സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 4

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

കിച്ചുവിനെ നോക്കി ചെറഞ്ഞൊന്നു മൂളിയിട്ട് അവൾ തിരിച്ചു നടന്നു.. ആ പോക്ക് നോക്കി നിന്ന കിച്ചുവിന്റെ ഞരമ്പുകൾ ദേഷ്യത്താൽ പിടയ്ക്കുന്നത് രാധിക കാണുന്നുണ്ടായിരുന്നു.. ഒരു പ്രശ്നവും ഉണ്ടാകരുതെ എന്നവർ അറിയാവുന്ന ഈശ്വരന്മാരെ മുഴുവൻ വിളിച്ചു പ്രാർത്ഥിച്ചു..അത് ഫലം കണ്ടെന്നോണം കിച്ചു ജിഷ്ണുവിനെ വിളിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു.. രാധിക ഈശ്വരന്മാർക്ക് നന്ദി പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കും.. ആരൂല്യെ ഇവിടെ.. മധുരമായ ഒരു നേർത്ത ശബ്ദം കേട്ടതും രാധിക പുറത്തേയ്ക്ക് നോക്കി.. അടുക്കളയുടെ ഭാഗത്തെ മതിലിനപ്പുറം നിൽക്കുന്ന ഒരു പെണ്കുട്ടി.. ദാവണിയാണ് വേഷം. ഭദ്രയെക്കാൾ കുറച്ചുകൂടി മെലിഞ്ഞിട്ടാണ്..

മുട്ടോളം നീണ്ട മുടി അലസമായി അഴിച്ചു വിടർത്തി ഇട്ടിരിക്കുകയാണ്.. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും ചന്ദനക്കുറിയും.. പാല്.. അവൾ പാത്രം കാണിച്ചുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.. രാധിക ഇറങ്ങി ചെന്നു.. ഈ മൊന്ത വൈകുന്നേരാകുമ്പോൾ ഇങ്ങട് തരണേ.. വൈകീട്ട് പാല് വേണംച്ചാ തരാനാ.. അവൾ പുഞ്ചിരിയോടെ പറഞ്ഞു.. വൈകീട്ട്.. വൈകീട്ട് വേണംന്നില്യ. ഞാൻ പറയാം മോളെ.. രാധിക പറഞ്ഞു.. മോളെ സന്ന വിളി കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു.. വൈഷ്ണവി എന്നാണല്ലേ പേര്.. രാധിക ചോദിച്ചു.. ഉവ്വ്.. ആര് പറഞ്ഞു.. വിച്ചു ചോദിച്ചു.. അപ്പുറത്തെ പയ്യൻ കാലത്ത് വന്നിരുന്നു.. ആ കുട്ടി പറഞ്ഞു.. രാധിക പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.. പേരെന്താ.. വിച്ചു ചോദിച്ചു..

രാധിക.. അവർ പറഞ്ഞു.. ഞാൻ രാധികാമ്മേ എന്നു വിളിച്ചോട്ടെ.. അവൾ ചോദിച്ചു.. അതിനെന്താ.. മോള് അമ്മേന്ന് വിളിച്ചോളൂ.. അവർ പറഞ്ഞു.. അവളുടെ മുഖം വാടി.. പിന്നെ പുഞ്ചിരിച്ചു.. രാധികാമ്മ അത് മതി.. അവൾ പറഞ്ഞു.. ശെരി.. മോളാ അല്ലെ മൂത്തത്.. അവർ ചോദിച്ചു.. മ്മ്. ഞാനും ഭദ്രേഎം തമ്മിൽ 2 വയസ്സിന് വ്യത്യാസം ഉണ്ട്.. അവൾ പറഞ്ഞു.. എവിടെയാ നാട്.. അവൾ ചോദിച്ചു.. പാലക്കാടാ.. അവർ പറഞ്ഞു.. അവൾ പുഞ്ചിരിച്ചു.. അപ്പോഴേയ്ക്കും സ്കൂട്ടറിന്റെ ശബ്ദം കേട്ടു.. അയ്യോ.. ഭദ്ര വന്നു.. ഞാൻ പോവാട്ടോ.. അവൾ പറഞ്ഞു.. അവർ മുൻവശത്തേയ്ക്ക് നോക്കി.. ഭദ്രയാണ്.. അവൾ സ്കൂട്ടറിൽ നിന്നും പാല് കൊണ്ടുപോയ ക്യാൻ എടുത്തു വെച്ചു.. വിച്ചൂ..

