ഒറ്റത്തുമ്പി: ഭാഗം 3

ഒറ്റത്തുമ്പി: ഭാഗം 3

എഴുത്തുകാരി: ആഷ ബിനിൽ

ആദ്യ ദിവസം തന്നെ മൂക്കട്ട മഹോത്സവം നടത്തിയ പ്രവിയും ഭവിയും ക്ലാസിൽ ഫേമസ് ആയി. കൂട്ടത്തിൽ ഞാനും. കൂടെ പഠിക്കുന്ന എല്ലാവരെയും പരിചയപ്പെട്ടു. ടീച്ചേഴ്സ് വന്ന് ഇൻഡക്ഷൻ തന്നിട്ട് പോയി. ക്ലാസൊക്കെ നാളെയെ തുടങ്ങൂ. ഉച്ചയ്ക്ക് പ്രവി ക്യാന്റീനിൽ നിന്ന് കഴിക്കാൻ പോകാമെന്ന് പറഞ്ഞെങ്കിലും ഞങ്ങൾ വിട്ടില്ല. ഹോസ്റ്റലിലെ ചോറും വൻപയർ തോരനും അച്ചാറും അവനെക്കൊണ്ടും തീറ്റിച്ചു. ഭവിക്ക് അവൻ വാരി കൊടുക്കുന്നത് കണ്ട എന്റെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു. അതുകണ്ട് അവൻ എനിക്കും ഒരു ഉരുള വാരി തന്നു. ഒപ്പം ഭവിയും. വയറിനെക്കാൾ മനസാണ് നിറഞ്ഞത്. സീനിയേഴ്സിനെ പേടിച്ചു വൈകിട്ട് വരെ ക്ലാസിൽ നിന്ന് ഇറങ്ങാതെ ഞങ്ങൾ കഴിച്ചുകൂട്ടി.

“നിങ്ങൾ ഇങ്ങനെ പേടിക്കാൻ തുടങ്ങിയാൽ എങ്ങനെയാ ജീവിക്കാൻ പറ്റുന്നത്..? ദേ എന്നെപോലെ എന്തു വന്നാലും നേരിടാനുള്ള ധൈര്യം വേണ്ടേ. വാ നമുക്ക് പുറത്തോട്ടൊക്കെ ഒന്ന് പോയി ഓരോ സുലൈമാൻ കുടിച്ചിട്ട് വരാം.” പ്രവി ആണ്. ഇവനിപ്പോൾ ഇത് രണ്ടുമൂന്ന് തവണ ആയി. സുലൈമാനി എന്നുപോലും പറയാൻ അറിയാത്തവൻ ആണ് ഇമ്മാതിരി തള്ള് തള്ളുന്നത്. “ആഹ്. ഞങ്ങൾക്ക് പേടിയുണ്ട്, സമ്മതിച്ചു. എന്നാൽ പേടി ഇല്ലാത്ത നീ പോയിട്ട് പോരെ” “ആഹ്. വൈ നോട്ട്..? ഞാൻ പോകുമെടി. ഞാൻ പോകും. ഗ്യാങ് ആയി വരുന്നവൻ ഗ്യാങ്സ്റ്റർ. ഞാൻ ഒറ്റയ്ക്കാണ് പോകുന്നത്. മോൺസ്റ്റർ…..”

