സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 3

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ഇതൊക്കെ അവരുടെ പറമ്പാണോ.. കിച്ചു റോഡിനു എതിർവശമുള്ള നെൽപാടം ചൂണ്ടി ചോദിച്ചതും റോഡിലൂടെ ഒരു സ്കൂട്ടർ കടന്നുപോയി.. അതടുത്ത വീട്ടിലേയ്ക്ക് തിരിയുന്നതും അതിൽ നിന്നിറങ്ങിയ ആളെയും കണ്ട് കിച്ചുവിന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു….കിച്ചു മാത്രമല്ല വിമലും അവിടേയ്ക്ക് നോക്കി നിന്നുപോയി.. ഹെന്റെ ദേവിയെ… ഗോപാലേട്ടൻ ഭയന്നു അകത്തേയ്ക്കൊടുന്നത് കണ്ടതും കിച്ചുവും വിമലും പരസ്പരം നോക്കി… ആഹാ.. എത്തിയല്ലോ ഭദ്രകാളി.. നീയാരാടി ഗുണ്ടയോ നാട്ടിൽ മൊത്തംനാടന്നു അടിയിടാൻ.. അകത്തുനിന്ന് ഒരു ദാവണിക്കാരി പെണ്കുട്ടി ഇറങ്ങി വന്നു ചോദിച്ചു.. ആ .

ഗുണ്ടായിസം സൈഡ് കോഴ്‌സായിട്ട് ഞാൻ പഠിച്ചത് നീ അറിഞ്ഞില്ലായിരുന്നോ.. സ്കൂട്ടറിന് സൈഡിൽ ഉള്ള പെട്ടിയിൽ നിന്നും എന്തൊക്കെയോ സഞ്ചികൾ പുറത്തെടുത്തുകൊണ്ട് അവൾ പറഞ്ഞു.. ആരാ വിച്ചൂ.. ഗുണ്ട വന്നോ.. അകത്തുനിന്നും ക്ഷീണിച്ച ഒരു സ്വരം അവർ കേട്ടു.. ആ വന്നു.. അവൾ പുറത്തുനിന്നുച്ചതിൽ അലറി പറഞ്ഞു.. ദേ ഗുണ്ടേടെ അച്ഛനുള്ള വലിയരാസ്നാദി കഷായവും ദശമൂലാരിഷ്ട്ടവും ധന്വന്തരം കുഴമ്പും എല്ലാമുണ്ട്.. നിന്റെ മുടി പൊഴിച്ചിലിന് ആ കവറിൽ നീല അമരിയുടെ ഇലയും ഉണ്ട്.. ആ തെക്കേലെ തങ്കമണി സാറിന്റെ വീട്ടിൽ നിന്നാ.. ആ ആ കവറിൽ കുറച്ചു മുട്ടയും ഉണ്ട്..

അവൾ പറഞ്ഞു.. ഇതെന്താ മൈക്ക് സെറ്റോ… ചീവീട് പോലെ അലയ്ക്കുന്നത്.. കിച്ചു പിറുപിറുത്തു.. നല്ല ബെസ്റ്റ് കമ്പനി.. വിമൽ ആത്മഗതമായി കിച്ചുവിനെയും അവളെയും നോക്കി പറഞ്ഞു.. സാറേ.. പയ്യെ നേർത്ത സ്വരത്തോടെ അവരുടെ പുറകിൽ അവൾക്ക് കാണാൻ പറ്റാത്ത തരത്തിൽ നിന്നുകൊണ്ട് ഗോപാലൻ ബ്രോക്കർ വിളിച്ചു.. താനെന്തിനാ അകത്തോട്ട് ഓടിയത്.. കിച്ചു ചോദിച്ചു.. എന്റെ പൊന്നു സാറേ ആ നിൽക്കുന്ന മൊതലിനെ കണ്ടോ.. ഗോപാലൻ ബ്രോക്കർ ചോദിച്ചു.. മ്മ്.. ആ പെണ്ണോ.. കിച്ചു ചോദിച്ചു.. ആ അതുതന്നെ.. ഭദ്ര… ഞാനതിന്റെ കയ്യീന്ന് കുറച്ചു കാശു വാങ്ങിയിട്ടുണ്ട്…

കണ്ടാൽ അവൾ ശെരിയാക്കും.. അതാ മുങ്ങിയത്.. ഒരു വല്ലാത്ത ജന്മമാ സാറേ.. ഇവിടെ പണിതവർക്ക് കൊടുക്കാനുള്ള കൂലി തന്നിരുന്നേൽ ഞാനങ്ങോട്ട്.. അയാൾ തല ചൊറിഞ്ഞു. മ്മ്.. കിച്ചു അവളെ നോക്കി.. എന്തിനാടി മുട്ട.. ഇവിടെ കോഴി ഉള്ളത്തിന്റെ മുട്ട പോരാഞ്ഞിട്ടാണോ എവിടുന്നേലും വാങ്ങിക്കൊണ്ട് വന്നത്.. അകത്തു നിന്ന പെണ്കുട്ടി ചോദിച്ചു.. എന്റെ പൊന്നു വിച്ചൂ.. എനിക്ക് വട്ടൊന്നും ഇല്ല.. ആ ദാസപ്പേട്ടൻ എന്റെ കയ്യിൽ നിന്ന് കോഴിയെ വാങ്ങാനെന്നും പറഞ്ഞു അങ്ങേര് വാങ്ങിയത് രൂപ 7500.. വർഷം രണ്ടായി. പലിശ കൂടെ കൂടി ഇപ്പൊ പത്തു പന്തീരായിരം ആയി.. 3 മാസമായി പലിശയും ഇല്ല മുതലും ഇല്ല.. ഇന്നവിടെ ചെന്നപ്പോ അയാൾ വേറെ കോഴിയെ വാങ്ങിയിരിക്കുന്നു.

