത്ത് കോളിംഗ് ബെൽ ചിലച്ചു. ദത്തൻ പക്ഷേ വേറേതോ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു. ബെൽ കേട്ട് മീനാക്ഷി ഓടി വന്നു കതക് തുറന്നു. “എന്താ… തുറക്കാൻ ഇത്ര താമസം?” ദേവനാരായണന്റെ പ്രൗഡ ഗംഭീരമായ ശബ്ദം മുഴങ്ങി. “ഞാൻ അടുക്കളയിൽ ആയിരുന്നു.” മീനാക്ഷി മറുപടി പറഞ്ഞു. “ഉം.” ഒന്നിരുത്തി മൂളിയ ശേഷം ദേവനാരായണൻ മുകളിലേക്ക് പോയി. മീനാക്ഷി നേരേ ദത്തന്റെ അടുത്തേക്ക് പോയി. പക്ഷേ ദത്തൻ ഇതൊന്നും അറിഞ്ഞില്ല.

മീനാക്ഷി ദത്തന്റെ തലയ്ക് ഒരു കൊട്ട് കൊടുത്തു. ദത്തൻ പെട്ടെന്ന് ഞെട്ടി എണീറ്റു. “കണ്ണാ…. നീ എന്ത് ആലോചിച്ചാ ഇരിക്കുന്നേ ?” “എന്താ എന്തുപറ്റി ?” “അച്ഛൻ വന്നു ബെല്ലടിച്ചിട്ട് നീ കേട്ടില്ലേ? നിന്റെ ശ്രദ്ധ എവിടെയാ ?” “എന്റെ പൊന്നു മീനൂട്ടി സോറി. ഞാൻ കേട്ടില്ല. സോറി.” ദത്തൻ തന്റെ ചെവിയിൽ പിടിച്ച് ക്ഷമാപണം നടത്തി. “ഉം..ഉം.. സോപ്പിടണ്ട. കഴിക്കാൻ വായോ .” മീനാക്ഷി അടുക്കളയിലേക്ക് നടന്നു. കൂടെ ദത്തനും. മീനാക്ഷി എടുത്ത് വച്ച ചപ്പാത്തിയും കറിയും ദത്തൻ ഡൈനിംഗ് ടേബിളിൽ അടുക്കിവച്ചു. അപ്പോഴേക്കും ദേവനാരായണൻ ഡ്രസ്സ് മാറി വന്നു. മീനാക്ഷി മൂന്ന് പ്ലേറ്റുകളിലായി ചപ്പാത്തിയും കറിയും വിളമ്പി. ദത്തൻ ചപ്പാത്തി പിച്ചിയെടുത്ത് കറിയിൽ മുക്കി കൈകളിൽ തന്നെ വച്ചു.

മീനാക്ഷി അവനെ ഒന്നു നോക്കിയശേഷം ഭർത്താവിന്റെ മുഖത്തേക്ക് നോക്കി. ദേവനാരായണൻ അവനെ ശ്രദ്ധികയായിരുന്നു. “കണ്ണാ…..” ദേവനാരായൻ നീട്ടി വിളിച്ചു. ദത്തൻ അയാളെ നോക്കി. “മോന് അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോ ?” “അച്ഛാ…. അത്…. ഞാൻ.. പിന്നെ…” “പറയെടാ…..” “ഞാൻ ഈ അവധിക്ക് തറവാട്ടിലേക്ക് പോകുന്നു.” ഇരുവരും ഞെട്ടി മുഖാമുഖം നോക്കി. “പെട്ടെന്ന് എന്താ കണ്ണാ ഇങ്ങനൊരു മോഹം ?” മീനാക്ഷി ചോദിച്ചു. “അവിടെ പോകണം എന്ന് എന്റെ മനസ്സ് പറയുന്നു. ഞാൻ പോകും.” ദത്തൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റ് പോയി. മീനാക്ഷി ഭർത്താവിനോട് പറഞ്ഞു; “നിങ്ങളെന്താ ഒന്നും മിണ്ടാത്തത്. അവിടുത്തെ അനുഭവങ്ങൾ അത്ര പെട്ടെന്ന് മറന്നോ? ആ ശാപം കിട്ടിയ സ്ഥലത്തേക്ക് വീണ്ടും എന്റെ കുഞ്ഞിനെ പറഞ്ഞു വിടണോ ?

എനിക്ക് അവന്റെ ജീവനാ പ്രധാനം.” “നീ ഒന്ന് സമാധാനിക്ക് മീനു. അവന്റെ ഇരുപത്തിമൂന്നാം പിറന്നാൾ കഴിഞ്ഞു. ഇനി അവന്റെ ആയുസ്സിന് ദോഷമൊന്നും ഉണ്ടാകില്ല.” ദേവനാരായണൻ മീനാക്ഷിയെ ആശ്വസിപ്പിച്ചു. ********** ദത്തൻ ഒരു സ്ത്രീരൂപത്തിന്റെ പുറകേ പോകുകയായിരുന്നു. അവളുടെ കാലിലെ പാദസരത്തിന്റെ ഒച്ച കാറ്റിലലിഞ്ഞ് കർണങ്ങളിലേക്ക് ഓടി വരുന്നുണ്ടാരുന്നു. രൂപം വ്യക്തമല്ല… ഒരു പുകമറ പോലെ. അവളുടെ സ്വർണ്ണനിറമുള്ള ഉടയാടകൾ കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു. അവളുടെ കരങ്ങൾ ദത്തനെ മാടി വിളിക്കുന്നുണ്ടായിരുന്നു. അവളുടെ ചിരി അവന്റെ കാതുകളിൽ മുഴങ്ങി. എങ്ങു നിന്നോ വന്ന തീവ്ര പ്രകാശം അവന്റെ കാഴ്ചയെ മറച്ചു. ദത്തൻ കണ്ണുകൾ അടച്ചു. കുറച്ച് നിമിഷങ്ങൾക്ക് ശേഷം കണ്ണുകൾ മെല്ല തുറന്നപ്പോഴേക്കും ആ സ്ത്രീ രൂപം അദൃശ്യമായിക്കഴിഞ്ഞു.