അവസാനത്തെ മോൺസ്റ്ററിന്റെ കൂടെ ഒരു മൂന്ന് കിലോ വെയ്റ്റ് ഇടാനും അവൻ മറന്നില്ല. പട്ടാളം സിനിമയിൽ മിലിട്ടറി ക്യാമ്പിലേക്ക് ഒറ്റയ്ക്ക് പോകുന്ന മാമുക്കോയ ചേട്ടനെപ്പോലെ പോയവൻ മധുരരാജയിലെ മമ്മൂക്കയെപ്പോലെയാണ് തിരിച്ചു വന്നത്. ഒരു പത്തു ഇന്നോവയ്ക്ക് കയറാനുള്ള ആളുകൾ കൂടെയുണ്ട്. മുഴുവൻ സീനിയേഴ്സ്. “ഇപ്പോ ശരിക്കും ഗ്യാങ്സ്റ്റർ ആയല്ലോ..?” ഞാൻ പറഞ്ഞപ്പോൾ അവൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു. “എന്താ അവിടെ..?” കറക്റ്റ് ആയി ഞങ്ങൾക്ക് തന്നെ ആദ്യത്തെ നറുക്ക് വീണു. ഭവിയെ നോക്കിയപ്പോൾ അവൾ ഈ നട്ടുകാരിയേയല്ല എന്ന ഭാവം ആണ്. “ഹേയ്. ഒന്നും ഇല്ല ചേട്ടാ.

പടേണ്ട പാട്ട് ഏതാണെന് പ്ലാൻ ചെയ്യുകയായിരുന്നു” പ്രവി വിനയം വാരി വിതറിക്കൊണ്ടു പറഞ്ഞു. “എന്ത് പാട്ട്..?” അവർ ചോദിച്ചു. ആ സംശയം എനിക്കും ഉണ്ടായിരുന്നു. “അല്ല. സാധാരണ ഈ സീനുകളിൽ പാട്ട് പാടാൻ ആണല്ലോ പറയുന്നത്. അതാ” വീണ്ടും ആ അവിഞ്ഞ ചിരി. ഇവൻ പണി വാങ്ങി കൂട്ടും. “ആഹാ. കൊള്ളാലോ നീയ്. ഇങ്ങു വന്നേ. ചോദിക്കട്ടെ…” അവനെ ഒരു മൂലയ്ക്ക് കൊണ്ടുപോയി തിരിച്ചു നിർത്തി. അവർ നിർത്താൻ പറയുന്നത് വരെ പാട്ടു പാടാൻ ആവശ്യപ്പെട്ടു. അവൻ ആണെങ്കിൽ കാളരാഗം ആണെങ്കിലും നല്ല ആത്മവിശ്വാസത്തോടെ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ ആണ് പാടുന്നത്. ബാക്കി ഞങ്ങൾ എല്ലാവരെയും പരിചയപ്പെട്ടു. “എന്താ പേര്?”

“ശിഖ മേരി മാത്യൂസ്” ഞാൻ പറഞ്ഞു. “വീട് എവിടെയാ” “ഇടുക്കി” “ഇടുക്കിയിൽ എവിടെയാ” “കുഞ്ചിത്തണ്ണി” “അതെവിടെയാ?” “മൂന്നാർ അടുത്താണ്” “ആഹാ. മൂന്നാർ ഒക്കെ നല്ല തണുപ്പല്ലേ.” “അതേ” ഞാൻ പറഞ്ഞു. സാധാരണ ഒരാളെ പരിചയപ്പെടുമ്പോൾ പേരും വീടും മാത്രം മതി. പക്ഷെ ഈ ചോദിച്ച അഞ്ചു ചോദ്യങ്ങളും ഞാൻ ഒരാളെ പരിചയപ്പെടുമ്പോൾ സ്ഥിരമായി കേൾക്കുന്നതാണ്. ഇടുക്കിയിലെ സ്ഥലങ്ങൾ അറിയില്ലെങ്കിലും കേൾക്കുന്നവർ അത് ചോദിക്കും. അതുകൊണ്ട് മറുപടികളും റെഡിയാണ്. “നിനക്കും അവനെപ്പോലെ പാട്ട് പാടാൻ അറിയാമോ?”

