വിവാഹ മോചനം : ഭാഗം 8

വിവാഹ മോചനം :  ഭാഗം 8

എഴുത്തുകാരി: ശിവ എസ് നായർ

‘എന്റെ ശ്രീയേട്ടനെ കൊല്ലാൻ ശ്രമിച്ചത് ഏട്ടനാണല്ലേ…’ ‘മോളെ.. നീ…’ അനൂപ് എന്ത് പറയണമെന്നറിയാതെ പകച്ചു നിന്നു. അരവിന്ദൻ മാഷും ലേഖയും സ്തംഭിച്ചു നിൽക്കുകയായിരുന്നു. അപർണ്ണ ഇനി എന്തൊക്കെ ചെയ്തു കൂട്ടുമെന്നറിയാതെ പകച്ചു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളു. ‘എന്റെ ശ്രീയേട്ടനെ എന്നിൽ നിന്നകറ്റാൻ ശ്രമിച്ചത് ഏട്ടനാണല്ലേ. എങ്ങനെ തോന്നി ആ പാവത്തിനോട് ഇങ്ങനെയൊരു ക്രൂരത ചെയ്യാൻ. ഏട്ടനിത്രയ്ക്ക് ദുഷ്ടനാകാൻ കഴിയുമെന്ന് ഞാൻ കരുതിയില്ല. എന്നെ സ്‌നേഹിച്ചു എന്നൊരു തെറ്റ് മാത്രമേ ആ ശ്രീയേട്ടൻ ചെയ്തുള്ളു.’

അപർണ്ണയുടെ ഒച്ച ഇടറി. ‘മോളെ ഇങ്ങനെയൊന്നും പറഞ്ഞു ഏട്ടനെ നീ വിഷമിപ്പിക്കരുത്. ഏട്ടന് ഒരാളുടെ ജീവനെടുക്കാൻ കഴിയുമെന്ന് നിനക്ക് തോന്നുണ്ടോ.?’ അനൂപ് അവളോട് ചോദിച്ചു. ‘പിന്നെ ഞാനിപ്പോ കേട്ടതൊക്കെ കളവാണെന്നാണോ??’ അവളുടെ ചുണ്ടുകൾ വിറച്ചു. കവിളുകൾ ചുവന്നു തുടുത്തു. ‘അപ്പു അച്ഛനങ്ങനെ ചോദിച്ചെന്നു കരുതി ഞാൻ അങ്ങനെ ചെയ്യണമെന്നുണ്ടോ.? ആദ്യം നീ നടന്നതെന്താണെന്ന് കേട്ടിട്ട് ഓരോന്നു തീരുമാനിക്ക്.’ ‘ഇനി ഇതിൽ കൂടുതൽ എന്ത് അറിയാനാ??’ അവളുടെ ചോദ്യത്തിന് മുന്നിൽ അനൂപ് ഉത്തരമില്ലാതെ നിന്നു. അപർണ്ണ വെട്ടിതിരിഞ്ഞു അരവിന്ദൻ മാഷിനെ നോക്കി. ‘അച്ഛനും ഏട്ടനോടൊപ്പം ഇതിനു കൂട്ടു നിന്നോ.??