ഞാനവിടെ ഉണ്ടായിരുന്ന മുട്ട ഇങ്ങെടുത്തു.. ഒരാഴ്ചത്തെ സമയം കൊടുത്തിട്ടുണ്ട് . അല്ലേൽ ആ കോഴിയും കൂടും ഇവിടെ മുറ്റത്ത് ഇരിക്കും.. അതും പറഞ്ഞു ബാക്കി സാധനങ്ങളുമായി അവൾ അകത്തേയ്ക്ക് പോയി.. എന്ത് ഐറ്റമാടാ അത്.. വിമൽ അത്ഭുതത്തോടെ ചോദിച്ചു.. ആ…. നീ വാ.. അതും.പറഞ്ഞു താത്പര്യമില്ലതെ കിച്ചു അകത്തേയ്ക്ക് പോയി.. വിമൽ ഒന്നൂടെ അവളെ നോക്കി.. പിന്നെ പുഞ്ചിരിയോടെ അകത്തേയ്ക്ക് പോയി.. ********** രാത്രി വീടിന്റെ മട്ടുപ്പാവിൽ നിന്നു പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു വിമലും കിച്ചുവും.. അവിടെ നിന്നാൽ എതിർ വശത്തുള്ള വീടിന്റെ മുകൾഭാഗം കാണാം.. എത്ര പെട്ടെന്നാ നമ്മുടെ ജീവിതം മാറി മറിയുന്നത്.. അല്ലെടാ.. കിച്ചു ചോദിച്ചു.. മ്മ്. വിമൽ മൂളി..

ഈ നാട് നാട്ടുകാര് . ഇതൊന്നും ജീവിതത്തിൽ ഒരിക്കൽ പോലും സ്വപ്നം കാണാത്ത ആളാ ഞാൻ.. കഴിഞ്ഞ ദിവസം അമ്മാവന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മനസ്സു മുഴുവൻ ശൂന്യത ആയിരുന്നു… എങ്ങോട്ട് പോകണം ആരോട് സഹായം ചോദിക്കണം.. ഒന്നും അറിയാത്ത അവസ്ഥ.. കിച്ചു പറഞ്ഞു.. ശെരിക്കും ദൈവത്തെപോലെയാ അങ്കിൾ വന്നത്… പിന്നെ അച്ഛന്റെ സ്നേഹവും…ഇന്നെനിക്ക് അമ്മയേം പെങ്ങളെയും കൊണ്ട് സുരക്ഷിതമായി നിൽക്കാൻ ഒരു പിടി മണ്ണ് ഉണ്ട്. ഈ വീടുണ്ട്… ഇവിടുന്ന് വേണം എനിക്ക് ഒന്നേന്ന് തുടങ്ങാൻ… ആദ്യം ഒരു ജോലി… അതും അടുത്തെവിടെ എങ്കിലും കിട്ടിയാൽ കൊള്ളാം..അല്ലെങ്കിൽ അമ്മയും ദേവുവും ഇവിടെ ഒറ്റയ്ക്കാകില്ലേ കിച്ചു പറഞ്ഞു..

ഇവിടെ അടുത്തു പൊള്ളാച്ചി.. പിന്നെ കോയിമ്പത്തൂർ.. അവിടെ ഏതെങ്കിലുംകമ്പനി കാണും. ഞാനും ശ്രമിക്കാം ഡാ.. വിമൽ പറഞ്ഞു.. മ്മ്.. തോല്പിച്ചവരുടെ ഒക്കെ മുന്നിൽ എനിക്ക് ജയിക്കണം… അങ്കിളിനോട് ഞാൻ ചിലത് പറഞ്ഞേൽപ്പിച്ചിട്ടുണ്ട്.. നീ കൂടി അങ്കിളിനെ ഒന്നു സഹായിക്കണം.. കിച്ചു പറഞ്ഞു.. ഓകെ ടാ..നാളെ രാവിലെ ഞാൻ പോകും. പിന്നെ ഇടയ്ക്കിടെ വരാം.. എന്താവിശ്യം ഉണ്ടേലും പറയണം.. കാർ ഇവിടെ കിടക്കട്ടെ. ഞാൻ ബസിനാ പോകുന്നത്.. വിമൽ പറഞ്ഞു.. കിച്ചു അവനെ ചേർത്തു പിടിച്ചു. നീയെനിക്ക് വല്ലാത്തൊരു ധൈര്യമാടാ… തളർന്നു പോകുമ്പോഴൊക്കെ ഊർജം തരുന്ന വല്ലാത്തൊരു ധൈര്യം കിച്ചു പറഞ്ഞു.. വിമൽ പതിയെ പുഞ്ചിരിച്ചു.. കിച്ചൂ… രാധിക വിളിച്ചു..