“കുറച്ചൊക്കെ” ആ മറുപടി അവർ പ്രതീക്ഷിച്ചില്ല എന്നു തോന്നി. സാധാരണ ഈ ചോദ്യത്തിന് ഇല്ല എന്ന മറുപടി ആണല്ലോ ഉണ്ടാവുക. “എന്നാൽ ഒരു പാട്ട് പാട്” സത്യത്തിൽ ഞാൻ അതൊരു ആവേശത്തിന്റെ പുറത്തു കയറി പറഞ്ഞതായിരുന്നു. എനിക്കാകെ ക്ലാസിക്കൽ മ്യൂസിക് മാത്രമേ അറിയൂ. അതും ഡാൻസിന് പാടുന്നത്. അവസാനം രണ്ടും കല്പിച്ചു ഞാനൊരു ഗണപതി സ്തുതി പാടി. മോശമല്ലായിരുന്നു എന്നത് കേട്ടുനിന്നവരുടെ മുഖഭാവത്തിൽ നിന്ന് മനസിലായി. പ്രവിയെ നോക്കുമ്പോൾ ഇപ്പോഴും പാവങ്ങളുടെ വിജയ് യേശുദാസ് ആകാനുള്ള ശ്രമം ആണ്. വായിലെ വെള്ളം വറ്റിയിട്ടും നിർത്താൻ അവർ സമ്മതിച്ചിട്ടില്ല.

“ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാ അവസ്ഥ” സീറ്റിൽ വന്നിരിക്കുമ്പോൾ ഞങ്ങളെന്തെങ്കിലും പറയും മുൻപേ അവൻ പറഞ്ഞു. ഒരുവിധം അന്നത്തെ പരിപാടികളെല്ലാം അവസാനിപ്പിച്ചു ഹോസ്റ്റലിൽ എത്തി. ഓരോ ചായയും ബണ്ണും കിട്ടി. ഭവി അതും നോക്കി നേടുവീർപ്പെടുന്നത് കണ്ടു. എനിക്ക് പിന്നെ വീണിടം വിഷ്ണുലോകം ആണല്ലോ. അതും കഴിച്ചെഴുന്നേറ്റു. പിന്നീടുള്ള ഒരാഴ്ചയും ഈ രീതിയിൽ ഒക്കെ പോയി. പുട്ടിന് പീരപോലെ റാഗിങ് ഒക്കെ നടക്കുന്നുണ്ടായിരുന്നു. ഞാനിപ്പോ ഗണപതിസ്തുതിയിൽ എക്‌സ്പർട്ട് ആയി. ഭവിയുടെയും പ്രവിയുടെയും വീട് കൊല്ലത്ത് ആണ്.

അതുകൊണ്ട് അവർ വീക്കെൻഡിൽ നാട്ടിലേക്ക് പോകും. ഹോസ്റ്റലിൽ ആണെങ്കിൽ ഞായറാഴ്ച മാത്രമാണ് ഞങ്ങൾക്ക് പുറത്തു പോകാൻ അനുവാദം ഉള്ളത്. അവർ ഇല്ലാത്തത് കൊണ്ടും സ്വന്തം സാമ്പത്തിക സ്ഥിതിയെക്കുറിച്ചു നല്ല ബോധ്യം ഉള്ളതുകൊണ്ടും ഞാനെങ്ങും പോകാതെ റൂമിലിരിക്കും. സൺഡേ രാവിലെ മഠത്തിലെ ചാപ്പലിൽ കുർബാന കൂടി. തിരിച്ചിറങ്ങുമ്പോഴാണ് പരിചയമുള്ള ഒരു ശബ്ദം. ജോഷ്വാ ചേട്ടായി. ഒറ്റ നോട്ടത്തിൽ മനസിലാകില്ല. താടിയും മുടിയും ഒക്കെ വെട്ടി ക്ളീൻ ഷേവ് ചെയ്ത് നല്ല മിടുക്കൻ ആയിട്ടുണ്ട്. “ആഹാ. ചേട്ടായി അങ്ങു ചുള്ളൻ ആയി പോയല്ലോ. എന്നാ ഇവിടെ?” ചേട്ടായി ചിരിച്ചു. “ഞാനിവിടെ ടെക്‌നോപാർക്കിൽ ജോലിക്ക് കയറുവാ.

