ഹരി ചന്ദനം: ഭാഗം 8

Share with your friends

എഴുത്തുകാരി: ശ്രുതി കൃഷ്ണ

എന്തു കൊണ്ടാണ് അവളങ്ങനെ പറഞ്ഞത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല. തിരികെ ഞാൻ ചെന്നപ്പോളേക്കും ദിയയും അമ്മയും ഇറങ്ങാൻ തുടങ്ങിയിരുന്നു.അവരെ വീട്ടിൽ വിട്ടു കൊടുക്കാൻ നന്ദൻഅങ്കിളിനെ പറഞ്ഞേൽപ്പിച്ചു.അമ്മ എന്നോട് യാത്രയൊക്കെ പറഞ്ഞെങ്കിലും ദിയ മൈൻഡ് ആക്കാതെ മുൻപേ നടന്നു പോയി. പിന്നേ ബാക്കി എല്ലാവർക്കും വേണ്ടിയുള്ള ഡ്രസ്സ്‌ എടുപ്പ് മഹാമഹമായി.പപ്പയ്ക്കും മാമയ്ക്കും ചാരുവിനും സച്ചുവിനും പിന്നേ അവരുടെ ഫാമിലി മെമ്പേഴ്സിനും ഡ്രസ്സ്‌ എടുത്തുവരുമ്പോളേക്കും സമയമൊത്തിരി വൈകിയിരുന്നു.മിക്കതും ചാരു തന്നെയാണ് സെലക്ട്‌ ചെയ്തതു.

എന്റെ മൂഡ് ഒക്കെ കംപ്ലീറ്റ് ഔട്ട്‌ ആയിരുന്നു.എന്തു പറ്റിയെന്നു ചാരു ഇടയ്ക്കിടെ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് ഞാൻ കണ്ണു ചിമ്മി.സമയം ഒത്തിരി വൈകിയതിനാൽ ചാരു അന്ന് എന്റെ വീട്ടിൽ നിൽക്കാമെന്നായി. ടീച്ചറമ്മയെ വിളിച്ചു കാര്യവും പറഞ്ഞു പുറത്തുന്നു ഡിന്നറും കഴിച്ചു വീട്ടിൽ വന്നു ഒന്നു ഫ്രഷ് ആയി ഞാനും ചാരും കെട്ടിപ്പിടിച്ചു കിടന്നു. എനിക്ക് ഉറങ്ങാനേ കഴിയുന്നുണ്ടായിരുന്നില്ല. അവസാനം ചാരുവിനെ തന്നെ ആശ്രയിക്കാമെന്നു തീരുമാനിച്ചു. “ചാരൂ….. നീ ഉറങ്ങിയോ?” “ഇല്ലല്ലോ എന്തെ? ” “എനിക്കിപ്പോ ഒരു സംശയം. ഈ വിവാഹം ഒരു തെറ്റായി പോയോ എന്ന്. ”

“അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ ” സംശയത്തോടെ എന്നെ നോക്കിയ ചാരുവിനോട് ഇന്ന് നടന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു കൊടുത്തു. “ഓഹോ… അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. ഇതിനാണോ നീ ഇങ്ങനെ എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെ ഇരുന്നത് ” “അപ്പോൾ… ഇതൊരു നിസ്സാര കാര്യമാണോ? ” “പിന്നല്ല…. എടി പോത്തേ….ആ മൊതല് നിന്റെ ഭാവി കണവന്റെ കൊട്ടേഷൻ ഏറ്റെടുത്തു നിന്നെ വിവാഹത്തിൽ നിന്നു പിൻതിരിപ്പിക്കാൻ ഒരു നമ്പർ എടുത്തതാണെന്ന് ചിന്തിക്കാൻ കൂടിയുള്ള ബുദ്ധി പോലും നിനക്കില്ലാതെ പോയല്ലോ.ഇത് രണ്ടാളും കൂടിയുള്ള ഒത്തു കളിയാണ്. അങ്ങേരു വന്നു ഉറഞ്ഞു തുള്ളിയിട്ടു നീ കുലുങ്ങിയിട്ടില്ല. പിന്നെയാണ് ഈ നരുന്ത് പെണ്ണിന്റെ വാക്കും കേട്ട് പേടിച്ചിരിക്കുന്നത്.

