ഹരി ചന്ദനം: ഭാഗം 7

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

എന്നോട് കയർത്തു കൊണ്ട് ദേഷ്യത്തോടെ തിരിച്ചു പോകുന്ന ആളേ നോക്കി കുറച്ചു നേരം ആലോചനയുടെ ഞാനാ മരച്ചുവട്ടിൽ നിന്നു.അലസമായി വന്നു പോകുന്ന കാറ്റിൽ ഗുൽമോഹർ ഇലകൾ പൊഴിച്ചുകൊണ്ടെയിരുന്നു. എന്റെ മനസ്സിനെ എത്രയൊക്കെ പറഞ്ഞു പഠിപ്പിച്ചു മുന്നോട്ട് പോവാൻ ശ്രമിക്കും തോറും സാഹചര്യങ്ങൾ എന്നെ പിന്നോട്ട് വലിക്കുന്നത് എന്ത് കൊണ്ടായിരിക്കും. എന്റെ ചിന്തകൾ വഴിയറിയാതെ പാഞ്ഞു കൊണ്ടേയിരുന്നു. ആലോചനയുടെ അവസാനമാണ് ചാരുവിനെ ഓർമ വന്നത്.

എല്ലാ ചിന്തകൾക്കും വിരാമമിട്ടു ഒരു ദീർഘനിശ്വാസവുമെടുത്തു ഞാൻ ക്യാന്റീനിലെക്ക് നടന്നു. ചാരു എന്നെയും നോക്കി മുഷിഞ്ഞിരിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി. എന്നെ കണ്ടപ്പോൾ ആള്‌ ഉഷാറായി പിന്നേ സംഭവിച്ചതറിയാനുള്ള ക്യൂരിയോസിറ്റി ആയി. ഞാൻ വള്ളി പുള്ളി തെറ്റാതെ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. “ശ്ശോ… അങ്ങേരെന്തു മനുഷ്യനാ സംഭവിച്ചതൊക്കെ അറിഞ്ഞിട്ടും അങ്ങേർക്കൊരു ജീവിതം കൊടുക്കാൻ ഒരു പെൺകുട്ടി തയ്യാറായി വരുമ്പോൾ.അവളെ അകറ്റിയോടിക്കാൻ നോക്കുന്നോ?….. മണ്ടൻ….. ” അവളുടെ സംസാരം കേട്ടു എനിക്ക് ചിരി വന്നു

“എന്നിട്ട് നിന്റെ നെക്സ്റ്റ് പ്ലാൻ എന്താ? ” “എന്ത് പ്ലാൻ ഞാൻ എന്റെ സ്റ്റാൻഡിൽ ഉറച്ചു നിൽക്കുന്നു. പപ്പയ്ക്ക് കൊടുത്ത വാക്ക്, പിന്നേ ആ പാവം അമ്മയ്ക്കും ഞാൻ പ്രതീക്ഷ കൊടുത്തില്ലേ? ” “അതൊക്കെ ശെരി തന്നെ. അവർ നല്ല അമ്മയുമായിരിക്കാം ബട്ട്‌ നീ വിവാഹം കഴിക്കുന്നതും തുടർന്നു ജീവിക്കുന്നതും അമ്മയോടൊപ്പം അല്ല അവരുടെ മകനോടൊപ്പം ആണ്. അതുകൊണ്ട്…. ” “ഇല്ല ചാരു ഇനി ഞാനായിട്ട് ഒന്നും ചെയ്യില്ല. അല്ലാതെ എന്തെങ്കിലും സംഭവിക്കുന്നെങ്കിൽ സംഭവിക്കട്ടെ. ഇപ്പോൾ എനിക്ക് എറ്റവും പ്രധാനം എന്റെ പപ്പയുടെ ലൈഫ് ആണ്. എന്റെ കാര്യം ഒക്കെ അത് കഴിഞ്ഞു മതി.

