മഴയേ : ഭാഗം 37- അവസാനിച്ചു

മഴയേ : ഭാഗം 37- അവസാനിച്ചു

എഴുത്തുകാരി: ശക്തി കല ജി

മഴത്തുള്ളികൾ മനസ്സിന് കുളിർമയേകി …. വരാന്തയിൽ കുടമുല്ല മാലകെട്ടി കൊണ്ടിരുന്ന അമ്മയെ കണ്ടതും അത്ഭുതം കൊണ്ട് ഞാൻ ഉണ്ണിയെ നോക്കി.. “കുഞ്ഞുദേവിയുടെ അനുഗ്രഹം നമ്മുടെ അമ്മ പഴയത് പോലെ ആരോഗ്യവതിയായി കൊണ്ടിരിക്കുന്നു…. ” എന്ന് ഉണ്ണി പറഞ്ഞതും ഞാൻ ഓടി ചെന്നു… ആ മടിയിൽ കിടന്നു കൊണ്ട് കരഞ്ഞു തുടങ്ങിയപ്പോൾ അമ്മയുടെ കരങ്ങൾ എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു…. എത്ര നേരം ആ മടിയിൽ കിടന്നു കരഞ്ഞു എന്നറിയില്ല.. മനസ്സിലെ വിഷമങ്ങൾ കണ്ണീരായ് പെയ്തൊഴിഞ്ഞപ്പോൾ ആശ്വാസം തോന്നി…. ” മതി കുട്ടി കരഞ്ഞത്… എഴുന്നേറ്റ് വന്നേ… മുത്തശ്ശൻ ഒന്നു കാണട്ടെ…” മുത്തശ്ശൻ്റെ ശബ്ദം കേട്ടപ്പോഴാണ് തലയുയർത്തി നോക്കിയത്…

പുഞ്ചിരിച്ച് കൊണ്ട് എന്നെ തന്നെ നോക്കി നിൽക്കുന്ന മുത്തശ്ശനെ കണ്ടപ്പോൾ ഞാൻ അമ്മയുടെ മടിയിൽ നിന്ന് എഴുന്നേറ്റിരുന്നു… അമ്മയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്… രണ്ടു പേരുടെയും കാര്യങ്ങൾ നോക്കാനായി ഒരു സ്ത്രീയെ ഗൗതമേട്ടൻ ഏർപ്പാടാക്കിയിരുന്നു… ഉണ്ണിയും നിളയും കുറച്ച് നേരം ഇരുന്നിട്ട് വേഗം തിരിച്ച് പോകണം കുറച്ച് പൂജകൾ ബാക്കിയുണ്ട് എന്ന് പറഞ്ഞു…. അവർ പോയി കഴിഞ്ഞ് ഞാൻ അച്ഛൻ്റെ മുറിയിൽ പോയിരുന്നു.. ജനാലകൾ തുറന്നു.. മഴയേനോക്കി നിന്ന് കൊണ്ട് അച്ഛനോട് ഇത്രയും നാളത്തെ വിശേഷങ്ങൾ പറഞ്ഞു തീർത്തു….. കുറച്ച് ദിവസങ്ങൾ മുറിയിൽ തന്നെ ഇരുന്നു… മനസ്സിൽ വല്ലാത്ത ശൂന്യത…. നിളയും ഉണ്ണിയും ഇവിടേക്ക് വന്നു…

കിരൺ പാറയിൽ നിന്ന് താഴേക്ക് വീണത് കൊണ്ട് അവൻ കോമാസ്‌റ്റേജിലായി… അവൻ ചെയ്ത തെറ്റുകൾക്ക് ശിക്ഷ കിട്ടി.. ഇടയ്ക്ക് മുത്തശ്ശനും മുത്തശ്ശിയും കാണാൻ വന്നു… നിവേദയുടെ വയറ്റിലുള്ള കുഞ്ഞ് രുദ്രനോടൊപ്പം തന്നെ ഇല്ലാതായി… അവൾ വല്ലാത്തൊരു മാനസീകാവസ്ഥയിലാണ്…. അതു കൊണ്ട് വിവാഹം ഉടനെ നടത്തണം… വിവാഹത്തിന് വരണം എന്ന് മുത്തശ്ശൻ പറഞ്ഞു… മനസ്സിൽ വേദന നിറഞ്ഞെങ്കിലും വിവാഹത്തിന് ഉറപ്പായും വരാമെന്ന് പുഞ്ചിരിയോടെ പറഞ്ഞു… ദിവസങ്ങൾ കടന്നു പോയി… രണ്ട് മാസം കഴിഞ്ഞപ്പോൾ ഉണ്ണിയും നിളയും യശസ്സ് തറവാട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു… ഒപ്പം മുത്തശ്ശനെയും അമ്മയേയും കൊണ്ടു പോകണമെന്ന് നിർബ്ബന്ധം പിടിച്ചു…

