മഴമുകിൽ : ഭാഗം 38

മഴമുകിൽ : ഭാഗം 38

എഴുത്തുകാരി: അമ്മു അമ്മൂസ്

”അവർ എരിഞ്ഞടങ്ങുന്നത് ഞാനും ശക്തിയും കാണുമായിരുന്നു….. ഫോണിലേക്കും തീ പടർന്നു അത് പൊട്ടിത്തെറിക്കും വരെ…..” തരിച്ചിരിക്കുകയായിരുന്നു ഋഷിയും ശ്രീയും….. ഒരിക്കലും ഇത്തരമൊരു കാരണം പ്രതീക്ഷിച്ചിരുന്നില്ല… ”എങ്ങനെ… ”ശ്രീ രൂക്ഷമായി അവനെ നോക്കി ചോദിച്ചു.. പൈശാചികമായ ഒരു ചിരി അവന്റെ ചുണ്ടിൽ വിരിയുന്നത് കണ്ടു… ”വീഡിയോകാൾ വിളിച്ചുകൊണ്ടായിരുന്നു അവരോരോരുത്തരും മരിച്ചത്….മരണം നേരിട്ട് കാണാൻ പറ്റിയില്ല എങ്കിൽ ആ ദൃശ്യങ്ങളും അവർ ലഹരി കടത്തിയതിന്റെ തെളിവുകളുമെല്ലാം അവർ മരിച്ചു കഴിഞ്ഞിട്ടും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്നവരോട് പറഞ്ഞിരുന്നു…..

ഭർത്താവും മക്കളും നാണക്കേടിന്റെ പുതപ്പണിഞ്ഞു നടക്കാൻ ഒരു സ്ത്രീയും ആഗ്രഹിക്കില്ലല്ലോ…. മരണത്തിന് തൊട്ട് മുൻപ് അവരൊന്നു ഞങ്ങളെ ഒരു നിമിഷത്തേക്ക് നോക്കും….. അപ്പോള കണ്ണുകളിൽ യാചന മാത്രമാണ്…. മരണത്തിന് തൊട്ട് മുൻപുള്ള നിസ്സഹായത…. അത് കാണുമ്പോൾ ശക്തിയുടെ കണ്ണുകൾ വല്ലാതെ തിളങ്ങും അവൾ തന്നെ അവരോട് വായയിൽ തുണി തിരുകി നിറക്കാനും അത് ചുറ്റിക്കെട്ടാനും ആജ്ഞാപിക്കും…. വിറയലോടെ അവരത് ചെയ്യുമ്പോൾ ഇനി സംഭവിക്കാൻ പോകുന്നതിന്റെ കൗതുകം അവളിലും മരണം മുന്നിൽ എത്തിയതിന്റെ ഭയം അവരിലും നിറയും…..

തീ കൊളുത്തും മുൻപ് അവർ നോക്കുന്ന ഒരു നോട്ടമുണ്ട്…. ആ അവസാന നിമിഷത്തിലെങ്കിലും ഒരിറ്റ് ദയ പ്രതീക്ഷിച്ചുകൊണ്ട്….. അത് ലഭിക്കാതെ ആ ശരീരം അഗ്‌നിയിൽ അമരുമ്പോൾ ശക്തി എന്നോട് ഒന്നുകൂടി ചേർന്നിരിക്കും…. കൂടുതൽ എനിക്ക് വിധേയയായിക്കൊണ്ട്….. എന്നേ അന്ധമായി വീണ്ടും ഒരിക്കൽ കൂടി വിശ്വസിച്ചുകൊണ്ട്…” പുച്ഛം കലർന്ന ചിരിയോടെ അവനത് പറഞ്ഞതും മുഖമടച്ചു ഒന്ന് കൂടി കൊടുത്തിരുന്നു ശ്രീ… ”പ്ഫ…. പന്ന…. ഒന്നുമറിയാത്ത പാവങ്ങളെ കൊന്നു തള്ളിയിട്ടു നിന്ന് ചിരിക്കുന്നോടാ….”