ശ്ശേയ്യ്…. ” “അപ്പോൾ അങ്ങനെയാവും അല്ലെ കാര്യങ്ങളുടെ കിടപ്പ്? ” “അങ്ങനെ ആവും എന്നല്ല. അങ്ങനെ ആണ്. നീ കിടന്നുറങ്ങാൻ നോക്കു പെണ്ണെ. നീ അവിടെ ചെല്ലുമ്പോൾ ഇതും കൂടി ചേർത്തു അങ്ങേർക്കിട്ടു പണിഞ്ഞാൽ മതി. ” ചാരുവിന്റെ വാക്കുകൾ എന്നിൽ ആശ്വാസം നിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെ നിദ്ര ദേവി എന്റെ കൺപോളകളെയും തഴുകിപോയി. പിറ്റേന്ന് മുതൽ ഞാൻ അതിഭയങ്കരമായ പഠിത്തത്തിലേക്ക് ചുവടെടുത്തു വച്ചു.ഇടയ്ക്കു രണ്ടു ദിവസം ഫ്രണ്ട്സിനെ കല്യാണംവിളിക്കാനും കുറച്ചു ഷോപ്പിങ്ങിനും,തയ്‌ക്കാൻ ഏല്പിച്ചതൊക്കെ വാങ്ങാനും, പിന്നേ മേക്കപ്പ് ആർട്ടിസ്റ്റിനെ ബുക്ക്‌ ചെയ്യുന്നതിനും സമയം ചിലവഴിച്ചതൊഴിച്ചാൽ ബാക്കി വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങളേ ഞാൻ വിട്ടു.

പിന്നേ ഇടയ്ക്കിടെ പപ്പയുടെ യാത്രയെ കുറിച്ചുള്ള ചിന്തകൾ മാത്രം എന്റെ മനസ്സിനെ പിടിച്ചു കുലുക്കിയിരുന്നു.സാദാരണ എല്ലാ ചെക്കനും പെണ്ണിനും കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നേ ഫോണിൽ കൂടിയുള്ള കൊഞ്ചലും കുറുകലുമൊക്കെ ആയി കുറേ സമയം പോകും. നമ്മുടെ കാര്യത്തിൽ പിന്നേ അങ്ങനൊരു ചാൻസേ ഇല്ലല്ലോ.ആള് അന്ന് കോളേജിൽ കണ്ടു പോയതിൽ പിന്നേ എന്നെ വിളിച്ചിട്ടേ ഇല്ല. ഞാനും അങ്ങോട്ട്‌ വിളിക്കാൻ നിന്നില്ല. പിന്നേ അമ്മയും കിച്ചുവും ഇടയ്ക്കു വിളിക്കാറുണ്ടായിരുന്നു.ദിയ പിന്നേ പുന്നാര ഏട്ടന്റെ പുന്നാര പെങ്ങൾ ആണല്ലോ.

ഞാൻ ഒഴികെ ബാക്കി എല്ലാരും ഈ കല്യാണത്തിരക്കുകൾ ആസ്വദിക്കുന്നുണ്ട് എന്ന് തോന്നി.ഞാൻ പിന്നേ ഒരു ന്യുട്രൽ പോയിന്റ് പിടിച്ചു നിൽക്കുവായിരുന്നു എങ്ങോട്ട് തിരിയണമെന്നു അറിയാതെ. ദിവസങ്ങളൊക്കെ ഓടിപ്പാഞ്ഞങ്ങു പോയി. നാളെ എന്റെ വിവാഹത്തിന്റെ തലേദിവസമാണ്. ആളുകളൊക്കെ വന്നു തുടങ്ങിയതിനാൽ ഈ രാത്രിയിലും ഒച്ചയും ബഹളവുമൊക്കെ കേൾക്കുന്നുണ്ട്. പപ്പയെ കെട്ടിപ്പിടിച്ചു ഉറക്കം വരാതെ കിടക്കുമ്പോൾ എന്റെ കണ്ണുകൾ ജനൽ ഗ്ലാസിൽ മിന്നിമറിയുന്ന വെളിച്ചത്തിലേയ്ക്കു നീണ്ടുകിടക്കുവായിരുന്നു.

