സ്‌നേഹതീരം: ഭാഗം 8

സ്‌നേഹതീരം: ഭാഗം 8

എഴുത്തുകാരി: ശക്തികലജി

മുറിയിൽ കയറി വാതിൽ അടച്ചപ്പോഴാണ് ഓർത്തത് ഗിരിയേട്ടൻ്റെ അമ്മയുടെ മുറി പുറത്ത് നിന്ന് പൂട്ടിയ കാര്യം ഓർമ്മ വന്നത്… ശബ്ദമുണ്ടാക്കാതെ പതിയെ വാതിലിൻ്റെ കുറ്റി നീക്കിവച്ചു… എൻ്റെ മുറിയിലേക്ക് പോയി കുളിച്ച് സാരി മാറി… സാരിയിൽ പറ്റിയിരിക്കുന്ന രക്തം കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.. എനിക്ക് വേണ്ടിയാണ് പാവം… മനസ്സിൽ മറ്റൊരു നോവു കൂടി…. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു… ജനൽ പാളികൾക്കിടയിലൂടെ നിലാവ് ഒളിഞ്ഞ് നോക്കുന്നുണ്ട്… ഞാൻ എഴുന്നേറ്റ് പാതി ചാരിയ ജനൽ പാളികൾ മുഴുവനായ് തുറന്നിട്ടു…

പുറത്തെ തണുപ്പ് അകത്തേക്ക് എത്തിയപ്പോൾ അവയെ അതിജീവിക്കാൻ കൈകൾ ശരീരത്തോട് ചേർത്ത് പിടിച്ചു നിന്നു… മനസ്സിൽ കുറച്ച് സമാധാനം തോന്നുന്നുണ്ട്… ഗിരിയേട്ടനും അമ്മയും വീട്ടിലേക്ക് വന്നപ്പോൾ എനിക്കും ആരെക്കെയോ ഉള്ളത് പോലെ ഒരു സുരക്ഷിതത്വം തോന്നുന്നു… ഇങ്ങനെയൊരു സുരക്ഷിതത്വം ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്… ചീവീടുകളുടെ ശബ്ദം ഉയർന്നു കേട്ടു… ആകാശത്തേക്ക് നോക്കി.. മിന്നി ചിമ്മുന്ന നക്ഷത്രങ്ങൾക്കിടയിൽ ഏതാവുo തൻ്റെ പൊന്നോമനകൾ എന്നോർക്കവേ അവളുടെ മിഴികൾ നിറഞ്ഞു… പലപ്പോഴും ആഗ്രഹച്ചിട്ടുണ്ട് തൻ്റെ കഴിഞ്ഞകാലം വെറുമൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ എന്ന്… ചീവിടുകളുടെ ശബ്ദം അസഹനിമായി തോന്നിയപ്പോൾ വീണ്ടും കട്ടിലിൽ വന്നു ഇരുന്നു.. തലയണ ഇരുവശത്തും വച്ച് കിടന്നു…

ഉറക്കത്തിൽ ഇപ്പോഴും അറിയാതെ എൻ്റെ കരങ്ങൾ എനിക്കിരുവശവും കുഞ്ഞോമനകളെ തിരയാറുണ്ട്… തലയണയാണ് ആശ്വാസം… എപ്പോഴോ ആണ് ഉറങ്ങിയത്.. രാവിലെ അലാറം ഓഫാക്കി എഴുന്നേൽക്കുമ്പോൾ കഴുത്തിനും കൈയ്യും വല്ലാതെ വേദന തോന്നി… എഴുന്നേറ്റു കണ്ണാടിയിൽ നോക്കി… കഴുത്തിൽ ഒരു ഭാഗം കരിനീലിച്ച് കിടക്കുന്നു.. വലത് കൈ ചെറുതായി നീര് വച്ചിട്ടുണ്ട്.. അലമാര തുറന്ന് ഓയിൽമെൻ്റ് എടുത്ത് കഴുത്തിലെ കരിനീലിച്ച പാടിലും കൈയ്യിലും പുരട്ടി… ഓയിൽമെൻറിൻ്റെ പുകച്ചിലിൽ വേദനയ്ക്ക് ഒരു ആശ്വാസം തോന്നി… ഗിരിയേട്ടൻ്റെ അമ്മ കാണാതിരിക്കാൻ ശ്രദ്ധിക്കണം.. അതു കൊണ്ട് കുളിച്ച് മാറാൻ ഒരു ചുരിദാറും അതിൻ്റെ ഷാളും എടുത്ത് വച്ചു…

