ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 2

Share with your friends

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

കവിളിലേക്ക് വീണ ആ ചെമ്പക ഗന്ധം നിറഞ്ഞ മഞ്ഞുതുള്ളി ചൂണ്ടുവിരലാൽ തുടച്ചു മാറ്റി കൊണ്ടു അവനൊന്നു മുകളിലേക്കു നോക്കി… കുട വിരിച്ചു നിൽക്കുന്ന ചെമ്പക മരങ്ങൾ… നട്ടുച്ചക്ക് പോലും ഒരു തരി സൂര്യ അംശുവിനു നിലം തൊടാൻ അനുമതി നൽകില്ലെന്നു നിർബന്ധം പിടിച്ചു നിൽക്കും പോലെ വരി വരിയായി നിൽക്കുന്ന നാലഞ്ചു ചെമ്പക മരങ്ങൾ… ഞെട്ടറ്റു വീണ ചെമ്പകപ്പൂക്കളിൽ ഒന്നിനെ കുനിഞ്ഞു എടുത്തു വാസനിച്ചു കൊണ്ടവൻ മുന്നിൽ നിൽക്കുന്ന ആളുകളെ നോക്കി പുഞ്ചിരിച്ചു.. ഐശ്വര്യത്തിന്റെ നിറകുടം പോലെ ഒരു മുത്തശ്ശി… പഞ്ഞിക്കെട്ടു പോലെയുള്ള വെളുത്ത തലമുടി…

കാതിലെ ചുവന്ന കല്ലിന്റെ തോടക്കമ്മലിൽ അവന്റെ കണ്ണ് ഉടക്കി നിന്നു… കറുത്ത കരയുടെ മുണ്ടും നേര്യതും ചുറ്റിയിട്ടുണ്ട്… “ഇതാണ് ഞാൻ പറഞ്ഞത് ആള്.. തിരുമുല്ലക്കാവ് റൂറൽ ആശുപത്രിയിൽ പുതുതായിട്ട് വന്ന ഡോക്ടറാ… “രവിയേട്ടൻ പറഞ്ഞു… “എന്നാൽ മോളെ താക്കോൽ ഇങ്ങ് തന്നേക്ക് … ” “അല്ലെങ്കിൽ ഇപ്പൊ വേണ്ട രവിയേട്ട… ഇന്ന് കൊണ്ടു വരുമെന്നൊന്നും ഏട്ടൻ പറഞ്ഞിരുന്നില്ലല്ലോ.. ഞാൻ അത് വൃത്തിയാക്കി ഇട്ടിട്ടൊന്നുമില്ല… ഒക്കെ പൊടിയും മാറാലയും പിടിച്ചു കിടക്കുകയാവും…തന്നെയുമല്ല അച്ഛന്റെ കുറച്ചു സാധനങ്ങൾ ഉണ്ടതിൽ… അത് നഷ്ടപ്പെടുത്താൻ പറ്റില്ല…

അത്‌ കൊണ്ടു ഇപ്പൊ താക്കോൽ തന്നാൽ ശരിയാവില്ല… ഞാനും കൂടി ഉള്ളപ്പോഴേ പറ്റൂ… ഡോക്ടർ ഏതായാലും ആശുപത്രീന്ന് വൈകിട്ടല്ലേ എത്തൂ… അപ്പോഴേക്കും വൃത്തിയാക്കിയിടാം.. എനിക്കിപ്പോ പോകാൻ സമയമായി… ഡോക്ടറുടെ ബാഗൊക്കെ വേണേൽ ഇറയത്തേക്ക് വെച്ചേക്കൂ…. “അവൾ തിരിഞ്ഞു പോകാനൊരുങ്ങി… ഇന്നേരമത്രയും ഗൗരിയുടെ മുഖത്തായി രുന്നു നവിയുടെ കണ്ണുകൾ….അവൻ ആശ്ചര്യത്തോടെ നോക്കുകയായിരുന്നു അവളെ.. ഇതെന്താ വെണ്ണക്കൽ ശില്പമോ.. ചമയങ്ങളും ചായങ്ങളും ആഭരണങ്ങളും ഒന്നുമില്ലാതെ മഞ്ഞു പോലെ ഒരു പെൺകുട്ടി…