ചുവപ്പും പച്ചയും നീലയും വെള്ളയുമായി വേഗത്തിൽ അവ തെളിഞ്ഞും മറഞ്ഞും പൊയ്ക്കോണ്ടിരുന്നു.മഴക്കാലമല്ലാത്തതിനാൽ വീട് മുഴുവൻ ഇങ്ങനെ കുഞ്ഞു ലൈറ്റുകൾ വച്ചായിരുന്നു അലങ്കരിച്ചിരുന്നത്.ഇവന്റ് മാനേജ്മെന്റുകാരുടെ കലാവിരുതാണ് ഈ കാണുന്നതൊക്കെ. പഠിത്തമൊക്കെ ഏകദേശം ഒരുവഴിക്കായിട്ടുണ്ട്. ഇനിയിപ്പോ കുറച്ചു ദിവസത്തേക്ക് ബുക്ക്‌ തൊടുന്ന കാര്യം ചിന്തിക്കുകയെ വേണ്ട. പിറ്റേന്ന് രാവിലെ തന്നെ പപ്പയോടൊപ്പം എണീറ്റു. ആക്ച്വലി ഇന്നത്തെ പ്രോഗ്രാം ഒന്നും എനിക്ക് വലിയ പിടിയില്ല.അതെല്ലാം പ്ലാൻ ചെയ്തിരിക്കുന്നത് സച്ചുവും ചാരുവും ചേർന്നാണ്. എനിക്ക് വേണ്ടി എന്തൊക്കെയോ സർപ്രൈസുകൾ അവർ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് മാത്രം അറിയാം.

രാവിലെ തന്നെ ഫോട്ടോഗ്രാഫർ ഹാജരായിരുന്നു .എന്നെ തിരിച്ചും മറിച്ചും വട്ടം കറക്കിയും പല തരം ഡ്രെസ്സുകൾ ഇടയ്ക്കിടെ ചേഞ്ച്‌ ചെയ്യിപ്പിച്ചും ഫോട്ടോ എടുത്തു. എന്റെ വാഡ്രോബിലെ ഏകദേശം എല്ലാ ഡ്രെസ്സും അയാൾ കാരണം വലിച്ചിടേണ്ടി വന്നു. ഇനി ബാക്കി ഉള്ളത് കുട്ടികാലത്തെ ഓർമ്മകൾക്കായി പപ്പ സൂക്ഷിച്ചു വച്ച ഒന്നു രണ്ടു ജോഡി കുഞ്ഞുടുപ്പു മാത്രമായിരുന്നു.അവസരം കിട്ടിയാൽ അതും അയാളെന്നെക്കൊണ്ടു കുത്തിക്കെട്ടിച്ചേനെ.ഉച്ചയ്ക്ക് ശേഷം ഹൽദിയും,ബ്രൈഡൽ ഷവറും, മെഹന്തിയും,സംഗീതും എല്ലാം കൂടിയുള്ളൊരു കോമ്പിനേഷണൽ പ്രോഗ്രാം ആയിരുന്നു പ്ലാൻ ചെയ്തിരിക്കുന്നത്.

കോളേജിലെ ഒട്ടുമിക്ക കുട്ടികളും വന്നിരുന്നു. എനിക്ക് മെഹന്തി ഇട്ടു തന്നത് എന്റെ കൂടെ പഠിക്കുന്ന സന ആയിരുന്നു.ആള് നല്ല അടിപൊളി ആയി കൈ നിറയെ മൈലാഞ്ചി ഇട്ടു തന്നു.കൈപത്തിയുടെ ഒത്ത നടുക്കായി ഭാവി കണവന്റെ പേരും എഴുതി തന്നു. അതു കഴിഞ്ഞു ഡാൻസ് ആയി പാട്ടായി, കേക്ക് കട്ടിങ് ആയി, ഫോട്ടോയ്ക്ക് പോസിംഗ് ആയി അവസാനം ഒരു ലോഡ് ഹൽദി മിക്സിൽ എന്നെ മുക്കിഎടുപ്പും കഴിഞ്ഞു.എല്ലാം കൂടി കഴിയുമ്പോഴേക്കും പാതി രാത്രിയായി. റൂമിൽ വന്നു ഒരു കുളിയും പാസ്സാക്കി കുറച്ചു ചാരൂനോടും ലച്ചുനോടും കഥ പറഞ്ഞു.നാളെ കല്യാണം പ്രമാണിച്ചു എല്ലാരും ഇന്ന് ഇവിടെയാണ് സ്റ്റേ.