എനിക്കത് മാത്രം അറിഞ്ഞാൽ മതി.’ ‘മോളെ നീ അച്ഛനെയും കുറ്റക്കാരൻ ആക്കുകയാണോ?? അച്ഛനൊന്നും അറിയില്ല മോളെ. കുറച്ചു മുൻപ് ലേഖ വന്നു പറഞ്ഞപ്പോഴാണ് ശ്രീജിത്തിനു ആക്സിഡന്റായ വിവരം ഞാൻ അറിയുന്നത്.’ ‘ഏട്ടനുള്ള ഈ വീട്ടിൽ ഞാനിനി നിൽക്കില്ല അച്ഛാ. ഏട്ടന്റെ മുഖം കാണുന്നത് തന്നെ എനിക്കിപ്പോ വെറുപ്പാണ്.’ ‘നീ എങ്ങോട്ട് പോകുമെന്നാ.?’ അരവിന്ദൻ മാഷ് മനസിലാകാതെ ചോദിച്ചു. ‘രാഹുലേട്ടന്റെ ഒപ്പം. അല്ലാതെ ഞാൻ വേറെവിടെ പോകാനാ. വീട് വിട്ടാൽ എനിക്ക് പോകാൻ മറ്റൊരിടമില്ലല്ലോ. എന്തായാലും ഇനി ഞാനിവിടെ നിൽക്കില്ല. ‘ ‘മോളെ ഏട്ടനെ നീ തെറ്റിദ്ധരിക്കരുത്. ഞാൻ അല്ല ആ ആക്സിഡന്റ് ഉണ്ടാക്കിയത്.’

അനൂപ് അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ‘ഏട്ടനിനിയും സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയാണോ.? അച്ഛൻ ഉറപ്പിച്ച വിവാഹം നടത്താൻ വേണ്ടി ഏട്ടൻ ശ്രീയേട്ടനെ കൊല്ലാൻ ശ്രമിച്ചു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്. എന്തായാലും നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾ സന്തോഷമായികാണുമല്ലോ നിങ്ങൾ ആഗ്രഹിച്ച വിവാഹം തന്നെ നടന്നല്ലോ.’ ‘അപ്പു… ഏട്ടനോട് നീ എന്തൊക്കെയാ പറയുന്നത്. വെറുതെ ആ മനസ്സ് നീ വിഷമിപ്പിക്കരുത്. ‘ ഏട്ടത്തി ശാസനയോടെ പറഞ്ഞു. ‘വേണ്ട ഏട്ടത്തി. ഏട്ടത്തി ഒന്നും പറയണ്ട. ഏട്ടൻ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് തന്നെയാ. ഒരാളുടെ ജീവനെടുക്കാൻ ശ്രമിക്കുക എന്നത് കൊടിയ പാപമാണ്.

അച്ഛന് ഏട്ടനിൽ സംശയം തോന്നിയിട്ടല്ലേ അങ്ങനെ ഒരു ചോദ്യം അച്ഛനിൽ നിന്നുണ്ടായത്. ഈ ആക്സിഡന്റ് ഉണ്ടാക്കിയത് ഏട്ടനല്ലെന്ന് ഏട്ടത്തിക്ക് ഉറപ്പുണ്ടോ??’ ‘അത് പിന്നെ മോളെ…’ അവളുടെ ചോദ്യത്തിന് മുന്നിൽ ലേഖയ്ക്ക് ഉത്തരം മുട്ടി. ലേഖ അനൂപിന്റെ മുഖത്തേക്ക് പാളി നോക്കി. ഒന്നും മിണ്ടാൻ കഴിയാനാവാതെ കുറ്റവാളിയെ പോലെ ശിരസ്സ് താഴ്ത്തി നിൽക്കുകയായിരുന്നു അനൂപ്. ‘അച്ഛാ ഞാനിറങ്ങുവാ…’ അത്രയും പറഞ്ഞു കൊണ്ട് അപർണ്ണ മുറിവിട്ട് പോയി. പിന്നാലെ അനൂപും തന്റെ മുറിയിലേക്ക് പോയി. തളർച്ചയോടെ മാഷ് കാട്ടിലിലേക്ക് ഇരുന്നു. ‘മോളെ കുടിക്കാൻ കുറച്ചു വെള്ളം..’ അരവിന്ദൻ മാഷ് ലേഖയെ നോക്കി പറഞ്ഞു. ‘ഇപ്പൊ കൊണ്ടുവരാം അച്ഛാ ‘ സാരിതുമ്പ് എടുത്തു എളിയിൽ കുത്തികൊണ്ട് ലേഖ വെള്ളമെടുക്കാനായി കിച്ചണിലേക്ക് പോയി. ********