ഞാൻ തോട്ടത്തിലേക്ക് പോകാ.. അമ്മിണിയമ്മ വന്നാൽ സുനന്ദയ്ക്ക് തീറ്റി കുറച്ചു കൊടുക്കാൻ പറയണം.. ഇന്നലെ കുറെ മാത്രം കൊടുത്തിട്ട് കളയുവായിരുന്നു.. അവൾ ഉച്ചത്തിൽ വിളിച്ചു കൂവി.. നിനക്കൊന്ന് പയ്യെ പറഞ്ഞൂടെ ഭദ്രേ.. വിച്ചു ചോദിച്ചു.. ഓ… എങ്ങനെ പറഞ്ഞാലും അവിടുത്തേക്ക് കേട്ടാൽ പോരെ.. പിന്നെ ആ പയറ് പറിച്ചെടുത്തോളൂ.. ഇല്ലെങ്കിൽ നാളേക്ക് അത് മൂപ്പാകും.. അവൾ പറഞ്ഞു.. മ്മ്.. പിന്നെ പാടത്ത് വളമിടാൻ ആള് വരും.. വളച്ചാക്ക് പുറകിലെ ഷെഡിൽ ഉണ്ടെന്നു പറഞ്ഞാൽ മതി.. അവൾ പറഞ്ഞു.. മ്മ്.. വിച്ചു മൂളി.. ആ ഞാൻ പോയിട്ട് വരാം..അച്ഛാ പോവാ..

അതും പറഞ്ഞു സ്കൂട്ടറിൽ കയറി അവൾ പോകുന്നതും നോക്കി രാധിക നിന്നു.. വിച്ചു രണ്ടു നിമിഷം അവളെ നോക്കി നിന്നു.. പതിയെ തിരിഞ്ഞു രാധികയെ നോക്കി.. പുഞ്ചിരിച്ചു.. അമ്മേ.. ദേവുവിന്റെ ശബ്ദം കേട്ടതും അവർ അകത്തേയ്ക്ക് കയറി.. ******** വിമലിനെ ചേർത്തു പിടിച്ചു നിർത്തിയിട്ട് കിച്ചു വിട്ടു.. ഇനി എന്നാ നീ ഇങ്ങോട്ട്.. കിച്ചു ചോദിച്ചു.. നിനക്ക് ആവശ്യം ഉള്ളപ്പോൾ.. വ്യാഴാഴ്ച ഇന്റർവ്യൂ ഇല്ലേ.. ചിലപ്പോൾ നല്ലതിനാകും..ആ ജോലി കിട്ടിയാൽ ഇപ്പോൾ നീ ഒരുവിധം ഓകെ ആകും.. പിന്നേ.. വിമൽ അവനെ നോക്കി അത്രയും.പറഞ്ഞിട്ട് നിർത്തി.. എന്താടാ.. കിച്ചു ചോദിച്ചു.. അത്.. ഞാൻ.. ഞാനൊരു കാര്യം പറയട്ടെ.. ദേഷ്യം തോന്നും.. എങ്കിലും പറയുവാ.. ആ ഭദ്ര..

അവളുമായി ഉടക്കിനൊന്നും പോകരുത്.. കണ്ടിടത്തോളം ഒരു സംസ്കാരമില്ലാത്ത കൂട്ടരാണ്.. ഇന്നാട്ടിൽ അങ്ങനെ പറയത്തക്ക പ്രശ്നമൊന്നും വേറെ ഇല്ല. പിന്നെ ആ പെണ്ണ്.. നീ കൂടെ ജോലിക്ക് പോയി കഴിഞ്ഞാൽ അമ്മയും ദേവുവും ഒറ്റയ്ക്കാണ്.. നീയായിട്ട് അവളോട് ഉണ്ടാക്കാൻ നിന്നാൽ അതിന്റെ ബാക്കി അനുഭവിക്കേണ്ടി വരുന്നത് ആന്റിയും ദേവുവും ആകും.. സോ പ്ലീസ്. അവൾ എന്നൊരാൾ ഇന്നാട്ടിൽ ഇല്ല എന്നു കരുതി നിന്നെക്കണം. എന്തു വന്നാലും അവളോട് മിണ്ടാൻ പോകരുത്.. കേട്ടോ.. വിമൽ പറഞ്ഞു.. മ്മ്.. ഞാൻ അതിനെ നോക്കാനെ പോകില്ല പോരെ.. അതിന്റെ പേരിൽ ടെൻഷൻ അടിച്ചു അങ്കിളിനേം ആന്റിയേം കൂടെ അറിയിക്കേണ്ട.. കിച്ചു പറഞ്ഞു.. ഓകെ..