മുറ്റത്തെ ലൈറ്റിട്ട് കുളിക്കാനായി ബാത്റൂമിലേക്ക് പോകാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ എൻ്റെ മിഴികൾ മുകളിലത്തെ മുറിയിൽ പരതി… വാതിൽ അടഞ്ഞ് ഇരിക്കുന്നത് കണ്ട് ഞാൻ അടുക്കളയിൽ കയറി… അടുക്കള വാതിൽ തുറന്ന് കുളിക്കാനായി ബാത്രൂമിലേക്ക് നടന്നു… കുളിക്കുമ്പോൾ കുനിയാനും നിവരാനും ചെറിയ വിഷമം തോന്നി.. ഒരു വിധത്തിൽ കുളിച്ച് വസ്ത്രം മാറി…. ഷാൾ കഴുത്തിലെ പാട് കാണാൻ പറ്റാത്ത വിധം ചുറ്റിയിട്ടു… പിന്നെ വേഗം പണി തീർക്കാനുള്ള ഓട്ടമായിരുന്നു എന്ന് വേണം പറയാൻ… ഗിരിയേട്ടന് കുളിക്കാൻ ചുടുവെള്ളം വച്ച് താഴത്തെ ബാത്രൂമിൽ കൊണ്ട് വച്ച് തിരിച്ച് വരുമ്പോൾ പുറത്ത് ഗിരിയേട്ടൻ്റെ ദേഷ്യത്തിലുള്ള സംസാരം കേട്ടു… ഫോണിലാണ് എന്ന് മനസ്സിലായി…

ഒന്നൂടി കാതോർത്തു നിന്നു… വല്ലാതെ ദേഷ്യപ്പെട്ടാണ് സംസാരിക്കുന്നത്… വ്യക്തമായി കേൾക്കാത്തത് കൊണ്ട് ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി ചൂലെടുത്ത് മുറ്റമടിക്കാൻ തുടങ്ങി… വലത് കൈവേദന ഉള്ളത് കൊണ്ട് ഇടത് കൈയ്യിലാണ് ചൂല് പിടിച്ചത്… ഇന്നലത്തെ ബഹളത്തിൻ്റെ ബാക്കിപാത്രമായി മണ്ണ് അവിടവിടെ ഇളകി കിടപ്പുണ്ട്.. ഞാൻ മുറ്റത്ത് ഇറങ്ങിയത് കൊണ്ടാവണം ഗിരിയേട്ടൻ ഫോൺ കട്ട് ചെയ്ത് താഴേക്ക് ഇറങ്ങി വന്നു.. “എന്തേയ് എങ്ങനുണ്ട് ആരോഗ്യം ” എന്ന് ഞാൻ മുറ്റമടിച്ചു കൊണ്ട് തന്നെ ചോദിച്ചു.. “വേദനയുണ്ട്… പിന്നേയ് രണ്ടു ദിവസത്തേക്ക് കഞ്ഞി മതി..

ഒരു പല്ലിന് എന്തോ ബുദ്ധിമുട്ടുണ്ട് ” എന്ന് ഗിരിയേട്ടൻ പറഞ്ഞു… ” ഇന്നലെ ഇടികൊടുക്കാൻ നല്ല ഉത്സാഹമായിരുന്നല്ലോ… “ഞാൻ താഴത്തെ ബാത്രൂമിൽ ചുടുവെള്ളം കൊണ്ട് വച്ചിട്ടുണ്ട്.. ചൂടാറുo മുന്നേ കുളിച്ചോട്ടോ.. പിന്നെ തുണി അവിടെ തന്നെ വച്ചാൽ മതി ഞാൻ കഴുകിയിട്ടോളാം. ” എന്ന് ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു… “ശരി ” എന്ന് പറഞ്ഞ് തിരികെ പടികൾ കയറി പോയി തോർത്തും മാറാനുള്ള വസ്ത്രവുമായി വരുന്നത് കണ്ടു.. ഞാനപ്പോഴേക്ക് മുറ്റം തൂത്ത് കഴിഞ്ഞു… വേഗം പോയി കഞ്ഞി വയ്ക്കാൻ അടുപ്പിൽ കലം വച്ചു… ഗിരിയേട്ടൻ പറഞ്ഞത് പോലെ ഗ്യാസിന് അപേക്ഷ കൊടുക്കണം.. അത്യാവശ്യ ജോലികൾ അതിൽ തീരും..

