ഒറ്റത്തുമ്പി: ഭാഗം 4

Share with your friends

എഴുത്തുകാരി: ആഷ ബിനിൽ

“വെൽക്കം പട്ടിക്കുട്ടീ വെൽക്കം…” ഭവി റൂമിലേക്ക് വന്നു കയറിയപ്പോൾ ഞാനോടിപ്പോയി കെട്ടിപ്പിടിച്ചു. സത്യത്തിൽ അവൾ ഇല്ലാതെ ഈ രണ്ടു ദിവസം ഞാൻ ഭയങ്കരമായി ഒറ്റപ്പെട്ടു പോയിരുന്നു. മറ്റു കുട്ടികളുമായും കമ്പനി ആണെങ്കിലും ഭവിയും പ്രവിയും എന്റെ ചങ്കുകൾ ആണ്. “എന്താണ്..? ഭയങ്കര സന്തോഷത്തിൽ ആണല്ലോ..?” അവൾ ചോദിച്ചു. “അത് പിന്നെ നിന്നെ രണ്ടു ദിവസം കൂടി കണ്ടതല്ലേ. അതാ…” “ആഹ്. എന്നാൽ പിന്നെ ആ സന്തോഷം ഇരട്ടിക്കാൻ ഉള്ള ഫുൾ സെറ്റപ്പിൽ ആണ് ഞാൻ വന്നിരിക്കുന്നത്” അവൾ കൊണ്ടുവന്ന ബാഗ് തുറന്നു. നാടോടിക്കാറ്റിലെ ക്യാപ്റ്റൻ രാജു ചേട്ടൻ പെട്ടി തുറന്നതുപോലെ നാടൻ മുറുക്ക് മുതൽ ഫ്രഞ്ച് ഫ്രൈസ് വരെ ഒരു ബേക്കറി അപ്പാടെ കമഴ്ത്തിയിട്ടുണ്ടായിരുന്നു.

“എന്തുവാ ഇത്?” “സ്നാക്‌സ്” അവൾ സിമ്പിളായി പറഞ്ഞുകൊണ്ട് സാധനങ്ങൾ ഞങ്ങളുടെ അലമാരയിൽ അടുക്കാൻ തുടങ്ങി. “അത് മനസിലായി. എന്തിനാ ഇത്ര അധികം എന്നാ ചോദിച്ചത്” “അടുത്ത ഒരാഴ്ചത്തേക്ക് നമുക്ക് കഴിക്കാൻ” “ഇതെല്ലാം വീട്ടിൽ ഉണ്ടാക്കിയതാ..?” ഞാൻ താടിക്ക് കയ്യും കൊടുത്തിരുന്നു ചോദിച്ചു. “ഹേയ്. ഒക്കെ മാമി വാങ്ങി കൊണ്ടുവന്ന് തന്നതാ. പ്രവിയുടെ അമ്മയേ” “ആഹാ. അപ്പോ അവൻ നിന്റെ മുറച്ചെറുക്കൻ ആണല്ലേ..?” അത് പറഞ്ഞപ്പോൾ അവളെന്നെ കലിപ്പിച്ചൊരു നോട്ടം. “അല്ല.. മാമീടെ മോൻ ന്ന് പറയുമ്പോ” “പറയുമ്പോ ഒന്നുല. വല്യച്ഛന്റെയും ചിറ്റപ്പന്റെയും മക്കളെ ആങ്ങളമാർ ആയിട്ടല്ലേ കാണുന്നത്. അതുപോലെയാ മാമീടെ മോനും.”

“പക്ഷെ സിനിമേൽ ഒക്കെ കണ്ടിട്ടുണ്ടല്ലോ. പിന്നെ കഥയിലും…” ഞാൻ പറഞ്ഞു. “അതുപോലെ ആണോ ജീവിതം..? അവനെന്റെ ആങ്ങള ആണെന്നുപോലും പറയാൻ എനിക്കിഷ്ടമല്ല. ചങ്ക് ആണ്. ഇപ്പോ നീയും. അത്രേയുള്ളൂ.” തമാശയ്ക്ക് പറഞ്ഞത് സീരിയസ് ആയെന്ന് മനസിലായപ്പോൾ വിഷയം മാറ്റാൻ ഞാൻ ജോഷ്വാ ചേട്ടായിയുടെ കാര്യം പറഞ്ഞു. പുള്ളിക്കാരന് എന്നോട് പ്രേമം ആണെന്നും പറഞ്ഞ് അവളെന്നെ പറയാനൊന്നും ബാക്കിയില്ല. എന്നെ അടിക്കാനുള്ള വടി ഞാൻ തന്നെ കൊണ്ടുപോയി കൊടുത്തതുപോലെയായി. വേണ്ടിയിരുന്നില്ല എന്നു തോന്നി. ഇനി അവൾ പറഞ്ഞതുപോലെ ചേട്ടായിക്ക് എന്നോട് പ്രേമം ആയിരിക്കുമോ..? ആ ചിന്ത പോലും എന്നിൽ അസ്വസ്ഥതയുടെ വിത്തുകൾ മുളപ്പിച്ചു.