വീട്ടുമുറ്റത്തെ പന്തലിൽ നിരത്തിയിട്ടിരുന്ന കസേരകളിലൊന്നിൽ ഇരിക്കുകയായിരുന്നു രാഹുൽ. സമയം പോകാനായി അവൻ മൊബൈൽ നോക്കികൊണ്ടിരുന്നു. അപ്പോഴാണ് അവന്റെ അടുത്തേക്ക് വന്ന അപർണ്ണ അരികിൽ കിടന്ന കസേര വലിച്ചിട്ട് രാഹുലിന്റെ അടുത്തായി ഇരുന്നത്. തൊട്ടടുത്ത കസേരയിൽ ആരോ വന്നിരുന്നതറിഞ്ഞു രാഹുൽ മുഖമുയർത്തി നോക്കി. പ്രതീക്ഷിക്കാതെ അരികിൽ അപർണ്ണയെ കണ്ടതും അവന്റെ മുഖം വിടർന്നു. വിഷാദം നിറഞ്ഞ അവളുടെ മുഖം കണ്ട് രാഹുൽ ചോദ്യഭാവത്തിൽ അവളെ നോക്കി. ‘എന്ത് പറ്റിയെടോ?? മുഖം വാടിയിരിക്കുന്നല്ലോ??’ ‘നമ്മെളെപ്പോഴാ പോകുന്നത്..??’ അവന്റെ ചോദ്യത്തിന് മറുചോദ്യമായിരുന്നു അവളുടെ മറുപടി.

അപർണ്ണയുടെ ചോദ്യം കേട്ടതും വിശ്വാസം വരാതെ രാഹുൽ അവളെ ഉറ്റുനോക്കി. ‘എന്താ ഇങ്ങനെ മിഴിച്ചു നോക്കുന്നത്..?’ അവൾ ചോദിച്ചു. ‘അപർണ്ണ ചോദിച്ചത് എനിക്ക് മനസിലായില്ല… താൻ എന്റൊപ്പം വരില്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ… അതാ ഞാൻ…’ പറഞ്ഞു വന്നത് മുഴുമിക്കാതെ രാഹുൽ അവളെ തന്നെ നോക്കി ഇരുന്നു. ‘രാഹുലേട്ടനോടൊപ്പം ഞാനും വരുന്നുണ്ട്. അതാണ് ചോദിച്ചത് എപ്പോഴാ പോകുന്നതെന്ന്??’ ‘നേരത്തെ താൻ പക്ഷേ ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത് പെട്ടെന്ന് തീരുമാനം മാറ്റാൻ എന്താ കാരണം??’ അവൻ വിടാൻ ഭാവമില്ലായിരുന്നു. അപർണ്ണ അവനെയൊന്ന് ചുഴിഞ്ഞു നോക്കി.

പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റു അകത്തേക്ക് നടന്നു. രാഹുലിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. മനസ്സിനെ ബാധിച്ചിരുന്ന കാർമേഘം വിറ്റൊഴിഞ്ഞത് പോലെ തോന്നി അവന്. അവൾ പോകുന്നതും നോക്കി അവനങ്ങനെ ഇരുന്നു. വാതിൽ പടിക്കലെത്തിയ അപർണ്ണ പെട്ടെന്നാണ് വെട്ടിതിരിഞ്ഞു അവനെ നോക്കിയത്. അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്ന രാഹുൽ ചമ്മലോടെ മുഖം തിരിച്ചു. ‘അതേയ് വേണ്ടാത്ത മോഹങ്ങളൊന്നും മനസ്സിൽ വേണ്ട. ഞാൻ കൂടെ വരുന്നത് ഇഷ്ടം കൊണ്ടാണെന്ന തെറ്റിദ്ധാരണയൊന്നും വേണ്ട ഇവിടെ നിൽക്കാൻ ഇഷ്ടമില്ലാത്തോണ്ട് വരുന്നതാ.’ അവനെ നോക്കി അത് പറഞ്ഞ ശേഷം അപർണ്ണ ഉള്ളിലേക്ക് കയറി പോയി.