പക്ഷെ മുഖത്ത് പേരിനു പോലും ഒരു ചിരിയില്ല… കാതിലെ മൊട്ടു കമ്മലും കഴുത്തിൽ പറ്റി ചേർന്ന് കിടക്കുന്ന ഈർക്കിൽ മാലയും ആകെയുള്ള ആഭരണം.. ഒഴിഞ്ഞ കൈത്തണ്ടയും പണ്ടെങ്ങോ മൂക്കുത്തിയിട്ടിരുന്നു എന്ന് തോന്നിപ്പിക്കുന്ന ആ വെളുത്ത നീണ്ട മൂക്കിലെ പാടും… കരിവയലറ്റ് നിറത്തിലെ ദാവണിയും…. കുളികഴിഞ്ഞു തോർത്ത്‌ ചുറ്റി കെട്ടി വെച്ചിരിക്കുന്ന കേശഭാരവും… നെറ്റി തടത്തിലെ വിയർപ്പു തുള്ളി പൊടിഞ്ഞു വീണു മായാൻ വെമ്പി നിൽക്കുന്ന ഭസ്മക്കുറിയും…. ആദ്യമായാരുന്നു നവി ചായം തേക്കാത്ത മുഖവും ചുണ്ടുകളും ഉള്ള ഒരാളെ ഇത്രയടുത്ത് കാണുന്നത്…

സിറ്റിയിലെ ഹൈ ക്ലാസ് സോസൈറ്റിയിൽ ജനിച്ചു വളർന്നു icse സിലബസിൽ പഠിച്ചിറങ്ങി വിദേശത്തു MBBS MD സ്‌പെഷ്യലൈസെഷനൊക്കെ കഴിഞ്ഞെത്തിയ നവിക്ക് ഇതൊരു പുതുമയുള്ള കാഴ്ചയാരുന്നു… 💕മഞ്ഞിന്റെ നിറമുള്ള മഞ്ഞു പോലെ നനുത്ത ഒരു പെൺകുട്ടി… 💕 കരളിലെവിടോ ഒരു കുളിർമഞ്ഞു വീഴുന്ന സുഖം… ഒരു നറു പുഞ്ചിരിയോടെ അവളെ നോക്കിയപ്പോഴേക്കും വാതിൽപ്പടിയും കടന്നു ആള് അകത്തെത്തിയിരുന്നു… “എനിക്കൊന്നു കുളിക്കണമായിരുന്നു…” അവൻ മുത്തശ്ശിയെ നോക്കി പറഞ്ഞു… “ഞാനൊന്നു കുട്ടിയോട് ചോദിക്കട്ടെ ട്ടോ..”പറഞ്ഞ് കൊണ്ടു മുത്തശ്ശി പിന്നാമ്പുറത്തേക്ക് നടന്നു…

“ഓഹോ.. ഞാൻ കുളിക്കുന്ന കാര്യവും കുട്ടിയോട് ചോദിക്കണോ.. “അവൻ ചെറുതായി പറഞ്ഞ് കൊണ്ടു രവിയേട്ടനെ നോക്കി… “അവളാ ഇവിടുത്തെ കാര്യക്കാരി… ഇത്തിരി ഗൗരവക്കാരി ആണെന്നേയുള്ളു.. പാവമാ..ഗൗരി ” “മ്മ്.. ഗൗരി… പേര് പോലെ തന്നെ മുടിഞ്ഞ ജാഡയും ഗൗരവും.. “നവി മനസ്സിൽ പറഞ്ഞു.. തെക്ക് വശത്ത് കണ്ട പഴയ ഒരു ഓടിട്ട പുര നവിക്ക് കാട്ടി കൊടുത്തു കൊണ്ടു രവിയേട്ടൻ പറഞ്ഞു… “അതാ താമസ സ്ഥലം.. മാഷിന്റെ എഴുത്തുപുര ആയിരുന്നു.. നന്നായി എഴുതുന്ന ആളായിരുന്നു… എഴുത്തും വായനയുമൊക്കെയായി കൂടുതൽ നേരവും അതിന്റെ ഉള്ളിൽ തന്നെയാവും ആള്…