അവരെ തറവാട്ടിലാക്കി ഉണ്ണി പിന്നേം പഠനം പൂർത്തിയാക്കാൻ പോയി… ദിവാകരേട്ടനെ തറവാടു നോക്കാൻ ഏൽപ്പിച്ചു… എനിക്ക് കോളേജിൽ നിന്ന് തിരികെ ജോലിക്ക് ജോയിൻ ചെയ്യാനുള്ള ഓർഡർ കിട്ടി…. അതു കൊണ്ട് കോളേജിലെ തന്നെ ഹോസ്റ്റലിലേക്ക് താമസം മാറ്റി… ആഴ്ചയിൽ ഒരു ദിവസം യശസ്സ് തറവാട്ടിലേക്കും ഒരു ദിവസം അമ്മയുടെ തറവാട്ടിലേക്കും പോകും… അമ്മയുടെ തറവാട്ടിലേക്ക് വരുന്ന ദിവസം അമ്പലത്തിൽ മാലകെട്ടി കൊടുക്കും… ചില ദിവസങ്ങളിൽ അമ്മയും എൻ്റെ ഒപ്പം വരും… അച്ഛൻ്റെ ഓർമ്മകൾ ഇവിടെയാണ് … ഒരു ദിവസം അവിടെ താമസിക്കും…. അതിനിടയിൽ ഗൗതമേട്ടനെ കണ്ടതേയില്ല… കാണാനും ശ്രമിച്ചില്ല….

കുറച്ച് കാലം കാണാതിരുന്നതോടുകൂടി മനസ്സിലെ വിഷമങ്ങളും കുറഞ്ഞു തുടങ്ങി… വിഷ്ണുവിൻ്റെ കാലിലെ പ്രശ്നങ്ങളെല്ലാം മാറി… അവൻ വീണ്ടും കോളേജിൽ വന്നു തുടങ്ങിയ ദിവസമാണ് ഗൗതമേട്ടനെ കാണുന്നത്… നിവേദയും ഒപ്പം വന്നിരുന്നു… അവളുടെ മുഖത്തെ പ്രസരിപ്പ് നഷ്ട്ടമായിരുന്നു… ” ഇന്ന് മുതൽ നിവേദയും ഈ കോളേജിൽ ഉണ്ടാവും… ഞാനുണ്ടല്ലോ ഇവിടെ… നിവേദയ്ക്ക് തുടർന്നും പഠിക്കണമെന്ന് പറഞ്ഞു.. അത് കഴിഞ്ഞ് മതി വിവാഹം എന്ന് “വിഷ്ണു പറഞ്ഞപ്പോൾ ഞാൻ മുഖത്ത് ചിരി വരുത്തി… ” ഞാൻ പോട്ടെ വൈകുന്നേരം വിളിക്കാൻ വരാം ” .. എന്ന് പറഞ്ഞ് ഗൗതമേട്ടൻ വേഗം പോയി…. “ശരി നിങ്ങൾ ക്ലാസ്സിലേക്ക് പോയ്ക്കോളു… ഞാൻ വരാം…”