മെഹന്ദി ഒരു വിധം കളർ ആയിട്ടുണ്ടായിരുന്നു, ലച്ചു വന്നു കൈ പിടിച്ചു തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു.എന്റെ റൂം അവർക്കു ഉറങ്ങാൻ വിട്ടു കൊടുത്തിട്ടു ഞാൻ ഫോണുമെടുത്തു പപ്പയുടെ റൂമിലേക്ക്‌ നടന്നു. പെട്ടന്നാണ് എന്റെ ഫോൺ റിംഗ് ചെയ്തതു.നോക്കിയപ്പോൾ പ്രൈവറ്റ് നമ്പർ എന്നാണ് സ്‌ക്രീനിൽ തെളിഞ്ഞത്. ഞാൻ കാൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു.മറുപുറത്തുള്ള പുരുഷശബ്ദത്തിന്റെ ഉടമ ആദ്യം തന്നെ എന്റെ വെൽവിഷെർ എന്ന് സ്വൊയം പരിചയപ്പെടുത്തി.തുടർന്ന് ഈ വിവാഹത്തിൽ നിന്നു പിന്മാറണമെന്നും ഹരിപ്രസാദിന് ഒരിക്കലും ഒരു വിവാഹജീവിതം സാധ്യമല്ലെന്നും അയാൾ ഒരു മാനസികരോഗി ആണെന്നും പറഞ്ഞു.

ഇതിനു തെളിവായി അയാൾ പറഞ്ഞത് H.Pയുടെ ചെറുപ്പത്തിൽ സംഭവിച്ചതും ഞാൻ അറിഞ്ഞതുമായ കാര്യങ്ങൾ തന്നെയായിരുന്നു.വേഗത്തിൽ ഇത്രയും പറഞ്ഞ് മറുത്തൊന്നും ചോദിക്കാൻ സമ്മതിക്കാതെ അയാൾ ഫോൺ കട്ട്‌ ചെയ്തു .എനിക്ക് തലയാകെ പെരുക്കുന്നതു പോലെ തോന്നി. പപ്പയുടെ അടുത്തേക്ക് പോകാതെ ഞാൻ നേരെ ബാൽക്കണിയിലേക്ക് നടന്നു.എന്റെ സംശയം ആദ്യം നീണ്ടത് ഹരിപ്രസാദിലേക്കു തന്നെയായിരുന്നു. എനിക്കയാളോട് അങ്ങേയറ്റം പുച്ഛം തോന്നി.വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി ഉള്ളപ്പോൾ ഇങ്ങനെ ഒരു ചീപ്പ്‌ നാടകം കളിക്കാൻ അയാൾക്ക്‌ എങ്ങനെ തോന്നി എന്ന് ഞാൻ ചിന്തിച്ചു.

ഉള്ളം കയ്യിൽ ചുവന്നു കിടക്കുന്ന അയാളുടെ പേരിലെ അക്ഷരങ്ങൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി എനിക്ക് തോന്നി.എത്ര നേരം ആ ഇരിപ്പു തുടർന്നു എന്നെനിക്കു നിശ്ചയം ഇല്ലായിരുന്നു.ബാൽക്കണിയുടെ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും പിൻവാങ്ങിയത്.തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി നിൽക്കുന്ന ശങ്കുമാമയെ ആണ് കണ്ടത്. “മാമ ഇതുവരെ ഉറങ്ങിയില്ലേ? ” “ഉവ്…. വെള്ളം കുടിക്കാൻ എണീറ്റതാണ്. അപ്പോഴാണ് ഇവിടെ ലൈറ്റ് കണ്ടത്. എന്റെ ചന്തുട്ടൻ കരയുവായിരുന്നോ? ” ശങ്കു മാമയുടെ മറു ചോദ്യമാണ് ഞാൻ കരയുവായിരുന്നു എന്ന് എനിക്ക് പോലും മനസ്സിലാക്കി തന്നത്.