എന്താ അമ്മേ രാത്രി കഴിക്കേണ്ടേ.. രാധിക ചോദിച്ചു.. മ്മ്. വാ കഴിക്കാം. വന്നതിനു ശേഷം ടൗണിൽ പോയി അത്യാവിശം കുറച്ചു പാത്രങ്ങളൊക്കെ വാങ്ങി വന്നിരുന്നു.. ദേവു പുതിയ വീടുമായി ഇണങ്ങാൻ താമസിക്കും എന്നറിഞ്ഞുകൊണ്ട് വിമൽ അവൾക്കായി കുറച്ചു പാവകളും മറ്റും വാങ്ങി..അവൾ അതുമായി മുറിയിലാണ്.. പുറകിലെ പറമ്പിൽ നിന്നും രാധിക അത്യാവിശം വിറകൊക്കെ ശേഖരിച്ചിരുന്നു. വീട്ടാവശ്യത്തിനുള്ള അരിയും പഞ്ചസാരയും ഉപ്പും മറ്റും അവർ അടുത്തുള്ള കടയിൽ നിന്നും വാങ്ങി.. കഞ്ഞിയാ.. പാത്രത്തിലേക്ക് കഞ്ഞി പകർന്നുകൊണ്ട് രാധിക പറഞ്ഞു.. ‘ആന്റി വിളമ്പെന്നെ.. കഞ്ഞിയല്ലേ.. വിഷമൊന്നും അല്ലല്ലോ.. വിമൽ പുഞ്ചിരിയോടെ പറഞ്ഞു..

ദേവു കഞ്ഞിയിൽ പയറു തോരൻ ഇട്ട് ഇളക്കി കളിക്കുകയായിരുന്നു.. ദേവൂട്ടി.. ദേ ‘അമ്മ കോരി തരട്ടെ.. രാധിക ചോദിച്ചു.. അവൾ രാധികയെ നോക്കി.. വീട്ടി പോകാം.. അവൾ കൊഞ്ചലോടെ പറഞ്ഞു.. ഇതാ നമ്മടെ വീട്.. വല്യ വീടല്ലേ.. രാധിക പറഞ്ഞു.. മ്മ്..ഹും..മറ്റേ വീടാ നല്ലേ.. അവൾ പറഞ്ഞു.. കിച്ചു അവളെ നോക്കി.. നല്ല കുട്ടിയായി ഇവിടെ നിന്നാൽ നമുക്ക് വീട്ടിൽ പോകാം.. ഇല്ലെങ്കിൽ ഇനി പോകില്ല.. കിച്ചു പറഞ്ഞു.. ആണോ അമ്മേ.. അവൾ രാധികയെ നോക്കി.. മ്മ്… മോള് ആഹാരം കഴിക്ക്.. രാധിക പറഞ്ഞു.. കഴിച്ചാൽ വീട്ടി കൊണ്ടുവോ.. അവൾ ചോദിച്ചു.. മ്മ്.. ഏട്ടൻ കൊണ്ടുപോകാം.. കിച്ചു പറഞ്ഞു.. അവൾ വായ തുറന്നു പിടിച്ചു.. രാധികയുടെ കണ്ണു നിറഞ്ഞു.. കിച്ചുവിന്റെയും..

പുറമെ പുഞ്ചിരിച്ചുവെങ്കിലും തന്റെ മനസ്സു നുറുങ്ങുന്ന വേദന വിമലും അറിയുന്നുണ്ടായിരുന്നു.. ഇനി ചിന്നൂനും.. അവൾ ടെഡിയെ രാധികയ്ക്ക് നേരെ നീട്ടി.. ചിന്നൂന് ‘അമ്മ കഴിക്കുമ്പോൾ കൊടുക്കാം.. രാധിക പറഞ്ഞു.. ഇപ്പൊ.. അവൾ ചിണുങ്ങി.. രാധിക കഞ്ഞി ഇല്ലാതെ ഒരു സ്പൂണ് എടുത്തു പാവയുടെ ചുണ്ടിൽ മുട്ടിച്ചു.. അവൾ കൈകൊട്ടി ചിരിച്ചു.. കഴിപ്പു മതിയാക്കി നിറകണ്ണുകളോടെ കിച്ചു എഴുന്നേറ്റു നടന്നു.. ********** മുകളിൽ ഒരു മുറിയാണ് കിച്ചു എടുത്തത്.. മുകളിൽ തന്നെ മറ്റൊരു മുറി രാധികയും ദേവുവും എടുത്തു.. താഴത്തെ മുറിയിൽ കിടക്കാൻ ദേവു സമ്മതിക്കാഞ്ഞിട്ടാണ് അവർ മുകളിലേയ്ക്ക് മാറിയത്.. കിച്ചു മുറിയിലേയ്ക്ക് ചെന്നു..