എന്ന് പറഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോയി ഇരുന്നു… ഗൗതമേട്ടൻ എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ലല്ലോ എന്നോർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി…. ദിവസവും രാവിലെയും വൈകുന്നേരവും ഗൗതമേട്ടൻ അവരെ കൂട്ടാനായി കോളേജിലേക്ക് വരും…. നിവേദയോടും വിഷ്ണുവിനോടും തമാശകൾ പറഞ്ഞ് ചിരിക്കുന്നത് കാണാം.. എന്നോട് സംസാരിക്കാൻ കൂട്ടാക്കാതെ വേഗം പോയ്ക്കളയും…. “ഉത്തരേച്ചിയല്ലാതെ ആ മനസ്സിൽ ആരുമില്ല…. ഞാൻ എന്നും ഗൗതമേട്ടൻ്റെ കുഞ്ഞനുജത്തിയാണ്…. അച്ഛനുമമ്മയും ഉൾപ്പെടെ ഞാൻ ചെയ്ത തെറ്റുകൾ വീണ്ടും പറഞ്ഞ് കുറ്റപ്പെടുത്തിയപ്പോൾ ഏട്ടൻ മാത്രമാണ് എന്നോടൊപ്പം നിന്നത്…. ഗൗതമേട്ടൻ എൻ്റൊപ്പം നിന്നില്ലായിരുന്നെങ്കിൽ ഞാൻ എൻ്റെ ജീവിതം അവസാനിപ്പിച്ചേനേ..

ഞാൻ ഉത്തരേച്ചിയോടും നിളേച്ചിയോടും പൊറുക്കാനാവത്ത ദ്രോഹങ്ങൾ ആണ് ചെയ്തത്…. അതിനുള്ള ശിക്ഷയും എനിക്ക് കിട്ടി….. ഉത്തരേച്ചി ഗൗതമേട്ടനോട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ നിങ്ങൾക്കിടയിൽ ഉള്ളു”…. എല്ലാം പറഞ്ഞു തീർക്കണം…. നിങ്ങൾ ഒന്നിക്കണം” എന്ന് നിവേദ പറയുമ്പോൾ ഞാൻ എന്ത് മറുപടി പറയണമെന്നറിയാതെ ഇരുന്നു… ” ആഹാ ഇവിടിരിക്കുകയാണോ… ഏട്ടൻ വന്നു… ഉത്തരമിസ്സേ ഇന്ന് ഞങ്ങൾ തറവാട്ടിലേക്കാണ്… ഞങ്ങളുടെ ഒപ്പം വരുന്നോ നമ്മുക്ക് ഒരുമിച്ച് പോകാം. അമ്മ വണ്ടിയിൽ ഉണ്ട്.. വിളിച്ച് കൊണ്ടുവരാൻ പറഞ്ഞു…. ”

എന്ന് വിഷ്ണു പറഞ്ഞു.. രാഗിണിയമ്മ നിർബന്ധിച്ചിട്ടും ഞാൻ അവരൊടൊപ്പം പോയില്ല… രാഗിയമ്മയ്ക്കതിൽ വിഷമം ആയി എന്ന് മനസ്സിൽ ആയെങ്കിലും കാണാത്ത ഭാവത്തിൽ നിന്നു… എല്ലാവരും തറവട്ടിൽ പോകും എന്ന് വിഷ്ണു പറഞ്ഞത് കൊണ്ട് അങ്ങോട്ടേക്ക് പോയില്ല… നേരെ അമ്മയുടെ തറവാട്ടിലേക്ക് പോയി…. ഇന്ന് അങ്ങോട്ടേക്ക് വരുന്നില്ല എന്ന് അമ്മയോട് ഫോണിൽ വിളിച്ചു പറഞ്ഞു… ഒറ്റയ്ക്ക് തറവാട്ടിൽ ആദ്യമായാണ്… മിക്കവാറും അമ്മയോ മുത്തശ്ശനോകൂടെയുണ്ടാവും….. ഇരുട്ട് വീണു തുടങ്ങിയിരുന്നു….. ഇടവഴിയിലൂടെ നടക്കുമ്പോൾ മഴ പെയ്യും എന്ന് തോന്നി. മിന്നൽ പിണരുകൾ ഭൂമിയിലേക്ക് പതിച്ചു……

