നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 30

Share with your friends

സൂര്യകാന്തി

“കുഞ്ഞി…സൂര്യന് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു..അവൻ പുറത്തു നിൽപ്പുണ്ട്.. എന്താണ് പറയാനുള്ളതെന്ന് കേൾക്കുന്നതിൽ തെറ്റൊന്നുമില്ല്യാ ..” അനക്കമൊന്നുമില്ലാതെയിരുന്ന രുദ്രയെ നോക്കി പത്മ വീണ്ടും പറഞ്ഞു. “എനിക്കൊന്നും സംസാരിക്കാനില്ല്യാ… ആരോടും..” രുദ്ര മുഖമുയർത്താതെ തന്നെ പറഞ്ഞു.. അപ്പോഴും അവളിൽ നിസ്സംഗതയായിരുന്നു.. പത്മ അവളെ ഒന്ന് കൂടെ നോക്കി പുറത്തേക്ക് നടന്നു.. രുദ്ര കട്ടിലിൽ മുഖം കാൽമുട്ടിലേക്ക് ചേർത്ത് ഇരുന്നു.. അവളുടെ കണ്ണുകളിൽ നിന്നും അപ്പോഴും ഒരു തുള്ളി പോലും വന്നിരുന്നില്ല… “രുദ്രാ…?”

തൊട്ടരികെ നിന്നും ആ ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി.. സൂര്യനാരായണൻ.. “എനിക്ക് ഇയാളോടൊന്ന് സംസാരിക്കണം…” രുദ്ര ഒരു നിമിഷം അയാളെ തന്നെ നോക്കി നിന്നു..പിന്നെ പിടഞ്ഞെഴുന്നേറ്റു.. അവളുടെ മിഴികൾ കത്തുന്നത് പോലെ സൂര്യന് തോന്നി.. “എന്താ എഴുത്തുകാരനാണ് ഇനിയും പറയാനുള്ളത്..?” അവളുടെ ശബ്ദത്തിനു മൂർച്ചയേറിയിരുന്നു..സൂര്യൻ ഇതുവരെ കാണാത്ത, അറിയാത്ത രുദ്രയായിരുന്നു അത്… അയാളെ തുറിച്ചു നോക്കികൊണ്ട് അവൾ സൂര്യനരികെ എത്തി.. “രുദ്രാ.. ഞാൻ.. ഞാൻ തന്നെ ചതിക്കാനൊന്നും ശ്രെമിച്ചിട്ടില്ല..” രുദ്ര ചിരിച്ചു.. പൊള്ളയായ ചിരി..

“സാറിനെ ഞാൻ കുറ്റപ്പെടുത്തുന്നില്ല്യാ .. തെറ്റ് എന്റേത് മാത്രമായിരുന്നു.. ഞാനായിട്ട് അങ്ങോട്ട്‌ വരികയായിരുന്നല്ലോ..” “രുദ്രാ.. താൻ എന്തൊക്കെയാ പറയുന്നത്..?” രുദ്ര വീണ്ടും ചിരിച്ചു.. “ചതി മനസ്സിൽ ഇല്ലായിരുന്നുവെങ്കിൽ സാറിന് സത്യം പറയാമായിരുന്നു.. ഒളിച്ചു വെക്കേണ്ടതില്ലായിരുന്നല്ലോ..രുദ്രയ്ക്ക് ജീവനേക്കാൾ പ്രിയപ്പെട്ടവരാണ് അച്ഛനും അമ്മയും അമ്മൂട്ടിയും..അവർക്ക് വേണ്ടി മരിക്കാനും എനിക്ക് മടിയില്ല.. കൊല്ലാനും…” അവളുടെ ശബ്ദം മുറുകിയിരുന്നു.. സൂര്യന് മറ്റാരുടെയോ ശബ്ദം പോലെ തോന്നി..രുദ്ര സൂര്യന്റെ കണ്ണുകളിലേക്ക് നോക്കി.. “എനിക്ക് തെറ്റ് പറ്റി..