“എന്താടാ…. എന്തു പറ്റി എന്റെ മോൾക്ക്‌…. ഞങ്ങൾ പോവുന്നതിലുള്ള സങ്കടമാണോ? ” വാത്സല്യപൂർവ്വമുള്ള ആ ചോദ്യം എന്റെ സങ്കടം കൂട്ടിയതേ ഉള്ളൂ. ശങ്കു മാമയെ കെട്ടി പിടിച്ചു ഞാൻ എന്റെ സങ്കടം മുഴുവൻ പറഞ്ഞു തീർത്തു. കഥകളൊക്കെ കേട്ടപ്പോൾ എന്തു ചെയ്യണമെന്ന് ശങ്കുമാമയ്ക്കു ആകെ കൺഫ്യൂഷൻ.എന്റെ തീരുമാനം തെറ്റാണെന്നോ ശെരിയാണെന്നോ ശങ്കുമാമയ്ക്കു പറയാൻ കഴിയുന്നില്ലായിരുന്നു. പക്ഷെ ഇന്ന് വന്ന ആ കോളിന് പിന്നിൽ ഹരിപ്രസാദ് ആയിരിക്കില്ലെന്നു മാമ തറപ്പിച്ചു പറയുന്നുണ്ടായിരുന്നു .അയാളുടെ പാസ്ററ് വളരെ ക്ലിയർ ആയി എനിക്കറിയാം എന്ന് അറിഞ്ഞു വച്ചു കൊണ്ടു ഇങ്ങനൊരു നീക്കം അയാൾ നടത്തില്ലെന്നായിരുന്നു മാമയുടെ അഭിപ്രായം.

കഥകൾ എനിക്കറിയാമെന്നു ധാരണയില്ലാത്ത ആരോ ആണ് വില്ലൻ. ആലോചിച്ചപ്പോൾ ശെരിയാണെന്നു എനിക്കും തോന്നി.പിന്നെ കൈ വച്ച എല്ലാ മേഖലയിലും വളരെ സക്സസ്സ്ഫുൾ ആയ ഒരാൾക്ക് ഒത്തിരി ശത്രുക്കളും ഇത്തരം സന്ദര്ഭങ്ങളും ഒക്കെ ഉണ്ടാകുമെന്നും പറഞ്ഞു. ഇങ്ങനെ വിവാഹത്തിന്റെ തലേന്ന് കാൾ ചെയ്യാൻ കാത്തിരിക്കുന്ന ആളുടെ ലക്ഷ്യം അവസാന നിമിഷത്തിൽ വിവാഹം മുടക്കുകയാണെന്നു ഉറപ്പിക്കാമെന്നു മാമ ഓർമിപ്പിച്ചു. ഇനി ഈ വിവാഹം മുടങ്ങുകയെന്നത് പപ്പയുടെ ജീവനും എന്റെ ഭാവിക്കും വലിയ വെല്ലുവിളി ഉണ്ടാക്കും എന്ന് മാമ പറഞ്ഞത് വളരെ ശരിയാണ്.എന്നെ ആശ്വാസിപ്പിക്കാനായി അവരുടെ യാത്രയ്ക്ക് മുൻപ് ഹരി പ്രസാദിനെ കണ്ടു സംസാരിക്കാമെന്ന് മാമ ഉറപ്പ് നൽകി.

മാമയുടെ സംസാരം എന്റെ മാനസിക സമ്മർദ്ദത്തിന് വളരെ അയവു വരുത്തി.മുഖമൊക്കെ തുടച്ചു മാമയ്ക്കു ഗുഡ് നൈറ്റും വിഷ് ചെയ്ത് ഞാൻ റൂമിൽ ചെന്നു പപ്പയെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി. പിറ്റേന്ന് അതിരാവിലെ തന്നെ പപ്പ കുത്തി പൊക്കി.ഞാൻ നോക്കുമ്പോൾ ഏകദേശം എല്ലാവരും എഴുന്നേറ്റു റെഡി ആവുന്നുണ്ടായിരുന്നു.രാവിലെ തന്നെ മേക്കപ്പ് ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറും വന്നിട്ടുണ്ടായിരുന്നു. വിവാഹം അമ്പലത്തിൽ വച്ചായതിനാൽ രാവിലെയുള്ള അമ്പലത്തിൽ പോക്കും ഫോട്ടോ പോസിംങ്ങും ഒഴിവായി കിട്ടി.അല്ലെങ്കിലും ഇന്ന് വളരെ കുറച്ചു ആളുകളെ കല്യാണത്തിന് പങ്കെടുക്കുന്നുണ്ടായിരുന്നു.ഒന്നുകൂടി വിശദമായി പറഞ്ഞാൽ നാട്ടിലുള്ളതും തിരക്കുകൾ കുറവുള്ളതുമായ ബന്ധുക്കൾ മാത്രം.

