ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 2

Share with your friends

എഴുത്തുകാരി: ജീന ജാനഗി

അവർ പതിയെ പറഞ്ഞു തുടങ്ങി…. “വിവാഹം കഴിഞ്ഞും ഏറെ നാൾ കഴിഞ്ഞിട്ടായിരുന്നു നിന്റെ ജനനം. അമാവാസിനാളിൽ ആയില്യം നക്ഷത്രത്തിൽ അർദ്ധരാത്രി പന്ത്രണ്ട് മണിക്കാണ് നീ ജനിച്ചത്. നിർത്താതെ പെയ്ത മഴയും കൊടുങ്കാറ്റും. നിന്റെ ജനനത്തോടെ ശിവമല്ലിക്കാവിലെ നാഗയക്ഷിയമ്മയുടെ ശക്തിക്ക് ക്ഷയം സംഭവിച്ചു. അന്ന് മുതൽ നിനക്ക് വേണ്ടി ഞാനും നിന്റെ അച്ഛനും പരദേവതയ്ക് മുൻപിൽ നിത്യവും പൂജകൾ നടത്തി. പലതരത്തിലും നിന്റെ ജീവന് ഭീഷണികൾ നേരിടേണ്ടി വന്നു. അങ്ങനെയാണ് വല്യത്താൻ നിന്റെ ഗ്രഹനില നോക്കിയത്. നീ തറവാടിൽ സുരക്ഷിതനല്ല ,

നിന്റെ ഇരുപത്തി മൂന്നാം വയസ് വരെ കൺകാണാതിടം പാർക്കണം. അതിന്റെ പിറ്റേന്നാണ് നിന്റെ അച്ഛനും ഞാനും ഇങ്ങോട്ട് വന്നത്. അതിനു ശേഷം വല്ലപ്പോഴും വല്യത്താനെ ഫോണിൽ വിളിക്കും. നിനക്ക് ആ തറവാടിന്റെ ഓർമ്മ പോലും വരാതിരിക്കാൻ വേണ്ടി ഞങ്ങൾ വീട്ടിൽ പോലും പഴയ കാര്യങ്ങൾ സംസാരിക്കാറില്ല. അതിന് ശേഷമാ ഞങ്ങളൊന്ന് ഉറങ്ങിയത് പോലും.” മീനാക്ഷി ഒരു ദീർഘനിശ്വാസം വിട്ടു. അവരുടെ കണ്ണുകളിൽ നേരിയ നനവ് പടർന്നിരുന്നു. മീനാക്ഷി മകനെ നോക്കി. അവൻ മയക്കത്തിലാണ്ടു പോയിരുന്നു. അവർ ദത്തന്റെ നെറ്റിയിൽ ചുംബിച്ചു. പതിയെ അവന്റെ തല തലയിണയിൽ വച്ച ശേഷം മീനാക്ഷി മുറിയിലേക്ക് പോയി. **********

“അളിയാ…. നീ ഇവിടെ ഇരിക്കുവാണോ ? എവിടെയൊക്കെ നിന്നെ ഞങ്ങൾ നോക്കി.” വിഷ്ണു ചോദിച്ചു. ദത്തൻ അവന്റെ നേരേ നോക്കിയ ശേഷം പറഞ്ഞു; “നമുക്ക് വരുന്ന ബുധനാഴ്ച ഉച്ചയ്ക് പുറപ്പെടാം. അപ്പോൾ പിറ്റേന്ന് പുലർച്ചെ തറവാട് എത്തും. എല്ലാവരോടും ബാഗൊക്കെ പാക് ചെയ്യാൻ പറയൂ. ” വിഷ്ണു തലകുലുക്കിയ ശേഷം കാന്റീനിലേക്ക് പോയി. ദത്തൻ ലൈബ്രറിയിലേക്ക് നടന്നു. അവിടെ കുറുപ്പ് സാറുണ്ടായിരുന്നു. ദത്തനെ കണ്ടതും അദ്ദേഹം കുശലം ചോദിച്ചു. “ആരിത് ദത്തനോ ? ഇന്നലെ കണ്ടില്ലല്ലോ ഇങ്ങോട്ട് ?” “ഇന്നലെ കുറച്ച് തിരക്കായിരുന്നു.