അന്ധമായ ആരാധന കൊണ്ടു മറ്റൊന്നും ഞാൻ ആലോചിച്ചില്ല്യാ .. അത് സത്യമാണ്.. പക്ഷെ ഇനിയില്ല്യാ…” സൂര്യന്റെ കണ്ണുകളിൽ തെളിഞ്ഞിരുന്ന വേദന രുദ്ര കണ്ടിരുന്നില്ല.. ആ മുഖത്ത് നോക്കുന്തോറും അവളുടെ മനസ്സ് മന്ത്രിക്കുന്നത് ഒന്ന് മാത്രമായിരുന്നു.. “വാഴൂരില്ലത്തെ സൂര്യനാരായണൻ..” “രുദ്രയുടെ മനസ്സിൽ സൂര്യനാരായണൻ മരിച്ചു… ഇനി.. ഇനി എനിക്കൊന്നും പറയാനില്ല്യാ.. ഒന്നും കേൾക്കാനും..” ദൃഢമായിരുന്നു രുദ്രയുടെ ശബ്ദം.. ഇത്‌ വരെ സൂര്യൻ കാണാത്തഭാവമായിരുന്നു രുദ്രയ്ക്ക്.. “എനിക്ക് പറയാനുള്ളതൊന്നും തനിക്ക് കേൾക്കണ്ടേ..?” സൂര്യന്റെ സ്വരത്തിൽ അപേക്ഷയായിരുന്നു അപ്പോഴും…

“പറഞ്ഞല്ലോ ഇനി എനിക്കൊന്നും കേൾക്കണ്ടാ…എന്നെ വിഡ്ഢിയാക്കിയ നിങ്ങളോട് വെറുപ്പ് മാത്രമേയുള്ളു എനിക്കിപ്പോൾ…” സൂര്യൻ പിന്നെയും എന്തോ പറയാൻ തുടങ്ങിയെങ്കിലും രുദ്രയുടെ മിഴികളിൽ തെളിഞ്ഞു നിന്ന ഭാവം കണ്ടപ്പോൾ നിശബ്ദനായി.. ഒന്ന് രണ്ടു നിമിഷം അവളെ തന്നെ നോക്കി നിന്ന് സൂര്യൻ തിരിഞ്ഞു നടന്നു.. അയാളുടെ മിഴികളിൽ നനവുണ്ടായിരുന്നു.. വാതിൽ കടക്കുമ്പോഴും അയാൾ ഒന്ന് തിരിഞ്ഞു നോക്കി.. രുദ്ര അതേ നിൽപ്പായിരുന്നു.. സൂര്യന് പ്രാണൻ പിടയുന്നത് പോലെ തോന്നി.. അയാൾ ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു..

അനന്തനും പത്മയും ഹാളിൽ ഉണ്ടായിരുന്നു.. “ഞാൻ നാളെ തിരിച്ചു പോവുകയാണ്.. സാധനങ്ങൾ ഒക്കെ പായ്ക്ക് ചെയ്യാൻ കുറച്ചു സമയം കൂടെ വേണം… പറഞ്ഞിട്ട് മറുപടിയ്ക്ക് കാക്കാതെ അവരെ ഒന്ന് നോക്കിയിട്ട് സൂര്യൻ പൂമുഖത്തേക്ക് നടന്നു.. അനന്തൻ എഴുന്നേറ്റ് പിറകെ ചെന്നെങ്കിലും സൂര്യൻ മുറ്റത്തേക്കിറങ്ങിയിരുന്നു..ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സൂര്യൻ നടന്നകലുന്നത് പത്മയും അനന്തനും നോക്കി നിന്നു.. സൂര്യനെ പറ്റി അറിഞ്ഞ വിവരങ്ങളൊന്നും ശരിയാകല്ലേയെന്ന് അവർ രണ്ടു പേരും ആശിച്ചിരുന്നു.. ആത്മാർത്ഥമായി.. രുദ്രയ്ക്ക് വേണ്ടി….

അമാലികയും നന്ദനയും മുകൾ നിലയിലെ ബാൽക്കണിയിൽ നിന്നും സൂര്യൻ പോവുന്നത് നോക്കി കാണുന്നുണ്ടായിരുന്നു… “എന്തോ പ്രെശ്നമുണ്ട്.. രുദ്രയും സൂര്യനും തമ്മിൽ.. ഇനി ആ മിണ്ടാപ്പൂച്ച കലമുടച്ചോ.. ഹേയ്.. പക്ഷെ സൂര്യൻ… ” അമാലിക ആലോചനയോടെ പറഞ്ഞു.. “ഈ അമ്മയുടെ ഒരു കാര്യം.. ആവശ്യമില്ലാത്തതിലൊക്കെ കയറി ഇടപെട്ടോളും..” “ആഹാ.. ആവശ്യമില്ലാത്തതോ.. നിന്റെ ജീവിതത്തിന്റെ കൂടെ പ്രശ്നമല്ലെ നന്ദു ഇത്‌..” “എന്റെ ജീവിതമോ.. മമ്മി എന്തൊക്കെയാ ഈ പറയുന്നേ..?” “എടി പൊട്ടി.. സൂര്യന്റെയും നിന്റെയും കല്യാണം… ഇട്ടുമൂടാനുള്ള സമ്പത്തുണ്ട് അവന്..