”രാധയുടെ ഭർത്താവിന്റെ കാറിന്റെ നമ്പർ പ്ലേറ്റ് പതിപ്പിച്ച വാഹനം ഉപയോഗിച്ചത് എന്തിനായിരുന്നു….. അയാൾ സംശയത്തിന്റെ നിഴലിലായി നിന്നിലേക്ക് അന്വേഷണം എത്തില്ല എന്ന അതിബുദ്ധി…. അല്ലേ….. ” പല്ല് ഞെരിച്ചു അവന്റെ ഭാവങ്ങൾ നന്നായി വീക്ഷിച്ചുകൊണ്ട് ഋഷി പറഞ്ഞു…. തളർച്ചയോടെ അവൻ തലയാട്ടുന്നത് കണ്ടു…. ”അക്ബർ കുറച്ചു ജീവൻ ബാക്കി വച്ചേരെ….. പിന്നെ ഇന്റെർണൽ ഓർഗൻസ് ന് ഒന്നും ബ്ലീഡിങ്ങോ മറ്റോ വരുന്ന രീതിയിൽ ആകരുത്…..” ”എന്തായാലും നീ ഇത്രയും ചെയ്തതല്ലേ…. അവര് തുടങ്ങും മുൻപ് നിനക്ക് എന്റെ വകയും കൂടി തന്നില്ലെങ്കിൽ മോശമല്ലേ….”

പറഞ്ഞു തീരും മുൻപേ രണ്ടു കൈയും കൂട്ടി ചെകിട് നോക്കി അടിച്ചിരുന്നു ഋഷി…. ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന് തോന്നി ഷാജിക്ക്…. എല്ല് നുറുങ്ങും പോലെ വേദനിക്കുന്നു….. ”ആഹ്ഹ്ഹ്…”. കൈകൾ രണ്ടും കെട്ടി വച്ചിരുന്നതിനാൽ തല താഴേക്കാക്കി അവൻ അലറി….. തലയാകെ എന്തൊക്കെയോ മൂളും പോലെ….. തലയൊന്ന് നിവരും മുൻപേ അടുത്തതും കിട്ടിയിരുന്നു….. ”ഇനി ഒരിക്കലും നിന്നെക്കൊണ്ട് ഒന്നിനും കഴിയരുത്…” അവനെ നോക്കി അമർഷത്തോടെ മുരണ്ടുകൊണ്ട് ഋഷി പുറത്തേക്ക് ഇറങ്ങിയപ്പോളേക്കും പിന്നാലെ ശ്രീയും എത്തിയിരുന്നു….

”സർ ഇന്നലെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇവന്റെ കൈവശം നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ ധാരാളം സിം കാർഡുകൾ ഉണ്ടായിരുന്നു… അന്വേഷിച്ചപ്പോൾ മിക്കതും മരണപ്പെട്ട സാധാരണക്കാരുടേതാണ്… ചിലതൊക്കെ വ്യാജ മേൽവിലാസത്തിലും….” ”ഹ്മ്മ്….” ഋഷിയൊന്ന് മൂളി…. ”പക്ഷേ വിശ്വസിക്കാൻ കഴിയുന്നില്ല സർ….. ഒരു കാരണവും ഇല്ലാതെ അയാളുടെ മാത്രം സ്വാർത്ഥതക്ക് വേണ്ടി ഇത്രയും ആളുകളെ കൊല്ലുക എന്ന്വെച്ചാൽ…. ”ശ്രീയുടെ സ്വരത്തിൽ അപ്പോഴും അവിശ്വസനീയത നിറഞ്ഞു നിന്നു… ഋഷിയൊന്ന് ചിരിച്ചു….. ”കൊല്ലാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടെടോ….

താനീ സൈക്കോ സീരിയൽ കില്ലേഴ്സ് നേ കുറിച്ച് കേട്ടിട്ടില്ലേ…. അവർക്ക് പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്നില്ല…. പകയോ പ്രതികാരമോ ഒന്നും അവരുടെ ലക്ഷ്യം അല്ല….. അവർക്ക് ആ ഒരൊറ്റ നിമിഷം കിട്ടുന്ന ആനന്ദം അത് മാത്രമാണ് അവരുടെ മനസ്സിൽ അപ്പോൾ…. റ്റെഡ് ബണ്ടി മുതൽ നമ്മുടെ നാട്ടിലെ റിപ്പർ വരെ എല്ലാവരും ഇതേ കാരണത്താൽ കൊലപാതകങ്ങൾ നടത്തിയവരാണ്…. ഇവിടെ ഇയാൾക്ക് ശക്തിയെ എങ്ങനെയെങ്കിലും അയാളുടെ കൂടെ നിർത്തണം എന്നൊരാവശ്യം ഉണ്ടായിരുന്നു എന്ന് മാത്രം….