‘അങ്ങനെയുള്ള തെറ്റിദ്ധാരണയൊന്നും എന്റെ മനസിലില്ല അപ്പു. നിന്നെ മറ്റാർക്കും വിട്ടുകൊടുക്കാനും കഴിയുന്നില്ല…’ നൊമ്പരം കലർന്ന ചിരിയോടെ രാഹുൽ മനസിലോർത്തു. അപർണ്ണയുടെ സമ്മതം ലഭിച്ചതോടെ രാഹുലും വീട്ടുകാരും വേഗം പോകാനായി തയ്യാറായി. അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ട് അനുഗ്രം വാങ്ങി അപർണ്ണ രാഹുലിനോടൊപ്പം അവന്റെ വീട്ടിലേക്ക് യാത്രയായി. അവളുടെ വീട്ടിൽ നിന്നും രണ്ടു മണിക്കൂർ നേരത്തെ യാത്രയുണ്ടായിരുന്നു അവന്റെ വീട്ടിലേക്ക്. കാറിൽ പിൻസീറ്റിൽ രാഹുലിനരികിലായി അപർണ്ണയും ഉണ്ടായിരുന്നു. മുന്നിൽ രാഹുലിന്റെ അച്ഛനും അമ്മയും. അച്ഛനായിരുന്നു വണ്ടി ഡ്രൈവ് ചെയ്തിരുന്നത്.

കുറേനേരം പുറം കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്ന അവളുടെ കൺപോളകൾ മെല്ലെ അടയാൻ തുടങ്ങി. അപർണ്ണയുടെ മിഴികൾ സാവധാനം അടഞ്ഞു. അറിയാതെ തന്നെ രാഹുലിന്റെ തോളിലേക്ക് തല ചായ്ച്ചു അവൾ ഉറങ്ങി. അവളുടെ ശരീരത്തിൽ നിന്നും വമിച്ച ചന്ദനത്തിന്റെ നേർത്ത സുഗന്ധം അവന്റെ സിരകളിൽ പ്രണയചൂട് പകർന്നു. അവളുടെ മുഖത്തേക്ക് നോക്കിയിരുന്നപ്പോൾ അവന് അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു നെറ്റിയിൽ ചുമ്പിക്കാൻ തോന്നി. രാഹുൽ മൊബൈൽ എടുത്തു തന്റെ തോളോട് ചേർന്നുറങ്ങുന്ന അപർണ്ണയെയും ചേർത്ത് പിടിച്ചു കുറെ ഫോട്ടോസ് എടുത്തു. അവനവളെ പ്രേമത്തോടെ നോക്കി.

കാറ്റിൽ അവളുടെ മുഖത്തേക്ക് പാറിവീണു കിടന്ന മുടിയിഴകളെ അവൻ പിന്നോട്ട് മാടിയൊതുക്കി വച്ചു. പിന്നെ പതിയെ കുനിഞ്ഞു അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി. **************************************** രണ്ടു മണിക്കൂർ നേരത്തെ നീണ്ട യാത്രയ്‌ക്കൊടുവിൽ അവർ രാഹുലിന്റെ വീട്ടിൽ എത്തിച്ചേർന്നു. നിലവിളക്ക് കൊളുത്തി ആരതിയുഴിഞ്ഞു രാഹുലിന്റെ അമ്മയും ബന്ധുക്കളും ഇരുവരെയും അകത്തേക്ക് സ്വീകരിച്ചു. നിലവിളക്ക് കയ്യിലേക്ക് വാങ്ങി വലതുകാൽ വച്ചു അപർണ്ണ തറവാട്ടിനുള്ളിലേക്ക് പ്രവേശിച്ചു. പിന്നാലെ രാഹുലും. ചടങ്ങുകൾ എല്ലാം വേഗം വേഗം കഴിഞ്ഞു. വൈകുന്നേരം രാഹുലിന്റെ വീട്ടിൽ വച്ചു തന്നെയായിരുന്നു റിസപ്ഷനും.