പോരാത്തതിന് ഫെയിമും..” നന്ദന അമ്മയെ ഒന്ന് നോക്കി.. “ഈ മമ്മിയ്ക്ക് പ്രാന്താ..” പറഞ്ഞിട്ട് അവൾ അകത്തേക്ക് കയറി പോയെങ്കിലും അമാലിക അവിടെ തന്നെ നിന്നു.. ആലോചനയോടെ… പത്മ രുദ്രയുടെ മുറിയിൽ എത്തിയെങ്കിലും അവൾ കിടന്നു കഴിഞ്ഞിരുന്നു.. “മോളെ…” “എനിക്ക് കുറച്ചു സമയം വേണം അമ്മേ.. തനിയെ..” മിഴികൾ തുറക്കാതെ തന്നെയാണ് രുദ്ര പറഞ്ഞത്.. പത്മ അവളെയൊന്ന് നോക്കി പുറത്തേക്കിറങ്ങി.. വാതിൽ ചാരുന്നതിന് മുൻപേ ഒന്ന് കൂടി നോക്കി… രുദ്ര അപ്പോഴും അതേ കിടപ്പായിരുന്നു.. ചുരുണ്ടു കൂടി… “അവൾ എന്ത് പറഞ്ഞു..?”

പത്മ മുറിയിൽ എത്തിയതും അനന്തൻ ചോദിച്ചു.. കട്ടിലിൽ വെച്ചിരുന്ന ബാഗിലേക്ക് എന്തൊക്കെയോ പേപ്പേർസ് എടുത്തുവെക്കുകയായിരുന്നു അനന്തൻ.. “ഒന്നും പറയുന്നില്ല അനന്തേട്ടാ.. അതു തന്നെയാണ് എന്റെ പേടിയും…” “ഉം.. അവൾ പെട്ടെന്ന് ഇതൊക്കെ അറിഞ്ഞതിന്റെ ടെൻഷനിൽ ആയിരിക്കും..” “എന്നാലും അവളെ ഞാനിങ്ങനെ കണ്ടിട്ടേയില്ല അനന്തേട്ടാ.. ഒന്ന് കരഞ്ഞത് പോലുമില്ല രുദ്ര…” “ഓരോരുത്തരും ഓരോ സിറ്റുവേഷൻസ് നേരിടുന്നത് ഓരോ രീതിലാവും പത്മാ.. ചിലപ്പോൾ ചിലർ നമ്മളെ ഞെട്ടിച്ചു കളയും..” അനന്തന്റെ സ്വരം ശാന്തമായിരുന്നു..

“ഇവിടെ മറ്റാരും ഒന്നും അറിയണ്ട…” “ഉം.. അനന്തേട്ടന് ഇന്ന് തന്നെ പോണോ..?” അനന്തൻ ബാഗ് അടച്ചു വെച്ചു പത്മയെ നോക്കി.. “ഞാൻ പറഞ്ഞതല്ലേ പത്മാ.. ഈ യാത്ര മാറ്റിവെയ്ക്കാനാവില്ല.. ഒരു പക്ഷെ ഈ യാത്രയിൽ ഭദ്രയുടെ കാര്യങ്ങളിൽ ഒരു പരിഹാരമാർഗം കണ്ടെത്താനാവുമായിരിക്കും…” “പക്ഷെ ഇന്ന് തന്നെ.. അവൾ.. രുദ്ര..” “നമുക്ക് സമയം വളരെ കുറവാണ് പത്മാ.. അവിടെ ഭദ്രയുടെ ജീവൻ പോലും അപകടത്തിലാണ്.. തല്ക്കാലം രുദ്രയുടെ കാര്യത്തിൽ എനിക്ക് ടെൻഷനില്ല.. വേദനിച്ചാലും അവൾ അവിവേകമൊന്നും കാണിക്കില്ലെന്ന് എനിക്കുറപ്പുണ്ട്..