കോളേജിൽ ചെന്നപ്പോൾ പിന്നെ ആ കാര്യമൊന്നും ചിന്തിക്കാൻ ഉള്ള ഗ്യാപ്പ് കിട്ടിയില്ല. ഭവിയുടെ ചളിയും പ്രവിയുടെ തള്ളും ഒക്കെയായി ഉച്ചവരെ ഇരുന്നു. ഇടയ്ക്ക് അവൻ പോപ്പിൻസ് കൊണ്ടുവന്ന് തന്നു. പടിപ്പിക്കുന്നതിനിടെ കഴിക്കാൻ എനിക്ക് പേടി ആയിരുന്നു. പക്ഷെ അവര് കഴിക്കുന്നത് കണ്ടപ്പോൾ ഒരു കൊതി. ഞാനും ഒരെണ്ണം എടുത്തു വായിലിട്ടു. മിസ്സ് കണ്ടു പിടിക്കാത്തത് ധൈര്യം ആയി. ഒന്നൂടെ കഴിച്ചു. ക്ലാസിൽ ഇരുന്ന് എന്തെങ്കിലും ഒക്കെ കൊറിക്കുന്നത് ഒരു രസമുള്ള പരിപാടി ആണെന്ന് ഇപ്പോഴാണ് മനസിലായത്. ലഞ്ച് കഴിക്കുന്ന സമയത്ത് മെയിൻ ബിൽഡിങ്ങിൽ അടി നടക്കുന്നു എന്നു കേട്ട് എല്ലാവരും ഇറങ്ങി ഓടുന്നത് കണ്ടു. ഞാൻ പോകാൻ എഴുന്നേറ്റെങ്കിലും പ്രവി പിടിച്ചിരുത്തി.

മുഴുവൻ കഴിച്ചു കഴിഞ്ഞ് ചെന്നപ്പോഴേക്കും അടിയും കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി കഴിഞ്ഞിരുന്നു. “ശെ. കാണാൻ പറ്റിയില്ലല്ലോ” എനിക്കങ്ങു സങ്കടം വന്നു. “എന്തേ.. ഇവിടെ അടി എല്ലാ ആഴ്ചയും ഉള്ളതല്ലേ. ഇന്നല്ലെങ്കിൽ നാളെ കാണാമല്ലോ” ഭവി എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു. “ശെ. അടിയല്ല. കോളേജ് ഹീറോയെ കാണാൻ പറ്റിയില്ലല്ലോ എന്നാ പറഞ്ഞേ” ഞാൻ പറഞ്ഞത് കേട്ട് രണ്ടും കണ്ണുതള്ളി എന്നെ നോക്കി. “അല്ല. ഈ അടിയൊക്കെ നടക്കുമ്പോ നടുക്ക് തന്നെ കോളേജ് ഹീറോ കാണുലോ. അതാ ഞാൻ…” “പിന്നേ. പത്തയ്യായിരം പിള്ളേര് പഠിക്കുന്ന കോളേജിൽ ഒരാളെ ഹീറോ ആയി വാഴിക്കാൻ പോകുവല്ലേ. ഒന്ന് പോടി” ചമ്മിയ ഭാവം പുറത്തു കാണിക്കാതെ ഞാൻ അവരുടെ ഒപ്പം നടന്നു.

ഇടയ്ക്ക് ലൈബ്രറി കണ്ടപ്പോൾ വെറുതെ ഒരു ആഗ്രഹം തോന്നി ഒന്ന് കയറി. പഞ്ചാരക്കുന്നിന്റെ ചോട്ടിൽ ചെന്ന കുഞ്ഞുറുമ്പിനെപ്പോലെ ഞാൻ അതിലെ കൗതുകത്തോടെ നടന്നു. ഇറങ്ങാൻ പോയപ്പോൾ ഒരു സുന്ദരൻ ചേട്ടൻ ഓടി എന്റടുത്തു വന്നു. റാഗിങ് ആണൊന്ന് ഒരു പേടി തോന്നി. ഇതാദ്യം ആയിട്ടാണ് ഞാൻ ഒറ്റയ്ക്ക് ക്യാമ്പസിൽ നടക്കുന്നത് തന്നെ. “ഭവാനി എവിടെ..?” റാഗിങ് ഒഴിവാക്കി തരാൻ അന്തോണീസ് പുണ്യാളന് മെഴുകുതിരി നേരാൻ പോയ ഞാൻ പെട്ടന്ന് അത് പോസ് ചെയ്തു. “എഹ്ഹ്..???” “ഭവാനി എപ്പോഴും കൂടെ ഉണ്ടാകുമല്ലോ. അവൾ എവിടെ എന്ന്..” ചേട്ടൻ വീണ്ടും ചോദിച്ചു. അപ്പോ ഇത് എനിക്കുള്ള വണ്ടിയല്ല. മെഴുകുതിരി ക്യാൻസൽ. “അവൾ ക്ലാസിലേക്ക് പോയി ചേട്ടാ.”