അഞ്ചു മണിക്ക് സൽക്കാരം തുടങ്ങി ഒൻപതു മണിയായപ്പോൾ അവസാനിച്ചുവെങ്കിലും വീട് നിറയെ ബന്ധുക്കളായിരുന്നു. വലിയൊരു എട്ടുകെട്ടായിരുന്നു രാഹുലിന്റെ തറവാട്. പുതുക്കുപണിത തറവാടായിരുന്നതിനാൽ അറ്റാച്ഡ് കുളിമുറി ഒക്കെ മിക്ക മുറികളിലും പണിയിച്ചിരുന്നു. മുകളിലെ മുറിയായിരുന്നു രാഹുലിനും അപർണ്ണയ്ക്കും വേണ്ടി ഒരുക്കിയിരുന്നത്. റിസപ്ഷൻ ഒക്കെ കഴിഞ്ഞു അപർണ്ണ കുളിച്ചു ഫ്രഷ് ആയി വന്നപ്പോൾ രാഹുലിന്റെ അമ്മ നിർമ്മല അവളെ അടുക്കളയിലേക്ക് കൂട്ടികൊണ്ട് പോയി കയ്യിൽ പാൽ ഗ്ലാസ് എടുത്തു നൽകി രാഹുലിന്റെ മുറിയിലേക്ക് അവളെ പറഞ്ഞയച്ചു. അപ്പോഴേക്കും സുഹൃത്തുക്കളെയൊക്കെ യാത്രയാക്കി രാഹുൽ മുറിയിലേക്ക് പോയിരുന്നു.

അവൾ ചെല്ലുമ്പോൾ അവൻ കുളിക്കുകയായിരുന്നു. പാൽഗ്ലാസ് മേശപ്പുറത്തേക്ക് വച്ചിട്ട് അവൾ ഫോണും എടുത്തുകൊണ്ടു മട്ടുപാവിലേക്ക് ചെന്നു. രാവിലെ തന്നെ വിളിച്ച ജിതിന്റെ നമ്പറിലേക്ക് അവൾ വിളിച്ചു. റിംഗ് ചെയ്തു തീരാറായപ്പോഴാണ് ജിതിൻ ഫോൺ എടുത്തത്. ‘ഹലോ…’ മറുതലയ്ക്കൽ ജിതിന്റെ സ്വരം. ‘ഹലോ ജിതിൻ ഞാനാ അപർണ്ണ..’ ‘എന്താ അപർണ്ണാ..’ ‘ശ്രീയേട്ടനിപ്പോ എങ്ങനെ ഉണ്ട്??’ ‘അവന്റെ കാര്യം ഇനി നീയെന്തിനാ അന്വേഷിക്കുന്നത്. നീ ഇപ്പൊ മറ്റൊരുത്തന്റെ ഭാര്യയാണ്. നിനക്ക് സുഖം അന്വേഷിക്കാൻ നിന്റെ ഭർത്താവില്ലേ.

ഇനിയുമെന്തിനാ അവന്റെ പിന്നാലെ വരുന്നത്.’ ‘ജിതിൻ പ്ലീസ്… ഇങ്ങനത്തെ സംസാരം നമുക്ക് ഒഴിവാക്കാം. ശ്രീയേട്ടനിപ്പോ എങ്ങനെയുണ്ടെന്നു അറിയാനാണ് ഞാൻ വിളിച്ചത്. അതൊന്ന് പറയു.’ ‘പ്രതീക്ഷയ്ക്കുള്ള വകയുണ്ട്. പക്ഷേ ഇതുവരെ ബോധം വന്നിട്ടില്ല. ഒരു കണക്കിനു അത് നന്നായി. ഓർമ വരുമ്പോൾ തന്റെ കാര്യം അന്വേഷിക്കാതിരിക്കില്ല. സത്യം അറിയുമ്പോഴുള്ള അവന്റെ സങ്കടം ആലോചിക്കുമ്പോഴാ…’ ജിതിന്റെ സ്വരത്തിൽ അവളോടുള്ള ദേഷ്യം പ്രകടമായിരുന്നു. ‘ശ്രീയേട്ടന് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടാൽ അറിയിക്കണം. ഞാൻ വരും. അല്ലാതെ ഒരു ശല്യമായി ഞാൻ വരില്ല.