അവളുടെ പൂർണ്ണസമ്മതത്തോടെയല്ലാതെ രുദ്രയെ ഒന്ന് തൊടാൻ പോലും ആർക്കും കഴിയില്ല.. അവളുടെ നല്ല പാതിയ്ക്കല്ലാതെ.. രുദ്ര നാഗകാളിമഠത്തിലെ നാഗകന്യകയാണ്.. നാഗക്കാവിലമ്മയാവേണ്ടവൾ..” അനന്തൻ ഒന്ന് നിർത്തി പത്മയെ നോക്കി.. “സൂര്യൻ ഇനി ഒരു സാഹസത്തിന് മുതിരില്ല.. അതുകൊണ്ട് രുദ്രയുടെ കാര്യത്തിൽ നമുക്ക് തല്ക്കാലം സാവകാശമുണ്ട്.. പക്ഷെ ഭദ്ര.. അവളുടെ ജന്മത്തെ പറ്റിയുള്ള രഹസ്യങ്ങൾ അറിഞ്ഞേ മതിയാവൂ.. അതിനാണ് ഈ യാത്ര..” “ഉം.. അനന്തേട്ടൻ പോയി വരൂ.. രുദ്രയെ ഞാൻ നോക്കിക്കോളാം..”

അനന്തൻ വീണ്ടും എന്തോ പറയാൻ തുടങ്ങിയെങ്കിലും മടിച്ചു നിൽക്കുന്നത് കണ്ടു പത്മ ചോദ്യഭാവത്തിൽ അയാളെ നോക്കി.. “പത്മാ.. അമലയും നന്ദുവും…” പത്മ അയാളെ നോക്കിയൊന്ന് കണ്ണുകൾ ചിമ്മി.. “അവരെയും ഞാൻ നോക്കിക്കോളാം.. അനന്തേട്ടൻ സമാധാനമായിട്ട് പോയി വരൂ..” “ഉം ഞാൻ ശ്രീയെ വിളിച്ചിരുന്നു.. അവൻ സന്ധ്യയ്ക്ക് എത്തും.. ഇവിടെ നിൽക്കാൻ പറഞ്ഞിട്ടുണ്ട് അവനോട്.. തല്ക്കാലം സൂര്യനുമായി ഒന്നും സംസാരിക്കേണ്ടെന്നും..” പത്മ തലയാട്ടി.. പെട്ടെന്നാണ് അനന്തൻ അവളുടെ കൈകൾ കൂട്ടി പിടിച്ചത്.. “ഇങ്ങനെ ഉരുകണ്ടാ..

ഇതുപോലെയുള്ള പലതിലൂടെയും നമ്മൾ കടന്നു പോയിട്ടുണ്ട്.. അല്ലെ..?” പത്മ മുഖമുയർത്തി അനന്തനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. “ന്നാലും അനന്തേട്ടാ.. നമ്മുടെ മക്കൾ.. സഹിക്കണില്ല എനിക്ക്..” “ഒന്നും സംഭവിക്കില്ല.. ഞാനല്ലേ പറയുന്നത് ” അനന്തൻ അവളുടെ നെറുകയിൽ ചുണ്ടകളമർത്തി കൊണ്ടു പറഞ്ഞു.. ചുട്ടു പൊള്ളുന്ന മനസ്സിൽ ഒരു തണുപ്പ് വീണത് പോലെ പത്മയ്ക്ക് തോന്നി.. അനന്തൻ മുറിയിൽ എത്തിയപ്പോഴും രുദ്ര അതേ കിടപ്പായിരുന്നു.. അയാൾ അവൾക്കരികെ ഇരുന്നു.. പതിയെ ആ തലയിൽ തഴുകി… “കുഞ്ഞി..” രുദ്ര കണ്ണുകൾ തുറന്നു അച്ഛനെ നോക്കി..