പപ്പയുടെ യാത്ര ഒരു കാരണവശാലും മുടങ്ങുവാനോ നീളുവാനോ പാടില്ല. ഇപ്പൊ പ്രത്യേകിച്ചു പപ്പയ്ക്ക് നല്ല പേടിയുണ്ട്. ഇങ്ങനെ പേടിച്ചു എന്തെങ്കിലും വരുത്തി വയ്ക്കുമോ എന്നാ എന്റെ ടെൻഷൻ. ” “പക്ഷെ…. സച്ചു അവനിതറിഞ്ഞാൽ ഉറപ്പായും എതിർക്കും.ഇപ്പൊ തന്നെ അങ്കിളിന്റെ കാര്യം ആലോചിച്ചു പാതി സമ്മതത്തോടെയാ. ഇതും കൂടി അറിഞ്ഞാൽ…. ” “അതിന് അവൻ ഇത് അറിയില്ല… നമ്മൾ രണ്ടാളും ഇത് പറയുന്നില്ല. നീ എനിക്ക് വാക്ക് തരണം.അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ് എങ്കിലും ഇപ്പോൾ ഇതാണ് നല്ലത് എന്ന് എന്റെ മനസ്സ് പറയുന്നു ” അത്രയും പറഞ്ഞു ബാഗും എടുത്ത് ഞാൻ കാന്റീൻ വിട്ടിറങ്ങി. പുറകെ ചാരുവും. ********

രാത്രി പതിവിലും നേരത്തെയാണ് ഹരി വീട്ടിൽ എത്തിയത്. അവന്റെ മുഖം മങ്ങിയിരിക്കുന്നതു കണ്ടു പാർവതിയമ്മ കാര്യം അന്വേഷിച്ചു. ഒന്നുമില്ലെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു അയാൾ റൂമിലേക്ക്‌ പോയി. പിറ്റേന്ന് രാവിലെ ഭക്ഷണം വിളമ്പി കൊണ്ടിരുന്നപ്പോൾ.മിണ്ടാതിരുന്ന അയാൾ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി സംസാരിച്ചു തുടങ്ങി. “ഇവിടെ ഷേർളി ആന്റി വന്ന കാര്യം അമ്മ എന്നോട് പറഞ്ഞില്ലല്ലോ ” പാർവതി അമ്മ ആശ്ചര്യത്തോടെ ഹരിയെ നോക്കി. “മോൻ ചന്ദനമോളൊടു സംസാരിച്ചോ? ” “ആഹ്… ആ ഫയൽ എനിക്ക് തിരിച്ചു നൽകി.

ഇതൊന്നും വേണ്ടിയിരുന്നില്ല അമ്മേ. ” “നിന്റെ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ ആരും നിന്റെ ജീവിതത്തിലേക്ക് വരില്ലെന്നല്ലേ നീ പറഞ്ഞത്. അത് തെറ്റാണെന്നു എന്റെ മോനിപ്പോൾ മനസ്സിലായില്ലേ.നിന്റെ പാസ്ററ് ഉൾക്കൊള്ളാൻ അവൾക്കു കഴിഞ്ഞെങ്കിൽ ഉറപ്പായും നിന്നെ ഉൾക്കൊള്ളാനും അവൾക്കു കഴിയും. അമ്മയ്ക്ക് ഉറപ്പുണ്ട്.എന്റെ മോന് കിട്ടാവുന്നതിൽ വച്ചു ഏറ്റവും നല്ല ഭാര്യ അവളാണ്….ചന്ദന.പിന്നേ ഷേർളി വന്ന കാര്യം അമ്മ മനപ്പൂർവം ഒഴിവാക്കിയതായിരുന്നു. സത്യത്തിൽ അവളെ ഞാൻ വിളിച്ചു വരുത്തിയതാണ്. എന്തായാലും എന്റെ മോന് ചന്ദന മോളെ വിളിക്കണമെന്നും സംസാരിക്കണമെന്നും തോന്നിയല്ലോ.