എന്നും വിളിക്കാമെടാ. ഞാനും ഒരു ജോലിക്ക് നോക്കുന്നുണ്ട്. കിട്ടിയാൽ ഒന്ന് എൻഗേജ്ഡ് ആകും.. നീ കൂടെ ഇല്ലാതെ.. നല്ല ബോറാ.. പറ്റുമ്പോഴൊക്കെ ഞാനിങ്ങോടി വരും.. അവൻ പറഞ്ഞു. കിച്ചു വിമലിന്റെ ചേർത്തു പിടിച്ചു.. എനിക്കറിയാം.. ഇന്നീ നിമിഷം വരെ എന്റെ മനസ്സിൽ നിനക്കറിയാത്തതോ നിന്റെ മനസ്സിൽ എനിക്കറിയാത്തതോ ആയി ഒന്നുമില്ല.. ഇനിയും അങ്ങനെ ആകും. എന്നും വിളിക്കാമെടാ.. പിന്നെ നിങ്ങളോടൊക്കെയുള്ള കടം കുറെയുണ്ട് വീട്ടാൻ.. കിച്ചു പറഞ്ഞു..വിമലിന്റെ മുഖം വാടി… നീ അതൊന്നും ഓർക്കേണ്ട.. ഇപ്പൊ നീ നിന്റെ ലൈഫിനെപ്പറ്റി ആലോചിക്ക്..

വിമൽ പറഞ്ഞതും ബസ് വന്നു.. ചട്ടിയും കുറ്റയും പച്ചക്കറികളും പ്ലാസ്റ്റിക് കുടങ്ങളുമൊക്കെ പുറത്തു വെച്ചു മുക്കിയും മൂളിയും വന്ന ബസ് കണ്ട് അവർ അന്തിച്ചു നിന്നു.. ബസിൽ വളരെ കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളു.. വിമൽ ബസിൽ കയറിയിരുന്നു കിച്ചുവിനെ നോക്കി കൈവീശി.. അപ്പോഴും അവന്റെ മനസ്സിൽ ദേവുവിന്റെ മുഖമായിരുന്നു.. കിച്ചു പോലും അറിയാതെ അത്രയും നാൾ അവൻ ഉള്ളിൽ കൊണ്ടുനടന്ന അവന്റെ പ്രണയം… എന്നോട് ക്ഷമിക്കെടാ…ഇത്രയും എന്നെ വിശ്വസിക്കുന്ന നിന്നോട് ഞാൻ ചെയ്ത ചതിയാണ് ദേവുവിന്റെ ഈ അവസ്ഥ.

എന്നെങ്കിലും നീയത് അറിയുന്ന നിമിഷം എന്നെ നീ വെറുക്കുമെന്നുള്ള ഒറ്റ പേടിയേ ഇപ്പൊ എനിക്കുള്ളൂ.. അത് മാത്രം എനിക്ക് താങ്ങാൻ ആകില്ലെടാ.. അതാ ഇപ്പോഴും ഇങ്ങനെ വിശ്വാസവഞ്ചന ചെയ്യുന്നത്.. നിറഞ്ഞു വന്ന കണ്ണുകളെ ശാസിച്ചു ദൂരേയ്ക്ക് മറയുന്ന കിച്ചുവിനെ നോക്കി വിമൽ മനസ്സിൽ പറഞ്ഞു.. അപ്പോഴും തന്റെ ഏറ്റവും വലിയ ധൈര്യമാണ് ആ പോകുന്നത് എന്ന തിരിച്ചറിവിൽ ഒറ്റപ്പെട്ട് നിൽക്കുകയായിരുന്നു കിച്ചു.. സൂര്യയിൽ നിന്നും കിച്ചുവിലേയ്ക്ക് അവൻ മനസ്സാൽ കൂടുമാറ്റം നടത്തുകയായിരുന്നു.. **