ഞാൻ നടന്നു തുടങ്ങിയപ്പോൾ വേറൊരു ചേട്ടൻ വന്നു. യൂണിഫോം കണ്ടിട്ട് തേഡ് ഇയർ ആണ്. മറ്റേ ചേട്ടന് ഫൈനൽ ഇയറിൽ യൂണിഫോം ആയിരുന്നു. ഷർട്ട് മാത്രം. പാന്റിന് പകരം ജീൻസ്‌ ആയിരുന്നു. “ഹാലോ.. ഇതേത് ലോകത്താ..?” എഹ്..? ഈ ചേട്ടൻ പോയില്ലാരുന്നോ. എന്നാൽ പിന്നെ സംസാരിച്ചു കളയാം. “ഹേയ്. ഒന്നുല ചേട്ടാ..” പിന്നെ അങ്ങോട്ട് സ്ഥിരം വരാറുള്ള അഞ്ചു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും കൊടുത്തു കഴിഞ്ഞപ്പോഴേക്കും ക്ലാസ് എത്തി. എന്റെ കഴിവ് മുഴുവൻ പുറത്തെടുക്കാൻ പറ്റിയില്ല. അതിന് ശേഷം പലതവണ ഞാൻ ഈ രണ്ടു ചേട്ടന്മാരെയും കണ്ടു. ഫോർത്ത് ഇയറിലെ പൊക്കമുള്ള ചേട്ടനെയാണ് കൂടുതൽ കണ്ടത്. പുള്ളിക്കാരന്റെ നോട്ടം അത്ര പന്തിയായി തോന്നിയില്ലെങ്കിലും എവിടെ പോകുമ്പോഴും ആളെ ഞാൻ തിരയാൻ തുടങ്ങി.

എന്തിനാണ് എന്നു ചോദിച്ചാൽ എനിക്കുതന്നെ അറിയില്ല. മുഖം പോലും ശരിക്ക് കണ്ടിട്ടില്ല. എന്നാലും ഏത് ആൽക്കൂട്ടത്തിലും എനിക്കയാളെ തിരിച്ചറിയാൻ കഴിയുമായിരുന്നു. മറ്റു ആണ്കുട്ടികൾ റാഗിംഗിന്റെ പേരിൽ പിടിച്ചു നിർത്തിയാലും അവരുടെ ക്ലാസിലെ എന്നു തോന്നിക്കുന്ന ആരെങ്കിലും വന്നെന്നെ രക്ഷിക്കാൻ തുടങ്ങി. രണ്ടുമൂന്ന് തവണ ആയപ്പോൾ ഭവിക്കും പ്രവിക്കും സംശയം തോന്നി തുടങ്ങി. ഒപ്പം എനിക്കും. ഒരിക്കൽ മാത്രമേ സംസാരിച്ചിട്ടുള്ളൂ. അതും ഭവിയെക്കുറിച്ച്. എന്നിട്ടും പുള്ളിക്കാരനോട് എനിക്കെന്തോ ഒരു പ്രത്യേകത തോന്നിയിരുന്നു. ഞാനത് ആരോടും പറയാനൊന്നും നിന്നില്ല. ആ ആഴ്ചയുടെ അവസാനം ഞാൻ നാട്ടിൽ പോകാൻ തീരുമാനിച്ചു. പപ്പായുടെ ആണ്ടാണ്. എന്റെ ജീവിതത്തിന്റെ തണൽ നഷ്ടമായിട്ട് ഒരു വർഷം തികയുകയാണ്.