പുറകിൽ ഏതോ ബൈക്ക് വരുന്ന ശബ്ദം കേട്ടു… ആ ബൈക്ക് എൻ്റെ കുറുകേ നിർത്തി… നാട്ടിലെ പേര് കേട്ട ഗുണ്ട സുമേഷ്… ദിവാകരേട്ടൻ്റെ മകളെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് ഞാനാണ് ബഹളമുണ്ടാക്കി നാട്ടുകാരുടെ തല്ലും വാങ്ങി കൊടുത്ത് പോലീസിൽ ഏൽപ്പിച്ചത്… അയാളുടെ ക്രുരമായ ചിരി അവളിൽ ഭയമുണ്ടാക്കി…. ഇതു പോലെ ഒരു സാഹചര്യത്തിലാണ് ആദ്യമായി ഗൗതമേട്ടൻ്റെ ബൈക്കിൽ കയറിയത് ഓർമ്മ വന്നു…. കാർമേഘം ഇരുണ്ടു മൂടി… ഏതോ ഒരുൾപ്രേരണയിൽ അവൾ ബൈക്കിൻ്റെ ഹാൻ്റിലിൽ പിടിച്ചു തള്ളിയിട്ട് തിരിഞ്ഞു പോലും നോക്കാതെ മുൻപോട്ട് ഓടി… പടിപ്പുര കടന്നപ്പോഴേക്ക് മഴയിൽ നനഞ്ഞു കുളിച്ചിരുന്നു….. വേഗം തറവാട്ടിലേക്ക് ഓടി കയറി വാതിൽ തുറന്നു…

അകത്തു കയറി വാതിൽ അടച്ചു…. ഭയം കൊണ്ട് ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു… മുറ്റത്ത് ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോഴേക്ക് ഹൃദയമിടിപ്പ് ഉച്ചത്തിലായി…. . .. പെടുന്നനെ കരണ്ടുo പോയി…. വാതിലിൽ തുടരെ മുട്ടുന്ന ശബ്ദം കേട്ടു… “ഉത്തരാ ” എന്ന് ഗൗതമേട്ടൻ വിളിക്കുന്ന ശബ്ദം കേട്ടപ്പോൾ ഓടി ചെന്ന് വാതിൽ തുറന്നു… മുന്നിൽ മഴയിൽ നനഞ്ഞു നിൽക്കുന്ന ഗൗതമേട്ടനെ കണ്ടതും സ്വയമറിയാതെ ഭയo കൊണ്ടു കെട്ടിപിടിച്ചു… അലറി കരച്ചിലോടെ ആ നെഞ്ചോരം ചേർന്നു നിൽക്കുമ്പോൾ ഞാൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു…. എന്തൊക്കെയാ പറഞ്ഞതെന്ന് എനിക്ക് തന്നെയറിയില്ല…..

ഗൗതമേട്ടൻ്റെ കൈകൾ എന്നെ പൊതിഞ്ഞു പിടിക്കുന്നത് ഞാൻ അറിഞ്ഞു…. ആ ചുണ്ടുകൾ എൻ്റെ നെറുകയിൽ പതിഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്… ഞാൻ മാറാൻ ശ്രമിച്ചപ്പോഴേക്ക് ആ കരങ്ങൾ എന്നെ ചുറ്റിവരിഞ്ഞിരുന്നു… ” ഇത്ര ഇഷ്ട്ടം ഉണ്ടായിട്ടാണോ എന്നെ വേണ്ടാന്ന് പറഞ്ഞ് പോയത്…. നിന്നോട് കുറ്റപ്പെടുത്തിയതും ദേഷ്യപ്പെട്ടതും എല്ലാം നമ്മുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു…. അത് നീ മനസ്സിലാക്കാതെ എന്നെ വിട്ടിട്ട് പോയില്ലേ… അപ്പോൾ നിന്നോട് ഞാൻ ഇത്തിരിയെങ്കിലും പിണക്കവും ദേഷ്യവും കാണിക്കണ്ടേ….. ഇനി അങ്ങനെ പോവില്ലാന്ന് പറ” കാതോരം ഗൗതമേട്ടൻ്റെ ശബ്ദം കേട്ടപ്പോൾ ആ നെഞ്ചിൽ മുഖം ചേർത്തു നിന്നു….