“അച്ഛൻ മോളെ മനസ്സിലാക്കിയില്ലെന്ന് തോന്നണുണ്ടോ..?” രുദ്രയുടെ ചുണ്ടിലൊരു വരണ്ട ചിരി തെളിഞ്ഞു.. “ഞാനല്ലേ അച്ഛാ ആരെയും മനസ്സിലാക്കാതെയിരുന്നത്..? കഥയറിയാതെ ആട്ടം കണ്ടവൾ..ചതി മനസ്സിലാക്കാൻ കഴിഞ്ഞില്ല..” “മോളെ…” “സാരമില്ല അച്ഛാ.. രുദ്രയ്ക്ക് നിങ്ങൾ കഴിഞ്ഞേ മറ്റാരുമുള്ളൂ..” “അച്ഛന് ഇപ്പോൾ സമയമില്ല.. ഒരു യാത്രയുണ്ട്… പോവാതെ പറ്റില്ല..ഈ യാത്ര എന്റെ മക്കൾക്ക് വേണ്ടിയാണ്..” രുദ്ര പൊടുന്നനെ എഴുന്നേറ്റിരുന്നു.. “അച്ഛാ.. അമ്മൂട്ടീ .. അവൾ.. അവൾ സേഫ് അല്ലെ..?” “ഉം..” അനന്തന്റെ മൂളലിനു ശക്തി കുറവായിരുന്നു.. “അച്ഛാ..” “കുറച്ചു കാര്യങ്ങളുണ്ട് രുദ്രാ..

മോളുടെ മനസ്സൊന്നു ശാന്തമാവുമ്പോൾ അമ്മ എല്ലാം പറയും…” “അവൾക്ക്.. അവൾക്ക് ആപത്തൊന്നും..” രുദ്രയുടെ ശബ്ദം മുറിഞ്ഞു പോയിരുന്നു.. കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.. “അമ്മൂട്ടിയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല കുഞ്ഞി..” അനന്തൻ പോവാനായി എഴുന്നേറ്റു.. പിന്നെ പതിയെ തിരിഞ്ഞു രുദ്രയെ നോക്കി.. “എന്ത് തീരുമാനം എടുത്താലും മോളുടെ ഒപ്പം അച്ഛനും അമ്മയും ഉണ്ടാവും.. സൂര്യൻ..” അനന്തൻ പൂർത്തിയാക്കുന്നതിന് മുൻപേ രുദ്ര പറഞ്ഞു… “ആ അധ്യായം അടഞ്ഞു കഴിഞ്ഞു.. എന്നെന്നേക്കുമായി..” അത് വരെ ഉണ്ടാവാതിരുന്നൊരു പതർച്ച ആ ശബ്ദത്തിന് ഉണ്ടായിരുന്നു..

“അച്ഛൻ വൈകണ്ടാ.. പോയി വരൂ..” രുദ്ര പതിയെ പറഞ്ഞു.. മുറ്റത്തെ കാറിനരികിലോളം പത്മ അനന്തനൊപ്പം ചെന്നിരുന്നു.. അവളോട് യാത്ര പറഞ്ഞു കാറിൽ കയറുന്നതും വണ്ടി മതിൽക്കെട്ടിന് പുറത്തേക്കിറങ്ങുന്നതുമൊക്കെ നോക്കി നിൽക്കെ പത്മയുടെ മനസ്സിൽ വല്ലാത്തൊരു ഭയം വന്നു നിറയുന്നുണ്ടായിരുന്നു.. നെഞ്ചിൽ കൈവെച്ചു കൊണ്ടു നാഗക്കാവിന് നേരെ തിരിഞ്ഞു നിൽക്കുകയായിരുന്നു പത്മ.. ########## ########## ############ ഭദ്ര ഉറക്കം വരാതെ കട്ടിലിൽ ഇരുന്നു മൊബൈലിൽ നോക്കുകയായിരുന്നു.. രുദ്രയെ വിളിച്ചിട്ടു കിട്ടുന്നില്ല.. സ്വിച്ചഡ് ഓഫ്‌ ആണ്..

അമ്മയുടെ ഫോൺ എടുക്കുന്നില്ല.. അവൾക്കെന്തോ അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.. “എന്താണ് ഭാര്യേ ഉറക്കമൊന്നുമില്ലേ…?” ചോദ്യം കേട്ടാണ് ആദിത്യൻ കയറി വന്നത് അവൾ ശ്രെദ്ധിച്ചത്.. ഭദ്ര മൊബൈലിൽ നോക്കി കൊണ്ടു തന്നെയാണ് മറുചോദ്യമെറിഞ്ഞതും.. “ഭർത്താവ് ഉറക്കാൻ വന്നതാണോ..?” “ഹേയ്.. അതല്ല.. എനിക്കും ഉറക്കമില്ലെന്നേ.. നമ്മുക്ക് ഇവിടെ വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാന്നെ..” ആദിത്യൻ കള്ളച്ചിരിയോടെ അവളെയൊന്ന് നോക്കി ബെഡ്‌ഡിൽ അവൾക്കരികെ ഇരുന്നു.. “എന്നാ പിന്നെ നമുക്ക് അമ്മയെ കൂടി ഇങ്ങോട്ട് വിളിച്ചാലോ..നമുക്കെല്ലാർക്കും സംസാരിച്ചിരിക്കാന്നെ ”