സാർ , ഈ പുരാണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ഉണ്ടോ ഇവിടെ ?” “അത് ദേ ഏറ്റവും പുറകിൽ ഒരു മുറി ഇല്ലേ. അവിടെ കാണും. അങ്ങോട്ട് ആരും പോകാറില്ല. ഒന്ന് സൂക്ഷിച്ചോളൂ… ആകെ പൊടിപിടിച്ച് കിടക്കുവാ…..” “താങ്ക്യൂ സാർ….” അവൻ മുറി തുറന്നു. പൊടി കാരണം ദത്തൻ തുമ്മി. തൂവാല കൊണ്ട് മൂക്ക് തുടച്ച ശേഷം ഷെൽഫിൽ നിന്നും പുസ്തകങ്ങൾ എടുത്തു നോക്കാൻ തുടങ്ങി. ഓരോ പുസ്തകങ്ങളുടെയും പേരുകളിലൂടെ അവന്റെ മിഴികൾ ഓടി നടന്നു. പെട്ടെന്ന് ഒരു പുസ്തകത്തിൽ ദത്തന്റെ നോട്ടമുടക്കി. അവൻ മറ്റ് പുസ്തകങ്ങളെ വകഞ്ഞ് മാറ്റി ഷെൽഫിൽ നിന്നും ആ വലിയ പുസ്തകം എടുത്ത് മേശപ്പുറത്ത് വച്ചു.

കാലങ്ങളായി ആൾസ്പർശമേൽക്കാത്ത ആ പുസ്തകത്തിൽ നിന്നും പൊടിപടലങ്ങൾ സ്വതന്ത്രരായി പുറത്തേക്ക് പാഞ്ഞു. ദത്തൻ തന്റെ വിരലുകളാൽ ആ പുസ്തകത്തിലെ മുൻവശം തുടച്ചു. അവ്യക്തമായ പേര് വ്യക്തമായി. “നാഗശാസ്ത്രം” ദത്തൻ ആ പേര് തന്റെ മനസ്സിൽ പല തവണ ഉരുവിട്ടു. അവൻ ആ പേരിൽ തന്റെ വിരലുകളാൽ സ്പർശിച്ചു. എന്തോ പരിചിതമായതും എന്നാൽ അവ്യക്തമായതുമായ ഒരു അനുഭൂതി അവനെ ഗ്രസിച്ചു. അതവനിലുണ്ടാക്കിയ ഉൾപുളകത്താൽ ദത്തൻ തന്റെ മിഴികൾ പൂട്ടി. അവന് തന്നിലൂടെ എന്തോ ഇഴഞ്ഞുകയറും പോലെ തോന്നി. അവിടമാകെ ഇലഞ്ഞിപ്പൂ ഗന്ധം പരന്നു.

ദത്തന്റെ ശരീരത്തിലേക്ക് തണുപ്പരിച്ചു കയറി. ഓർമകളിൽ കാതങ്ങൾക്കപ്പുറമുള്ള ശിവമല്ലിക്കാവ് ദൃശ്യമായി. പെട്ടെന്ന് തന്നെ ആ കാഴ്ച ഒരു ഇരുട്ടു പോലെ ദത്തന്റെ ഓർമകളിൽ പടർന്നിറങ്ങി. “ടാ ……. ദത്താ കണ്ണ് തുറക്ക്…..” ശ്യാം ദത്തന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞ് അവനെ കുലുക്കി വിളിച്ചു. ദത്തൻ അവ്യക്തമായ ചില ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. വളരെ ബദ്ധപ്പെട്ടാണ് അവൻ തന്റെ കണ്ണുകൾ തുറന്നത്. ദത്തൻ തനിക്ക് ചുറ്റും നിന്നവരെ നോക്കി. “എന്തുപറ്റി എല്ലാവരും എന്റെ ചുറ്റിലും നിൽക്കുന്നത് . ഞാൻ എങ്ങനെ ഈ ക്ലാസ്സ് റൂമിൽ എത്തി ?”

