ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 3

Share with your friends

എഴുത്തുകാരി: ജീന ജാനഗി

ദത്തൻ ചെവികൾ പൊത്തിക്കൊണ്ട് കണ്ണുകൾ തുറന്നു. ദത്തൻ അമ്പരന്നു. “ങേ… ഇത്ര നേരം ഞാൻ ഈ റൂമിൽ കിടന്നു സ്വപ്നം കണ്ടതായിരുന്നോ ? പിന്നെവിടുന്നാ ഈ ശബ്ദം ?” ദത്തൻ തല ചരിച്ചു നോക്കി. ആരോ വാതിലിൽ മുട്ടുകയാണ്. അവൻ പതിയെ കണ്ണുകൾ തിരുമ്മിക്കൊണ്ട് പോയി വാതിൽ തുറന്നു. പുറത്ത് മീനാക്ഷി നിൽപ്പുണ്ടായിരുന്നു…. “എന്താ മീനൂട്ടി വാതിൽ തല്ലിപ്പൊളിക്കോ?” ദത്തൻ തമാശ പോലെ ചോദിച്ചു. “സാധാരണ അഞ്ച് മണിക്ക് ജോഗിംഗിന് പോകുന്ന ആൾ ഇന്ന് എട്ടുമണി ആയിട്ടും ഉണരാത്തത് കൊണ്ട് ചോദിച്ചൂന്നേ ഉള്ളൂ.” ദത്തൻ ഞെട്ടി…. “ങേ.. എട്ട് മണിയോ ? അപ്പോൾ അലാറം അടിച്ചില്ലേ ?

ശ്ശൊ….. ” അവൻ വേഗം റൂമിലേക്ക് കയറി കതകടച്ചു. മീനാക്ഷി താഴെ ദത്തനുള്ള ആഹാരം ഡൈനിംഗ് ടേബിളിൽ നിരത്തി. ദത്തൻ വേഗം തന്നെ റെഡിയായി താഴേക്ക് വന്നു. “കണ്ണാ… നീ എന്താ കഴിക്കണില്ലേ…?” “വേണ്ട മീനൂട്ടി, ലേറ്റായി. ഞാൻ വരാൻ വൈകും. കുറച്ച് അത്യാവശ്യ കാര്യങ്ങളുണ്ട് ? ” ദത്തൻ പെട്ടെന്ന് പുറത്തേക്ക് പോയി. മീനാക്ഷി അവൻ പോയി മറയും വരെ വാതിൽക്കൽ നോക്കി നിന്നു. ************* പിറ്റേ ദിവസം ഉച്ചയായപ്പോഴേക്കും ദത്തൻ തറവാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കിയിരുന്നു. മീനാക്ഷിയുടെ മുഖത്ത് മാത്രം അസ്വസ്ഥത പ്രകടമായിരുന്നു. ദത്തൻ വേണ്ടതെല്ലാം പാക് ചെയ്തെടുത്തു. പതിയെ അവൻ മീനാക്ഷിയുടെ അടുത്തേക്ക് ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു.

അവരുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. “അയ്യേ… എന്റെ മീനൂട്ടി കരയുവാണോ ? ഞാൻ പോയിട്ട് പെട്ടെന്ന് ഇങ്ങ് വരില്ലേ. ” മീനാക്ഷി മകന്റെ നെറുകയിൽ ചുംബിച്ചു. ദേവനാരായണൻ മകന് മൗനാനുവാദം നൽകി. ദത്തന്റെ ജീപ്പ് ഗേറ്റ് കടന്നു പോകുന്നത് ഇരുവരും നോക്കി നിന്നു. മീനാക്ഷി ഒരു ആശ്രയത്തിനെന്ന പോലെ ദേവനാരായണന്റെ ചുമലിലേക്ക് തല ചായ്ചു…. “ദേവേട്ടാ…. നമ്മുടെ കണ്ണൻ……” “താനെന്താടോ കൊച്ചു കുഞ്ഞിനെ പോലെ. അവന്റെ ഇരുപത്തിമൂന്നാം വയസ് പിന്നിട്ടിരിക്കുന്നു. ഇനി അവന്റെ ജീവന് ആപത്തൊന്നും ഉണ്ടാകില്ല. വല്യത്താനും അങ്ങനല്ലേ പറഞ്ഞത്. ” “ദേവേട്ടാ ഞാനൊരമ്മയാ…. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആദി എനിക്ക് മാറില്ല.