ഗ്രാമീണതയുടെ വിജനമായ ശാന്തമായ അന്തരീക്ഷത്തിൽ പാടവരമ്പത്തുകൂടെ നടക്കുകയായിരുന്നു കിച്ചു. വിമലിനെ ബസ് കയറ്റി വിട്ട് തിരികെ വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ശൂന്യത തോന്നി.. ചുറ്റും പച്ച പുതപ്പ് പോലെ നെല്ല് കിളിർത്തു നിൽക്കുന്നു.. ഓരോ കാറ്റിലും അച്ചടക്കമുള്ള കുഞ്ഞിനെപോലെ അവ ഒരുപോലെ തിരപോലെ തലയാട്ടുന്നു… പാടത്തിനക്കരെ സഹ്യ പർവത നിര കാണാം.. സഹ്യന്റെ മടിത്തട്ടിൽ തന്നെയാണ് ഈ ഗ്രാമവും.. ചിതറി നിൽക്കുന്ന തെങ്ങോലകൾ കാർഷിക സമൃദ്ധിയെ ഓർമിപ്പിച്ചു..അവിടവിടെയായി വാഴത്തോട്ടവും പച്ചക്കറി തോട്ടങ്ങളും തെളിഞ്ഞു കാണാം..

കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരത്തിനിടയിലായി കുഞ്ഞു കുഞ്ഞു വീടുകളും തെളിഞ്ഞു കാണാം.. ഓരോ വീട്ടിൽ നിന്നും അടുത്ത വീട്ടിലേയ്ക്ക് നല്ല ദൂരമുണ്ട്. കൃഷി ആവശ്യങ്ങൾക്കായി നിർമിച്ച മാടങ്ങളും കാണാം.. പഴമ നിറങ്ങൾ വാരി വിതറിയ മണ്പാതയിലൂടെ നടക്കുമ്പോൾ ഒരു കവുങ്ങിൻ തോട്ടം കണ്ടു.. അതിനിടയിലൂടെ കിച്ചു നടന്നു.. തമിഴ് നാട്ടിൽ നിന്നും കുടിയേറി പാർത്തവരാണ് ഇന്നാട്ടിൽ കൂടുതലും.. അവർ കൃഷിയിടങ്ങളിലും മറ്റും പല തരം ജോലി ചെയ്തു ജീവിക്കുന്നു.. ഇടയിൽ ചെറിയ കനാലുകളും അവ കടക്കാനായി വെട്ടിയിട്ട തെങ്ങിൻ തടികൾ കൊണ്ടുള്ള പാലവും..

കിച്ചു ആസ്വദിച്ചു പതിയെ നടന്നു.. പാടശേഖരങ്ങൾ കടന്നാൽ വീടുകൾ ആണ്.. മുളങ്കുറ്റികളാൽ തിരിച്ചിരിക്കുന്ന അതിര് വരമ്പുകൾക്കപ്പുറം വേലിതർക്കങ്ങളോ അതിർത്തി പ്രശ്നങ്ങളോ ഇല്ലാത്ത കുറെ മനുഷ്യർ താമസിക്കുന്ന സ്ഥലം.. മിക്കയിടത്തും മണ്പാതകളാണ് കൂടുതലും . മിക്ക വീടുകളിലും സ്കൂട്ടറോ ബൈക്കോ ഉണ്ടെങ്കിലും കാൽനട യാത്രയെ സ്നേഹിക്കുന്ന ഒരുപറ്റം മനുഷ്യർ.. അതിനു വേണ്ടിയുള്ള മണ്പാതകളും… ഓരോ വീടിന്റെയും മുറ്റത്തുകൂടിയും പറമ്പിലൂടെയും കാൽനടയായി നടന്നുണ്ടാക്കിയ നടപാതകളും ഉണ്ട്.. തട്ടു തട്ടായി തിരിച്ചിരിക്കുന്ന പറമ്പിൽ മണ്ണും കല്ലുകളും ചേർത്തുണ്ടാക്കിയ പടിക്കെട്ടുകൾ..