മേശയുടെ പുറത്തായി എടുത്തു വെച്ചിരിക്കുന്ന പഴയ കുടുംബ ഫോട്ടോ എടുത്തു നോക്കി.. അവന്റെ മനസ്സു പിടഞ്ഞു.. വിമൽ ബാൽക്കണിയിൽ നിന്ന് ആരെയോ ഫോൺ വിളിക്കുകയാണ്.. അപ്പോഴാണ് തടി കൊണ്ട് നിർമിച്ച പഴയ ജനാല അവൻ കണ്ടത്.. കർട്ടൻ മാറ്റി അവൻ ജനാല തുറന്നു.. ഈ മനോഹര തീരത്തു തരുമോ.. ഇനിയൊരു ജന്മം കൂടി.. എനിക്കിനിയൊരു ജന്മം കൂടി.. മനോഹരമായ സംഗീതം അടുത്ത വീട്ടിലെ താഴത്തെ മുറിയിൽ നിന്നും ഒഴുകിയെത്തി.. അച്ഛാ..ആ പാട്ട റെക്കോര്ഡർ ഞാൻ തല്ലി പൊട്ടിക്കേണ്ടെങ്കിൽ ഓഫാക്കി വെച്ചേച്ചു കിടക്കാൻ നോക്കിക്കേ.. ഒച്ച കേട്ടത് വീടിന്റെ പുറകു ഭാഗത്തു നിന്നായത് കൊണ്ട് കിച്ചു അങ്ങോട്ടേക്ക് നോക്കി..

അവിടെ ഒരു തൊഴുത്ത് അവൻ കണ്ടു.. പശുവിന്റെ ചുവട്ടിൽ നിന്ന് കാടി പിടിച്ചു കൊടുക്കുന്ന ഭദ്രയെയും.. എന്റെ പയ്യേ ഇത് നീ കുടിച്ചു തീർക്കണുണ്ടോ .. അവൾ ക്ഷമ കെട്ട് ചോദിച്ചു..എന്റെ ഭദ്രേ നീയാ കാടി അവിടെ വെച്ചിട്ട് വന്നേ.. കഞ്ഞി ആറി.. വിച്ചുവിന്റെ ശബ്ദം കേട്ടു.. അപ്പോഴേയ്ക്കും താഴത്തെ മുറിയിൽ നിന്നും വന്നിരുന്ന സംഗീതം നിലച്ചിരുന്നു.. ആട്ടിന്കുട്ടികളുടെ കരച്ചിലിന്റെ ശബ്ദം ഉയരുന്നതിനൊപ്പം പട്ടികളുടെ ശൗര്യമേറിയ കുരയും അവൻ കേട്ടു.. അവൻ എത്തി വലിഞ്ഞു വീടിന്റെ മതിലിനരികിലേയ്ക്ക് നോക്കിയതും അവൾ അവിടേയ്ക്ക് വന്ന് എന്തോ ചെയ്തു.. 5,6 പട്ടികൾ പെട്ടെന്ന് ചാടി പുറത്തേക്കിറങ്ങി.. പട്ടിക്കൂട്.. അവൻ അത്ഭുതത്തോടെ പറഞ്ഞു.. വിച്ചൂ..

നീയിന്ന് ഇവാട്ട്യോൾക്ക് തെന കൊടുത്തില്ലേ.. ലൗ ബേർട്സിന്റെ കൂടിനടുത്തു ചെന്ന് അവൾ ഉറക്കെ ചോദിച്ചു.. ഇവൾക്ക് ഉറക്കവുമില്ലേ.. അവൻ കട്ടിലിലേക്ക് പോയി ഇരുന്നു.. അപ്പോഴേയ്ക്കും വിമലും വന്നു.. നീ കിടന്നില്ലേ.. വിമൽ ചോദിച്ചു.. ഓ.. ഉറക്കം വരുന്നില്ല.. അവൻ പറഞ്ഞു.. വിച്ചൂ ആ തോട്ടി ഇങ്ങെടുത്തേ.. താഴെ നിന്നും ഭദ്രയുടെ ശബ്ദം കേട്ടതും വിമൽ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി.. ഈ സാധനത്തിന് ഉറക്കവുമില്ലേ.. അവൻ പുഞ്ചിരിയോടെ ചോദിച്ചു . ഈ മുറിയിൽ കിടന്നാൽ ആ ജന്തൂന്റെ ചീവീട് പോലുള്ള ശബ്ദം കേട്ട് ഉറങ്ങാനും പറ്റുമെന്ന് തോന്നുന്നില്ല.. കിച്ചു ദേഷ്യത്തോടെ പറഞ്ഞു.. അല്ലേൽ തന്നെ മനുഷ്യന് ഭ്രാന്താ.. അവൻ പിറുപിറുത്തു..

അത് നിന്റെ ഫീമെയിൽ വേർഷനാ എന്നു തോന്നുന്നു.. വിമൽ പറഞ്ഞു.. എന്റേയോ.. ആ ജന്തുവോ.. കിച്ചു ദേഷ്യത്തോടെ ചോദിച്ചു.. പിന്നല്ലാതെ. മിണ്ടിയാൽ തട്ടിക്കേറും.. വിമൽ പറഞ്ഞു.. പിന്നെ.. അവളെപോലെ അല്ലെ ഞാൻ.. കണ്ടില്ലേ മനുഷ്യനെ ശല്യം ചെയ്യാൻ രാത്രിയിലും കറങ്ങി നടക്കുവാ.. കിച്ചു പറഞ്ഞു.. വിമൽ പുറത്തേയ്ക്ക് നോക്കി.. അവൾ മുറ്റത്ത് നിൽപ്പുണ്ട്. പട്ടികൾ കുരയ്ക്കുന്നുണ്ട്.. അതിന്റെ ശബ്ദം നല്ലതുപോലെ മുഴങ്ങി കേൾക്കാം.. ഇന്നത്തെ ഉറക്കം പോകുന്ന മട്ടാണല്ലോ.. വിമൽ പറഞ്ഞു.. മ്മ്. ന്റെ ഉറക്കം സ്ഥിരമായി പോകുന്ന കോളാ.. കിച്ചു പറഞ്ഞു.. വിമൽ ചിരിച്ചു.. വിച്ചൂ.. നീയാ ചരുവം ഇങ്ങെടുത്തേ…