പകുതി കുറ്റം നമ്മുടെ ഇവിടുത്തെ രീതികളുടെ ഒക്കെ കൂടിയാടോ… ജുവനൈൽ ഹോമിൽ നിന്നും റിലീസ് ആകും മുൻപ് അവരവൾക്ക് ശെരിയായ ചികിത്സ നൽകി ഈ മനോനില ഭേദമാക്കിയിരുന്നു എങ്കിൽ ഒരിക്കലും അവളെ അയാൾ ചൂഷണം ചെയ്യില്ലായിരുന്നു…. മനസ്സ്…. നമുക്കൊന്നും ഒരിക്കലും പിടികിട്ടാത്ത സംഗതിയാടോ….. അതെപ്പോഴാ എങ്ങോട്ടാ ചാഞ്ചാടുക എന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല…. ”ശ്രീയുടെ തോളിൽ ഒന്ന് തട്ടി ആലോചനയോടെ ഋഷി പറഞ്ഞു… ??

വൈകുന്നേരം ഓഫീസിൽ നിന്ന് വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ ആ കുഞ്ഞിക്കൈകളും കാലും വാതിലിന്റെ മറവിൽ നിന്നും പുറത്തേക്ക് ഉണ്ടായിരുന്നില്ല….. നെറ്റിയൊന്ന് ചുളിച്ചു ദേവ അകത്തേക്ക് നടന്നു.. അച്ഛനും അമ്മയും കൂടി ടീവിയും കണ്ടു ഇരിപ്പുണ്ട്… ഏട്ടത്തി വൈദുനെ പഠിപ്പിക്കുവാ എന്ന് തോന്നുന്നു…. മുറിയിൽ നിന്നും പറഞ്ഞു കൊടുക്കുന്ന ശബ്ദം കേൾക്കാമായിരുന്നു… ”മോളെന്തിയെ അമ്മേ…. ”ചുറ്റിലും നോക്കിയിട്ടും കാണാതെയായപ്പോൾ അമ്മയോട് ചോദിച്ചു… ”മുറിയിൽ ഉണ്ട്…. എന്നോട് പിണങ്ങി ദാ ഇപ്പൊ അങ്ങോട്ട് പോയതേ ഉള്ളൂ….

ടീവിയിൽ ഏതോ ഒരു പെണ്ണ് സാരി ഉടുത്തു പറഞ്ഞിട്ട് അത് ഉടുക്കണം എന്ന് പറഞ്ഞിട്ടായിരുന്നു ബഹളം…. ഇല്ലെന്ന് പറഞ്ഞപ്പോൾ പിണങ്ങി അകത്തോട്ടു പോയിട്ടുണ്ട്….” അമ്മ പറയുന്നത് കേട്ടപ്പോൾ അറിയാതെ ചിരി പൊട്ടി…. ഇടയ്ക്കിടയ്ക്ക് ഉള്ളതാണ് സാരിയുടെ പേരിലുള്ള ഈ പിണക്കം രണ്ടാളും കൂടി… ടീവിയിൽ ഏതെങ്കിലും ഒരു ചെറിയ കുട്ടി എന്തെങ്കിലും പ്രോഗ്രാമിന് സാരി ഉടുത്ത് വന്നാൽ അപ്പൊ തന്നെ ആൾക്കും ഉടുക്കണം…. പിന്നെ ഷാളൊക്കെ സാരി പോലെ ചുറ്റി ഉടുത്താലേ സമാധാനം ആകൂ…. അമ്മക്ക് പേടിയാണ് ഉടുപ്പിക്കാൻ തട്ടി വീഴും എന്ന് പറഞ്ഞിട്ട്…

