മഴമുകിൽ… : ഭാഗം 37

മഴമുകിൽ… : ഭാഗം 37

എഴുത്തുകാരി: അമ്മു അമ്മൂസ്

“”അച്ഛാ മോൾക്ക് കഥ പറഞ്ഞു തരാമെ….”” മോളെയും എടുത്തു ഋഷി മുറിയിലേക്ക് പോകുന്നത് കണ്ടു ദേവ ചിരിയോടെ ബാക്കി ജോലികൾ തീർക്കാൻ തുടങ്ങി… രാത്രി മുറിയിലേക്ക് ചെന്നപ്പോൾ ഋഷിയും മോളും നല്ല ഉറക്കമായിരുന്നു…. മോളെയും നെഞ്ചോട് ചേർത്ത് കിടക്കുന്ന അവനെ നോക്കി കുറച്ചു സമയം നിന്നു… നല്ല ഉറക്കത്തിലാണ് എന്ന് മനസ്സിലായതും അവന്റെ അരികിലേക്ക് ചെന്ന് അവനോട് ചേർന്ന് കിടന്നു… പതിയെ ആ തോളിലേക്ക് തല ചായ്ച്ചു കിടക്കുമ്പോൾ ഇനിയുമൊരു അകൽച്ച ഇല്ലാത്ത വിധം അത്രമേൽ അവനോട് അടുത്തു എന്ന് തോന്നി… താനിപ്പോൾ മറ്റാരുടെയോ കരവലയത്തിനുള്ളിലാണ് എന്ന് തോന്നിയിട്ടാണ് രാവിലെ ദേവ കണ്ണുകൾ തുറക്കുന്നത്…

ആദ്യം നോട്ടം ചെന്നത് ഋഷിയുടെ മുഖത്തേക്കാണ്…. അത്രയും അടുത്ത് അവനെ ആദ്യമായിട്ടായിരുന്നു കാണുന്നത്…ഒരല്പം പോലും അകലമില്ലാതെ… കുറച്ചു നേരം അവനെ നോക്കി അങ്ങനെ കിടന്നു…. അല്ലുമോള് എപ്പോഴും പറയാറുള്ള പോലീഷിന്റെ മീശയിലേക്ക് നോട്ടം ചെന്നു…. ഇപ്പോൾ പിരിച്ചു വെക്കാതെ വെറുതെ താഴേക്ക് ആക്കി വച്ചിരിക്കുകയാണ്…. പെട്ടെന്ന് തോന്നിയ ഒരു കുസൃതിയിൽ ആ മീശ പതിയെ പിരിച്ചു വെക്കാൻ തുടങ്ങി…. ഒരു വശം പിരിച്ചു വെച്ച് അപ്പുറത്തെ സൈഡും പതിയെ പിരിച്ചു വച്ചു…. ഇപ്പോൾ ഒരാന ചന്തം ഒക്കെയുണ്ടെന്ന് അവൾക്ക് തോന്നി…

അതാലോചിച്ചുകൊണ്ട് ചിരിയോടെ അവന്റെ മുഖത്ത് നിന്നും കൈകൾ പിൻവലിക്കാൻ തുടങ്ങുമ്പോഴായിരുന്നു ഒരു നിമിഷം കൊണ്ട് ഋഷി കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തിയത്.. ചലിക്കാൻ കഴിയാതെ തറഞ്ഞു നിന്ന പോലെ തോന്നി ദേവക്ക്…. അവന്റെ അധരങ്ങൾ കഴുത്തിലമർന്നപ്പോൾ ശ്വാസം പോലും പുറത്തേക്ക് വിടാൻ കഴിയാതെ കണ്ണുകൾ ഇറുക്കെ അടച്ചു… ശരീരമാകെ ഒരു മരവിപ്പ് പടരും പോലെ…. ചലിക്കാതെ ശ്വാസമടക്കി നിൽക്കുന്നതുകൊണ്ടാകാം അവനൊന്നു ചിരിക്കും പോലെ തോന്നി…. മീശ കഴുത്തിൽ ഉരസിയപ്പോൾ വെപ്രാളത്തോടെ അവനെ തള്ളിമാറ്റി പിടഞ്ഞെഴുന്നേറ്റു… ഇപ്പോഴും ആ വിറയൽ മാറിയിട്ടില്ല എന്ന് തോന്നി…. തിരിഞ്ഞു നോക്കിയപ്പോൾ തലയിണയും കെട്ടിപ്പിടിച്ചു അവളെ നോക്കി ചിരിയോടെ കിടപ്പുണ്ട്…