ഭദ്രയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടതും കിച്ചു ദേഷ്യത്തിൽ ജനാല വലിച്ചടച്ചു. നാശം.. അതും പറഞ്ഞവൻ കിടക്കയിലേക്ക് വീണു.. വിമൽ ചിരിയോടെ അവനടുത്തു കിടന്നു.. കിടന്നിട്ടും മണിക്കൂറുകളോളം ഭദ്രയുടെ ശബ്ദം ഉയർന്നു കേട്ടു.. കിച്ചു പിറുപിറുത്തു കിടന്നെപ്പോഴോ മയങ്ങിപ്പോയി.. ********** താനൊക്കെ കൂടെ ഇവിടെ വന്ന് എന്നെ പേടിപ്പിക്കാൻ നോക്കല്ലേ.. ഭദ്ര അങ്ങനൊന്നും വിരളുന്ന ഇനമല്ല.. ദേഷ്യത്തിലുള്ള ഭദ്രയുടെ ശബ്ദം കേട്ടാണ് കിച്ചു കണ്ണു തുറന്നത്.. വിമൽ നല്ല ഉറക്കമാണ്.. അവൻ ദേഷ്യത്തിൽ എഴുന്നേറ്റ് ജനാല തുറന്നു.. കൂടുതൽ മൂപ്പിക്കല്ലേ.. ഭദ്ര ഇതൊന്നും കേട്ട് പേടിക്കില്ല… അവൾ നിന്നു ചീറുകയാണ്.. മുൻപിൽ ആരൊക്കെയോ രണ്ടുമൂന്നു പേര് നിൽപ്പുണ്ട് .

അവൻ സമയം നോക്കി.. 7 ആകുന്നതെയുള്ളൂ.. ഈ നാശത്തിനു ഒരു തൊഴിലും ഇല്ലേ.. അവൻ ദേഷ്യത്തിൽ പറഞ്ഞു.. എന്റെ കൊച്ചേ നീയൊന്നടങ്ങു… ഇന്നാട്ടിൽ നിനക്ക് മാത്രമല്ല ഞങ്ങൾക്കും ജീവിക്കണം.. ഞങ്ങളെപോലുള്ളവർ 10 തെങ്ങു കയറിയാണ് ജീവിക്കുന്നത്. ഇതിപ്പോ നീ അതിനും സമ്മതിക്കില്ല എന്നു പറഞ്ഞാലോ.. ഒരാൾ ചോദിച്ചു.. കിച്ചു അവളെ നോക്കി.. ആ. തന്റെയൊന്നും പറമ്പിലെ തെങ്ങിൽ കേറേണ്ടാ എന്ന് ഞാൻ പറഞ്ഞില്ലല്ലോ.. എന്റെ പറമ്പിലെ തെങ്ങിൽ കേറാൻ ആള് വേണ്ട.. ഭദ്ര പറഞ്ഞു.. നീ അങ്ങനിപ്പോ ഞങ്ങളെ തോൽപ്പിച്ചു ആളാവേണ്ട.. മറ്റൊരാൾ ദേഷ്യത്തിൽ പറഞ്ഞു.. വിച്ചു പുറകെ ഇറങ്ങി നിൽപ്പുണ്ട്. തോൽപ്പിച്ചു ആളാവാൻ പറ്റുമോന്നു ഭദ്രയൊന്നു നോക്കട്ടെ..

അവൾ വിടാൻ തീരുമാനമില്ല.. എന്റെ ഭദ്രേ നീ ഇങ്ങനെ തുടങ്ങിയാൽ… ശ്രീധരേട്ടാ.. വേണ്ട.. ഞാനിന്നാട്ടിൽ ഇത്തിരി ബഹുമാനം തരുന്ന ഒരാളാ നിങ്ങൾ.. ഞാനായിട്ട് അങ്ങോട്ട് പ്രശ്നത്തിന് വന്നതല്ലല്ലോ..ഈ നിൽക്കുന്ന രാജപ്പേട്ടനോട്‌ 2 അര മാസം മുന്നേ ഞാൻ പറഞ്ഞതാ വന്ന് തേങ്ങ ഇടാൻ.. ഇന്നീ നേരം പുലരണേന് മുന്നേ ഇങ്ങട് വന്ന് വഴക്കുണ്ടാക്കാൻ അറിയാമല്ലോ.. ഇത്രേം ദിവസായിട്ടും തേങ്ങ ഇടാൻ കണ്ടില്ല.. പിന്നെ ഞാനെന്തു വേണം.. അതുകൊണ്ടാ ടൗണിലെ കുടുംബശ്രീക്കാര് തെങ്ങു കേറാൻ പരിശീലനം കൊടുത്തപ്പോ ഞാനും പോയി ചേർന്നത്. ചുമ്മാതല്ല ദിവസോന്നിനു രൂപാ 150 കൊടുത്താ പഠിച്ചത്. മെഷീന്റെ കൂലി വേറെയും.. ഞാൻ ഇന്നലെ ന്റെ തെങ്ങിലെ തേങ്ങ ഇട്ടു..