വളരെ പെട്ടന്ന് തീരുമാനിച്ചുറപ്പിച്ച കല്യാണമായതിനാൽ പലർക്കും വരാൻ അസൗകര്യമാണെന്ന് അറിയിച്ചിരുന്നു.പക്ഷെ നാളെത്തെ റിസപ്ഷൻ കുറച്ചു ഗംഭീരം തന്നെയായിരിക്കും. ബ്രേക്ക്ഫാസ്റ്റ് കഴിച്ചു നേരെ ഒരുങ്ങാൻ കയറി. ഒരു ഒന്നൊന്നര മണിക്കൂർ കൊണ്ടു തന്നെ ഞാൻ ഒരടിപൊളി കല്യാണപെണ്ണായി മാറി. ഒരുക്കം കഴിഞ്ഞു പുറത്തെത്തിയപ്പോൾ എല്ലാ മുഖങ്ങളിലും സംതൃപ്തി നിറയുന്നത് കണ്ടു. പപ്പയും ശങ്കുമ്മാമയും ടീച്ചറമ്മയും സന്തോഷത്തോടെ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു .സച്ചുവും ചാരുവും ലെച്ചുവും വന്നെന്നെ കെട്ടിപ്പിടിച്ചു. അടുത്തതായി ദക്ഷിണകൊടുക്കൽ ചടങ്ങായിരുന്നു. എല്ലാവർക്കും ദക്ഷിണകൊടുത്തിട്ടും ശങ്കുമാമയെ പരിസരത്തൊന്നും കണ്ടില്ല.

അവസാനം സച്ചു തപ്പി പിടിച്ചു ചെന്നപ്പോൾ മുകളിൽ നിന്നു പപ്പേടെ ഫോണും പൊക്കി വരുന്നത് കണ്ടു. ദക്ഷിണ വാങ്ങുമ്പോൾ ആളുടെ മുഖം മങ്ങിയിരുന്നുവോ.എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞു എന്റെ തലയിൽ ഇരുകൈകളും ചേർത്തു വച്ചു അനുഗ്രഹിച്ചു. അതു കഴിഞ്ഞു കുറച്ചു ഫോട്ടോസും എടുത്ത ശേഷം അമ്പലത്തിലേക്ക് യാത്രയായി.കൃഷ്ണന്റെ അമ്പലം അടുത്ത് തന്നെയായിരുന്നു. അതുകൊണ്ട് എല്ലാരും കൂടി കഥകളൊക്കെ പറഞ്ഞു അങ്ങ് നടന്നു.വഴിയരികിലെ എല്ലാ കണ്ണുകളും എന്റെ നേരെ നീളുന്നുണ്ടായിരുന്നു. ഞങ്ങൾ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും H.P യുടെ വീട്ടിൽ നിന്നും ആളെത്തി.

കഥാനായകൻ ചന്ദനകളർ സിൽക്ക് ജുബ്ബയും മുണ്ടുമാണ് വേഷം.വന്ന പാടെ ഒരു നോട്ടം മാത്രം എന്റെ നേരെ പാളി വീണു.ഞാൻ കണ്ടുവെന്ന് തോന്നിയപ്പോൾ ഞാനൊന്നുമറിയില്ലേ എന്ന മട്ടിൽ കിച്ചുവിനടുത്തു നിൽപ്പായി. കിച്ചു എന്നെ നോക്കി സൂപ്പർ എന്ന് കൈ കാണിച്ചു.അതിനിടയിൽ സച്ചുവും ചാരുവും ആളുടെ അടുത്ത് ചെന്നു ആളോടും കിച്ചുവിനോടും സംസാരിക്കുന്നുണ്ടായിരുന്നു. വന്ന പാടെ അമ്മ എന്റെ അടുത്ത് വന്നു സുന്ദരിയായി എന്ന് പറഞ്ഞു കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു മുത്തം തന്നു. വാലുപോലെ ദിയയും കുറേ അമ്മായിമാരും വന്നു.ആദ്യമായി കാണുന്നവരൊക്കെ എന്നെ പരിചയപ്പെട്ടു.