അതുകൊണ്ട് മിക്കവാറും താൻ വന്നിട്ടാകും രണ്ടാളുടെയും പിണക്കം മാറ്റുക… മുറിയിലേക്ക് കയറി ചെന്നപ്പോഴേ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട്… ഇപ്പോഴും പിണക്കത്തിൽ ആണെന്ന് തോന്നുന്നു… ബാഗ് ടേബിളിന്റെ പുറത്തേക്ക് വെച്ച് അടുത്തേക്ക് ചെന്ന് അതുപോലെ കിടന്നു…. ”അമ്മേടെ അല്ലൂട്ടൻ പിണങ്ങി കിടക്കുവാ…. ഹ്മ്മ്….” ചോദിച്ചിട്ടും മറുപടിയൊന്നും ലഭിച്ചിരുന്നില്ല… ”അമ്മ ഉടുപ്പിച്ചു തരാല്ലോ പൊന്നിന് ഷാരി…..” എഴുന്നേറ്റിരുന്നു മോളെ മടിയിലേക്ക് എടുത്തു വെച്ചു പറഞ്ഞു…. ”അല്ലൂട്ടന് അമ്മ ഉടുപ്പിച്ചു തരട്ടെ…..” ”ബേണ്ട…..” തോളിലേക്ക് ചാഞ്ഞു കിടന്നു പറഞ്ഞു… പിണക്കം മാറിയിട്ടില്ല എന്ന് മനസ്സിലായി… ”അമ്മ ഉടുപ്പിച്ചു തരാടാ കണ്ണാ….”

ഒരു കോട്ടൺ ഷാൾ എടുത്തു സാരി പോലെ ചുറ്റി ഉടുത്തു കൊടുത്തു… ഉടുപ്പിക്കുന്നതും നോക്കി നിൽപ്പുണ്ട്… പയ്യെ പയ്യെ ആ മുഖം തെളിഞ്ഞു വരുന്നത് കണ്ടു…. സന്തോഷത്തോടെ സാരിയിൽ നോക്കി നിൽപ്പുണ്ട്… ”ഇപ്പൊ അമ്മേടെ അല്ലൂട്ടൻ വലിയ പെണ്ണായല്ലോ…. ഇനി നമുക്കൊരു ചെക്കനെ കണ്ടു പിടിച്ചു കല്യാണം ഒക്കെ നടത്താം….” മൂക്കത്തു വിരൽ വെച്ച് പറഞ്ഞതും നാണം കലർന്ന ചിരിയോടെ സാരിയിൽ ഒക്കെ തൊട്ട് നോക്കുന്നത് കണ്ടു…. ”അല്ലൂന് വാവ ഇല്ലല്ലോ കല്യാണം കയിച്ചൻ……” എന്തോ വലിയ കാര്യം കണ്ടെത്തിയത് പോലെയാണ് ചോദ്യം… എന്ത് മറുപടി പറയും എന്നറിയാതെ ദേവ ഒരു നിമിഷം കണ്ണും തള്ളി നിന്നു….

”അമ്മക്ക് ഇനിയും ഒരു വാവേനേ കിട്ടുമ്പോൾ അല്ലു മോളുടെ കല്യാണം നടത്താലോ നമുക്ക്….,, മോളുടെ ചോദ്യം കേട്ട് മുറിയിലേക്ക് വന്ന ഏട്ടത്തി പറഞ്ഞത് കേട്ടപ്പോൾ ഒരു വിളറിയ ചിരി മാത്രം നൽകി…. ഇതുവരെയായും അങ്ങനെയൊന്ന് ആലോചിച്ചിരുന്നില്ല…. തനിക്കത്തിന് കഴിയുമോ എന്നും അറിയില്ല…. ഇന്നും ഒരു പേടി സ്വപ്നം പോലെ അയാളോടൊപ്പം കഴിഞ്ഞ ഓരോ രാത്രിയും മനസ്സിലുണ്ട്… ”കഴിഞ്ഞതൊക്കെ നീ പൂർണ്ണമായും മറക്കണം എന്ന് ഞാൻ പറയില്ല ദേവേ… പക്ഷേ നീ അതിൽ നിന്നൊക്കെ പുറത്ത് വന്നേ മതിയാകൂ… വർഷം ഇത്രയും ആയില്ലേ…. ഋഷി ഒരിക്കലും അയാളെപ്പോലെയാകില്ല … ഋഷിയുടെ മോളുതന്നെയാണ് അല്ലുമോള്… ഇനി മാറേണ്ടത് നീയാണ്…..