ദത്തൻ സംശയത്തോടെ ചോദിച്ചു. വിഷ്ണു അവന്റെ ചുമലിൽ തട്ടിയിട്ട് പറഞ്ഞു; “നീ ലൈബ്രറിയിൽ ബോധം കെട്ടു കിടക്കുകയായിരുന്നു. അങ്ങനെ നിന്നെ ഈ ക്ലാസ്സിൽ കൊണ്ട് കിടത്തിയതാണ്. ” “ഞാനോ…. ” ദത്തൻ വിശ്വാസം വരാതെ അവനെ നോക്കി. അവൻ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു. പെട്ടെന്നാണ് ഓർമയിൽ നാഗശാസ്ത്രം തെളിഞ്ഞു വന്നത്. ദത്തൻ അവിടെ മുഴുവൻ ആ പുസ്തകം തിരഞ്ഞു. എന്നാൽ അവന് ആ പുസ്തകം കണ്ടെത്താൻ കഴിഞ്ഞില്ല. “നീ എന്താ ഈ നോക്കുന്നത് ?” ശ്യാം ചോദിച്ചു. ദത്തൻ അവനെ നോക്കിയ ശേഷം ചോദിച്ചു ;

“എന്റെ കയ്യിൽ ഒരു പുസ്തകം ഉണ്ടായിരുന്നു. നീ അത് കണ്ടോ ?” “ഏത് പുസ്തകം ? അവിടെ ഒരു പുസ്തകവും ഇല്ലായിരുന്നു. ” വിഷ്ണു പറഞ്ഞത് കേട്ട് ദത്തൻ തന്റെ തല കുടഞ്ഞുകൊണ്ട് എഴുന്നേറ്റു. അവൻ ലൈബ്രറിയിലേക്ക് പോയി. അവിടെ മുഴുവൻ ദത്തൻ തിരഞ്ഞു. പക്ഷേ അവന് ആ പുസ്തകം മാത്രം കാണാൻ കഴിഞ്ഞില്ല. പെട്ടെന്ന് ദത്തന്റെ ചുമലിൽ ഒരു കൈ അമർന്നു. അവൻ ഞെട്ടി തിരിഞ്ഞ് നോക്കി. പുറകിൽ അർജ്ജുൻ. ദത്തന്റെ ശ്വാസം നേരേ വീണു. “നീയായിരുന്നോ ? മനുഷ്യൻ പേടിച്ച് പോയി. ” ദത്തൻ ദീർഘമായൊന്ന് നിശ്വസിച്ചു. അർജ്ജുൻ ചോദിച്ചു ;

“നീ എന്താ തിരയുന്നത് ? ” “ഞാനൊരു പുസ്തകം തിരയുകയാ. അതിവിടെ എവിടെയോ വീണു. ” “നീ വന്നേ ദത്താ…. നിന്റെ ഒരു പുസ്തകം. വാ വീട്ടിലേക്ക് പോകാം.” അർജ്ജുൻ അവന്റെ കയ്യും പിടിച്ച് നടന്നു. ദത്തൻ ഇടയ്കിടയ്ക് തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു. ************* ദത്തൻ കോളിംഗ് ബെൽ അമർത്തി. മീനാക്ഷി വാതിൽ തുറന്നു. അവർ ദത്തനെ ഒന്ന് സൂക്ഷിച്ച് നോക്കി. “എന്താ കണ്ണാ… എന്താ നീ വല്ലാതെ ഇരിക്കുന്നത് ?” ” ഒന്നൂല്ലെന്റെ മീനൂട്ടി . ” “ഇതെന്താ നിന്റെ പുറത്തപ്പടി പൊടിയാണല്ലോ ?” “ഓ…. അത് ലൈബ്രറിയിലെ ഷെൽഫിൽ ചാരി നിന്നപ്പോൾ പറ്റിയതാകും.”

ദത്തൻ അതും പറഞ്ഞ് അവിടെ നിന്നും തടി തപ്പി. പറഞ്ഞാൽ മീനൂട്ടി അതിനെയും അന്ധവിശ്വാസത്തിലെടുക്കും. പിന്നെ കരച്ചിലായി ബഹളമായി ആകെ വല്ലാണ്ടാകും. ദത്തൻ റൂമിലെത്തി. ബാഗ് ടേബിളിൽ ഇട്ട ശേഷം അവൻ റൂമിലൂടെ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി. “എന്നാലും ആ പുസ്തകം എവിടെ പോയി ? ” അവൻ കൈകൾ കൂട്ടി തിരുമ്മി. നടക്കുന്നതിനിടയ്ക് ദത്തന്റെ കണ്ണുകൾ ബാഗിൽ ഉടക്കി. ദത്തൻ നെറ്റി ചുളിച്ചു. “ഈ ബാഗെന്താ ഇത്ര വീർത്തിരിക്കുന്നത് ?” ദത്തൻ പതിയെ ടേബിളിനടുത്തേക്ക് നടന്നു. അവൻ ബാഗെടുത്തു. ബാഗിന് പതിവിലും ഭാരം അനുഭവപ്പെട്ടു.