ഞായറാഴ്ചയാണ് തിയതി എങ്കിലും ശനിയാഴ്ച രാവിലെ പോകാൻ തീരുമാനിച്ചു. ബസെടുക്കാൻ തുടങ്ങുമ്പോഴാണ് അടുത്തിരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത് ജോഷ്വാ ചേട്ടായി..! ഭവി പറഞ്ഞതാണ് പെട്ടന്ന് ഓര്മയിലേക്ക് വന്നത്. അതോടെ എന്റെ കയ്യും കാലും തളരാൻ തുടങ്ങി. എവിടേയ്ക്കെങ്കിലും ഓടി രക്ഷപെടാൻ തോന്നി. “തു… സോറി ശിഖ.. എന്ത് പറ്റി..???” പറ്റാൻ ഇനിയൊന്നും ബാക്കിയില്ലല്ലോ കർത്താവേ… ഞാനൊന്നും മിണ്ടിയില്ല. “എന്ത് പറ്റി..? നീയെന്താ വല്ലാതെ ഇരിക്കുന്നത്?” ചേട്ടായി വീണ്ടും ചോദിച്ചു. “ഒന്നുവില്ല ചേട്ടായീ. ട്രാവൽ ചെയ്യുമ്പോ എനിക്കൊരു ബുദ്ധിമുട്ട് ഉള്ളതാ. സംസാരിക്കാതെ ഇരുന്നാൽ ശരിയാകും.” “ഓക്കെ. എന്നാൽ ശിഖ കിടന്നോളൂ..”

മണ്ടൻ വിശ്വസിച്ചു. ടിക്കറ്റ് ഒക്കെ പുള്ളിക്കാരൻ തന്നെയാണ് എടുത്തത്. എന്തിനാണോ എന്തോ..! ഈ ബസ് കോട്ടയം വരെ ആണ്. അവിടെ നിന്ന് ബസ് മാറി കയറണമായിരുന്നു. അവിടെ എത്തുന്നത് വരെ ഉറക്കം ഭാവിച്ചു കിടന്നെങ്കിലും പുള്ളിക്കാരൻ എന്തെങ്കിലും ചെയ്താലോ എന്ന പേടിയിൽ നിദ്രാദേവി എന്റെ അപ്പുറത്തെ സീറ്റിലേക്ക് പോലും വന്നില്ല. കോട്ടയം ചെന്നപ്പോൾ താല്പര്യം ഇല്ലെങ്കിലും പുള്ളിക്കാരൻ എന്നെ നിർബന്ധിച്ചു ഫുഡ് കഴിപ്പിച്ചു. അവിടെനിന്ന് അടിമാലി ബസാണ് കിട്ടിയത്. ഇതുവരെ ഒരുമിച്ചുള്ള യാത്ര നൽകിയ ധൈര്യത്തിൽ സ്റ്റാൻഡ് എത്തുന്നത് വരെ ഞാൻ കിടന്നുറങ്ങി. അടിമാലിയിൽ നിന്ന് ഒരേ ബസിലാണ് പോയതെങ്കിലും രണ്ടു സീറ്റിൽ ആയിട്ടാണ് ഇരുന്നത്.

“നമ്മളെ അറിയാവുന്ന ആൾക്കാരൊക്കെ കയരുന്നതല്ലേ. ഒരുമിച്ചിരുന്നാൽ അവർക്ക് അതുമതി ഓരോ അപവാദം പറയാൻ” ചേട്ടായി പറഞ്ഞു. ഞാനും അത് ശരിവച്ചു. ഫോൺ ചെയ്യുന്നത് കണ്ടാൽ കാമുകനെ ആണെന്ന് പറയുന്ന ടീമുകൾ ആണ്. വെറുതെ എന്തിനാ കുടുംബശ്രീ മീറ്റിങ്ങിൽ ചർച്ച ആകുന്നത്. ഞായറാഴ്ച പപ്പയുടെ കുർബാനയും സെമിത്തേരിയിലെ ഒപ്പീസും കഴിഞ്ഞ് ഓരോരുത്തരായി പിരിഞ്ഞു പോയി. ഞാൻ പപ്പയോടൊപ്പം വെറുതെ ഇരുന്നു. എഴുന്നേറ്റ് പോകാൻ തോന്നിയില്ല എന്നതാണ് സത്യം. അപരിചിതമായ ഒരു ഗന്ധം തോന്നിയപ്പോഴാണ് ഞാൻ ചുറ്റിലും നോക്കിയത്. ജോഷ്വാ ചേട്ടായി എന്റെ തൊട്ടടുത്തിരിക്കുന്നു..! എനിക്കെന്തോ വല്ലായ്ക തോന്നി. പോകാൻ എഴുന്നേറ്റപ്പോൾ ചേട്ടായിയും കൂടെ വന്നു. “ശിഖാ.. നിന്നോട് എനിക്കൊന്നു സംസാരിക്കണം.. ഒരു പത്തു മിനിറ്റ്… പ്ലീസ്” ആ മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാൻ ഞാൻ അശക്തയായിരുന്നു…. തുടരും..

ഒറ്റത്തുമ്പി: ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!