”ലച്ചു ദേവയെ ചേർത്ത് പിടിച്ചു പറഞ്ഞു… മറുപടി ഒന്നും പറയാൻ കഴിഞ്ഞില്ല…. അല്ലെങ്കിലും സ്വയം ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് എന്ത് മറുപടി നൽകാനാണ്…. ഏട്ടത്തിയുടെ തോളിലേക്ക് തല ചായ്ച്ചു നിന്നു…. ഒരു ചേർത്ത് നിർത്തൽ അപ്പോൾ വളരെ അത്യാവശ്യമായി തോന്നി…. ദേവയുടെ മനസ്സ് അറിഞ്ഞെന്നോണം ലച്ചു പതിയെ അവളുടെ മുടിയിൽ ഒന്ന് തഴുകി നിന്നു… ?????????????????????????????????? സന്ധ്യയോട് അടുത്തിരുന്നു ശ്രീ വീട്ടിലേക്ക് എത്തിയപ്പോൾ… അഭിയെ നോക്കിയിട്ട് എങ്ങും കാണാതെ അകത്തേക്ക് നടന്നു…. മുറി തുറന്നു അകത്തേക്ക് കയറിയപ്പോളെ അവളിവിടെ ഉണ്ടെന്ന് തോന്നി… അത് ശെരിവെക്കും പോലെ അപ്പോഴേക്കും രണ്ടു കൈകൾ പിന്നിൽ കൂടി ചുറ്റിപ്പിടിച്ചിരുന്നു…

കുറച്ചു നേരം അങ്ങനെ തന്നെ നിന്നു…. പതിയെ വിരലുകൾ അവളുടേതുമായി കോർത്തു പിടിച്ചു….. ”ഇന്നെന്താണ്… പതിവില്ലാതെ പുതിയ സ്വീകരണം ഒക്കെ…. ഹ്മ്മ്….” ശ്രീ ചോദിച്ചതും അവളൊന്ന് കൂടി അവന്റെ ചുമലിലേക്ക് മുഖം പൂഴ്ത്തി… ”പേടിയാകുന്നു……” ”എന്തിന്….. ഹ്മ്മ്….. നാളെ നിച്ഛയം ആയിട്ടാണോ…” അവൻ ചോദിച്ചതും അതേയെന്ന ഭാവത്തിൽ തലയൊന്ന് അനങ്ങുന്നത് പോലെ തോന്നി…. ”എങ്കിൽ നമുക്ക് വേണ്ടെന്ന് വച്ചാലോ….” പറഞ്ഞു നാവ് അകത്തേക്ക് ഇടുമ്പോഴേക്കും പുറത്ത് ശക്തിയായി അടി വീണിരുന്നു…. ഒറ്റ നിമിഷംകൊണ്ട് കൈയും എടുത്തു മാറ്റിയിട്ട് പിണക്കത്തോടെ അകന്നു മാറുന്നത് കണ്ടു… തിരിഞ്ഞു നോക്കിയപ്പോളേക്കും രണ്ടു കണ്ണും നിറച്ചു നോക്കി നിൽക്കുന്നത് കണ്ടു…

അപ്പോഴാണ് പറഞ്ഞ കാര്യം അവൾ സീരിയസ് ആയി എടുത്തു എന്ന് മനസ്സിലായത്…. ”എടി പെണ്ണെ ഞാൻ വെറുതെ പറഞ്ഞതാ….” തൊടാൻ ചെന്നപ്പോഴേക്കും ദേഷ്യത്തോടെ കൈ തട്ടി മാറ്റിയിരുന്നു…. ”വേണ്ട….. ഇതാ ആഗ്രഹം എന്നെനിക്ക് നന്നായി അറിയാം….. അല്ലെങ്കിലും ഇഷ്ടം പറഞ്ഞതും പിറകേ നടന്നതും എല്ലാം ഞാനല്ലേ….”. രണ്ടു കണ്ണും അമർത്തി തുടച്ചു അവനെ നോക്കി പറഞ്ഞു… മുറിക്ക് പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോഴേക്കും പിന്നിൽ കൂടി വന്നു ചുറ്റിപ്പിടിച്ചു തടഞ്ഞു നിർത്തിയിരുന്നു…. തോളിലേക്ക് താടിയൂന്നി നിൽക്കുന്നത് കണ്ടിട്ടും തിരിഞ്ഞു നോക്കിയില്ല …. പിണക്കത്തോടെ മുഖം തിരിച്ചു നിന്നു…. ”ഇഷ്ടം പറഞ്ഞാലേ അറിയൂ….”