“ങേ…. കൊണ്ട് വന്നപ്പോൾ ഇത്ര ഭാരം ഇല്ലാരുന്നല്ലോ ? പെട്ടെന്ന് എന്തുപറ്റി?” ദത്തൻ അതിന്റെ സിബ് തുറന്നു. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. “നാഗശാസ്ത്രം.” അവൻ ആ പുസ്തകം പുറത്തേക്കെടുത്തു. “ഇതെന്റെ ബാഗിൽ എങ്ങനെ വന്നു ? ” ദത്തന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അവൻ അതിന്റെ ഓരോ താളുകളായി മറിച്ചു. ദത്തന് അതിലെ ഭാഷ അപരിചിതമായി തോന്നി. “പുറത്തെ പേര് മാത്രമേ മലയാളത്തിലുള്ളൂ. അകത്ത് സംസ്കൃത ഭാഷയാണെന്ന് തോന്നുന്നു. ഇതിനെന്തായാലും നൂറു വർഷത്തിലധികം എങ്കിലും പഴക്കമുണ്ടാകും.”

ദത്തൻ അതിന്റെ താളുകളോരോന്നായി മറിച്ചു. പഴക്കം കാരണം ഓരോ അക്ഷരങ്ങളുടെയും വ്യക്തത നഷ്ടപ്പെട്ടിരുന്നു. പുതുമഴ നനഞ്ഞ മണ്ണിന്റെ ഗന്ധം താളുകളിൽ നിന്നും പ്രവഹിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അന്തരീക്ഷത്തിന്റെ ഭാവം മാറാൻ തുടങ്ങി. കാറ്റത്ത് ആഞ്ഞടിച്ച് ജനാലകൾ ശബ്ദമുണ്ടാക്കി. കാറ്റിന്റെ ശക്തിയിൽ പുസ്തകത്താളുകൾ മറിഞ്ഞു. ദത്തൻ എഴുന്നേറ്റ് ജനാലകൾ അടച്ച കർട്ടൻ ഇട്ട ശേഷം പുസ്തകത്തിന് അടുത്ത് വന്നിരുന്നു. പെട്ടന്ന് അവന്റെ കൃഷ്ണമണികൾ വികസിച്ചു. മനുഷ്യസ്ത്രീയുടെ ഉടലും നാഭിച്ചുഴിക്ക് താഴെ നാഗവുമായ ഒരു രൂപം.

കൈകളിൽ തിളങ്ങുന്ന ഒരു കല്ല്. എന്നാൽ ആ രൂപത്തിന്റെ മുഖം വ്യക്തമല്ല. സ്വർണ്ണ നിറമാണ് ആ രൂപത്തിന്. ദത്തന്റെ രോമകൂപങ്ങൾ എഴുന്നേറ്റ് നിന്നു. അവന്റെ ദേഹം തണുക്കാൻ തുടങ്ങി. “ഇതെന്ത് ജീവിയാ ? കണ്ടിട്ട് തന്നെ പേടിയാകുന്നു. ഇത് സ്ത്രീ ആണോ നാഗമാണോ ? എന്തുകൊണ്ടാണ് ഈ രൂപം എനിക്ക് കണ്ടുമറന്ന പോലെ തോന്നുന്നത് ?” ദത്തന്റെ മനസ്സ് ആകെ കലുഷിതമായി. അവൻ തന്റെ ഓർമകളിൽ ആ രൂപത്തെ ചികഞ്ഞു. പക്ഷേ അവൻ പരാജയപ്പെട്ടു. ദത്തൻ വീണ്ടും ആ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കി. ആ രൂപത്തിന്റെ മുഖത്തെന്തോ കറ പുരണ്ട പോലെ തോന്നി.

“ഒരു പക്ഷേ ഈ മുഖം കാണുമ്പോൾ എനിക്ക് എന്തേലും ഓർമ വന്നാലോ ?” ദത്തൻ തന്റെ വിരലുകൾ കൊണ്ട് കറ തുടച്ചതും ആ മുഖഭാഗം വികൃതമായി. പെട്ടെന്ന് ചിത്രത്തിൽ നിന്നും ഒരു തീവ്രപ്രകാശം ദത്തന്റെ കണ്ണുകളിലേക്ക് തുളഞ്ഞുകയറി. അവൻ കൈകൾ കൊണ്ട് തന്റെ കണ്ണുകൾ പൊത്തി. “ആഹ്…….. എന്റെ കണ്ണ് ……” ദത്തൻ തന്റെ കണ്ണുകൾ ഇറുകെ പൊത്തിപ്പോയി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ പതിയെ തന്റെ കണ്ണുകൾ തുറന്നു. കുറച്ച് നേരത്തേക്ക് ദത്തന്റെ കണ്ണുകളിൽ ഇരുട്ട് മാത്രം ദൃശ്യമായി. പതിയെ പതിയെ അവന്റെ കാഴ്ച തെളിഞ്ഞു വന്നു.