ഞാൻ പ്യൂൺ ആയ ഉസ്‌കൂളിലെ സംഗീത അദ്ധ്യാപകൻ ആയിരുന്നു… പെൻഷൻ പറ്റീട്ട് മൂന്നാണ്ട് മാത്രേ ആയുള്ളായിരുന്നു… അറ്റാക് ആയിരുന്നു… ആരും അറിഞ്ഞില്ല.. ഒരു കർക്കടക രാത്രിയിൽ എഴുത്തും വായനയും ഒക്കെയായി അവിടെ ഇരിക്കുകയായിരുന്നു.. എപ്പോഴും കട്ടൻ കുടിക്കുന്ന സ്വഭാവം ണ്ട്.. ഗൗരികുട്ടി ഒരു ഗ്ലാസ്സ് കട്ടനുമായി ചെല്ലുമ്പോഴേക്കും ബോധമില്ലാതെ കിടക്കുന്നു… ഇവിടെ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.. പിന്നെ വെറുതേ താലൂക്ക് ആശുപത്രി വരെ കൊണ്ടോയി നോക്കി… ഒരു ഫലവും ഉണ്ടായില്ല… മരിച്ചിട്ടിപ്പോ രണ്ടു വർഷമായി..

ഗൗരിക്കുട്ടിക്ക് ഒരു താല്പര്യോം ഇല്ലായിരുന്നു ഇത് വാടകക്ക് കൊടുക്കാൻ.. ഞാനും ഭാര്യയും കൂടി ഒത്തിരി നിർബന്ധിച്ചിട്ടാ… വാര്യത്തെ സ്ഥിതി ഇത്തിരി കഷ്ടത്തിലാണെ.. അവൾ ഒറ്റക്ക് കിടന്നു ഓടീട്ടാ എല്ലാം ഒന്നു കരക്ക് അടുക്കുന്നത്..അവളുടെ അമ്മയും ഉണ്ട് അകത്തു… വയ്യാത്തതാ.. ഇത്തിരി മാനസിക വിഭ്രാന്തിയുണ്ട്.. ഈ അമ്മമാരുടെ മരുന്നും ചെലവും.. പോരാത്തതിനു സഹകരണ ബാങ്കീന്നു എടുത്ത ലോണും… എല്ലാം കൂടി നെട്ടോട്ടം ഓടുകയാ ആ കുട്ടി…ഇതിപ്പോ ഒരു നിവർത്തിയും ഇല്ലാഞ്ഞിട്ടാ അവൾ അച്ഛന്റെ എഴുത്തുപുര വാടകയ്ക്ക് കൊടുക്കാൻ തുനിഞ്ഞത് “രവിയേട്ടൻ പറഞ്ഞ് നിർത്തി..

“വൈദ്യരെ.. ഇങ്ങട് വാ… ദാ ഇവിടാ കുളിപ്പുര പുറകു വശത്ത് നിന്നും മുത്തശ്ശി കൈകൊട്ടി വിളിക്കുന്നത് കണ്ടു നവിക്ക് ചിരി പൊട്ടി… ആ ചിരിയോടെ തന്നെ അവൻ രവിയേട്ടനെ നോക്കിയപ്പോൾ രവിയേട്ടനും ചിരിച്ചു.. “എന്നാൽ ഡോക്ടർ കുളിച്ചു നിൽക്…ഞാൻ ഉസ്‌കൂളിലേക് ഒന്നു വിളിക്കട്ടെ അല്പം താമസിച്ചേ വരൂന്ന്‌ പറയട്ടെ.. അല്ലെങ്കിൽ പിന്നെ ബെല്ലടിക്കാൻ താമസിചെന്നും പറഞ്ഞു ക്ലാസിൽ കയറില്ല ഈ നാട്ടിലെ കുട്ട്യോള്… ആദ്യം DMO ടെ ഓഫീസിൽ അല്ലേ പോകണ്ടേ… അവിടുന്ന് ഓർഡർ മേടിച്ചിട്ട് ആശുപത്രിയിൽ വന്ന്‌ ജോയിൻ ചെയ്യണം അല്ലേ… ” “മ്മ്… ” “DMO ടെ ഓഫീസ് ആ മലമുകളിലാ.. കയറ്റമാ…