അതിനിപ്പോ നിങ്ങൾക്കെന്താ.. അവൾ ചോദിച്ചു.. അവൾ കൂസാതെ ചോദിച്ചു.. കൂടുതൽ ഇവിടെ നിന്നു മൂപ്പിച്ചാൽ എന്റെ സ്വഭാവം മാറും.. പറഞ്ഞില്ലെന്ന് വേണ്ട. എനിക്ക് കറന്നു വെച്ച പാല് സൊസൈറ്റിയിൽ കൊടുക്കാനുള്ളതാ.. നിങ്ങള് പോണുണ്ടോ.. അവൾ ദാവണിതുമ്പ് എളിയിൽ കുത്തി ചോദിച്ചു.. ഇനിയിപ്പോ ഞാനെന്തു പറയാനാ.. ഭദ്ര പറഞ്ഞതിലും കാര്യമുണ്ട്.. തെറ്റ് രാജപ്പന്റെയാണ്.. ശ്രീധരൻ പറഞ്ഞു. അത്രേ ഞാനും പറഞ്ഞുള്ളു.. ഭദ്ര പറഞ്ഞു.. കിച്ചൂട്ടാ.. രാധികയുടെ വിളി കേട്ടതും ദേഷ്യത്തോടെ കിച്ചു താഴേയ്ക്കിറങ്ങി.. നീ എണീറ്റോ… രാധിക ചോദിച്ചു.. ഓ.. അപ്പുറത്തൊരുത്തി ഉണ്ടല്ലോ.. നാക്ക് കൊണ്ടുള്ള അലാറം കേൾപ്പിച്ചുണർത്തി..

അവൻ കലിയോടെ പറഞ്ഞു.. വിമലോ.. രാധിക ചോദിച്ചു.. അവൻ എണീറ്റില്ല.. കിച്ചു പറഞ്ഞു.. ‘അമ്മ എന്തിനാ ഞാൻ എണീറ്റോ എന്നറിയാനാണോ വിളിച്ചേ.. അവൻ ചോദിച്ചു.. അല്ല.. പാലൊന്നും ഇല്ല.. വിമലിന് കാലത്തെ ഒരിത്തിരി ചായയെങ്കിലും കൊടുക്കേണ്ടേ.. രാധിക ചോദിച്ചു.. മ്മ്.. ഞാൻ പോയി വാങ്ങി വരാം.. അവൻ പറഞ്ഞു.. അവൻ റൂമിൽ പോയി ഒരു ഷർട്ടും ഇട്ട് കാറിന്റെ കീയും എടുത്തിറങ്ങി.. പുറത്തേയ്ക്കിറങ്ങിയതുമൊരു ചെറുപ്പക്കാരൻ അകത്തേയ്ക്ക് വരുന്നത് അവൻ കണ്ടു.. കുളിച്ചു കുറി തൊട്ട് കാവി കൈലിയും ഷർട്ടും ഇട്ട ഒരാൾ.. കിച്ചു സംശയത്തോടെ അയാളെ നോക്കി..

പുതിയ താമസക്കാര് വന്നെന്ന് അമ്മാവൻ പറഞ്ഞു..ഞാൻ ജിഷ്ണു.. ദേ ഈ ഇടത് കാണുന്നതാ ന്റെ വീട്.. നിങ്ങൾക്ക് വീട് ശെരിയാക്കിത്തന്ന ബ്രോക്കർ ഗോപാലൻ എന്റെ അമ്മാവനാണ്.. ജിഷ്ണു നിറഞ്ഞ ചിരിയോടെ പറഞ്ഞു.. കിച്ചുവിന്റെ പുറകെ ഇറങ്ങിവന്ന രാധിക അവനെ നോക്കി പുഞ്ചിരിച്ചു.. കേറി ഇരിക്ക്.. കിച്ചു പറഞ്ഞു.. അയ്യോ.. കേറാൻ നേരമില്ല.. ഞാനിവിടുത്തെ ലോക്കൽ സ്റ്റേഷനിലെ സി ഐ ആണ്.. അവൻ പറഞ്ഞു. ആഹാ.. രാധിക പുഞ്ചിരിച്ചു.. അവൻ കിച്ചുവിനെ നോക്കി. അവൻ ഒന്നു പുഞ്ചിരിച്ചു.. ഞാൻ സൂര്യകിരൺ.. കിച്ചു എന്ന് വിളിക്കും..ഇത് എന്റെ അമ്മ രാധിക. അവൻ ജിഷ്ണുവിനെ നോക്കി കൈനീട്ടി..