കുറേ വഴിപാടുകൾ നടത്തിയ ശേഷം കിട്ടിയതാ എന്റെ കണ്ണനെ. അവനെ നഷ്ടപ്പെട്ടാൽ ഞാൻ ജീവിച്ചിരിക്കില്ല.” മീനാക്ഷി പൊട്ടിക്കരയാൻ തുടങ്ങി. “അയ്യേ…. താനെന്താടോ ഇങ്ങനെ കൊച്ചുകുഞ്ഞിനെപ്പോലെ….. ” ദേവനാരായണൻ ഒരുവിധം മീനാക്ഷിയെ സമാധാനിപ്പിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. നാലുപേരും ദത്തന്റെ വരവും കാത്ത് ഹോസ്റ്റലിന് പുറത്ത് നിൽപ്പുണ്ടായിരുന്നു. ജീപ്പ് ഹോസ്റ്റലിന്റെ ഗേറ്റിന് സമീപം വന്നു നിന്നു. “നീ ഇതെവിടെ പോയിക്കിടന്നെടാ. നിന്ന് നിന്ന് കാലുകഴച്ചു. ” വിഷ്ണു ദത്തനോട് അരിശത്തോട് ചോദിച്ചു. ദത്തൻ ഒരു ക്ഷമാപണത്തോടെ പറഞ്ഞു ; “സോറി മോനെ.

മീനൂട്ടിയെ ഒരുവിധം സമ്മതിപ്പിച്ചാ ഞാനിറങ്ങിയത്. ആ പാവത്തിന് എപ്പോഴും എന്റെ ചിന്തയേ ഉള്ളൂ…..” “അല്ലേലും അമ്മമാർ അങ്ങനെയാടാ… മക്കളാണ് അവരുടെ ലോകം. അതില്ലാതെ ആകുമ്പോളേ ആ വില നമ്മളറിയൂ. പണ്ട് സന്ധ്യ മയങ്ങുമ്പോൾ തൊട്ട് ഫോൺ ചിലയ്കാൻ തുടങ്ങും. അന്നൊക്കെ ശല്യമായി തോന്നി. കയർത്തു സംസാരിച്ചു . എന്നിട്ടും പാതിരാത്രി കേറിച്ചെല്ലുമ്പോൾ ഭക്ഷണവും വിളമ്പിവച്ച് കാത്തിരിപ്പുണ്ടാകും. പലപ്പോഴും അരിശം മൂത്ത് ചോറ് തട്ടിക്കളയുമ്പോഴും ഒരു പരാതിയും പറയാതെ നിറകണ്ണുകളോടെ ഓരോ വറ്റും പെറുക്കിയെടുക്കുന്ന അമ്മയെ നോക്കിനിന്നിട്ടുണ്ട്.

അമ്മ ഈ ലോകത്ത് നിന്നു പോയപ്പോൾ എവിടെയെന്ന് ചോദിക്കാനോ പാതിരാത്രി വരെ കാത്തിരിക്കാനോ എന്റെ വിശപ്പിനെ കുറിച്ച് ചിന്തിക്കാനോ ആരുമില്ലാതായി. അമ്മയുടെ കുറവ് അത് മറ്റൊന്നിനും നികത്താൻ കഴിയില്ല. കഴിയുന്നത്ര നാൾ കൺനിറയാതെ നോക്കണം അമ്മമാരെ. ഇല്ലാത്തവർക്കേ അതിന്റെ വിലയറിയൂ.” അർജ്ജുന്റെ തൊണ്ടയിടറി. എല്ലാവരുടെ കണ്ണിലും നേരിയ നനവു പടർന്നു…. “അത് വിടു… നമുക്ക് പോണ്ടേ.. ലേറ്റ് ആകുന്നു. ” അർജ്ജുൻ ആ വിഷയം മാറ്റി. എല്ലാവരും ജീപ്പിൽ ഇരുപ്പുറപ്പിച്ചു. റോഡിലൂടെ വണ്ടി ചീറിപ്പാഞ്ഞു പോയി….. ***