മൊബൈൽ ബെഡിലേക്കിട്ട് മുഖത്തൊരു ചിരി വരുത്തി ഭദ്ര പറഞ്ഞു.. “വൊ വേണ്ടാന്നെ.. അമ്മ ഉറങ്ങിക്കാണും..” ആദിത്യൻ പതിയെ മീശ തടവികൊണ്ട് അവളെ നോക്കി കണ്ണിറുക്കി പറഞ്ഞു.. “അതേയ്…തല്ക്കാലം കോഴിയ്ക്ക് തീറ്റ തരാൻ എനിക്കുദ്ദേശമില്ല.. അത് കൊണ്ടു അങ്കവാലൻ പോയി കൂട്ടിൽ കയറിക്കോ..” “ടീ..” ആദിത്യൻ അവൾക്കരികിലേക്ക് നീങ്ങിയതും ഭദ്ര തലയിണയെടുത്ത് അവനെ എറിഞ്ഞു..അത് ക്യാച്ച് ചെയ്തു കൊണ്ടു ആദിത്യൻ അവൾക്കരികിലേക്ക് നീങ്ങി.. ###

“പാറൂട്ടി എവടെ സാവിത്രി..?” രാഘവവാര്യർ കോലായിൽ നിന്നും വിളിച്ചു ചോദിച്ചത് കേട്ടാണ് സാവിത്രി അങ്ങോട്ടെത്തിയത്.. “മോള് കിടക്കാണ്.. ” “അതെന്തേ അവളിന്ന് ക്ലാസിൽ പോയില്ലേ..?” “രാവിലെ മനയ്ക്കൽ പോയിട്ട് വന്നപ്പോൾ തൊട്ട് തലവേദനിക്കുന്നൂന്ന് പറഞ്ഞു കിടക്കാണ്.. ഞാനിച്ചിരി വിക്സൊക്കെ തേച്ചു കൊടുത്തിട്ടുണ്ട്..” “ഉം..” അയാൾ മൂളി.. വാര്യത്തെ ഏകപെൺതരിയാണ്.. അതും വർഷങ്ങളുടെ നേർച്ചകാഴ്ചകൾക്ക് ശേഷം ഉണ്ടായ സന്താനം.. അവളുടെ മുറിയിൽ കരഞ്ഞു തളർന്നു മയങ്ങി പോയിരുന്നു പാർവതി..

സീമന്തരേഖയിൽ ആദിത്യന്റെ സിന്ദൂരമണിഞ്ഞു അവനോട് ചേർന്നു നിൽക്കുന്ന ഭദ്രയെ മനസ്സിൽ ഓർക്കുമ്പോഴൊക്കെ അവളുടെ നെഞ്ച് വിങ്ങി.. താൻ ആഗ്രഹിച്ചിരുന്ന സ്ഥാനം.. പൊടുന്നനെ മുറിയിൽ പാലപ്പൂമണം നിറഞ്ഞത് പോലെ അവൾക്ക് തോന്നി.. പാർവതി എഴുന്നേറ്റു.. പതിയെ പുറത്തേക്കിറങ്ങി.. ഇടനാഴിയിലൂടെ അറിയാതെ കാലുകൾ ചലിച്ചത് ആ അറിയിലേക്കാണ്.. വാര്യത്ത് വര്ഷങ്ങളായി അടഞ്ഞു കിടക്കുന്ന ആ അറ.. ഉത്തരയുടെ അറയായിരുന്നു അത്.. ഉത്തര…അശ്വതിയുടെയും ഊർമിളയുടെയും പ്രിയ തോഴി.. മാധവനുണ്ണിയുടെ കാമുകി…. (തുടരും )

നീലമിഴികൾ (നാഗമാണിക്യം 2): ഭാഗം 28

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!