ജിഷ്ണു ആ കയ്യിൽ പിടിച്ചു..തുടർന്ന് രാധികയെ നോക്കി പുഞ്ചിരിച്ചു.. എവിടെയാ ജോലി.. ജിഷ്ണു ചോദിച്ചു. തൽക്കാലം പറയാൻ ഒരു പണി ആയിട്ടില്ല.. ശ്രമിക്കുന്നുണ്ട്.. കിച്ചു പറഞ്ഞു.. ആഹ്..ഏത് വരെ പഠിച്ചു.. ജിഷ്ണു ചോദിച്ചു.. എം ബി എ.. അവൻ പറഞ്ഞു.. ആഹാ.. ജോലിക്ക് നോക്കുന്നുണ്ടെങ്കിൽ പറയ്.. എനിക്കറിയുന്ന ഒരു കമ്പനി ഉണ്ട്.. പൊള്ളാച്ചിയിൽ അതിന്റെ ഒരു ബ്രാഞ്ച് ഉണ്ട്.. വലിയ ജോലി ഒന്നും അല്ല.. അവിടുത്തേക്ക് ഒരു മാനേജറെ വേണം എന്ന് പറഞ്ഞിരുന്നു.. എന്റെ ഒരു കൂട്ടുകാരന്റെ അച്ഛന്റെ കമ്പനിയാണ്.. എന്റെ വേറൊരു കൂട്ടുകാരന് ജോലി അന്വേഷിച്ചപ്പോൾ അറിഞ്ഞതാ..അവന് ഗൾഫിലോട്ടുള്ള വിസ വന്നു.. അവിടെ ഇന്റർവ്യൂ അടുത്ത വ്യാഴാഴ്ചയാ..

താത്പര്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി.. ജിഷ്ണു പറഞ്ഞു. രാധിക പ്രതീക്ഷയോടെ അവനെ നോക്കി.. പിന്നെന്താ.. ഒരു ജോലിയാണ് അത്യാവിശം.. ചെറുതാണെങ്കിലും പ്രോബ്ലം ഇല്ല.. കിച്ചു സന്തോഷത്തോടെ പറഞ്ഞു.. എങ്കിൽ ഞാൻ പറയാം.. അവൻ പറഞ്ഞു.. കിച്ചു സന്തോഷത്തോടെ രാധികയെ നോക്കി.. അല്ല രാവിലെ എവിടേയ്ക്കെങ്കിലും പോകാനുള്ള ഇറക്കമാണോ.. കിച്ചുവിനെ നോക്കി അവൻ ചോദിച്ചു.. എനിക്ക് സൗകര്യമില്ല.. എനിക്കറിയാം എന്റെ പറമ്പിലെ കാര്യം നോക്കാൻ..താൻ പോടോ പെട്ടെന്ന് ഒരുപാട് ശബ്ദത്തിൽ ഭദ്രയുടെ ശബ്ദം ഉയർന്നു കേട്ടു.. ജിഷ്ണുവും രാധികയും കിച്ചുവും അവിടേയ്ക്ക് നോക്കി..

ഇതെന്തൊരു ശല്യമാ.. കിച്ചു പറഞ്ഞു.. രാധിക പേടിയോടെ അവന്റെ കയ്യിൽ പിടിച്ചു.. ഭദ്ര രാവിലെ ചൂടിലാണല്ലോ.. ജിഷ്ണു ചിരിയോടെ പറഞ്ഞു.. ഇത് സ്ഥിരമാണോ.. കിച്ചു ചോദിച്ചു.. പിന്നേ.. അവൾ എപ്പോഴും ഇങ്ങനെയാണ്.. ജിഷ്ണു ചിരിയോടെ പറഞ്ഞു.. നിങ്ങൾക്കൊക്കെ ഒന്നു പറഞ്ഞൂടെ.. മറ്റുള്ളവരുടെ സമാധാനം കളയാൻ.. കിച്ചു അരിശം കടിച്ചമർത്തി പറഞ്ഞു.. അതങ്ങനെ ആരും പറഞ്ഞാൽ കേൾക്കുന്ന ഇനമല്ല.. ഒരു പ്രത്യേക തരമാ.. അങ്ങോട്ടൊന്നിനും ചെല്ലാതിരുന്നാൽ പ്രശ്നമില്ല.. ജിഷ്ണു പറഞ്ഞു.. മ്മ്.. ഞനെന്നാൽ ഇത്തിരി പാല് വാങ്ങാം എന്ന് കരുതി ഇറങ്ങിയതാ..

പാല് കിട്ടാതെ ചായ ഇടാൻ വകുപ്പൊന്നുമില്ല.. കിച്ചു ചമ്മലോടെ പറഞ്ഞു.. ഹേയ്.. അത് സാരമില്ല.. പിന്നെ പാല് വാങ്ങാൻ ദൂരോട്ടൊന്നും പോകേണ്ട.. ഇവിടെ പാലുണ്ട്.. ഒരു 6,7 പശുവുണ്ട്.. ആടും കോഴിയും ഒക്കെ ഉണ്ട്.. ഇന്നാട്ടിൽ ഈ ഇടത്തൊക്കെ എല്ലാ വീട്ടിലും പാല് കൊടുക്കുന്നത് അവളാ.. സൊസൈറ്റിയിലും.. ജിഷ്ണു ഭദ്രയുടെ വീട് നോക്കി പറഞ്ഞു.. അത് വേണ്ട.. കിച്ചു പെട്ടെന്ന് പറഞ്ഞു.. ഇവിടെ വേറെ കട ഒന്നും ഇല്ലേ.. പാക്കറ്റ് പാൽ കിട്ടുന്നിടം.. കിച്ചു ചോദിച്ചു.. കട ഉണ്ട്.. അടുത്ത വളവിന്.. പക്ഷെ ഇപ്പൊ തുറക്കില്ല.. 9 9അര ആകും.. ജിഷ്ണു പറഞ്ഞു..