വണ്ടീൽ ആണേലും ഇത്തിരി ബുദ്ധിമുട്ടും… ആശുപത്രി പിന്നെ താഴ്വാരത്താ… കുഴപ്പമില്ല… ഏതായാലും പരിചയമില്ലാത്ത സ്ഥലമല്ലേ.. ഡോക്ടർ ഒറ്റക്ക് പോകണ്ടാ… “രവിയേട്ടൻ നവിയുടെ തോളിലൊന്നു തട്ടിയിട്ട് വേലിക്ക് പുറത്തേക്കിറങ്ങി… നവി ബാഗുകൾ എടുത്ത് വരാന്തയിലേക്ക് വെച്ചു.. അതിൽ നിന്ന് ടർക്കിയും ഡ്രെസ്സും സോപ്പുമെടുത്ത് മുത്തശ്ശി നിൽക്കുന്നയിടത്തേക്ക് ചെന്നു.. കുറച്ചു ദൂരെയായി പഴകിയ കെട്ടിടം പോലെ ഒരിടം കണ്ടു… മുത്തശ്ശി ഒരു അലുമിനിയം ബക്കറ്റുമായി വന്നു കിണറ്റിൻ കരയിലേക്ക് വെച്ചു… “വൈദ്യര് വെള്ളം കോരിക്കോളുമോ.. അതോ ഞാൻ കോരി തരണോ.. ” ആ “വൈദ്യര്” വിളി വീണ്ടും നവിയിൽ ചിരിയുണർത്തി..

“ഞാൻ എടുത്തോളാം വെള്ളം.. “അവൻ കപ്പിയും തൊട്ടിയും കയ്യിലെടുത്തു… “വൈദ്യർക്ക് തരുന്ന താമസസ്ഥലത്ത് വേറൊരു കുളിപ്പുര ഉണ്ട് കേട്ടോ… ഇത്രടം വരണ്ടാ കുളിക്കാനും മറ്റും.. അതൊക്കെ ഗൗരിയിന്നു അടിച്ചു തുടച്ചിടും.. നാളെ മുതൽ ഉപയോഗിക്കാം… “നിഷ്കളങ്കമായ ആ സംസാരം നവി കൗതുകത്തോടെ കേട്ട് നിന്നു… …………………………………..❣️ ഓ.. ഇന്നും വൈകി… ഇന്നും ആ മാനേജരുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വരുമല്ലോ കൃഷ്ണാ… ഗൗരി വാച്ചിലേക്ക് നോക്കി കൊണ്ടു അകത്തേക്ക് കയറി… നാടൻ അച്ചാറിന്റെ പാക്കിങ് സെക്ഷനിൽ അക്കൗണ്ട് പണിയാണ് ഗൗരിക്ക്.. മേൽനോട്ടവും വേണം..

ഇല്ലെങ്കിൽ പെണ്ണുങ്ങൾ നാട്ടുകാര്യം പറഞ്ഞുകൊണ്ട് നിന്ന് പണി ഉഴപ്പും.. പാക്കിങ്ങിലെ പെണ്ണുങ്ങൾ എല്ലാം വന്ന്‌ പണി തുടങ്ങി കഴിഞ്ഞിരുന്നു.. ഗൗരി അവർക്കിടയിലേക്ക് ചെല്ലാൻ ആഞ്ഞപ്പോഴാണ് മാനേജർ മുരളിയേട്ടൻ മുന്നിൽ വന്ന്‌ നിന്നത്.. “അല്ല ഗൗരികുട്ടി ഇത് പതിവാക്കണ്ടാ ട്ടോ.. വാസുമാഷിനെ ഓർത്താ നിനക്ക് ഇവിടെ പണി തന്നത്.. പോരാത്തതിന് ഡിഗ്രി ഉള്ള കുട്ടിയും… എന്നെ പഠിപ്പിച്ച മാഷാ വാസു മാഷ്… അതുകൊണ്ട് മാത്രമാ പോട്ടെന്നു വെയ്ക്കുന്നെ… ” “ഇനി ശ്രേദ്ധിച്ചോളവും മുരളിയേട്ടാ.. “ഗൗരി താഴേക്കു നോക്കി പറഞ്ഞു… ……………………………❤️

ഈ സമയം DMO ഓഫീസിൽ റിപ്പോർട്ട് ചെയ്ത ശേഷം സഹദേവൻ ഡോക്ടറുടെ അടുത്തെത്തിയിരുന്നു നവി.. കയ്യിലിരുന്ന ഒഫീഷ്യൽ ലെറ്റർ അദ്ദേഹത്തിനെ കാണിച്ചു കൊണ്ടു അദ്ദേഹം പറഞ്ഞതനുസരിച്ച് അവിടെ കിടന്ന കസേരയിലേക്കിരുന്നു നവി.. “ആഹ്… ഡോക്ടർ നവനീത് ചന്ദ്രശേഖർ അല്ലേ… സോ ഗ്ലാഡ് ടു മീറ്റ് യു മാൻ.. “അദ്ദേഹം നവിക്ക് ഹസ്തദാനം നൽകി.. കുശലാന്വേഷണങ്ങൾക്ക് ശേഷം ബാക്കിയുള്ള സ്റ്റാഫുകളെ വിളിച്ച് പരിചയപ്പെടുത്തി… അധികം സ്റ്റാഫ് ഒന്നുമില്ല രണ്ടു അറ്റെന്റർമാരും മൂന്ന് നേഴ്‌സുമാരും.. പിന്നെയൊരു വിസിറ്റിങ് ഡോക്ടർ ഉണ്ട്.. ആഴ്ചയിൽ ഒന്നേ വരൂ…ഒരു ഗൈനോക്കോളോജിസ്റ്റ്… …………………🌷🌷🌷