സ്റ്റേഷനിൽ പോയി പരാതി കൊടുക്കുന്ന കാര്യമോർത്തപ്പോൾ മനസ്സിൽ ചെറിയ പേടിയുണ്ട്.. ഇനി പരാതി കൊടുത്തതിൻ്റെ പേരിൽ അയാൾ വീണ്ടും ഉപദ്രവിക്കാൻ വരുമോന്നുള്ള ഭയം… ” ആഹാ എന്താ ഇത്ര ആലോചന… ജോലിയൊക്കെ കഴിഞ്ഞോ… കഴിഞ്ഞില്ലേൽ ഞാനൂടി സഹായിക്കാം… ഞാൻ ചെയ്യാന്ന് പറഞ്ഞാലും എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കില്ല… “ഗിരിയേട്ടൻ്റെ അമ്മയാണ്.. “ഹേയ് ഒന്നൂല്ലമ്മേ ഓരോന്ന് ആലോചിച്ച് അങ്ങനെ നിന്നു പോയതാ.. ജോലിയൊക്കെ രാവിലെ കഴിഞ്ഞു….. ഇത് പിന്നെ ഗിരിയേട്ടന് രാവിലെ കഞ്ഞി മതിയെന്ന് പറഞ്ഞു… .” ഞാൻ ഉടനെ മറുപടി പറഞ്ഞു… ”

അവൻ്റെ ഇഷ്ടത്തിന് വച്ച് കൊടുക്കാനുള്ള ആരോഗ്യം പോലും ദൈവം തന്നില്ലല്ലോ എന്നോർക്കുമ്പോഴാ എനിക്ക് വിഷമം… എനിക്ക് വയ്യാ എന്ന് കരുതിയിട്ട് അവൻ്റെ ആഗ്രഹങ്ങളും ഇഷ്ട്ടങ്ങളും ഒന്നും പറയാറില്ല ” എന്ന് പറയുമ്പോൾ അവരുടെ കണ്ണ് നിറഞ്ഞു… ” ഇനി അതോർത്ത് അമ്മ വിഷമിക്കണ്ട.. ചന്ദ്ര നന്നായി പാചകം ചെയ്യുo…. അതുമല്ല അവൾക്ക് മടിയുമില്ല ” ഗിരിയേട്ടനാണ് പറഞ്ഞത്.. ഗിരിയേട്ടൻ്റെ നെറ്റിയിലെ മുറിവ് കണ്ടതും അമ്മ വല്യവായിൽ കരയാൻ തുടങ്ങി.. ഒരു കുഞ്ഞിനെ പോലെ ഗിരിയേട്ടൻ അമ്മയുടെ മുൻപിൽ മുട്ടുകുത്തി നിന്നു.. ” അമ്മയിങ്ങനെ കരയല്ലേ…