” എന്നോട് ക്ഷമിക്കണം… ഞാൻ ഇനി പോവില്ല” എന്ന് പറയുമ്പോൾ അത്രയും ദിവസത്തെ വീർപ്പുമുട്ടലിൽ നിന്ന് മുക്തയായി…. “എന്നാൽ വാ എന്നോടൊപ്പം… ഇപ്പോൾ തന്നെ എൻ്റെ കൂടെ തറവാട്ടിലേക്ക് വന്ന് മുത്തശ്ശനോട് പറയണം” ഗൗതമേട്ടൻ പറഞ്ഞപ്പോൾ ഞാൻ സമ്മതമറിയിച്ചു…. പിന്നെ എത്രയും വേഗത്തിൽ തറവാട്ടിലേക്ക് പോയാൽ മതിയെന്ന് മനസ്സ് ആഗ്രഹിച്ചു… കോരിച്ചൊരിയുന്ന മഴയത്ത് ബൈക്കിൽ ഗൗതമേട്ടനൊപ്പം കയറുമ്പോൾ ഭയം തോന്നിയില്ല…. കുഞ്ഞു ദേവിയുടെ സുരക്ഷാവലയം ഞങ്ങൾക്ക് ചുറ്റുമുണ്ടായിരുന്നു… ഒരോ മഴത്തുള്ളിയിലും അലിഞ്ഞ് ചേർന്നിരിക്കുന്നത് ഞങ്ങളുടെ പ്രണയമാണ്….

മഴയിൽ നനഞ്ഞ് ഗൗതമേട്ടനൊപ്പം തറവാട്ടിലേക്ക് കയറി ചെല്ലുമ്പോൾ ഞാൻ ആദ്യമേ വരാത്തതിൻ്റെ പരിഭവം എല്ലാരിലുമുണ്ടായിരുന്നു… എല്ലാരിൽ നിന്ന് ഒഴിഞ്ഞ് മാറി മുത്തശ്ശിയോടൊപ്പം ഇരുന്നു… മുത്തശ്ശിയോട് ഗൗതമേട്ടനോടുള്ള ഇഷ്ട്ടം പറഞ്ഞു…. .. രാത്രിയിൽ എല്ലാരും ഉറങ്ങിയിട്ടും എനിക്ക് മാത്രം ഉറക്കം വന്നില്ല…. മുറിയിൽ നിന്നിറങ്ങി വാതിൽ തുറന്നു തറവാട്ടു മുറ്റത്ത് ചെന്നു…. നിലാവെളിച്ചത്തിൽ താമരപ്പൊയ്കയുടെ പടവിൽ ആരോ ഇരിക്കുന്നുത് കണ്ടു… ഗൗതമേട്ടനാണ്… ഞാൻ അരികിൽ പോയിരുന്നു….. തോളിൽ ചരിയിരിക്കുമ്പോൾ ഗൗതമേട്ടൻ എന്നെ ചേർത്തു പിടിച്ചിരുന്നു….

താമരപ്പൊയ്കയിലെ ജലത്തിൽ ഒരു കുഞ്ഞു താമരമൊട്ട് മാത്രം ഉയർന്നു നിന്നു…. ഞങ്ങൾ നോക്കിയിരിക്കെ താമരമൊട്ടിൻ്റെ ഇതളുകൾ ഓരോന്നായി വിടർന്നു… മുഴുവൻ വിരിഞ്ഞ് അതിൽ നിന്നും പ്രകാശം ഉയർന്നു വന്നു… കുഞ്ഞു ദേവിയുടെ രൂപം അന്തരീക്ഷത്തിൽ തെളിഞ്ഞു…. പൂക്കൾ കൊണ്ട് അവരെ അനുഗ്രഹിച്ച ശേഷം അന്തരീക്ഷത്തിൽ മാഞ്ഞു പോയി…. അവർ രണ്ടു പേരുടെയും മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു… “എന്തൊക്കെ തടസങ്ങൾ വന്നാലും കുഞ്ഞു ദേവിയിൽ ഞാൻ വിശ്വസിച്ചിരുന്നു.. നിന്നെയെനിക്ക് തരുമെന്ന്.. “.. ഇന്ന് അങ്ങോട്ടേക്ക് വരണമെന്ന് എന്ന് മനസ്സിൽ തോന്നിച്ചതാണ്….