അതിപ്പോ രാവിലെ ഒരു ഗ്ലാസ് ചായ എടുക്കാൻ.. രാധിക അൽപ്പം പേടിയോടെ ചോദിച്ചു.. അതിന് പാടാ.. ഇതൊരു നാട്ടിൻപുറം അല്ലെ.. ഇവിടെ ആരും പാക്കറ്റ് പാലുപയോഗിക്കില്ല.. അവളെ നോക്കേണ്ട.. അവിടുത്തെ സാധനങ്ങൾ എല്ലാം നല്ലതാ.. തുള്ളി വെള്ളം ചേർക്കാത്ത അസ്സൽ പാലാ.. ജിഷ്ണു പറഞ്ഞു.. അതിപ്പോ ആ കുട്ടിയോട് ചോദിക്കുന്നത് എങ്ങനെയാ.. രാധിക മടിയോടെ ചോദിച്ചു.. അത് കാര്യമാക്കേണ്ട.. ഭദ്രയോട് ഇപ്പൊ ചോദിക്കേണ്ട.. പുറകിൽ വിച്ചു കാണും.. അവളോട് പറഞ്ഞാൽ മതി.. ജിഷ്ണു പറഞ്ഞു.. വിച്ചു.. രാധിക സംശയത്തോടെ ചോദിച്ചു.. ഭദ്രേടെ ചേച്ചിയാണ്.. വൈഷ്ണവി.. ഒരു മിണ്ടാപ്രാണി.. അധികം പുറത്തൊന്നും കാണില്ല.. ആ പെരേൽ എവിടേലും കാണും..

ജിഷ്ണു പറഞ്ഞു.. കിച്ചു നിസഹായമായി രാധികയെ നോക്കി.. അവരുടെ നിസ്സഹായ അവസ്ഥ കണ്ടതും കിച്ചു അയഞ്ഞു..അപ്പോഴേയ്ക്കും ബഹളം കഴിഞ്ഞു ഭദ്രയുടെ അടുത്തുനിന്നും എല്ലാവരും പോയിരുന്നു..അവൾ വലിയ അലൂമിനിയത്തിന്റെ ക്യാൻ എടുത്തു സ്കൂട്ടറിൽ വെച്ചു.. അല്ലെങ്കിൽ വേണ്ട.. ഭദ്ര ഇപ്പോൾ സൊസൈറ്റിയിൽ പോകും.. ഇന്ന് വൈകിയതാ.. ഞാൻ പറയാം.. ജിഷ്ണു മതിലിനരികിലേയ്ക്ക് ചെന്നു.. ഭദ്രേ.. ജിഷ്ണു ഉച്ചത്തിൽ വിളിച്ചു.. ഭദ്ര അപ്പോഴാണ് അവിടേയ്ക്ക് നോക്കിയത്.. അവൾ സ്കൂട്ടർ സ്റ്റാൻഡിൽ നിർത്തി അവിടേയ്ക്ക് വന്നു. എന്തേ.. അവൾ ചോദിച്ചു..

ഇതാ ഇവിടെ വന്ന പുതിയ താമസക്കാര്.. ഇവർക്ക് പാല് വേണം. ജിഷ്ണു പറഞ്ഞു.. ഇയാളല്ലേ ഇന്നലെ എന്നെ ചട്ടം പഠിപ്പിക്കാൻ വന്നത്.. ഇയാളാരാ ഉസ്കൂൾ മാഷാ.. ഭദ്ര കിച്ചുവിനെ കണ്ടതും ചോദിച്ചു.. അല്ല.. കിച്ചു പറഞ്ഞു.. മ്മ്.. എത്ര വേണം പാല്.. അവൾ ചോദിച്ചു.. അര ലിറ്റർ.. കിച്ചു പറഞ്ഞു.. വിച്ചൂ ഒരു ഇരുന്നാഴി പാല് ദേ ഇപ്പറത്തോട്ട് കൊടുത്തേരെ.. ഭദ്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.. കിച്ചു ദേഷ്യത്തിൽ ചെവി പൊത്തി.. ഞാൻ പോട്ടെ.. സോസൈറ്റിയിൽ പോകാനുള്ള സമയം കഴിഞ്ഞു.. വേറൊന്നും.ഇല്ലല്ലോ.. ഭദ്ര ജിഷ്ണുവിനോട് ചോദിച്ചു..

ഇല്ല.. അവൻ പറഞ്ഞു.. മ്മ്.. കിച്ചുവിനെ നോക്കി ചെറഞ്ഞൊന്നു മൂളിയിട്ട് അവൾ തിരിച്ചു നടന്നു.. ആ പോക്ക് നോക്കി നിന്ന കിച്ചുവിന്റെ ഞരമ്പുകൾ ദേഷ്യത്താൽ പിടയ്ക്കുന്നത് രാധിക കാണുന്നുണ്ടായിരുന്നു.. ഒരു പ്രശ്നവും ഉണ്ടാകരുതെ എന്നവർ അറിയാവുന്ന ഈശ്വരന്മാരെ മുഴുവൻ വിളിച്ചു പ്രാർത്ഥിച്ചു..അത് ഫലം കണ്ടെന്നോണം കിച്ചു ജിഷ്ണുവിനെ വിളിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു.. രാധിക ഈശ്വരന്മാർക്ക് നന്ദി പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കും…. തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 2

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!