ഞാനിന്നലെ ഒന്നു വീണു… ചെറുതായി മുറിഞ്ഞതിന് ആശുപത്രിക്കാർ വല്യ കെട്ടിട്ട് വച്ചതാ അവർക്ക് കാശ് കൂടുതൽ വാങ്ങാൻ വേണ്ടി… “രണ്ടീസം കഴിയുമ്പോ ഇതങ്ങ് അഴിച്ച് കളയാം ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ അമ്മ കരയുന്ന തീവ്രത കുറഞ്ഞുവെങ്കിലും നെറ്റിയിലെ മുറിവ് കെട്ടിലും നീര് വന്ന് വീർത്ത കവിളിലും വേദനിപ്പിക്കാതെ തൊടുകയും തലോടുകയും ചെയ്യുന്നുണ്ട്… ” വേദനയുണ്ടോ ” അമ്മയുടെ വാക്കുകളിൽ വേദന നിറഞ്ഞിരുന്നു.. “വേദനയ്ക്കൊക്കെ ഗുളികയുണ്ട്… ഞാൻ പറഞ്ഞില്ലെ കുഴപ്പമൊന്നുമില്ലാന്ന് “… ഗിരിയേട്ടൻ എഴുന്നേറ്റു… ” ഇന്ന് ജോലിക്ക് പോകണ്ട….

മുറിവ് കരിയുന്നത് വരെ വീട്ടിൽ ഇരുന്നാൽ മതി” അമ്മ പറയുമ്പോൾ ഗിരിയേട്ടൻ സമ്മതമണെന്ന ഭാവത്തിൽ തലയാട്ടി.. “ചന്ദ്രയുടെ കൂടെ കൃഷി ഓഫീസിലും ഗ്യാസ് ഏജൻസിയുo വരെ പോകാം എന്ന് ഇന്നലെ സമ്മതിച്ചിരുന്നു….. അവിടെ മാത്രം പോകുന്നുള്ളു.. ദിനേശ് ഓട്ടോയുമായി വരും… രാവിലത്തെ കഴിച്ചിട്ട് ഇറങ്ങാം… പിന്നെ ഗ്യാസിന് അപേക്ഷിക്കാനുള്ളതൊക്കെ എടുത്ത് വച്ചോണo “ഗിരിയേട്ടൻ ഗൗരവത്തിൽ പറഞ്ഞു… “രണ്ടിസം കഴിഞ്ഞിട്ട് പോയാൽ പോരെ ” എന്ന് ഞാൻ ചോദിച്ചപ്പോൾ ” പറ്റില്ല ഇന്ന് തന്നെ പോകണം” എന്ന് പറഞ്ഞ് ഗിരിയേട്ടൻ അടുക്കളയിൽ നിന്നും പോയി….

ഞാൻ ഗിരിയേട്ടൻ്റെ അമ്മയെ നോക്കി.. “ചില സമയത്ത് അങ്ങനാ… ഞാൻ പറഞ്ഞാലും കേൾക്കില്ല… നിങ്ങൾ രണ്ടാളും പോയിട്ട് വാ.. ” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ ശരിയെന്ന് പറഞ്ഞു… കഞ്ഞി പാകമായോ എന്ന് നോക്കി… കുറച്ച് പാത്രത്തിൽ എടുത്ത് മേശപ്പുറത്ത് വച്ചു… കഞ്ഞിക്ക് കൂട്ടാനായി കുറച്ച് ചുവന്ന മുളക് തീയിൽ ചുട്ടെടുത്തു.. ഉള്ളിയും ജീരകവും പുളിയും ചുട്ടെടുത്ത ചുവന്ന മുളകും ചേർത്ത് അമ്മിക്കല്ലിൽ ചതച്ച് വച്ചു… ” അമ്മയ്ക്ക് ഇഡലിയുണ്ടാക്കി വച്ചിട്ടുണ്ട്…. സാമ്പാറുo ഉണ്ട്… ഞാൻ എടുത്ത് വയ്ക്കാം… കഴിച്ചോളു” എന്ന് പറഞ്ഞ് ഞാൻ വിളമ്പിവച്ചു അടുത്തിരുന്നു..