ചെവിയോട് ചേർന്ന് അവന്റെ ശബ്ദം എത്തിയപ്പോൾ കണ്ണുകൾ അടച്ചു നിന്നു… നെഞ്ചിടിപ്പ് വല്ലാതെ കൂടും പോലെ തോന്നി അഭിക്ക്…. ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു വെപ്രാളം ഉള്ളിൽ നിറയും പോലെ…. അവളിൽ നിന്നും പ്രതികരണം ഒന്നും ലഭിക്കാതെയായപ്പോൾ ശ്രീ പതിയെ കാതിലേക്ക് പതിയെ ചുണ്ട് ചേർത്തു…. അവന്റെ ശ്വാസം ചെവിയിൽ തട്ടും തോറും മേലാകെ ഒരു തരിപ്പ് കടന്നു പോകും പോലെ തോന്നി അഭിക്ക്…. ”എനിക്ക് പറയുന്നതിനേക്കാൾ ഇങ്ങനെ പറയാതെ അറിയിക്കുന്നതാണ് ഇഷ്ടം എന്റെ അഭിയേ….. കൂടുതൽ വാക്കിലൊന്നും പറയാൻ എനിക്കറിയില്ല…. പിന്നാലെ നടന്നു ഇഷ്ടം പറയാനും അറിയില്ല….. ഞാനിങ്ങനെയൊക്കെയാണ്…

പക്ഷേ ഒരു കാര്യം നിനക്ക് വാക്ക് തരാം ഈ ശ്രീരാജ് ഒരു പെണ്ണിന്റെ സീമന്തരേഖ ചുവപ്പിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാത്രമായിരിക്കും….. നീ ഇനി എന്നോട് എത്ര പിണങ്ങിയാലും ആ പിണക്കങ്ങളൊന്നും ഒരു രാത്രിയിൽ കൂടുതൽ നീളാതെ ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ നിന്നെ ദാ ഇങ്ങനെ ചേർത്ത് പിടിച്ചോളാം….. നിന്റെ ഓരോ വാശിയും കുറുമ്പും നിന്റെ മുന്നിൽ ചിലപ്പോൾ ദേഷ്യം കാട്ടിയിട്ട് നീ പോലും അറിയാതെ അതൊരുപക്ഷേ നിന്റെ കൈവെള്ളയിൽ കൊണ്ട് തന്നേക്കാം…. ചിലപ്പോൾ നീ പറയുന്നത് കേൾക്കാൻ നിൽക്കാതെ ടെൻഷൻ കാരണം ദേഷ്യപ്പെട്ടെന്ന് വരാം…..

ചിലപ്പോൾ രണ്ടെണ്ണം തന്നെന്നും വരാം….” അവസാനത്തെ വാചകം ചിരിയോടെ പറഞ്ഞു തീരുമ്പോഴേക്കും കൈമുട്ട് അവന്റെ വയറ്റിലേക്ക് കേറ്റിയിരുന്നു അഭി…. ”അങ്ങനെ തോന്നുമ്പോൾ തല്ല് കൊടുക്കാനെ വേറെ ആളെ നോക്കിക്കോ….. ” അവനെ നോക്കി ചുണ്ടൊന്ന് കോട്ടി ദേഷ്യം ഭാവിച്ചു പറഞ്ഞു പുറത്തേക്ക് നടന്നു….തിരിഞ്ഞു നോക്കാതെ മുറിയുടെ പടി കടന്നു പോകുമ്പോൾ കഴിഞ്ഞു പോയ നിമിഷങ്ങൾ ആലോചിച്ചു ഒരു പുഞ്ചിരി അവളിൽ വിടർന്നിരുന്നു… ?????? ഋഷി നല്ലോണം വൈകും എന്ന് പറഞ്ഞതിനാൽ മോളെയും കൊണ്ട് അച്ഛന്റെയും അമ്മേടെയും അടുത്ത് തന്നെ ഇരുന്നു….