ദിയ പിന്നെ ഇവിടിപ്പോൾ ഇതിനുമാത്രം എന്താണെന്ന ഭാവത്തിൽ ഫോണിൽ കുത്തുന്നത് കണ്ടു. മുഹൂർത്തത്തിന് മുൻപ് തൊഴുതു വരാൻ തിരുമേനി പറഞ്ഞ പ്രകാരം ഞാനും H.P യും അമ്പലം ചുറ്റാൻ പോയി.പ്രദക്ഷിണ വഴിയിലുടനീളം ഞങ്ങൾ മൗനത്തിലായിരുന്നു. ആളെന്റെ പുറകെയുണ്ടെന്ന് എന്നെ പിന്തുടരുന്ന നിഴലിൽ നിന്നും മനസ്സിലായി.പ്രദക്ഷിണം കഴിഞ്ഞു മുറ്റത്തെ മണ്ഡപത്തിലേക്ക് കയറി ഞങ്ങൾ പരസ്പരം കാണെ നിന്നു.ബാക്കി എല്ലാവരും അതിന് ചുറ്റും ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.ചന്ദനവും തീർത്ഥവും തന്ന ശേഷം തിരുമേനി ഒരു തുളസിമാല എന്റെ കയ്യിലേക്ക് തന്നു.

പപ്പയെ നോക്കി കണ്ണുകൾ കൊണ്ടു സമ്മതം വാങ്ങിയ ശേഷം ഞാനാ മാല ഹരിയേട്ടനെ(😉🙈) അണിയിച്ചു.തുടന്ന് തിരുമേനിയുടെ നിർദേശ പ്രകാരം മഞ്ഞ ചരടിൽ കോർത്ത താലി ആളെന്റെ കഴുത്തിൽ കെട്ടി.കൈ കൂപ്പി ആ താലി ഏറ്റുവാങ്ങിയെങ്കിലും എന്റെ മനസ്സ് ശൂന്യമായിരുന്നു. പുറകെ തുളസി മാല അണിയിച്ച ശേഷം സിന്ദൂരം ചാർത്തി ആളെന്റെ സീമന്തരേഖയെ ചുവപ്പിച്ചു.ചുറ്റുനിന്നും ഞങ്ങളെ വന്നു മൂടിയ പുഷ്പവൃഷ്ടിക്കിടയിലും പല കണ്ണുകളിലും നീർത്തിളക്കം എനിക്ക് കാണാമായിരുന്നു.പരസ്പരമുള്ള മോതിര മാറ്റത്തിനു ശേഷം ഹരിയേട്ടനിൽ നിന്നു പുടവയേറ്റു വാങ്ങി.പപ്പാ നിറകണ്ണുകളോടെ വന്ന് എന്റെ കൈ പിടിച്ചു അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാക്കി.

ഒരുമിച്ചു തൊഴുത ശേഷം അദ്ദേഹത്തിന്റെ കൈ പിടിച്ചു മണ്ഡപം പ്രദക്ഷിണം ചെയ്തു.ഞാൻ വളരെ കൂളായിരുന്നെങ്കിലും ആളിന്റെ ഉയർന്ന ഹൃദയമിടിപ്പും വിറയലും ഉള്ളം കയ്യിലുടെ ഞാൻ അറിയുന്നുണ്ടായിരുന്നു.ചടങ്ങുകളൊക്കെ കഴിഞ്ഞു എല്ലാവരുടെയും ആശംസകളും ആശീവാദങ്ങളും ഞങ്ങൾ ഒരുമിച്ചു ഏറ്റു വാങ്ങി.അമ്പലത്തിലെ ചടങ്ങുകളൊക്കെ കഴിഞ്ഞു കാൽനടയായി തന്നെ എന്റെ വീട്ടിലേക്കു പോയി.ചെക്കനേയും പെണ്ണിനേയും കാണാൻ വഴിയരികിൽ പലരും കാത്തു നിൽക്കുന്നുണ്ടായിരുന്നു. പാലും പഴവും തരുന്ന ചടങ്ങിനു ശേഷം പതിവുപോലെ ഫോട്ടോ സെഷനിലേക്കു കടന്നു.