കിലോമീറ്ററുകൾ താണ്ടിക്കഴിഞ്ഞു. രാത്രിക്ക് കട്ടിയേറി…. “ദത്താ…. ദേ നോക്കിയേ…. ഒരു തട്ടുകട. വല്ലതും കഴിച്ചിട്ട് പോകാം.” ശ്യാം പറഞ്ഞു. ജീപ്പ് റോഡിൽ ഒതുക്കിയിട്ട ശേഷം എല്ലാവരും കടയിൽ നിന്നും ചൂടു ദോശയും ചമ്മന്തിയും കഴിച്ചു… “അല്ലേലും തട്ടുദോശയ്ക് ഒരു പ്രത്യേക രുചിയാ… ചേട്ടാ ഒരു രണ്ട് ദോശയും ലേശം ചമ്മന്തിയും.” ജിത്തു ചിരിച്ചു കൊണ്ട് പറഞ്ഞു…. “ഓ…. ടാ… നീ തിന്നാൻ വേണ്ടിയാണോ ജീവിക്കുന്നത്. ” ശ്യാം തമാശയ്ക് ചോദിച്ചു. കഴിച്ച ശേഷം വീണ്ടും യാത്ര ആരംഭിച്ചു. വിജനമായ വനപ്രദേശമാണ് ഇനി താണ്ടാനുള്ളത്. റോഡിനിരുവശവും വന്യമൃഗങ്ങളുടെ ശബ്ദം കേട്ടു.

ജിത്തു പതിയെ ശ്യാമിന്റെ കൈകളിൽ മുറുകെ പിടിച്ചു. “എന്താടാ…..? ” ശ്യാം അവനോട് ചോദിച്ചു. ജിത്തു ശബ്ദം താഴ്ത്തിപ്പറഞ്ഞു ; “ഏയ് ഒരു ധൈര്യത്തിന്…..” പെട്ടെന്ന് ദത്തൻ വണ്ടി നിർത്തി. എല്ലാവരും അമ്പരന്ന് അവനെ നോക്കി…. ദത്തൻ പുറത്തേക്ക് നോക്കി ഇരിക്കുന്നു….. പതിയെ എല്ലാവരും അങ്ങോട്ട് നോക്കി… കറുത്ത കമ്പിളി പുതച്ച ഒരു രൂപം. കൈയിൽ ഒരു റാന്തൽ വിളക്ക് ഉണ്ട്…. “ശ്ശൊ ആരാ ഈ നേരത്ത് വണ്ടിക്ക് വട്ടം വയ്ക്കുന്നത്.” അർജുൻ അരിശത്തോടെ പറഞ്ഞു. ആ രൂപം ചെറുതായി ഒന്ന് തല ചെരിച്ചു അവരെ നോക്കി. “അതേ…… ഒന്ന് മാറുമോ … ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോകണം.” അവർ പതിയെ തിരിഞ്ഞു. റാന്തലിന്റെ വെളിച്ചത്തിൽ അവരുടെ മുഖം വ്യക്തമായി.

എൺപതിനോടടുത്ത പ്രായം തോന്നിക്കുന്ന ഒരു സ്ത്രീരൂപം. ദേഹം മുഴുവൻ ചുക്കിച്ചുളിഞ്ഞിരിക്കുന്നു. കുഴിയിൽ വീണ കണ്ണുകൾക്ക് എന്തോ ആകർഷണം ഉള്ളതു പോലെ. അവർ മോണകാട്ടി ചിരിച്ചു. എല്ലാവരും പരസ്പരം നോക്കി. ആ സ്ത്രീ ദത്തന് നേരേ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു ; “നിന്റെ വരവിനായി കാലങ്ങളായി ഈ കാത്തിരുപ്പ് തുടങ്ങിയിട്ട്. നീ എവിടേക്കാണോ പോകാൻ തുടങ്ങിയത് ആ യാത്ര നടക്കട്ടെ. ഒരു നാഴിക പോലും അമാന്തിക്കാതെ നീ നിന്റെ യാത്ര തുടരുക. ” “നിങ്ങൾ ആരാണ് ?” ദത്തൻ അമ്പരപ്പോടെ ചോദിച്ചു. അവർ പൊട്ടിച്ചിരിച്ചു. എല്ലാവരിലും ഒരു ഭീതി പടർന്നു. “ഞാനോ…. ഞാൻ ആരാണെന്ന് താനേ മനസ്സിലാകും നിനക്ക്…..

ആരൊക്കെ ആരാണെന്ന് കാലം തെളിയിക്കും.” പെട്ടെന്ന് ആകാശത്തൊരു വെള്ളിടി വെട്ടി. അതിന്റെ ശബ്ദത്തിൽ എല്ലാവരും കണ്ണുകൾ ഇറുകെ പൂട്ടി. “ആഹ്ഹ്……………” പെട്ടെന്ന് ജിത്തുവിൽ നിന്നും നിലവിളി ഉയർന്നു. എല്ലാവരുടെയും കണ്ണുകൾ ജിത്തുവിലേക്ക് പാഞ്ഞു. അർജുൻ അവന്റെ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു…. ജിത്തുവിന്റെ വിരൽ ആ സ്ത്രീ നിൽക്കുന്ന ഭാഗത്തേക്ക് നീണ്ടു. എല്ലാവരും അവിടേക്ക് നോക്കി. അവിടം ശൂന്യമായിരുന്നു. അവരിലേക്ക് ഭയം തണുപ്പ് പോലെ അരിച്ചു കയറാൻ തുടങ്ങി. “എന്തായാലും ഇനി പിന്നോട്ടില്ല. നീ വണ്ടിയെടുക്ക്.” അർജുന്റെ വാക്ക് കേട്ട് ദത്തൻ വണ്ടി മുമ്പോട്ട് എടുത്തു. ജീപ്പ് റോഡിലൂടെ പാഞ്ഞു പോയി.