അവൻ വീണ്ടും ആ പുസ്തകത്തിലേക്ക് നോക്കി. പക്ഷേ അതിൽ യുക്തിക്ക് വിപരീതമായി മറ്റൊന്നും കണ്ടില്ല. ദത്തൻ വീണ്ടും താളുകൾ മറിച്ചു. താളുകൾ മറിഞ്ഞുകൊണ്ടിരുന്നു. ഒന്നും തന്നെ അവന് വായിക്കാൻ പറ്റിയില്ല. ഇത്രയും തന്നെ ആകർഷിച്ച പുസ്തകം തന്റെ കൈയെത്തും ദൂരത്ത് കിട്ടിയിട്ടും ഒന്ന് വായിക്കാൻ സാധിക്കാത്തതിൽ ദത്തന് നിരാശ തോന്നി. പെട്ടെന്ന് അവന്റെ കൈകൾ നിശ്ചലമായി. ” ഇത് ആ പകുതി നാഗരൂപമുള്ള സ്ത്രീയുടെ കയ്യിലിരുന്ന തിളങ്ങുന്ന നീലക്കല്ല് അല്ലേ ? എന്തായിരിക്കും ഇതിന്റെ പേര് ? എന്തായാലും വലിയ വിലയുണ്ടാകും.

ഇതെന്തിനാ ഈ നാഗം കയ്യിലേന്തിയിരിക്കുന്നത് ? ” പെട്ടെന്ന് വാതിലിൽ ഒരു മുട്ട് കേട്ടു. ദത്തൻ ഒന്ന് ഞെട്ടി. “കണ്ണാ…… നീ ഈ വാതിൽ ഒന്ന് തുറന്നേ …” ദത്തന് ശ്വാസം നേരേ വീണു. “ദേ വരണു മീനൂട്ടി…..” ദത്തൻ വാതിൽ തുറന്നു. അവനെ മീനാക്ഷി ആകെയൊന്ന് നോക്കി. “കണ്ണാ….. നിന്റെ മുഖമെന്താ എന്തോ കണ്ടു പേടിച്ച പോലെ ?” ദത്തൻ ഒന്ന് ഞെട്ടി എങ്കിലും ആ ഞെട്ടൽ പുറത്ത് കാണിച്ചില്ല. “ഞാനെന്ത് കണ്ട് പേടിക്കാൻ ? മീനൂട്ടി ഓരോന്ന് ആലോചിച്ച് തല പുകയ്കണ്ട. പറഞ്ഞത് മനസ്സിലായോ.” മീനാക്ഷി അവനെ നോക്കി തല കുലുക്കി. “കണ്ണാ നീ വന്നു ഭക്ഷണം കഴിക്ക്. ” “വേണ്ട മീനൂട്ടി.

ഞാൻ പുറത്ത് നിന്ന് കഴിച്ചു. നിങ്ങൾ രണ്ടുപേരും കഴിക്ക്.” മീനൂട്ടി താഴേക്ക് പോയി. ദത്തൻ വാതിൽ അടച്ച ശേഷം പുസ്തകം അടച്ച് മേശപ്പുറത്ത് വച്ചു. എന്നിട്ടവൻ കിടക്കയിൽ കണ്ണടച്ച് കിടന്നു. പക്ഷേ മണിക്കൂറുകൾ കടന്നു പോയിട്ടും ദത്തനെ നിദ്രാ ദേവി തിരിഞ്ഞ് നോക്കിയില്ല. അവന്റെ മനസ്സ് കലുഷിതമായിരുന്നു. എന്തൊക്കെയോ ചോദ്യങ്ങൾ അവന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. “കുറച്ച് ദിവസങ്ങളായി എന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നത് ? ആ പുസ്തകത്തിന് ഞാനുമായി എന്ത് ബന്ധമാണുള്ളത് ? ” ദത്തന് തന്റെ തല പൊട്ടിപ്പൊളിയും പോലെ തോന്നി.