ഇവിടെ അടുത്താ താമസം. ക്ലാസൊക്കെ എങ്ങനെ പോകുന്നു?” “കുഴപ്പമില്ല.” ഞാൻ പറഞ്ഞു. പിന്നെ എന്തോ ഓർത്തുചോദിച്ചു: “നാട്ടിൽ തന്നെ നിൽക്കണം എന്നും പറഞ്ഞു നടന്നതല്ലേ ചേട്ടായി? എന്നിട്ടിപ്പോ എന്തു പറ്റി..???” “ഒരു ചേഞ്ച്‌ ആർക്കാ ഇഷ്ടം ഇല്ലാത്തത് തുമ്പീ..” ഞാൻ ഞെട്ടി ചേട്ടായിയെ നോക്കി. പെട്ടന്ന് തന്നെ ആളുടെ മുഖത്തെ ചിരി മാറി വിഷമം നിറഞ്ഞു. “സോറി ഞാൻ പെട്ടെന്ന് തന്റെ പപ്പാ വിളിക്കുന്നത് പോലെ…” ആ ഓർമയിൽ എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു തുടങ്ങി. ആൾക്കൊരു വിളറിയ ചിരി സമ്മാനിച്ചു ഹോസ്റ്റലിലേക്ക് നടന്നു.

ചേട്ടായി ഓടി വന്നേനെ മുന്നിൽ കയറി നിന്നു. “ശിഖ സോറി. ഞാൻ പെട്ടന്ന് ഒരു ഓർമയിൽ പറഞ്ഞതാ. താൻ പിണങ്ങി പോകുവാണോ?” മുട്ടത്തോട് പോലെ തെളിഞ്ഞ ആ മുഖം കണ്ടപ്പോൾ ദേഷ്യപ്പെടാൻ തോന്നിയില്ല. കുറച്ചുനേരം ചേട്ടായിയോട് സംസാരിച്ചു നിന്നു. മനസിലെ ഭാരമെല്ലാം ഇറങ്ങിയപോലെ തോന്നി. “ശിഖ പുറത്തോട്ടൊന്നും പോകാറില്ലേ..?” “ഹേയ്. ഇതുവരെ പോയിട്ടില്ല. എന്തേ..?” “ഒന്നുവില്ല. എനിക്കിവിടെ ഒക്കെ ഒന്ന് കറങ്ങണം എന്നുണ്ടായിരുന്നു. കൊച്ചും കൂടി ഉണ്ടെങ്കിൽ ഒരു കമ്പനി ആകൂലോ.

അതാ” എനിക്കെന്തോ വല്ലായ്ക തോന്നി. “അയ്യോ. ഞാൻ ഇല്ല ചേട്ടായി. പിന്നെ എപ്പോഴേക്കും പോകാം. നമ്മള് രണ്ടുപേരും ഇവിടെ തന്നെ ഉണ്ടല്ലോ. ഞാൻ പോട്ടെ. ഇല്ലെങ്കി അവിടെ ഉപ്പുമാവ് തീരും.” ചേട്ടായിക്ക് വിഷമമായി എന്നാ മുഖം കണ്ടപ്പോ തന്നെ മനസിലായി. “എന്നാ ശെരി ശിഖ പൊയ്ക്കോളൂ” ചേട്ടായി പറഞ്ഞു. തിരിഞ്ഞു നോക്കിയില്ലെങ്കിലും കണ്ണിൽ നിന്ന് മറയുന്നത് വരെ ആ നോട്ടം എന്നിലാണെന്ന് തോന്നി. ആ ഭാവം എനിക്ക് അപരിചിതമായിരുന്നു…. തുടരും..

ഒറ്റത്തുമ്പി: ഭാഗം 2

Share this story