വെള്ളം ശല്യപ്പെടുത്തതിരിക്കൻ വെട്ടിയുണ്ടാക്കിയ മഴവെള്ള പാത്തികളും..മിക്ക വീടുകളിലും കൃഷി ഉണ്ട്. നാട്ടിൽ ആകെ 3ഓ4ഓ ചെറിയ കടകൾ.. ചെറിയ തട്ടുകടകളും പാൽ കൊടുക്കുന്ന മിൽമയുടെ സൊസൈറ്റിയും. ഒരു ഹോട്ടൽ..രണ്ടു തുണിക്കടകൾ.. പിന്നെ ചെരുപ്പും അല്ലറ ചില്ലറ ഫാൻസി സാധനങ്ങൾ വിൽക്കുന്നതുമായ രണ്ടുമൂന്നു കടകളും ഒരു പത്രം ഏജൻസിയും..2 മെഡിക്കൽ ഷോപ്പുകളും ഒരു അങ്ങാടി കടയും. ഒരു സ്വർണ പണി കടയും ഒരു മൊബൈൽ കടയും.. കൂട്ടത്തിൽ ഒരു ബസ് സ്റ്റോപ്പും.. വഴിയിൽ ഇരുന്നു മീനും കപ്പയും വാഴയ്ക്കയും മറ്റും വിൽക്കുന്ന ചിലരും.. ഇതാണ് കവല..

ഇന്നാട്ടുകാർക്ക് കൂടിയിരുന്നു വർത്തമാനം പറയാൻ മിക്ക പാടങ്ങളുടെയും ഇടയ്ക്കുള്ള മാടങ്ങൾ തന്നെ ധാരാളം. ഈ ഗ്രാമത്തിൽ ഒരു എൽ പി ഇംഗ്ലീഷ് മീഡിയം സ്കൂളും ഹയർസെക്കൻഡറി വരെ പഠിപ്പിക്കുന്ന മറ്റൊരു ഗവണ്മെന്റ് സ്കൂളും ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും ഉണ്ട് . അവയും പഞ്ചായത്തു വില്ലേജ് ഓഫീസുകളും കൃഷി ഓഫീസും അക്ഷയ സെന്ററും ഒക്കെ ഈ കവലയോട് ചുറ്റി പറ്റി നിൽക്കുന്നു..ഒപ്പം 2,3 ചെറിയ അമ്പലങ്ങളും 1 പള്ളിയും ഒരു മസ്ജിദും..അത്രയും ചേർന്നാൽ ഈ ഗ്രാമത്തിലെ എല്ലാ കാര്യങ്ങളുമായി.. ആരാ.. ശബ്ദം കേട്ട് കിച്ചു നോക്കി..

രാവിലെ ഭദ്രയുടെ വീട്ടിൽ നിന്നിരുന്ന ആൾ.. ആഹാ. ചന്ദ്രോതെ താമസക്കാരനാ അല്ലെ.. അയാൾ പരിചയ ഭാവത്തോടെ ചോദിച്ചു. അതേ.. അവൻ പറഞ്ഞു.. ഞാൻ ശ്രീധര കൈമൾ.. ഇവിടുത്തെ ഗവണ്മെന്റ് സ്കൂളിലെ ഹെഡ് മാഷാണ്.. നിങ്ങളുടെ അയൽപ്പക്കത്താ താമസം.. ശ്രീധരൻ മാഷ് പറഞ്ഞു.. അയൽപ്പക്കത്തോ.. ജിഷ്ണുന്റെ വീടിനു അടുത്താണോ.. കിച്ചു ചോദിച്ചു.. ഉവ്വ. അടുത്തല്ല ആ വീട്ടിൽ തന്നെ. എന്റെ ഏക പുത്രനാണ് ജിഷ്ണു.. അദ്ദേഹം പറഞ്ഞു അവൻ ചിരിച്ചു.. ഞാൻ കണ്ടായിരുന്നു. രാവിലെ ആ ഭദ്രേടെ വീട്ടിൽ.. കിച്ചു പറഞ്ഞു.. ആ.. രാവിലെ അത്രേടം ഒന്നു പോയി..