അമ്മയ്ക്ക് ഒത്തിരി സന്തോഷമായി. ” അതും പറഞ്ഞു കണ്ണ് തുടയ്ക്കുന്ന പാർവതിയമ്മയെ കുറ്റബോധത്തോടെ ഹരി നോക്കി നിന്നു. ******* പിറ്റേന്ന് വൈകുന്നേരം ആയപ്പോൾ പപ്പയെ അവിടുത്തെ അമ്മ വിളിച് നിശ്ചയത്തിനു അവർക്കു സൗകര്യമുള്ള തീയ്യതി പറഞ്ഞു തന്നു. നിശ്ചയം അവിടെ വച്ചു നടത്താമെന്ന സജ്ജെഷൻ വച്ചതും അമ്മയായിരുന്നു. ഇവിടുന്നു ആരും അങ്ങോട്ടു വീട് കാണാൻ പോവാത്തതിനാൽ രണ്ടു ചടങ്ങും ഒരുമിച്ചു നടക്കുമെന്ന് അമ്മ പറഞ്ഞു.ഇവിടെ എല്ലാവരും അത് ശരിവച്ചു. അങ്ങനെ കാര്യങ്ങൾ ഒക്കെ വേഗത്തിലായി.

ദിവസങ്ങൾ ശര വേഗത്തിൽ പാഞ്ഞു പോയി കൊണ്ടിരുന്നു. പപ്പയ്ക്കും ശങ്കുമാമയ്ക്കും കാര്യങ്ങളൊക്കെ പ്ലാൻ ചെയ്യാനുണ്ടെന്ന് പറഞ്ഞു തിരക്കോടു തിരക്കാണ്.ഞാൻ ആണെങ്കിൽ എക്സാം അടുത്തത് കാരണം കോൺസെൻട്രേഷൻ കിട്ടാതെ പഠിക്കാൻ കഷ്ടപ്പെടുന്നു. ഇടയ്ക്കു പഠിച്ചു മടുക്കുമ്പോൾ അവരോടൊപ്പം പോയിരിക്കും.പക്ഷെ കല്യാണ കാര്യം കേൾക്കുമ്പോൾ ടെൻഷൻ കൂടുകയല്ലാതെ കുറയുന്നില്ലായിരുന്നു.പപ്പയും മാമയും പോവുന്ന കാര്യം ആലോചിക്കുമ്പോൾ ചങ്കു പൊട്ടിപ്പോവുന്ന പോലെ തോന്നും. പപ്പയുടെ സെന്റി അടി ഒക്കെ മുറപോലെ നടക്കുന്നുണ്ട്.പോരാത്തതിന് ഇപ്പോൾ മാമയുടെ കട്ട സുപ്പോര്ട്ടും ഉണ്ട്.

എത്രയൊക്കെ പിടിച്ചു നിൽക്കാൻ നോക്കിയാലും അവസാനം ഞാനും കരയും. ഇതിനിടയിൽ സച്ചുവും ചാരുവും വരുന്നതാണ് ഏക ആശ്വാസം. അവർ കൂടി ഇല്ലായിരുന്നെങ്കിൽ ഞാൻ എങ്ങനെ പിടിച്ചു നിന്നേനെ. അപ്പോൾ പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ നാളെയാണ് നിശ്ചയം. ചടങ്ങിന് ആണുങ്ങൾ മാത്രം മതിയെന്ന് ആദ്യമേ തീരുമാനിച്ചതായിരുന്നു.ഞങ്ങളോട് വളരെ ക്ലോസ് ആയ ആളുകളെ മാത്രമേ ക്ഷണിച്ചിരുന്നുള്ളു. നാളെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുമെന്ന ചിന്ത ഇന്നത്തെ എന്റെ ഉറക്കം കെടുത്തി. പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു. ഇന്നലെ ഉറക്കം ഒട്ടും ശരിയായിരുന്നില്ല. ചടങ്ങിൽ പങ്കെടുക്കാനുള്ളവരൊക്കെ നേരത്തെ എത്തിയിട്ടുണ്ടായിരുന്നു.