വൈകിട്ട് അഞ്ചു മണിക്ക് ജോലിസ്ഥലത്തു നിന്നും ഇറങ്ങിയ ശേഷം ഗൗരി ആഞ്ഞു വലിച്ചു നടന്നു… ചെമ്മൺ പാതയുടെ ഓരത്തുകൂടി വേഗത്തിൽ നടന്നു വരുമ്പോഴാണ് തന്നെ കടന്നു നവിയുടെ ബുള്ളറ്റ് പാഞ്ഞുപോയത് അവൾ കണ്ടത്… വേഗം തന്നെ അടുത്ത് കണ്ട ഒരു വീടിന്റെ വശത്തോട്ടു കയറി പുറകിലേക്ക് നടന്നു അവൾ… നവിയും ശ്രേദ്ധിച്ചു അഴിച്ചിട്ട കാർകൂന്തലിൽ ഉണങ്ങി വാടിയ ചെമ്പകയിതളും തുളസിക്കതിരും കോർത്തുവെച്ച് നിറം മങ്ങിയ ഒരു ഇളം നീല സാരിയിൽ നടന്നു നീങ്ങിയ ആ പെൺകുട്ടിയെ… മിററിലൂടെ ഒന്നു സൂക്ഷിച്ചു നോക്കിയപ്പോഴേക്കും അവൾ ഒരു വീടിന്റെ വശത്തേക്ക് കയറി പോകുന്നത് കണ്ടു അവൻ… ആരാണെന്ന് നവിക്ക് മനസിലായില്ല…

നടന്നു കയറിയ വീടിന്റെ പിൻവശത്തു കൂടി മറ്റു രണ്ടു വീടുകളുടെ മുറ്റത്തു കൂടിയും കയറി വലിയ ഒരു പറമ്പ് വട്ടം കടന്നു തെങ്ങിൻ തടി പാലമായി വട്ടം വെച്ചിരുന്ന ചെറുതോട് മുറിച്ചു കടന്നു ഗൗരി വാര്യത്തിന്റെ പിന്നിലെത്തിയപ്പോൾ തന്നെ നവിയുടെ ബുള്ളറ്റും വാര്യത്തിന്റെ മുറ്റത്ത് വന്ന്‌ നിന്നു.. ഹെൽമറ്റ് ഊരി നവി നോക്കിയത് ഗൗരിയുടെ മുഖത്തേക്കാണ്… രാവിലെ കണ്ട കരി വയലറ്റ് ദാവണിയിൽ നിന്നു ഇളം നീല സാരിയിലേക്ക് മാറിയപ്പോൾ ഒരു വലിയ പെൺകുട്ടിയായ് തോന്നി ഗൗരിയെ അവന് …. നെറ്റിയിൽ ഒരു പൊട്ടില്ലാതെ.. നിറമുള്ള ഒരു വേഷമില്ലാതെ… ഒരു കുങ്കുമ കുറിയില്ലാതെ… ചാരനിറത്തിൽ നിറം മങ്ങിയ ഭസ്മക്കുറി മാത്രമായി…ഇത്തവണ ഒന്നുകൂടി അവൻ കണ്ടു.. നേർത്ത ഈർക്കിൽ മാലയിലെ ചെറിയ കൃഷ്ണന്റെ ലോക്കറ്റ്… മനസ്സിൽ വീണ്ടും മഞ്ഞു പെയ്യിച്ചു ആ മഞ്ഞു പോലെയുള്ള പെൺകുട്ടി അവനെ ….. 🌷🌷🌷🌷 കാത്തിരിക്കുമല്ലോ….. 🌷🌿🌷🌿🌷🌿 dk❣️ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 1

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!