അതോർത്തു ജിതിൻ പേടിക്കണ്ട.. എന്തുണ്ടെങ്കിലും എന്നെ വിളിച്ചിറയിക്കണം..’ അവളുടെ ഒച്ച ഇടറി. ‘ഉം ശരി… എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം..’ അത്രയും പറഞ്ഞു കൊണ്ട് ജിതിൻ ഫോൺ കട്ട് ചെയ്തു. മൊബൈൽ നെഞ്ചോട് ചേർത്ത് കൊണ്ട് ഒരു വിങ്ങലോടെ അപർണ്ണ ദൂരേക്ക് നോട്ടമെറിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ആലോചനയോടെ അപർണ്ണ ആ നിൽപ്പ് തുടർന്നു. കുളി കഴിഞ്ഞു വന്ന രാഹുൽ മേശപ്പുറത്തു പാൽഗ്ലാസ് ഇരിക്കുന്നത് കണ്ടു. അപർണ്ണയെ അവിടെയെങ്ങും കാണാത്തതു കണ്ട് അവൻ മട്ടുപാവിലേക്ക് ചെന്നു.

പിന്നിൽ കാൽപ്പെരുമാറ്റം കേട്ട് അപർണ്ണ തല ചരിച്ചു നോക്കി. തനിക്കടുത്തേക്ക് നടന്നു വരുന്ന രാഹുലിനെ കണ്ട് അപർണ്ണ പുഞ്ചിരിക്കാൻ ശ്രമിച്ചു. രാഹുലിന്റെ മിഴികൾ വല്ലാത്ത ഭാവത്തിൽ തിളങ്ങി. ‘വാ മുറിയിലേക്ക് പോകാം… ഇവിടെ ഇങ്ങനെ നിന്ന് മഞ്ഞു കൊള്ളണ്ട…’ അവൾ ചെറുതായി തലയനക്കി. അവന് പിന്നാലെ അവൾ ചുവടുകൾ വച്ചു. മുറിയിലെത്തിയതും രാഹുൽ വാതിലടച്ചു ബോൾട്ടിട്ടു. അപർണ്ണയുടെ ഉള്ളിൽ നേരിയ ഭയം അനുഭവപ്പെട്ടു.

തന്റെ നേർക്ക് നടന്നടുക്കുന്ന രാഹുൽ എന്ത് ഭാവിച്ചാണെന്ന് തിരിച്ചറിയാനാകാതെ അപർണ്ണ പിന്നിലേക്ക് നടന്നു. ഭിത്തിയിൽ തട്ടി അവൾ നിന്നു. രാഹുൽ അവളുടെ തൊട്ടുമുന്നിൽ വന്നു നിന്നു. അവന്റെ ചൂട് ശ്വാസം കഴുത്തിൽ പതിഞ്ഞപ്പോൾ അപർണ്ണയ്ക്ക് എന്തെന്നില്ലാത്ത അസഹിഷ്ണുത തോന്നി. അവന്റെ താടി രോമങ്ങൾ മുഖത്തേക്ക് അമർന്നതും അവൾ ഉച്ചത്തിൽ അലറി. ‘തൊടരുത് എന്നെ… ‘…തുടരും

വിവാഹ മോചനം: ഭാഗം 7

Share this story