സച്ചും ചാരും വന്നിട്ടുണ്ട്. സച്ചു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നുണ്ട്.എല്ലാവരും പോവുമ്പോൾ എനിക്ക് കൂട്ടിരിക്കാൻ വന്നതായിരുന്നു ചാരു.കൃത്യം 9 മണിക്കു അവർ ഇറങ്ങി. ചാരു എന്തൊക്കെയോ കഥകൾ പറയുന്നുണ്ടായിരുന്നെങ്കിലും പകുതിയും ഞാൻ കേട്ടില്ല എന്റെ മനസ്സ് മറ്റെങ്ങോ ആയിരുന്നു.അവിടുത്തെ കാര്യങ്ങൾ എന്തായെന്നറിയാനുള്ള ആകാംഷ എന്നിൽ വന്നു നിറയുന്നുണ്ടായിരുന്നു. പലവട്ടം സച്ചുവിനെ വിളിക്കാൻ ഫോൺ എടുത്തെങ്കിലും പിന്നേ എന്നെ തന്നെ സ്വൊയം ശകാരിച്ചു ഫോൺ തിരികെ വച്ചു. ചാരുവാണെങ്കിൽ എന്റെ ഈ കളികളൊക്കെ കണ്ടു കിളിപോയ അവസ്ഥയിൽ ആയിരുന്നു. *******

ഹരിയുടെ വീട്ടിലും ചടങ്ങിന് പങ്കെടുക്കാനുള്ള അടുപ്പക്കാർ എല്ലാം രാവിലെ എത്തി.നിശ്ചയം പ്രമാണിച്ചു കിച്ചുവും ദിയയും ഇന്നലെ എത്തിയിരുന്നു. വരുന്നവരെ നല്ല രീതിയിൽ സ്വീകരിക്കാനുള്ള ഓട്ടപ്പാച്ചിലിൽ ആയിരുന്നു എല്ലാവരും.അതിനിടയിൽ ഓഫീസിലേക്ക് ചാടാൻ ഹരി ഒരു ശ്രമം നടത്തിയെങ്കിലും പാർവതിഅമ്മ പിടിച്ചു കെട്ടി. ഏകദേശം 9.15 ആയപ്പോഴേക്കും ചന്ദനയുടെ വീട്ടുകാർ എത്തി. ഏറ്റവും നല്ല സ്വീകരണം തന്നെ അവിടെ അവർക്ക് ലഭിച്ചു.പരസ്പരം പരിചയപ്പെട്ട ശേഷം അധികം വൈകാതെ നിശ്ചയത്തിന്റെ ചടങ്ങുകളിലേക്ക് കടന്നു.

വരന്റെയും വധുവിന്റെയും ജാതകങ്ങൾ പരിശോധിച് മൂന്ന് ആഴ്ചകൾക്ക് ശേഷമുള്ള വളരെ ഉത്തമമായ ഒരു മുഹൂർത്തം തന്നെ ജോൽസ്യൻ കണ്ടെത്തി. അതിനു ശേഷം വിവാഹം എങ്ങനെ എന്ന കൂടിയാലോചനകളിലേക്കു കടന്നു. അങ്ങനെ എല്ലാ അഭിപ്രായങ്ങൾക്കും ഒടുവിൽ വിവാഹം ചന്തുവിന്റെ വീടിനടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ വച്ചു നടത്താൻ തീരുമാനമായി.അങ്ങനെ വിവാഹ സംമ്പന്തമായ എല്ലാ കാര്യങ്ങളും തീരുമാനിച്ചുറപ്പിച് ഭക്ഷണവും കഴിഞ്ഞാണ് വിരുന്നുകാരൊക്കെ മടങ്ങിയത്. **