വൈദു മോന്റെ കൂടെയിരുന്നു ടീവീ കാണുകയായിരുന്നു മോളു.. ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കാതെ രണ്ടു കണ്ണും ടീവിയിൽ തന്നെ ആയിരുന്നു…. ഋഷിയുടെ ബൈക്കിന്റെ ശബ്ദം കേട്ടതും സോഫയിൽ നിന്നും ചാടി എഴുന്നേറ്റു പുറത്തേക്ക് ഓടുന്നത് കണ്ടു…. ഓടി വന്നു രണ്ടു കൈയും വിടർത്തി സ്റ്റെപ്പിൽ നിൽക്കുന്ന ആളെ കണ്ടു ഋഷി ചിരിയോടെ ബൈക്കിൽ നിന്നും ഇറങ്ങി…. ”അച്ഛെടെ പൊന്ന് ഷാരി ആണോടാ…..” വാരി എടുത്തു മൂക്കുരസി ചോദിച്ചപ്പോൾ ചിരിയോടെ തലയിട്ടുന്നത് കണ്ടു… ”അച്ഛക്കും വേണോ ഷാരി…..”രണ്ടു കൈ കൊണ്ടും വാ പൊത്തി ചോദിക്കുന്നത് കേട്ടു… ”ഹ്മ്മ്….കള്ളിപ്പെണ്ണേ” ഒന്ന് ചുണ്ട് കടിച്ചു നോക്കിയപ്പോളേക്കും അവന്റെ കവിളിൽ ഉമ്മ വച്ചിരുന്നു…

വീട്ടിലേക്ക് നടക്കുമ്പോൾ ദേവ വല്ലാതെ ശാന്തയാണെന്ന് തോന്നി അവന്…. എന്തൊക്കെയോ ആലോചനകളിൽ മുഴുകി ഇരിക്കുകയാണ് എന്ന് മുഖഭാവം വിളിച്ചു പറയുന്നുണ്ടായിരുന്നു…. ”എന്താടോ…. എന്തെങ്കിലും പ്രശ്‌നം ഉണ്ടോ….” അവൻ ചോദിച്ചപ്പോൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഇല്ലെന്ന ഭാവത്തിൽ തലയാട്ടുന്നത് കണ്ടു… ”അമ്മ കയഞ്ഞല്ലോ മാമിനെ കെട്ടിപ്പിടിച്ചു….” അല്ലുമോള് പറയുന്നത് കേട്ടപ്പോൾ ഋഷി ദേവയെ ഒന്ന് സൂക്ഷിച്ചു നോക്കി…. ”എന്തിനാ അമ്മ കയഞ്ഞേ..”

ദേവയെ ഒന്ന് നോക്കി ഋഷി വീണ്ടും മോളോട് ചോദിച്ചു…. അടുത്തതായി മോളെന്താ പറയുക എന്ന ചമ്മലും പേടിയും ദേവയുടെ മുഖത്ത് നിറയുന്നത് കണ്ടു… ”മാമി പയഞ്ഞു അമ്മ വാവേണേ തരുമ്പോൾ അല്ലുമോൾക്ക് കല്യാണം കയിച്ചം എന്ന്…. അപ്പൊ അമ്മ കരഞ്ഞല്ലോ….” അല്ലു മോളുദേവയുടെ വിഷമത്തിന്റെ കാരണം കണ്ടു പിടിച്ചെന്ന ഭാവത്തിൽ ഋഷിയോട് പറഞ്ഞു…. അടക്കിപ്പിടിച്ച ചിരിയോടെ ദേവയെ നോക്കിയപ്പോൾ ചമ്മൽ കാരണം മുഖം തിരിക്കുന്നത് കണ്ടു…..തുടരും

മഴമുകിൽ: ഭാഗം 37

Share this story