അവളോട് ഒന്നു സംസാരിക്കാൻ പോയതാ. നേരം വെളുത്താൽ പിന്നെ അതിനെ കാണില്ല.. എവിടേയ്ക്കെങ്കിലും ഇറങ്ങും.. പിന്നെ പാതിരാത്രിയ്ക്കാണ് വരവ്. അതാ കാലത്തെ ഇറങ്ങിയത്… ഞാൻ അപ്പോഴേ പറഞ്ഞതാ ഞാൻ പറഞ്ഞാലൊന്നും അവൾ കേൾക്കില്ല എന്ന്.. ആരും പറഞ്ഞാൽ കേൾക്കുന്ന ആളൊന്നും അല്ല അവൾ.. അവൾക്ക് ശെരി എന്നു തോന്നിയാൽ അവൾ ചെയ്യും. മുന്നും പിന്നുമൊന്നും അവൾ നോക്കില്ല.. ആ അത് പോട്ടെ.. എന്താ ഈ വഴിക്ക്.. ശ്രീധരൻ മാഷ് ചോദിച്ചു.. അത്.. എന്റെ ഒരു ബന്ധു കൂടെ ഉണ്ടായിരുന്നു. ആളെ ബസ്സിൽ കയറ്റി വിടാൻ പോയതാണ്.. കവലയിൽ.. തിരിച്ചു വരുന്ന വഴിയാ.. കിച്ചു പറഞ്ഞു.. അപ്പുറത്തു കൂടെ എളുപ്പ വഴി ഉണ്ടായിരുന്നല്ലോ..

മാഷ് ചോദിച്ചു.. ഇവിടോക്കെ ഒന്നു കാണാൻ.. അവൻ പറഞ്ഞു.. ആ അത് നല്ലതാ.. എന്താ പേര്.. മാഷ് ചോദിച്ചു.. സൂര്യ കിരൺ എന്നാണ് കിച്ചു എന്ന് വിളിക്കും.. അവൻ പറഞ്ഞു.. പാലക്കാട്ടുകാരാ അല്ലെ.. ഇവിടുന്നു ഒരുപാട് ദൂരം ഒന്നും ഇല്ലെങ്കിലും ടൗണുമായി ഇന്നാട്ടുകാർക്ക് അത്ര ബന്ധം ഒന്നുമില്ല. ഞങ്ങൾക്ക് എന്തേലും ആവശ്യമുണ്ടെങ്കിൽ ഒന്നുകിൽ ചിറ്റൂർ.. അതിനുമപ്പുറം പൊള്ളാച്ചി..അതാ സൗകര്യം.. രണ്ടുമൂന്നു ബസും കേറി പാലക്കാട്ട് പോകുന്നതിലും ഇവിടുന്നു 2 ബസ്സ് കേറി പൊള്ളാച്ചിക്ക് പോകുന്നതാ എളുപ്പം . ദൂരം നല്ല വ്യത്യാസം ഉണ്ട്.. അയാൾ പറഞ്ഞു..

കിച്ചു പുഞ്ചിരിച്ചു.. വീട്ടിൽ അമ്മേം പെങ്ങളും ഉണ്ടല്ലേ.. മാഷ് ചോദിച്ചു.. മ്മ്.. മാഷിന്റെ വീട്ടിൽ ആരൊക്കെയാ.. അവൻ ചോദിച്ചു.. എന്റെ സഹധർമ്മിണി.. ആളും ടീച്ചറാ.. ഒരു മോൻ ജിഷ്ണു… പിന്നെ അച്ഛനും അമ്മയും ഉണ്ട്.. മാഷ് പറഞ്ഞു.. അവൻ പുഞ്ചിരിച്ചു.. ഞങ്ങളുടെ നാടൊക്കെ ഇഷ്ടപ്പെട്ടോ.. മാഷ് ചോദിച്ചു.. അവർ നടന്നുകൊണ്ട് പാടത്തിനക്കരെ എത്തിയിരുന്നു.. നല്ല ശാന്തമായ അറ്റ്മോസ്ഫിയർ.. അവൻ പറഞ്ഞു.. മ്മ്. അത് ശെരിയാ.. ഇന്നാട്ടിൽ അങ്ങനെ ബഹളം കുറവാ. പിന്നെ ഈസ്റ്ററോ പെരുന്നാളോ റമദാനോ വിഷുവോ ഉത്സവമോ കാവടിയോ ഒക്കെ വന്നാൽ മേളമാണ്.. ഗ്രാമമായതുകൊണ്ട് ജാതിയും മതവുമൊന്നും ഞങ്ങൾ നോക്കില്ല.