പരിഭവത്തോടെ ഒന്ന് കണ്ണ് കൂർപ്പിച്ചു നോക്കി… “”എന്തേ…. രാത്രി ഞാനുറങ്ങി കിടക്കുമ്പോൾ എന്നേ വന്നു കെട്ടിപ്പിടിച്ചു കിടക്കാം…. രാവിലെ ഉണർന്നു കഴിഞ്ഞാൽ എന്റെ മീശ പിരിച്ചു കളിക്കാം …. പക്ഷേ ഞാനൊന്നും ചെയ്യാൻ പാടില്ലേ….'”” ചിരിയടക്കി അവൻ ചോദിച്ചതും ചമ്മലോടെ മുഖം തിരിച്ചു… ഇന്നലെ രാത്രി ഉറങ്ങി കാണും എന്നാണ് വിചാരിച്ചത്…. ആ ഒരു ധൈര്യത്തിലാണ് ചെന്ന് ചേർന്ന് കിടന്നതും… “”സ….. സമയം വൈകി…””.. അതും പറഞ്ഞു കട്ടിലിൽ നിന്നും താഴേക്ക് ഇറങ്ങിയതും പിന്നിൽ അടക്കിപ്പിടിച്ച ചിരി കേട്ടു… തിരിഞ്ഞു നോക്കാൻ നിന്നില്ല….. വേഗം എഴുന്നേറ്റു നടന്നു….. അടുക്കളയിൽ ചെന്ന് പാല് കാച്ചി….. കുറച്ചെടുത്തു ഒരു കപ്പിലേക്ക് പകർന്നു കോഫി പൌഡർ ഇട്ടു….

ബാക്കി പാലെടുത്തു ഒരു പാത്രം വെള്ളത്തിലേക്ക് ഇറക്കിവെച്ച് ആറ്റി എടുത്തു… ഒരു കപ്പിൽ ഋഷിക്കുള്ള കാപ്പിയും മറ്റൊന്നിൽ മോൾക്കുള്ള പാലുമായി മുറിയിലേക്ക് നടന്നു… ഇന്നിനി ജോഗ്ഗിങ്ങിന് പോകുന്നില്ല എന്ന് രാവിലത്തെ കിടപ്പ് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു….. വിചാരിച്ചത് പോലെ തന്നെ ആയിരുന്നു… അപ്പുറത്തെ വശത്തേക്ക് തിരിഞ്ഞു മോളെയും കെട്ടിപ്പിടിച്ചു കിടപ്പുണ്ട്… അല്ലുമോള് കണ്ണൊക്കെ തുറന്നു പിടിച്ചു രണ്ടു കൈകൊണ്ടും അവനെ ചുറ്റിപ്പിടിച്ചു കിടപ്പുണ്ട്…. നെഞ്ചിടിപ്പ് കേൾക്കുകയാണ് എന്ന് തോന്നുന്നു…. ഇടയ്ക്കിടയ്ക്ക് തലയൊന്ന് പൊക്കി അവനെ നോക്കും…