കുടുംബക്കാരൊക്കെ കുറവായതിനാൽ ഫോട്ടോഗ്രാഫർ ചേട്ടന് എന്നെയും H.Pയെയും വളരെ വേഗം തന്നെ ഫ്രീ ആയി കിട്ടി. ആള് അതു മാക്സിമം ദുരുപയോഗം ചെയ്യുന്നുണ്ടായിരുന്നു.ആൾക്ക് ധാരണയുള്ള എല്ലാ പോസിലും ഞങ്ങളെ നിർത്തി ഫോട്ടോ എടുത്തു. H.Pയ്ക്കാണെങ്കിൽ നല്ല ദേഷ്യം വരുന്നുണ്ടെന്നു മുഖം കണ്ടാൽ തന്നെ വ്യക്തമായിരുന്നു. മൂപ്പര് പല്ലിറുമ്മുന്നത് എനിക്ക് വളരെ നന്നായി കേൾക്കാമായിരുന്നു. അങ്ങനെ കുറേ ഫോട്ടോസ് എടുത്തു ആൾക്ക് ഒരുവിധം സംതൃപ്തി ആയപ്പോൾ ഞങ്ങളെ വെറുതെ വിട്ടു. അപ്പോഴേക്കും പപ്പയും മാമയും വന്നു ഭക്ഷണം കഴിക്കുവാൻ പറഞ്ഞു. സ്വൊന്തം കല്യാണം ആയതുകൊണ്ടാണോ എന്തോ അത്രയ്ക്കങ്ങട് ആസ്വദിച്ചു കഴിക്കാൻ പറ്റിയില്ല.

ഫുഡ് കഴിഞ്ഞു ഞങ്ങൾ ഇത്തിരി വിശ്രമിക്കാനിരുന്നപ്പോളേക്കും സച്ചും ചാരും കിച്ചുവും ദിയയും ഞങ്ങളുടെ അടുത്ത് വന്നിരുന്നു കുറേ കത്തിയടിച്ചു.കൂട്ടത്തിൽ ഇരിക്കുമ്പോൾ H.P യും ദിയയും ഇത്തിരി ഉഷാറായെന്നു തോന്നി.കുറച്ചു കഴിഞ്ഞപ്പോഴേക്കും ഇറങ്ങാനുള്ള മുഹൂർത്തമായെന്നു ആരോ പറഞ്ഞു. അതോടെ എന്റെ മൂഡൊക്കെ പോയി. ഡാം തുറന്നു വിട്ടപോലെ ഞാൻ കരച്ചിലും മൂക്ക്ചീറ്റലുമായി.എന്റെ സങ്കടം കണ്ടതോടെ അതൊരു കൂട്ടക്കരച്ചിലാവാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല.പപ്പയും മാമയും വളരെ കഷ്ടപ്പെട്ട് സമാദാനിപ്പിച്ചു എന്നെ വണ്ടിയിൽ കയറ്റി.എല്ലാരോടും യാത്ര പറഞ്ഞു H.P യും കിച്ചുവും ദിയയും ഞങ്ങളുടെ കൂടെ കയറി.എന്നെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യാൻ അമ്മ നേരത്തെ പോയിരുന്നു.

വഴിയിലുടനീളം എന്റെ ഏങ്ങലടികൾ ഉയർന്നെങ്കിലും വീടെത്തുമ്പോളേക്കും ഒരു വിധം ഞാൻ സമാദാനം കൈവരിച്ചു.H. P ഇടയ്ക്കിടെ ഞാനെന്തു ചെയ്യാനാ എന്ന ഭാവത്തിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ദിയ സൈലന്റ് ആയിരുന്നെങ്കിലും കിച്ചു ഡ്രൈവിങ്ങിനിടെ ഏട്ടത്തി ഏട്ടത്തി എന്ന് വിളിച്ച് എന്നെ ഓരോന്ന് പറഞ്ഞു സമാദാനിപ്പിക്കുന്നുണ്ടായിരുന്നു.കാർ ചെന്നു മുറ്റത്തു നിർത്തിയതും സർവസന്നാഹപരിവാരഅകമ്പടികളോടെ അമ്മ എന്നെ സ്വീകരിക്കാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടനെ എന്നെയും H.Pയേയും ചേർത്തു നിർത്തി ആരതി ഉഴിഞ്ഞ ശേഷം എഴുതിരിയിട്ട നിലവിളക്കെടുത്തു അമ്മ എന്റെ കയ്യിൽ തന്നു. നിറചിരിയോടെ അതേറ്റു വാങ്ങി വലതു കാലുവച്ചു ഞാനാ ഗൃഹത്തിൽ പ്രവേശിച്ചു…തുടരും

ഹരി ചന്ദനം: ഭാഗം 7

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!