ദത്തൻ നാലുപാടും ആ രൂപത്തെ തിരഞ്ഞു. പെട്ടെന്ന് പുറകിൽ നിന്നും ഒരു സീൽക്കാരം കേട്ടു. ദത്തൻ ഞെട്ടിത്തിരിഞ്ഞതും കണ്ണിലേക്കൊരു സ്വർണ്ണനാഗം ആഞ്ഞുകൊത്തി… “ആഹ്……” ദത്തൻ നിലവിളിച്ചു. തറയിൽ കിടന്നു പുളഞ്ഞു. പെട്ടെന്ന് എന്തോ ശബ്ദം അവന്റെ കാതുകളിൽ വന്നലച്ചു. ദത്തൻ പതിയെ കണ്ണുകൾ തുറന്നു. അമ്മ വാതിലിൽ മുട്ടുകയാണ്. “കണ്ണാ….. മോനേ വാതിൽ തുറക്കൂ… ” ദത്തൻ തന്റെ കണ്ണുകളിൽ തൊട്ടു നോക്കി. കുഴപ്പമൊന്നുമില്ല. ദത്തൻ ചുറ്റും നോക്കി. റൂമിൽ തന്നെയാണ്. “അപ്പോൾ ഇത്രയും നേരം ഞാൻ സ്വപ്നം കണ്ടതായിരുന്നോ?” ദത്തൻ എഴുന്നേറ്റ് പോയി വാതിൽ തുറന്നു.

മീനാക്ഷിയും ദേവനാരായണനും പരിഭ്രമത്തോടെ അവനെ നോക്കി. ദത്തൻ ആകെ വിയർത്തു കുളിച്ചിരുന്നു. “എന്താ കണ്ണാ… എന്തുപറ്റി ?” മീനാക്ഷി ചോദിച്ചു. “ഏയ്… ഒന്നുമില്ല മീനൂട്ടി. ഞാൻ ഒരു ദുസ്വപ്നം കണ്ടതാ.”  “മനുഷ്യനെ പേടിപ്പിച്ചല്ലോ ? വേണ്ടാത്ത ചിന്തകൾ മനസ്സിൽ വന്നിട്ടാ ഇങ്ങനൊക്കെ.” മീനാക്ഷി ദത്തനോട് ശകാരം പോലെ പറഞ്ഞു. അമ്മ ഉദ്ദേശിച്ചത് തറവാടിലേക്കുള്ള യാത്രയാണെന്ന് ദത്തന് മനസ്സിലായി. അവൻ ഒന്നും ശബ്ദിച്ചില്ല. മീനാക്ഷി തിരിഞ്ഞ് ദേവനാരായണനോട് പറഞ്ഞു; “ഞാൻ ഇന്ന് ഇവിടെ കിടക്കാം.” ദേവനാരായണൻ ഒന്ന് മൂളിയ ശേഷം റൂമിലേക്ക് പോയി. മീനാക്ഷി കട്ടിലിൽ ചെന്നിരുന്നു.

ദത്തൻ വാതിൽ ചാരിയ ശേഷം അമ്മയുടെ മടിയിലേക്ക് കിടന്നു. മീനാക്ഷി അവന്റെ മുടികൾക്കിടയിലൂടെ വിരലുകൾ ഓടിച്ചു.  “കണ്ണാ… നീ പോകാൻ തന്നെ തീരുമാനിച്ചോ ?” “ആം. പോകണം. മീനൂട്ടിക്ക് എന്താ ഇത്ര പേടി ?” “ഒരമ്മയ്ക് സ്വന്തം മക്കളെ കുറിച്ച് ഓർത്ത് എപ്പോഴും വേവലാതി ആയിരിക്കും. പ്രത്യേകിച്ച് ആ ശാപം പിടിച്ച തറവാടിൽ നല്ല ഓർമകൾ ഒന്നും ഇല്ലല്ലോ?” “എനിക്ക് ഒന്നും ഉണ്ടാവില്ല മീനൂട്ടി. ആദ്യം ഈ കണ്ണുകൾ തുടയ്ക്. ” മീനാക്ഷി സാരിത്തലപ്പ് കൊണ്ട് തന്റെ കണ്ണുകൾ ഒപ്പി. ദത്തൻ അമ്മയുടെ മുഖത്തേക്ക് നോക്കി കിടന്നു. മീനാക്ഷിയുടെ ഓർമകളിൽ പഴയചരിത്രം ഒരു തിരശ്ശീലയിലെന്ന പോലെ കടന്നുവന്നു…. തുടരും

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!