ഞാൻ വരുമ്പോൾ നീ ആ ഗുണ്ടയുടെ അടുക്കൽ നിന്നും ഓടിപ്പോകുന്നത് കണ്ടു… നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവൻ ആരാന്നറിയാൻ വേഗം വന്നപ്പോഴേക്ക് ആ രൂപം അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങി മാഞ്ഞു പോയിരുന്നു… ഞാൻ അടുത്ത് ചെന്നു നോക്കുമ്പോൾ താമര പൂവിതളുകൾ പൊഴിഞ്ഞു കിടന്നിരുന്നു. .. അതും കുഞ്ഞു ദേവിയുടെ കുസൃതിയായിരുന്നു… നമ്മളെ ഒന്നിപ്പിക്കാനായി ” എന്ന് ഗൗതമേട്ടൻ എൻ്റെ നെറുകയിൽ മുത്തമിട്ട് പറയുമ്പോൾ മിഴി കോണിൽ നനവ് പടർന്നിരുന്നു…. വിവാഹ ഒരുക്കങ്ങൾ തുടങ്ങി… ഉണ്ണി വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി വന്നു….

ഉണ്ണിയും നിളയും വിവാഹത്തിന് മുൻപിൽ തന്നെ നിന്നു…. ഗൗതം ഉത്തരയുടെ കഴുത്തിൽ താലിചാർത്തുമ്പോൾ കുഞ്ഞു ദേവി താമര പൊയ്കയിൽ ആനന്ദനൃത്തo ചെയ്തു…. കാവിലെ വെള്ളി നാഗവും അവരെ അനുഗ്രഹിച്ചു…. വിവാഹം കഴിഞ്ഞ് തറവാട്ടിലേക്ക് വരുമ്പോൾ കുഞ്ഞു ദേവി മഴ പെയ്യിച്ചു…. മഴ നനഞ്ഞ് തറവാട്ടിലേക്ക് ഓടികയറുമ്പോൾ ഗൗതമിൻ്റെ കൈകൾ അവളുടെ കൈ മുറുകെ പിടിച്ചിരുന്നു…. നിലവറയിലെ വിളക്കിന് മുൻപിൽ തൊഴുകൈകളോടെ നിൽക്കുമ്പോൾ ഈ ജന്മം ഗൗതമേട്ടനെ നല്ല പതിയായി തന്നതിന് കുഞ്ഞു ദേവിയോട് ഒരായിരം നന്ദി പറഞ്ഞു..

ഈയൊരു ദിവസം തറവാട് ഞങ്ങൾക്ക് മാത്രമായി തരാൻ വേണ്ടി എല്ലാരും കാർത്തികദീപം തറവാട്ടിലേക്ക് പോയിരുന്നു…. രാത്രിയിൽ ആ നെഞ്ചിൽ തല വച്ച് കിടക്കുമ്പോൾ എൻ്റെ പ്രണയത്തെ സ്വീകരിക്കാൻ മനസ്സൊരുങ്ങി കഴിഞ്ഞിരുന്നു….. “നമ്മൾ ഒരുമിക്കേണ്ടത് ഇവിടെ വച്ചല്ല…. ” എന്ന് പറഞ്ഞ് എന്നെയും എടുത്ത് കുളത്തിലേക്ക് മുങ്ങിയപ്പോൾ കണ്ണുകൾ മുറുകെ അടച്ചു.. കുളത്തിനിടയിലെ പാതയിലൂടെ താമര പൊയ്കയിലേക്ക് ഉയർന്നു പൊങ്ങുമ്പോൾ മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിച്ചു തുടങ്ങിയിരുന്നു…. പ്രകൃതി അവർക്കായി പൂക്കൾ കൊണ്ടുമെത്ത ഒരുക്കി… മഴയുടെ തണുപ്പിൽ അവർ ഒന്നായി…. ❤❤