വീണ്ടും നെഞ്ചിലേക്ക് തല ചേർത്ത് കിടക്കും… “”അല്ലൂട്ടൻ വായോ….. നമുക്ക് പല്ല് തേച്ചിട്ട് പാല് കുടിച്ചാമേ…..”” രണ്ടു കപ്പും മേശയുടെ പുറത്തേക്ക് വെച്ചിട്ട് മോളെ കൈ നീട്ടി വിളിച്ചു… “”അച്ഛാ മതി….”” വീണ്ടും ഋഷിയോട് ചേർന്ന് കിടന്നു പറഞ്ഞു…. “”മര്യാദക്ക് വന്നോ ഇങ്ങോട്ട്…. എല്ലാത്തിനും അങ്ങ് അച്ഛാ മതി…. ജോലി ചെയ്യിക്കാൻ മാത്രം അമ്മ…. “” പിണക്കം ഭാവിച്ചു പറഞ്ഞതും ദേവയെ നോക്കി ചുണ്ടൊന്ന് കൂർപ്പിച്ചു പതുക്കെ എഴുന്നേറ്റു… “”എക്ക്…..”” കൈയും നീട്ടി നിൽക്കുന്നത് കണ്ടപ്പോൾ എടുത്തു കുളിമുറിയിലേക്ക് നടന്നു…. വാതിൽ എത്താറായപ്പോൾ ഋഷിയെ ഒന്ന് പാളി നോക്കി…. രാവിലത്തെ അതെ ചിരി ചിരിച്ചോണ്ട് അവളെ നോക്കി കിടക്കുന്നത് കണ്ടപ്പോൾ വേഗം അകത്തേക്ക് കയറി….

തിരിച്ചു ഇറങ്ങിയപ്പോഴേക്കും ഋഷിയെ മുറിയിൽ കണ്ടില്ല… കാപ്പിയും കാണാതെ ഇരുന്നപ്പോൾ പത്രം വായിക്കാൻ പോയിക്കാണും എന്ന് തോന്നി… നിലത്തേക്ക് നിർത്തിയതും അടുത്ത ആളും രണ്ടു കൈകൊണ്ടും പാൽ ഗ്ലാസ്‌ മുറുകെ പിടിച്ചു ഓടുന്നത് കണ്ടു… “”അല്ലൂ… നിൽക്ക്….. നിലത്തൊക്കെ വീഴുമെ….”” പറഞ്ഞു തീരുമ്പോഴേക്കും മുറിയും കടന്നു പോകുന്നത് കണ്ടു…. നിലത്തൊക്കെ പാല് അവിടവിടെയായി വീണിട്ടുണ്ട്…. ഇപ്പോൾ വഴക്ക് പറയാൻ നിന്നാൽ പിന്നെ ഇന്നത്തെ ദിവസം മുഴുവൻ പിണങ്ങാനുള്ള കാരണമാകും എന്ന് തോന്നിയതിനാൽ ഒന്നും പറയാൻ നിന്നില്ല…. അല്ലെങ്കിൽ തന്നെ മിക്കവാറും ഓഫീസിൽ എത്താൻ വൈകും… അതിന്റെ ഇടയിൽ പിണക്കം മാറ്റാൻ കൂടി സമയമില്ലായിരുന്നു….

ഋഷിയുടെ അടുത്ത് ചെന്ന് നിൽപ്പുണ്ട്…. ഇടക്കൊന്നു പാല് കുടിക്കും… പിന്നെ അവന്റെ കൈയിലുള്ള പത്രത്തിലേക്കും നോക്കും…. പരസ്യത്തിന്റെ ഒക്കെ ഫോട്ടോ കാണുമ്പോളെക്ക് പേപ്പർ മറിക്കാൻ സമ്മതിക്കാതെ ഋഷിയുടെ കൈയിൽ പിടിച്ചു വെക്കും…. അതിലെ ഓരോ ഫോട്ടോയിലേക്കും മുഖം അടുപ്പിച്ചു നോക്കുന്നത് കാണാം… ഋഷി നോക്കി ഇരിക്കുന്നത് കാണുമ്പോൾ അവനെ നോക്കി ഒന്ന് ചിരിക്കും…. വീണ്ടും പത്രത്തിലേക്ക് തന്നെ നോക്കി ഇരിക്കുന്നത് കാണാം.. കുറച്ചു നേരം രണ്ടാളുടെയും കളി നോക്കി ഇരുന്നു….ഇനിയും നിന്നാൽ ശെരിയാകില്ല എന്ന് തോന്നിയപ്പോൾ വേഗം ജോലിയിലേക്ക് കടന്നു… മോൾക്ക് രാവിലത്തെ ഭക്ഷണം വാരിക്കൊടുത്തുകൊണ്ടിരുന്നപ്പോളാണ് ഋഷി ഒരുങ്ങി വന്നത്… അവളുടെ തൊട്ടടുത്ത കസേരയിലേക്ക് ഇരുന്ന് വായും തുറന്നു പിടിച്ചിരിപ്പുണ്ട്….