അവൻ എണീറ്റു മേശവലിപ്പ് തുറന്നു. അതിലെ മെഡിസിൻ ബോക്സിൽ നിന്നും ഒരു സ്ലീപ്പിംഗ് പിൽ എടുത്ത് കഴിച്ച് വെള്ളം കുടിച്ചു. എന്നിട്ട് തിരികെ കിടക്കയിലേക്ക് വീണു. നിമിഷങ്ങൾക്കകം അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. ഇലഞ്ഞിപ്പൂ ഗന്ധം അവനെ പൊതിഞ്ഞു. **************” ദത്തന്റെ മുൻപിൽ ഒരു പെൺകുട്ടി പുറം തിരിഞ്ഞ് നിൽപ്പുണ്ടായിരുന്നു. അവളുടെ ഉടലിന് സ്വർണ്ണ നിറമായിരുന്നു. കരിനാഗങ്ങളെ പോലെ അവളുടെ കാർകൂന്തൽ ഇടതൂർന്ന് പിണഞ്ഞു കുടക്കുന്നുണ്ടായിരുന്നു. കാതുകളിൽ കുണ്ഡലങ്ങളും അരക്കെട്ടിൽ അരപ്പട്ടയും കാലുകളിൽ ചിലമ്പും കിടപ്പുണ്ട്.

അന്തരീക്ഷമാകെ ഇലഞ്ഞിപ്പൂ ഗന്ധപൂരിതമാണ്. “നീ ആരാണ് ? ” ദത്തൻ ചോദിച്ചു. മറുപടി ആയി മണികിലുങ്ങും പോലെ അവൾ പൊട്ടിച്ചിരിച്ചു. എന്നിട്ട് തന്റെ തല ചെറുതായി ചരിച്ച ശേഷം അവൾ ദത്തനോടായി പറഞ്ഞു ; “നിനക്ക് ഉത്തരം തരാൻ ഞാൻ ബാധ്യസ്ഥയല്ല എന്ന് നീ അറിയുക. നിന്നെ ഞാൻ വിളിക്കുന്നത് നിന്റെ ദേശത്തേക്ക് തന്നെയാണ്. നിന്റെ കർമ്മങ്ങൾ നീ പൂർത്തിയാക്കുക. ” “എനിക്ക് നിന്നെ അറിയില്ല. പിന്നെ ഞാൻ എന്തിന് നിന്നെ അനുസരിക്കണം ?” ദത്തൻ കുറച്ച് ഗൗരവസ്വരത്തിൽ പറഞ്ഞു. “അനുസരിച്ചില്ലെങ്കിൽ കൊണ്ട് പോകാൻ എനിക്കറിയാം.

ഒരു ശക്തിപരീക്ഷണത്തിന് എന്നെ നിർബന്ധിതയാക്കാതെ ഇരിക്കുന്നതാണ് നിന്റെ ആയുസ്സിന് നല്ലത്. ” അവളുടെ വാക്കുകൾക്ക് മൂർച്ചയേറി. “നീ ആരാണെന്നെങ്കിലും പറയൂ ?” ദത്തൻ സൗമ്യമായി ചോദിച്ചു. “അത് നീ അറിയേണ്ട ആവശ്യമില്ല. ” അവൾ ഇത്രയും പറഞ്ഞ് മുന്നോട്ട് നടന്നു. ദത്തൻ അവളെ അനുഗമിക്കുവാൻ തുടങ്ങിയതും അവളുടെ പാദങ്ങൾ നിശ്ചലമായി. അവൾ തന്റെ ഒരു കൈ ഉയർത്തി താക്കീത് പോലെ പറഞ്ഞു ; “എന്നെ പിന്തുടരാതിരിക്കുക. അത് നിനക്ക് ദോഷം ചെയ്യും. ” ദത്തന്റെ പാദങ്ങൾ അനങ്ങിയില്ല. അവൾ വിദൂരതയിലേക്ക് നടന്നുപോകുന്നത് നിർവികാരനായി അവൻ നോക്കി നിന്നു. പതിയെ അവൾ കാഴ്ചയിൽ നിന്നും മറഞ്ഞു. പെട്ടെന്ന് കാർണകഠോരമായ ശബ്ദം അവന്റെ കാതുകളിൽ അലയടിച്ചു…തുടരും

ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 2

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!