“ന്നാ മോളൂടെ കഴിക്ക് ” എന്ന് പറഞ്ഞ് ഇഡലി സാമ്പാറിൽ മുക്കി എനിക്ക് നേരെ നീട്ടിയപ്പോൾ വേണ്ടാ എന്ന് പറയാൻ തോന്നിയില്ല.. പണ്ട് അമ്മയോട് വാരി തരാൻ വാശി പിടിച്ച് വഴക്കുണ്ടാക്കി വാങ്ങി കഴിയുമായിരുന്നു.. എത്ര ഇഡലി കഴിച്ചൂന്ന് പോലും എണ്ണിയില്ല. ഇന്നത്തെ ഇഡലിക്കും സാമ്പാറിനും പ്രത്യേക രുചിയുള്ളത് പോലെ… കഴിച്ചിട്ടും വയറ് നിറയാത്തത് പോലെ തോന്നി.. ” യ്യോ ഇതെന്താ… ഞാൻ കഞ്ഞി മതിന്നേ പറഞ്ഞുള്ളു.. ഇഡലി വേണ്ടാന്ന് പറഞ്ഞില്ല “ഗിരിയേട്ടൻ്റെ ശബ്ദം കേട്ടപ്പോഴാണ് മേശമേലുള്ള ഇഡലി പാത്രത്തിലേക്ക് നോക്കിയത്… ബാക്കി ഒരു ഇഡലി മാത്രം എന്നെ നോക്കി ചിരിക്കുന്നത് പോലെ.. ”

അത് പിന്നെ.. അമ്മ വാരി തന്നപ്പോ ” ഞാൻ ചമ്മലിൽ നിന്ന് രക്ഷപ്പെടാൻ വാക്കുകൾക്കായി പരതി.. ഗിരിയേട്ടൻ മറുപടി ഒന്നും പറയാതെ ഒരു ചിരിയോടെ പ്ലേറ്റിൽ കഞ്ഞി വിളമ്പി ഇരുന്നു… ഞാൻ സ്പൂണും മുളക് ചമ്മന്തിയും പയറ് തോരനും എടുത്ത് കൊടുത്തു.. “ഇഡലി ഞാൻ ഉണ്ടാക്കി തരാം” എന്ന് പറഞ്ഞ് ഞാൻ പാത്രമെടുക്കാനായി തിരിഞ്ഞു.. ” ഞാൻ വെറുതെ പറഞ്ഞതാ.. ഇഡലി ഉണ്ടാക്കി തന്നാലും കഴിക്കാൻ പറ്റിയ അവസ്ഥയിലല്ല ” എന്ന് പറഞ്ഞ് കഞ്ഞി കോരി കുടിക്കുന്ന ഗിരിയേട്ടനെ ഞാൻ നോക്കി നിന്നു… ” ഞാൻ കുറച്ച് നേരം മുറ്റത്തിരിക്കട്ടെ ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ്റെ അമ്മ എഴുന്നേറ്റു..

“ഈ പാവം വയ്യാത്ത എനിക്ക് കഞ്ഞി കോരി തരണമെന്ന് അമ്മയ്ക്ക് തോന്നിയോ… ചന്ദ്രേ സത്യം പറഞ്ഞോ ഈ അമ്മയെ എങ്ങനെയാ കറക്കിയെടുത്തത് “ഗിരിയേട്ടൻ എന്നെ നോക്കി കണ്ണുരുട്ടി… അപ്പോഴേക്ക് അമ്മ ഗിരിയേട്ടൻ്റെ കൈയ്യിൽ നിന്ന് സ്പൂൺ വാങ്ങിയിരുന്നു… ” ഞാൻ എന്നാൽ പോയി ഒരുങ്ങട്ടെ… എടുത്ത് വയ്ക്കാനുള്ളതും എടുത്ത് വയ്ക്കാലോ… എല്ലാം മുകളിലത്തെ മുറിയിലെ അലമാരയിലാണ്… ഇവിടെ നിന്നും പോകുമ്പോൾ ഞാൻ ഒന്നും എടുത്തിരുന്നില്ല” എന്ന് ഞാൻ പറഞ്ഞപ്പോൾ ”ശരി വേഗം റെഡിയായിക്കോ… സാരിയുടുത്താൽ മതി.. ചന്ദ്രയ്ക്കതാ ചേരുന്നത് ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാനാ മുഖത്തേക്ക് നോക്കി…