എല്ലാം ഒന്നിച്ചു ആഘോഷിക്കും.. മാഷ് സന്തോഷത്തോടെ പറഞ്ഞു.. അവർ വീടിനടുത്ത് എത്തിയിരുന്നു.. ഭദ്രയുടെ വീടിനു മുൻപിൽ എത്തിയതും അവൻ അകത്തേയ്ക്ക് നോക്കി. വീടിനു ഒരു വശത്തു നിന്ന് തേങ്ങാ കൂട്ടിയിട്ട് പൊതിക്കുകയാണ് ഭദ്ര . ആഹാ.. ഇന്ന് വീട്ടിൽ ഉണ്ടല്ലോ.. ഞങ്ങളുടെ നാട്ടിലെ ചീവീട് ഇവളാണ്.. കേറി വാ.. മാഷ് അവനെ ഭദ്രയുടെ വീടിന്റെ ഗേറ്റിനരികിൽ നിന്ന് അകത്തേയ്ക്ക് വിളിച്ചു. ഹേയ് വേണ്ട മാഷെ.. ‘അമ്മ തിരക്കും. അവൻ പറഞ്ഞു.. അവളെ പേടിച്ചാണോ. ഞാനുള്ളപ്പോൾ അധികം പ്രശ്നമില്ല.. അദ്ദേഹം പറഞ്ഞു.. ഹേയ് വേണ്ട… ചെല്ലട്ടെ.. കിച്ചു പറഞ്ഞു.. നിര്ബന്ധിക്കുന്നില്ല.. അകത്തെ ആളുടെ മൂഡ് അറിയില്ലല്ലോ.. ഭദ്രേടെ അച്ഛൻ രാഘവൻ മാഷ് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനാണ്..

സുഖമില്ലാതെ കിടപ്പായിട്ട് നാള് കുറച്ചായി.. ഇടയ്ക്കിടെ ഇവിടെ വന്ന് ആളെ കാണുന്നത് എന്റെ ശീലമാണ്. ആ മുറിയിൽ അയാൾക്ക് വേറെ എന്താ പണി.. മാഷ് പറഞ്ഞു.. ഒരു മാഷിന്റെ മോളാണോ ആള് .. കിച്ചു ചോദിച്ചു.. ആ ചോദ്യത്തിലെ പരിഹാസം ഉൾക്കൊണ്ട് മാഷും ചിരിച്ചു.. സാഹചര്യമല്ലേ മോനെ മനുഷ്യരെ മാറ്റുന്നത്.. അതങ്ങനെ ഒരു ജന്മം.. ഒരുപാട് വേദന ഉള്ളിലൊതുക്കി കഴിയുന്ന കുറെ ജീവിതങ്ങളാണ് ഇവർ.. ഞാൻ ചെല്ലട്ടെ.. മാഷ് അത്രയും പറഞ്ഞു അകത്തേയ്ക്ക് നടന്നു.. ഒന്നിലും ശ്രദ്ധിക്കാതെ തേങ്ങാ സ്വയം എണ്ണി പൊതിക്കുകയായിരുന്നു ഭദ്ര അപ്പോഴും.. ഇരുമ്പിന്റെ കമ്പി പാരയേക്കാളും ഉറപ്പുള്ള മനസ്സുമായി..

മണ്ണിൽ നിന്ന് വിണ്ണിതിൽ പിറന്ന പുണ്യ തേജസ്സേ.. ചോറ്റാനിക്കാരയിൽ വാഴും അംബികേ നമോസ്തുതേ.. അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ.. കോളാമ്പി മൈക്ക് സെറ്റിൽ നിന്നും ഉച്ചത്തിൽ മുഴങ്ങുന്ന കീർത്തനം കേട്ടുകൊണ്ട് പ്രദക്ഷിണം വെച്ചു കിച്ചു നടന്നു.. വെള്ളയും ചുവപ്പും നിറത്തിലുള്ള പെയിന്റ് കൊണ്ട് കളമായി വരച്ചിരിക്കുന്ന.. കല്ലുകൊണ്ട് നിർമിച്ച ആ കൊച്ചു കോവിലിൽ കല്ലു കൊണ്ടു നിർമിച്ച ഭദ്രകാളീ സ്വരൂപത്തിന്റെ മുൻപിൽ നിന്ന് അവൻ തൊഴുതു.. ചുവന്ന പട്ടുടുത്തു കയ്യിൽ വാളുമായി നിൽക്കുന്ന ദേവിയെ അവൻ നിറകണ്ണുകളോടെ പ്രാർത്ഥിച്ചു.. ഇന്റർവ്യൂവിന് പോകുകയാണ്… ഒറ്റയ്ക്ക് ജീവിക്കാൻ മനസ്സിനെ പാകപ്പെടുത്തി വരികയാണ്..