വർഷങ്ങൾക്ക് ശേഷം യശസ്സ് തറവാട്ടിൽ നിലവറയിലെ കുഞ്ഞുദേവിയുടെ പ്രതിഷ്ഠയുടെ പന്ത്രണ്ടാം വർഷം ആഘോഷമാക്കാൻ തീരുമാനിച്ചു… തറവാട്ടിൽ എല്ലാവരും വൈകുന്നേരം ഒത്തുകൂടി…. തറവാട് കൊച്ചുമക്കളുടെ മക്കളുടെ കളിച്ചിരിയിൽ സന്തോഷഭരിതമായി… ഉത്തരയ്ക്കും ഗൗതമിനുo രണ്ടു മക്കൾ… വൈഷ്ണവും സിദ്ധയും…. ഉണ്ണിക്കും നിളയ്ക്കും ഒരു മകൻ.. ദേവ്.. മാധവിൻ്റെയും വിവാഹം കഴിഞ്ഞു കുടുംബമായി…. മീര വിവാഹം കഴിഞ്ഞു കുടുംബസ്ഥയായി…

കിരണിൻ്റെ അവസ്ഥയിൽ മാറ്റം വന്നു… നിവേദ ഡോക്ടറായ തൻ്റെ ഭർത്താവിൻ്റെ സഹായത്താൽ അവനെ വീൽചെയറിൽ പിടിച്ചിരുത്തുമ്പോൾ കിരണിൻ്റെ മിഴികളിൽ പശ്ചാതാപത്തിൻ്റെ കണ്ണീർ നിറഞ്ഞിരുന്നു… മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും മനസ്സ് നിറഞ്ഞു…. പൂജകൾ കഴിഞ്ഞ ത്രിസന്ധ്യയിൽ യശ്ശസ്സ് തറവാട് ദീപങ്ങൾകൊണ്ട് നിറഞ്ഞു… ഉത്സാഹാഹത്തോടെ ദീപo തെളിയിക്കുന്ന വൈഷ്ണവിനേയും സിദ്ധയേയും ദേവ് കുസൃതിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. രാവേറെ ആയിട്ടും ഉത്തരയ്ക്ക് ഉറക്കം വന്നതേയില്ല… പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ മനസ്സിലിന്നും മായാതെ തെളിഞ്ഞു കിടപ്പുണ്ട്….

ഉറക്കം വരാതെ തറവാട്ടു മുറ്റത്തേക്ക് ഇറങ്ങി നടക്കുമ്പോൾ ഗൗതമും ഒപ്പം കൂടി…. വാസനയുള്ള പൂന്തോട്ടത്തിൽ കൂടി അവരിരു പേരും കൈകോർത്ത് പിടിച്ചു നടന്നു… തിങ്ങി നിൽക്കുന്ന പിച്ചിയും മുല്ലയും നന്ത്യാർവട്ടവും ചാറ്റൽ മഴയോടൊപ്പം അവരുടെ മേലെ പൂക്കൾ വർഷിച്ചു….കുഞ്ഞു ദേവിയുടെ സുരക്ഷാവലo അവർക്ക് ചുറ്റുമുണ്ടായിരുന്നു…. ” ഇങ്ങനെയൊരു മഴ ദിവസമാണ് കുഞ്ഞു ദേവി നിന്നെ എൻ്റെ കൺമുൻപിൽ കാണിച്ചു തന്നത് “ഗൗതമേട്ടൻ പറയുമ്പോൾ മുല്ലവള്ളിയുടെ ചുവട്ടിൽ ആ തോളിൽ തല ചായ്ച്ചിരുന്നു… “അതെ എൻ്റെ പ്രണയം മഴയോടും മഴയെ ഇഷ്ടപ്പെടുന്ന എൻ്റെ പ്രാണനോടും ” എന്നു പറഞ്ഞു ഗൗതമേട്ടൻ്റെ കവിളിൽ അധരങ്ങൾ പതിപ്പിക്കുമ്പോൾ നിശാഗന്ധി പൂക്കൾ വിടർന്ന് സുഗന്ധം പരത്തുന്നുണ്ടായിരുന്നു….. അവർ പ്രണയിക്കട്ടെ അല്ലേ☺…. അവസാനിച്ചു

മഴയേ : ഭാഗം 36

Share this story