ഇതെല്ലാം കണ്ടുകൊണ്ട് രണ്ടു കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു. ആ രൂപം മരത്തിന്റെ പിന്നിൽ നിന്നും പുറത്തേക്ക് വന്നു. ഇലഞ്ഞിപ്പൂഗന്ധം അവിടമാകെ പരന്നു….. ജീപ്പ് റോഡിലൂടെ പാഞ്ഞു പോകുകയാണ്. ദത്തനും അർജുനും ഒഴികെ മറ്റു മൂന്നുപേരും നല്ല ഉറക്കത്തിലാണ്. സൂര്യൻ കിഴക്കേ ചക്രവാളത്തിലൂടെ സവാരി ആരംഭിച്ചു. കരിമ്പനകളുടെ ഇടയിലൂടെ മൂടൽമഞ്ഞിനെ കീറി മുറിച്ച് സൂര്യകിരണങ്ങൾ ഭൂമിയെ ചുംബിക്കാൻ ആരംഭിച്ചു. പ്രകൃതി ആലസ്യം വിട്ടുണരാനുള്ള തയ്യാറെടുപ്പിലാണ്. കരിമ്പനകളിലെല്ലാം കള്ളിൻകുടങ്ങൾ വച്ചിരിക്കുന്നു. അർജുൻ ദത്തനെ നോക്കി. അവൻ ഇമ ചിമ്മാതെ വണ്ടി ഓടിക്കുകയാണ്…..

അർജുൻ ഒന്ന് മുരടനക്കിയ ശേഷം പതിയെ പറഞ്ഞു ; “നിനക്ക് പേടി തോന്നുന്നുണ്ടോ?” ദത്തൻ ഒന്ന് ദീർഘമായി നിശ്വസിച്ച ശേഷം മറുപടി പറഞ്ഞു ; “പേടി ഇല്ല എന്ന് പറയുന്നില്ല. പക്ഷേ എനിക്ക് അവിടെ പോകണം. ദൂരത്ത് നിന്ന് ആരോ എന്നെ വിളിക്കുന്ന പോലെ….. അവിടെ എന്നെ കാത്തിരിക്കുന്നത് എന്തായാലും ഞാൻ പോകും. ” “എന്തിനും നിന്റെ കൂടെ ഞങ്ങൾ ഉണ്ടാകും.” അർജുൻ ഇതും പറഞ്ഞ് അവന്റെ തോളത്തു തട്ടി. പെട്ടെന്ന് ജീപ്പ് ഒന്നു കുലുങ്ങി. അനക്കം തട്ടിയതും ഉറങ്ങിക്കിടന്നവർ ഉണർന്നു…. ജിത്തു തന്റെ കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കി. “ഹായ്…. നമ്മളെന്തായാലും നല്ല സ്ഥലത്താ വന്നത്. എന്തോരം കള്ളിൻകുടങ്ങളാ നോക്കിയേ…….”

ദത്തൻ ഒരു താക്കീത് പോലെ പറഞ്ഞു ; “തറവാട്ടിൽ ചെന്നാൽ ഈ വെള്ളമടിയൊന്നും നടക്കില്ല. മത്സ്യം , മാസം ഇതൊന്നും ചിന്തിക്കേണ്ട…..” “അയ്യോ…… കുഴപ്പായോ ? നീ എന്താ ഞങ്ങളെ നമ്പൂതിരി ആക്കാൻ തീരുമാനിച്ചോ ?” ജിത്തു ചോദിച്ചു. ദത്തൻ ഒന്ന് ചിരിച്ചു. “ഒരു മാസം നീയൊക്കെ സഹിച്ചാലേ പറ്റുള്ളൂ.” “ഇനിയും ദൂരമുണ്ടോ? ” ശ്യാം തിരക്കി. “ഏയ് …. ഒരു പത്തു മിനിറ്റിനുള്ളിൽ എത്തും.” കരിമ്പനക്കാട് താണ്ടി ജീപ്പ് ഗ്രാമത്തിലെ പരിഷ്കാരങ്ങൾ ഇല്ലാത്ത റോഡിലേക്ക് കടന്നു. നെൽപ്പാടങ്ങൾ പച്ച പട്ട് പുതച്ച് കാറ്റിൽ ഇളകി ആടുന്നു. വാഴത്തോട്ടങ്ങളും വെറ്റത്തോട്ടങ്ങളുമെല്ലാം കണ്ണിനെ കുളിരണിയിക്കുന്ന കാഴ്ചകൾ.