“”ഇനി അച്ഛക്ക്…..”” അല്ലുമോളെ നോക്കിയപ്പോൾ രണ്ടു കൈയും കൂട്ടി അടിച്ചു സന്തോഷത്തോടെ നോക്കി ഇരിപ്പുണ്ട്…. പുതിയ ഏതോ കളി ആണെന്ന് വിചാരിച്ചതാണെന്ന് തോന്നുന്നു…. “”അച്ഛക്ക് കൊടുക്കമ്മേ….. “” മോള്‌ പറഞ്ഞപ്പോൾ ഒരു കുഞ്ഞ് പീസ് അപ്പം മുറിച്ചെടുത്തു ഋഷിയുടെ നേരെ നീട്ടി…. അവന്റെ മുഖത്തേക്ക് നോക്കാൻ നിന്നില്ല… രാവിലത്തേതിന്റെ ബാക്കിയാകും എന്ന് തോന്നിയിരുന്നു…. “”ഞാൻ വരാൻ മിക്കവാറും വൈകും കേട്ടോ…. താൻ നേരെ വീട്ടിലേക്ക് തന്നെ ചെന്നേരെ ജോലി കഴിയുമ്പോൾ…. ഒരാളെ വിശദമായി ഒന്ന് ചോദ്യം ചെയ്യാൻ ഉണ്ട്…..”” ഋഷി പെട്ടെന്ന് ഗൗരവം കലർന്ന സ്വരത്തിൽ പറഞ്ഞപ്പോൾ ഉള്ളിൽ ചെറിയ ടെൻഷൻ തോന്നി എങ്കിലും തലയാട്ടി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ഋഷി വരുമ്പോൾ കസേരയിൽ തളർന്നു കിടക്കുന്ന ഷാജിയേയാണ് കാണുന്നത്…. പോലീസുമായി നടത്തിയ മൽപ്പിടുത്തതിന്റെ തെളിവുകൾ ദേഹമാകെ ഉണ്ട്…. “”ഇവൻ എന്തെങ്കിലും പറഞ്ഞോ…..”” “”ആദ്യം നല്ല ബുദ്ധിമുട്ടായിരുന്നു സർ….. ഒടുവിൽ നമ്മുടെ കാന്താരി പ്രയോഗത്തിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല…. എല്ലാ സത്യവും പറയാം എന്ന് പറഞ്ഞുള്ള ഇരിപ്പ…. ശക്തിയുടെ ഫോട്ടോ അവൻ തിരിച്ചറിഞ്ഞിട്ടുണ്ട്…..”” ശ്രീ പറഞ്ഞത് കേട്ടപ്പോൾ ഋഷി അഭിനന്ദിക്കും പോലെ അവന്റെ തോളിൽ ഒന്ന് തട്ടി… “”അപ്പൊ ഷാജി….. നീയായിട്ട് സത്യം പറയുന്നോ അതോ….. “” മുൻപിലെ കസേരയിൽ ഇരുന്ന് ഋഷി ചോദിച്ചതും അയാൾ തളർച്ചയോടെ തലയാട്ടി… “”ഞാൻ…..