ഉച്ചയ്ക്ക് ഫുഡും കഴിച്ചു ഞാനും ചാരും ഉമ്മറത്ത് ഇരിക്കുമ്പോഴാണ് പോയവരൊക്കെ തിരിച്ചു വന്നത്. പോയവരൊക്കെ എന്ന് പറയാൻ പറ്റില്ല ആക്ച്വലി പപ്പയും മാമയും നന്ദൻ അങ്കിളുംപിന്നേ സച്ചുവും ആണ് തിരിച്ചു വന്നത് ബാക്കി പോയവരൊക്കെ വഴിയിൽ വച്ചു തന്നെ പിരിഞ്ഞു പോയി. എല്ലാരും വന്നു ഞങ്ങളുടെ കൂടെ ഉമ്മറത്തു ഇരുന്നു കുറച്ചു നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്നു. കുറച്ച് കഴിഞ്ഞു മാമയും പപ്പയും ക്ഷീണം ഉണ്ടെന്നു പറഞ്ഞു റസ്റ്റ്‌ എടുക്കാൻ പോയി, നന്ദൻ മാമ വീട്ടിലേക്കും. പിന്നേ ഞങ്ങൾ മൂന്നുപേരായി കഥ പറയാൻ. സച്ചു അവിടെ നടന്ന കാര്യങ്ങൾ വള്ളി പുള്ളി വിടാതെ പറയുമ്പോൾ ഞാനും ചാരും നല്ല കേൾവിക്കാരായി കേട്ടിരുന്നു.

“അങ്ങനെ നിന്റെ H.P യെ ഞാൻ പരിചയപ്പെട്ടു.”(സച്ചു ) “H.P യോ? “(ചാരു ) “ആഹ്….. ഹരി പ്രസാദ് എന്ന് നീട്ടി വിളിച് കഷ്ടപ്പെടേണ്ടല്ലോ. അതുകൊണ്ടു ചുരുക്കി H.P എന്ന് എളുപ്പത്തിൽ വിളിക്കാം. പിന്നേ ഓഫീസിൽ ആൾക്ക് അങ്ങനൊരു ഷോർട് നെയിം ഉണ്ടെന്നു അന്നത്തെ അന്വേഷണത്തിൽ കേട്ടിരുന്നു. ആള് കുറച്ചു ഉൾവലിഞ്ഞ ടൈപ്പ് ആണെന്ന് തോന്നുന്നു. പിന്നേ ആളുടെ അമ്മേം അനിയനും ഒക്കെ സൂപ്പർ ആണ്. “(സച്ചു ) “അനിയൻ ഉണ്ടായിരുന്നോ? “(ചാരു ) “പിന്നില്ലാതെ…. ഏട്ടന്റെ വിവാഹനിശ്ചയത്തിനു അനിയൻ ഇല്ലാതിരിക്കുമോ? “(സച്ചു ) “എന്നിട്ട് കിച്ചുവേട്ടൻ എന്തൊക്കെ പറഞ്ഞു?

” അവളുടെ ചോദ്യം കേട്ടു സച്ചുവും ഞാനും അന്തം വിട്ടു അവളെ നോക്കി? “എന്താടി മോളെ ഒരിളക്കം? “(ചന്തു ) “ഏയ്‌ ഒന്നുല്ല ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ. “(ചാരു ) “ഉവ്വ…. നിന്റെ ചാട്ടം എങ്ങോട്ടാണെന്നൊക്കെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്. “(സച്ചു ) “ശേയ്…… 🙈.അതുവിട് എന്തായാലും ഇവളുടെ H.P ഉൾവലിയനാണെന്നോർത്തു നീ പേടിക്കണ്ട. ഇവളെവിടെ ചെന്നു കഴിഞ്ഞു അയാളെ വലിച്ചു കീറി പുറത്തിട്ടു ഭിത്തിയിൽ ഒട്ടിച്ചോളും. അല്ലേലും അങ്ങേരെ കുറ്റം പറഞ്ഞൂടാ ഇവളെ പോലെ അയാളും ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നല്ലേ പറഞ്ഞത്.ഇനിയിപ്പം രണ്ടാൾക്കും കല്യാണം കഴിഞ്ഞു ഒരുമിച്ചിരുന്നു ചിന്തിച്ചു തുടങ്ങാം. ”