കർഷകർ കൂടുതൽ തിങ്ങി പാർക്കുന്ന ഗ്രാമപ്രദേശം. കൃഷിയിടങ്ങളിലേക്ക് വെള്ളത്തിനായി കുളം കുത്തിയിട്ടിട്ടുണ്ട്. കാഴ്ചകൾ കണ്ട് കണ്ട് അവസാനം അതാ പ്രൗഢഗംഭീരമായി തല ഉയർത്തി നിൽക്കുന്ന അമ്പാട്ട് തറവാടിന്റെ പടിപ്പുരയിൽ ജീപ്പ് നിന്നു. ദത്തൻ വണ്ടിയുടെ ഹോൺ നീട്ടി അടിച്ചു. കാര്യസ്ഥൻ ഗോപാലൻ അവിടേക്ക് ഓടി വന്നു. അയാൾ പടിപ്പുര തുറന്നു. എല്ലാവരെയും ആകെ മുഴുവൻ ഒന്ന് നോക്കിയിട്ട് ചോദിച്ചു ; “ആരാ….. എവിടുന്നാ ?” “ഞാൻ ദത്തൻ………” “അയ്യോ….. കുഞ്ഞായിരുന്നോ ? അഞ്ച് വയസുള്ളപ്പോൾ കണ്ടതല്ലേ. ഇതു വഴി വണ്ടി കേറില്ല. തെക്ക് ഭാഗത്ത് ഒരു ഗേറ്റുണ്ട്. ഞാൻ അത് തുറന്നു തരാം.

” ഗോപാലൻ ഓടിപ്പോയി ഗേറ്റ് തുറന്നു. ദത്തൻ ആ വഴി ജീപ്പ് ഓടിച്ചു കയറ്റി. ഗോപാലൻ ഗേറ്റടച്ച ശേഷം അവിടേക്ക് ഓടി വന്നു. എല്ലാവരും ചുറ്റും നോക്കി. ആഢിത്യത്തിൽ തല ഉയർത്തി നിൽക്കുന്ന അമ്പാട്ട് തറവാട്. ഇന്നത്തെ തലമുറ പുസ്തകങ്ങളിലൂടെ മാത്രം വായിച്ചിട്ടുള്ള എട്ടുകെട്ട്. പഴയ ഫ്യൂഡൽ വ്യവസ്ഥിതിയുടെ പ്രൗഢി വിളിച്ചറിയിക്കുന്നു. പൂമുഖത്ത് ചാരു കസേരയിൽ ഒരു മധ്യവയസ്കൻ ഇരുപ്പുണ്ടായിരുന്നു. ഗോപാലൻ തോളിലെ തോർത്ത് അരയിൽ കെട്ടി ഭവ്യതയോടെ അയാൾക്ക് മുന്നിൽ നിന്നുകൊണ്ട് വിളിച്ചു ; “വല്യത്താനേ…….” അയാൾ ഒന്ന് മൂളിയ ശേഷം പതിയെ കണ്ണുകൾ തുറന്നു.

“ചെറിയമ്പ്രാന്റെ മോൻ വന്നു ,ദത്തൻകുഞ്ഞ്.” അയാൾ പുറത്ത് നിൽക്കുന്ന ദത്തനേയും കൂട്ടരെയും നോക്കി. പതിയെ കസേരയിൽ നിന്നും എണീറ്റ ശേഷം അവരെ അകത്തേക്ക് വിളിച്ചു ; “ആഹ്…… ഇങ്ങട് കേറി വരിക…..” ദത്തൻ പടിക്കെട്ടിലേക്ക് തന്റെ കാല് വെച്ചതും കാറ്റ് ആഞ്ഞുവീശി. മുറ്റം നിറയെ കരിയിലകളും പൊടിപടലങ്ങളും സംഹാരതാണ്ഡവമാടി…. ജനാലകൾ കാറ്റത്ത് ആഞ്ഞടിച്ചു…. എല്ലാവരും പകച്ചു നിന്നു…….തുടരും

ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!