ഞാനാദ്യം ശക്തിയെ കാണുന്നത് പതിനഞ്ചു വർഷം മുൻപാണ്…. ആ സമയത്ത് ഒരു ഹോട്ടലിൽ ജോലി നോക്കുവായിരുന്നു അവള് റൂം ക്ലീനർ ആയിട്ട്….. അവൾക്ക് എല്ലാരേം പേടി പോലെയായിരുന്നു പ്രത്യേകിച്ച് പെണ്ണുങ്ങളെ…. അലസമായി സാരിയുടുത്തു അവളെ നോക്കി ഏതെങ്കിലും സ്ത്രീ ചിരിച്ചാൽ അവള് വല്ലാതെ അസ്വസ്ഥയാകുമായിരുന്നു…. ആ സമയത്തേ എനിക്ക് ഡ്രഗ്സ് ന്റെ ഇടപാടുകൾ ഒരുപാടുണ്ട്…. അതിന് വേണ്ടിയാണ് ആ ഹോട്ടലിൽ റൂം എടുക്കുന്നതും…. അവളെ മെരുക്കി എടുത്താൽ പ്രയോജനം ആകും എന്ന് തോന്നിയിരുന്നു….. കാരണം ഞങ്ങളുടെ ബിസ്സിനെസ്സ് ഇൽ ആ സമയം പെണ്ണുങ്ങൾ ഉണ്ടായിരുന്നില്ല…. പതിയെ അവള് പേടിച്ചു മാറി ഇരിക്കുമ്പോൾ ഞാൻ ചെന്ന് ആശ്വസിപ്പിക്കാൻ തുടങ്ങി…. ആദ്യമൊന്നും അവൾ അടുത്തില്ല… മാസങ്ങൾ ഞാനതിനു വേണ്ടി ചിലവഴിച്ചു…..

ഒടുവിൽ അവളെന്നോട് അവളുടെ പ്രശ്നങ്ങൾ ഓരോന്നും പറയാൻ തുടങ്ങി….. എനിക്കവളോട് സഹതാപം തോന്നിയെങ്കിലും ലക്ഷ്യം ഉപേക്ഷിക്കാൻ തോന്നിയില്ല…. പതിയെ ഞാനവളെ എന്റെ കൂടെ കൂട്ടി…. പതുക്കെ പതുക്കെ ഞാനെന്ത് പറഞ്ഞാലും അവള് അനുസരിക്കും…. ഞാനവൾക്ക് ഇഷ്ടമുള്ള ആഹാരമെല്ലാം വാങ്ങി നൽകി പുതിയ ഉടുപ്പുകൾ വാങ്ങിക്കൊടുത്തു…. പകരം ഞാൻ നൽകുന്ന പൊതി അവള് പലരുടെയും അടുത്ത് എത്തിക്കും…..”” ഷാജി ചെറുതായി അണച്ചുകൊണ്ട് പറഞ്ഞു നിർത്തി… “”പിന്നെ….. പിന്നെന്തിനായിരുന്നെടാ ആ സാധു സ്ത്രീകളെ കൊന്നത്…..”” ശ്രീ കൈ വീശി അവന്റെ കരണത്തിട്ട് ഒന്ന് കൂടി കൊടുത്തു…. “”കുറേ ആയപ്പോൾ അവൾക്കെന്തോ മടി പോലെ…..