“വിവാഹത്തെ കുറിച്ച് ചിന്തിച്ചില്ലെന്നു അയാള് പറഞ്ഞോ? “(സച്ചു ) സച്ചു ഞെട്ടി എന്നെയും ചാരുവിനെയും നോക്കി. ഞാൻ ചാരുവിനെ നോക്കി കണ്ണുരുട്ടി. അവളാണെങ്കിൽ അബദ്ധം പറ്റിയതോർത്തു നാവു കടിച്ചു. “അയാള് അങ്ങനെ പറഞ്ഞില്ല. പക്ഷെ അന്ന് മൂപ്പരുടെ അമ്മ ഫ്ലാഷ് ബാക്ക് പറഞ്ഞപ്പോൾ പറഞ്ഞില്ലേ. കല്യാണം വേണ്ടാന്ന് പറഞ്ഞു ഇരിപ്പായിരുന്നെന്നു ഞാൻ അതോർത്തു പറഞ്ഞതാ. “(ചാരു ) ചാരു അത്രയും പറഞ്ഞപ്പോൾ സച്ചുവിന്റെ മുഖത്ത് ആശ്വാസം തെളിഞ്ഞു എന്റെ മുഖത്തും. “ഓഹ്….. അതായിരുന്നോ? “(സച്ചു ) “എന്നാലും ഞാൻ അതല്ല വിചാരിക്കുന്നത്.

കിച്ചുവേട്ടന് ഇങ്ങനത്തെ ഫ്ലാഷ് ബാക്ക് ഒന്നും ഇല്ലേ ആവോ? “(ചാരു ) “അങ്ങനെ ഉണ്ടെങ്കിൽ? “(ചന്തു ) “അല്ല അങ്ങനെ ഉണ്ടെങ്കിൽ വേണമെങ്കിൽ ഞാനൊരു ജീവിതം കൊടുക്കാമായിരുന്നു. “(ചാരു ) “അയ്യടാ…… “(ചന്തു, സച്ചു ) “അല്ല…നിങ്ങളൊക്കെ നിർബന്ധിക്കാണെങ്കിൽ മാത്രം “(ചാരു ) “ഇപ്പൊ തത്കാലം ഞങ്ങളാരും നിർബന്ധിക്കാൻ ഉദ്ദേശിക്കുന്നില്ല. കേട്ടോ ചന്തു…. ഇവളു മിക്കവാറും ടീച്ചറമ്മയെ കൊണ്ടു ചൂലെടുപ്പിക്കും. “(സച്ചു ) ഞാനും, സച്ചും അങ്ങനെ ഓരോന്ന് പറഞ്ഞു ചാരുനെ വാരാൻ തുടങ്ങി. അവൾ ഞങ്ങളെ രണ്ടാളേം നോക്കി കൊഞ്ഞനം കുത്തി.അങ്ങനെ കുറേ നേരം സംസാരിച്ചു വൈകുന്നേരം ആയപ്പോൾ അവർ പോയി.

അന്ന് രാത്രി സച്ചു വിളിച്ചു മെയിൻ എക്സാമിന്റെ ഡേറ്റ് വന്ന കാര്യം അറിയിച്ചു. വിവാഹം കഴിഞ്ഞു അടുത്ത ആഴ്ച എക്സാം സ്റ്റാർട്ട്‌ ചെയ്യും. പിറ്റേന്ന് രാവിലെ പപ്പയോടു എക്സാമിന്റെ കാര്യം പറയുമ്പോളാണ് ജോൺ അങ്കിൾ വിളിച്ചത് പപ്പയുടെ യാത്രയുടെ ഡേറ്റ് അറിയിക്കാൻ വിളിച്ചതായിരുന്നു. വിവാഹം കഴിഞ്ഞു ഒരു ദിവസം മാത്രമേ പപ്പയും മാമയും നാട്ടിലുണ്ടാവു അതിന്റെ പിറ്റേന്ന് രാത്രി 10 മണിക്കുള്ള ഫ്ലൈറ്റിൽ അവർ പോകും. ആ കാര്യം ഓർക്കുംതോറും ഹൃദയം പൊള്ളി പിടയുന്നുണ്ടായിരുന്നു.