എല്ലാം അവിടുത്തേക്ക് അറിയാമല്ലോ… കാത്തു രക്ഷിക്കണേ അമ്മേ . എന്റെ ദേവുവിനെയും അമ്മയെയും കൂടെ നിന്നു സംരക്ഷിക്കണേ ദേവീ… ഈ ജോലി കിട്ടാൻ സഹായിക്കണേ അമ്മേ.. അവൻ മനസ്സറിഞ്ഞു പ്രാർത്ഥിച്ചു.. ചോരച്ചുവപ്പുള്ള ചാന്തും ചന്ദനവും ഇലച്ചീന്തിൽ പ്രസാദമായി നൽകിയ തിരുമേനിക്ക് ദക്ഷിണ നൽകി അവൻ മണിയടിച്ചു.. ഒന്നുകൂടെ ദേവിയെ പ്രാർത്ഥിച്ച ശേഷം അവൻ രാധികയെ നോക്കി.. ദേവുവിനെ പിടിച്ചുകൊണ്ട് പ്രാർത്ഥിച്ചു നിൽക്കുകയാണ് അവർ.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. സർവ്വ സൗഭാഗ്യങ്ങളിൽ നിന്നും ഒന്നുമില്ലാത്തവളായി മാറിയ ഒരു പാവം സ്ത്രീ ..

നിരാലംബയായ അവരുടെ കണ്ണുനീർ തുടയ്ക്കാൻ പോലും തനിക്ക് ശേഷിയില്ലല്ലോ എന്നവൻ ഓർത്തു.. അവൻ പതിയെ പുറത്തേക്കിറങ്ങി.. അപ്പോഴേയ്ക്കും ദേവുവിനെ കയ്യും പിടിച്ചു രാധികയും ഇറങ്ങി.. ക്ഷേത്രത്തിന്റെ പടിക്കെട്ടുകൾക്ക് താഴെ നിൽക്കുന്ന പൂക്കൾ വിൽക്കുന്നവരെ കണ്ടതും ദേവു രാധികയുടെ കൈകൾ വിടുവിച്ചു അങ്ങോട്ടേക്ക് ഓടി.. ദേവൂ.. നിൽക്ക്.. കിച്ചൂ ദേവൂട്ടി.. രാധിക പറഞ്ഞതും കിച്ചു അവളുടെ പുറകെ ഓടി.. അടുത്ത നിമിഷം പടി കയറി വന്ന ആരെയോ ഇടിച്ചിട്ട് ദേവു താഴേയ്ക്ക് വീണു..അയാളുടെ കയ്യിലിരുന്ന പാത്രം തുറന്നു പാല് മുഴുവൻ പടിയിലൂടെ ഒഴുകി നിലത്തേയ്ക്കിറങ്ങി..

ഒരു നിമിഷം കിച്ചുവും രാധികയും സ്തബ്ധനായി നിന്നു..ദേവു ചിണുങ്ങിക്കൊണ്ട് എഴുന്നേറ്റതും കൂടെ വീണ ആളും ദേഷ്യത്തോടെ എഴുന്നേറ്റു.. കിച്ചുവിന്റെയും.രാധികയുടെയും കണ്ണുകൾ അവളിൽ പതിഞ്ഞു.. മറിഞ്ഞു പോയ പാലും ദേവുവിനെയും മാറി മാറി നോക്കി നിൽക്കുന്ന ഭദ്രയെ കണ്ടതും രാധികയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു.. ദേവു അപ്പോഴും വീണപ്പോൾ ഉരസി മുറിഞ്ഞ തന്റെ കൈമുട്ടിൽ ഊതിക്കൊണ്ട് ചിണുങ്ങുകയായിരുന്നു….. തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!