“കൈയ്ക്കൊരു വേദനാ അതാ ” എന്ന് ഞാൻ മടിച്ച് കൊണ്ട് പറഞ്ഞു.. “ശരി ചന്ദ്രയുടെ സൗകര്യം പോലെ ” എന്ന് ഗിരിയേട്ടൻ പറഞ്ഞു… ” ഞാൻ സഹായിക്കാം” എന്ന് ഗിരിയേട്ടൻ്റെ അമ്മ ഉത്സാഹാത്തോടെ പറഞ്ഞു… ” ഇല്ല കുഴപ്പമില്ല… എനിക്കിപ്പോ ഇതാ സൗകര്യം ” എന്ന് പറഞ്ഞ് വേഗം തിരിഞ്ഞ് നടന്നു… ഗിരിയേട്ടൻ തന്നെ അത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്നത് അവൾക്ക് വല്ലായ്മ തോന്നി… അമ്മയുടെ മുമ്പിൽ വച്ചാണ് എനിക്ക് സാരിയാണ് ചേരുന്നത് എന്ന് പറഞ്ഞത്… അമ്മ എന്തെങ്കിലും വിചാരിച്ചു കാണുമോ എന്തോ… മുകളിത്തെ മുറിയിലേക്ക് പടികൾ കയറുമ്പോൾ മനസ്സു എങ്ങോ സഞ്ചരിച്ച് തുടങ്ങിയിരുന്നു… അമ്മയ്ക്ക് കൂട്ടുകാരി ഭാമയെ കുറിച്ച് നൂറ് നാവായിരുന്നു..

നീ കുറച്ച് മിടുക്കിയായിരുന്നേൽ ഞാൻ എൻ്റെ ഭാമയുടെ മക്കളിൽ രണ്ടു പേരിൽ ആരെക്കൊണ്ടേലും കെട്ടിച്ചേനേ.. രണ്ടു ആമ്പിള്ളേരും പഠിച്ചവരാ…എന്ന് പറഞ്ഞ് എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു.. അതുകൊണ്ടാണ് അമ്മ ഒത്തിരി നിർബന്ധിച്ചിട്ടും അവിടത്തെ മൂത്ത മകൻ്റെ കല്യാണത്തിന് പോകാൻ കൂട്ടാക്കാഞ്ഞത്… താഴെ ഏതോ ഓട്ടോ വന്നു നിൽക്കുന്ന ശബ്ദം കേട്ടു… ഞാൻ മുറിയിലെ ജനലിൽകൂടി എത്തി നോക്കി… ദിനേശേട്ടൻ്റെ ഓട്ടോയാണ്.. ഞാൻ വേഗം അലമാര തുറന്ന് ആവശ്യമുള്ളത് എടുത്തിട്ട് താഴേക്ക് ചെന്നു… ഗിരിയേട്ടനും വേഗം ഒരുങ്ങി വന്നു.. ഗിരിയേട്ടൻ്റെ അമ്മയോട് യാത്ര പറഞ്ഞിറങ്ങി..

ഞാൻ ഓട്ടോയിൽ ആദ്യം കയറി അങ്ങേയറ്റത്തേക്ക് നിങ്ങിയിരുന്നു… എൻ്റെ ഒതുങ്ങിയുള്ള ഇരിപ്പ് കണ്ടിട്ടാവണം ഗിരിയേട്ടന് ചിരി വരുന്നുണ്ട്… ചിരിയടക്കി എൻ്റെയടുത്തേക്ക് ഇരുന്നതും ഞാൻ കൂടുതൽ ഒതുങ്ങിയിരുന്നു… എങ്ങോട്ടാണെന്ന് അറിയാമായിരുന്നത് കൊണ്ട് ഒന്നും ചോദിച്ചില്ല.. വെറുതെ പുറത്തേക്ക് നോക്കിയിരുന്നു… ഗിരിയേട്ടനും ദിനേശേട്ടനും ഇന്നലത്തെ സംഭവത്തെക്കുറിച്ച് രോഷാകുലരായി സംസാരിച്ചുകൊണ്ടിരുന്നു.. എൻ്റെ മനസ്സ് പുറത്തെ കാഴ്ചയിൽ പഴയ ഓർമ്മകളിൽ കൂടി സഞ്ചരിക്കുകയായിരുന്നു… രണ്ടു പേരും സംസാരിക്കുന്നതിൻ്റെ ഇടയ്ക്ക് എന്നോടും എന്തോക്കെയോ ചോദിക്കുകയും പറയുകയും ചെയ്യുന്നുണ്ടായിരുന്നു….