പപ്പയും മാമയും എന്നെ കാണിക്കാൻ പുറമെ ചിരിച്ചു കാണിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഒത്തിരി സങ്കടപ്പെടുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. പ്രധാനപ്പെട്ട എല്ലാ തീയ്യതികളും അറിഞ്ഞതോടെ കാര്യങ്ങൾ ഒക്കെ വേഗത്തിലായി.വിവാഹം കഴിഞ്ഞു പിറ്റേന്ന് അടുത്തുള്ള വലിയ ഹാളിൽ വച്ചു എല്ലാവർക്കും വേണ്ടി റിസപ്ഷൻ നടത്താൻ തീരുമാനമായി.എന്റെയും H.P യുടെയും വീട്ടുകാർ ഒരുമിചാണ് റിസപ്ഷൻ നടത്തുന്നത്. അതാവുമ്പോൾ സമയവും ലാഭിക്കാം. ഇരു കൂട്ടർക്കും പരസ്പരം പരിചയപ്പെടുകയും ചെയ്യാം. പപ്പയുടെ യാത്രയുടെ ഡേറ്റ് വന്നതിനാൽ റിസപ്ഷൻ കഴിഞ്ഞു ഞങ്ങൾ വിരുന്നിനു എന്റെ വീട്ടിലേക്കു വരാം എന്ന് തീരുമാനിച്ചു.കൂടെ ആഭരണം എടുപ്പും ഡ്രസ്സ്‌ എടുപ്പും ഒക്കെ വേഗത്തിൽ ആക്കി.

എന്റെ പഠന സമയം മാക്സിമം ലാഭിക്കാൻ ഒരു ദിവസം കൊണ്ടു എല്ലാം തീർക്കാൻ തീരുമാനമായി. താലിയും മോതിരവും പുടവയും അതോടൊപ്പം എടുക്കാമെന്ന ധാരണയിൽ ഞങ്ങളോടൊപ്പം അവിടുന്ന് ദിയയും അമ്മയും വന്നു. പിന്നേ എന്റെ കൂടെ പപ്പയും മാമയും ചാരുവും പിന്നേ വണ്ടിയോടിക്കാൻ നന്ദൻഅങ്കിളും ഉണ്ടായിരുന്നു. സച്ചുവിന് ഇതിലൊന്നും ഇന്റെരെസ്റ്റ്‌ ഇല്ലെന്നു പറഞ്ഞു ഒഴിഞ്ഞു മാറി.ആദ്യം ആഭരണം എടുക്കാനാണു പോയത്.പരമ്പരാഗത രീതിയിൽ ഉള്ള വളരെ കുറച്ചു ആന്റിക്ക് ആഭരണങ്ങൾ മാത്രമാണ് ഞാൻ എടുത്തത്.ആഭരണം എടുക്കാൻ അമ്മയും ചാരുവും എന്നെ സഹായിച്ചു.

ദിയ പിന്നേ അത്ര ആക്റ്റീവ് ആയി തോന്നിയില്ല. കൂടെ വന്നെന്നെ ഉള്ളൂ.ഫോൺ നോക്കി ഒരു മൂലയ്ക്ക് മാറി ഇരിക്കുവായിരുന്നു. അഭിപ്രായം ചോദിച്ചാലും ഒഴുക്കൻ മട്ടിൽ ഒന്നു ചിരിച്ചു കാണിക്കും.താലി സെലക്ട്‌ ചെയ്തു തന്നത് അമ്മയായിരുന്നു.ആലിലയിൽ ശ്രീ കൃഷ്ണ രൂപം കൊത്തി വച്ച വളരെ സിംപിൾ ആയ താലി എനിക്കൊത്തിരി ഇഷ്ടായി.പിന്നേ വിവാഹ മോതിരത്തിനായി എന്റെ വിരലിന്റെ അളവും പിന്നേ ഒരു മോഡലും സെലക്ട്‌ ചെയ്തു കൊടുത്തു ഉച്ചയോടെ ആഭരണം എടുപ്പ് പൂർത്തിയായി.അടുത്തുള്ള സ്റ്റാർ ഹോട്ടലിൽ നിന്നു ഫുഡ്‌ കഴിച്ചു ഞങ്ങൾ നേരെ പോയത് ഡ്രസ്സ്‌ എടുക്കാനാണ്.