വേറെ ജോലിക്ക് പോണം എന്നൊക്കെ പറയാൻ തുടങ്ങി….. അപ്പോൾ ഞാനവളിൽ വീണ്ടും ഭയം ജനിപ്പിച്ചു…. അവളുറങ്ങികിടക്കുമ്പോൾ ചെറിയമ്മ എന്ന രീതിയിൽ ഇരുട്ടിന്റെ മറവിൽ അവളെ ഉപദ്രവിക്കാൻ ശ്രമിച്ചു…. വാതിലിലും ജനലിലും എല്ലാം തട്ടി ശബ്ദമുണ്ടാക്കി ഞാനവളെ പേടിപ്പിച്ചു കൊണ്ടേ ഇരുന്നു….. ഒടുവിൽ ചെറിയമ്മ മരിച്ചിട്ടില്ല എന്നും അവളെ കൊല്ലാൻ വേണ്ടി തിരിച്ചു വന്നു എന്നും അവൾ വിശ്വസിച്ചു…. അതൊന്ന് കൂടി ബലപ്പെടുത്താനായി ആ സ്ത്രീയുടെ അതെ മുഖച്ഛയയുള്ള സ്ത്രീകളെ മനപ്പൂർവം അവളുമായി പരിചയപ്പെടുത്തി…. അവർ കേറുന്ന ബസിൽ തന്നെയാകും പതിവായി ഞാനും അവളും കേറുക…. ആ സ്ത്രീയുടെ അരികിലുള്ള സീറ്റിൽ ഞാനവളെ ഇരുത്തും…

ആദ്യമൊന്നും അവൾ ശ്രദ്ധിച്ചില്ല…. പക്ഷേ പിന്നീട് ചെറിയമ്മയുടെ അതെ ഗന്ധമാണ് എന്ന് ഞാനവളെ വിശ്വസിപ്പിച്ചു…. പേടിയോടെ ഓടി ഒളിക്കാതെ സ്നേഹം നടിച്ചു അവരോട് പ്രതികാരം ചെയ്യാൻ പഠിപ്പിച്ചു…. ആ സ്ത്രീകൾ പോലും അറിയാതെ ശാലിനിയുടെ സഹോദരൻ അവൾക്ക് കൊടുക്കാനായി തന്നുവിടുന്നത് എന്ന രീതിയിൽ അവരെക്കൊണ്ട് ഡ്രഗ്സ് അങ്ങോട്ടും ഇങ്ങോട്ടും കൈമാറ്റം ചെയ്യിച്ചു….. അവരുടെ മരണം എനിക്ക് അനിവാര്യമായിരുന്നു എങ്കിൽ മാത്രമേ ശക്തി വീണ്ടും അതെ ഭയത്തോടെ എന്റെ കൂടെ നിൽക്കൂ….. അതിന് വേണ്ടി അവരൊറ്റക്ക് വീട്ടിൽ ഉള്ള ദിവസം ശക്തി വഴി അവരെ ബോധം കെടുത്തി നഗ്നചിത്രങ്ങളും വീഡിയോയും എടുത്തു…. മയക്കുമരുന്ന് കടത്തിയതിന്റെ തെളിവുകളും ഈ വീഡിയോയും അവർക്ക് അയച്ചു കൊടുത്തു…..

മരണമല്ലാതെ മറ്റൊരു മാർഗം മുന്നിൽ ഇല്ലെന്ന വിധത്തിൽ അവരെ ഭീഷണിപ്പെടുത്തി….. മരണം നേരിട്ട് കാണിക്കണമായിരുന്നു എനിക്ക് ശക്തിയെ…. അതുകൊണ്ട് തന്നെ പറയുന്നത് പോലെ ചെയ്തില്ല എങ്കിൽ അവരുടെ ഭർത്താവും മക്കളും അടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് അവരെ വിശ്വസിപ്പിച്ചു….. അവർ എരിഞ്ഞടങ്ങുന്നത് ഞാനും ശക്തിയും കാണുമായിരുന്നു….. ഫോണിലേക്കും തീ പടർന്നു അത് പൊട്ടിത്തെറിക്കും വരെ…..”” തരിച്ചിരിക്കുകയായിരുന്നു ഋഷിയും ശ്രീയും…. ഇത്തരമൊന്ന് പ്രതീക്ഷിച്ചിരുന്നില്ല….തുടരും

മഴമുകിൽ: ഭാഗം 36

Share this story