മറുപടിയായി ഞാൻ വെറുതെ മൂളുക മാത്രം ചെയ്തു… ആദ്യം ഗ്യാസ് എജൻസിയിൽ ആണ് പോയത്.. എല്ലാരും പരിചയക്കാർ ആയത് കൊണ്ട് വേഗം അപേക്ഷ എഴുതി കൊടുത്തിറങ്ങി.. അടുത്തത് പോലീസ് സ്റ്റേഷനിലേക്കാണ് പോകുന്നത് എന്ന് എന്നറിയാമായിരുന്നത് കൊണ്ടാവണം മനസ്സിൽ കുഴിച്ച് മൂടാൻ ശ്രമിച്ചിരുന്ന പല ഓർമ്മകളും ഉയർന്നു വന്നു.. ഓട്ടോ പോലീസ് സ്റ്റേഷൻ്റെ മുൻപിൽ നിർത്തി.. “നിങ്ങൾ ഇറങ്ങിക്കോ.. എനിക്കാ ടൗൺ വരെ പോകണം.. നിങ്ങൾ ഇറങ്ങുമ്പോഴേക്ക് ഞാൻ എത്തും.” എന്ന് ദിനേശട്ടൻ പറഞ്ഞു.. “ശരി.. ചന്ദ്രാ വാ സ്ഥലമെത്തി ”

എന്ന് പറഞ്ഞ് ഗിരിയേട്ടൻ ആദ്യം ഓട്ടോയിൽ നിന്നിറങ്ങി.. ഞാൻ ഓട്ടോയിൽ നിന്നിറങ്ങി.. ദിനേശേട്ടൻ ഓട്ടോ ഓടിച്ച് പോയി. വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലം ഓർമ്മ വന്നു.. എല്ലാം നഷ്ട്ടപ്പെട്ട് കരഞ്ഞു തളർന്ന് സ്റ്റേഷനിലെ ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നിന്ന എന്നെ ഓർമ്മ വന്നതും ഹൃദയത്തിൽ വല്ലാത്ത നോവ് പടർന്നു… മിഴികൾ നിറഞ്ഞൊഴുകിയത് ഞാൻ അറിഞ്ഞില്ല… ഇപ്പോൾ വീണ്ടും ശരത്തേട്ടനെ കാണും… അയാൾ വീണ്ടും എന്നെ ഉപദ്രവിക്കും.. “എനിക്ക് പോകണ്ട അങ്ങോട്ടേക്ക്.. അവിടെ ചെന്നാൽ പഴയ ഓർമ്മകൾ എന്നെ വേട്ടയാടും… അയാളെ എനിക്ക് പേടിയാ.. ”

എന്നൂറക്കെ പറഞ്ഞു കരഞ്ഞു പോയി.. ഞാൻ കരച്ചിലോടെ തിരിഞ്ഞ് നടന്നു.. ” അങ്ങനെ തോറ്റു പിൻമാറിയാൽ അവൻ ഇനിയും നിന്നേ തേടി വരും…ഇനി അവൻ്റെ ഭാഗത്ത് നിന്ന് ഒരു ഉപദ്രവും ഉണ്ടാവാതിരിക്കാൻ വേണ്ടിയാ”.. ചന്ദ്രാ കരയല്ലേ.. ധൈര്യമായിരിക്ക് ഞാനില്ലേ “… എനിക്ക് അടിക്കാൻ വയ്യെങ്കിലും നാലാളെ കൂട്ടി വന്ന് അവന് തല്ലു കൊടുക്കും” എന്ന് പറഞ്ഞ് എൻ്റെ ഇടത് കൈയ്യിൽ മുറുക്കി പിടിച്ചു വലിച്ചുകൊണ്ട് പോലീസ് സ്‌റ്റേഷനിനകത്തേക്ക് നടന്നു…..തുടരും

സ്‌നേഹതീരം: ഭാഗം 7

Share this story