വിവാഹം അമ്പലത്തിൽ നിന്നായതിനാൽ ഒരു സെറ്റ് സാരീ ആണ് ഞാൻ എടുത്തത്.പുടവയായി ചെണ്ടുമല്ലി കളർ ഉള്ളൊരു സാരി എടുത്തു. എന്റെ ഇഷ്ട പ്രകാരം എടുത്തതാണെങ്കിലും അവിടുത്തെ സെയിൽസ്ഗേൾ അതെന്നെ ഉടുപ്പിച്ചു കണ്ടപ്പോൾ എല്ലാവർക്കും തൃപ്തിയായി.ഇനി ബാക്കി എല്ലാവർക്കും ഡ്രസ്സ്‌ എടുക്കണം.H.P യ്ക്കും കിച്ചുവിനും ഒഴിവുള്ള ഒരു ദിവസം നോക്കി അവിടെ എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാൻ പോകണം എന്ന് അമ്മ പറയുന്നുണ്ടായിരുന്നു. അളവ് കൊടുത്താൽ ബ്ലൗസ് ഒക്കെ അവിടെ തന്നെ ഡിസൈൻ ചെയ്തു തയ്ച്ചു തരുമെന്ന് അവർ പറഞ്ഞു.അതനുസരിച്ചു അളവ് എടുക്കാനായി അവരെന്നെ വിളിച്ചു.

കൂടെ വരാൻ ചാരു തയ്യാറായെങ്കിലും ദിയ കൂടെ വന്നോളാം എന്ന് പറഞ്ഞു.ഇത്രയും നേരം മിണ്ടാതിരുന്ന ആൾ പെട്ടന്ന് ഉഷാറായപ്പോൾ ബാക്കി എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ നോക്കി വയ്ക്കാൻ ചാരുവിനെ ഏൽപ്പിച്ചു ഞാനും ദിയയും അളവ് എടുക്കാൻ സെയിൽസ് ഗേളിനു പിറകെ പോയി.ഞാൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും ആള് ഒന്നും താല്പര്യം ഇല്ലെന്ന മട്ടിൽ മൂളി കേട്ടു. അതോടെ ഞാൻ സംസാരം നിർത്തി. അളവെടുപ്പു കഴിഞ്ഞു തിരിച്ചു പോവാൻ മുൻപേ നടന്നപ്പോളാണ് ദിയ പുറകിൽ നിന്നു വിളിച്ചത്.

“അതെ ഒന്നു നിന്നെ…… ” എന്താണെന്ന മട്ടിൽ തിരിഞ്ഞു നോക്കുമ്പോളേക്കും അവളെന്റെ അടുത്തേക്ക് നടന്നടുത്തിരുന്നു. “താൻ നന്നായി ആലോചിച്ചിട്ടു തന്നെയാണോ ഇങ്ങനൊരു വിവാഹത്തിന് പച്ചകോടി കാട്ടിയത് ? ഇത് തനിക്കത്ര നന്നാവില്ല ” അത്രയും പറഞ്ഞു എന്നെ പുച്ഛത്തോടെ നോക്കി മുൻപേ നടന്നു പോകുന്ന അവളെ നോക്കി ഞാൻ അവിടെ തറഞ്ഞു നിന്നു പോയി….തുടരും

ഹരി ചന്ദനം: ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!